scorecardresearch

ചന്ദ്രപക്ഷം: എന്റെ റേഷന്‍ ടീച്ചര്‍

ആപ്പിളിന്റെ സ്വാദിന് മാര്‍ക്കിട്ട് കുരു തുപ്പിക്കളയാന്‍ എളുപ്പമാണ്. ഓരോ കുരുവില്‍ നിന്നും പടര്‍ന്ന് പന്തലിക്കാവുന്ന ആപ്പിള്‍ തോട്ടങ്ങളുടെ സാധ്യത കാണാന്‍ കഴിയുന്ന പരുവത്തിലേക്ക്, അധ്യാപകര്‍ വികസിക്കേണ്ടതല്ലേ?

ചന്ദ്രപക്ഷം: എന്റെ റേഷന്‍ ടീച്ചര്‍

‘ഡാഡി കൂൾ,’ ‘1983,’ ‘ബെസ്റ്റ് ആക്ടർ,’ ‘പാവാട,’ ‘സൈറാ ബാനു’ എന്നീ ജനപ്രിയ ഹിറ്റുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ  തിരക്കഥാകൃത്തും പ്രശസ്ത കോളമിസ്റ്റും ‘ഇരട്ടച്ചങ്ക്, മമ്മൂട്ടി: കാഴ്ചയും വായനയും,’ ‘ഓർമ്മയുണ്ടോ ഈ മുഖം- മലയാളി മറക്കാത്ത സിനിമാ ഡയലോഗുകൾ’ എന്നീ പുസ്തകങ്ങളുടെ രചയിതാവുമായ ബിപിൻ ചന്ദ്രൻ എഴുതുന്ന പംക്തി ‘ചന്ദ്രപക്ഷം.’

സംസ്കാരം, സാഹിത്യം, കല, സിനിമ എന്നീ മേഖലകളിലെ മാറ്റങ്ങളെയും പ്രവണതകളെയും സ്വതസിദ്ധമായ നർമ്മക്കണ്ണാൽ നോക്കി ആഴത്തിൽ വിലയിരുത്തി കറുപ്പും വെളുപ്പും ചാലിച്ചെഴുതുന്ന വാങ്മയ ചിത്രങ്ങൾ. ചുറ്റുപാടുകളുടെ നേർക്കാഴ്ചകൾ, അപൂർവ്വങ്ങളായ നിഗമനങ്ങൾ, ജീവിതത്തോട് ഒട്ടി നിൽക്കുന്ന വഴിച്ചാലുകൾ. ഒരു പേന അതിന്റെ  ഉൾക്കണ്ണടയ്ക്കാതെ ചലിക്കുമ്പോൾ കോറിയിടപ്പെടുന്ന വാഗ്‌വിലാസങ്ങൾ. ഇതിലെല്ലാം തന്നെ അക്ഷരങ്ങൾ, ഇന്നിന്റെ പരിസരങ്ങളുമായി യോജിച്ചും വിഘടിച്ചും അതാതു കാലങ്ങളെ സ്വാംശീകരിച്ച് ഒരു കുത്തൊഴുക്കായിത്തീരുമ്പോൾ, വായനക്കാർക്ക് ഈ ചന്ദ്രപക്ഷ വഴികളിലേക്ക് സ്വാഗതം…     

തൊണ്ണൂറുകളുടെ തുടക്കത്തിലിറങ്ങിയൊരു കേമമല്ലാത്ത പടത്തിന്റെ ടൈറ്റിലില്‍ ചെറിയൊരു തമാശപ്പണി നടത്തിയപ്പോള്‍ കിട്ടിയതാണീ കുസൃതി തലക്കെട്ട്. അങ്ങനെയൊരു റൂട്ടില്‍ ആലോചനയുടെ വണ്ടി ഓടാന്‍ കാരണം അടുത്തിടെ വന്ന ചില വെറൈറ്റി ട്രോളുകളായിരുന്നു. വടക്കെങ്ങാണ്ടൊരു വാദ്ധ്യാര്‍ സാലറി കട്ടിങ്ങിനുള്ള സര്‍ക്കാരുത്തരവ് ജാഡയ്ക്ക് കത്തിച്ചത് വല്യ വിവാദമായി. തൊട്ടു പിന്നാലെ വരുന്നു റേഷന്‍ കടയിലെ ഡ്യൂട്ടികൾക്ക് അധ്യാപകരെ വിട്ടതായുള്ള വാര്‍ത്ത. പോരേ പൂരം. കോവിഡ് ലോക്ക്ഡൗണില്‍ പെട്ട് കൊറോണ പട്ടിണിയില്‍ വിശന്നിരുന്ന ട്രോളന്മാര്‍ ജോസ്പ്രകാശിന്റെ മുതലക്കുഞ്ഞുങ്ങള്‍ ഇറച്ചിത്തുണ്ടം കണ്ടതു പോലെ ചാടി വീണു പരിപാടി തുടങ്ങി. അങ്ങനെ മൊബൈലിന്റെ ചതുരങ്ങളില്‍ നിറയെ വാദ്ധ്യാര്‍ ഫലിതങ്ങള്‍ ചിതറി. പണ്ട് പള്ളിക്കൂടം കഥകള്‍ പരമ്പരയായിട്ടെഴുതി നാട്ടുകാരെ പൊട്ടിച്ചിരിപ്പിച്ച തോമസ് പാലായുടെ വംശം ഇന്നും കുറ്റിയറ്റു പോയിട്ടില്ലെന്നു ക്ലിയറായി.

bipin chandran, ബിപിന്‍ ചന്ദ്രന്‍, ie malayalam,ഐഇ മലയാളം

വറുതിക്കാലങ്ങള്‍ക്ക് മറുമരുന്നായി മുണ്ട് മുറുക്കിയുടുത്ത് നടന്നിരുന്ന പഴയ വാദ്ധ്യാരന്മാരുടെ കദന വിശേഷങ്ങളറിയണമെങ്കില്‍ കാരൂര്‍ കഥകള്‍ വായിക്കുകയേ ഇപ്പോള്‍ വഴിയുള്ളൂ. കാരണം പഞ്ഞം പിടിച്ച വയറിനു വേണ്ടി അന്നം തേടിയിരുന്ന ആ പട്ടിണി മാഷുമ്മാര്‍ നിറകുമ്പകളിലേക്ക് പുരോഗമിച്ചു. അത് വേണ്ട കാര്യം തന്നെ ആയിരുന്നു. അതിനു വേണ്ടി ‘മണ്ടാ മുണ്ടാ മുണ്ടശ്ശേരീ’ എന്നൊക്കെ ചില മാഷുമ്മാര്‍ തെറി കേട്ട കഥയൊക്കെ പലരുമങ്ങ് മറന്നു. കീശയുടെ ഓട്ടയടഞ്ഞ് കാശുകാരയവരില്‍ ചിലര്‍ ചിട്ടിപ്പലിശക്കാരാവുകയും ചെയ്തു. അങ്ങനെയാണ് വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെയൊക്കെ ചില കോമഡി കഥകളില്‍ വാദ്ധ്യാര്‍മാര്‍ കോമാളിവേഷക്കാരായി മാറിയത്. ‘ദുഷ്ടന്മാരെ പന പോലെ വളര്‍ത്തും’ എന്ന് സാറ് പറഞ്ഞ് നാക്ക് വായിലിടും മുമ്പ് തന്നെ ബൂമറാംഗ് പോലെ വന്നടിച്ചു ശിഷ്യന്റെ കൗണ്ടര്‍ സംശയം.

‘എന്നിട്ടു സാറെന്താ വെര പോലിരിക്കുന്നത്?’
വേളൂര് പണ്ട് പ്രസംഗങ്ങളില്‍ പൊട്ടിച്ചിരുന്ന ഇത്തരം നൂറായിരം തമാശകളാണിപ്പോള്‍ ട്രോള്‍ ഫാക്ടറികളില്‍ നിന്ന് പ്രതിദിനം പായ്ക്ക് ചെയ്തിറങ്ങുന്നത്.
സാമ്പിളിനൊന്നു പറയാം.

ഒരേ നിമിഷത്തില്‍ തന്നെ നവരസങ്ങളില്‍ ആറാടുന്ന ടിപ്പിക്കല്‍ എക്‌സ്പ്രഷനിട്ട മുഖത്തോടെ നില്‍ക്കുന്ന ശ്രീനിവാസനാണ് റേഷന്‍ കട ഡ്യൂട്ടിയിലുള്ള മാഷ്. അതിനടിയില്‍ ട്രോളന്റെ വിശദീകരണം ഇങ്ങനെ.

‘ഡസ്റ്റര്‍ ആണെന്ന ഓര്‍മ്മയില്‍ അഞ്ചുകിലോ ഇരുമ്പു കട്ടിയെടുത്ത് അരി മേടിക്കാനുള്ള ക്യൂവില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞയാളെ എറിഞ്ഞ ലെ മാഷ്’.

ഒരു സാമ്പ്രദായിക ഇംഗ്ലീഷ് മാഷിത് കണ്ടാല്‍ നടത്തിയേക്കാനിടയുള്ള പ്രതികരണത്തെക്കുറിച്ചൊരു കൂട്ടുകാരന്‍ പറഞ്ഞത് കൂടി കുറിക്കട്ടെ.

‘അയാള്‍ ഇതിന്റെ തമാശ ആസ്വദിക്കാന്‍ നില്‍ക്കാതെ ‘ലെ’ എന്ന ഐറ്റം ‘The’ എന്ന ഡെഫിനിറ്റ് ആര്‍ട്ടിക്കിളിന് തുല്യമായി ഫ്രഞ്ച് ഭാഷയില്‍ ഉപയോഗിക്കുന്ന സാധനമാണെന്ന് ക്ലാസ്സെടുക്കാന്‍ തുടങ്ങും.’

സത്യത്തിൽ ഈ ട്രോളുകളില്‍ കാണുന്നത്രയും അരസികരും അബദ്ധക്കാരും അറുക്കീസുകളും അധികാരികളുമാണോ മാഷുമ്മാരും ടീച്ചര്‍മാരും? പലപ്പോഴും പൊതുജനം പോലീസ് എന്നു കേള്‍ക്കുമ്പോള്‍ ഫീലിങ്ങ് കലിപ്പിന്റെയും വാദ്ധ്യാര്‍ എന്നു കേള്‍ക്കുമ്പോള്‍ ഫീലിങ്ങ് പുച്ഛത്തിന്റെയും സ്റ്റിക്കര്‍ മുഖത്തൊട്ടിക്കുന്നത് എന്തുകൊണ്ടാകണം? തൊഴിലിടങ്ങളില്‍ തരം കിട്ടുമ്പോഴൊക്കെ എടുത്തണിയേണ്ടി വരുന്ന ഹിറ്റ്‌ലര്‍ വേഷങ്ങളാണോ രണ്ടു കൂട്ടരേയും പരിഹാസ്യരാക്കുന്നത്? ഗ്രേറ്റ് ഡിക്‌ടേറ്ററിലെ അധികാരി ചാപ്ലിന്‍ അപഹാസ്യനാകുമ്പോളെല്ലാം കാണികള്‍ ആഹ്ലാദിക്കുന്നത് പോലെ അധ്യാപകര്‍ക്ക് അക്കിടി പറ്റുമ്പോഴൊക്കെ ആള്‍ക്കാര്‍ ആനന്ദത്തില്‍ ആറാടുന്നതെന്തുകൊണ്ട്?

bipin chandran, ബിപിന്‍ ചന്ദ്രന്‍, ie malayalam,ഐഇ മലയാളം

കുട്ടികളുടെ നന്മ മാത്രമാണ് ലക്ഷ്യമെന്ന് മുട്ടിനു മുട്ടിനു പ്രഖ്യാപിക്കുന്ന അധ്യാപകരില്‍ അവരറിയാതെ ഒരു ഇരപിടിയന്‍ കടുവ പമ്മിയിരിക്കുന്നുണ്ടോ? തന്റെ ഇച്ചിരിവട്ടമാണ് ഭൂഗോളത്തിന്റെ സെന്ററെന്നവര്‍ ചിലപ്പോഴെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ടോ? ‘സ്ഫടിക’ത്തിലെ കര്‍ക്കശക്കാരനും കടുംപിടുത്തക്കാരനുമായ ചാക്കോ മാഷെങ്ങനെയാണ് പൊതുബോധത്തില്‍ അധ്യാപകവര്‍ഗ്ഗത്തിന്റെ കൊടിയടയാളമായിത്തീര്‍ന്നത്?

അധ്യാപകര്‍ ഇരുത്തിചിന്തിക്കേണ്ടതായ ചില ചോദ്യങ്ങളാണിത്. പക്ഷെ ഇരുന്നും നിന്നും നടന്നും കിടന്നുമൊക്കെ ചിന്തിച്ചാലും ഉത്തരം കിട്ടാത്തത് അവര്‍ക്ക് മാത്രമായിരിക്കും. തങ്ങളുടെ ഇടപെടലുകള്‍ ഒരു വിദ്യാര്‍ത്ഥിയെ എന്തൊക്കെത്തരത്തില്‍ സ്വാധീനിക്കുമെന്ന് സ്വപ്നത്തില്‍ പോലും സങ്കല്‍പിക്കാന്‍ പലപ്പോഴും അധ്യാപകര്‍ക്ക് കഴിയാറില്ലെന്നാണ് സത്യം. തട്ടിപ്പോയാലും ശരി അധ്യാപകനാകില്ലെന്നുറപ്പിച്ചിരുന്ന ഒരാളായിരുന്നു ഞാന്‍. എന്റെ സ്വപ്നത്തെത്തന്നെ അട്ടിമറിച്ചു കളഞ്ഞ ഒരു വാദ്ധ്യാരിടപെടലിന്റെ ഓര്‍മ്മകൂടി പങ്ക് വയ്ക്കുകയാണ് കേട്ടോ.

ഏഴാം ക്ലാസിലേക്ക് ജയിച്ചു കയറുന്ന കാലത്ത് ഇപ്പോളോര്‍ക്കുമ്പോള്‍ മുടിഞ്ഞ ചിരി വരുന്നൊരു സ്വപ്നമുണ്ടായിരുന്നെനിക്ക്. നടക്കാന്‍ വളരെ എളുപ്പമുള്ള ലളിതമായ ഒരെണ്ണം. നാസയില്‍ ശാസ്ത്രജ്ഞനായിത്തീരുക!!!

മുട്ടയില്‍ നിന്നും മൊത്തത്തില്‍ വിരിയാത്ത ആ കാലത്തു കണ്ട സിമ്പിളായുള്ള ആ സ്വപ്നം വല്ലവരും കേട്ടാല്‍ പത്തല് വെട്ടിഅടിച്ചേനേ. അതുകൊണ്ട് ഒറ്റക്കുഞ്ഞിനോടും മിണ്ടാതെ ഞാനത് മനസ്സിന്റെ അണ്ടര്‍വേള്‍ഡില്‍ പൂഴ്ത്തി വച്ചിരിക്കുകയായിരുന്നെന്ന് മാത്രം.

bipin chandran, ബിപിന്‍ ചന്ദ്രന്‍, ie malayalam,ഐഇ മലയാളം

ഏഴാം ക്ലാസ്സിലാണ് അന്നൊക്കെ കണക്കിലെ ജ്യോമെട്രി പാഠങ്ങള്‍ കാര്യമായിട്ട് തുടങ്ങുന്നത്. അതിനു മുന്‍പേ തന്നെ നമ്മള്‍ വീട്ടുകാരെ സോപ്പിട്ട് ഇന്‍സ്ട്രുമെന്റ് ബോക്‌സൊക്കെ വാങ്ങിച്ചിരിക്കും. ക്യാമലാണ് താരം, പിന്നെ നടരാജും. ഗള്‍ഫുകാരുടെ മക്കളില്‍ ചിലര്‍ ഓക്‌സ്‌ഫോർഡ് എന്നൊരു മുന്തിയ ടീമിനെ ഇറക്കുമതി ചെയ്തിരുന്നു. ഏത് ബോക്‌സാണെങ്കിലും ആറാം ക്ലാസ് വരെ അതിന്റെ മേയ്ന്‍ പണി മേശപ്പുറത്ത് ബസ് സര്‍വ്വീസ് കളിക്കുക എന്നതാണ്. കോമ്പസ്, ഡിവൈഡര്‍ തുടങ്ങിയ മാരകായുധങ്ങള്‍ക്കുമുണ്ട് വലിയ ഉപയോഗങ്ങള്‍. ഇരിക്കുന്ന ബഞ്ചില്‍ അശോക ചക്രവര്‍ത്തി ശാസനം എഴുതിയ മട്ടില്‍ പേര് കോറി വച്ച് അനശ്വരരാവുക, ഡസ്‌ക്കില്‍ കുഴികുത്തി മഞ്ചാടിക്കുരു തട്ടിയിടുന്ന ക്യാരംസ് കളിക്ക് വഴിയൊരുക്കുക തുടങ്ങിയ എത്രയോ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് ആ അയേണ്‍ ഏജ് ആയുധങ്ങള്‍ തുണ നിന്നിട്ടുണ്ടാകും.
ഒരിക്കല്‍ സാറ് ചോദിച്ച ചോദ്യത്തിന് ചാടിക്കേറി ഉത്തരം പറഞ്ഞിട്ട് കേമനായിട്ടിരുന്ന സെബി എന്നൊരു കൂട്ടുകാരന്‍ വായുവിലേയ്ക്കും തറയിലേയ്ക്കും സ്പ്രിങ് പോലെ ചാടിയതിന്റെ വിഷ്വല്‍ ഇപ്പോഴും കണ്ണില്‍ നിന്നും മാഞ്ഞിട്ടില്ല. ഇരുന്ന പാങ്ങിന് അവന്റെ പിന്‍ ഭാഗത്തേക്ക് കയറുന്ന പരുവത്തില്‍ നൈസായിട്ട് കോമ്പസ് കുത്തി നിര്‍ത്തിയിരുന്നു മഞ്ജിത് എന്ന മറ്റൊരു ചങ്ങാതി. സെബിയും മഞ്ചിത്തുമിന്ന് അടയും ചക്കരയുമാണ്. പക്ഷെ ഇരയ്ക്കും പ്രതിക്കും അന്ന് ഒരേ ശിക്ഷ വിധിച്ചു കളഞ്ഞ അധ്യാപകന്റെ ‘നീതിബോധം’ എനിക്കിപ്പോഴും പിടികിട്ടാത്തൊരു പ്രഹേളികയാണ്.

