എസ്ബി കോളേജിൽ ഒന്നാം വർഷ പ്രീഡിഗ്രിക്ക് പഠിക്കാൻ തുടങ്ങിയ സമയത്താണ് ഞാൻ ആ മനുഷ്യനെക്കുറിച്ച് ആദ്യം കേൾക്കുന്നത്. ഉച്ച തിരിഞ്ഞ് ഒരു മൊരഞ്ഞ ചരിത്രക്ലാസ്സിലിരുന്ന് ഞങ്ങൾ കൂട്ടുകാരൊക്കെ ഉറക്കംതൂങ്ങി വീഴുന്ന സമയം. പെട്ടെന്ന് ഞങ്ങളുടെയെല്ലാം മയക്കവും ക്ഷീണവുമൊക്കെ പമ്പ കടന്നു. ഞങ്ങളെ പഠിപ്പിച്ച അധ്യാപകന്റെ മെച്ചം കൊണ്ടായിരുന്നില്ലത്. മറിച്ച് തൊട്ടടുത്ത ക്ലാസ്സിലെ സെക്കൻഡ് ലാംഗ്വേജ് അധ്യാപകന്റെ തകർപ്പൻ പെർഫോമൻസ് കൊണ്ടായിരുന്നത്. അയൽപക്കത്തെ ക്ലാസിൽ നിന്ന് മിനിറ്റിനു മിനിറ്റിനു പൊട്ടിച്ചിരി ബോംബുകൾ പൊട്ടുമ്പോൾ ഞങ്ങൾ എങ്ങനെയാണ് സമാധാനമായി കിടന്നുറങ്ങുക? ഒരു യുവ വൈദികനായിരുന്നു ഞങ്ങളുടെ ചരിത്ര അധ്യാപകൻ. പുള്ളിക്കാരൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തന്റെ വിദ്യാർത്ഥികളെ കൂർക്കംവലിയിൽ നിന്ന് ഉയർത്താൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് തൊട്ടടുത്ത ക്ലാസ്സ് എടുക്കാൻ വന്ന അധ്യാപകൻ അത് പുഷ്പംപോലെ സാധിച്ചത്. അടുത്ത ക്ലാസിലേക്ക് ഏന്തി വലിഞ്ഞു നോക്കിക്കൊണ്ടിരുന്ന ഞങ്ങളോട് ആ അച്ചൻ അന്ന് പറഞ്ഞു. “അത് സ്‌കറിയ സക്കറിയ സാറാണ്.” അസൂയയും അപകർഷതയും അവനവന്റെ കഴിവുകേടിനെക്കുറിച്ചുള്ള കുറ്റബോധവുമെല്ലാം കലർന്നു കിടപ്പുണ്ടായിരുന്നു അങ്ങേരുടെയാ പറച്ചിലിൽ. ഇത്തരം ചില അവസ്ഥകളിൽ പെട്ടു പോകുമ്പോഴാണ് കോംപ്ലക്സ് മൂത്ത് ചിലരൊക്കെ ചില കൊടുംകൈകളൊക്കെ ചെയ്തു പോകുന്നത്. മറ്റു പല പണികളും അറിയാമെങ്കിലും പഠിപ്പിക്കൽ എന്ന പരിപാടി സത്യത്തിലെന്താണെന്ന് അറിയാത്തവർ വാധ്യാർമാരാകുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധിക്കുഴിയിലാണ് ആ വൈദികനും അന്ന് വീണത്. പക്ഷേ അപ്പുറത്ത് ക്ലാസെടുത്ത ആ കറിയ ഒരു ഒന്നൊന്നരക്കറിയ ആണല്ലോ എന്ന് അന്ന് തോന്നിയ തോന്നൽ എനിക്ക് ഇന്നും മാറിയിട്ടില്ല.
