മേശപ്പുറത്ത് ടി. അജീഷിന്റെ പുതിയ നോവൽ കിടക്കുന്നു. ആടുകണ്ണൻ ഗോപി. ആ തലക്കെട്ട് കണ്ടപ്പോഴാണ് ഏറെ അടുപ്പമുള്ള ഒരാളുടെ മറുപേരിനെക്കുറിച്ച് ഓർമ്മ വന്നത്.
ദുഷ്പേരും സൽപ്പേരും കുറ്റപ്പേരും ഇരട്ടപ്പേരും വിളിപ്പേരും വട്ടപ്പേരുമൊക്കെ ഉണ്ടായിരുന്ന ഒരാളെക്കുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത്. പറയത്തക്ക പ്രാധാന്യമൊന്നുമില്ലാത്ത ഒരാളെക്കുറിച്ച്. പറയാനാണെങ്കിൽ ഒരു പുസ്തകമാക്കാനുള്ള കഥകൾ അങ്ങേരെക്കുറിച്ച് എനിക്കറിയാം. എഴുതാൻ വിഷയമൊന്നും കിട്ടാതെ മുണ്ടാട്ടം മുട്ടി നിൽക്കുമ്പോഴാണ് വെടിഗുണ്ടു പോലെ സ്വന്തം ജീവിതത്തെ സംഭവബഹുലവും ശബ്ദായമാനവുമാക്കി ചിതറിച്ചയാ മനുഷ്യനെക്കുറിച്ച് പറഞ്ഞാലോ എന്ന ചിന്ത വന്നത്.
കഴിഞ്ഞ കർക്കിടകവാവിന്റെ അന്നായിരുന്നു കക്ഷി ഇഹലോകക്കളി നിർത്തി ചീട്ടുമടക്കി സ്കൂട്ടായതിന്റെ വ്യാഴവട്ട വാർഷികത്തീയതി. ‘ഒന്നും ഫലിക്കാത്തപ്പോൾ കാളൻ നെല്ലായി’ എന്നു പറഞ്ഞ പോലെ ഐഡിയ ഒന്നും കിട്ടാഞ്ഞപ്പോൾ പുള്ളിക്കാരൻ പിടിവള്ളിയായിത്തീർന്നു. അപ്രതീക്ഷിതമായ ചില ജീവിത സന്ദർഭങ്ങളിലെന്ന പോലെ, മരിച്ചു പോയിക്കഴിഞ്ഞിട്ടും അയാൾ വീണ്ടും തുണയാകുന്നു.
കഥാനായകന്റെ ചാവു തീയതി കൃത്യമായിട്ടറിയാമെങ്കിലും ടിയാന്റെ അമ്മയുടെ പേറ് തീയതി എനിക്കത്ര തിട്ടമില്ല. രണ്ടു കെട്ടുകളിലായി ആറു മക്കൾ ഉണ്ടായിരുന്ന ഒരമ്മയുടെ കടശ്ശിപ്രസവത്തിലായിരുന്നു കഥാപുരുഷജനനമെന്ന് മാത്രമറിയാം. സാമുവൽ ബക്കറ്റിന്റെ തലക്കെട്ട് പോലെ ആ ‘END GAME’ മറ്റൊരു അസംബന്ധജീവിതനാടകത്തിൻറെ തുടക്കമായിരുന്നു.
കൂമ്പാളക്കോണകം ഉടുത്തു നടക്കുന്ന പ്രായത്തിൽ കുളത്തിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചായിരുന്നു ആ ബാലനടൻ തന്റെ കയ്യിലിരിപ്പിന്റെ കന്നിപ്രദർശനം നടത്തിയത്. പന്തിയിൽ പക്ഷഭേദം എന്നതായിരുന്നു മേജർ കോസ് ഓഫ് സൂയിസൈഡ് അറ്റംപ്‌റ്റ്. മൂത്ത ചേട്ടനും കുടുംബത്തെ ഏക ഏണിങ് മെമ്പറും പടംവരപ്പ് മാഷും ആയിരുന്നയാൾക്ക് തൈര് കൂട്ടി ഊണ് കൊടുത്തപ്പോൾ തനിക്ക് താള് മാത്രം കറി എന്ന പെറ്റതള്ളയുടെ ഇരട്ടത്താപ്പ് ലൈനിനെതിരെ കലാപകുമാരൻ നിലവിളിച്ചും നീളെ നീളെ നിലത്തുരുണ്ടും പ്രതിഷേധിച്ചു. അതിന് സമ്മാനമായി കുണ്ടി തീർത്ത് കീറ് ഒരെണ്ണംകിട്ടിയതിന്റെ കലിപ്പായിരുന്നു കുളത്തിൽ ചാട്ടത്തിന്റെ ഇമ്മീഡിയറ്റ് കോസ്. കുളത്തിനടുത്ത് പായൽ പിടിച്ച് തെന്നിത്തിളങ്ങിക്കിടന്ന പാറപ്പുറത്ത് വഴുതി തലയടിച്ചു വീണതുകൊണ്ട് ആത്മഹത്യയുടെ അന്ത്യം ആൻറിക്ലൈമാക്സ് ആയിപ്പോയെന്ന് മാത്രം. മയക്കാതെയും മരവിപ്പിക്കാതെയും തലയിലിട്ട തുന്നിക്കെട്ടായിരുന്നു പ്രകടനത്തിനു കിട്ടിയ പെർമെനൻറ് മെമന്റോ. അന്നു തുടങ്ങിയ തല്ലുകൊള്ളിത്തരം അന്ത്യം വരെ അദ്ദേഹം സ്വന്തം സമ്പാദ്യമായി സന്തതം കൊണ്ടു നടന്നു .ഒടുക്കത്തെ ഏജ് ഗ്യാപ്പ് ഉള്ളയാ മൂത്ത ചേട്ടന്റെ ആധിപത്യത്തിനെതിരെ തന്നെയായിരുന്നു അടുത്ത ചൈനീസ് വിപ്ലവം. കലാപം കറിക്കത്തിത്തുമ്പിലൂടെ എന്നതായിരുന്നു ആക്ഷൻ പ്ലാൻ. എന്തോ ഒരു അധികാര വിരുദ്ധ മുന്നേറ്റം നടത്തിയ രണ്ടാമത്തെ ചേട്ടനെ മുറ്റത്തെ പ്ലാവിