scorecardresearch

പോസ്റ്റ്മാനെ കാത്തിരിക്കുമ്പോള്‍

“ഫോണിലൂടെയുളള ബന്ധം മാത്രം വച്ച് ടോമി ആന്റണി പുസ്തകങ്ങള്‍ അയച്ചു തരുമായിരുന്നു. പുസ്തകങ്ങള്‍ മനുഷ്യനുളള വിശ്വാസത്തിന്റെ കതിര്‍ക്കനം പേറുന്ന ഒന്നാണെന്ന് അതെന്നെ ബോധ്യപ്പെടുത്തിയിരുന്നു” ഒറ്റപ്പെട്ട ദ്വീപ് വാസക്കാലത്തെ കുറിച്ചൊരു ഓർമ്മ

vishnuram, praveen krishnan, books

ഒരു കടല്‍ത്തീരത്തെ വിശാലമായ പുല്‍മേട്. കോളേജ് അദ്ധ്യാപകനും നടനുമായ അലക്‌സാണ്ടറും ഒരു ഓപ്പറേഷന്‍ കാരണം ശബ്ദം താല്കാലികമായി നഷ്ടപ്പെട്ട ലിറ്റില്‍മാൻ എന്ന് വിളിക്കുന്ന ഇളയ കുട്ടിയും പുല്‍മേട്ടിലൊരിടത്ത് ഒരു മരം നട്ടുകൊണ്ടിരിക്കുകയാണ്. അന്ന് അലക്‌സാണ്ടറുടെ പിറന്നാള്‍ ദിവസമാണ്. ചക്രപ്പാടുകളാല്‍ പച്ചപ്പുല്‍മേട്ടില്‍ തെളിഞ്ഞ അരഞ്ഞാണം പോലുള്ള വഴിയിലൂടെ സൈക്കിളില്‍ ഓട്ടോ എന്ന പോസ്റ്റ്മാന്‍ വരുന്നു. പോസ്റ്റ്മാന്‍ ഒരു പിറന്നാള്‍ സന്ദേശവുമായാണ് വരുന്നത്. പിറന്നാളാഘോഷത്തിന് അയാളെയും ക്ഷണിച്ചിട്ടുണ്ട്.

”ഇന്നത്തെ അവസാനത്തെ സന്ദേശമാണ്. പോസ്റ്റാഫീസ് അടച്ചിട്ടാണ് പോന്നത്. ഇന്നാരെങ്കിലും വന്നാല്‍ നാളെ വരെ കാത്തിരിക്കേണ്ടി വരും. ” സൈക്കിള്‍ നിര്‍ത്തി ടെലഗ്രാം പുറത്തെടുത്തു കൊണ്ട് പോസ്റ്റ്മാന്‍ ഓട്ടോ പറയുന്നു. ഓട്ടോ ഒരു അസാധാരണ കഥാപാത്രമാണ്. റെയില്‍വേസ്റ്റേഷനിലെ കാത്തിരിപ്പുപോലെ അയാള്‍ എപ്പോഴും കാത്തിരിക്കുകയാണ്. ജീവിതമാകെ അയഥാര്‍ത്ഥമാണെന്ന് അയാള്‍ കരുതുന്നു. യഥാര്‍ത്ഥമായ ഒന്നിനുവേണ്ടി അയാള്‍ കാത്തിരിക്കുന്നു.

praveen, book, laksha dweep

ആന്ദ്രേ തർക്കോവ്‌സ്കി (Andrei Tarkovsky) യുടെ ദ് സാക്രിഫൈസ് (The Sacrifice) എന്ന സിനിമയുടെ ആദ്യ ഭാഗമാണിത്. ആ കടല്‍ത്തീരത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഓട്ടോ എന്ന പോസ്റ്റ്മാന്‍ സൈക്കിളില്‍ വരുന്ന ദൃശ്യം ഞാന്‍ പലവട്ടം നേരിട്ട് കണ്ടിട്ടുണ്ട്. ഒറ്റപ്പെട്ട പുല്‍മേട്ടില്‍ പോസ്റ്റ്മാനെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന ആ ജീവിതം എന്റെതുകൂടിയായിരുന്നു. എനിക്ക് ജോലി കിട്ടി ആദ്യമെത്തുന്നത് ലക്ഷദ്വീപിലെ കൽപേനി  എന്ന കൊച്ചു ദ്വീപിലാണ്. അയ്യായിരത്തില്‍ താഴെ ജനസംഖ്യയുള്ള, മൂന്നോ നാലോ വാര്‍ഡുകള്‍ കൂട്ടിവെച്ചാല്‍ കിട്ടുന്ന അത്രയും ചെറിയ ഭൂവിസ്തൃതിയുള്ള ഒരു ദ്വീപ്. ഏറെക്കുറെ എല്ലാവര്‍ക്കും എല്ലാവരേയും അറിയുന്ന അത്രയും ചെറിയ ദ്വീപ്.

അവിടെ ഒരു കടല്‍ത്തീരത്ത് ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത ഒരിടത്തായിരുന്നു സാറ്റലൈറ്റ് എര്‍ത്ത് സ്റ്റേഷന്‍ എന്ന് വിളിക്കുന്ന എന്റെ ഓഫീസുണ്ടായിരുന്നത്. അതിന്റെ തൊട്ടുപിന്നില്‍ കടലായിരുന്നു. മറ്റ് വശങ്ങളില്‍ സാക്രിഫൈസിലേതുപോലെ പരന്നുകിടക്കുന്ന ഭുപ്രദേശം. ഒറ്റ വ്യത്യാസമുണ്ട്. അവിടെ തെങ്ങുകള്‍ നിറഞ്ഞു നില്കുകയാണ്. എങ്കിലും എന്റെ ഓഫീസിലേക്കുള്ള വഴിയില്‍ ഓട്ടോ എന്ന പോസ്റ്റ് മാന്‍ വരുന്ന വെളുത്ത പവിഴമണലില്‍ പച്ചപ്പുല്ലുകള്‍ നിറഞ്ഞ പുല്‍മേട് തന്നെയായിരുന്നു.

അവിടേക്ക് ആരും വരാറില്ല. പോസ്റ്റ്മാന്‍ ഒഴികെ. മറ്റാര്‍ക്കും അവിടേക്ക് വരേണ്ട കാര്യവുമില്ല. അവിടുത്തെ ഏകാന്തതയില്‍ പോസ്റ്റ്മാനെ മാത്രമേ കാത്തിരിക്കാനുള്ളൂ. അയാള്‍ വരുന്നത് കത്തുകള്‍ മാത്രമായല്ല. വാരികകളും പുസ്തകങ്ങളുമായാണ്. കാലം തെറ്റിയാണ് എല്ലാം വരിക. കപ്പല്‍ വരുന്ന ദിവസങ്ങളില്‍ മാത്രമേ പോസ്റ്റുമാന്‍ വരാറുളളൂ. കപ്പലുകള്‍ ആഴ്ചയില്‍ ഒന്നോ മറ്റോ വന്നാലായി. കപ്പലിന്റെ കടല്‍ച്ചെരുക്കിന്റെ ആലസ്യം നിറയ്കുന്ന ഗന്ധം പുസ്തക്കെട്ടുകളിലേക്കും വ്യാപിച്ചിരിക്കും. കെട്ട് പൊട്ടിക്കും മുമ്പ് അത് കൈയ്യിലെടുത്ത് മണപ്പിച്ചു നോക്കിയാല്‍ കടല്‍ച്ചൊരുക്കിനാല്‍ വശംകെട്ട എന്റെ ആദ്യത്തെ കപ്പല്‍ യാത്രയുടെ മുഴുവന്‍ ഓര്‍മ്മകളും മനസ്സിലേക്ക് തളളിവരും.

