‘ഇജ്ജാതിക്കാത്തോട്ടം എജ്ജാതി നിന്റെ നോട്ടം’
‘തണ്ണീർമത്തൻ ദിനങ്ങളി’ലെ ഹിറ്റ് പാട്ട് ചുണ്ടത്ത് ചുമ്മാ പൊട്ടിവിരിഞ്ഞപ്പോഴാണ് ‘എജ്ജാതി’ എന്ന പ്രയോഗത്തെക്കുറിച്ച് ആലോചിച്ചത്. പ്രാദേശിക പദങ്ങളെ ‘പാൻ കേരള’ പ്രയോഗങ്ങൾ ആക്കുന്നതിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് ചില്ലറ പങ്കല്ല ഉള്ളത്. പുതു മലയാളത്തിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിച്ചു വരുന്നതിനിടയിലാണ് ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഒക്കെ കണ്ടു വരുന്ന ചില ജാതി നോട്ടങ്ങളിലേക്ക് ആലോചന ഇൻഡിക്കേറ്റർ ഇട്ടത്. സ്കൂളിൽ പഠിച്ചിരുന്ന സുരേഷും അഹമ്മദും അരവിന്ദും മാലതിയും ഇന്ന് സുരേഷ് മേനോനും അഹമ്മദ് റാവുത്തറും അരവിന്ദ് നായരും മാലതി വാര്യരും ഒക്കെ ആയിരിക്കുന്ന അവസ്ഥയിൽ മനുഷ്യർ ആരും തന്റെ കൂടെ പഠിച്ചിരുന്നില്ലേ എന്ന് വിസ്മയിക്കുന്ന തരത്തിലുള്ള ഉള്ള ഒരു പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത് ഓർമ്മ വരുന്നു. സോമൻ കടലൂരിന്റെ ‘മിടുക്കർ ‘എന്ന കവിത ജാതിയേക്കാൾ മതം എന്ന വിഷയത്തെ ആണ് അഭിസംബോധന ചെയ്യുന്നത്. അത് ഇങ്ങനെയാണ്.
‘നിന്റെ മകൻ സെൻറ് തോമാ ഇംഗ്ലീഷ് മീഡിയത്തിൽ
എന്റെ മകൾ വിവേകാനന്ദ വിദ്യാഭവനിൽ
അവന്റെ മകനും മകളും ഇസ്ലാമിക് പബ്ലിക് സ്കൂളിൽ
ഒരേ ബെഞ്ചിലിരുന്ന് ഒരു പാഠപുസ്തകം പങ്കിട്ട്
ഒരേ വിശപ്പ് വായിച്ച് നമ്മൾ പഠിക്കാതെ പഠിച്ച
ആ പഴയ സ്കൂൾ ഇപ്പോഴും ഉണ്ട്
പണ്ടത്തെ നമ്മുടെ അച്ഛനമ്മമാരെപ്പോലെ പരമ ദരിദ്രരായ
ചിലരുടെ മക്കൾ അവിടെ പഠിക്കുന്നുണ്ട്
ഒരിക്കൽ കുരിശും വാളും ശൂലവുമായി
നമ്മുടെ മക്കൾ കലി തുള്ളുമ്പോൾ
നടുക്ക് വീണു തടുക്കാൻ അവരെങ്കിലും മിടുക്കരാകട്ടെ…’
അച്ഛൻറെ അടി പേടിച്ച് ഞെട്ടിയെഴുന്നേറ്റു പാഠപുസ്തകം വായിച്ചപ്പോൾ ‘കൊട്ടാരക്കര ഒരു പണിക്കർക്ക് വാൽ ഉണ്ടായിരുന്നു’ എന്ന അബദ്ധം വായിൽ നിന്ന് ചാടിയതിനെക്കുറിച്ച് ഇ വി കൃഷ്ണപിള്ള ജീവിതസ്മരണകളിൽ നർമ്മമ മധുരമായി വിവരിച്ചിട്ടുണ്ട്.
‘ഒരു രാത്രി ഇങ്ങനെ പറ്റി. അച്ഛൻ വളരെ അടുത്ത് എത്തിയതിനു ശേഷമാണ് എന്നെ അമ്മ വിളിച്ചുണർത്തിയത്. ഞാൻ ഏതോ തപ്പിത്തടഞ്ഞു വായന തുടങ്ങി. വായിച്ചത് ഇങ്ങനെയാണ് ‘കൊട്ടാരക്കര ഒരു പണിക്കർക്ക് ഒരു വാൽ ഉണ്ടായിരുന്നു.’ എന്താണ് ഇതിനർത്ഥം എന്നോ എങ്ങനെയാണ് ഈ ഡാർവിൻ തത്വം എന്റെ നാക്കിൽ ഉദിച്ചത് എന്നോ എനിക്ക് ഇന്നും അറിവില്ല. ഒരു പണിക്കർക്ക് ഒരു വാൽ ഉണ്ടായിരുന്നു പോലും! എങ്ങനെ പറ്റിയോ എന്തോ! പ്രത്യക്ഷത്തിൽ തന്നെ വിശ്വാസയോഗ്യമല്ലാത്ത ഈ അത്ഭുത വാർത്ത കേട്ടുകൊണ്ടാണ് അച്ഛൻ കേറി വന്നത്. അന്ന് അടിയുടെ പൊടിപൂരം ആയിരുന്നുവെന്ന് വേറെ പറയണമെന്നില്ലല്ലോ. ഏതു ജാതി പണിക്കർക്കാണ് ഇങ്ങനെ ഒരു അലങ്കാരം ഉണ്ടായിരുന്നത്? നായർ പണിക്കർക്കാണോ മാപ്പിളപ്പണിക്കർക്കാണോ ഈഴവപ്പണിക്കർക്കാണോ എന്നൊന്നും അന്വേഷിക്കുന്നതിന് അച്ഛൻ മുതിർന്നതേയില്ല.’
Read More: പിണറായിപ്പുതപ്പ്
ഈവിയ്ക്ക് പിണഞ്ഞതു പോലെ അറിയാതെ സംഭവിച്ച അമളിയോ അക്കിടിയോ അബദ്ധമോ അല്ല പലർക്കും ഇന്ന് പേരിന്റെ കൂടെയുള്ള വാൽ. ഫേസ്ബുക്കിൽ കാണുന്ന പല വാലായ്മക്കാർക്കും ഔദ്യോഗിക രേഖകളിൽ അത് ഇല്ലെന്നതും ഇല്ലാത്ത എക്സ്റ്റൻഷൻ കഷ്ടപ്പെട്ട് കൂട്ടിച്ചേർത്ത ചിലർ ഉണ്ടെന്നതും വാലിനെ വീണ്ടും വെള്ളിവെളിച്ചത്തിൽ എത്തിക്കുന്നു. പഴമയുടെ പരിയംപുറത്തേക്ക് പണ്ട് നാണത്തോടെ വലിച്ചെറിഞ്ഞു കളഞ്ഞ പലതും ആനയുമമ്പാരിയുമായി എഴുന്നള്ളിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
‘രാജമാണിക്യം’ സിനിമയിൽ ‘യവൻ പുലിയാണ് കേട്ടാ’ എന്ന് പറയുന്ന ബെല്ലാരി രാജയോട് മനോജ് കെ ജയന്റെ രാജസെൽവം തിരിച്ചടിച്ചത് ഇങ്ങനെ: ‘ഞാൻ പുലിയാണോ പോത്താണോ എന്നൊക്കെ അധികം വൈകാതെ നീ അറിയും.’
അതിനു മറുപടിയായി മാണിക്യം പറഞ്ഞു ‘ഓ… പക്ഷേ ചെല്ലാ, ഒരു ചെറിയ കാര്യോണ്ട്. രണ്ടിന്റെയും പുറകില് ഞാന്നു കിടക്കുന്ന ഒരു സാനോണ്ട്. വാല് വാല്.’
ടി എ ഷാഹിദ് എഴുതിവെച്ച സംഭാഷണത്തിലെ പോലെ ലളിതമല്ല പേരുകൾക്കു പിന്നിൽ തൂങ്ങിക്കിടക്കുന്ന ആ സാധനം. ചില കേസുകളിൽ എങ്കിലും മൂർത്തിയേക്കാൾ വലിയ ശാന്തികളും പടിപ്പുരയെക്കാൾ വലിയ പിന്നാമ്പുറങ്ങളും ആണവ. ആളിന്റെ മൂല്യത്തേക്കാൾ പലപ്പോഴും പ്രഥമ ഗണനീയമാകുന്നു വാലിന്റെ മൂല്യം. മുഴക്കോലുകൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പേരിലെന്തിരിക്കുന്നു എന്നതിനു പകരം വാലിൽ എന്തിരിക്കുന്നു എന്നു ചോദിക്കേണ്ടി വന്നേനെ പഴയ ഇംഗ്ലീഷ് നാടകക്കാരന്. ചാതുർവർണ്യത്തിന്റെ ചമൽക്കാരങ്ങൾ തോരണം പോലെ, കാണുന്ന തൂണിലെല്ലാം തൂക്കിയിടാൻ തിടുക്കം കാട്ടുന്നിപ്പോൾ പലരും. വാലിൽ പലതും ഇരിക്കുന്നു എന്ന വാസ്തവത്തെ പേടിപ്പെടുത്തുന്ന തരത്തിൽ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു വർത്തമാനകാലം. ‘ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ’ എന്നെഴുതിയ ഇടശ്ശേരി ഒക്കെ ഇന്നുണ്ടായിരുന്നെങ്കിൽ എന്തെഴുതിയേനെ? മിക്കവാറും എഴുത്ത് നിർത്തിയേനെ.
സാക്ഷാൽ മഹാത്മാഗാന്ധിയെ അകത്തു കയറ്റാതെ പുറത്തിരുത്തിയ ഇണ്ടംതുരുത്തി മന ഇന്ന് ചെത്തുതൊഴിലാളി യൂണിയൻ ആപ്പീസ് ആണെന്ന് സുനിൽ പി ഇളയിടം ഓർമ്മപ്പെടുത്തുന്നു. തൊഴിലാളി യൂണിയൻ ഓഫീസുകൾ ഇണ്ടംതുരുത്തിമനകളായി തിരിച്ചു പരിവർത്തിക്കുന്ന ഒരു അപകടം കേരളത്തെ ഇന്ന് കണ്ണുംതുറിച്ചു നോക്കി ഇരിക്കുന്നുണ്ട്. മനകളും മാടമ്പി വാഴ്ചകളും കിണ്ടി കോളാമ്പികളും അടക്കം കേരളം കെട്ടുകെട്ടിച്ച പലതും പുതിയ കാലത്തിന്റെ കോട്ടും സൂട്ടും കാൽസ്രായിയുമണിഞ്ഞ് മേക്കപ്പ് ഇട്ടു റെഡി ആകുന്നുണ്ട്.
തയ്യൽക്കാരന്റെ അനിയനും ചെത്തുകാരന്റെ മകനും ഒക്കെ മാറി മാറി മാറി കേരളം ഭരിക്കുന്നു എന്ന അസഹ്യതയുടെ ഉറവിടം ആ അണിയറയാണ്. പട്ടിക്കും പൂച്ചക്കും നടക്കാവുന്ന വഴികളിൽ മനുഷ്യർക്ക് നടക്കാൻ പാടില്ലായിരുന്ന ഒരു കേരളം ഇവിടെ ഉണ്ടായിരുന്നു. മനുഷ്യരുടെ മക്കൾക്ക് കരയിൽ കൂട്ട്‌ചേർന്നിരിക്കാൻ കഴിയാതെ വന്നിട്ട് കായലിൽ വള്ളം കൂട്ടിയിട്ട് പലകപ്പുറത്ത് അണിനിരന്നു സമ്മേളനം നടത്തേണ്ടി വന്ന ഒരു കേരളം. അവിടെ ജീവിച്ച ശീലബലത്തിലാണ് ചിലർ പന്തിഭോജനം നടത്തിയ സഹോദരൻ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് പരിഹസിച്ചു വിളിച്ചത്.
‘പാളേൽ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന് വിളിപ്പിക്കും ചാത്തൻ പൂട്ടാൻ പോകട്ടെ ചാക്കോ നാടു ഭരിക്കട്ടെ’ എന്ന് ടി കെ ചാത്തൻ മന്ത്രിയായിരുന്ന കാലത്ത് നാടുനീളെ മുദ്രാവാക്യം വിളിച്ചു നടന്നവരുടെ മനസ്സിലും ആഭിജാത്യത്തെ സംബന്ധിച്ച അപകടധാരണകൾ ഒരുപാടുണ്ടായിരുന്നിരിക്കുമല്ലോ. ഇ എം എസ് ‘നമ്പൂതിരിപ്പാടും’ ഈ കെ ‘നായനാരും’ സി. അച്യുത’മേനോനും’ വി ആർ കൃഷ്ണ’യ്യരും’ എം എൻ ഗോവിന്ദൻ ‘നായരും’ പി കെ വാസുദേവൻ ‘നായരും’ ഒക്കെ ചേർന്ന് കൊടി പിടിച്ചുകൊണ്ടുവന്ന വിപ്ലവ മുന്നേറ്റം ജാതി ബോധത്തെ എത്രമാത്രം തൂത്തു കളഞ്ഞു എന്ന ചോദ്യത്തിന് ഒരുപാടു പേർ മറുപടി പറഞ്ഞിട്ടുണ്ട്. ജാതി വിരുദ്ധ പോരാട്ടങ്ങളിൽ കമ്യൂണിസ്റ്റുകൾ ചെയ്ത കാര്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ചരിത്ര വിരുദ്ധമാകും. പക്ഷേ അവർ പോലും കാണാൻ വിട്ടുപോയ ചില കാര്യങ്ങൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കുന്നത് അത്ര കേമമൊന്നുമല്ല.
