ഭൂമിയിൽ വേരൂന്നി സ്വർഗ്ഗത്തിൽ തുഞ്ചാനവുമായി നിലകൊള്ളുന്ന ശാഖോപശാഖകളുള്ള ഫാന്റസിവൃക്ഷമാണ് തോമസ് ജോസഫിന്റെ നോവൽ’ അമ്മയുടെ ഉദരം അടച്ചു്’ – ഇത് തോമസ് ജോസഫിന്റെ നോവൽ പുസ്തകത്തിൽ ചേർക്കുന്ന എന്റെ കുറിപ്പിലെ ആദ്യവാചകം.
ആദ്യന്തം ഫാന്റസിയാണ് നോവലിലെ സ്ഥലകാലങ്ങളും കഥാപാത്രങ്ങളും സംഭവങ്ങളും. അയാഥാർത്ഥ്യങ്ങളുടെ സംഭവബഹുലത തോമസ് ജോസഫ് നോവലിൽ സൃഷ്ടിച്ചിരിക്കുന്നു; ഇല്ലസ്ട്രേറ്റർക്ക് അപരിചിതമായ, അന്യമായ ഒരു ഗ്രഹത്തിലെ ജീവിതമെന്ന പോലെ. അതിനാൽ നോവലിനു വേണ്ടി വരക്കുന്ന ഇല്ലസ്ട്രേറ്ററുടെ ഭാവന തോമസ് ജോസഫിന്റേതു മാത്രമായ സൗരയൂഥത്തിലെ പേരില്ലാഗ്രഹത്തിലേക്ക് യാത്രയാകേണ്ടിയിരിക്കുന്നു. ശ്രമകരമായ യാത്ര.
നോവൽ ആരംഭത്തിന്റെ ചുരുക്കം ഇങ്ങനെ: ഹന്ന മുത്തശ്ശിക്ക് സ്വർഗ്ഗത്തിൽ ഇടം ഒരുക്കണം. അതിന് ഏഴ് വിലാപഗായികമാർ ഗാനങ്ങൾ ആലപിക്കേണ്ടതുണ്ടു്. പണ്ടു് പറുദീസായിൽനിന്ന് പുറത്താക്കപ്പെട്ടവരാണ് വിലാപഗായികമാർ. അവരെ വിളിച്ചുകൊണ്ടുവരാനുള്ള ചുമതലയുമായി പതിമൂന്നു വയസുകാരൻ യാക്കോബ് യാത്ര പുറപ്പെടുന്നു. യാക്കോബിനെ യാത്രയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ കുതിരവണ്ടി തയ്യാറായിരിക്കുന്നു!
യാക്കോബിന്റെ യാത്ര ചിത്രീകരിക്കാൻ യാക്കോബിനോടൊപ്പം യാത്രയാവാതെ വയ്യ.
‘സർപ്പസ്ഥലത്തേക്കുള്ള യാത്ര’ എന്ന് നോവലിസ്റ്റ് കുറിച്ചിരിക്കുന്നു യാക്കോബിന്റെ യാത്രയെക്കുറിച്ച്. എന്താണ് സർപ്പസ്ഥലം? -ഇല്ലസ്ട്രേറ്റർ അമ്പരക്കുന്നു.
അന്ധകാരശക്തികൾക്ക് വഴങ്ങാതെ യാത്രചെയ്യണം. അനേകം തടസങ്ങളുണ്ടാകും . തടസങ്ങൾ മറികടക്കണം. പ്രലോഭനങ്ങളുണ്ടാകും. പ്രലോഭനങ്ങളെ അതിജീവിക്കണം. പരാജയപ്പെടരുത്. യാക്കോബിന്റെ യാത്രാദൗത്യം പരാജയപ്പെട്ടാൽ ഉണ്ടാകാവുന്ന വിനാശങ്ങൾക്കു് കണക്കില്ല. ഹന്ന മുത്തശ്ശിക്ക് സ്വർഗ്ഗത്തിൽ ഇടം കിട്ടുന്നതിന് വിലാപഗായികമാർ മണ്ണിൽ കാലുകുത്തുകയല്ലാതെ മറ്റു വഴികളില്ല. മണ്ണിലല്ലാത്ത ഇടത്തിലെ വിലാപഗായികമാരെ കൂട്ടിക്കൊണ്ടുവരാനാണ് യാക്കോബിന്റെ യാത്ര. ഏതാണ്, എവിടെയാണ് മണ്ണിലല്ലാത്ത ഇടം? – എങ്ങിനെയാണ് മണ്ണിലല്ലാത്ത ഇടം ചിത്രീകരിക്കുക? മണ്ണിലല്ലാത്ത വിലാപഗായികമാരുടെ രൂപഭാവങ്ങൾ എന്ത്? – ഇല്ലസ്ട്രേറ്റർ കുഴങ്ങുന്നു.
വിലാപഗായികമാരെ കൂട്ടിക്കൊണ്ടുവരാൻ യാത്ര പുറപ്പെടണമെന്ന് യാക്കോബിനോടു് കൽപ്പിക്കുന്നത് മരപ്പണിക്കാരൻ യോഹന്നാൻ. ഈ കഥാപാത്രം ലോകവാസികൾക്ക് പരിചയമുള്ള മനുഷ്യാവസ്ഥയിലല്ല. പ്രഭാതത്തിൽ യോഹന്നാന്റെ നെഞ്ചകത്തുനിന്ന് ഒരു വെൺപ്രാവു് പറന്നുപോകാറുണ്ട്. ഉച്ചയ്ക്ക് യോഹന്നാൻ വീശുന്ന ധൂപക്കുറ്റിയുമായി കുന്ന് കയറിയിറങ്ങി അപ്രത്യക്ഷനാകാറുണ്ടു്. ധൂപക്കുറ്റിയിൽനിന്ന് ചിത്രശലഭങ്ങൾ ചിറകുവീശുന്നു. സന്ധ്യകളിൽ യോഹന്നാൻ നൃത്തംചെയ്യുന്നു. അന്നേരം അദ്ദേഹത്തിന്റെ വിരലറ്റങ്ങളിൽനിന്ന് സ്വർഗ്ഗീയപുഷ്പങ്ങൾ വീഴുന്നു – ഇല്ലസ്ട്രേറ്റർ ചിത്രീകരിക്കേണ്ടത് മുൻമാതൃകകളില്ലാത്ത കഥാപാത്രത്തെയാണ്.
ഇരുപത്തിയെട്ട് അധ്യായങ്ങളുള്ള നോവലിന്റെ ഒടുക്കത്തിൽ യാക്കോബ് ‘അതീതസ്ഥല’ത്ത് എത്തിച്ചേരുന്നു. ഒരു വെള്ളക്കുതിര യാക്കോബിന്റെ അരികിലേക്ക് വന്നു. യാക്കോബ് കുതിരപ്പുറത്ത് കയറി. കുതിര യാക്കോബുമായി ഭൂമിക്കടിയിലെ ഏഴാം കരിങ്കടലിലേക്ക് യാത്ര ചെയ്തു – ഇല്ലസ്ട്രേറ്റർ ചിത്രീകരിക്കുക തോമസ് ജോസഫിന് മാത്രം അറിയാവുന്ന അതീതസ്ഥലങ്ങളെയാണ്.
Read More: അമ്മയുടെ ഉദരം അടച്ച് – തോമസ് ജോസഫ് എഴുതിയ നോവല് ഭാഗം
‘
നോവലിന്റെ അന്ത്യം: ദൈവത്തിന്റെ കൊച്ചുപടയാളി’യായി യാത്രചെയ്ത യാക്കോബ് ഒരു നൗകയിൽ പ്രവേശിച്ചു. കുഞ്ഞാടുകളും സിംഹങ്ങളും കുതിരകളും അവയെ ചുറ്റിപ്പിണയുന്ന അനശ്വരങ്ങളായ സ്വർണ്ണവള്ളികളുമുള്ള നൗക. നൗകയിൽ ഒരു തൽപ്പം. തൽപ്പത്തിൽ ഉപവിഷ്ടനായി യാക്കോബ്!- ഇല്ലസ് ട്രറ്റർ ഭൂജീവികൾക്ക് വിചിത്രങ്ങളായി അനുഭവപ്പെടുന്ന സംഭവങ്ങൾ ചിത്രീകരിക്കേണ്ടിയിരിക്കുന്നു.
നോവൽ ഉന്നയിക്കുന്ന സങ്കീർണ്ണങ്ങളായ തടസ്സങ്ങളെ ഇല്ലസ്ട്രേറ്റർ മറികടക്കുക സ്വാതന്ത്ര്യത്താൽ മാത്രമാണ്. നോവലിസ്റ്റിന്റെ ഭാവനയോട് കൂറു പുലർത്തുന്ന സ്വതന്ത്രഭാവനയുടെ ചിത്രീകരണങ്ങൾക്കാണ് ഈ നോവലിന്റെ ഇല്ലസ്ട്രേറ്റർ എന്ന നിലയിൽ ശ്രമിച്ചിട്ടുള്ളത്. അതിനാൽ പൂച്ചയും ചിത്രശലഭങ്ങൾ പായ്കെട്ടിയ കപ്പലും കരിങ്കറുപ്പ് കുതിരയും പൂക്കൾ ചൂടിയ കറുത്തപെണ്ണും ഉൾപ്പെടെ നോവലിസ്റ്റ് എഴുതിയിട്ടില്ലാത്ത പല ദൃശ്യങ്ങൾ വരയ്ക്കാനുള്ള സ്വാതന്ത്ര്യമെടുത്തിട്ടുണ്ടു്.
ഇല്ലസ്ട്രേറ്റർ ചിത്രീകരിക്കുക രൂപങ്ങളെയാണ്. എന്നാൽ തോമസ് ജോസഫിന്റെ ചില കഥാപാത്രങ്ങൾക്ക് രൂപമില്ല. നോവലിന്റെ ഭാഗമാണ് പരിശുദ്ധാത്മാവ്. അരൂപിയായ പരിശുദ്ധാത്മാവു്. അരൂപിയുടെ രൂപം എങ്ങിനെയാണ് ചിത്രീകരിക്കുക?
ചില കഥാപാത്രങ്ങൾ മനുഷ്യരാണെങ്കിലും സാധാരണ മനുഷ്യാവസ്ഥയിലല്ല. മൃഗങ്ങളുണ്ട് നോവലിൽ. പക്ഷെ, സാധാരണ മൃഗാവസ്ഥയിലല്ല. മനുഷ്യാവസ്ഥയിലല്ലാത്ത വിലാപഗായികമാർ. മൃഗാവസ്ഥയിലല്ലാത്ത പൂച്ചകൾ. അതിനാൽ ഇല്ലസ്ട്രേഷനിൽ വിലാപഗായികമാരുടെ മുഖവും അവയവങ്ങളും വ്യക്തമല്ലാതിരിക്കുന്നു; പൂച്ച പൂപൂച്ചയായിരിക്കുന്നു. നോവലിസ്റ്റിന്റെ ഫാന്റസി ഇല്ലസ്ട്രേറ്ററെ ഫാന്റസി ചിന്തയിലേക്ക് നയിക്കുന്നു.
ഫാന്റസി സാഹിത്യം എക്കാലത്തും ഇല്ലസ്ട്രേറ്ററെ സ്വപ്നങ്ങളിലേക്ക് നയിച്ചു. ആയിരത്തൊന്നു രാവുകളിലെ അലാവുദ്ദീന്റെയും ആലിബാബയുടെയും സിൻബാദിന്റയും കഥകൾ, ലൂയിസ് കാരോളിന്റെ 1865 ലെ ‘ആലീസ് ഇൻ വണ്ടർലാന്റ്, ‘ 1937 ലെ റ്റോൽക്കീന്റെ ‘ദി ഹോബിറ്റ്,’ ജെ.കെ റൗളിംഗിന്റെ 1997 മുതലുള്ള ഹാരി പോട്ടർ പരമ്പര എന്നിവ ഓർമ്മയിൽ പെട്ടെന്ന് കടന്നുവരുന്ന ഫാന്റസിയെഴുത്തുകൾ.
ഇവ ഫാന്റസി സാഹിത്യത്തിന്റെ എണ്ണിയാൽ ഒടുങ്ങാത്ത ദൃശ്യാവിഷ്ക്കരണ സാധ്യതകൾ ഇല്ലസ്ട്രേറ്റർമാർക്ക് നൽകി.. അലാവുദ്ദീനും ആലിബാബയും സിൻബാദും ഹോബിറ്റും ഹാരി പോട്ടറും പ്രതിനിധീകരിക്കുന്ന ഫാന്റസി സാഹിത്യവും തോമസ് ജോസഫിന്റെ നോവലും തമ്മിലുള്ള ബന്ധം ഇവയെല്ലാം ഫാന്റസികളാണെന്നതു മാത്രമാണ്. തോമസ് ജോസഫിന്റെ ഫാന്റസി ക്രിസ്ത്യൻ വിശ്വാസ മനോലോകത്തിന്റേതാണ്. എന്നാൽ, എല്ലാ ഫാന്റസി സാഹിത്യത്തേയും പോലെ ഇല്ലസ്ട്രേറ്റർക്ക് സ്വാതന്ത്ര്യത്തോടെ ഫാന്റസി സൃഷ്ടിക്കാവുന്ന മേഖലയാണിത്.
ഇല്ലസ്ട്രേറ്റർ എന്ന നിലയിൽ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചാണ് തോമസ് ജോസഫിന്റെ നോവൽ ചിത്രീകരിച്ചത്. ഒരൊറ്റ ദുഃഖം – തോമസ് ജോസഫ് ചിത്രങ്ങൾ കാണുന്നില്ല!