scorecardresearch

അഗസ്ത്യകൂടത്തേക്കുള്ള വഴിയില്‍ ആര്‍ക്കും വേണ്ടാത്തൊരു ദേശം, കുറേ മനുഷ്യര്‍

കൺകെട്ടി കൊണ്ടുവന്നവരുടെ നാടും കാടും... ബോണക്കാടെന്ന ഭ്രമലോകത്തെകുറിച്ച് കാര്‍ത്തിക എസ്

കൺകെട്ടി കൊണ്ടുവന്നവരുടെ നാടും കാടും... ബോണക്കാടെന്ന ഭ്രമലോകത്തെകുറിച്ച് കാര്‍ത്തിക എസ്

author-image
Karthika S
New Update
Agasthyakoodam | Karthika S

മലഞ്ചെരുവിലെ മരങ്ങള്‍ക്കും പുരാതനമായ പാറക്കെട്ടുകള്‍ക്കും ഇടയിലേക്ക് കാറ്റ് ചൂളം വിളികളോടെ നടന്നു പോയി. സൂര്യനന്നേരം, ഇലകൊഴിഞ്ഞൊരു ഗുല്‍മോഹര്‍ മരത്തിന് പിന്നിലേക്ക് ചാഞ്ഞു. മലമടക്കുകളെയാകെ നിതാന്തനിശ്ശബ്ദത മൂടി.

Advertisment

രാപ്പലുകള്‍ക്കിടയിലെ വിചിത്ര സന്ധിയാണ് വെയില്‍ ചായും നേരങ്ങള്‍. രാവുകളില്‍ കാടകങ്ങളില്‍ നിന്ന് മൃഗങ്ങളും രാക്കിളികളും ആത്മാക്കളും ഇറങ്ങി വരുമെന്നാണ് വിശ്വാസം. പുലരികളില്‍ സൂര്യന്റെ തേരിനൊപ്പം ജീവരശ്മികളും തെളിമയോടെ മടങ്ങിയെത്തും. എന്നാല്‍ സായന്തനങ്ങള്‍ അങ്ങിനെയല്ല, ഓര്‍മകളിറങ്ങുന്ന നേരമാണത്. അഗസ്ത്യകൂടത്തിന് താഴെയുള്ള മേടുകളില്‍ ഓര്‍മകള്‍ മേയാനിറങ്ങും, ചുവപ്പ് രാശി കലരുന്ന ആകാശത്ത് വെണ്‍മേഘങ്ങളായി ഒഴുകി നടക്കും. അവ അങ്ങു താഴെ, ആകാശത്തെ സുതാര്യനീലിമയിലേക്ക് മുഖംനോക്കുന്ന കാട്ടരുവിയില്‍ പ്രതിബിംബമായി ഒഴുകിയിറങ്ങും. ഓര്‍മ്മ അവരവരെ തന്നെ ഓര്‍ത്തെടുക്കും.

കാടകങ്ങളില്‍ വെയിലനക്കം

1800 -കളിലാണ് അഗസ്ത്യ മലനിരകള്‍ക്ക് താഴെയുള്ള ബോണക്കാട് പ്രദേശത്ത് തേയില കൃഷി ആരംഭിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഒന്നര നൂറ്റാണ്ട് മുമ്പ്.

ഇന്ത്യയിലും ശ്രീലങ്കയിലും മറ്റും ബ്രിട്ടീഷുകാര്‍ പ്ലാന്റേഷനുകള്‍ ആരംഭിച്ച ആദ്യകാലത്തു തന്നെയാണ് ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലുള്ള, അന്നത്തെ തിരുവിതാംകൂറില്‍ ഉള്‍പ്പെട്ടിരുന്ന ബോണക്കാടും തെയില യുടെ നാമ്പുകള്‍ തളിര്‍ത്തു തുടങ്ങിയത്.

Advertisment

ആരായിരിക്കാം ഈ ദുര്‍ഘട വനമേഖലയിലേക്ക് നടന്നും കുതിരപ്പുറത്തുമായി അക്കാലത്ത് എത്തിച്ചേര്‍ന്നത്? ആരായിരുന്നു അവര്‍ക്ക് ഭൂമി അനുവദിച്ചത്?

ഈ മലഞ്ചെരുവുകളിലെ തേയില കൃഷിയുടെ  ചരിത്രം കൊളോണിയല്‍ കാലത്തെ ഭൂമി വെട്ടിപ്പിടിക്കലുകളുടെ, പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി നാശത്തിന്റെ, അടിമപ്പണിയുടെ, നീതി നിഷേധങ്ങളുടെ കറുത്ത ചിത്രങ്ങളാണ്. ലണ്ടനിലെ ആര്‍ക്കൈവുകള്‍ തുടങ്ങി തിരുവനന്തപുരത്തെ മതിലകം രേഖകളില്‍ വരെ പരതിയാല്‍ മതി, ചരിത്രത്തിന്റെ എല്ലിന്‍കൂടു തുറന്ന് പുറത്തുവരും സത്യങ്ങള്‍.

Peppara Dam From Bonacaud

കെട്ടിയിടപ്പെട്ട കണ്ണുകള്‍

മനുഷ്യക്കടത്ത് ആദിമകാലം മുതലുണ്ട്. അവ പ്രധാനമായും രണ്ടിനം. ശക്തി കുറഞ്ഞവരെ ശക്തി കൂടിയവര്‍ വലിച്ചിഴച്ച് പുതിയ നാടുകളിലേക്ക് കൊണ്ടു പോകുന്നതാണ് ഒരിനം. മറ്റൊന്നാകട്ടെ യുദ്ധമോ പട്ടിണിയോ പ്രകൃതി ദുരന്തമോ തളര്‍ത്തിയവരെ നല്ല നാളെകള്‍ വാഗ്ദാനം ചെയ്ത് ദല്ലാളന്‍മാരും ഇടനിലക്കാരും വിദൂര പ്രദേശങ്ങളിലെ  അടിമചന്തകളിലെത്തിക്കുന്നതാണ്.

രണ്ടാമത് പറഞ്ഞതുപോലെ, കണ്ണുകള്‍ കൂട്ടിക്കെട്ടി, മനസ്സിന്റെ വാതായനങ്ങള്‍ അടച്ചു പൂട്ടി, ആടുമാടുകളെപ്പോലെ ആട്ടിത്തെളിച്ചാണ് ബോണക്കാട്ടേക്കും ഒരു പറ്റം മനുഷ്യരെ പണിക്കെത്തിച്ചത്.

തമിഴ് സമതലങ്ങളിലെ  അംബാസമുദ്രത്തില്‍ നിന്നായിരുന്നത്രെ ഇവര അഗസ്ത്യ വനത്തിലെ ദുര്‍ഘട പ്രദേശങ്ങളിലേക്ക് കടത്തിയത്. കണ്‍കെട്ടി കൊണ്ടുവന്നതിനാല്‍, ആര്‍ക്കും വഴി അറിയാനാവില്ല. അതിനാല്‍ തന്നെ ഒരു തിരിച്ചു പോക്കും അവര്‍ക്കുണ്ടായില്ല.

എന്നാല്‍, അടച്ച കണ്ണുകള്‍ തുറക്കപ്പെട്ടിട്ടും ചുറ്റുമുള്ള ദേശത്തിന്റെ ഭൂപടം കൈവെള്ളയിലെന്നോണം പരിചിതമായിത്തുടങ്ങിയിട്ടും അവരിലേറെയും മടങ്ങിപ്പോയില്ല. കണ്‍കെട്ടി കൊണ്ടു വന്നവരും പിന്‍തലമുറകളും ബോണക്കാടിന്റെ മലമ്പാതകളില്‍ ഇന്നും ചുറ്റിത്തിരിയുന്നു.

Agasthyarkoodam

ഉപേക്ഷിക്കപ്പെട്ട മനുഷ്യര്‍

വെയില്‍ ചാഞ്ഞ വഴിയിലൂടെ മായമ്മ (പേര് യഥാർഥമല്ല) നടന്നു വന്നു. പണ്ടെങ്ങോ തേയില നുള്ളാന്‍ പോയ കാലത്തെ വേഷം, ചെളി പുരണ്ട മുണ്ടിനും ബ്ലൗസിനും മുകളിലൂടെ നരച്ചൊരു ഷര്‍ട്ട്. പല ബട്ടനുകളും പൊട്ടിപ്പോയി. വേഷമൊന്നും അവക്ക് വിഷയമല്ല.  രൂക്ഷഗന്ധമുള്ള  ബീഡി ആഞ്ഞു വലിച്ചുകൊണ്ടാണ് വരവ്.

തകര്‍ന്നു വീഴാറായ പഴയ തേയില ഫാക്ടറി കെട്ടിടങ്ങള്‍ക്കിടയിലൂടെ വന്ന് മലഞ്ചെരുവിലെ ആളൊഴിഞ്ഞ ലയങ്ങള്‍ക്കിടയിലേക്ക് അവര്‍ നടന്നിറങ്ങി. പാറിപ്പറന്ന മുടികള്‍ സൂര്യവെളിച്ചത്തില്‍ തീ പിടിച്ചതു പോലെ  ചുവപ്പണിഞ്ഞു.

ഏറെപ്പേര്‍ തോട്ടത്തിലെ ലയങ്ങള്‍ ഉപേക്ഷിച്ച് പോയിട്ടും മായമ്മയെ പോലെ ചിലര്‍ ഇന്നും പഴയ കണ്‍കെട്ടുകള്‍ അഴിച്ചുകളയാതെ ആര്‍ക്കും വേണ്ടാതെ പാഴായി കിടക്കുന്ന ഈ വഴികളിലൂടെ ഇന്നും അലയുകയാണ്.

ആയിരത്തോളം പേര്‍ നേരിട്ടും അല്ലാതെയും തൊഴിലെടുത്തിരുന്നു ഈ എസ്റ്റേറ്റില്‍. തേയില ഇറക്കുമതി, അതിനെ തുടര്‍ന്നുള്ള വിലയിടിവ്, ഉടമസ്ഥാവകാശം പല വഴിക്ക് കൈവന്നവര്‍ ഭൂമി പണയം വെച്ചെടുത്ത വലിയ വായ്പകള്‍, ബാങ്കുകളുടെ നിയമ നടപടികള്‍, എസ്റ്റേറ്റ് ഒടുവില്‍ കൈവശംവന്ന ഉത്തരേന്ത്യന്‍ കമ്പനികള്‍ ഈ മനുഷ്യരുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം കൈകഴുകി ഒഴിഞ്ഞത് - ഇങ്ങനെ നൂറായിരം കെട്ടുപിണഞ്ഞ പ്രശ്‌നങ്ങളാണ് ബോണക്കാട് എസ്റ്റേറ്റ് ഉപേക്ഷിക്കപ്പെടാന്‍ കാരണമായത്.

കുറേ നാള്‍ പിടിച്ചു നിന്നവര്‍ പോലും ഒടുവില്‍ താഴ്‌വാരങ്ങളില്‍ ചേക്കേറി.  50 -ല്‍ താഴെ മനുഷ്യര്‍ മാത്രമാണ് കാടകങ്ങളോട് ചേര്‍ന്നുള്ള മലമടക്കുകളിലെ ഇടിഞ്ഞു വീഴാറായ ലയങ്ങളില്‍ താമസക്കാര്‍. മുഖ്യധാരയില്‍ നിന്നും ചുറ്റുമുള്ള മനുഷ്യര്‍ ജീവിക്കുന്ന ആധുനികമായ ജീവിതരീതികളില്‍ നിന്നും എന്നോ ഇഴ മുറിഞ്ഞു പോയവരാണിവര്‍. ഉപേക്ഷിക്കപ്പെട്ട ഫാക്ടറി, പേടിപ്പിക്കുന്ന നിശ്ശബ്ദത ഉറഞ്ഞുകിടക്കുന്ന ബംഗ്‌ളാവ്,  വല്ലപ്പോഴും തുറക്കുന്ന രണ്ട് പള്ളികള്‍. ഇത്രയുമാണ് ഇന്ന് ബോണക്കാട്.

Agasthyakoodam | Karthika S

ദിവസം രണ്ടു നേരം വന്നു പോകുന്ന നീലയും വെള്ളയും നിറമുള്ള നരച്ച കെ.എസ്.ആര്‍.ടി.സി ബസ്, ഇടയ്ക്ക് വന്നു പോകുന്ന വനം ഉദ്യോഗസ്ഥര്‍, കൗതുകക്കണ്ണുകളുമായി കാഴ്ച കാണാനെത്തുന്ന ചിലര്‍ - ബോണക്കാടിന്റെ പുറം ലോകവുമായുള്ള ബന്ധമാണിത്.

വന്നവരെല്ലാം മടങ്ങിപ്പോവും. നീല ബസ് അടുത്ത ട്രിപ്പിലേക്ക് മലയിറങ്ങും. ശൂന്യമായ കണ്ണുകളോടെ ബോണക്കാട്ടുകാര്‍ അതു നോക്കിനില്‍ക്കും. അവ നോക്കി നില്‍ക്കുന്ന ബോണക്കാടിന്റെ മൗനം ശൂന്യമായ ഒരാഴക്കിണറിന്റെ ഇരുള്‍പോലെ ഉറഞ്ഞുകിടക്കുകയാണ്.

നിശ്ശബ്ദതയുടെ നിറം

പള്ളിക്കു താഴെ, ചെറുകവലയിലെ റോഡരികില്‍ ചായ വില്‍ക്കുന്ന ശാന്ത ചേച്ചി (പേര് യഥാർഥമല്ല) നാട്ടില്‍ വരുന്നവരെയെല്ലാം ഇപ്പോഴും ചിരിയോടെ സ്വീകരിക്കും. വിറകടുപ്പിന്റെ സുഖകരമായ പുക മണമുള്ള ചായ തരും.

ബോണക്കാട് അവശേഷിക്കുന്ന തേയിലച്ചെടികളിലെ ഇലനുള്ളി വെയിലത്തുണക്കി ഇടിച്ചുണ്ടാക്കുന്ന തേയിലപ്പൊടിയാണ് അതെന്ന് വിവരിക്കും. അതിജീവനമൊന്നുമല്ല, വെറുമൊരു ശീലം; അത്ര തന്നെ. ചായയും ചിരിയും നല്ല വാക്കുകളും കഴിഞ്ഞാല്‍ ചേച്ചിയും നിശ്ശബ്ദതയിലേക്ക് ആണ്ടുപോകും.

ചായുന്ന വെയില്‍ നോക്കിനോക്കിയുറയുന്ന അവരുടെ കണ്ണുകളില്‍ ഇപ്പോള്‍ എന്താകും? ആര്‍ക്കറിയാം. പ്രകൃതിയോട്, ജീവിത സാഹചര്യങ്ങളോട്, ഏകാന്തതയോട് സമരസപ്പെടുമ്പോഴുണ്ടാകുന്ന ഒരു മൗനമുണ്ട്. നേര്‍ത്ത സൂര്യവെളിച്ചം പോലെ, കടന്നു പോയ കാറ്റ് ബാക്കി വെച്ച കാട്ടുപൂമണം പോലെ, എല്ലാം ഉള്ള-എന്നാല്‍ പ്രത്യേകിച്ചൊന്നുമില്ലാത്ത,  നിതാന്തമൗനം. അകത്തും പുറത്തും അതുമാത്രം.

Agasthyakoodam | Karthika S

ചില്ലകളില്‍ ചിറകടിയൊച്ചകള്‍

മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ അഗസ്ത്യകൂടം ട്രെക്കിങ് ആരംഭിക്കുമ്പോഴാണ് ബോണക്കാട് ഒന്ന് ഉണരുക. യാത്രികര്‍ക്കൊപ്പം ഈ മനുഷ്യര്‍ ഗൈഡുകളായി പോകും. വനം വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ പോവും. പോര്‍ട്ടര്‍മാരായി പണിയെടുക്കും.

ട്രെക്കിങ് കാലം പെട്ടെന്നങ്ങു കഴിയും. പിന്നീട് കാടും മേടും അഗസ്ത്യന്റെ കൊടുമുടികളും എല്ലാം നക്കിത്തുടക്കുന്ന വേനലിന്റെ മഹാമൗനത്തില്‍ ആഴ്ന്നുപോവും. പകല്‍നേരത്തെ കത്തുന്ന ചൂട്. ഇലകളില്‍ പൊള്ളിയലയുന്ന കാറ്റ്. അരുവികള്‍ വറ്റിവരളും. കാട്ടിലേക്ക് മേയാന്‍ പോയ പൈക്കള്‍ വെയില്‍ ചായുമ്പോള്‍ ക്ഷീണിച്ച് മടങ്ങും. അവരുടെ കഴുത്തിലെ മണി കിലുക്കവും കുളമ്പടികളും പാതയില്‍ നിറയും. അവയുടെ തലയ്ക്കുമുകളില്‍ കാട്ടീച്ചകളുടെ മൂളല്‍ പൊതിയും. ഇവ മാത്രമാകും പിന്നെ ബോണക്കാടിന്റെ ശബ്ദങ്ങള്‍.

സൂര്യന്‍ പടിഞ്ഞാറ് ചായുമ്പോള്‍ പശുക്കള്‍ പഴയ തേയില ഫാക്ടറിക്കുള്ളിലേക്ക് കൂട്ടമായി കടക്കും. അവരുടെ രാത്രി താവളമാണത്. വല്ലപ്പോഴും കാടിറങ്ങി വരുന്ന പുലിയും ചെന്നായുമൊക്കെ കൂട്ടത്തിലൊന്നിനെ കൊണ്ടു പോകും; എങ്കിലും സംഘബലം സഹായിക്കുമെന്ന തോന്നലില്‍ പാവം പൈക്കള്‍ പിറ്റേന്നും മലമുകളിലേക്ക് നടക്കും.

സന്ധ്യയെത്തുന്നതോടെ ചൂട് കുറയും. ആകാശത്താകെ ചില കിളിയൊച്ചകള്‍ നിറയും. മരങ്ങള്‍ക്കും ലയങ്ങളുടെ മേല്‍ക്കൂരകളിലും കുരങ്ങന്മാര്‍ ചാടിമറയും. മഴയ വിളിച്ചുവരുത്താന്‍ വലിയ പീലികണ്ണുകള്‍ തുറന്നുവെച്ച് സുന്ദരന്‍ മയിലുകള്‍ അവിടവിടെ നടക്കും. നെല്ലിമരങ്ങള്‍ അടിമുടി കായ്ച്ചുനില്‍ക്കും. മാവുകളില്‍ മധുരപ്പഴങ്ങള്‍ നിറയും. പ്‌ളാവുകളിലും കായ് നിറവിനു ചുറ്റും ഈച്ചയാര്‍ക്കും.

മൃഗങ്ങളും പക്ഷികളുമാണ് ഇവിടെ മനുഷ്യരെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍. കാട് എസ്റ്റേറ്റിനെയും മനുഷ്യവാസ മേഖലയെയും പതിയെ  കീഴടക്കുകയാണ്. ആളൊഴിഞ്ഞ ലയങ്ങള്‍ക്ക് മുകളില്‍ വലിയ ചിറകുകള്‍ വിടര്‍ത്തി പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്.

Agasthyakoodam | Karthika S

നിശ്ചല ചിത്രങ്ങള്‍  

അന്തി മയങ്ങുന്നു. ബോണക്കാട്ടെ ശേഷിക്കുന്ന മനുഷ്യര്‍ പഴയ ഫാക്ടറിക്കും ലയങ്ങള്‍ക്കും ഇടയിലെ കല്‍പ്പടവുകളില്‍ വന്നിരിക്കുന്ന നേരമാണത്. രണ്ട് പട്ടികള്‍ എങ്ങോട്ടെന്നില്ലാതെ ഓടിപ്പോവുന്നു. നാലഞ്ചു പശുക്കിടാങ്ങള്‍ ബസ് സ്റ്റോപ്പിന് പിറകിലെ ഇടത്തില്‍ ഞെങ്ങി ഞെരുങ്ങി കൂട്ടം കൂടി നടക്കുന്നു. ആ മനുഷ്യര്‍ അവയെ നിശ്ശബ്ദം നോക്കി നില്‍ക്കുന്നു. അവര്‍ക്കു ചുറ്റും, ചായുന്ന സൂര്യന്‍. വളഞ്ഞു പുളഞ്ഞു പോകുന്ന പാത. ചുറ്റും നിറയുന്ന കാട്.

