ശവ്വാലിൻ ചന്ദ്രിക മാനത്ത് പിറന്നിരിക്കുന്നു. തറാവീഹ് നിസ്കാരവും, അധികരിപ്പിച്ച ഖുർആൻ പാരായണവും ദിക്റുകളും സ്വലാത്തുകളും സക്കാത്തുമൊക്കെയായി ഭക്തിനിർഭരമായിരുന്ന ഒരു മാസത്തെ റമസാനിലെ നോമ്പിനുശേഷം ലോകമുസ്ലീങ്ങൾ ഈദുൽഫിതർ എന്ന ചെറിയപെരുന്നാൾ ആഘോഷിക്കുന്നു.
വിശേഷദിവസങ്ങൾ എന്നും, ഏവർക്കും ആഹ്ലാദകരമാണ്. പുതിയ കാലത്ത്, ആഘോഷങ്ങളുടെയും കൂടിചേരലിന്റെയും ചേരുവകളും നിറക്കൂട്ടുകളും ഏറെ മാറി, അവയുടെയെല്ലാം തനിമയും പൊലിമയും നഷ്ടപ്പെട്ടെന്ന് തോന്നാമെങ്കിലും, ഓരോ വിശേഷാവസരങ്ങളിലും സന്തോഷത്തിന്റെയും നന്മയുടെയും കതിരുകൾ തന്നെയാണ് മനസ്സിൽ വിരിയേണ്ടത്. ഓർമകളുടെ വീണ്ടെടുക്കലിനോടൊപ്പം, മറ്റുള്ള എല്ലാ ആവലാതികളും തിരക്കുകളും മാറ്റിവെച്ച്, ആവുന്നപോലെ പ്രസന്നമായി ഇത്തരം ദിവസങ്ങളെ വരവേൽക്കേണ്ടതുണ്ട്.
ശവ്വാൽമാസപ്പിറവിയോടെ വീടിനകത്തും പുറത്തും പെരുന്നാൾനിലാവ് പരക്കുന്നു. മനസ്സുകളിൽ ആമോദത്തിരികൾ തെളിയുന്നു.
നാളെ പെരുന്നാളാണെന്ന അറിയിപ്പുമായി പള്ളികളിൽ നിന്ന് തക്ബീറുകൾ ഉയർന്നുകേട്ടാൽ എക്കാലവും എന്റെയുള്ളിലേക്ക് ഓർമ്മകളുടെ നനവ് പടർത്തി ആദ്യമൊഴുകിയെത്തുന്നത് കഴിഞ്ഞുപോയൊരു പെൺകുട്ടിക്കാലമാണ്. അതിലേറ്റവും പ്രധാനം, പെരുന്നാൾരാവിലെ മൈലാഞ്ചിയിടലും.
പെരുന്നാൾ തലേന്ന്, അടുത്ത വീട്ടിലെ കൂട്ടുകാരിക്കൊപ്പം പരിസരത്തെ ഏതെങ്കിലും മാട്ടത്തോ, വേലിക്കലോ നിൽക്കുന്ന മൈലാഞ്ചിക്കൊമ്പു താഴ്ത്തി, ഇലകൾ ശേഖരിക്കും. ഏറെ അതൃപ്പത്തിൽ, പാവാടത്തലപ്പിൽ പൊട്ടിച്ചിട്ട തളിരിലകൾ അമ്മിമേൽ തന്നെ അരച്ചെടുക്കും. എത്ര ശ്രദ്ധിച്ചാലും, അരച്ചു കഴിയുമ്പോഴേക്കും ഉളളംകൈകളിൽ അവിടേം ഇവിടേമൊക്കെ പരന്നിരിക്കും മൈലാഞ്ചിച്ചുവപ്പ്. വാഴയിലക്കീറിലേക്ക് വടിച്ചെടുത്ത മൈലാഞ്ചിയും, ഒരു കുഞ്ഞുപാത്രത്തിൽ ഇത്തിരിവെള്ളവും ഈർക്കിലിതലപ്പും പൊട്ടിച്ച്‌വെച്ച് കാത്തിരിക്കും, റമസാനിലെ അവസാനനോമ്പും തുറക്കാൻ.
അന്നൊക്കെ (എനിക്കിന്നും) ആകെ അറിയാമായിരുന്നത് ഒരൊറ്റ ഡിസൈനാണ്. കൈവെള്ളകളിൽ പൂർണചന്ദ്രവട്ടവും ചുറ്റോറം പുള്ളിനക്ഷത്രങ്ങളും. വിരലുകളിൽ മൈലാഞ്ചിതൊപ്പിയണിയിക്കും. കൈകാൽനഖങ്ങൾ ചുവന്നു കിട്ടാനാണ് ഇടങ്ങേറ്. നല്ലോണം ചുവക്കാൻവേണ്ടി ഉറങ്ങാൻകിടക്കുന്നേരം ഒന്നൂടെയിടും. ചെറുനാരങ്ങനീരിൽ പഞ്ചസാര ചേർത്തിടയ്ക്കിടെ നനച്ചുകൊടുക്കുകയും ചെയ്യും. കിടക്കയിൽ മൈലാഞ്ചിക്കറയാവാതിരിക്കാൻ, അന്ന് കിടക്കാനായി ഉമ്മ കൈതോലപ്പായ വിരിച്ചിട്ടുതരും.
നേരം വെളുത്താൽ കണ്ണുംതിരുമ്മി മുറ്റത്തേക്ക് ഓടുന്നത് മൈലാഞ്ചിയിട്ടത് എന്തുമാത്രം ചോന്നു എന്നറിയാനാണ്, കൂട്ടുകാരിയുടെ കൈകളേക്കാളും കൂടുതൽ ചോന്നിട്ടുണ്ടാവണേ എന്ന ഉള്ളുരുക്കത്തോടെ. കുളി കഴിഞ്ഞാൽ, എണ്ണമയമുള്ള കൈവെള്ളകളിലെ മൈലാഞ്ചിക്ക് എത്ര നോക്കിയാലും മതിയാവാത്ത പോലൊരു ചേലുണ്ടാവും. പിന്നെയന്ന് മുതൽ കുറച്ചീസം, എനിക്ക് ചുറ്റും വല്ലാത്തൊരു മൈലാഞ്ചിമണം പടരും.
ഇന്നിപ്പോ കടകളിൽ ലഭിക്കുന്ന മൈലാഞ്ചി ട്യൂബാണ് അധികം പേരും ഉപയോഗിക്കുന്നത്. പാർലറുകളിലും മറ്റും മൈലാഞ്ചി ഡിസൈനർമാർ വരെയുണ്ട്. കൈവെള്ളകളിൽ എന്തെല്ലാം ഏതെല്ലാം ഡിസൈനുകൾ! എങ്കിലും, എന്തുകൊണ്ടോ മൈലാഞ്ചിയരച്ചിട്ട തനിമയുള്ളതും ലളിതവുമായ പഴയ ആ നാടൻ വരകൾക്കായിരുന്നു ഏറെ ചന്തമെന്ന് വെറുതെ തോന്നിപ്പോകാറുണ്ട്.
പെരുന്നാൾതലേന്ന് രാത്രി, പള്ളിയിൽ തക്ബീർ തുടങ്ങുന്നതോടെ ഫിത്ർ സക്കാത്തിന്റെ അവകാശികൾ വന്ന് തുടങ്ങും. റമസാനിലെ സക്കാത്തിനും, സദഖക്കും പുറമേ, ആരുമന്ന് പട്ടിണി കിടക്കരുതെന്ന ഉദ്ദേശത്തിൽ, വീട്ടിലെ ഒരംഗത്തിന് ഏകദേശം മൂന്ന് കിലോ അരിയെന്ന കണക്കിൽ പാവപ്പെട്ടവർക്ക്/ ഭക്ഷണത്തിന് വകയില്ലാത്തവർക്ക് കൊടുക്കുന്നതിനെയാണ് ഫിത്ർ സക്കാത്ത് എന്ന് പറയുന്നത്. പെരുന്നാൾ നിസ്കാരത്തിനു മുന്നേ അർഹതപ്പെട്ടവരുടെ വീട്ടിൽ എത്തിച്ചുകൊടുക്കുന്നതാണ് ഉത്തമം എന്ന് മനസ്സിലാക്കി, ഈയിടെ അധികം ആളുകളും അങ്ങനെ ചെയ്തു തുടങ്ങിയിരിക്കുന്നു.
ഓർമയുണ്ട്; അന്നൊക്കെ തലേന്ന് രാത്രി തന്നെ പെരുന്നാൾ വിഭവങ്ങളൊരുക്കാൻ തുടങ്ങുമായിരുന്നു ഉമ്മ. കുമ്പളങ്ങയിട്ട മോര് കറി, വറുത്തരച്ച കയ്പക്കക്കറി, ഇഞ്ചുംപുളി എന്നിവയാണ് തലേന്ന് ഒരുക്കിവെക്കുന്നത്. പാചകത്തിനും പെരുന്നാൾരാവിനും മാറ്റ് കൂട്ടാൻ, നാഷണലിന്റെ ടേപ്പ്റെക്കോർഡറിൽ വിളയിൽ ഫസീലയോ സിബില്ലയോ മൈലാഞ്ചിപ്പാട്ടിന്റെയും പെരുന്നാൾപാട്ടിന്റെയും ഇശലുകൾ പതിവിൽ കൂടുതൽ ശബ്ദത്തിൽ പാടും. പൂത്തിരീം ലാത്തിരീം മത്താപ്പും മൂളിപ്പൂവും മുറ്റത്ത് കത്തിത്തീരും.
പെരുന്നാൾദിവസം അതിരാവിലെ, പൊടി അയിനിയുടെ ഇലകളിൽ പൊതിഞ്ഞുകൊണ്ടുവന്ന പോത്തിറച്ചി വരട്ടുകയും, പയറുപ്പേരി ഉണ്ടാക്കുകയും, പപ്പടം വറുക്കുകയും, അയക്കൂറയോ ആവോലിയോ കറി വെക്കേം പൊരിക്കേം കൂടി ചെയ്‌താൽ പെരുന്നാൾ ഭക്ഷണം തയ്യാറായി. അന്നൊക്കെ ഇലകളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ അവസാനം, ചിലർ ഒരു കയിൽ ചോറ് ചെറുപഴം കൂട്ടിക്കുഴച്ച് കഴിച്ചിരുന്നതും ഓർക്കുന്നു. ഇന്നിപ്പോൾ മിക്ക വീടുകളിലും, ബിരിയാണിയും നെയ്ച്ചോറും ഒക്കെയാണ് പെരുന്നാൾവിഭവങ്ങൾ.
പക്ഷേ അന്നും ഇന്നും, വീട്ടിലുണ്ടാക്കുന്ന പെരുന്നാൾഭക്ഷണത്തിന്റെ പങ്ക്, മതഭേദമില്ലാതെ അയൽക്കാർക്കും കൂട്ടുകാർക്കും സ്നേഹത്തോടെ വിളമ്പാനാവുന്നു എന്നത് തന്നെയാണ് പെരുന്നാൾദിവസത്തിന്റെ ഏറ്റവും വലിയ സന്തോഷം. ആ സന്തോഷത്തിൽ ഇടങ്കോലിടാനും ഈ കെട്ട കാലത്ത് ആളുകളുണ്ടാവുമോ എന്ന ഭയമേറുന്നുണ്ട്, എല്ലാ മതക്കാരുമായ വിവേകശാലികളും സ്നേഹം നിറഞ്ഞവരുമായ മനുഷ്യരിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും.
എത്ര ഇല്ലായ്മകൾ ഉണ്ടെങ്കിലും, പെരുന്നാളായാൽ എല്ലാ വീടുകളിലും എല്ലാവരും പുത്തൻവസ്ത്രമെടുക്കുന്നു. ഇനി ധനികരാണെങ്കിൽ തന്നെയും, അന്നൊക്കെ വസ്ത്രമെടുക്കുന്നതിൽ മിതത്വം പാലിച്ചിരുന്നു എല്ലാവരും. കൊല്ലത്തിൽ നാലോ അഞ്ചോ വിശേഷദിവസങ്ങളിൽ മാത്രം അണിയാനുള്ളതായിരുന്നു പുത്തൻവസ്ത്രങ്ങൾ. അതു കൊണ്ട് തന്നെ, എണ്ണതേപ്പും കുളിയും കഴിഞാൽ പെരുന്നാൾ കോടി ഇടാനുള്ള പൂതി ഇന്നത്തേക്കാളും കൂടുതലായിരുന്നു.
അത്തറ് പൂശി, പുത്തൻ കുപ്പായമിട്ട് പെരുന്നാൾനിസ്കാരത്തിന് പോയ വീട്ടിലെ ആൺപ്രജകൾ തിരിച്ചെത്തിയാൽ, ഭക്ഷണം വിളമ്പും. എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചുകഴിഞ്ഞാൽ, മുറ്റത്തെ മാവിൻക്കൊമ്പിലോ, പേരക്കൊമ്പിലോ തൂക്കി, ഒന്നോ രണ്ടോ സെറ്റ് മാലപ്പടക്കം പൊട്ടിക്കും.
നാട്ടിലെ ഉത്സവത്തിന് വരാറുള്ളത് പോലെ, വിവിധനിറങ്ങളിലുള്ള കുപ്പിവളച്ചന്തവുമായി ചെട്ടിച്ചികളും, കൈരേഖയും ചീട്ടും മാറി മാറി നോക്കി, ഈണത്തിൽ ഭാഗ്യം പറയാൻ തത്തമ്മക്കൂടുമായി മലങ്കുറത്തിയും, സക്കാത്തിന്റെ അരിക്കും കാശിനുമായി നായാടികളും വീട്ട്മുറ്റത്തെത്തി. പെരുന്നാളിന്റെ സന്തോഷങ്ങളിലൊന്നായിരുന്നു ആ വിശേഷപ്പെട്ട അതിഥികളുടെ സന്ദർശനം. ഇന്നത് ചില പ്രദേശങ്ങളിൽ മാത്രമായൊതുങ്ങിയിരിക്കുന്നു.
ഭക്ഷണം കഴിഞ്ഞ് ഉച്ചയോടെതന്നെ ചുറ്റുവട്ടത്തുള്ള കൂട്ടക്കാരെ കാണാനിറങ്ങും. കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും പെരുന്നാൾ ആശംസകൾ അറിയിക്കും. വിശേഷങ്ങൾ പറഞ്ഞും, കൈകൊട്ടിപ്പാടിയും മുതിർന്നവർ ആഹ്ലാദം പങ്കിടുമ്പോൾ, ഉപ്പുംപക്ഷിയും ഗോട്ടിയും മേടാസും ഓലപ്പന്തും കളിച്ച്, കളികൾക്കിടയിൽ ഒരു നൂറുതവണ വെറുക്കെടുത്തും, വീണ്ടും ഇണങ്ങിയും തിമിർക്കുകയായിരിക്കും കുട്ടികൾ.
പിറ്റേ ദിവസത്തെ പെരുന്നാൾ ആഘോഷം ഉമ്മാടെ വീട്ടിലാണ്.
അവിടെ മൂത്തമ്മയും കുഞ്ഞിമ്മമാരും അവരുടെ മക്കളും ഒക്കെ എത്തീട്ടുണ്ടാകും. ഹാ, എന്ത് രസായിരുന്നു അന്നൊക്കെ! എന്തൊക്കെ കളികളായിരുന്നു കളിക്കാൻ! പുറത്തിറങ്ങിയാൽ, അയൽവീട്ടിലെ ഉമ്മമാരും അമ്മമാരും, ‘എത്ര നാളായി ന്റെ മോളെ കണ്ടിട്ട്’ എന്ന് പറഞ്ഞു സ്നേഹത്തോടെ ചേർത്തുനിർത്തുമ്പോൾ, എന്തെന്നില്ലാത്ത ആഹ്ലാദമറിയും. കിടക്കാൻ ഒന്നോ രണ്ടോ മുറികളും നടുത്തളവും മാത്രമുള്ള വീട്ടിൽ, ഒരു പരാതിയും ബുദ്ധിമുട്ടുമില്ലാതെ എല്ലാവരും കൂടെ പായവിരിച്ച് ഒരുമിച്ചുറങ്ങാൻ കിടക്കും. തിരി താഴ്ത്തിവെച്ച റാന്തൽവിളക്കിന്റെ മങ്ങിയവെളിച്ചത്തിൽ, രാവേറും വരെയും കഥകളും, കടങ്കഥകളും പറഞ്ഞു പറഞ്ഞു ഓരോരുത്തരായി ഉറക്കത്തിൽ ചേരും.
ഇന്നതൊന്നും ചിന്തിക്കാൻ പോലും പറ്റാതെയായി. എന്ത് വിശേഷദിവസമായാലും, ബന്ധുക്കളുടെ വീട്ടിൽ പോയി അന്തിയുറങ്ങാൻ മിക്കവർക്കും മടിയാണ്. കൂടിച്ചേരലുകൾ ഉണ്ടെങ്കിലും, ഓരോ വീട്ടിലും ആളാം വീതം ടാബും മൊബൈലും ഉള്ളത് കൊണ്ട്, ആ നേരങ്ങളിലും മൊബൈൽ സ്‌ക്രീനിൽ ചുണ്ണാമ്പു തേച്ചിരിക്കാനാണ് ഒരു കൂട്ടം ആളുകൾക്കെങ്കിലും ശ്രദ്ധയെന്നതും സങ്കടം തന്നെ.
എന്തുതന്നെയായാലും, വിശ്വാസത്തിനുമപ്പുറം റമസാൻ മാസം പുണ്യമായ മാസം തന്നെയാണ് എന്ന് തോന്നിപ്പോകുന്നു. നോമ്പ് നോൽക്കുന്നവന്, വിശക്കുന്നവന്റെ വിശപ്പറിയാൻ കഴിയുന്നതും, പീഡിതരുടെ വേദനകളറിയാനും അവരോട് ദയാവായ്പോടെ പെരുമാറാൻ കഴിയുന്നതും നല്ലത് തന്നെ. സഹജീവികളോടുള്ള കനിവും, സ്നേഹവും വർധിക്കുന്നു. നിർബന്ധമാക്കപ്പെട്ട സക്കാത്തിലൂടെ, ധനികരുടെ സമ്പത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവരിലും അനാഥരിലും എത്തുന്നു. പൊതുസമൂഹത്തിലും കുടുംബങ്ങൾക്കിടയിലും ഇഫ്താർ വിരുന്നുകൾ ഒരുക്കുന്നതിലൂടെ (അതിന്റെ ആഡംബരസ്വഭാവം ഇപ്പോൾ ഏറെ കൂടിയിട്ടെങ്കിൽ പോലും), സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും നേർത്തുപോകുന്ന ഇഴകൾ ദൃഢമാക്കാൻ കഴിയുന്നു.
ഭക്ഷണം ത്യജിച്ചും, ദുർവിചാരങ്ങളെ അകറ്റി നിർത്തിയും, റമസാനിൽ ആർജിച്ച ആത്മനിയന്ത്രണത്തിന്റെയും മിതത്വത്തിന്റെയും പാഠങ്ങൾ, ഇനിയങ്ങോട്ടുള്ള മാസങ്ങളിലും സമൂഹത്തിനും പ്രകൃതിക്കും ഗുണംചെയ്തെങ്കിൽ എന്നാശിച്ചുപോകുന്നു.
പള്ളിയിൽനിന്ന് തക്ബീർ കേട്ടുതുടങ്ങി. മഴയുടെ പതിഞ്ഞ താളത്തോടൊപ്പം, സ്നേഹോർദ്രമായൊരു നറുനിലാക്കാറ്റ് എന്നെ പൊതിയുന്നുണ്ട്.
ഇതാ, മറ്റൊരു പെരുന്നാൾ സുദിനം. ആഘോഷിക്കാം നമുക്കെല്ലാവർക്കും കൂടെ, ഈ പെരുന്നാൾ, ഒരേ മനസ്സോടെ.
ഏവർക്കും സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.