scorecardresearch

ചാവു നടപ്പ്

ഓർക്കുന്നുണ്ടോ നമ്മൾ അരിക്കാശ് തേടിയിറങ്ങിയ ചില കൂട്ടങ്ങളെ? അരപ്പട്ടിണിയിൽ അനേകകാതങ്ങൾ നടന്നു നീങ്ങാൻ വിധിക്കപ്പെട്ടവരെ? അരയടി പോലും മുന്നോട്ടു പോകാൻ വയ്യാതായപ്പോൾ ക്ഷീണിച്ചു വീണു കിടന്നുറങ്ങിപ്പോയവരെ? കനൽപ്പാതകളിൽ നിന്നു തീ തുപ്പുന്ന മരണപ്പാളങ്ങളിലേക്ക്‌ പതിച്ചു പോയവരെ?

bipin chandran, ബിപിന്‍ ചന്ദ്രന്‍, Chavunadappattu, Death-Walk Song, ചാവുനടപ്പാട്ട്, Anwar Ali, അൻവർ അലി, social media, സാമൂഹ്യ മാധ്യമം,

“നിങ്ങൾ നടന്നുവന്ന വഴികൾ പലതും ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ

സാരമില്ല. നടക്കുവാൻ ഇരിക്കുന്നതേറെയും നടന്നു കഴിഞ്ഞതാണെന്നും വിചാരിക്കാമല്ലോ”

-ആനന്ദ്, ഗോവർധന്റെ യാത്രകൾ

മനുഷ്യർ നടപ്പ് തുടങ്ങിയിട്ട് എത്ര നൂറ്റാണ്ടുകൾ ആയിട്ടുണ്ടാകും? നൂറ്റാണ്ടുകൾകൊണ്ട് നമ്മുടെ വർഗ്ഗം നടന്നു കൂട്ടിയ കാതങ്ങൾ ചേർത്ത് വച്ചാൽ അത് പ്രപഞ്ചത്തിന്റെ ഏത് കോണുകൾ വരെ നീളും? ഇനി പ്രപഞ്ചത്തിന് കോണുണ്ടോ? കൃത്യമായ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. ചിന്തിച്ചാൽ ഒരു അന്തവും കിട്ടാത്തവ. എന്നാൽ ചിന്തിച്ചില്ലെങ്കിലും ഒരു കുന്തവും സംഭവിക്കാത്ത വിഷയമാണോ നടപ്പ്? അങ്ങനെ തീർത്തു പറയാൻ വയ്യ എന്നാണ് എന്റെ ഒരു ഇത്. ജീവിക്കാൻ വേണ്ടി നടന്ന ഒരു ജീവിവർഗം ആണ് നാം. നടന്നാൽ മാത്രം ജീവിക്കാൻ കഴിഞ്ഞിരുന്ന ഒരു വർഗ്ഗം.

നടന്നില്ലെങ്കിലും ജീവിക്കാൻ പറ്റുമെന്ന പാങ്ങ് വന്നപ്പോഴാണ് മനുഷ്യ ചരിത്രത്തിൽ എടുത്തടിച്ചപോലുള്ള മാറ്റങ്ങളും മനുഷ്യജീവിതക്രമ വ്യതിയാനങ്ങളിൽ ഹനുമാൻ ചാട്ടങ്ങളും ഉണ്ടായിത്തുടങ്ങിയത്. നടന്നവർ നിൽക്കാനും നിന്നവർ ഇരിക്കാനും ഒക്കെ തുടങ്ങിയപ്പോൾ ചില്ലറ മാറ്റങ്ങൾ അല്ല മനുഷ്യ കഥയിൽ ഉണ്ടായത്. പണി തേടി നടക്കുകയും പണിക്ക് നിൽക്കുകയും പണിയില്ലാതെ ഇരിക്കുകയും പണിയേ ചെയ്യാതെ കിടക്കുകയും ഒക്കെ ചെയ്യുന്നവർ തമ്മിൽ വർഗ്ഗപരമായ വൈരുദ്ധ്യങ്ങൾ ഉണ്ടായതിന്റെ നാൾവഴികൾ സംഗ്രഹിക്കാൻ ശ്രമിച്ചപ്പോഴാണ് ചരിത്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തന്നെ മാറിമറിഞ്ഞത്.

നിൽക്കുകയും നടക്കുകയും കിടക്കുകയും ചെയ്തതിനേക്കാൾ സമയം ഇരുന്ന് വായിക്കാനും പഠിക്കാനും എഴുതാനും ചെലവാക്കിയപ്പോഴാണ് നാളിതുവരെയുള്ള മനുഷ്യകഥ വർഗ്ഗ സമരങ്ങളുടെ കഥയാണെന്ന് ഒരാൾക്ക് പിടികിട്ടിയത്. മരത്തിന്റെ മൂട്ടിൽ ഇരുന്നു വേര് കിളിർക്കുമെന്ന പരുവത്തിലായപ്പോൾ വെളിപാടും മൂലക്കുരുവും പൊട്ടിയ മനുഷ്യരുമുണ്ട്.

പള്ളിക്കൂടത്തിലേക്കുള്ള ഒടുക്കത്തെ നടപ്പിൽ നിന്ന് വീട്ടുവാതിൽക്കലെ സ്കൂൾ ബസ്സിലേക്കുള്ള ഒരു ചാൺ ചാട്ടത്തിലേക്കുള്ള പരിണാമ കഥ സങ്കൽപ്പിക്കുന്നത്ര സിമ്പിൾ അല്ലായിരുന്നു എന്നതാണ് സത്യം. വാനരനിൽ നിന്ന് വാലില്ലാത്ത നരനിലേക്കുള്ള മാറ്റത്തിൽ നടന്നതിനേക്കാൾ സങ്കീർണ്ണമായ എത്രയോ പ്രക്രിയകൾ ആ ചെറിയ കാലയളവിൽ സംഭവിച്ചിട്ടുണ്ടാകും. മനുഷ്യർ കൂട്ടത്തോടെ നടത്തിയ ചില നീണ്ട നടത്തങ്ങളടക്കം എത്രയോ സംഭവ പരമ്പരകളുടെ തുടർചലനങ്ങളതിൽ കെട്ടുപിണഞ്ഞു കിടപ്പുണ്ടാകും.

അത്തരമൊരു കൂട്ടനടത്തത്തിന്റെ കാഴ്ച ആദ്യം കണ്ണിൽ പതിഞ്ഞത് സിനിമാക്കൊട്ടകയിൽ നിന്നാണ്. സിനിമയ്ക്കു മുൻപ് പ്രാകിക്കൊണ്ട് കണ്ടു തീർത്തിരുന്ന ന്യൂസ് റീലുകളിലൊന്നിലാണ് ചെറുപ്പക്കാർ കിതച്ചു പോകുന്ന തരത്തിലാ ഉപ്പ്‌ ജാഥയ്ക്കു മുന്നിൽ നടന്ന വൃദ്ധവേഗത്തെ റെറ്റിന പിടിച്ചെടുക്കുന്നത്. അരി വാങ്ങാൻ ഗാന്ധി ക്യൂവിൽ നിൽക്കുമ്പോൾ ഗോഡ്സെ കാറിലേറി പാഞ്ഞു പോകുന്നതിന്റെ കോമഡി പറഞ്ഞ കൃഷ്ണവാര്യരുടെ കവിത ഇന്ന് ലവലേശം തമാശയില്ലാത്തതായി മാറിയിരിക്കുന്നു. അതിനേക്കാൾ സീരിയസ്സായ കാര്യങ്ങൾ അനുദിനം അരങ്ങേറുന്നത് നാം കണ്ടും കൊണ്ടും ഒക്കെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. കരളുണർന്നു കൈകൾകോർത്ത് കാൽനടയ്ക്ക്‌ പോയ കഥയൊക്കെ ഇന്ന് കനത്ത അശ്ലീലമായി കരുതുന്നവർ പോലുമുണ്ട്. അംശി നാരായണ പിള്ള ആരാണ് എന്ന് ചോദിച്ചാൽ ഉത്തരം കിട്ടില്ല എന്നുറപ്പ്. അടി കിട്ടാതിരുന്നാൽ ഭാഗ്യം. നടത്തമെന്നാൽ ട്രെഡ്മില്ലിൽ നടത്തുന്ന ഒരാചാരം മാത്രമായി മാറിയ ചിലർക്കിപ്പോൾ എന്ത് സഹനം? എന്ത് സമരം? എന്ത് ഭൂത പദയാത്രകൾ? എന്നൊക്കെ സന്ദേഹം ഉയരുക സ്വാഭാവികം മാത്രം.

ഉപയോഗശൂന്യമായപ്പോൾ വാൽ അറ്റു പോയതുപോലെ മനുഷ്യരുടെ കാൽ അറ്റു പോകുന്ന കാലമാണോ വരാനിരിക്കുന്നത്? അതിനു മുൻപേ ഓർമ്മകളറ്റ ഒരു വംശമായിത്തീരുമോ നമ്മുടേത്‌? അരണയോർമ്മയെ പരിഹസിക്കുന്ന നമുക്ക് ചില കാര്യങ്ങളിൽ അരിമണിയുടെയത്ര മുഴുപ്പുള്ള ഓർമ്മ പോലും ഇല്ലാതായി മാറുന്നത് എന്തുകൊണ്ടാണ്?

bipin chandran, ബിപിന്‍ ചന്ദ്രന്‍, Chavunadappattu, Death-Walk Song, ചാവുനടപ്പാട്ട്, Anwar Ali, അൻവർ അലി, social media, സാമൂഹ്യ മാധ്യമം,

ഓർക്കുന്നുണ്ടോ നമ്മൾ അരിക്കാശ് തേടിയിറങ്ങിയ ചില കൂട്ടങ്ങളെ? അരപ്പട്ടിണിയിൽ അനേകകാതങ്ങൾ നടന്നു നീങ്ങാൻ വിധിക്കപ്പെട്ടവരെ? അരയടി പോലും മുന്നോട്ടു പോകാൻ വയ്യാതായപ്പോൾ ക്ഷീണിച്ചു വീണു കിടന്നുറങ്ങിപ്പോയവരെ? കനൽപ്പാതകളിൽ നിന്നു തീ തുപ്പുന്ന മരണപ്പാളങ്ങളിലേക്ക്‌ പതിച്ചു പോയവരെ? ഉരുക്കുമുരുക്കും ഉരയുമ്പോൾ ഉയർന്ന ഇരമ്പലൊന്നും കേൾക്കാതെ ഉറക്കത്തിലാണ്ട് പോയവരെ? ചരിത്രത്തിന്റെ വൻമരങ്ങൾ വീണപ്പോൾ നിശ്ശബ്ദമായ നിലവിളികൾ പോലും ഉയർത്താനാവാതെ അരഞ്ഞേ പോയ തൃണഗണങ്ങളെ?

ഓർമ്മയുണ്ടോ ഈ മുഖങ്ങൾ എന്ന ചോദ്യം നമുക്കിന്ന് കനമില്ലാത്ത ഒരു തമാശ വർത്തമാനം മാത്രമാകാനേ തരമുള്ളൂ. എങ്കിലും ചിലപ്പോഴൊക്കെ ചില മനുഷ്യർ നടത്തുന്ന ഓർമപ്പെടുത്തലുകൾ മനുഷ്യത്വത്തിന്റെ ഉറവകൾ വറ്റാതിരിക്കാൻ വഴിതെളിക്കും. അത്തരം ഒരു അസ്വസ്ഥജനകമായ ഓർമ്മപ്പെടുത്തലാണ് ‘ചാവുനടപ്പാട്ട്’ എന്ന മ്യൂസിക് വീഡിയോ. തിന്ന് എല്ലിനിടയിൽ കയറിയതിന്റെ തീങ്കുത്ത് മാറ്റാനുള്ള തുള്ളിക്കളിത്തിളപ്പോ ചളിഞ്ഞു ചീഞ്ഞ പ്രണയങ്ങളുടെ മുതുവളിപ്പോ പറഞ്ഞു പഴകിത്തേഞ്ഞുതീർന്ന പൈങ്കിളിയോ നിങ്ങളിതിൽ പ്രതീക്ഷിക്കരുത്.

രാജീവ് രവിയുടെയൊക്കെ നേതൃത്വത്തിലുള്ള കളക്ടീവ് ഫെയ്സ് വണ്ണും ഉരു ആർട്ട് ഹാർബറും ചേർന്ന് പുറത്തിറക്കിയ ചാവുനടപ്പാട്ട് കണ്ടാൽ ഏവർക്കും ഇഷ്ടപ്പെടുമെന്ന് ഒരു ഗ്യാരണ്ടിയും പറയാനില്ല. രാഷ്ട്രീയം എന്ന വാക്ക് കേട്ടാൽ ഓക്കാനം വരുന്നവർ പ്രത്യേകിച്ചും ഇത് കാണാതിരിക്കുന്നതാവും നന്ന്. അൻവർ അലിയാണ് ഈ പാട്ട് എഴുതിയത്. ആടിയാടി അലഞ്ഞ മരങ്ങളും മഴക്കാലവും എഴുതിയ അൻവർ അലിയല്ല. മെഹബൂബ് എക്സ്പ്രസിലൂടെ സ്വന്തം കവിതയുടെ ഭാഷയും രാഷ്ട്രീയവും പുതുക്കിയെടുത്ത അൻവർ അലി. അയാൾ അലഞ്ഞൊടുങ്ങുകയും എരിഞ്ഞു തീരുകയും അരഞ്ഞു പോവുകയും ചെയ്ത ആയിരക്കണക്കിന് പേരുടെ അടഞ്ഞു പോയ തൊണ്ടകളുടെ പ്രതിനിധിയായി നിന്ന് നിലവിളിയായി പടരുന്നു. ആർ പ്രസാദിന്റെ കാർട്ടൂണിലെ അടിക്കുറിപ്പിന്റെ വിപുലരൂപമായി അയാളുടെ ചാവു പാട്ട് വികസിക്കുന്നു.

“India lives in its villages
works in its cities
and dies somewhere in between.”

bipin chandran, ബിപിന്‍ ചന്ദ്രന്‍, Chavunadappattu, Death-Walk Song, ചാവുനടപ്പാട്ട്, Anwar Ali, അൻവർ അലി, social media, സാമൂഹ്യ മാധ്യമം,

വിലാപം പോലെ തുടങ്ങി കലാപമായി മുതിരുന്ന ‘ചാവു നടപ്പാട്ടി’ന്റെ തുടക്കം ഇങ്ങനെയാണ്.

“നാട്ടുമ്പുറത്ത് വളർന്നതാണ്
പട്ടണം തീണ്ടിപ്പുലർത്തുന്നതാണ്
രണ്ടിനുമിടയിൽ എങ്ങാണ്ടോ വെച്ച്
വണ്ടിക്കടിപ്പെട്ടരഞ്ഞതാണ്.”

“മാമാരി പെയ്യും പെരുമ്പാത
കാൽനട താണ്ടിയൊരാള്.
പാച്ചിൽ ഒഴിഞ്ഞ പാളങ്ങൾ
പൂണ്ടു മയങ്ങിയൊരാള്.”

പിന്നീടത് ഇന്ത്യയിലെമ്പാടുമുള്ള നാനാതരം തൊഴിലാളി ജീവിതങ്ങളുടെ നീറുന്ന നേർചിത്രമായി നിവരുന്നു.

“പൂട്ടിയ ധാബകൾ, നീറ്റിയ ചൂളകൾ,
പട്ടണത്തീട്ടം ചുമക്കും കഴുതകൾ,
ഊട്ടുകലത്തിനു വേണ്ടാതായവർ,
വെള്ളംകോരികൾ, വിറകുവെട്ടികൾ…..
ചരിത്രം കീറിയൊരഴുക്കുചാല്
ചവിട്ടി നടന്നു പുഴുത്ത കാല്‌…”

ഇങ്ങനെയൊക്കെ മങ്ങിപ്പോകുന്നവരെക്കുറിച്ച് അൻവർ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യുന്നു.

“അവരുടെ പേരെന്താണ്?
ഇന്ത്യ.
അവരുടെ ഊരേതാണ്?
ഇന്ത്യ
അവരുടെ നാവ്‌?
ഇന്ത്യ
കിനാവ്?
ഇന്ത്യ
ചാവ് ?
ഇന്ത്യ
ജയില്?
ഇന്ത്യ.
പട്ടണത്തിൽ നിന്ന് നാട്ടിലേക്കോടും
ഞരമ്പിലെ ചോര.
ഇന്ത്യ.
പട്ടിണിയായോർ കുഴലൂത്തിൽ മുങ്ങി
മരിക്കുന്ന ജാലം.
ഇന്ത്യ.”

ബാക്കി വിശേഷം നിങ്ങൾ ചാവുനടപ്പാട്ട് കണ്ടറിയുക, കേട്ടും.

ചോരപ്പൂക്കൾ ചിതറി വിരിഞ്ഞ കാലുകളുമായി ഏന്തി മുടന്തി നീങ്ങുന്ന മനുഷ്യക്കൂട്ടങ്ങൾക്ക് വംശനാശം വരുന്ന സുരഭില സുന്ദര കാലത്തെക്കുറിച്ചാണ് സകല ലോക മതങ്ങളും സർവ്വ രാജ്യ സംഘടനകളും സമസ്ത ഭൂഖണ്ഡ പാർട്ടികളും ക്യാപിറ്റലിസത്തിന്റെയും കമ്യൂണിസത്തിന്റെയും കൊടിയ കുമാരപിള്ള സാറന്മാരുമൊക്കെ ഘോരഘോരം സംസാരിക്കുന്നത്. എവിടെയും വിതയ്ക്കുകയും പത്തിനു നൂറായി വിളവെടുക്കുകയും പെരും വിലയ്ക്കു വിൽക്കുകയും ചെയ്യാവുന്ന തരത്തിലുള്ള ഒരു സ്വപ്നവിത്താണത്. സ്വർഗ്ഗരാജ്യമെന്നോ രാമരാജ്യമെന്നോ പറുദീസയെന്നോ മധുര മനോഹര മനോജ്ഞ റഷ്യയെന്നോ ഒക്കെ നിങ്ങൾക്കതിനെ തരം പോലെ വിളിക്കാം. മാനത്തുനിന്നും മന്നാ പൊഴിയുമെന്നോ മുന്നിലെ തോട്ടിൽ തേനും പാലും ഒഴുകുമെന്നോ നാട്ടിലെ റോട്ടിൽ പൂമെത്തകൾ വിരിയുമെന്നോ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം പുലരുമെന്നോ ഒക്കെ വിശ്വസിക്കാൻ നിങ്ങൾ ആർക്കും ടാക്സ് ഒന്നും കൊടുക്കേണ്ടതില്ല. പക്ഷേ എന്തുകൊണ്ടോ നാടോടിക്കാറ്റിലെ വിജയനിൽ വിശ്വസിക്കാനാണ് പലർക്കുമിന്ന് താല്പര്യം. കാരണം, പുള്ളിക്കാരനാണല്ലോ “എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്നം,” എന്ന റിയാലിറ്റി മതത്തിന്റെ മാർപാപ്പ.

എനിക്കിപ്പോൾ തോന്നുന്നത് ബുജികൾക്കൊന്നും പിടിക്കാനിടയില്ലാത്ത ഒരു ഒരു പാട്ടിലെ വരികൾ പാടാനാണ്.

“ജീവിതമാം കരിമലകൾ
കേറി മറഞ്ഞൊരു യാത്രകളിൽ,
എല്ലാരും ഒന്നായി, എന്നാളും ഒന്നായി
നടന്നേ പോവുക നാം,
തുടർന്നേ പോവുക നാം.”

ചാവും വരെ നടക്കുക എന്നതാണ് ചിലരുടെ വിധി. നടന്നുനടന്ന് ചാവുക എന്നത് മറ്റു ചിലരുടെയും. ഈ വിധിയെഴുത്തുകാരെ ഇടയ്ക്കെങ്കിലുമൊക്കെ നാമൊന്ന് വിചാരണ ചെയ്യേണ്ടതില്ലേ?

ബിപിന്‍ ചന്ദ്രന്‍ എഴുതിയ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Bipin chandran column chandrapaksham chavu nadappu