scorecardresearch
Latest News

ഡ്രാക്കുള – അരൂപിയായ ഭയം

“കുറച്ച് നാൾ മുമ്പ്, മെൽബണിലെ ഒരു കടയിൽ പോയപ്പോൾ സെയിൽസ്മാന്റെ പേര് – വ്ലാദ്. റൊമാനിയയാണോ സ്വദേശം എന്ന് ചോദിക്കാതിരിക്കാനായില്ല. അയാൾക്ക്അത്ഭുതം കലർന്ന സന്തോഷം. ആരും ഇതുവരെ അയാളോട് അങ്ങനെ ചോദിച്ചിട്ടില്ലത്രേ. എങ്ങനെ മനസ്സിലായി എന്ന് അയാൾ ചോദിച്ചു. ഞാൻ ചിരിച്ചതേയുള്ളു; എങ്ങനെ മനസ്സിലാകാതിരിക്കും?” ലോകം മുഴുവൻ കീഴടക്കിയ ഭീതിയുടെ ഭാവനയ്ക്ക് 125 വയസാകുന്നു. ഡ്രാക്കുള സാഹിത്യം, ടൂറിസം,പഠനങ്ങൾ, വായനാനുഭവം എന്നിവയെ കുറിച്ച് ഓസ്ട്രേലയിൽ സാമൂഹിക ശാസ്ത്ര ഗവേഷകയായ ഡോ. ലളിത ഗൗരി എഴുതുന്നു

Dracula, Novel, Lalitha Gouri, IEMalayalam
ചിത്രീകരണം : വിഷ്ണു റാം

ഡ്രാക്കുളയുടെ നൂറ്റിഇരുപത്തിയഞ്ചാം ജന്മദിനം. അതുകേട്ടപ്പോൾ എനിക്കും ആവേശം. കാർപേത്യൻ മലനിരകളിലെ ഡ്രാക്കുള കോട്ടയിൽ എന്തെല്ലാമാകും ഒരുക്കങ്ങൾ? ആ ആലോചനയിലൂടെ ഞാൻ ആദ്യ വായന സമ്മാനിച്ച ഭയത്തിന്റെ ചിറകടി ശബ്ദം വീണ്ടും കേൾക്കുന്നു.

സ്കൂളിൽ പഠിക്കുമ്പോഴാണ് ഡ്രാക്കുള ഞങ്ങളുടെ ഇടയിലേക്ക് വന്നത്. അപ്പോഴേക്കും ഐതിഹ്യമാലയും നീലിയും ഭാർഗവീനിലയവുമെല്ലാം കഴിഞ്ഞ് കലാനിലയത്തിന്റെ ‘രക്തരക്ഷസ്സും,’ ‘കടമറ്റത്തു കത്തനാരും’ ബ്ലാറ്റിയുടെ ‘എക്സോർസിസ്റ്റു’മെല്ലാം ഞങ്ങളുടെ സ്കൂളിലെ അടക്കം പറച്ചിലുകളിൽ സ്ഥാനം നേടിയിരുന്നു.

വല്ലാത്തൊരു ഭയമാണ് ആദ്യം തോന്നിയ വികാരം. ആർക്കും കീഴ്പ്പെടുത്താനാവാത്ത, കണ്ണാടിയിൽ പ്രതിബിംബം പതിയാത്ത, കിഴുക്കാംതൂക്കായ കൽച്ചുമരുകളിൽ പിടിച്ചിറങ്ങി പോകുന്ന, കോമ്പല്ലുകൾ നീണ്ടു വരുന്ന രക്തദാഹി. ലൂസിയുടെ ചുവന്നു തുടുത്ത കവിളുകൾ വിളറിവെളുക്കുന്നതും കഴുത്തിലെ ദന്തക്ഷതങ്ങളും ഡ്രാക്കുളയെ അവൾ കാത്തിരിക്കുന്നതും – അതൊക്കെ ഉച്ചയൂണിന്റെ ഇടവേളയിൽ അന്നത്തെ വർത്തമാനകാല സംഭവങ്ങളായി.