അങ്ങനെ തോന്നിയിട്ടുള്ള അനേകായിരം വിദ്യാർത്ഥികളിൽ ഒരാളുടെ അനുഭവസാക്ഷ്യം പറയാം. അന്ന് സ്റ്റുഡന്റായി സ്കറിയ സാറിന്റെ ക്ലാസിലിരുന്ന സജി ജയിംസ് എന്ന പ്രീഡിഗ്രി വിദ്യാർത്ഥി ഇന്നൊരു പത്രാധിപരാണ്. പതിറ്റാണ്ടുകൾ മൂന്ന് പൊഴിഞ്ഞു പോയിട്ടും സ്കറിയാമൊഴികളുടെ പ്രഭാവം അദ്ദേഹത്തിന്റെ മനസ്സിൽ നിന്ന് ഇപ്പോഴും മായുന്നില്ല.
എസ്ബി കോളേജിലെ ഒരു യൂണിയൻ ഇലക്ഷൻ കാലം. സ്‌കറിയ സാറിന്റെ ജനറൽ ക്ലാസ്സ് നടക്കുന്നു. അനിൽകുമാർ എന്ന വിദ്യാർത്ഥിയുടെ ഇലക്ഷൻ പ്രചരണത്തിനായി ഇടതുപക്ഷ വിദ്യാർഥി സംഘടനയിൽ പെട്ട ചിലർ അവിടേയ്ക്ക് എത്തിച്ചേർന്നു. അന്നേ വരെയുള്ള ചരിത്രത്തിൽ എസ്ബിയിൽ ഇടതു വിദ്യാർഥി സംഘടനകൾ കാര്യമായ വിജയങ്ങളൊന്നും നേടിയിട്ടില്ലായിരുന്നു. ചരിത്രം തിരുത്തിക്കൊണ്ട് ആർട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനാർത്ഥിയായ അനിൽകുമാർ ജയിച്ചുകയറുമെന്ന് അത്തവണ എല്ലാവർക്കും തന്നെ ഉറപ്പായിരുന്നു. പല അധ്യാപകർക്കും അതിൽ വലിയ വിഷമവുമുണ്ടായിരുന്നു. വോട്ട് ചോദിച്ചു ചെന്ന അനിലിനോട് ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളോടും സംസാരിക്കാനാണ് സാർ ആവശ്യപ്പെട്ടത്. തീട്ടം തുടച്ച തുണി കോലിൽ കുത്തി ദൂരെയെറിയും പോലെ രാഷ്ട്രീയ പ്രവർത്തകരെ തങ്ങളുടെ ക്ളാസിന്റെ പരിസരത്തു നിന്നു പോലും പറപ്പിക്കുന്ന അധ്യാപകരെ കണ്ടു പരിചയിച്ച വിദ്യാർത്ഥി നേതാക്കളൊക്കെ അങ്ങേയറ്റം ജനാധിപത്യപരമായ ആ സമീപനം കണ്ട് അക്ഷരാർഥത്തിൽ അമ്പരന്നുപോയി.
പണ്ടു മുതലേ ആ കോളജിലെ അധ്യയനാന്തരീക്ഷം യാഥാസ്ഥിതികമായിരുന്നു എന്ന് കരുതുന്ന ഒരുപാട് പേരുണ്ട്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അത് വലിയ മാറ്റമൊന്നും കൂടാതെ തുടർന്നുകൊണ്ടേയിരിക്കുന്നു എന്നാണ് പലരുടെയും പക്ഷം. എംപി പോൾ മുതൽ ഐ ഇസ്‌താക്ക് വരെയുള്ള മഹാന്മാരായ അധ്യാപകർക്ക് പോലും, അയവില്ലാത്ത അധികാരികളുടെ കനിവില്ലാത്ത കടുംപിടുത്തങ്ങൾ നെഞ്ചുവേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ സ്വതന്ത്ര ചിന്തയുള്ള വിദ്യാർത്ഥികളുടെ കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ടതുണ്ടോ. പ്രാക്കുളം ഭാസിയുടെയും വരദരാജൻ നായരുടെയും കഥ മാത്രം മതിയാകുമത് മനസ്സിലാക്കാൻ. ഇന്ത്യൻ സ്വാതന്ത്ര്യ സമരം കത്തിനിൽക്കുന്ന കാലത്തെ കോളേജ് യൂണിയൻ സെക്രട്ടറിയും ചെയർമാനുമായിരുന്ന അവരെ കോളജിൽ നിന്ന് പറഞ്ഞുവിട്ടതെന്തിനെന്നറിയുമോ? സ്വാതന്ത്ര്യസമര സേനാനിയായ പട്ടാഭി സീതാരാമയ്യയെ കോളജിൽ അതിഥിയായി ക്ഷണിച്ചു എന്ന കുറ്റത്തിന്! സുഭാഷ് ചന്ദ്രബോസിന് എതിരെ ഗാന്ധിജി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നിർദ്ദേശിച്ച വ്യക്തിയായിരുന്നു മിതവാദിയായ പട്ടാഭി സീതാരാമയ്യ. പഞ്ചപാവമായ പട്ടാഭിയെ കൊണ്ടുവന്നിട്ട് സ്ഥിതി അതായിരുന്നെങ്കിൽ ഇത്തിരി വീര്യംകൂടിയ വല്ലവരെയും കൊണ്ടു വന്നിരുന്നെങ്കിൽ എന്താകുമായിരുന്നേനെ കഥ? ഇടദിവസം അതാണ് അവസ്ഥയെങ്കിൽ ചന്തദിവസത്തെ കളി ഊഹിക്കാമല്ലോ.
ഗാന്ധിയെ അന്തിക്രിസ്തു എന്ന് വിളിച്ചവരുണ്ടായിരുന്ന കാലത്ത് ഗാന്ധിപക്ഷക്കാരനെ ക്യാമ്പസിൽ കൊണ്ടുവന്നതിന് കുട്ടികൾക്ക് കൊലക്കയർ വാങ്ങിക്കൊടുക്കാതിരുന്നത് അധികാരികളുടെ അങ്ങേയറ്റത്തെ ഉദാരത കൊണ്ടാണെന്ന് കരുതുന്ന ന്യായീകരണത്തൊഴിലാളികൾ ഇന്നും ഉണ്ടാകാം എന്നതാണ് കൊടും കോമഡി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികം ചങ്ങനാശേരിയിൽ ആഘോഷിച്ചപ്പോൾ അതിൻറെ മുഖ്യവേദി എവിടെയായിരുന്നു എന്നറിയുന്നത് അതിലും തമാശയായിരിക്കും. ചരിത്രം ചിലപ്പോഴൊക്കെ ഉൾട്ടാ പുൾട്ടാ കളിക്കും. അപ്പോൾ വേതാളങ്ങളൊക്കെ വിക്രമാദിത്യൻമാരായി നടിക്കും. ചരിത്രകഥ തലകുത്തനെ മറിയുമ്പോൾ ചിലരുടെ ഉടുതുണികളും മേൽകീഴ് മറിയും. പക്ഷേ രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയരുത്. കടുത്ത രാജ്യദ്രോഹമാകുമത്. നിഷ്‌കളങ്കരായ കുട്ടികൾക്ക് അതു വല്ലതും പിടി കിട്ടുമോ. അവര് ചുമ്മാ വിളിച്ചു കൂവി അലമ്പുണ്ടാക്കും.
“അല്ലേലും ഈ പഠിക്കാൻ വരുന്ന പിള്ളേര് പഠിച്ചാൽ പോരെ. കൂവാനും കാറാനും കലാപമുണ്ടാക്കാനുമാന്നോ കഷ്ടപ്പെട്ട് കാശുമുടക്കി കോളേജിലേക്ക് കുട്ടികളെ കൊണ്ടു വിടുന്നത്. പത്തു പൈസ കൊടുക്കാതെ പണം ഇങ്ങോട്ട് വാങ്ങി പഠിക്കുന്ന ചിലതുങ്ങളുണ്ട്. അതുങ്ങളിൽ പലർക്കുമാണ് കൂടുതൽ സൂക്കേട്.” ഇങ്ങനെയൊക്കെ പറയുന്ന ആൾക്കാർ ഇപ്പോഴും എല്ലായിടത്തുമുണ്ട്. കെട്ട്കെട്ടായി കാശെണ്ണിക്കൊടുത്തതിന്റെയും “കുടുംബത്ത്” പിറന്നതിന്റെയും മതജാതി കൊണങ്ങളുടെയുമൊക്കെ പച്ചയിൽ മാത്രം പണിക്കു കയറിയ പലരും ഇങ്ങനെയൊക്കെ പച്ചക്ക് പറയുന്നത് കേൾക്കുമ്പോൾ ചിരി വരുമെന്നുമാത്രം. പിന്നെ ഇച്ചിരി ഫീലിംഗ് പുച്ഛവും. വിദ്യാർഥികൾക്ക് അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്ന പുരോഗമന വാദികളാണ് തങ്ങളെന്നായിരിക്കുമല്ലോ അവരിൽ പലരും സ്വയം വിലയിരുത്തുക. ഹിറ്റ്ലറും മുസ്സോളിനിയും ഈദി അമീനുമൊക്കെ തങ്ങൾ വലിയ ഹ്യൂമനിസ്റ്റുകൾ ആണെന്നായിരിക്കാം ചിലപ്പോൾ വിചാരിച്ചിരുന്നിരിക്കുക. ആണ്ടി വല്യ അടിക്കാരനാണെന്ന് ആണ്ടി മാത്രമല്ലേ പറയൂ.
അതെന്തെങ്കിലുമാകട്ടെ. അധികാരത്തിന്റെ നെടുംകോട്ടയിൽ സ്വാതന്ത്ര്യത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ട സ്കറിയ സക്കറിയ അന്ന് ശിഷ്യരെ വീണ്ടും ഞെട്ടിച്ചു. ആർട്ടിസ്റ്റായ അനിൽകുമാർ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു അന്ന് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുടെ പ്രചരണം. സ്കറിയ സാർ അതിലൊന്നിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു. “ആരുടെ ചിത്രമാണത്?”
അല്പം സംശയത്തോടെ ആരോ ഒരാൾ “ചെഗുവേര” എന്ന് മറുപടി പറഞ്ഞു.
ഇന്നത്തെപ്പോലെ ചെഗുവേര ഒരു കുടിൽ വ്യവസായമായോ ടീഷർട്ട് ഐക്കൺ ആയോ മാറിയിരുന്നില്ല അന്ന്. (മുന്നറിയിപ്പ് സിനിമയിൽ മിനോൺ എന്ന ബാലതാരം ചെഗുവേരയുടെ പടം കണ്ടു പറയുന്ന കമൻറ് ഓർമ്മവരുന്നു. “ഇത് ക്യൂബേലെ വല്യ ഡിവൈഎഫ്ഐക്കാരനാ” ഉണ്ണി ആറിന്റെ സെന്‍സ് ഓഫ് ഹ്യൂമറിന് സല്യൂട്ട്) ഇടതുപക്ഷക്കാർക്കിടയിൽ പോലും അന്നൊരു പോപ്പുലർ ഇമേജ് അല്ലായിരുന്ന സഖാവ് ചെഗുവേരയെക്കുറിച്ചായിരുന്നു പിന്നീട് സ്‌കറിയാ സാറിന്റെ ക്ലാസ്സ്.
അതിനിടയ്ക്ക് വന്നു അടുത്ത ചോദ്യം “കേരളത്തിൽ സഖാവ് എന്ന വാക്ക് ആദ്യമായി പ്രചാരത്തിലാക്കിയത് ആരാണെന്നറിയാമോ?” വിദ്യാർത്ഥി സഖാക്കളടക്കം മൗനത്തിന്റെ മണലിൽ ഒട്ടകപ്പക്ഷികളെപ്പോലെ മുഖം പൂഴ്ത്തി. ഒടുവിൽ ചോദ്യകർത്താവ് തന്നെ ഉത്തരവും പറഞ്ഞു. “സഹോദരൻ അയ്യപ്പൻ.”
സഖാവിൽ നിന്നു സഹോദരനിലേക്കും അതിൽ നിന്നു സാഹോദര്യത്തിലേക്കും സകല വിഭാഗങ്ങളിലുമുണ്ടായ നവോത്ഥാനത്തിലേക്കും അത്തരമൊരുണർച്ചയിൽ മിഷണറിമാരും അച്ചടിശാലകളും രാഷ്ട്രീയ-സാമുദായിക പ്രസ്ഥാനങ്ങളുമൊക്കെ വഹിച്ച വിപ്ലവകരമായ പങ്കിലേക്കുമൊക്കെ ആ പ്രഭാഷണം കത്തിപ്പടർന്നു. ചെറിയ കട എന്നു കരുതി അകത്തേക്ക് കയറിയപ്പോൾ അയ്യപ്പാസിന്റെ അതിവിശാലമായ ഷോറൂം കണ്ട കോട്ടയംകാരെപ്പോലെ സ്‌കറിയ സാറിനെ വേണ്ടതുപോലെ പിടിയില്ലായിരുന്ന പലരുമന്ന് അന്തം വിട്ടു നിന്നു. അന്നത്തെ അറിവിന്‍റെ അയ്യപ്പാസ് ഇന്ന് അതിഭയങ്കരൻ ലുലു മാളായി വളർന്നു പടർന്നെന്നു മാത്രം.
ആവശ്യം വന്നാൽ പ്രകാശ് കാരാട്ടിനോട് പ്രത്യയശാസ്ത്രത്തെക്കുറിച്ചും പൗവ്വത്തിൽ പിതാവിനോട് പൗരോഹിത്യത്തെക്കുറിച്ചുമൊക്കെ ഒരേസമയം പറഞ്ഞു നിൽക്കാനും പ്രയോഗത്തിൽ പിഴയ്ക്കുന്നത് എവിടെയെന്നു പറഞ്ഞു കൊടുക്കാനുമുള്ള പിടിപാട് ആ മനുഷ്യനുണ്ട്. അവയിൽ മാത്രമല്ല ഒരു മാതിരിപ്പെട്ട വിഷയങ്ങളിലൊക്കെയും. വിവരം മാത്രമല്ല അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അത് മനുഷ്യർക്ക് മനസ്സിലാകുന്ന ഭാഷയിൽ വെടിപ്പായി വിടർത്തി വെക്കാനുള്ള വൈഭവം കൂടിയാണ്.
ക്ലാസ് മുറിയിലെ ശിഷ്യരെയെന്നപോലെ കമല സുരയ്യയെപ്പോലുള്ള വലിയ എഴുത്തുകാരികളെ പോലും തന്റെ വാക്കുകൾ കൊണ്ട് വിസ്മയിപ്പിച്ച പ്രിയപ്പെട്ട അധ്യാപകനെപ്പറ്റി സജി ജയിംസിനെപ്പോലെ എത്രയോ പേർക്ക് പറയാനുണ്ടാവും. പൊളപ്പൻ തമാശകളും പൊളിച്ചടുക്കുന്ന ചരിത്രബോധവുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സുകളുടെ മുഖമുദ്ര. ക്രിസ്ത്യൻ കുടുംബ ചരിത്രങ്ങൾ പലതും നമ്പൂതിരി പാരമ്പര്യത്തിൽ കൊണ്ടുചെന്നു കെട്ടുന്നതിനെക്കുറിച്ചുള്ള ഒരു സ്കറിയാഫലിതം ഇങ്ങനെയായിരുന്നു. “അന്ന് കേരളത്തിലുണ്ടായിരുന്ന മൊത്തം നമ്പൂതിരിമാരുടെയും ബീജം ശേഖരിച്ച് റബ്ബറിന് തുരിശ് അടിക്കുന്നതു പോലെ ഹെലികോപ്റ്ററിൽ കൊണ്ടുപോയി തളിച്ചാൽ പോലും കുടുംബ ചരിത്രങ്ങളിൽ പറയുന്ന അത്രയും നമ്പൂരിക്ക്രിസ്ത്യാനികൾ ഉണ്ടാകില്ല.”
എസ്ബിയിലെ പ്രസിദ്ധമായ ഷെപ്പേർഡ് അനുസ്മരണത്തിന് മാതൃഭാഷയിലെ ഒഴുക്കോടെ ഇംഗ്ലീഷിൽ പ്രഭാഷണം നടത്തിയ സ്‌കറിയ സാറിനെക്കുറിച്ച് പറഞ്ഞുതന്നത് അദ്ദേഹത്തിന്റെ ശിഷ്യനും കുടുംബസുഹൃത്തും പിന്നീട് സഹപ്രവർത്തകനുമായ പ്രൊഫസർ ജോസി ജോസഫ് ആണ്. സ്‌കറിയ സക്കറിയയെ തൊണ്ണൂറുകൾക്ക് മുൻപും തൊണ്ണൂറുകൾക്ക് പിൻപും എന്ന് വേർതിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പുതിയ അറിവൊഴുക്കുകളിൽ ജ്ഞാനസ്നാനപ്പെട്ടു സ്വയം പുതുക്കിത്തുടങ്ങിയ സ്‌കറിയ സക്കറിയ എസ്ബിയിൽ നിന്ന് കാലടി സർവകലാശാലയിലേക്ക് ചുവട് മാറിയതും തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. സാംസ്കാരിക കേരളം ആ തീരുമാനത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. എസ്ബിയിൽ തുടർന്നിരുന്നെങ്കിൽ സുനിൽ പി ഇളയിടവും എൻ അജയകുമാറുമൊക്കെ അടങ്ങുന്ന “സ്‌കറിയ സ്കൂൾ ഓഫ് തോട്ട് ” ഒരു പക്ഷേ രൂപീകരിക്കപ്പെടില്ലായിരുന്നു. സ്‌കറിയ സാറിനെക്കുറിച്ചുള്ള ഈ പറച്ചിലിനു തന്നെ വഴിമരുന്നിട്ടത് മേല്പറഞ്ഞ രണ്ടു തകർപ്പൻ അധ്യാപകർ ചേർന്ന് എഡിറ്റ് ചെയ്ത് പുറത്തിറക്കിയ ഒരു പുസ്തകമാണ്. രണ്ടു വാല്യങ്ങളിലായി എസ് പി സി എസ് പ്രസിദ്ധീകരിച്ച മലയാള വഴികൾ എന്ന വമ്പൻ പുസ്തകം.
ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്ന് ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം കണ്ടെത്തിയതു മുതൽ പഴയ മലയാളി ജൂതരുടെ പാട്ടുകൾ സമാഹരിച്ചത് വരെയുള്ള സംസ്കാരസംബന്ധിയായ സ്‌കറിയാസംഭാവനകളെക്കുറിച്ചു വേണമെങ്കിൽ അനേകം ഗ്രന്ഥങ്ങൾ എഴുതാം. സുമി ജോയ് ഓലിയപ്പുറത്തെയും അജു കെ നാരായണനെയും ജയ സുകുമാരനെയും ഷംഷാദ് ഹുസൈനെയും എകെ അപ്പുക്കുട്ടനെയും കെആർ സജിതയെയും പോലെ എത്രയോ സമർഥരായ ഗവേഷകരെ വാർത്തെടുത്ത സാറിന്റെ പ്രവർത്തനങ്ങൾക്ക് സഹപ്രവർത്തകരും ശിഷ്യരും ചേർന്ന് നടത്തിയ ഒരു ചരിത്രപരമായ നന്ദി പ്രകടനമായി വേണം ഈ സമാഹരണസംരംഭത്തെ കാണാൻ. ഇത്തരമൊരു യത്നമില്ലായിരുന്നെങ്കിൽ വിലപ്പെട്ട പല എഴുത്തുകളും എവിടെയെന്നറിയാതെ കാലക്രമത്തിൽ മറഞ്ഞുപോകുമായിരുന്നു. സ്‌കറിയാ സക്കറിയയുടെ പ്രധാനപ്പെട്ട ലേഖനങ്ങളൊക്കെത്തന്നെ ഉൾക്കൊള്ളുന്ന ഈ ബൃഹദ് സമാഹാരത്തിന്റെ പ്രസക്തി അത്രത്തോളം വലുതാണ്. മലയാളപഠനം, പൈതൃകം/ ജനസംസ്‌കാരം, സാഹിത്യം, സംസ്‌കാരപഠനം, മതം എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ലേഖനങ്ങൾക്ക് മുന്നോടിയായി ജോസഫ് സ്കറിയ, അജു കെ നാരായണൻ, പി ആൻറണി, കെവി ശശി, ബാബു ചെറിയാൻ എന്നിവർ തയ്യാറാക്കിയ ആമുഖ പഠനങ്ങളുമുണ്ട്. 1200ൽ പരം പേജുകളിൽ പരന്നു കിടക്കുന്ന ഗ്രന്ഥത്തിലെ അറിവ് വഴികൾ ഏതൊക്കെ നവ്യാനുഭവങ്ങളിലേക്കും അജ്ഞാതമായിരുന്ന ജ്ഞാനഭൂഖണ്ഡങ്ങളിലേക്കുമാണ് വായനക്കാരെ നയിക്കുകയെന്നു വിശദീകരിക്കാനുള്ള ത്രാണി എന്റെ വാക്കുകൾക്കില്ല. ഒന്നു മാത്രം പറയാം. കൊറോണക്കാലത്ത് എല്ലാ മലയാളികളെയും പോലെ വീട്ടിനുള്ളിൽ പെട്ടുപോയ എനിക്ക് മലയാള വഴികൾ ഒരു വിമോചനൗഷധമായിരുന്നു. വിമോചകമായ വിജ്ഞാനത്തിന്റെ ജനാധിപത്യപരമായ തിരച്ചിൽ വഴികളാൽ അധികാര പദവികളെ റദ്ദാക്കുകയും അന്തിമവിധികല്‌പനകളെ അപ്രസക്തമാക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള വലിയ ബോധ്യങ്ങളാണ് അതിന്റെ പാരായണം പ്രദാനം ചെയ്തത്. ഇനി ജീവിതകാലം മുഴുവൻ എനിക്ക് കൂട്ടായിട്ടുണ്ടാകും പെരിയ വെളിച്ചങ്ങളുടെ, വലിയ തുറവികളുടെ, ആ വെളിപാട് പുസ്തകം. പുത്തൻ പുതുമയുടെ ആ മാനിഫെസ്റ്റോ ചേർത്തുകെട്ടാൻ ചത്തു കിടന്നു പണിയെടുത്ത സുനിൽ മാഷിനും അജയൻ മാഷിനും മറ്റു പ്രവർത്തകർക്കും കെട്ടിപ്പിടിച്ചുമ്മ.
പുറമേക്ക് ലെനിനും പൂജാമുറിയിൽ പൂന്താനവുമാകുന്ന ചിലരെക്കുറിച്ചു കെജിഎസ് കവിതയിൽ പറഞ്ഞിട്ടുണ്ട്. അതു പോലെ മറ്റു ചിലരുണ്ട്. പുറമേക്ക് ഒടുക്കത്തെ സ്വാതന്ത്ര്യവാദികളും അകമേയ്ക്ക് അങ്ങേയറ്റം സങ്കുചിതമനസ്കരുമായവർ. പൊതുവേദികളിൽ പുരോഗമനവും ക്ലാസുമുറികളിൽ പള്ളിസദാചാരവും തട്ടി മൂളിക്കുന്നവർ. പാദം നക്കിയതിന്റെ പേരിൽ പണിയും പദവിയും തന്നവരോട് മാത്രമല്ലല്ലോ മനുഷ്യരെന്ന നിലയിൽ നാം കടപ്പെട്ടിരിക്കേണ്ടത്. അതുകൊണ്ട് മലയാളത്തോട് താല്പര്യമുള്ളവരും മനുഷ്യപ്പറ്റുള്ളവരുമൊക്കെ ‘മലയാള വഴികൾ’ ഒന്ന് വായിക്കുന്നത് നല്ലതാണ്. മനസ്സിനു വയസ്സാകുന്നതിന് ചില മറുമരുന്നുകളൊക്കെയുണ്ടെന്ന് അപ്പോൾ മനസ്സിലാകും.
സ്‌കറിയാ സാറിന് എത്ര വയസ്സായി എന്നാകും ചിലര്‍ക്കപ്പോൾ സംശയം. പുള്ളിക്കാരനെക്കുറിച്ചാകുമ്പോൾ “How Old Are You?” എന്ന ചോദ്യത്തെക്കാൾ ഉചിതമാവുക “How Young is He!” എന്ന വിസ്മയവാചകമാകും. ഈ പ്രായത്തിലും കനത്ത ജോലിയിലാണെന്നേ കക്ഷി. റൂട്ട്ലെഡ്‌ജിന് വേണ്ടി മലയാള വിമർശന മാതൃകകളുടെ ഒരു പെരുത്ത സമാഹാരം തയ്യാറാക്കുന്ന തിരക്കിലാണദ്ദേഹം. ഉണ്ണായി വാരിയർക്ക് തെറ്റി. “വാർദ്ധക്യം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം.”
എന്നാത്തിനാ ഉത്തിഷ്ഠത? എന്തോന്നിനാജാഗ്രത?
“പ്രാപ്യവരാൻ നിബോധത” എന്നൊക്കെ പറയാനെളുപ്പമാണെന്നേ. പ്രയോഗത്തിൽ വല്യ പാടാ.
സ്‌കറിയാ സാറേ സലാം.
“പുതുചിന്തയും പുതുപ്രവർത്തനവും പുതു പ്രവണതകളും ഉണ്ടാക്കുന്നത് പ്രശ്നവത്കരണത്തിലൂടെയാണ്. ഗതകാലത്തിന്റെ ആശയങ്ങളും അനുഭവങ്ങളും ശീലങ്ങളും പരിഗണിച്ചാൽ പോരാ പ്രശ്നവത്കരണത്തിന്. സിദ്ധമായ ലോകത്തിൽ നിന്ന് സാധ്യമായ ലോകത്തിലേക്കുള്ള കുതിപ്പാണ് പ്രശ്നവത്‌കരണം. നിലവിലുള്ള ധാരണകളെ അപഗൂഢവത്‌കരിക്കുകയും പുരാണപരമായ അറിവുകളുടെ വള്ളിക്കെട്ടിൽ നിന്ന് മോചിപ്പിക്കുകയും ആണ് പ്രശ്നവത്കരണത്തിന്റെ രീതിശാസ്ത്രം. ചോദ്യം ചെയ്യാനും വിമർശിക്കാനും ഭാവനാപൂർവ്വം പുതുമകൾ സൃഷ്ടിക്കാനും പ്രശ്നവത്കരണത്തിലൂടെ കഴിയണം. സ്ത്രൈണത, ദൈവികത, പൗരുഷം രാജ്യസ്നേഹം, ഭക്തി തുടങ്ങിയവയെല്ലാം ഇങ്ങനെ വിമർശനാത്മകമായി പുനരവതരിപ്പിക്കാൻ കഴിയണമെങ്കിൽ പുത്തൻ ആശയാവലികളും പുതുസങ്കല്പങ്ങളും കൂടിയേ തീരൂ.”