scorecardresearch
Latest News

Father’s Day: ഒരു കോവിഡ്ക്കാലച്ചിരി

കോവിഡ് കാലത്തും സ്വന്തം വീട്ടിൽ സാധ്യമായ ഒരു ചിരിയെക്കുറിച്ച് പ്രിയ എ എസ്

Father’s Day: ഒരു കോവിഡ്ക്കാലച്ചിരി

ഒരു ദിവസം ഉച്ചയ്ക്ക് വീട്ടിലേയ്ക്ക്  ഞാന്‍ വരുന്ന നേരം. വീടിന്റെ കുറച്ചപ്പുറം മാറി  ഒരു ആധാരമെഴുത്തോഫീസുണ്ട്. അവിടുത്തെ ആധാരമെഴുത്തുകാരനപ്പൂപ്പന്‍, കൈ കാണിച്ച് എന്റെ വണ്ടി നിര്‍ത്തിച്ചു.

‘അച്ഛനോട് ഞാനിവിടെ ഉണ്ട്, ഇപ്പോള്‍ പോരേ ഇങ്ങോട്ടെന്നു പറഞ്ഞേക്ക്.’ സ്ഥലം വാങ്ങാനും വില്‍ക്കാനുമൊന്നുമില്ലാത്ത സ്ഥിതിക്ക് എന്താവും അച്ഛന്‍ കണ്ടുപിടിച്ചിരിക്കുന്ന കലാപരിപാടി എന്ന് ഒരൂഹവും ഇല്ലാതെ എങ്കിലും  ഞാന്‍ തലയാട്ടി. അവിടെ ഫോട്ടോസ്റ്റാറ്റ് മെഷീനുണ്ട്, വല്ല ആധാരത്തിന്റെയും കോപ്പി എടുത്തു വയ്ക്കാനാവും എന്നു ഞാന്‍ കരുതി.

Read More: Father’s Day: കുടയച്ഛന്‍, കല്‍ക്കണ്ടയച്ഛന്‍, ഓറഞ്ചല്ലിയച്ഛന്‍…

അച്ഛന് അങ്ങനിരിക്കുമ്പോള്‍, ഉണ്ടിരിക്കുന്ന നായര്‍ക്കൊരു ഉള്‍വിളി എന്ന പോലത്തെ ചില പരിപാടികളുണ്ട്. അതെനിക്ക് പരിചയമാണ്. ഇതു അങ്ങനെയുള്ള എന്തെങ്കിലുമാവാം എന്നു ഞാന്‍ കരുതി. ഏതായാലും വീട്ടില്‍ വന്നു കയറിയതും, മറന്നു പോകാതെ ഞാനമ്മയോട് കാര്യം പറഞ്ഞു.

എന്താണിന്നത്തെ അച്ഛന്റെ കലാപരിപാടി എന്നു പിന്നെ  ഞാന്‍ അമ്മയോട് തിരക്കുകയും ചെയ്തു. അപ്പോള്‍ കിട്ടിയ മറുപടി കേട്ട് ഞാന്‍ താടിക്കു കൈയും കൊടുത്തിരുന്നു പോയി. ‘അതേ, മരണശേഷം ഞങ്ങളുടെ ബോഡി, പഠനാവശ്യങ്ങള്‍ക്കായി മെഡിക്കല്‍ കോളേജിന് വിട്ടു കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടല്ലോ. അതൊന്ന് മുദ്രപ്പത്രത്തിലെഴുതി വയ്പ്പിക്കാം എന്നു തോന്നി ഇന്നങ്ങനെയിരിക്കുമ്പോഴച്ഛന്. ‘ആധാരമെഴുത്താഫീസിലെ അങ്ങേരോട് അച്ഛനീക്കാര്യം നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇന്നു വിളിച്ചപ്പോ, ഉച്ചയ്‌ക്കേ അങ്ങേരുണ്ടാവൂ എന്നു പറഞ്ഞു.’

priya a .s

ഇത് കുറേനാളായി വീട്ടില്‍ വിരിഞ്ഞു കിടക്കുന്ന ആശയമാണ്.   എപ്പോഴും രണ്ടാളും പറയുന്നതു കേള്‍ക്കാം.’മരിച്ചാല്‍ ഞങ്ങളുടെ ശരീരം മറവ് ചെയ്ത് ബുദ്ധിമുട്ടാനൊന്നും  നില്‍ക്കണ്ട. മെഡിക്കല്‍ സ്റ്റുഡന്റ്‌സിന് വിട്ടു  കൊടുത്താല്‍ മതി. കര്‍മ്മങ്ങളും ആരും ചെയ്യണ്ട. അതിലൊന്നും ഞങ്ങള്‍ക്ക് തീരെ വിശ്വാസമില്ല. മരിച്ചു കഴിഞ്ഞുള്ള കരയോഗച്ചെയ്തികളോട് തീരെ യോജിപ്പുമില്ല. ജീവിച്ചിരിക്കുമ്പോള്‍ നല്ലതു ചെയ്തു ജീവിക്കുക, ആ കര്‍മ്മത്തിലേ ഞങ്ങള്‍ക്ക് വിശ്വാസമുള്ളു.’

മക്കളുടെ വിശാസങ്ങളെ മാനിക്കുന്ന അച്ഛനുമമ്മയും, അവരുടെ വിശ്വാസങ്ങള്‍ പറയുമ്പോള്‍ തിരിച്ചു മക്കളും അത് മാനിക്കണമല്ലോ. ഞാനും അനിയനും എതിര്‍ത്തൊന്നും പറഞ്ഞില്ല. നിങ്ങളായി നിങ്ങളുടെ ഇഷ്ടങ്ങളായി എന്ന മട്ടില്‍ ഞങ്ങള്‍ നിന്നു. ഇടയ്ക്ക് ഞാന്‍ ചോദിച്ചു,  ‘ഇങ്ങനൊക്കെ പറഞ്ഞു വച്ചിട്ട് നിങ്ങള്‍ മരിച്ചു പോകും . നിങ്ങളിങ്ങനെയാണ് പറഞ്ഞേല്‍പ്പിച്ചിരിക്കുന്നതെന്ന് പറഞ്ഞാലൊന്നും ആളുകള്‍ വിശ്വസിക്കില്ല. നമ്മുടെ ബന്ധുക്കളൊക്കെ  ഞങ്ങളെ തിന്നാന്‍ വരും . മക്കള്‍ ചുമ്മാ വിപ്‌ളവം പറയുന്നെന്നു പഴി കേള്‍ക്കേണ്ടി വരും ഞങ്ങള്‍.’

ഏറ്റവും  അടുത്ത ബന്ധുക്കളായ  അനിയന്‍, അനിയത്തി എന്നിവരോടെല്ലാം ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഞങ്ങളിതു പറഞ്ഞതുമുതല്‍ അവരും ഇതേ വഴിയ്ക്കാണു ചിന്തിക്കുന്നതെന്നും അച്ഛനുമമ്മയും പറഞ്ഞപ്പോള്‍,  അപ്പോ ശരി, എന്നാലങ്ങനെ എന്നു തലകുലുക്കുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളു. അതിനിടയിലെപ്പോഴാണോ, മുദ്രപ്പത്രത്തിലെഴുതി വച്ചേക്കാം എന്ന ആശയം അച്ഛന്റെ തലയില്‍ ഉദിച്ചതെന്നറിയില്ല. ഒരു കാര്യം തലയിലുദിച്ചാല്‍പ്പിന്നെ അതു തന്നെയാവും വയസ്സായവരുടെ ചിന്ത. അതു നടക്കും വരെ അവരസ്വസ്ഥരായിരിക്കും. ഞങ്ങളുടെ വീട്ടില്‍ പ്രത്യേകിച്ചും.

മക്കളോടുള്ള സ്‌നേഹക്കൂടുതലുമാണിത്, മരിച്ചു കഴിഞ്ഞാല്‍ മക്കള്‍ ഒരു കാര്യത്തിനു വേണ്ടിപ്പോലും വട്ടം ചുറ്റേണ്ടിവരരുത്. എല്ലാം ഭദ്രമാക്കി വച്ചിട്ടു പോകാനാണ് രണ്ടാളുടെയും തീരുമാനം. അവരുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനായി കുളിച്ചീറനുടുത്തു വന്നിരുന്നാല്‍, ‘അല്ലെങ്കിലേ വയ്യാത്ത’ മകള്‍ക്ക് എന്തെങ്കിലും അധിക-വയ്യായ്ക വന്നാലോ! വയ്യായ്കയൊന്നുമില്ലെങ്കിലും മകനെയും അച്ഛന്‍ കുടക്കീഴെ നിര്‍ത്തി ബാധ്യതകളെല്ലാം സ്വയമേറ്റെടുത്താണ് വളര്‍ത്തിയിട്ടുള്ളത്. മക്കളെ ബുദ്ധിമുട്ടിക്കാതിരിക്കാനായി, പറ്റിയാല്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റും വാങ്ങിവച്ചേ മരിയ്ക്കൂ’ എന്നു ഞങ്ങള്‍ കളിയാക്കാറുണ്ട് അച്ഛനെ.

മുദ്രപ്പത്രമല്ല അതിനായൊരു പ്രത്യേക ഫോം, ഫോട്ടോയൊട്ടിച്ച് മക്കളുടെ ഒപ്പുസഹിതം തയ്യാറാക്കലാണ് വേണ്ടതെന്നു പറഞ്ഞു ആധാരമെഴുത്തപ്പൂപ്പന്‍. അദ്ദേഹത്തിന്റെ പണികളില്‍ പെട്ട കാര്യമല്ലെങ്കിലും അച്ഛനോടുള്ള പരിചയം വച്ച് അങ്ങനൊന്ന് തയ്യാറാക്കാം എന്ന് അങ്ങേരേറ്റു. അങ്ങനെ കുറേ ദിവസങ്ങള്‍, ആധാരമാഫീസും  ആ പ്രത്യേക ഫോം തയ്യാറാക്കലും  കളമശ്ശേരി ഗവൺമെന്റ് മെഡിക്കല്‍ കോളേജില്‍  അദേഹം വഴി എത്തിച്ചത് അറ്റസ്റ്റ് ചെയ്യിക്കലുമൊക്കെയായി തകൃതിയായി മുന്നോട്ടുപോയി.

ആ കടലാസ് ഭദ്രമായി അച്ഛന്റെ കാല്‍പ്പെട്ടിയിലായതോടെ അച്ഛന് ഒട്ടൊരു സമാധാനമായി. ആ പര്‍വ്വം അങ്ങനെ തീര്‍ന്നു എന്നു വിചാരിച്ചു ഞാനൊക്കെ. അതിനിടെയാണ് കഴിഞ്ഞ ഓണക്കാലത്ത് നാട്ടിലെ വീട്ടില്‍ താമസിയ്ക്കാന്‍ ഞങ്ങളെല്ലാവരും കൂടി വന്നതും  അടുക്കള വശത്ത് വെട്ടിയിട്ടിരുന്ന മാവിന്റെ കമ്പുണങ്ങിയത് മാറ്റാനായി  പണിക്ക് വന്നയാളെ സഹായിക്കാനായി ചെന്ന്, അച്ഛന്‍ ഒരു ചുള്ളിക്കമ്പിന്മേല്‍ പിടിച്ചു വലിച്ചതും മുറ്റത്തെ മണ്ണില്‍ മലര്‍ന്നിടിച്ചു വീണതും. നടുവതോടെ ചില്ലറ പ്രശ്‌നത്തിലായി. ഒടിവില്ലെങ്കിലും  ഒരു ചതവ് ഉണ്ടായി നട്ടെല്ലില്‍.

പ്രിയ എ എസ്, fathers day, fathers day 2019, happy fathers day, happy fathers day 2019, father's day, father's day 2019, happy father's day, happy father's day 2019, memories, priya as

 

പച്ചക്കറിവാങ്ങാനുള്ള  അച്ഛന്റെ പുറത്തേക്കു പോക്കൊക്കെ അതോടെ നിന്നു. വീട്ടിലിരിപ്പും പത്ര മാസിക വായനയുമായി  അച്ഛന് സമയം പോക്കാനാകെയുള്ള വഴികള്‍. എപ്പോ നാട്ടിലേക്കു വന്നാലും അച്ഛന്‍,  ആ കാല്‍പ്പെട്ടിയില്‍ നിന്ന് അച്ഛന്റെ വിലപ്പെട്ട രേഖകളായ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പെന്‍ഷന്‍ ബുക്ക്, ആധാരത്തിന്റെ കോപ്പി, ചെക്ക് ലീഫ്, വീട്ടുകരമടച്ച രസീത് എന്നിവ ഒരു ബാഗിലാക്കി മടിയില്‍ത്തന്നെ വയ്ക്കും. എന്തിനാ  അതും കെട്ടിപ്പിടിച്ചിരിക്കുന്നതെന്ന് ഞങ്ങളാരെങ്കിലും (മിക്കവാറും അത് ഞാനായിരിക്കും) ഒച്ച വെച്ചാല്‍ അത് കാല്‍ക്കീഴിലേക്ക് വച്ച്,  അച്ഛന്‍ കഴിയുന്നത്ര കാലൊതുക്കി വയ്ക്കും.

കാറിലെത്ര സ്ഥലമുണ്ടെങ്കിലും അത് പിന്‍സീറ്റിലേയ്ക്കു വയ്ക്കില്ല. ഞങ്ങളാരെങ്കിലും പിടിക്കാം എന്നു വച്ചാല്‍, അത് ഞങ്ങളുടെ ആരുടെയും കൈയില്‍ തരുന്ന പ്രശ്‌നവുമില്ല . ഞങ്ങളൊക്കെ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്ത് അത് നഷ്ടപ്പെടുത്താനാണ് വഴി എന്നാണ് അച്ഛന്റെ മട്ടും ഭാവും. കാറില്‍ കേറുമ്പോഴേ അനിയന്‍ ചോദിക്കും, ‘അച്ഛന്റെ തിരുവാഭരണപ്പെട്ടി എന്തിയേ?’ ഞങ്ങളത് കേട്ട് അടക്കിച്ചിരിക്കും, അച്ഛനത്  കേള്‍ക്കാത്തതുപോലിരിക്കും.

അങ്ങനെയങ്ങനെ അച്ഛന്റെ വിലപ്പെട്ട രേഖകളില്‍, മരണാനന്തര ശരീരത്തെക്കുറിച്ചുള്ള ആ കടലാസും ഇടം പിടിച്ചു. കഴിഞ്ഞ ക്രിസ്മസ് ഒഴിവിന് ഞങ്ങള്‍ നാട്ടില്‍ വന്നപ്പോഴത്തെ കാര്യമാണിനി. ഒരു ദിവസം രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ അമ്മ, ധൃതിയില്‍ കുളിക്കാന്‍ പോകുന്നു. എന്താ ഇത്ര രാവിലെ കുളിച്ചു സുന്ദരിയാവാന്‍ തീരുമാനിച്ചത് ആവോ എന്ന മട്ടില്‍ നില്‍ക്കുന്ന എന്നോട്, ‘ഇപ്പോ ഷാനിമോള്‍ ഉസ്മാന്‍ വരും, കുളിച്ചിട്ടു നില്‍ക്കാം എന്നു വിചാരിച്ചു’ എന്നു പറയുന്നു അമ്മ.

ഷാനിമോള്‍ക്ക്, അതും ഇലക്ഷന് കഴിഞ്ഞ സ്ഥിതിക്ക്   ഈ വീട്ടിലെന്താ കാര്യം എന്ന് ഒരു പിടിയും കിട്ടാതെ നില്‍ക്കുന്ന എന്നോട് അമ്മ കുളിമുറിയിലേക്ക് പോകുന്ന പോക്കില്‍ വിശദീകരിക്കുന്നു . ‘അവരെക്കൊണ്ടാ പേപ്പറില്‍ ഒപ്പിടീച്ചു വയ്പിക്കാം. കുറച്ചു കൂടി ‘authentic’ ആവുമല്ലോ അപ്പോ.’

‘എന്നാപ്പിന്നെ  അമ്മേടെ മകന്റെ കൂട്ടുജഡ്ജിമാരാരെങ്കിലും ഒപ്പിട്ടാല്‍പ്പോരേ’ എന്നു ചോദിച്ചു ഞാന്‍. ‘അതൊന്നും വേണ്ട ,ഇന്നലെ ഇവിടെ വന്ന  ആ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞു എം എല്‍എ അടുത്തെവിടെയോ പ്രോഗ്രാമിനു വരുന്നുണ്ടെന്ന്, അവരെ ഈ    വഴി കൂട്ടിക്കൊണ്ടു വരാം, ഒപ്പിടീക്കാം എന്ന്. എന്നാപ്പിന്നെ അതുമതി എന്നു വിചാരിച്ചു.’

എപ്പോഴാണ്  ആ  അയല്‍വാസി പാര്‍ട്ടി പ്രവര്‍ത്തകന്റെ മുന്നില്‍ ‘മരണാനന്തരശരീരം’ സംസാരവിഷയമായത് എന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. ഷാനിമോളെ കാണാന്‍ നേരം,  ഞാനിനി കുളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവാതെ ഞാന്‍ നിന്നു. എന്തോ അന്ന് എംഎല്‍എക്ക് വരാനായില്ല. പിന്നെ രണ്ടു ദിവസം   ആ പാര്‍ട്ടിപ്രവര്‍ത്തകനെ, അച്ഛന്‍ സ്വൈര്യം കൊടുക്കാതെ ഫോണ്‍വിളിയോട് ഫോണ്‍വിളിയായിരുന്നു. പിന്നെയും ഒരു ദിവസം, ഈ നേരത്തേ കുളിയും കാത്തുനില്‍ക്കലും ഒക്കെ സംഭവിച്ചുവെങ്കിലും അന്നും ഒന്നും നടന്നു കണ്ടില്ല. അപ്പോഴേക്ക് ഞങ്ങള്‍ക്ക് തിരിച്ചു പോകാറായി. തിരികെ എത്തിയപ്പോള്‍, ഈ വിഷയമങ്ങ് ഒതുങ്ങിയടങ്ങി ഇല്ലാതായി.

പിന്നൊരു ദിവസം രാത്രിയില്‍ പെട്ടെന്ന്  അമ്മ പറയുന്നു  ‘നാളെ രാവിലെ ഏഴുമണിയ്ക്ക് ചെല്ലാന്‍ നമ്മടെ  ബെന്നി ബെഹനാന്‍ പറഞ്ഞിട്ടുണ്ട്.’  ‘ആരോട് ?’എന്നു ഞാന്‍. ‘അച്ഛനോട് ‘എന്നമ്മ. ‘എന്തിന് ?’എന്നു ഞാന്‍. ‘ആ മൃതദേഹക്കടലാസ്സില്‍ ഒപ്പിടീക്കാന്‍’ എന്ന് അമ്മ. അടുത്താണ്  ചാലക്കുടി എം പി ബെന്നി ബെഹനാന്റെ വീട്.

‘എഴുതുന്ന പ്രിയയുടെ അച്ഛനാണ്’എന്നു പറഞ്ഞാല്‍ അങ്ങേര്‍ക്കച്ഛനെ അറിയാം. ഫോണില്‍ അപ്പോയന്റ്‌മെന്റ് വാങ്ങിയിട്ടിരിക്കുകയാണ് അച്ഛന്‍.  അവിടുത്തെ സ്‌റ്റെപ്പൊക്കെ കയറാന്‍ പറ്റുമോ അച്ഛന്, ഞാന്‍ കൂടെച്ചെല്ലണോ എന്ന് എനിക്ക് സംശയം. അപ്പോ അമ്മ പറയുന്നു, ‘ഇന്ന് രാവിലെ അച്ഛനവിടെ വരെ നടന്ന് ട്രയല്‍ എടുത്തായിരുന്നു, കുഴപ്പമില്ല.’ ട്രയലിന് കൂട്ടുനില്‍ക്കുന്ന തത്പരകക്ഷിയെയും നോക്കി ഞാന്‍ ഒരക്ഷരം ഉരിയാടാതെ നിന്നു. അമ്മ പിന്നെ പറഞ്ഞു -‘അച്ഛന് രണ്ടുമൂന്നു ദിവസമായി ഉറക്കം കിട്ടുന്നില്ല എന്നു പരാതി’ . നടുവിന്റെ വേദനയല്ല ആ  കടലസ്സില്‍ ഒപ്പിടാന്‍ പറ്റിയ ഒരാളെ കിട്ടാത്തതാണ് പ്രശ്‌നം പോലും.

പിറ്റേന്നു രാവിലെ കുളിച്ചു കുട്ടപ്പനായി അച്ഛനവിടെ പോയി വന്നു. ഒരുപാടാളുണ്ടായിരുന്നു എംപിയെ കാണാന്‍, അച്ഛനെ ആദ്യം തന്നെ വിളിച്ചു എന്നൊക്കെ സന്തോഷവാനായി വിസ്തരിച്ചു പോയിവന്നശേഷം അച്ഛന്‍. ആ മരണപത്രസംബന്ധിയായ കടലാസ് കൈയില്‍ വാങ്ങി, ‘ഞാനിങ്ങനെ ആദ്യമായാണ് ചെയ്യുന്നത്’ എന്നു പറഞ്ഞ്, എന്തിനു വേണ്ടിയാണ് അച്ഛന്‍ അവിടെ ചെന്നിരിിക്കുന്നതെന്ന്  എം പി, ചുറ്റും നിന്നവരോട് വിശദീകരിച്ചതൊക്കെ പറയുമ്പോള്‍, അച്ഛന്റെ സന്തോഷം ഒന്നു കാണേണ്ടതുതന്നെയായിരുന്നു.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍, ഞങ്ങള്‍  ഉപ്പു തൊട്ടു  സാനിറ്ററൈസറുമായി വീണ്ടും നാട്ടിലേക്കു  പോന്നു. പ്രത്യേകിച്ചു പറയേണ്ടല്ലോ, അച്ഛന്റെ മടിയില്‍ത്തന്നെ ഉണ്ടായിരുന്നു തിരുവാഭരണപ്പെട്ടി. തിരുവാഭരണപ്പെട്ടിയിലെ പെന്‍ഷന്‍ കടലാസ്സില്‍ ഒപ്പിട്ടു ഡ്രൈവറുടെ കൈയില്‍ അതേല്പിച്ച്  ട്രഷറിയില്‍ നിന്ന് ഇതിനകം  അച്ഛന്‍ പെന്‍ഷന്‍ വാങ്ങിച്ചു. രണ്ട് മാസത്തെ കുടിശ്ശിഖ വാങ്ങാനുണ്ടായിരുന്നു. ഇതിനിടയിലെങ്ങാന്‍ മരിച്ചു പോയാല്‍, മക്കള്‍ക്കു കിട്ടേണ്ടുന്ന ആ തുക  ‘കാലഹരണപ്പെട്ടു’ എന്ന വഴിയ്ക്ക് എഴുതിത്തള്ളപ്പെട്ടാലോ  എന്നാണ് അച്ഛന്റെ ആശങ്ക.

ഞാനിടക്ക്  ഒരു ചിരിയോടെ അമ്മയോട് ചോദിച്ചു ‘ഇതിനിടെ എങ്ങാന്‍ മരിച്ചു പോയാല്‍ ആ ‘ഡെഡ്‌ബോഡിക്കടലാസ്സു’കൊണ്ട് എന്തു പ്രയോജനം?  ഇപ്പോ   കോവിഡ്കാലത്തില് ആര്‍ക്കു വേണം ഡെഡ്‌ബോഡി?

‘ഇട്ടുതട്ടാന്‍ മാത്രം ഡെഡ്‌ബോഡി ആയി ഈ ലോകത്തില്, അല്ലേ,’ എന്ന് അമ്മ കണ്‍കോണുകൊണ്ട് ഒരു മറുചിരി ചിരിച്ചു.

Read more: പ്രിയ എ എസ് എഴുതിയ കുറിപ്പുകളും കഥകളും ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Body donation for medical education research