എന്തായാലും മോചനം കൊതിച്ച് കല്ലിനുള്ളില്‍ അഹല്യയെന്ന പോലെ ഞങ്ങളുടെ പെട്ടികള്‍ക്കുള്ളില്‍ കിടന്നിരുന്ന ഉപകരണങ്ങള്‍ക്ക് ഏഴാം ക്ലാസായപ്പോള്‍ ആശ്വാസമായി. ശ്രീരാമനെപ്പോലെ അവതരിച്ച കണക്ക് മാഷ് അവയെ സ്വന്തം ധര്‍മ്മങ്ങളിലേക്ക് ഉയിര്‍പ്പിച്ചു. ഗണിതക്കടല്‍ നീന്തി മറുകര പറ്റിയ ആ കണക്കു വിദ്യാപാരംഗതന്‍ ഒരു ദിവസം ക്ലാസ്സില്‍ വന്ന്‌ ഒറ്റ പ്രഖ്യാപനമായിരുന്നു.

‘Two Parallel lines intersect at Infinity’

‘രണ്ട് സമാന്തര രേഖകള്‍ അനന്തതയില്‍ കൂട്ടിമുട്ടുന്നു.’

അത് പുള്ളിക്കാരന്‍ സ്വന്തമായിട്ടു കണ്ടുപിടിച്ച മുട്ടന്‍ തിയറിയാണെന്ന മട്ടിലായിരുന്നു ആ അവതരണം. ജ്യാമിതിയുടെ ബൈബിള്‍ എന്നു പറയുന്ന എലമെന്റ്‌സിൽ യൂക്ലിഡ് നിരത്തിയിട്ട 465 ആക്‌സിയങ്ങളില്‍ വച്ച് മുന്തിയ ഒരിനമാണ് ബോര്‍ഡില്‍ നെഞ്ചും വിരിച്ച് കിടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ലല്ലോ. തിരിച്ചും മറിച്ചും ആലോചിച്ചു നോക്കി ‘ഹരിക്കുമ്പോളും ഗുണിക്കുമ്പോളും ഉത്തരം ശരിയാണെന്നു തോന്നിയാലും ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേ’ എന്ന ഡോക്ടര്‍ സണ്ണി തിയറി അന്നിറങ്ങിയിട്ടില്ല. എന്നാലും പിന്നെയും പിന്നെയും ചിന്തിച്ചു. ഒരന്തവും കിട്ടിയില്ല. ഒരു ഏഴാം ക്ലാസുകാരന്റെ കിഡ്നിയില്‍ ദഹിക്കുന്ന കേസായിരുന്നില്ലത്. അതെങ്ങനെ ശരിയാകും ? ഇവിടെങ്ങാനും മുട്ടാതെ സമാന്തരരേഖകള് അങ്ങ് അനന്തതയില്‍ പോയി കെട്ടിപ്പിടിക്കുന്നതിന്റെ ഗുട്ടന്‍സ് ഓര്‍ത്തു നട്ടം തിരിഞ്ഞു പോയി. ഒടുക്കം രണ്ടും കൽപിച്ച് എഴുന്നേറ്റ് നിന്ന് സാറിനോടാ ചോദ്യമങ്ങു തൊടുത്തു.

bipin chandran, ബിപിന്‍ ചന്ദ്രന്‍, ie malayalam,ഐഇ മലയാളം

‘സാറെ, ഈ വരകള് അവിടെ കൂട്ടിമുട്ടുന്നത് കാണാന്‍ പറ്റുമോ? ‘
സാറ് മൈന്റ് ചെയ്തില്ല ആ ചോദ്യം. എന്നാലും വിടാന്‍ കഴിയുമോ. കണക്കു സാറിനത് കുഞ്ഞുകളി. ഭാവിയില്‍ നാസയില്‍ നിന്ന് അനന്തമായ ആകാശത്തേക്ക് സാറ്റലൈറ്റ് വിട്ടു കളിക്കേണ്ട എനിക്ക് അത് ഇമ്മീഡിയറ്റ് പരിഹാരം കാണേണ്ട ഇന്റര്‍നാഷണല്‍ പ്രശ്‌നമായിരുന്നു. അതുകൊണ്ട് ഒന്നുകൂടി തൊണ്ട കനപ്പിച്ചിട്ട് സാറിനു കുറച്ച് കൂടി വ്യക്തമാകുന്ന തരത്തില്‍ ആ ചോദ്യത്തിനെ ചെറുതായൊന്നു ബ്യൂട്ടിപാര്‍ലറില്‍ കയറ്റി മിനുക്കിയിറക്കി.

‘സാറെ ഇത് കണ്ടുപിടിച്ചയാള് അനന്തതയില്‍ ചെന്ന് നിന്ന് ഈ വരകള് തമ്മില്‍ മുട്ടുന്നത് കണ്ടായിരുന്നോ?’
മറുപടി ഇപ്പം കിട്ടുമെന്ന് കരുതി നിന്ന എന്റെ തലയിലേക്ക് വന്നു വീണത് ഒരു ലോഡ് ചീത്തയായിരുന്നു. ചെവിയുടെ മാന്റില്‍ അടിച്ചു പോകുന്ന കണക്ക് സാറിന്റെ വഴക്കു കേട്ട് കൃതാര്‍ത്ഥനായപ്പോള്‍ എനിക്ക് പിന്നെ ഒറ്റക്കാര്യമേ ചെയ്യാന്‍ ഉണ്ടായിരുന്നുള്ളൂ. നിക്കറിലേക്ക് ഞാന്‍ ചെറിയ തോതിലൊരു ജലസേചനപദ്ധതി തുടങ്ങിവച്ചുു. കളസത്തിലെ നനവ് കൂട്ടുകാരുടെയാരുടെയും കണ്ണില്‍ പെടാതിരുന്നത് മഹാഭാഗ്യമായെന്നു മാത്രം. ആ സ്കൂള്‍ അന്ന് ഒരു ആണരശുനാടായിരുന്നത് മറ്റൊരു ലോട്ടറി. പെമ്പിള്ളേരെങ്ങാനും ആ ക്ലാസിലുണ്ടായിരുന്നെങ്കില്‍ ഉറപ്പായിട്ടും ഞാനന്ന് തൂങ്ങിച്ചത്തേനെ.

ഏതായാലും രണ്ടുകാര്യം അന്നു ഞാനുറപ്പിച്ചു. ശ്രീരാമനല്ല, മറിച്ച് പോത്തില്ലാതെ ക്ലാസിലേക്ക് കയറി വരുന്ന കാലമാടാവതാരമാണ് കണക്ക് സാറ്. അയാളുടെ വിഷയം പഠിക്കാന്‍ ഇനി ഞാനോ എന്റെ പട്ടിയോ റെഡിയല്ല. സ്വാഭാവികമായും കണക്കിന് മാര്‍ക്ക് കുറയാന്‍ തുടങ്ങിയതോടെ വീട്ടിലെ പോളിറ്റ് ബ്യൂറോയില്‍ അക്കാര്യം ചര്‍ച്ചയായി. ‘അവന്‍ പല രൂപത്തിലും വരും’ എന്ന് ബഷീര്‍ പറഞ്ഞത് കറക്ടാണ്. വീട്ടില്‍ മുതുകാലന്‍ അവതാരമെടുത്തത് ചേട്ടന്റെ രൂപത്തിലായിരുന്നു. പഠിപ്പിസ്റ്റായ ചേട്ടന്‍ കണക്ക് കോച്ചിങ് തുടങ്ങിയതോടെ അടിയന്തരാവസ്ഥക്കാലത്തെ നക്‌സലെറ്റുകള്‍ക്ക് ജയറാം പടിക്കലിനോട് തോന്നിയ പ്രേമമായി എനിക്കാ വിഷയത്തോട്. ചേട്ടന് തീരെ പിടിപാടില്ലാത്ത ഒന്നേ ഉണ്ടായിരുന്നുള്ളൂ. മലയാളം. ശത്രുവിന്റെ ശത്രു മിത്രം എന്ന ന്യായത്തില്‍ ഞാന്‍ ആ വിഷയത്തിന്റെ കമ്പനിയിലേക്ക് കൂടി.

bipin chandran, ബിപിന്‍ ചന്ദ്രന്‍, ie malayalam,ഐഇ മലയാളം

പഠിക്കാന്‍ വല്യ ബുദ്ധിയൊന്നും വേണ്ടാത്ത വിഷയമെന്ന് ദുഷ്‌പേര് ആവശ്യത്തിനുണ്ടല്ലോ മലയാളത്തിന്. അതുകൊണ്ടു തന്നെ മലയാളം പഠിക്കുന്നവര് ജീവിതത്തില്‍ പച്ച പിടിക്കാന്‍ സാധ്യത കുറവാണെന്ന ധാരണയും സ്വാഭാവികമായുണ്ടാകുന്ന ഒന്നാണ്. ബന്ധുജനങ്ങളുടെ സഹതാപനോട്ടം പുഷ്ടിക്കു കിട്ടുമെന്നതായിരുന്നു മലയാളം പഠിച്ച സമയത്തെ ഒരു മെച്ചം. എന്തിനധികം വിസ്തരിക്കുന്നു. നാസയില്‍ നിന്നും റോക്കറ്റ് വിട്ട് കളിക്കാനിരുന്നവന്‍ ‘ക’ യ്ക്കു നീട്ടം ‘കൂ’ എന്നും കുനിപ്പിട്ടാല്‍ ‘കീ’ എന്നുമൊക്കെ മുതിര്‍ന്നിട്ടും എഴുതുന്ന വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ തിരുത്തിത്തിരുത്തി ഒരു വഴിയ്ക്കാക്കുന്ന പഹയനായി മാറിയെന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ. നിനയ്ക്കാത്തിടത്താണ് ജീവിതകഥയുടെ പരിണാമഗുപ്തി ചെന്നെത്തിയതെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ കുറ്റബോധമൊന്നും തോന്നുന്നില്ല.

കണക്കും സയന്‍സുമൊക്കെ സ്റ്റാന്‍ഡ് വിട്ട് പോയിട്ട് കൊല്ലം കുറേ കഴിഞ്ഞെങ്കിലും ആ സമാന്തര വരകളെ കുറിച്ചുള്ള സംശയം ചാരം മൂടിയ അടുപ്പിലെ കനല് പോലെ കെടാതെ കിടക്കുന്നുണ്ടായിരുന്നു. ആ തീയില്‍ ചെറുതായൊന്ന് കാറ്റൂതി നോക്കിയപ്പോഴാണ് നോണ്‍ യൂക്ലിഡിയൻ ജ്യാമിതിയെ കുറിച്ചും ഗോസിനെക്കുറിച്ചുമൊക്കെ അറിഞ്ഞത്. അറിഞ്ഞു വന്നപ്പോള്‍ ‘എന്നാലുമെന്റെ കണക്കുമാഷെ’ എന്ന് വിളിച്ചു പോവുക തന്നെ ചെയ്തു.

സമാന്തര രേഖകള്‍ അനന്തതയില്‍ കൂട്ടി മുട്ടേണ്ടതായ ഒരു കാര്യവുമില്ലെന്ന് കണ്ടെത്തിയ ചില കണക്കിലെ കേമന്മാര്‍ നൊബേല്‍ സമ്മാനം കിട്ടാന്‍ തക്ക യോഗ്യതയുള്ളവരായിരുന്നത്രേ. പക്ഷെ അവര്‍ക്കതൊരിക്കലും കിട്ടില്ലായിരുന്നു. കാരണം ക്വീന്‍ ഓഫ് സയന്‍സ് എന്നു പറയുന്ന ഗണിതശാസ്ത്രത്തിന് നൊബേല്‍ സമ്മാനം ഇല്ലെന്നതു തന്നെ. തന്റെ ഭാര്യയുടെ കാമുകന്‍ ഒരു ഗണിത ശാസ്ത്രജ്ഞനായതു കൊണ്ടുള്ള കുശുമ്പു മൂത്തിട്ടാണ് ആല്‍ഫ്രഡ് നൊബേല്‍ കണക്കിന് മാത്രം തന്റെ സമ്മാനം ഏര്‍പ്പെടുത്താഞ്ഞതെന്നൊരു വാദവും പലരും ബലമായി പറയാറുണ്ട്. അത് ഉള്ളതായാലും ഇല്ലാത്തതായാലും എന്റെ കണക്കു സാറ് എന്നോട് ചെയ്തതൊരു കൊലച്ചതിയായിരുന്നു. പഠിപ്പിക്കുന്ന പുസ്തകത്തിനപ്പുറത്തൊന്നും തന്നെ അറിയാന്‍ മെനക്കെടാതിരുന്ന പുള്ളിക്കാരന്റെ ഈഗോ ഒരു ഏഴാം ക്ലാസുകാരന്റെ നിക്കറില്‍ മാത്രമല്ല മൂത്രം വീഴിച്ചത്. അറിയാന്‍ ആഗ്രഹമുള്ളൊരു ചെറുക്കന്റെ അഭിരുചിയുടെ തീയാണ് സത്യത്തിലങ്ങേര് നനച്ചു കെടുത്തിയത്. തങ്ങളുടെ അറിവില്ലായ്മ കൊണ്ടും അഹന്ത കൊണ്ടും അധ്യാപകര്‍ കെടുത്തി കളഞ്ഞ കനല്‍ത്തെളിച്ചങ്ങളുടെ കഥകളും കണക്കുകളും വിദ്യാര്‍ത്ഥി സമൂഹം പച്ചയ്ക്കു നിരത്തിയാല്‍ പലരും വെറുതെ ചമ്മിപ്പോയേക്കാം. ആന ചവിട്ടിയാലും ചാവാത്തവരുണ്ടെന്ന് ‘സ്ഫടിക’ത്തില്‍ പറയുന്നതു പോലെ ഇതിനൊക്കെ അപവാദമായി ചൂണ്ടിക്കാട്ടാവുന്ന അധ്യാപകരുണ്ടെന്നത് നേര് തന്നെ.

താനാ ലിസ്റ്റില്‍ പെടുമെന്ന് നെഞ്ചില്‍ കൈവച്ച് എത്ര പേര്‍ക്ക് പറയാന്‍ കഴിയുമെന്നിടത്താണ് പ്രശ്‌നം. അതുകൊണ്ട് പുതുമയുടെ കര്‍ഷകരായിത്തീരേണ്ട അധ്യാപകര്‍ക്ക് സ്വയം പുതുക്കലിനുള്ള ചില ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമായി ഈ ട്രോളന്‍ ചിരിക്കാലത്തെ സ്വീകരിക്കാവുന്നതല്ലേ? പുതിയ അറിവുകള്‍ സമ്പാദിക്കണമെന്നു നാഴികയ്ക്ക് നാൽപതുവട്ടം കുട്ടികളെ ഉദ്‌ബോധിപ്പിക്കുന്ന നമ്മള്‍ മാസത്തില്‍ ഒരു പുസ്തകമെങ്കിലും വായിക്കാറുണ്ടോ? ക്ലാസ് മുറികളെയും സ്‌കൂളന്തരീക്ഷത്തെയും ജനാധിപത്യപരമാക്കാന്‍ എന്തൊക്കെ നടപടികളാണ് നാം കൈക്കൊള്ളാറുള്ളത്? അധ്യാപന പരിശീലന കാലത്ത് പരിചയിച്ചു ചില്‍ഡ്രന്‍സ് സൈക്കോളജിക്കപ്പുറം നമ്മള്‍ ആ മേഖലയില്‍ സമ്പാദിച്ച പുതിയ അറിവുകളെന്തൊക്കെയാണ്, സ്വായത്തമാക്കിയ പുതു സമീപനങ്ങളെന്തൊക്കെയാണ്? ഇങ്ങനെ കുറച്ചു ചോദ്യങ്ങള്‍ ചീറി പാഞ്ഞുവന്നാല്‍ ഇച്ചിരി നാണത്തോടെ കള്ളച്ചിരി പാസാക്കാത്ത എത്ര പേരുണ്ടാകും നമ്മുടെ കൂട്ടത്തില്‍? നമ്മുടെ മുഖത്തു വിടരുന്ന ആ പളുങ്ങിയ ചിരിയാണ് ട്രോള്‍ കണ്ണാടികളില്‍തട്ടി റേഷന്‍കട ഫലിതങ്ങളായി പ്രതിഫലിക്കുന്നതെന്ന് തിരിച്ചറിയുകയെങ്കിലും ചെയ്യേണ്ടതില്ലേ?

bipin chandran, ബിപിന്‍ ചന്ദ്രന്‍, ie malayalam,ഐഇ മലയാളം

‘ട്രോളോ? അതെന്താണ് സാധനം ? ഞാനീ വാട്സാപ്പും ഫെയ്സ്ബുക്കുമൊന്നും നോക്കാറില്ലെന്നേ’ എന്നൊക്കെ പ്രതികരിക്കുന്നവരുണ്ടാകാം. പിന്നെയെന്താണ് നോക്കാറ് എന്ന മറുചോദ്യത്തിന് ദിനപത്രം എന്ന മറുപടിയെങ്കിലും കിട്ടിയാല്‍ ഭാഗ്യം. സ്വന്തം കാലത്തിലും ചരിത്രത്തിലുമൊക്കെ നടക്കുന്നതെന്തെന്നറിയാതെ ഏതോ സൗവര്‍ണ്ണ ഭൂത കാലത്തെക്കുറിച്ചുള്ള വ്യാജസ്വപ്നത്തില്‍ സ്വയം മയങ്ങിക്കിടന്നാല്‍ നമ്മളെങ്ങനെയാണ് ഇന്നിന്റെ കുട്ടികളെ നാളെയുടെ സാധ്യതകളിലേക്ക് നയിക്കുക?

ആപ്പിളിന്റെ സ്വാദിന് മാര്‍ക്കിട്ട് കുരു തുപ്പിക്കളയാന്‍ എളുപ്പമാണ്. ഓരോ കുരുവില്‍ നിന്നും പടര്‍ന്ന് പന്തലിക്കാവുന്ന ആപ്പിള്‍ തോട്ടങ്ങളുടെ സാധ്യത കാണാന്‍ കഴിയുന്ന പരുവത്തിലേക്ക്, അധ്യാപകര്‍ വികസിക്കേണ്ടതില്ലേ? ആപ്പിളിലെ കുരു എണ്ണുന്നതിനു പകരം കുരുവിലെ ആപ്പിള്‍ തോട്ടങ്ങള്‍ സങ്കല്‍പ്പിക്കുന്ന അധ്യാപകരുടെ കിനാശ്ശേരി വിടരുമെന്നല്ലേ നാം സ്വപ്നം കാണേണ്ടത്. ആ കിനാശ്ശേരിയിലേ ഈ പരിഹാസങ്ങള്‍ പൂച്ചെണ്ടുകളായി പരിണമിക്കൂ.

Read More: ബിപിൻ ചന്ദ്രൻ എഴുതിയ കുറിപ്പുകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Bipin chandran column chandrapaksham ente ration teacher