ഡ്രാക്കുളയുടെ സഞ്ചാരത്തിന്റെ ഒരു വിവരണമുണ്ട്. അതാണ് ഏറ്റവും ഭയപ്പെടുത്തിയത്. അടച്ചിട്ട വാതിലുകൾക്കടിയിലൂടെ ഒരു ശീൽക്കാരമായി കടന്നുവരാനും പോകാനും കഴിയുന്ന അരൂപി. പിന്നെ എവിടെയാണൊരു രക്ഷ. കുരിശും വെളുത്തുള്ളി പൂക്കളുമുണ്ടല്ലോ. അതൊരു സമാധാനം തന്നെയായിരുന്നു. പക്ഷേ, വെളുത്തുള്ളി പൂവ് എങ്ങനെ കിട്ടും. അതൊരിക്കലും കിട്ടിയില്ല, ഒന്ന് കണ്ടുപോലുമില്ല. പക്ഷേ, പൂവില്ലെങ്കിലും വെളുത്തുള്ളി രക്ഷകനായി അന്തരീക്ഷത്തിൽ തങ്ങിനിന്നു. കുരിശ് വീട്ടിൽ ഒളിപ്പിക്കാൻ സ്ഥലമില്ലാത്തതുകൊണ്ട് അതിനു ശ്രമിച്ചില്ല, അത് ലോക്കറ്റായി അണിഞ്ഞി ട്ടുള്ള കുട്ടികളെ നോക്കി അസൂയപ്പെട്ടതല്ലാതെ.

Dracula, Novel, Lalitha Gouri, IEMalayalam

ഡ്രാക്കുള വായിച്ചു വളരെ കാലത്തിനു ശേഷവും മുറിയിലെ ചെറിയ ശബ്ദങ്ങൾ പോലും കേട്ടു വിറച്ചു. പല ആവർത്തി വായിച്ചു വായിച്ചു ആ പേടി നിലനിർത്തി. ഒറ്റയ്ക്ക് കുളിമുറിയിൽ പോകുന്നതുപോലും പേടിപ്പെടുത്തുന്ന ഒരു ചടങ്ങായി. മഴക്കാലവും ഇടിമിന്നലും കറന്റുപോക്കും അതിനു കൂട്ടുനിന്നു. അതുകൊണ്ടാകും ഡ്രാക്കുളയും മിനയും ലൂസിയുമൊന്നും ഒരിക്കലും മങ്ങിപ്പോയതേയില്ല.

മനുഷ്യമനസ്സിലെ ചെറുതും വലുതുമായ ഭീതികളുടെയും അതിൽ നിന്നുളവാകുന്ന ദുഃസൂചനകളുടെയും ആകമാനമുള്ള ആവിഷ്കാരം കൂടിയാണ് ഡ്രാക്കുള – മൃഗം, മനുഷ്യൻ, ഇരുട്ട്, ഭ്രാന്തിന്റെ അവസ്ഥകൾ, രോഗം, മരണം, മരണാനന്തരം, മനുഷ്യാതീതമായ ഒരു സാങ്കൽപ്പിക ലോകത്തിലെ ഭീതികൾ – അങ്ങനെ ഭയത്തിന്റെ വലിയൊരു ലോകം. പലതരം ഭീതികൾ ഉറഞ്ഞുണ്ടാ വുന്ന ഒരു രൂപമായാണ് ഡ്രാക്കുളയുടെ കഥാപാത്രം വളരുന്നത്.

ഭയത്തിന്റെ ആ പ്രഭാവലയത്തിൽ നിന്നു പുറത്തു വരാൻ ഒരു താൽപ്പര്യവും തോന്നിയിട്ടില്ല. പക്ഷേ ഇടയ്ക്കെപ്പോഴൊക്കെയോ വ്യത്യസ്തമായ പുനർവായനകൾ നടന്നു. ഗോഥിക് ഹൊറർ, വിക്ടോറിയൻ സമൂഹം, സിനിമ – നോവൽ താരതമ്യം തുടങ്ങി, ഭീതിയുടെയും ആകർഷണത്തിന്റെയും സമാനമായ മനഃശാസ്ത്രം, ഫെമിനിസ്റ്റ് വായനയിലൂടെ ഡ്രാക്കുളയിലെ പുരുഷാധിപത്യം, മിനയുടെയും ലൂസിയുടെയും സൂക്ഷ്മമായ, നിശബ്ദമായ ലൈംഗിക സ്വാതന്ത്ര്യവും അധികാരവും, എന്നിങ്ങനെ പല രീതിയിലുള്ള പഠനങ്ങൾ വായിച്ചു. അങ്ങനെ ഞാൻ കുറച്ചൊക്കെ ഭയത്തിൽ നിന്ന് പുറത്തുകടന്നു.

അനന്തമായ ഗവേഷണം, വേറിട്ട വായനകൾ

ഡ്രാക്കുള വിദഗ്ധർ പലരും സൂചിപ്പിക്കുന്നതുപോലെ ഗോഥിക് കഥാസാഹിത്യത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു കാലഘട്ടത്തിന്റെ സാമൂഹിക ഉത്ക്കണ്ഠകൾ തന്നെയാണ് ഡ്രാക്കുള എന്ന അക്രമാസക്തനായ പുരുഷനിലൂടെ ബ്രാം സ്റ്റോക്കർ പറഞ്ഞുവെക്കുന്നതെന്നും യൂറോപ്പിലാകെ പ്രചാരത്തിലുള്ള വാമ്പയർ കഥകളുടെ തുടർച്ച മാത്രമാണിതെന്നും വായിച്ചെടുക്കുമ്പോൾ ഭയപ്പെടുത്തുന്ന നിഗൂഢത ഒട്ടൊക്കെ മാറും. സാധാരണതയിൽ നിന്ന് അകന്ന്, ആകർഷകമായ, ആപൽക്കരമായ പൗരുഷം; കീഴ്പെടുത്തലിന്റെ മുറകൾ പ്രണയത്തിന്റെ അടയാളങ്ങളായി ധരിക്കാൻ തയ്യാറുള്ള സ്ത്രീകൾ. സ്ത്രീ-പുരുഷൻ, ആദർശം-യാഥാർഥ്യം, മനുഷ്യൻ-അമാനുഷികം, ജീവിതം-മരണം എന്നിങ്ങനെ പല ദ്വന്ദ്വതത്വങ്ങളുടെ ആവിഷ്കാരമായി ഡ്രാക്കുള വായിക്കപ്പെടുന്നു.

ബ്രാം സ്റ്റോക്കർ ഒരിക്കൽ പോലും റൊമാനിയ സന്ദർശിച്ചിട്ടില്ല എന്നറിയുമ്പോൾ, ഇംഗ്ലണ്ടിൽ വിക്ടോറിയൻ കാലഘട്ടത്തിലെ പുരുഷാധിപത്യസമൂഹത്തിന്റെ ഉൽപ്പന്നമാണ് ഡ്രാക്കുളയെന്നുതന്നെ കരുതാം. സ്ത്രീകൾക്ക് ഭയത്തോടൊപ്പം തന്നെ ആരാധനയും വിധേയത്വവും തോന്നിപ്പോകുന്ന അധികാരിയായ പുരുഷൻ എന്ന പുരുഷസങ്കൽപ്പത്തിന്റെ പ്രതിരൂപമാണ് ഡ്രാക്കുള. വിക്ടോറിയൻ സമൂഹത്തിൽ നിലനിന്നിരുന്ന ആണധികാരത്തിന്റെ പ്രതിഫലനം, സ്ത്രീസഹജം എന്ന് ഒരുകാലത്ത് ആക്ഷേപമായി ആഘോഷിക്കപ്പെട്ട ഹിസ്റ്റീരിയ, ലൈംഗികതയോടുള്ള സമീപനം ഇതെല്ലാം പ്രമേയമാക്കുന്ന ഒരു കൃതി എന്നു കരുതാമെങ്കിലും മനുഷ്യന്റെ പലതരത്തിലുള്ള ഭീതികളെ നോക്കിക്കാണുന്നതിലൂടെ, ഒരു നൂറ്റാണ്ടിലേറെയായി വ്യത്യസ്തമായ വിജ്ഞാനശാഖകൾ വഴിയുള്ള നിരൂപണ സാധ്യതയുമാണ് ഡ്രാക്കുള എന്ന പുസ്തകം തുറന്നു വെച്ചത്.