ചാരം മൂടിയ അടുപ്പിൽ കെടാതെ കിടക്കുന്ന കനൽ പോലെയാണ് മനുഷ്യമനസ്സിലെ ജാതിചിന്തയും. ആസാംകാരി ഹിമ ദാസ് അത്‌ലറ്റിക്സിലും ആന്ധ്രക്കാരി പി വി സിന്ധു ബാഡ്മിൻറനിലും വെട്ടിപ്പിടിച്ച അന്താരാഷ്ട്ര നേട്ടങ്ങളെക്കാൾ അതിശയിപ്പിക്കുന്നതായിരുന്നു ഇന്ത്യക്കാർ ‘അന്ത സമയങ്ങളിൽ എന്ത സംഗതിയാണ് ഏറ്റവും തിരഞ്ഞത്?’ എന്നത്. തെക്കേ ഇന്ത്യയും കിഴക്കേ ഇന്ത്യയുമൊക്കെ പലരുടെയും ഭാരതീയതാ സങ്കല്പങ്ങൾക്ക് വെളിയിൽ ആകുന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു ആ സന്ദർഭങ്ങൾ. ഗൂഗിളിൽ ആ സമയങ്ങളിൽ ഏറ്റവും സെർച്ച് നടന്നത് ഹിമയുടെയും സിന്ധുവിന്റെയും ജാതി ഏതെന്ന് കണ്ടുപിടിക്കാൻ ആയിരുന്നു.
ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റൻറ് കളക്ടറായി ചാർജ് എടുത്തപ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെട്ടതും അത് തന്നെയായിരുന്നു. ഫേസ്ബുക്കിലെ ജാതിക്കുമ്മികൾ സകല പരിധിയും വിട്ടു കൈകൊട്ടിത്തകർത്തപ്പോൾ സാംസ്കാരിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്ന നില വരെ എത്തി കാര്യങ്ങൾ. പിന്നീട് ആ പരാതിയെക്കുറിച്ചുള്ള ചർച്ചകളുടെ ചീനച്ചട്ടിയിലും വറുത്തെടുക്കപ്പെട്ടത് ജാതിയരി തന്നെ. പരിശോധനയ്ക്കെന്ന വ്യാജേന പലരും മുറിവിന്റെ പൊറ്റ പൊളിച്ചു നോക്കുമ്പോൾ മുറിഞ്ഞവർക്കുണ്ടാകുന്ന നീറ്റലിനെപ്പറ്റി പലർക്കും വേണ്ടത്ര ധാരണകൾ ഇല്ല എന്നതാണ് സത്യം.
‘I Can’t Breathe ‘ എന്ന വിലാപം ലോകം മുഴുവൻ അലയടിക്കുമ്പോഴും ജാതി അത്ര വലിയ പ്രശ്നമാണോ എന്ന ഊളക്കോമഡിച്ചോദ്യം ഉയരുന്നതിന് ഒരു കാരണം നിഷ്കളങ്കതയാണ്. ജനങ്ങൾ അപ്പം കിട്ടാത്തതുകൊണ്ട് സമരം ചെയ്യുന്നു എന്ന് കേട്ടപ്പോൾ ‘അവർക്ക് കേക്ക് തിന്നു കൂടേ’ എന്നു ചോദിച്ച രാജ്‌ഞിയുടെ പോലുള്ള വൃത്തികെട്ട നിഷ്കളങ്കത. ജീവിതത്തിൽ വല്ലപ്പോഴുമെങ്കിലും ആഭിജാത്യഭാവങ്ങളുടെ വക ഒരു തട്ടു കിട്ടണം നമുക്ക്. അപ്പോഴേ ചെറുതായെങ്കിലും നമ്മൾ അതിനെക്കുറിച്ചൊക്കെ ഒന്ന് ആലോചിച്ചു തുടങ്ങൂ. വ്യക്തിപരമായി കിട്ടിയ അത്തരമൊരു തട്ടിനെക്കുറിച്ച് അടുത്ത തവണ പറയാം.
തൽക്കാലം ചുരുക്കട്ടെ.
ബിപിന്‍ ചന്ദ്രന്‍ എഴുതിയ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം