scorecardresearch
Latest News

കാതൽ ഞരമ്പ്

‘പ്രത്യേകിച്ചൊരു കാരണവുമില്ലാതെ എപ്പോഴൊക്കെയോ ഓർമ്മകളുടെ അലമാരത്തട്ടുകളിൽ കയറിയിരുന്ന പല പാട്ടുവരികളും ഇറങ്ങിപ്പോകാതെ അവിടെത്തന്നെ അടയിരിക്കുന്നത് എന്തു കൊണ്ടാകാം?’ ഈയാഴ്ചത്തെ ‘ചന്ദ്രപക്ഷം’ പംക്തിയില്‍ ബിപിന്‍ ചന്ദ്രന്റെ അന്വേഷണം

bipin chandran, ബിപിന്‍ ചന്ദ്രന്‍, Tamil Movies Songs, തമിഴ് സിനിമാ ഗാനങ്ങൾ, Chandrpaksham, ചന്ദ്രപക്ഷം, ie malayalam,ഐഇ മലയാളം

‘കല്യാണം താൻ കട്ടിക്കിട്ട് ഓടി പോലാമാ? ഇല്ലൈ ഓടിപ്പോയി കല്യാണം താൻ കട്ടിക്കലാമാ? താലിയെ താൻ കട്ടിക്കിട്ട് പെത്തുക്കലാമ? ഇല്ലൈ പുള്ളക്കുട്ടി പെത്തുക്കിട്ടു കട്ടിക്കലാമാ?’

കച്ചവടപ്പടത്തിലെ പാട്ടായതു കൊണ്ട് പലർക്കും എളുപ്പം നിസ്സാരവൽക്കരിക്കാൻ പറ്റുന്ന ചില ചോദ്യങ്ങളാണവ. ജാതി-മത കോലാഹലങ്ങളും ഹയറാർക്കി സംബന്ധമായ നൂറ്റമ്പത് വള്ളിക്കെട്ട് കേസുകളും ചുറ്റുപിണഞ്ഞൊരു സമൂഹത്തിൽ പ്രേമവും പരിണയവും പുരുഷനും പൊണ്ടാട്ടിയും പുള്ളക്കുട്ടി പ്രാരാബ്ധങ്ങളുമൊക്കെ പെരിയ പ്രശ്നങ്ങൾ തന്നെ. പുച്ഛിക്കുന്നതിനു മുന്നേ ഓടിപ്പോക്കു മുതൽ ഓണർ കില്ലിംഗ് വരെയുള്ള കാര്യങ്ങൾ ഒന്ന് ഓർത്തു നോക്കണം. ഓടുന്നവന്റെ ദണ്ണം ഏട്ടിലെ പശുവിനെ പരിപാലിക്കുന്നവർക്ക് പിടി കിട്ടണമെന്നില്ല. ‘ഞാൻ സ്റ്റീവ് ലോപ്പസ്’ സിനിമയിലെ പ്രമോഷൻ പാട്ടിനിടെ ചോദിക്കുന്നത് പോലെ ‘പയലുകള് പേടിച്ചിട്ടല്ലേ അണ്ണാ ഓടണത്? അവത്തുങ്ങളെ എന്തിനണ്ണാ ഓട്ടിച്ചിട്ടു പേടിപ്പിക്കണത്?’

കാല് വെന്ത പട്ടിയെപ്പോലെ ഓടുന്ന പാവം പിടിച്ചവർക്ക് ഇച്ചിരി നേരം ചൂടാൻ കിട്ടുന്നൊരു തണലിന്റെ തോന്നലാണ് പലപ്പോഴും പാട്ടും പടവുമൊക്കെ. അതൊരു മായാനിഴലാണെന്നൊക്കെ പറഞ്ഞ് പ്രബോധിപ്പിക്കാൻ നോക്കിയാലും പൊതുജനം കൊട്ടകയിൽ ചെന്ന് പണംവാരിപ്പടത്തിനും പെടപ്പൻ പാട്ടിനും പൊക്കിള് കാട്ടുന്ന ഡാൻസിനും കൈയ്യടിക്കും. പ്രത്യയശാസ്ത്രത്തിന്റെ കണ്ണട വച്ച്‌ കാഴ്ചയിലെയും കേൾവിയിലെയും വിരുദ്ധതകൾ അരിച്ചെടുക്കാൻ മെനക്കെടുന്നവർ മണ്ടന്മാരാണെന്നൊന്നും സ്ഥാപിക്കാനല്ല ശ്രമിക്കുന്നത് കേട്ടോ. ഭൂരിപക്ഷം തെരഞ്ഞെടുക്കുന്ന എന്തും ഒരു നിശ്ചിത കാലത്തിലും സമയത്തിലും നിലനിൽക്കുന്നത് അതിന് എന്തെങ്കിലുമൊരു സാമൂഹ്യ ധർമ്മം നിർവഹിക്കാനുള്ളത് കൊണ്ടാകും. അതിന്റെ കാരണങ്ങൾ തിരുത്തപ്പെടാത്ത സാഹചര്യത്തിൽ കാര്യം മാത്രം കറക്റ്റ് ചെയ്യാൻ തുനിയുന്നതാണ് പല പുസ്തക ബുദ്ധിജീവികൾക്കും പ്രത്യയശാസ്ത്രക്കടുംവെട്ടുകൾക്കും പിണയുന്ന പ്രശ്നം. എം ഡി ആറിന്റെ കീർത്തനം മാത്രമല്ല ഡപ്പാംകൂത്ത് പാട്ടിനും ചില ധർമ്മങ്ങൾ നിര്‍വ്വഹിക്കാനുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. രണ്ടിനെയും സാധ്യമാക്കുകയും സാധുവാക്കുകയും ചെയ്യുന്ന കാരണങ്ങൾ എന്തെന്ന് വിശകലനം ചെയ്യാനും വിശദീകരിക്കാനും വ്യാഖ്യാനിക്കാനുമുള്ള ഉത്തരവാദിത്വം സംസ്കാര പഠിതാക്കൾ ഏറ്റെടുക്കേണ്ടതുമുണ്ട്.

അത്തരം സംസ്കാര നോട്ടങ്ങളുടെയും വായനകളുടെയുമൊന്നും ഭാഗമായല്ല തമിഴ് സിനിമാപ്പാട്ടുകൾ മനസ്സിൽ പതിഞ്ഞു തുടങ്ങിയത്. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ എപ്പോഴൊക്കെയോ ഓർമ്മകളുടെ അലമാരത്തട്ടുകളിൽ കയറിയിരുന്ന പല പാട്ടുവരികളും ഇറങ്ങിപ്പോകാതെ അവിടെത്തന്നെ അടയിരിക്കുന്നത് എന്തു കൊണ്ടാകാം. ആ വരികൾക്ക് മാത്രം പതിപ്പിക്കാൻ സാധിക്കുന്ന ചില സ്പെഷ്യൽ എഫക്ട്സ് കൊണ്ടാകണം.

bipin chandran, ബിപിന്‍ ചന്ദ്രന്‍, Tamil Movies Songs, തമിഴ് സിനിമാ ഗാനങ്ങൾ, Chandrpaksham, ചന്ദ്രപക്ഷം, ie malayalam,ഐഇ മലയാളം

‘ചന്ദിരനൈ തൊട്ടത് യാർ ആംസ്ട്രോങാ? സത്തിയമായ്‌ തൊട്ടത് യാർ നാൻ താനേ? കനവ് ദേവതയേ നിലവ് നീ താനേ ഉൻ നിഴലും നാൻ താനേ…’

ഇങ്ങനെയൊക്കെപ്പറയാൻ മലയാളം പാട്ടിൽ കഴിയാത്തത് എന്തു കൊണ്ടാകും. അഥവാ പറഞ്ഞാൽത്തന്നെ പൊതുവേദിയിൽ വെച്ച് പാന്റ്‌സിനകത്ത് തവള കയറിയ മാതിരി ഒരു തിക്കു മുട്ടൽ നമുക്കുണ്ടാകും. നമ്മുടെ ഭാവനയ്ക്ക് പല പ്രയോഗങ്ങളും ദഹനക്കേട് ഉണ്ടാക്കുന്നതിന്റെ കാരണമെന്താകാം? പരിചയമില്ലാത്ത ആഹാരത്തോടും വസ്ത്രത്തോടുമൊക്കെ പലരും ആദ്യം പുലർത്തുന്ന തരം അകാരണമായ പേടിയും അന്യായമായ വെറുപ്പും തന്നെയാകാം പുതിയ പ്രയോഗങ്ങളോടും പുതുകല്പനകളോടുമുള്ള സമീപനത്തിലും തെളിയുന്നത്. നിന്നിടത്തു നിന്ന് അരയടി പോലും അനങ്ങാൻ തുനിയാത്തവരെയാണല്ലോ യാഥാസ്ഥിതികരെന്ന് വിളിക്കുക. അത്തരക്കാരെ തൃപ്തിപ്പെടുത്തുന്ന ‘നിലവാരമുള്ള’ വരികളെക്കുറിച്ചല്ല ഈ കുറിപ്പ്.

‘അവൻ നിനയ്ക്കുമ്പോ നിനയ്‌ക്കുമ്പോ പണമല്ലയേടീ ഭഗവാന് പണം എന്തിനേടീ?’ അച്ഛന് കള്ളു മൂക്കുമ്പോൾ വല്ലപ്പോഴും പാടിയിരുന്ന ഈ വരികൾ മിന്നൽക്കൊടിയിലേതാണോ മധുരവീരനിലേതാണോ എന്നൊന്നും പുള്ളിക്കാരനു പിടിയില്ലായിരുന്നു. പാടുന്നത് ശരിയായ വരികളാണോ എന്നും സംശയമായിരുന്നു. രഞ്ജൻ അഭിനയിച്ച ഏതോ പടത്തിലേതാണതെന്നായിരുന്നു അച്ഛന്റെ ആൽക്കഹോളിക് മെമ്മറിയിലെ മങ്ങിയ ഇൻഫർമേഷൻ. എന്തായാലും എന്റെ ഓർമ്മക്കാസറ്റിലെ വള്ളിയിൽ പതിഞ്ഞ ആദ്യ തമിഴ് വരികൾ അതാണ്.

പിൽക്കാലത്ത് പാഠ്യപദ്ധതിയുടെ ഭാഗമായി പല തമിഴ് കാവ്യഭാഗങ്ങളും പഠിക്കേണ്ടതായും പരിശോധിക്കേണ്ടതായുമൊക്കെ വന്നിട്ടുണ്ട്. ഒരു ഭ്രാന്തൻ കൗതുകത്തിന്റെ പുറത്ത് അകനാനൂറും കലിത്തൊകയും തിരുക്കുറലുമൊക്കെ വില കൊടുത്തു വാങ്ങി സൂക്ഷിച്ചിട്ടുമുണ്ട്.

‘കാടാകൊന്റോ നാടാകൊന്റോ അവലാകൊന്റോ മിചയാകിന്റോ എവ്വഴി നല്ലവരാടവർ അവ്വഴി നല്ലൈ വാഴിയ നിലനൈ’ എന്നൊക്കെ പുറനാനൂറിലെ പാട്ട് ഉറക്കപ്പായിൽ നിന്ന് എഴുന്നേൽപ്പിച്ച് ചോദിച്ചാലും പച്ചവെള്ളംപോലെ പറയാൻ പഠിച്ചെങ്കിലും ‘ഭഗവാന് പണം എന്തിന്‌’ എന്ന ക്യാച്ചിങ് വേർഡ്സിനോടുള്ള അടുപ്പം ഇപ്പോഴും വിട്ടൊഴിയുന്നില്ല. ചിലപ്പതികാരം, വളയാപതി, കുണ്ഡലകേശി, മണിമേകലൈ, ജീവകചിന്താമണി എന്നിങ്ങനെ ഐമ്പെരുംകാവിയങ്ങളും എട്ടുത്തൊകയും പത്തുപ്പാട്ടും പതിനെൺകീഴ്കണക്കുമൊക്കെ പരിചയപ്പെട്ടിട്ടും തമിഴ് കൊമേഷ്യൽ പടങ്ങളിലെ പാട്ട് വരികൾ മനസ്സിലുടക്കിപ്പിടിക്കുന്നെങ്കിൽ ബലം പിടിച്ച്‌ അവയെ തള്ളിക്കളയേണ്ട കാര്യമൊന്നുമില്ലല്ലോ.

bipin chandran, ബിപിന്‍ ചന്ദ്രന്‍, Tamil Movies Songs, തമിഴ് സിനിമാ ഗാനങ്ങൾ, Chandrpaksham, ചന്ദ്രപക്ഷം, ie malayalam,ഐഇ മലയാളം

‘നേട്രു രാത്തിരി യെമ്മ തൂക്കം പോച്ചെടീ യെമ്മ’ എന്ന പാട്ട് കേട്ടപ്പോൾ സിൽക്ക് സ്മിതയ്ക്ക് ഉറക്കം പോയതിന്റെ ഗുട്ടൻസ് എന്താണെന്ന് പണ്ട് പിടികിട്ടിയിരുന്നില്ല. ‘അവളുടെ രാവുകളിലെ’ സീമയുടെ രാത്രികൾ നിദ്രാവിഹീനങ്ങളായതിന്റെ രഹസ്യവും മനസ്സിലായിരുന്നില്ല. പക്ഷേ രക്ഷകൻ കാണുമ്പോഴേക്കും ‘കാതലിലേ രണ്ടു വകൈ സൈവമുണ്ടസൈവമുണ്ട്’ എന്നൊക്കെയുള്ള യമണ്ടൻ സത്യങ്ങൾ തമിഴ് പാട്ടുകൾ പഠിപ്പിച്ചു തന്നിരുന്നു!

‘സോണിയ സോണിയ സൊക്ക വെക്കും സോണിയ രണ്ടിൽ നീ എന്ത വകൈ കൂറ്?’  എന്നതായിരുന്നു നാഗാർജുന സുസ്മിത സെന്നിന്നോട് പാട്ടിൽ ചോദിച്ച ഡൗട്ട്. ആ പാട്ട് കേൾക്കുമ്പോൾ സുസ്മിത സെന്നിനെ ഓർക്കുമെങ്കിലും സോണിയ എന്ന പേര് കേൾക്കുമ്പോളൊക്കെ മനസ്സിൽ മിഴിവോടെ തെളിഞ്ഞു വരുന്നത് മറ്റൊരു കഥാപാത്രമാണ്. കുറ്റവും ശിക്ഷയും നോവലിലെ നായികയായ റഷ്യൻ പെൺകുട്ടി. എന്തായാലും അവളെക്കാൾ വലിയ സുന്ദരി ഒന്നുമല്ല സുസ്മിത. മുഖം അല്ലല്ലോ മനസ്സല്ലേ അതിനൊക്കെ മാനദണ്ഡം.

നോവലും കവിതയുമൊക്കെ ചിലപ്പോൾ സിനിമയേക്കാൾ നമ്മുടെ ഹൃദയത്തിലിടം നേടും.ടെലിഫോൺ ചിലയ്‌ക്കുന്നു മുറിയിൽ പടർനാദ ശിഖരങ്ങളിൽ പൂത്ത പക്ഷികൾ കലമ്പുന്നു’ എന്ന വരികൾ മനോഹരമാണ്. പക്ഷേ അനിത തമ്പിയുടെ കവിതയേക്കാൾ എനിക്കിഷ്ടമാണ് ‘ടെലിഫോൺ മണി പോൽ സിരിപ്പവൾ ഇവളാ?’ എന്ന ചോദ്യത്തിലെ ഉപമ. ഫോണിനെക്കാൾ മനോഹരമായിട്ടെങ്ങനെയാണ് ഇക്കാലത്തൊരു കാമുകിക്ക് ചിരിക്കാൻ കഴിയുക. ഫോണെന്ന് വെച്ചാൽ നമ്മുടെ ആൾട്ടർ ഈഗോ തന്നെയല്ലേ. തർക്കിക്കാൻ വരുന്ന ബോറന്റെയും ബോറത്തിയുടെയും ശ്രദ്ധക്ക്. ആദ്യം നിങ്ങളുടെ കൈയിലെ വെറ്റില ഫോണില്ലേ, (ചുണ്ണാമ്പ് തേക്കും പോലെ എപ്പോഴും ചൂണ്ടുവിരൽ കൊണ്ടു തോണ്ടുന്നതിനാൽ വെറ്റിലഫോൺ) അത് പഴവങ്ങാടിയിൽ തേങ്ങയടിക്കും പോലെ എറിഞ്ഞു പൊട്ടിച്ചിട്ട് വരൂ. എന്നിട്ടേയുള്ളൂ ഡയലോഗ്.

 

ഡയലോഗ് മാത്രമല്ല ചിലപ്പോഴൊക്കെ മോണോലോഗ് മാത്രമായും മാറും തമിഴ് പാട്ട്. മൊത്തത്തിൽ ‘ഞാൻ’ വല്യ പുള്ളി ആണെന്ന് നായകൻ പറയുന്നതായിരിക്കും അതിന്റെ ‘കഥ ഇതു വരെ.’ പുള്ളിക്ക് പറയാൻ നാണമാണെങ്കിൽ നാട്ടുകാരെങ്കിലും പാടും. കൂട്ടുചേർന്ന് ആടുകയും ചെയ്യും.പോനാൽ പോകട്ടും പോടാ’

‘ആയിരത്തിൽ നാൻ ഒരുവൻ നീങ്കൾ ആണയിട്ടാൽ പടൈത്തലൈവൻ.’

‘നം മടിയിതിൽ കനം ഇല്ലയേ,ഭയമില്ലയേ’

‘ആണ്ടവൻ നടത്തിടുവാൻ ഡാ അരുണാചലം നടന്തിടുവാൻ ഡാ’

‘നാൻ ഉപ്പ് പോട്ട ആളെ മറപ്പതില്ലെടാ’

‘തോഴാ എൻട്ര് യാരും വന്താൽ തോള് കൊടുപ്പേൻ ദൂൾ പോടാ എൻട്ര് യാരും വന്താൽ സൊല്ലി അടിപ്പേൻ ദൂൾ’

എന്നൊക്കെ അത് ധീരോദാത്തനും അതിപ്രതാപഗുണവാനുമായ ഹീറോയുടെ ആത്മകഥയുടെ അധ്യായങ്ങളാകും.

പണ്ടത്തെ ദേവ – രജനീകാന്ത് കൂട്ടുകെട്ടിലെയും അത് കഴിഞ്ഞുള്ള റഹ്മാൻ – രജനി കോംബോയിലെയും പാട്ട് വരികളുടെ മട്ടു കണ്ടാൽ ഒന്നു പോലെ തോന്നുമെങ്കിലും അവയുടെ കൊട്ടും കെട്ടും പക്ഷേ വേറിട്ടതാണ്.

‘മീൻ സത്താ കറുവാട് നീ സത്താ വെറും കൂട്’ എന്ന് കണ്ണദാസൻ സൊന്നത് അണ്ണാമലയും ‘ജീവൻ ഇരിക്കും മട്ടും വാഴ്ക്കൈ നമുക്കു മട്ടും’ എന്ന് ഞാനച്ചിത്തരുടെ പാട്ട് പടയപ്പയും ഏറ്റുപാടിയത് രണ്ടു രീതിയിലാണ്. രണ്ടും എഴുതിയതാകട്ടെ വൈരമുത്തുവും . അണ്ണാമലയിലെ പ്രേമഗാനം എഴുതിയ പേന കൊണ്ടല്ല കവിഞ്ജർ വാലി ‘മുക്കാലാ മുക്കാബുല’ എഴുതിയത്.  ‘ജുറാസിക് പാർക്കിൽ ഇന്റ്‌റു സുഖമാനജോഡികൾ ജാസ് മ്യൂസിക് പാടി വരുത്, പിക്കാസോ ഓവിയം താൻ പിരിയാമൽ എന്നോട് ടെക്സാസിൽ ആടി വരുത്.’

‘ഭൂകമ്പം വന്നാലെന്ന ഭൂലോകം വെന്താലെന്ന ആകായം തുണ്ടാകുമാ? എന്നാളും രണ്ടാകുമാ?’ എന്ന് ചോദിച്ചിട്ട് കാമുകനും കാമുകിയും ഒരു തീരുമാനത്തിലെത്തി.നം കാതൽ യാരുമേ എഴുതാതെ പാടലാം.’ അതു തന്നെയാണ് ഇത്തരം പാട്ടുകളെ പോപ്പുലർ ആക്കുന്ന ഘടകം. എഴുതപ്പെടാതെയും ആഘോഷിക്കപ്പെടാതെയും അടയാളപ്പെടുത്തപ്പെടാതെയും പോകുന്ന സാധാരണ മനുഷ്യരുടെ ചുണ്ടിലെ പാട്ടായി അത്തരം വരികൾ ഒട്ടുന്നത് അവർക്ക് പിടികിട്ടുന്ന വാഴ്വും വികാരവും അവയിൽ തെളിഞ്ഞിരിക്കുന്നത് കൊണ്ടാകണം. കേൾവിക്കാർക്ക് ഇഷ്ടമായതിനെയൊക്കെ കൈക്കില കൂടാതങ്ങു കാട്ടിലെറിയാനൊന്നും കഴിയില്ല സർ. കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ആൾക്കാർ ആ പാട്ട് പാടുന്നുണ്ടെങ്കിൽ അതിൽ ഒരു പൊരുൾ കിടന്നു വിളങ്ങുന്നുണ്ട് സർ. എന്നുവച്ച് നൂറ്റാണ്ടുകൾ നിലനിൽക്കാത്തവയ്ക്കൊന്നും പ്രസക്തിയില്ലെന്ന് ധരിക്കരുതേ. അവയ്‌ക്കുമുണ്ട് പ്രസക്തി. അതാത് കാലത്തിന്റെതായ പ്രസക്തി. തൽക്കാലത്തിൽ ചുവടൂന്നിയല്ലേ പിൽക്കാലത്തിലേക്ക് ചാടാൻ കഴിയൂ.

കാതലൻ സിനിമയിലെ പാട്ടിൽകേളടി രതിയേ രതിയേ ഉടമ്പിൽ നരമ്പുകൾ ആറ് ലച്ചം. തെരിയുമാ സഖിയേ സഖിയേ കാതൽ നരമ്പ് എന്ത പക്കം?’ എന്നൊരു ചോദ്യം ചോദിക്കുന്നുണ്ട്. അതിനുത്തരം കണ്ടെത്തിയാലും ഇല്ലെങ്കിലും കാതൽഞരമ്പ് എന്ന പ്രയോഗം കണ്ടുപിടിച്ച വൈരമുത്തുവിനു വലിയൊരു വണക്കം കൊടുക്കേണ്ടതുണ്ട്. അയാൾക്കും മുൻപേ അത് പ്രയോഗിച്ചവരുണ്ടെന്നും പ്രസ്തുത പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും പറഞ്ഞ് പട കൂട്ടി വരുന്ന വിമർശകാ, അതിനുള്ള മറുപടി ആ സിനിമയുടെ ടാഗ് ലൈനിൽ തന്നെ പറഞ്ഞിട്ടുണ്ട് Take It Easy.

ജീവിതപ്രശ്നങ്ങൾ പിടിച്ചു വലിച്ചിറുക്കി ഞരമ്പു പൊട്ടിക്കുമ്പോൾ ‘കാതല’നിലെ ഉർവശിപ്പാട്ട് പലപ്പോഴും പലരുടെയും പിരിമുറുക്കം ഈസിയായി അയച്ചു കൊടുത്തതിന് ഞാൻ സാക്ഷിയായിട്ടുണ്ട്. എന്റെ പിരിയും പലപ്പോഴും ആ പാട്ട് അയച്ചു തന്നിട്ടുണ്ട്. എപ്പോഴും എന്തും ടൈറ്റ് ആക്കിപ്പിടിച്ചാൽ ജയിച്ച്‌ ജയൻമാരും വിജയിച്ച്‌ വിജയൻമാരുമാകുമെന്നതിന് യാതൊരു ഗ്യാരണ്ടിയുമില്ല. മിടുമിടുക്കരാകാൻ മുറുകി മുറുകി മരിക്കാതെ വല്ലപ്പോഴുമെങ്കിലും നമ്മളൊന്നു ലൂസാകേണ്ടതില്ലേ. കറ നല്ലതാണെന്ന് പരസ്യത്തിൽ പറയുന്നത് പോലെ ഇടയ്ക്കൊന്ന് തോൽക്കുന്നതിലും കുഴപ്പമില്ല.

‘ഒഴുങ്കാ പഠിച്ചും ഫെയ്‌ലാ പോനാ ടേക്ക് ഇറ്റ് ഈസി പോളിസി’ എത്ര പഠിച്ചാലും പരാജയപ്പെട്ടു പോകുന്ന ചില ജീവിതപരീക്ഷകളുണ്ട്. പക്ഷേ തോറ്റു തൊപ്പിയിടുമ്പോഴും പുട്ടു പോലെ പിടിച്ചു നിൽക്കും ചിലർ.രത്തക്കുളത്തെ നിരത്തി നിരത്തി വെട്രിത്താമരൈ പറിപ്പോം’ എന്നവർ വാശിയോടെ പോരാട്ടം തുടരും. അങ്ങാടിയിലും അടുക്കളപ്പുറത്തും ഒരുപോലെ തോൽക്കുമ്പോൾ ആരും കാണാതെ അകത്തേക്ക് കരയുന്നവരുമുണ്ടാകും.

‘തണ്ണീരിൽ മീൻ അഴുതാർ കണ്ണീരെ കണ്ടത് യാർ?’ എന്ന് കവി പാടി. മഴയത്ത് കരയാനാണ് തനിക്കിഷ്ടമെന്നു പറഞ്ഞ ചാർലി ചാപ്ലിനും കവി തന്നെ. തകർന്നു പോകാതിരിക്കാൻ പലർക്കും പലതാകും തുണ. പാട്ടുകളുടെ കൂട്ടുപിടിച്ചാകാം സില നേരങ്കളിൽ സില മനിതർകൾ കാലപ്പെരുംവെള്ളത്തിൽ പൊന്തിക്കിടന്നിട്ടുണ്ടാവുക. സംഗീതപാരംഗതന്മാർ നിലവാരമില്ലാത്തതെന്ന് നെറ്റി ചുളിച്ചേക്കാവുന്ന അത്തരം ചില പാട്ടുവരികളെക്കുറിച്ച് ഇനിയും പറയാനുണ്ട്. അത് അടുത്ത തവണയാകാം.

ചന്ദ്രപക്ഷം പംക്തിയിലെ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം: t.ly/dl0c

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Bipin chandran column chandrpaksham popular tamil movies songs