ഒരു നൂറ്റാണ്ടിലേറെ കഴിയുമ്പോഴും അതിഭീകരനായ കഥാനായകനോടുള്ള വായനക്കാരുടെയും നിരൂപകരുടെയും താൽപ്പര്യത്തിന് രൂപാന്തരമൊന്നും സംഭവിച്ചില്ല. അതിന്റെ തെളിവാണ് ഈ നോവലിനെ കുറിച്ച് നിരന്തരം നടക്കുന്ന ഗവേഷണവും വേറിട്ട വായനകളും. കഥാപാത്രസൃഷ്ടി, ആഖ്യാന ശൈലി, ഭാഷ, എന്നിങ്ങനെയുള്ള സാഹിത്യപരമായ അപഗ്രഥനത്തിനു പുറമെ ഫെമിനിസം, മനഃശാസ്ത്രം, ചരിത്രം തുടങ്ങി മറ്റു പഠനമേഖലകളിൽ കൂടിയുള്ള നിരവധി ഡ്രാക്കുള വായനകൾ.

ഫെമിനിസ്റ്റ് വായനകൾ പല രീതികളിൽ ഡ്രാക്കുളയെ സമീപിക്കുന്നു. സ്ത്രീ – പുരുഷൻ, കന്യക – വേശ്യ എന്നിങ്ങനെയുള്ള ദ്വന്ദ്വം; വിശുദ്ധി, നിഷ്കളങ്കത, നിയന്ത്രണം, ശിക്ഷ എന്നുള്ള ആണധികാര ആശയങ്ങൾ. വിക്ടോറിയൻ പുരുഷാധിപത്യ ചിന്തകളെ വെല്ലുവിളിക്കുന്ന ലൈംഗിക താൽപ്പര്യങ്ങളുള്ള, മാതൃത്വം നിരസിക്കുന്ന പുതിയ സ്ത്രീയായി ലൂസിയെയും, ആണധികാര അതിരുകൾക്കുള്ളിൽ ജീവിക്കുന്ന ആദർശവതിയായി മിനയെയും കാണുന്നു ചില സ്ത്രീപക്ഷ വായനകൾ. സ്ത്രീയുടെ കാമോദ്ദീപകമായ സൗന്ദര്യം പുരുഷനിൽ സൃഷ്ടിക്കുന്ന അരക്ഷിതത്വം, എങ്ങനെയും ആ ശരീരത്തിന്റെ ആകർഷണം കുറയ്ക്കേണ്ടതുണ്ട് എന്ന ആശയം എന്നിവയെല്ലാം ഡ്രാക്കുളയിൽ വായിച്ചെടുക്കപ്പെടുന്നു.

Dracula, Novel, Lalitha Gouri, IEMalayalam

ഇതിനു പുറമെ, കൊളോണിയൽ അധിനിവേശം, അടിച്ചമർത്തൽ തുടങ്ങിയവ പ്രതിപാദിക്കുന്ന സാമൂഹികശാസ്ത്ര വായനകളും. ശ്രദ്ധേയമായ മറ്റൊരു വായനയാണ് ഡ്രാക്കുള കഥയുടെ ഹരിതനിരൂപണ പഠനം (Ecocriticism). പ്രകൃതി, മൃഗങ്ങൾ തുടങ്ങി മനുഷ്യനല്ലാത്തതിനെയെല്ലാം മനുഷ്യന്റെ എതിർപക്ഷത്ത് കാണുന്ന, അങ്ങനെ പരിസ്ഥിതിയോടുള്ള ഒരു യുക്തിരഹിതമായ ഭയം സൃഷ്ടിച്ചെടുക്കുന്ന കഥയായി ഡ്രാക്കുള വായിക്കപ്പെടുന്നു.

ഡ്രാക്കുളയോടുള്ള ആകർഷണം പോലെ തന്നെ ഡ്രാക്കുള ഒരു അക്കാഡമിക് വിഷയമായി പഠിക്കുന്നതിനോടുമുള്ള താൽപ്പര്യവും ഒട്ടും തന്നെ കുറയുന്നില്ല. സാഹിത്യപഠനങ്ങളിൽ ഡ്രാക്കുള വലിയൊരു അക്കാദമിക് വിഭാഗം തന്നെയായി പരിണമിച്ചു. യൂറോപ്പിലും അമേരിക്കയിലും ശാഖകളുള്ള ട്രാൻസിൽവേനിയൻ സൊസൈറ്റി ഓഫ് ഡ്രാക്കുള, ജേണൽ ഓഫ് ഡ്രാക്കുള സ്റ്റഡീസ്, കാനഡയിലെ വാമ്പയർ സ്റ്റഡീസ് അസോസിയേഷൻ, വേൾഡ് ഡ്രാക്കുള കോൺഫറൻസ് – ഇവയെല്ലാം ഗോഥിക് കഥാതന്തുക്കളല്ല അക്കാദമിക് ലോകത്തെ യാഥാർഥ്യങ്ങളാണ്.

കാനഡയിൽ ഇംഗ്ലീഷ് പ്രൊഫസ്സറായിരുന്ന എലിസബത്ത് മില്ലറാണ് ഡ്രാക്കുള അക്കാദമിക് പഠനങ്ങളിൽ ഏറെ പ്രശസ്ത. ചരിത്രം രേഖപ്പെടുത്തുന്ന വ്ലാദ് എന്ന ക്രൂരനായ റൊമാനിയൻ പ്രഭുവും സ്റ്റോക്കറുടെ ഭാവനയിൽ പിറന്ന ഡ്രാക്കുളയും തമ്മിൽ ബന്ധമൊന്നുമില്ലെന്നു വാദിക്കുന്ന ചുരുക്കം ചില ഗവേഷകരിൽ പ്രമുഖയാണ് പ്രൊഫ മില്ലർ.

കഥയേക്കാൾ വലുതായ കഥാപാത്രം

ഡ്രാക്കുള നോവൽ വായിച്ചിട്ടില്ലാത്തവരും ഡ്രാക്കുള എന്നു കേൾക്കുമ്പോൾ ഭയമറിയുന്നു. പ്രൊഫ മില്ലർ പറയുന്നതുപോലെ, ഐറിഷ് എഴുത്തുകാരിൽ രണ്ടാം നിരയിൽ മാത്രം വരുന്ന സ്റ്റോക്കറുടെ ഈ കഥാപാത്രം ലോകമെങ്ങും നോവൽ വായിച്ചിട്ടുള്ളവരും ഇല്ലാത്തവരും അറിയുന്ന പേരായി വളർന്നു.

ജനപ്രിയതയിൽ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലാത്ത കഥാനായകനായി ഡ്രാക്കുള തുടരുന്നു. പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുന്ന വാമ്പയർ കഥകളുമായി സ്റ്റെഫനി മെയർ, ആൻ റൈസ് എന്നിവരെപ്പോലുള്ള എഴുത്തുകാർ സാഹിത്യത്തിലെ പിന്തുടർച്ച ഉറപ്പാക്കുന്നു. സിനിമ, നാടകം, ടെലിവിഷൻ പരമ്പരകൾ, നൃത്തം, സംഗീതം, മാജിക് അങ്ങനെ മറ്റു ജനപ്രിയ കാലാരൂപങ്ങളിലും വേഷമിട്ടുകൊണ്ടിരിക്കുന്നു ഡ്രാക്കുള. ഈ അടുത്ത്, 2021-ൽ ഓസ്ട്രേലിയയിൽ നിരവധി സ്റ്റേജുകൾ നിറഞ്ഞാടി ഡ്രാക്കുള ബാലെ.

ഡ്രാക്കുള ടൂറിസം

ഇംഗ്ലണ്ടിൽ എവോൺ നദിക്കരയിലെ സ്ട്രാറ്റ് ഫോഡ് ഗ്രാമം പോലെ, ലേക്ക് ഡിസ്ട്രിക്ട് പോലെ റൊമാനിയയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് ഡ്രാക്കുള കോട്ട. കഥാപാത്രം സാങ്കൽപ്പികം മാത്രമായതുകൊണ്ട് അയാൾ താമസിച്ചിരുന്ന ഡ്രാക്കുള കോട്ട യാഥാർഥ്യമാകാൻ കഴിയില്ലല്ലോ. പതിമ്മൂന്നാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഒരു കോട്ട, ഡ്രാക്കുള കോട്ടയാക്കി മാറ്റി ആ കഥയും കഥാപാത്രവും റൊമാനിയക്കാർ ചരിത്രമാക്കിയിരിക്കുന്നു.

ഡ്രാക്കുള ഒരു ടൂറിസ്റ്റ് ആകർഷണമായപ്പോൾ സംഭവിച്ചത് സത്യം എന്താണെന്നറിയാതെ ചരിത്രവും ഭാവനയും ഒന്നായി എന്നതാണ്. വ്ലാദ് എന്ന പ്രഭുവിനെയും ഡ്രാക്കുള എന്ന കഥാപാത്രത്തെയും ഒന്നായി കാണുന്ന ഒരു യാത്രാനുഭവമാണ് റൊമാനിയയിലെ ഡ്രാക്കുള ടൂർ നൽകുന്നത്. അതെക്കുറിച്ച് നിരന്തരമായ തർക്കവും നിലനിൽക്കുന്നു.

പ്രൊഫസ്സർ മില്ലറിന്റെ വാക്കുകളിൽ ലണ്ടനിൽ പോയി ബേക്കർ സ്ട്രീറ്റിൽ ഒരു ഷെർലക് ഹോംസ് ടൂർ എടുക്കുന്നതുപോലെ തന്നെയാകാം റൊമാനിയയിലെ ഡ്രാക്കുള ടൂർ. പക്ഷേ, പുറത്തിറങ്ങുമ്പോൾ വ്ലാദ് പ്രഭുവിന്റെ നീണ്ട ദംഷ്ട്രങ്ങളുള്ള ചിത്രം കാണുന്നത് ജനപ്രിയതക്കുവേണ്ടി ചരിത്രം വികലമാക്കുന്നതിനു തുല്യമല്ലേ എന്ന ചോദ്യം ഉയരുന്നു.

Dracula, Novel, Lalitha Gouri, IEMalayalam

ഭയത്തിന്റെ അനശ്വരത

പല സമൂഹങ്ങളിലെയും ഐതിഹ്യങ്ങളിൽ  പുരാതനകാലം മുതൽ ദുർദേവതകളും പിശാചുക്കളുമുണ്ട്. കഥകളിലൂടെയുള്ള ഇവയുടെ പരിണാമം പഠിച്ച ആർക്കിയോളജിസ്റ്റായ മാത്യു ബെറസ്ഫോഡ്  പറയുന്നത് – വാമ്പയർ ഐതിഹ്യത്തിന്റെ ആധുനിക രൂപമാണ് പകൽ സമയത്തു ശവപ്പെട്ടിയിൽ ഉറങ്ങുകയും രാത്രിയിൽ രക്തദാഹിയായി ഇരതേടുകയും ചെയ്യുന്ന ഡ്രാക്കുള. ദേശവും കാലവും മാറുന്നതനുസരിച്ച്‌ രൂപാന്തരം സംഭവിക്കുന്നുണ്ടെങ്കിലും എല്ലാ പ്രേതകഥകളെയും കോർത്തിണക്കുന്ന ചരട് ഭീതിയുടെ തന്നെയാണ് – മനുഷ്യന്റെ മരണഭയം, മരണത്തിനപ്പുറമെന്ത്  എന്നുള്ള ചിന്ത. രാത്രിയിൽ ശവപ്പെട്ടിയിൽ നിന്ന് പുറത്തിറങ്ങി ചോരകുടിക്കുന്ന ഒരു പ്രേതം യുക്തിരഹിതമാണെന്നും, അതൊരു സങ്കല്പം മാത്രമാണെന്നും മിക്കവരും സമ്മതിക്കാൻ  തയ്യാറാകുന്ന  ഈ കാലത്തും ഡ്രാക്കുളയുടെ മങ്ങാത്ത പ്രഭാവം ആ ഭീതിയുടെ ഒരു നിഴൽ മനുഷ്യരെ ഭരിക്കുന്നതുകൊണ്ടാകും.

പല ജീവിതാനുഭവങ്ങൾക്കും വായനാനുഭവങ്ങൾക്കും ശേഷം ഞാൻ വീണ്ടും വീണ്ടും വായിച്ചിട്ടുള്ള കൃതിയാണ് ഡ്രാക്കുള. ഒരു വായനക്കാരി എന്ന നിലയിൽ എന്താണ് ഡ്രാക്കുളയുടെ ആവർത്തിച്ചുള്ള വായന എനിക്ക് തന്നത്? എഴുതപ്പെടുന്ന വാക്കുകളുടെ ബലം നൂറ്റാണ്ടുകളിലും ക്ഷയിക്കുന്നില്ല എന്ന ബോധ്യത്തിനുമപ്പുറം, എനിക്കു കിട്ടിയ ഒരു തിരിച്ചറിവ് ഇതാകാം – ഭയം ഒരു കേവലമായ സത്യമല്ല, അത് മനസിന്റെ നിർമ്മിതി മാത്രമാണ്. യുക്തികൊണ്ടും അറിവുകൊണ്ടുമെല്ലാം കീഴടക്കാവുന്ന ഒരു വികാരം മാത്രം. പക്ഷേ പലപ്പോഴും ഈ വിവേകം ഓർമയിൽ വരാറില്ല എന്നുള്ളതാണ് സത്യം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഭാഷയുടെ മന്ദഗതിയിൽ, കാർപേത്യൻ മലമടക്കുകളിലെ കുതിരവണ്ടിയാത്ര പോലെ, ട്രാൻസിൽവേനിയയിലെ കാടുകളും, ചെന്നായ്ക്കളുടെ ഓരിയും, ഇരുട്ട് പരക്കുന്ന മലമ്പാതകളും, അതിനിടയിലൂടെ കാണുന്ന ഡ്രാക്കുള കോട്ടയും തിരക്കില്ലാതെ ഒഴുകിയെത്തുന്നു; ഭയം പൂർണമായി വിട്ടുമാറാതെ തങ്ങിനിൽക്കുന്നു. എല്ലാ ലോകോത്തര ക്ലാസ്സിക്കുകളും വായനക്കാർക്ക് നൽകുന്ന സവിശേഷ അനുഭവമാണത്. നമ്മൾ തിരയേണ്ടതില്ലാതെ, നമ്മെ തേടിയെത്തി മനസ്സിൽ പ്രതിഷ്ഠ നേടുന്ന ബിംബങ്ങൾ.

കുറച്ചുനാൾ മുൻപ് മെൽബണിലെ ഒരു കടയിൽ പോയപ്പോൾ സെയിൽസ് പേര്‍സന്‍റെ പേര് – വ്ലാദ്. റൊമാനിയയാണോ സ്വദേശം എന്ന് ചോദിക്കാതിരിക്കാനായില്ല. അയാൾക്ക് അത്ഭുതം കലർന്ന സന്തോഷം. ആരും ഇതുവരെ അയാളോട് അങ്ങനെ ചോദിച്ചിട്ടില്ലത്രേ. എങ്ങനെ മനസ്സിലായി എന്ന് അയാൾ ചോദിച്ചു. ഞാൻ ചിരിച്ചതേയുള്ളു; എങ്ങനെ മനസ്സിലാകാതിരിക്കും?


References:
Beresford, M. (2008). From demons to Dracula: The creation of the modern vampire myth. Reaktion Books.
DÖNMEZ, B. A. (2015). A Gothic Ecocritical Analysis of Bram Stoker’s Dracula. Journal of Faculty of Letters/Edebiyat Fakultesi Dergisi, 32(2).
Domínguez-Rué, E. (2010). Sins of the flesh: anorexia, eroticism and the female vampire in Bram Stoker’s Dracula. Journal of Gender Studies, 19(3), 297-308.
Interview with the Vampire Queen: Elizabeth Miller, Frontline World, viewed 20 March 2022, https://www.pbs.org/frontlineworld/stories/romania/miller.html

Wyman, L. M., & Dionisopoulos, G. N. (2000). Transcending the virgin/whore dichotomy: Telling Mina’s story in Bram Stoker’s Dracula. Women’s Studies in Communication, 23(2), 209-237.

  • ലോകത്തെമ്പാടും ഭാവനയുടെ രക്തയോട്ടം സൃഷ്ടിച്ച രചനയാണ് ബ്രാം സ്റ്റോക്കാറുടെ ‘ഡ്രാക്കുള.’ ആ പുസ്തകം ലോകത്തു ചിറകു വിരിച്ചു പറക്കാൻ തുടങ്ങിയിട്ട് 125 വർഷം ആകുന്നു. ഡ്രാക്കുളയുടെ വായനയുടെയും സിനിമയുടെയും അനുഭവങ്ങൾ നിങ്ങൾക്കും എഴുതാം. നിങ്ങളുടെ ഡ്രാക്കുള അനുഭവ രചനകൾ iemalayalam@indianexpress.com എന്ന വിലാസത്തിൽ അയക്കുക. സബ്ജക്ട് ലൈനിൽ ‘ഡ്രാക്കുള – ഓർമ്മകൾ’ എന്ന് എഴുതുക.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Bram stokers dracula 125 years of publication lalitha gouri

Best of Express