എന്താവുമിപ്പോള്‍ അവരുടെയുള്ളില്‍? ഒന്നും ഉണ്ടാവില്ല എന്നാണ് കരുതേണ്ടത്. സ്വന്തമായി ഒന്നുമില്ലാത്തവര്‍. അവര്‍ക്ക് ചുറ്റും കാടും മേടും ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങളും മാത്രം. സ്‌കൂള്‍, ആശുപത്രി, പോസ്റ്റ് ഓഫീസ്, കുടിവെള്ള ടാപ്പുകള്‍, മൊബൈല്‍ ടവര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. ഉപേക്ഷിക്കപ്പെട്ട ഒരിടത്ത് പുതിയതൊന്നും പ്രതീക്ഷിക്കാനും വയ്യ. ഭൂതകാലത്തിന്റെ കാന്‍വാസില്‍ ഭാവി വരച്ചിട്ട നിശ്ചലചിത്രമാണ് ബോണക്കാട്. അനശ്വരതയിലേക്ക് നീങ്ങുമെന്നല്ലാതെ നിശ്ചല ചിത്രങ്ങള്‍  ജീവിതത്തിലേക്ക് മടങ്ങാറില്ല.

നിശ്ചലതയുടെ ഭ്രമലോകത്തു നിന്ന് വളവുകള്‍ പിന്നിട്ടിറങ്ങാം, 51 കിലോമീറ്ററപ്പുറം കേരളത്തിന്റെ തലസ്ഥാനമുണ്ട്. സജീവവും വര്‍ണാഭവുമായ നഗരം. ഗ്രാമങ്ങളെ, കാടരികുദേശങ്ങളെ നഗരങ്ങള്‍ പെട്ടെന്നു മറക്കും. അതിനാല്‍, രാവേറും മുന്‍പേ വിന്‍സന്റ് വാന്‍ഗോഗിന്റെ ഇരുള്‍ച്ചിത്രത്തിലെ പൊട്ടറ്റോ ഈറ്റേഴ്‌സിനെ ഓര്‍മ്മിപ്പിക്കുന്ന ഈ മുഖങ്ങളെ മനസ്സില്‍ നിന്ന് ഇറക്കിവിടാം.

Agasthyakoodam | Karthika S

മറവി ഓര്‍മ്മയോട്

മറവി, ഓര്‍മ്മയോടൊപ്പം കാലുകള്‍ വെള്ളത്തിലേക്കിട്ട് ചെറുപുഴയോരത്തിരിക്കുകയാണിപ്പോള്‍. അവയ്ക്ക് ഇന്നലെകളെയും നാളെയെയും ആവാഹിച്ചെടുക്കാനുണ്ട്. കണ്ണുകളെല്ലാം കാലംവന്നു കെട്ടിയിട്ട നമുക്ക് അത് കാണാനാവുന്നില്ലെന്നേയുള്ളൂ.

വാഴ്‌വന്തോള്‍ പുഴ വീണ്ടും ഒഴുകും.  പടിഞ്ഞാറന്‍ കാറ്റ് ചൂളമടിച്ച് മല കയറും. ഒരു കടുംനീല മേഘം അനന്തമായ ആകാശത്ത് ഒഴുകി നടക്കും. ബോണക്കാടിനെ ഏറ്റവുമെളുപ്പം നമ്മള്‍ മറക്കും.

  • തിരുവനന്തപുരം റയിൽവെ സ്റ്റേഷനിൽ നിന്ന് 51 കിലോമീറ്റർ അകലെ സഹ്യ പർവ്വത നിരകളിൽ സ്ഥിതി ചെയ്യുന്നു. അഗസ്ത്യകൂടത്തിന്റെ ബേസ് ക്യാംപ് ആണ്. മനോഹരമായ കാടുകൾ അരുവികൾ എന്നിവ ഇവിടെ കാണാം. ധാരാളം വന്യമൃഗങ്ങൾ , പക്ഷികൾ , ശലഭങ്ങൾ എന്നിവയുടെ ആവാസ കേന്ദ്രമാണിവിടം. ബോണക്കാട് വെള്ളച്ചാട്ടം അതി മനോഹരമാണ്. ബോണക്കാട് എസ്റ്റേറ്റ് ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഒക്ടോബർ - മാർച്ച് ഏറ്റവും മികച്ച സന്ദർശന സമയം. സംസ്ഥാന വനം വകുപ്പിന്റെ അനുവാദത്തോടെയെ ഈ പ്രദേശത്തേക്ക് പോകാനാവൂ. ബോണക്കാട് ബേസ് ക്യാംപിൽ വനം വകുപ്പ് അനുവദിച്ചാൽ താമസിക്കാം
Features Memories Travel History

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: