ജാതിമത നോട്ടങ്ങളെക്കുറിച്ച് പറഞ്ഞാണല്ലോ കഴിഞ്ഞയാഴ്ച നിർത്തിയത്. ഞാനും എന്റെ ചേട്ടനും വിവാഹം കഴിച്ചപ്പോൾ അങ്ങേയറ്റം യാഥാസ്ഥിതികനായ ഞങ്ങളുടെ അച്ഛൻ നടത്തിയ ഒടുക്കത്തെ വശപ്പിശകുള്ള ഒരു വിലാപമുണ്ടായിരുന്നു. മൂത്തമകൻ “പാകിസ്ഥാൻകാരി”യെയും ഇളയ മകൻ “വത്തിക്കാൻകാരിയെയും” കെട്ടിയ സ്ഥിതിക്ക് ഏത് ദൈവത്തോടാണ് ഇനി പ്രാർത്ഥിക്കേണ്ടത് എന്നതായിരുന്നു കാർന്നോരെ കൺഫ്യൂഷനിലാക്കിയ കീറാമുട്ടി പ്രശ്നം. കാലക്രമത്തിൽ കക്ഷി ദൈവവിശ്വാസം തന്നെ ചുരുട്ടിക്കെട്ടി പെട്ടിയിൽ വച്ച് പൂട്ടി എങ്കിലും ആഭിജാത്യബോധത്തിന്റെ നിറുകം മണ്ടയിൽ മക്കളായിട്ട് കൊടുത്ത അടിയുടെ ആഘാതത്തിൽ നിന്ന് അന്ത്യം വരെ മുക്തനായിരുന്നില്ല പുള്ളിക്കാരൻ.
Read More: ചില ജാതി നോട്ടങ്ങള്‍
ഒന്നാമത്തെ മിശ്ര വിവാഹ പരീക്ഷണ പരാജയത്തിനു ശേഷം എന്റെ ചേട്ടൻ പുനർവിവാഹം ചെയ്തത് ഒരു ഉത്തരേന്ത്യക്കാരിയെ ആണ്. അത്യാവശ്യം വന്നാൽ ജാതിമത ചിന്തകൾ ഒക്കെ കുറച്ചു സമയത്തേക്ക് മാറ്റി വയ്ക്കാൻ മടിയില്ലാത്ത “അത്യാവശ്യം മോഡേണായ” ഒരു ലിബറൽ ഫാമിലിയിൽ നിന്ന്. ചേട്ടനും ഭാര്യയും ഇല്ലാതിരുന്ന ഒരു സമയത്ത് ഡൽഹിയിലെ അവരുടെ വീട്ടിൽ ഒരിക്കൽ എനിക്ക് സകുടുംബം പോകേണ്ടിവന്നു. ഒരു റിട്ടയേർഡ് ലെഫ്റ്റനന്റ് കേണൽ ആയിരുന്നു ചേട്ടന്റെ അമ്മായി അച്ഛൻ. അദ്ദേഹവുമായി കൊച്ചു വർത്തമാനം പറഞ്ഞിരുന്നപ്പോൾ ആ കുടുംബത്തിന്റെ ശരിയായ ലിബറലിസം പതിയെ പതിയെ കളറിളകി വന്നു തുടങ്ങി. ആം ആദ്മി ക്ലച്ച് പിടിക്കാൻ പോകുന്നില്ലെന്നും അരവിന്ദ് കെജരിവാൾ ജയിക്കുമോ എന്നുപോലും സംശയം ആണെന്നും ഒക്കെ അന്ന് അദ്ദേഹം തട്ടിവിട്ടത് എന്തടിസ്ഥാനത്തിൽ ആയിരുന്നോ എന്തോ. അത്ര വിശ്വാസം തോന്നിയില്ലെങ്കിലും അപ്പോൾ തർക്കിച്ചില്ല. റിട്ടയർഡ് പട്ടാളക്കാരനായ പുള്ളിക്കാരൻ എന്റെ തൊണ്ടയിൽ ഉണ്ട കേറ്റിയാൽ കൊണ്ടോണ്ട് പോരുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആശയ ചർച്ചകളെ ഞാൻ ആമാശയത്തെ ആഹാരവുമായി പരിചയപ്പെടുത്തുന്ന പരിപാടിയുടെ ചർച്ചകളിലേക്ക് വഴിതിരിച്ചുവിട്ടു.
വീട്ടിൽ നോൺവെജ് പോയിട്ട് വെളുത്തുള്ളി പോലും കയറ്റില്ലെങ്കിലും വെളിയിൽ പോയി ചിക്കൻ തിന്നുന്നതിലൊന്നും വലിയ വിരോധം ഇല്ലാത്തവരായിരുന്നു ലിബറൽസ്. തന്റെ അമ്മ വീട്ടിൽ ഉള്ളതുകൊണ്ടാണ് നോൺവെജിറ്റേറിയൻ വിളമ്പാത്തത് എന്ന് ലഫ്റ്റനൻറ് കേണൽ വലിയ സങ്കടത്തോടെ അറിയിച്ചു.
“അയ്യോ അതൊന്നും സാരമില്ല,” എന്ന ഡയലോഗ് ആണല്ലോ ആ സന്ദർഭത്തിൽ നമ്മൾ തിരിച്ചു കീച്ചേണ്ടത്. ‘വെജിറ്റേറിയൻ അല്ലേ ബെസ്റ്റ്’ എന്നുകൂടി കയ്യിൽ നിന്നിട്ട് പൊലിപ്പിക്കാനൊന്നും മെനക്കെട്ടില്ല എന്ന് മാത്രം. ‘എട്ടണ എങ്കിൽ എട്ടണ, കിട്ടണതാട്ടെ’ എന്ന ലൈനിൽ പച്ചക്കറിത്തീറ്റയിൽ അറഞ്ഞു പിടിക്കുമ്പോഴാണ് കേണൽ അടുത്ത വെടി പൊട്ടിച്ചത്. ഇംഗ്ലീഷിൽ ചിതറിയ തോട്ട പെറുക്കി മലയാളത്തിൽ നിരത്തി വച്ചാൽ ഏതാണ്ട് ഇങ്ങനെ ഇരിക്കും
“എന്റെ അമ്മയും ഞങ്ങളുടെ കുടുംബക്കാരും ഒക്കെ പഴയ ചിന്താഗതിക്കാരാണ് കേട്ടോ. പണ്ട് അന്യജാതിക്കാർ ഒക്കെ ഞങ്ങളുടെ വീട്ടിൽ വന്നാൽ ഭക്ഷണം കഴിച്ച പാത്രവും ഓട്ടു ഗ്ലാസും ഒക്കെ കനൽ ഇട്ട് കത്തിച്ച് വൃത്തിയാക്കിയതിനുശേഷമേ അത് പിന്നെ ഉപയോഗിക്കൂ. ഞങ്ങൾക്ക് അങ്ങനെയൊന്നും ഇല്ല കേട്ടോ. കഴിക്കൂ, കഴിക്കൂ നിറച്ചു കഴിക്കൂ.”
ഞാനും ഭാര്യയും മക്കളും പോയിക്കഴിയുമ്പോൾ ഞങ്ങൾ ഉപയോഗിച്ച ചില്ലു ഗ്ലാസുകളും പ്ലേയ്‌റ്റ്കളും ‘ഛിലും ഛിലും’ എന്ന ഒച്ചയോടെ പൊട്ടുന്ന രംഗം മനസ്സിൽ സങ്കൽപ്പിച്ച് ഞെട്ടിയെങ്കിലും ചുണ്ടത്തെ വളിച്ച ചിരി തുടച്ചു കളയാതെ ബാക്കി ഭക്ഷണവും വെട്ടിവിഴുങ്ങി.
പൊതിക്കെട്ടുകളുടെ കൈമാറൽ ചടങ്ങായിരുന്നു പിന്നെ നടന്നത്. കുടുംബാംഗങ്ങൾക്കുള്ള തുണിത്തരങ്ങൾ, പലഹാരപ്പെട്ടികൾ…
അങ്ങനെ ചിലതൊക്കെ കൈമാറുന്ന രസകരമായ ആചാരം ഉണ്ടല്ലോ ഇത്തരം സന്ദർശനങ്ങളിൽ. കേണലിന്റെ പ്രായമായ അമ്മയ്ക്കും വിശേഷപ്പെട്ട ഒരു സംഗതി കരുതിയിരുന്നു. ഒരു കമ്പിളി ഷാൾ. അത് അവർ വാങ്ങാൻ വിസമ്മതിച്ചു. പിന്നെ എന്തൊക്കെയോ പിറുപിറുത്തു. ഞാൻ ഹിന്ദി സംസാരിക്കാത്തതിലുള്ള കടുത്ത നീരസം അവർ നേരത്തെ തന്നെ നിരവധി തവണ പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് അധിക നേരം കിണ്ണാണം പറയാൻ നിൽക്കാതെ അവരുടെ മുറിയിൽ ഷാൾ വെച്ചിട്ട് ഞാനും കുടുംബവും പുറത്തിറങ്ങി. പോരാൻ നേരം കേണലും പത്നിയും ചേർന്ന് ആ ഷാൾ ഒതുക്കത്തിൽ ഞങ്ങളെ തിരിച്ചേൽപ്പിച്ചു. അമ്മയുടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരാണത്രേ കൊച്ചുമകളുടെ ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് എന്തെങ്കിലും സമ്മാനമായി വാങ്ങുന്നത്. അങ്ങനെയും ഒരു വിശ്വാസപ്രമാണമോ? അതിന്റെ പിന്നിൽ പുകഞ്ഞിരുന്ന കാര്യം ആദ്യം ഞങ്ങൾക്ക് കത്തിയില്ല. ഞാനും ഭാര്യയും ചേർന്ന് വല്ലാതെ നിർബന്ധിച്ച് ഒരു വിധത്തിൽ അത് അവരെത്തന്നെ കെട്ടി ഏൽപ്പിച്ചു. വല്യ കാര്യത്തിൽ പൊതിഞ്ഞുകെട്ടി കൊണ്ടു ചെന്നത് തിരിച്ചു കൊണ്ടു പോരാനുള്ള വൈക്ലബ്യം കൊണ്ടാണ് അങ്ങനെ ചെയ്തത്.
വേണ്ടിയിരുന്നില്ലെന്ന് പിന്നെ തോന്നി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ചടങ്ങിൽ വച്ച് എന്റെ ചുമലിൽ ഇട്ടു തന്ന ഷാൾ ആണ് താങ്കളുടെ അമ്മയ്ക്ക് സമ്മാനിച്ചതെന്ന് അഭിമാനത്തോടെ കേണലിനോട് പറയാൻ കരുതിയിരുന്നതാണ്. പറയാഞ്ഞത് നന്നായി. തങ്ങളുടെ ജാതിയിൽ പെടാത്ത ഒരു മദ്രാസി തന്ന സമ്മാനം വീട്ടിൽ പോലും കയറ്റാൻ പാടില്ലെന്ന നിലപാട് പുലർത്തുന്നവരോട് അത് ഒരു കമ്മ്യൂണിസ്റ്റുകാരൻ അണിയിച്ചതാണെന്നു കൂടി അറിയിച്ചിരുന്നെങ്കിൽ എന്തായിരുന്നേനെ അവരുടെ പ്രതികരണം.
ഞാൻ ഒരു പ്രഖ്യാപിത പിണറായി വിജയൻ ഫാൻ ഒന്നുമല്ല. പുള്ളിക്കാരൻ കേരളത്തിൽ ഉണ്ടായ ഏറ്റവും മികച്ച കമ്മ്യൂണിസ്റ്റുകാരിൽ ഒരാളാണ് എന്ന വിചാരമൊന്നും ഇല്ലതാനും. പക്ഷേ ഇവിടെ ഒരു ഭരണം ഉണ്ടെന്നും അതിന് ഒരു തലവൻ ഉണ്ടെന്നുമുള്ള ഉറച്ച തോന്നൽ എനിക്കുണ്ട്. നാളെകളിൽ അത് മാറിമറിഞ്ഞെന്നും ഇരിക്കാം. പിണറായിയുടെ മകളുടെ കല്യാണത്തിലെ മതവും രാഷ്ട്രീയവും ഒക്കെ ആണല്ലോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ “ഇന്നത്തെ ചിന്താവിഷയം.” വീണ വിജയൻ ആരെ കെട്ടിയാലും ശരി, വീണയുടെ അച്ഛൻ സമ്മാനിച്ച ആ ഷാളിനെക്കുറിച്ച് ഞാൻ ഇടയ്ക്കൊക്കെ ഓർക്കാറുണ്ട്. ഓർക്കുമ്പോഴൊക്കെയും ചെരിപ്പിനിടയിൽ കയറിയ കല്ലുപോലെ കിരുകിരുക്കുന്നുണ്ട് ആ ഡൽഹി അനുഭവം.
അന്നേവരെ പരിചയമില്ലാതിരുന്ന ചിലതൊക്കെ അറിയുമ്പോഴാണല്ലോ അതിലും ആയിരം മടങ്ങ് കൂർത്ത വേർതിരിവിന്റെ മുനകളാൽ ആത്മാവ് നുറുങ്ങിപ്പോയ വിഭാഗങ്ങളുടെ ദുരനുഭവനൂറ്റാണ്ടുകളെക്കുറിച്ച് നമ്മൾ ചിന്തിച്ചെങ്കിലും തുടങ്ങുക. ദേശവും ലിംഗവും മതവും വർഗവും ജാതിയും ജാതിവാലുകളും ഒക്കെ വലിയ പ്രശ്നങ്ങളാണോ എന്ന് ഇനിയും ചോദിക്കാൻ ഇടയുള്ള ചങ്ങാതീ, ചോദിക്കും മുമ്പ് നിങ്ങൾ ഹാരിയറ്റ് ബീച്ചർസ്റ്റോവിനെയും ടോണി മോറിസനെയും മായ ആഞ്ചലോവിനെയും വായിക്കേണ്ടതുണ്ട്. ‘അങ്കിൾ ടോംസ് ക്യാബിനും’ ‘കളർ പർപ്പിളും’ ‘ജാങ്കോ അൺചെയിന്‌ഡും’ കാണേണ്ടതുണ്ട്. അതൊക്കെ അന്യനാട്ടിൽ അല്ലേ എന്നാണ് ചോദ്യമെങ്കിൽ നിങ്ങൾക്ക് അംബേദ്കറുടെ ‘ജാതി ഉന്മൂലനം’ മുതൽ പാ രഞ്ജിത്തിന്റെ അഭിമുഖങ്ങൾ വരെ വായിക്കാമല്ലോ. ‘പരിയേറും പെരുമാളും’ ‘ഫാൻഡ്രി’യും ഒക്കെ കാണാമല്ലോ (ഫാൻഡ്രി കണ്ടാൽ ‘മഹേഷിന്റെ പ്രതികാര’ത്തിലെ ദേശീയഗാനത്തമാശ വന്ന വഴിയെങ്കിലും അറിയാൻ കഴിയുമല്ലോ).
കേരളത്തിലെ അവസ്ഥ വേറെയല്ലേ എന്നാണ് ന്യായമെങ്കിൽ പണ്ഡിറ്റ് കറുപ്പന് ‘ജാതിക്കുമ്മി’ എഴുതേണ്ടി വന്നതും പൊയ്കയിൽ അപ്പച്ചന് ‘കാണുന്നീലോരക്ഷരവും ‘എന്ന് വിലപിക്കേണ്ടി വന്നതും ഈ നാട്ടിലാണ് എന്നോർക്കുക. രാഷ്ട്രപതിയുടെ കുടുംബക്കാർ തങ്ങളുടെ വീട്ടിൽ ജോലിക്ക് വന്നിരുന്നവരാണെന്ന മട്ടിലുള്ള മേനിപറച്ചിൽ തികഞ്ഞ അശ്ലീലമാണെന്ന് തിരിച്ചറിയുക. വിനിൽ പോളിനെപ്പോലുള്ള ചരിത്രബോധമുള്ള ചെറുപ്പക്കാർ ചികഞ്ഞെടുത്ത അടിമത്തത്തിന്റെ നടുക്കുന്ന കഥകൾ കേരളത്തിന്റെ മണ്ണിൽ നടമാടിയതാണെന്ന് നിങ്ങൾ മനസ്സിലാക്കുക. പാവപ്പെട്ടവരുടെ അധ്വാനഫലം ഊറ്റിയെടുത്ത് വീർപ്പിച്ചെടുത്ത കുമ്പകളും പണിതുയർത്തിയ മണിമാളികകളും കേമത്തത്തിന്റെ ചിഹ്നങ്ങൾ അല്ല മറിച്ച് കള്ളത്തരത്തിന്റെ കൊടിയടയാളങ്ങളാണെന്ന വെളിപാടുണ്ടാകാൻ ബോധിച്ചുവട്ടിൽ തപസ്സിരിക്കുകയൊന്നും വേണ്ട. കാലത്തിലേക്കും ചരിത്രത്തിലേക്കുമൊന്ന് കണ്ണോടിച്ചാൽ മാത്രം മതിയാകും.
പാലക്കാട് പീഡിപ്പിക്കപ്പെട്ട ശേഷം മരക്കൊമ്പിൽ തൂങ്ങിയാടുകയും അടിസ്ഥാന വിദ്യാഭ്യാസത്തിനു പോലും നിവൃത്തിയില്ലാത്ത ദാരിദ്ര്യം കൊണ്ട് പ്രാണൻ പറിച്ചെറിയുകയും ചെയ്ത പെൺകുട്ടികളുടെ ജാതിക്കോളങ്ങൾ നമ്മോട് വിളിച്ചുപറയുന്നത് കേൾക്കാൻ ചരിത്ര ബോധം പോലും വേണമെന്നില്ല. പത്രപാരായണം മാത്രം മതിയാകും. കുറഞ്ഞപക്ഷം നിങ്ങൾ സി അയ്യപ്പന്റെ ‘പ്രേതഭാഷണ’വും സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘പന്തിഭോജന’വും എസ് ഹരീഷിന്റെ ‘മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ’യും കെ രേഖയുടെ ‘വില്ലുവണ്ടി’യും വായിക്കുക. ഞാനിപ്പോൾ വീണ്ടും വായിച്ചു മടക്കിയത് ജയമോഹന്റെ ‘നൂറ് സിംഹാസനങ്ങൾ’ ആണ്.
ജയമോഹൻ ആ കൃതിക്ക് പകർപ്പവകാശമൊന്നും വച്ചിട്ടില്ല. ‘ആന ഡോക്ടർ’ എന്ന കൃതിക്കും അങ്ങനെ തന്നെ. ആർക്കുവേണമെങ്കിലും അത് അച്ചടിച്ച് വിൽക്കാം. എത്രയോ പണം റോയൽറ്റി ഇനത്തിൽ കിട്ടുമായിരുന്ന കൃതികൾ കൂടുതൽ വായിക്കപ്പെടാനായി കോപ്പിറൈറ്റ് കെട്ടുപാടുകളൊന്നും കൂടാതെ സ്വതന്ത്രമായി തുറന്നിടുന്ന എത്ര എഴുത്തുകാരെ ഇക്കാലത്ത് കാണാൻ കിട്ടും.
‘നൂറ് സിംഹാസനങ്ങളി’ലെ ധർമപാലൻ എന്ന കഥാപാത്രത്തോട് ഐഎഎസ് അഭിമുഖ പരീക്ഷയിൽ ഇങ്ങനെ ഒരു ചോദ്യം ചോദിക്കപ്പെടുന്നുണ്ട്:
“ഇനിയൊരു ഊഹച്ചോദ്യം. നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്ത് തീരുമാനമാണ് എടുക്കുക?”
ധർമപാലൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു:
“സർ ന്യായം എന്നുവച്ചാൽ എന്താണ്? വെറും നിയമങ്ങളും സമ്പ്രദായങ്ങളും ആണോ ന്യായത്തെ തീരുമാനിക്കേണ്ടത്? ന്യായം എന്നു പറഞ്ഞാൽ അതിന്റെ കാതലായി ഒരു ധർമ്മം ഉണ്ടായിരിക്കണം. ധർമ്മങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടുവശത്തും നിർത്തുകയാണെങ്കിൽ സമത്വമെന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്ക് ഇരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്.”
ജയമോഹൻ തൻറെ നോവൽ ഇങ്ങനെ തുടരുന്നു.
ശരീരങ്ങൾ അയഞ്ഞപ്പോൾ കസേരകൾ പിന്നെയും ശബ്ദിച്ചു. ചോദിച്ചയാൾ ഒന്ന് മുന്നോട്ടാഞ്ഞു, “അത് കൊലപാതകം ആണെങ്കിലോ? മിസ്റ്റർ ധർമപാലൻ, കൊലപാതകം ആണെങ്കിൽ നിങ്ങൾ എന്ത് പറയും?”
എനിക്ക് അപ്പോൾ അത് പറയാതിരിക്കാനായില്ല.
“സാർ, കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി…… അവനോട് തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത്.”
വംശശുദ്ധിയെക്കുറിച്ചുള്ള ചർച്ചകൾ തട്ട് തകർത്തോടുമ്പോൾ ആർക്കാണ് ഇവിടെ ധർമപാലൻമാരെക്കുറിച്ച് ചർച്ച ചെയ്യാൻ നേരം.
എങ്കിലും പിണറായി വിജയൻ തന്ന ആ ഷാളിന് എന്ത് സംഭവിച്ചു കാണും? പല വട്ടം ആലോചിച്ചെങ്കിലും കേണലിനോടും കുടുംബത്തോടും അക്കാര്യം ചോദിച്ചില്ല. ചോദിക്കാൻ എന്നല്ല കാലങ്ങളായി അവരോട് സംസാരിക്കാൻ കൂടി തോന്നാറില്ല. അവരത് കത്തിച്ചു കളഞ്ഞിരിക്കുമോ? അതോ പഴന്തുണിക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞിരിക്കുമോ? ഏതെങ്കിലും വീട്ടു ജോലിക്കാർക്കോ യാചകര്‍ക്കോ ദാനം ചെയ്തിരുന്നെങ്കിൽ മതിയായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ഡൽഹിയിലെ കൊടും തണുപ്പത്ത് ഏതെങ്കിലും ഒരു മനുഷ്യ ജീവിക്ക് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ സമ്മാനം കരുതൽച്ചൂടിന്റെ പുതപ്പാകുമായിരുന്നല്ലോ.
എനിക്കിപ്പോൾ ഓർമ്മവരുന്നത് റാംജിറാവു സ്പീക്കിങ്ങിലെ കമ്പിളിപ്പുതപ്പിനെക്കുറിച്ചാണ്.
ഒരു വശത്തുനിന്ന് ‘കമ്പിളിപ്പുതപ്പ്…കമ്പിളിപ്പുതപ്പ്…’ എന്ന് അലറിപ്പറഞ്ഞു കൊണ്ടിരിക്കുമ്പോഴൊക്കെ മറുവശത്തുള്ള ഗോപാലകൃഷ്ണൻ ‘കേൾക്കുന്നില്ല… കേൾക്കുന്നില്ല…’ എന്ന പല്ലവി ആവർത്തിച്ചു കൊണ്ടിരിക്കും. കേൾവി ഇല്ലാത്തവർക്ക് പറയാതെയും കാര്യം മനസ്സിലായെന്നിരിക്കും.
കേൾക്കാത്തത് പോലെ നടിക്കുന്ന ഗോപാലകൃഷ്ണൻമാർക്ക് മരണം വരെയും മനസ്സിലാകാത്തത് പോലെ നടിക്കാൻ കഴിയുമല്ലോ. അത്തരക്കാര്‍ക്ക് കമ്പിളിപ്പുതപ്പുകളേക്കാൾ ഉതകുക ജാതിപ്പുതപ്പുകൾ തന്നെയാകും.