Latest News

ബ്രാഹ്മണിക്കൽ പാട്രിയാർക്കി പോസ്റ്റർ വിവാദം: ‘ശ്രദ്ധ തിരിച്ചു വിടാനുളള തന്ത്രം’

ബ്രാഹ്മണിക്കൽ പാട്രിയാർക്കി പോസ്റ്റർ ഉയർത്തിയ വിവാദത്തിന് പിന്നിലെന്ത്? മീടു, ജാതി വിവേചനം, ലിംഗ വിവേചനം, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് തേൻമൊഴി സൗന്ദരരാജൻ സംസാരിക്കുന്നു

Brahminical Patriachy post row, Thenmozhi Soundararajan, Brahminical patriarchy, Brahminical poster row, jack dorsey

മറ്റു പല വിഷയങ്ങളോടൊപ്പം അക്രമങ്ങളെയും നീതിയെയും കുറിച്ചുള്ള ഒരു പരമ്പര വിഭാവനം ചെയ്ത ചിത്രകാരിയും സാങ്കേതിക വിദഗ്ദ്ധയുമാണ് തേൻ‌മൊഴി സൗന്ദരരാജൻ. ബ്രാഹമണിക്കൽ പാട്രിയാർക്കി, ജാതി വിവേചനം, ഭിന്നലിംഗ വിവേചനം, ഇസ്‌ലാമോഫോബിയ എന്നിവയെക്കുറിച്ച് , ഇന്റർസെക്ഷനാലിറ്റിയെക്കുറിച്ച് പരമാർശിക്കാതെ എങ്ങനെയൊരാൾക്ക് അക്രമങ്ങളെക്കുറിച്ചു സംസാരിക്കാനാകും എന്നതിനെക്കുറിച്ച്… തേന്മൊഴി സംസാരിക്കുന്നു.

ആ പോസ്റ്ററിന് പിന്നിലെ കഥയെന്താണ്?എപ്പോൾ, എങ്ങനെയാണ് താങ്കൾ അതിലേയ്ക്ക് വന്നത്?

ഒരു ദലിത് ചിത്രകാരി എന്ന നിലയിൽ, ജാതിപരമായ അടിച്ചമർത്തപ്പെട്ടവരുടെ സ്വപ്നങ്ങളും ശബ്ദങ്ങളും സമരങ്ങളും മുൻപോട്ടു കൊണ്ടു പോകുവാൻ പാര്യാപ്തമായ സൃഷ്ടികൾ ചെയ്യുന്നതിനാണു ഞാനെപ്പൊഴും ശ്രമിക്കുന്നത്. ഈ പോസ്റ്റർ പരമ്പര, അമേരിക്കയിൽ പ്രവർത്തിക്കുന്ന മറ്റൊരു ചിത്രകാരിയായ ശ്രുമിയുമായി ചേർന്ന് മൊൺ മഹാപത്രയുടെ കളർ സഹായത്തിൽ രചിച്ചതാണ്. ഈ പരമ്പരയിൽ, പല തരത്തിൽ പെട്ട ജാതീയ അടിച്ചമർത്തലുകൾക്ക് വിധേയമാകുന്ന സ്ത്രീകളും ഭിന്നലിംഗ ക്കാരുമായ ആളുകൾ മുദ്രാവാക്യങ്ങളേന്തിയ ചിത്രങ്ങളുണ്ട്. ഈ രീതിയിൽ പെട്ട ചിത്രങ്ങൾ ഇന്ത്യൻ പരിതസ്ഥിതിയിൽ നമുക്ക് വളരെയൊന്നും ഇല്ല. അത് യാദൃച്ഛികമല്ല, മറിച്ച്, ജാതി വിവേചനത്തിനു രൂപം കൊടുക്കുന്ന സംഘടിതമായ അടിച്ചമർത്തലിന്റെ ഭാഗം മാത്രമാണിത്. അടുത്ത കാലത്ത് മാത്രമാണ് സവർണ്ണരുടേത് മാത്രമായിരുന്ന ബൗദ്ധിക കോട്ടകൾ ദലിതർ തകർത്തത്. മാധ്യമ പ്രവർത്തകരെന്നോ കലാകാരന്മാരെന്നോ അക്കാദമിക് ബുദ്ധിജീവികളെന്നോ സാങ്കേതിക വിദഗ്ദ്ധരെന്നോ ഉള്ള നിലകളിൽ ഞങ്ങൾ, ഞങ്ങളുടെ ആക്രമണ അതിജീവനാനുഭവങ്ങളെ കേന്ദ്രീകരിച്ച ജാതി ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ജാതി ശക്തിയെ അസ്പഷ്ടമാക്കുകയും ജാതി വിവേചനത്തിന്റെ ഭീകരതയെയും അക്രമങ്ങളെയും കുറച്ചു കാണിക്കുകയും ചെയ്യുന്ന ബ്രാഹ്മണിക്കൽ വിശദീകരണങ്ങളെ അത് വികേന്ദ്രീകരിക്കുന്നു.

ബ്രാഹ്മണിക്കൽ പാട്രിയാർക്കി തകരട്ടെ എന്ന പ്രയോഗത്തോടുള്ള കോലാഹലങ്ങളെക്കുറിച്ചുളള അഭിപ്രായം?

ബ്രാഹ്മണിക്കൽ പാട്രിയാർക്കി എന്ന പ്രയോഗം തീർച്ചയായും പുതുതല്ല. അംബേദ്ക്കര്‍ മുതൽ ഉമാ ചക്രവർത്തിയും അസംഖ്യം ഇന്ത്യൻ ഫെമിനിസ്റ്റുകൾ വരെയും ജാതിയും ലിംഗവും എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിലെ മനസ്സിലാക്കൽ വാർത്തയല്ല. ഈ പ്രയോഗം, ഇന്ത്യൻ സാഹചര്യങ്ങളിൽ ഇന്റർ സെക്ഷനാലിറ്റി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലേയ്ക്കുള്ള ഉൾക്കാഴ്ച തരുന്നതാണ്. ഒരു ദലിത് ഫെമിനിസ്റ്റ് എന്ന നിലയിൽ സ്വതന്ത്രയാകുക എന്നതല്ലാതെ മറ്റൊന്നിലും എനിക്ക് താൽപ്പര്യമില്ല. ലിംഗാധിഷ്ഠിത അക്രമങ്ങൾ എന്ന ഇന്ത്യൻ വിപത്തിന്റെ ഹൃദയ ഭാഗത്ത് എന്താണെന്നുള്ളതിനെപ്പറ്റി നമുക്ക് വ്യക്തത ആവശ്യമാണ്. ഇന്ത്യയുടെ ബലാത്സംഗ സംസ്കാരത്തിലെ കുറ്റകരമായ ഉത്തരവാദിത്വത്തെക്കുറിച്ചു ഏതു ചർച്ചകളെയും തരം താഴ്ത്തുന്നതിന് ജാതീയ അധിക്ഷേപകർ തികച്ചും ഉത്സുകരാണ് എന്നതാണ് വാർത്ത. എങ്ങനെയാണൊരു ജാതി, പ്രമാണ ഗ്രന്ഥത്തിലൂടെ നുറ്റാണ്ടുകളിലേയ്ക്ക് ആധിപത്യപരമായ അധികാരം കൈവശപ്പെടുത്തി വച്ചിരിക്കുന്നതെന്ന് നമുക്ക് വ്യക്തമാക്കാം. അമ്മയുടെ മുൻപിൽ വച്ചു തന്നെ കൊല ചെയ്യപ്പെട്ട തമിഴ്നാട്ടിലെ പതിമൂന്നുകാരി രാജലക്ഷ്മി ഈ അധിക്ഷേപങ്ങളെ ജ്വലിപ്പിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ദലിത്, ബഹുജൻ, ആദിവാസി സ്ത്രീകളും ഭിന്നലിംഗക്കാരും അനുഭവിക്കുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾ അതേ തീവ്രതയോടും അതേ ആവൃത്തിയിലും സവർണ്ണ പുരുഷന്മാർ അനുഭവിക്കുമ്പോൾ മാത്രമാണ് നമുക്കത് സംസാരിക്കാനാകുക.

ട്വിറ്റർ സി ഇ ഓ ജാക് ഡോഴ്സിയ്ക്ക് പോസ്റ്റർ സമ്മാനിച്ചതിന് പിന്നിലെ ആശയമെന്തായിരുന്നു? അതൊരു അട്ടിമറിയുടെ അടയാളമായിരുന്നോ?

അതൊരു ആസൂത്രിത പരിപാടി ആയിരുന്നില്ല. യാതൊരു വിധ അട്ടിമറികളും ഉദ്ദേശിച്ചിരുന്നുമില്ല. ഞങ്ങളുടെ ദലിത് സംസ്കാരത്തിന്റെ ഭാഗമെന്ന നിലയിൽ ഈ ചിത്രം പലയിടത്തും ഉപയോഗിക്കുകയും പലർക്കും പങ്കുവയ്ക്കുകയും ചെയ്യുന്നു. ‘ഞങ്ങളുടെ സംഘർഷങ്ങളും ഇന്ത്യയിലെ ദലിത് സ്ത്രീകൾക്കെതിരായ ലിംഗപരമായ ആക്രമണങ്ങളും പങ്കു വയ്ക്കുക എന്നതു മാത്രമായിരുന്നു ആ ചിത്രങ്ങൾ സമ്മാനിച്ചതിലൂടെ ഉദ്ദേശിച്ചത്. #MeTooIndia മുന്നേറ്റവുമായി ബന്ധപ്പെട്ട ഞങ്ങൾ ചർച്ചകൾ തുടങ്ങി വച്ചെങ്കിലും ആരുമിതുവരെയത് ശ്രദ്ധിച്ചിട്ടില്ല. പീഡന കഥ വെളിപ്പെടാതിരിക്കുന്നതിനായി കൊല ചെയ്യപ്പെട്ട തമിഴ്‌നാട്ടിലെ പതിമൂന്നുകാരിയായ രാജലക്ഷ്മിയെപ്പറ്റി ആരും സംസാരിക്കുന്നില്ല. ഞങ്ങളുടെ നിലവിളികൾ ശ്രദ്ധിക്കപ്പെടണമെങ്കിൽ എത്ര രാജലക്ഷ്മിമാർ ഇല്ലാതാകണം? ഞങ്ങളുടെ അടിയന്തര സ്ഥിതിയും സഹനങ്ങളും പ്രതിഫലിപ്പിക്കുന്ന ചിത്രം നൽകുന്നത്, ജാതി വിവേചന സംബന്ധമായ നീതിയ്ക്കും ഉത്തരവാദിത്വത്തിനും പരിഹാരങ്ങൾക്കും വേണ്ടിയുള്ള ഞങ്ങളുടെ നിർണ്ണായക പോരാട്ടങ്ങളെ ലോകത്തോട് ബന്ധിപ്പിക്കുവാനു ള്ള ഒരു മാർഗ്ഗമെന്ന നിലയിലാണ്. എന്നെ സംബന്ധിച്ചിടത്തോളോം ജാതിവാദികൾ, ഈ കപട പ്രക്ഷോഭത്തിന് പകരം അതിന്റെ ഒരംശം സമയമെങ്കിലും ജാതി – ലിംഗാതിക്രമങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തി ക്കൊണ്ടു വരുന്നതിന് ശ്രമിച്ചിരുന്നെങ്കിൽ എന്ന് മാത്രമേ പറയാനുള്ളു.thenmozhi soundarrajan

ട്വിറ്റർ സി ഇ ഒ യുമായുള്ള കൂടിക്കാഴ്ചയിൽ ഈ പോസ്റ്ററുകൾ സമ്മാനിക്കുന്നുവെന്നറിഞ്ഞപ്പോൾ, ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നോ?

ഈ പോസ്റ്ററും സമാനമായ മറ്റുള്ള പോസ്റ്ററുകളും രണ്ട് വർഷത്തിലേറെയായി സർക്കുലേഷനിൽ ഉള്ളതാണ്. ഇതു വരെ തിരിച്ചടികളൊന്നും ഉണ്ടായിട്ടില്ല. ഈ സന്ദർഭത്തിലിതിൽ പ്രശ്നമായത് ഈ പോസ്റ്റർ പിടിച്ചിരിക്കുന്ന ട്വിറ്ററിന്റെ സി ഇ ഒ ജാക് ഡോഴ്സി ആണെന്നതാണ്. അതിനാൽ ഇന്ത്യയിലെ ലിംഗ- ജാതിയധിഷ്ഠിത ആക്രമണങ്ങളുടെ മൂല കാരണത്തിൽ ആഗോള ശ്രദ്ധ പതിയുമെന്നത് തന്നെ. ജാതി മഹത്വമുള്ള സവർണ്ണർക്ക് ജാതി സമത്വമെന്നത് പീഡനമാണ്. ഈ സംഭവം അതിനൊരു വലിയ തെളിവാണ്. ട്വിറ്ററും ഫെയ്സ് ബുക്കും ഉപദ്രവങ്ങൾക്കും തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിനും അധിക്ഷേപകർ ഉപയോഗിച്ചു വരികയായിരുന്നതിനാൽ അവരെ സംബന്ധിച്ചിടത്തോളം ഇത് അപകടകരമാണ്. ഈ പ്ലാറ്റ്ഫോമുകൾ സ്ത്രീകൾക്കും അവർണ്ണ ന്യൂനപക്ഷങ്ങളായ ദലിതുകൾ, മുസ്‌ലങ്ങൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ, സിക്കുകൾ എന്നിവർക്കെല്ലാം സുരക്ഷിതമല്ലാത്ത അവസ്ഥയിൽ തുടരുന്നതെന്തു കൊണ്ട് എന്നതിനെയും ഈ സംഭവം ഉദാഹരിക്കുന്നു. എല്ലാ ശബ്ദങ്ങൾക്കും വേണ്ടിയൊരു പ്ലാറ്റ് ഫോം ട്വിറ്റർ ഒരുക്കുകയാണെങ്കിൽ, ജാതി ഹിന്ദുക്കൾക്ക് തങ്ങളുടെ ജാതീയ ശക്തിയും സവിശേഷാധികാരങ്ങളും ആധിപത്യത്തിൽ നിലനിർത്തുവാനാകില്ല. അതിനാൽ പകരമവർ ശ്രദ്ധതിരിക്കുവാനും കാര്യങ്ങളെ മറ്റൊരു വഴിയിലാക്കുവാനും നിഷേധിക്കുവാനുമായി ഒരു കപട പ്രക്ഷോഭം അഴിച്ചു വിട്ടു. പക്ഷേ, ആരുമിത് വിലയ്ക്കെടുക്കുന്നില്ല. ആരും. അഭ്യസ്തവിദ്യരായ ദലിത് ബഹുജൻ ഫെമിനിസ്റ്റുകൾ ജാതി വിവേചനത്തെ പ്രതിനിധീകരിക്കുന്നതിലെ വെല്ലുവിളി ഒന്നു കൊണ്ടു മാത്രം ഒരു ചെറിയ പോസ്റ്റർ ഇത്രത്തോളം പരിഭ്രാന്തി പരത്തുന്നുവെന്ന വസ്തുത ചിന്തിച്ചു നോക്കൂ.

#MeToo പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ഇപ്പോഴത്തെ ഘട്ടത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ? അതുപോലെ അതിന്റെ തിരസ്കരണങ്ങളെ ക്കുറിച്ചും?

ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരായ യുദ്ധത്തിലെ ഒരു പ്രിയസോദരിയാണ് തരണ (ബുർകേ). ബലാത്സംഗ സംസ്കാരത്തിലെ ഇന്റർ സെക്ഷണാലിറ്റി മനസ്സിലാക്കുന്നതിൽ കറുത്ത വർഗ്ഗക്കാരും ദലിതുകളും തമ്മിലുണ്ടായിട്ടുള്ള സാഹോദര്യം യാദൃച്ഛികമല്ല. അതു കൊണ്ടാണ് ഇന്ത്യയിലെ #MeToo പ്രക്ഷോഭം പ്രാധാന്യം നേടുന്നത്. ലിംഗാധിഷ്ഠിത ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന്, അതിജീവിച്ച ഇരകളുടെ അനുഭവങ്ങളിലധിഷ്ഠിതമായ പരിവർത്തന ശക്തിയുള്ള അവിശ്വസനീയമായ മാർഗ്ഗമാണിപ്പോൾ തുറന്നിരിക്കുന്നത്. എങ്കിലും ഒരു ദലിത്-ബഹുജൻ, ആദിവാസി (ഡി ബി എ) ഫെമിനിസ്റ്റ് എന്ന നിലയിൽ മറ്റു ചിലതു കൂടി മാറാനുണ്ടെന്ന് ഞാൻ കരുതുന്നു. ലിംഗാധിഷ്ഠിത ആക്രമങ്ങൾക്ക് ഇരകളാകാവുന്ന എല്ലാവരുടെയും സുരക്ഷിതത്വം യഥാർത്ഥത്തിൽ ഉറപ്പാക്കുന്നതിനായി, പ്രസ്ഥാനം, അതിന്റെ കേന്ദ്ര ഭാഗത്ത് ഡി ബി എ, ഭിന്നലിംഗക്കാർ, സ്വവർഗ്ഗരതിക്കാർ എന്നിവരിലെ ഇരകളെയും അതിജീവിച്ചവരെയും കൊണ്ടു വരണം. #MeToo India സ്വയം പുനർവിഭാവനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. അത് വ്യക്തിപരമായ ആക്രമണങ്ങൾക്കുപരിയായി ലൈംഗികാതിക്രമങ്ങളുടെ മൂലകാരണത്തിൽ ശ്രദ്ധ പതിപ്പിക്കണം. ഇതിനോട് സത്യസന്ധത പുലർത്തുവാൻ, ഇന്ത്യയിലെ ലിംഗാധിഷ്ഠിത ആക്രമണങ്ങളുടെ മൂലകാരണം ജാതി വിവേചനമാണെന്നത് നാം അംഗീകരിച്ചേ മതിയാകൂ.

Read in English Logo Indian Express

എന്തു കൊണ്ടാണ് ജാതിയും ലിംഗാധിഷ്ഠിത അതിക്രമങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കേണ്ടത് പ്രധാനമാകുന്നത്?

ലിംഗാധിഷ്ഠിത അക്രമങ്ങളുടെ കാര്യം വരുമ്പോൾ ജാതിയധിഷ്ഠിതമായ ലൈംഗികാതിക്രമങ്ങൾ ശിക്ഷാ ഭീതിയിൽ നിന്നും കുറ്റക്കാർക്ക് സംരക്ഷണം നൽകുന്നതിന്റെ ഒരു മാതൃകയാകുന്നു. സ്വവർഗ്ഗരതിക്കാരുടെയും ഭിന്നലിംഗക്കാരുടെയും കാര്യത്തിൽ ഇതു കൂടുതൽ സങ്കീർണ്ണമാകുന്നു. #MeToo India വിജയം കാണുന്നതിന് യുദ്ധത്തിലും കോളനീകരണത്തിലും ജാതിയടിസ്ഥാനമാക്കിയിട്ടുള്ള ലൈംഗികാക്രമണങ്ങൾ എങ്ങനെ ആയുധമായി ഉപയോഗിക്കപ്പെട്ടു എന്നതിന്റെ ചരിത്രം മനസ്സിലാക്കണം. തങ്കജം മനോരമ, പ്രിയങ്ക, സുപ്രിയ ഭോട്ട്മാങെ, കാഫി, ഡെൽറ്റ മേഘ്‌വാൾ, ആസിഫ, ജിഷ എന്നിങ്ങനെ ബലാത്സംഗം ചെയ്തു കൊല്ലപ്പെടുകയും ചെയ്തവർക്കും ലക്ഷക്കണക്കിന് അതിജീവിച്ചവരെ പ്രതിനിധീകരിക്കുന്നവർക്കും പുറത്തേയ്ക്ക് വരാനാകുന്നില്ല, അവരാരും അതിജീവിച്ചവരുടെ മാതൃകകൾ ആകുന്നില്ല. ഈ അക്രമങ്ങൾ പരിശീലിച്ചതും പഠിച്ചതും ദലിത് സ്ത്രീകളുടെയും ഭിന്നലിംഗക്കാരുടെയും ശരീരങ്ങളിലാണ്. ഈ ആക്രമങ്ങളുടെ പ്രതികരണമായി ഞങ്ങൾ മുലക്കരം പോലെയുള്ള ലൈംഗിക അനീതിയ്ക്കെതിരെ പോരാടിയ നങ്ങേലിയെപ്പോലെ ധീരരായ മാതാക്കളെ മാർഗ്ഗദർശനമാക്കുന്നു. ധീരയായ യുവ ആദിവാസി സർവൈവർ മധുരയെ ഞാൻ ആദരിക്കുന്നു. തന്നെ ബലാത്സംഗം ചെയ്ത പൊലീസിനെ ചെറുത്തു നിന്ന അവളാണ്, ഇന്ത്യൻ നീതിപീഠം ബലാത്സംഗത്തിന്റെ തെളിവു ഭാണ്ഡങ്ങളെ കാണുന്ന രീതികൾ പരിഷ്കരിക്കുന്നതിനുള്ള ആദ്യ ചാലകശക്തിയായി മാറിയത്.

ഞാൻ ഭൻ‌വാരി ദേവിയെ ഓർക്കുന്നു, അവരുടെ നിയമ യുദ്ധങ്ങളാണ് തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വിശാഖ മാർഗ്ഗ നിർദ്ദേശങ്ങളിലേയ്ക്ക് നയിച്ചത്. അതു പോലെ ലൈംഗികാക്രമണങ്ങൾക്കെതിരെ പോരാടിയ ഫൂലൻ ദേവി. ആ പോരാട്ടങ്ങളാണവരെ ജന നേതാവാക്കി മാറ്റിയത്, അവരുടെ കൊലപാതകത്തിന് കാരണമായതും അതു തന്നെയാണ്. #LoSha, #DalitWomenFight, #Dontbearapist, and #SmashBrahminicalPatriarchy തുടങ്ങിയ പ്രചരണങ്ങളുടെ ഫലവും നാം അംഗീകരിക്കണം. ലൈംഗികാതിക്രമങ്ങളും ഇന്ത്യൻ സൈന്യവും തമ്മിലുള്ള ബന്ധത്തെ വിളിച്ചു പറയുന്ന കാശ്മീർ മുതൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ വരെയെത്തിയ ശക്തമായ പ്രക്ഷോഭങ്ങളെയും നാം ആദരിക്കണം. ഈ നേതാക്കളും പ്രസ്ഥാനങ്ങളും ഡി ബി എ യുടെ ലൈംഗികാതിക്രമങ്ങൾക്കെതിരായ പ്രവർത്തനങ്ങളിലെ ഉജ്ജ്വലമായ നാനാത്വത്തെ വ്യക്തമാക്കുന്നു. ഈ ശബ്ദങ്ങളില്ലാതെ, ലിംഗാധിഷ്ഠിത അക്രമങ്ങൾക്കെതിരായ യാതൊരു ഫെമിനിസ്റ്റ് പ്രസ്ഥാനവും ഉണ്ടാകില്ലെന്ന് ഈ സംഘടനകളുടെ ഉൾക്കാമ്പുകൾ നിരന്തരമായി ഓർമ്മപ്പെടുത്തുന്നു.

Read More: രണ്ട് പിതൃമേധാവിത്വങ്ങൾ: കാഞ്ച ഇളയ്യ എഴുതുന്നു

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Brahminical patriachy post row twitter ceo jack dorsey thenmozhi soundararajan

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express