postman, praveen krishnan, vishnu ramപോസ്‌ററ് മാന്‍ കൊണ്ടുവരുന്ന പുസ്തകപ്പൊതിയില്‍ മസ്തിഷ്‌കത്തില്‍ എക്കാലത്തേക്കുമായി ആലേഖനം ചെയ്ത ആദ്യയാത്രയുടെ ഗന്ധമുണ്ടായിരുന്നു. എന്റെ മൂക്കുകള്‍ അത് പെട്ടെന്ന് തിരിച്ചറിയുമായിരുന്നു. ആ ഗന്ധത്തിന്റെ അസ്വസ്ഥതയെ അതിജീവിക്കാന്‍ അതിനുള്ളിലെ പുസ്തകം കാണാനുള്ള ആര്‍ത്തിക്ക് കഴിഞ്ഞിരുന്നു. പൊതി തുറന്ന് പുസ്തകം പുറത്തെടുക്കുമ്പോഴേ പുതിയ പുസ്തകത്തിന്റെ ഗന്ധം കിട്ടിത്തുടങ്ങും. പേജുകള്‍ തുറന്ന് അത് മണക്കുമ്പോള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളെ മണപ്പിച്ച കാലത്തിലേക്ക് ഓര്‍മ്മകള്‍ സഞ്ചരിക്കും.
പുസ്തകത്തിന്റെ പേരും വിലയും മാത്രം ചോദിച്ച് മനസ്സിലാക്കി വരുത്തിക്കുന്നതിനാല്‍ അതിന്റെ പുറം ചട്ടയും അരികുകളും അതിന്റെ കനവും ഉള്‍പ്പേജുകളും എല്ലാം കൗതുകം നിറഞ്ഞതായിരുന്നു.

tomy antony, dc books, thiruvananthapuram
ടോമി ആന്റണി

തിരുവനന്തപുരം ഡി.സി ബുക്‌സിലെ ടോമി ആന്റണിയായിരുന്നു പുസ്തകങ്ങള്‍ അയച്ചു തന്നിരുന്നത്. പുസ്തകം അയച്ച് വളരെ കഴിഞ്ഞേ അവര്‍ക്ക് പണം എത്തിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഫോണിലൂടെയുളള ബന്ധം മാത്രം വച്ച് ടോമി ആന്റണി പുസ്തകങ്ങള്‍ അയച്ചു തരുമായിരുന്നു. പുസ്തകങ്ങള്‍ മനുഷ്യനുളള വിശ്വാസത്തിന്റെ കതിര്‍ക്കനം പേറുന്ന ഒന്നാണെന്ന് അതെന്നെ ബോധ്യപ്പെടുത്തിയിരുന്നു.
പുസ്തകങ്ങള്‍ കൈമാറിക്കഴിഞ്ഞാലും പോസ്റ്റ്മാന്‍ അവിടെത്തന്നെ നില്കും. ആഴ്ചകള്‍ക്ക് ശേഷം കാണുന്നതിനാല്‍ എന്തെങ്കിലുമൊക്കെ ചോദിക്കും. സംസാരിക്കാന്‍ കാര്യമായി വിഷയങ്ങളില്ല. കടല്‍ ക്ഷോഭിച്ചതിനെപ്പറ്റിയോ കപ്പല്‍ വൈകിയതിനെപ്പറ്റിയോ കുറച്ചുനേരം സംസാരിക്കും. സംസാരിക്കുന്നതിനിടക്ക് അയാളുടെ കണ്ണുകളും പുസ്തകപ്പൊതിയില്‍ ഉടക്കി നില്കും. അവിടെ വെച്ചു തന്നെ ഞാന്‍ തുറക്കുമെന്ന് പരിചയം കൊണ്ട് അറിയാവുന്ന അയാള്‍ പുസ്തകം തുറന്ന് കാണുന്നത് വരെ സംസാരിച്ചിരിക്കും. പുസ്തകം കാണുമ്പോള്‍ അയാള്‍ ഇരിക്കുന്ന സൈക്കിള്‍ കുറേകൂടി ചരിച്ച് പൊതിയിലേക്ക് എത്തി നോക്കും.

”ഇതേത് പുസ്തകമാണ്?”

ആദ്യമായി ആ ചോദ്യം ചോദിച്ച ദിവസം എന്റെ കൈയ്യിലെ പുസ്തകപ്പൊതിയില്‍ ROGER PENROSE ന്റെ The Emperor’s New Mind എന്ന പുസ്തകമായിരുന്നു. ഞാന്‍ അതിനെപ്പറ്റി ചിലത് പറഞ്ഞു. അയാളത് കൈയ്യിലെടുത്ത് നോക്കി കെട്ടുമട്ടും നോക്കി തിരിച്ചു തന്നു. ആ പുസ്തകവുമായി തുടര്‍ച്ചയായി ഒരു മാസം ഞാന്‍ സംവദിച്ചിരുന്നു. തികഞ്ഞ ഏകാന്തതായിയുന്നു അവിടുത്തെ പ്രത്യേകത. ആരോടെങ്കിലും സംസാരിക്കണമെന്ന് തോനുമ്പോള്‍ പുസ്തകങ്ങള്‍ കൈയ്യിലെടുക്കേണ്ടി വരും.

praveen krishnan, bsnl, jaison kavalkkat
കവരത്തി സാറ്റലൈറ്റ് സ്റ്റേഷൻ- ഫൊട്ടോ- ജയ്‌സൺ കവലക്കാട്ട്

ഉപ്പുകാറ്റേറ്റ് സിമന്റ് പാളികള്‍ പൊട്ടിത്തുടങ്ങിയ സാറ്റലൈറ്റ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ മുറ്റത്ത് നിന്ന് മഴപെയ്യുന്നത് നോക്കി നില്കുന്നത് പതിവായിരുന്നു. ഒരൂ ഉച്ച നേരത്ത് കടലും കരയും വേര്‍തിരിക്കാതെ പരന്നുപെയ്യുന്ന മഴയിലൂടെ ഒരുകൈയ്യില്‍ സൈക്കിളും മറുകൈയ്യില്‍ കുടയുമായി നനഞ്ഞൊലിച്ച് വന്ന പോസ്റ്റ്മാന്‍ ഓഫീസിലേക്ക് കയറി.

”കാറ്റ് കാരണം ആകെ നനഞ്ഞു” അയാള്‍ വെളളം തെറിച്ചുപോകാനെന്നവണ്ണം കൈകള്‍ ശക്തിയായി കുടഞ്ഞുകൊണ്ട് പറഞ്ഞു. സൈക്കിളിന് പിന്നിലെ കാരിയറില്‍ നിന്ന് പ്ലാസ്റ്റിക് പൊതിയില്‍ നിന്ന് സാധാരണ പുസ്തകപ്പൊതിയേക്കാള്‍ വലിയ ഒരു പൊതിയെടുത്ത് എനിക്ക് തന്നു. അതിനകത്ത് Godel, Escher, Bach: An Eternal Golden Braid എന്ന പുസ്തകമായിരുന്നു. ഗോഡല്‍ എന്ന ഗണിതശാസ്ത്രജ്ഞനും എഷര്‍ എന്ന ചിത്രകാരനും ബാക്ക് എന്ന സംഗീതജ്ഞനും സംഗമിച്ച പുസ്തകം. അതില്‍ നിറയെ കെട്ടിടത്തിലേക്ക് കയറിപ്പോകുന്നവര്‍ പടികള്‍ കയറിക്കയറി തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തുന്നതുപോലെയുള്ള അസാധ്യമായ സാധ്യതകളുടെ ചിത്രങ്ങളായിരുന്നു. ഗണിതവും ചിത്രകലയും ഒന്നിക്കുന്ന ചിത്രങ്ങള്‍. പോസ്റ്റ്മാന്‍ എന്റെ കൈയ്യില്‍ നിന്ന് പുസ്തകം വാങ്ങി അതിലെ ചിത്രങ്ങള്‍ നോക്കി വളരെ നേരം അവിടെ നിന്നു.

ജീവിതം ഒരു കാത്തിരിപ്പാണെന്ന് ഓട്ടോ എന്ന പോസ്റ്റ്മാന്‍ കരുതുന്നത് എന്തുകൊണ്ടാണെന്ന് ബോധ്യപ്പെട്ട നാളുകളായിരുന്നു അത്. കൽപേനി ദ്വീപിലെ കാഴ്ചകള്‍ ആവര്‍ത്തനങ്ങളായിരുന്നു. ചുറ്റുപാടും പരന്നു കിടക്കുന്ന കടലും എവടെ നോക്കിയാലും തെങ്ങുകള്‍ നിറഞ്ഞ പൂഴിപ്പരപ്പുകളും കടല്‍ത്തിരപോലെയുള്ള ആവര്‍ത്തനങ്ങളായിരുന്നു. എങ്കിലും ആ ചെറിയ ലോകം മനോഹരമായിരുന്നു. Thich Nhat Hanh എന്ന വിയറ്റ്‌നാമീസ് ബുദ്ധസന്യാസിയുടെ Old Path White Clouds: Walking in the Footsteps of the Buddha എന്ന പുസ്തകം കൊണ്ടുവന്ന, തെളിഞ്ഞ ഒരു ദിവസം ഞാന്‍ പോസ്റ്റ്മാനോട് ചോദിച്ചു.

”നിങ്ങള്‍ക്ക് വായന ഇഷ്ടമാണോ?”

അയാള്‍ അതിന് മറുപടി പറയാതെ സൗമ്യമായി ചിരിച്ചു. അന്നും പുസ്തകത്തിലെ ചിത്രങ്ങളാണ് അയാള്‍ നോക്കിയത്.

”ബുദ്ധന്റെ കഥയാണ് അല്ലേ?”

”അതെ”

”അത് ഇത്രക്ക് എഴുതാനുണ്ടോ?” പുസ്തകം തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് അയാള്‍ ചോദിച്ചു.

i shanmukhadas, praveen krishnan, bsnl,
ഐ. ഷൺമുഖദാസ്

”വായിച്ചിട്ട് പറയാം.” ഞാന്‍ കാത്തിരുന്ന ഒരു പുസ്തകമായിരുന്നു അത്. ഐ.ഷണ്‍മുഖദാസ് സാര്‍ നിര്‍ദ്ദേശിച്ചിട്ടാണ് ഞാന്‍ ആ പുസ്തകം വാങ്ങിച്ചത്. ഇരിപ്പും നടപ്പും ശ്വസനവും ധ്യാനം പോലെ അനുഭവിക്കാമെന്ന് ബോധ്യപ്പെടുത്തിയ ആ പുസ്തകം പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മനസ്സില്‍ നിറച്ചു. അവിടുത്തെ ഏകാന്ത ജീവിതം അര്‍ത്ഥപൂര്‍ണ്ണമാണെന്ന് തോന്നിച്ചു. ഏകാന്ത ലോകത്തെ ഒഴിഞ്ഞ ഇടനാഴികളില്‍ വെളിച്ചം വിതറാന്‍ ആ പുസ്തകത്തിനും സാധിച്ചിരുന്നു.

കല്‌പേനിയിലെ ലൈബ്രറി ഓടിട്ട പഴക്കം ചെന്ന ഒരു കെട്ടിടമായിരുന്നു. അവിടെ ധാരാളം മലയാള പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ നീലച്ചട്ടയുള്ള വലിയ വോള്യങ്ങള്‍ അവിടുത്തെ ഏറ്റവും വിലപ്പെട്ട സമ്പാദ്യമായിരുന്നു. ലൈബ്രറിയും ബ്രിട്ടാനിക്കയും ബോര്‍ഗസിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

sidharthan, mathrubhoomi books, praveen chandran
സിദ്ധാർത്ഥൻ

അക്കാലത്താണ് തന്നെയാണ് ഇപ്പോള്‍ മാതൃഭൂമി ബുക്‌സിലുള്ള സിദ്ധാര്‍ത്ഥന്‍ ബോര്‍ഹസിന്റെ (Jorge Luis Borges) Collected Fictions എന്ന് പുസ്തകം എത്തിച്ചു തന്നത്. ബോര്‍ഹസിന്റെ കഥകള്‍ ഒന്നിച്ച് കിട്ടിയപ്പോള്‍ കടല്‍ നീന്തിക്കടന്ന സന്തോഷമായിരുന്നു.

ഞാന്‍ വൈകുന്നേരങ്ങളില്‍ ലൈബ്രറിയിലെത്തുമായിരുന്നു. പൊതുവെ ഇരുട്ട് നിറഞ്ഞ വായനശാലയിലെ വെളിച്ചം കടന്നുവരുന്ന ഏതെങ്കിലും ഒരു ജനലിനടുത്ത് ആഴ്ചകള്‍ക്ക് മുമ്പ് പുറപ്പെട്ട് വൈകിയെത്തിയ പത്രത്താളുകളിലേക്കോ വാരികയിലേക്കോ തല കുമ്പിട്ട് പോസ്റ്റ്മാന്‍ ഇരിക്കുന്നുണ്ടാകും. ലൈബ്രറിക്കുള്ളില്‍ സംസാരിക്കാനോ ചിരിക്കാനോ പാടില്ല എന്ന് നിയമമുള്ളതുപോലെ അയാള്‍ അവിടെ വെച്ച് ആരോടും സംസാരിക്കില്ല. ആരെയും ശ്രദ്ധിക്കില്ല. ചിരിക്കുകപോലുമില്ല. സ്‌നേഹത്തോടെ ഒന്ന് തലയാട്ടും. അത്രമാത്രം.

ഞാന്‍ കൽപേനിയിൽ നിന്ന് തിരിച്ചുപോന്നിട്ട് വര്‍ഷങ്ങളായി. അവിടുത്തെ ഓര്‍മ്മകളില്‍ നിശ്ശബ്ദമായി സംസാരിക്കുന്ന പുസ്തകങ്ങള്‍ അനേകമുണ്ട്. മധ്യവയസ്സിലേ വാര്‍ദ്ധക്യം തോന്നിക്കുന്ന പോസ്റ്റ്മാന്റെ മുഖം ആ പുസ്തകങ്ങളോടൊപ്പം ചേര്‍ന്ന് നില്കുന്നു. ആ പുസ്തകങ്ങള്‍ പഴയ കാലത്തെപ്പറ്റി എന്നോട് സംസാരിക്കാറുണ്ട്. നിശ്ശബ്ദമായി. പുസ്തകങ്ങള്‍ക്ക് മാത്രമേ നിശ്ശബ്ദമായി സംസാരിക്കാനാവൂ.

കോഴിക്കോട് ബി.എസ്.എന്‍.എല്ലിൽ സബ് ഡിവിഷണല്‍ എഞ്ചിനീയറായ ലേഖകൻ കഥാകൃത്തും നോവലിസ്റ്റുമാണ്. മലയാളിക്ക് ​അധികം പരിചയമില്ലാത്ത വിവര സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി മലയാളത്തിലെ ആദ്യനോവലായ “അപൂർണതയുടെ ​ഒരുപുസ്തകം”  ശ്രദ്ധേയമായ രചന

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Books that talk silently praveen chandran

Best of Express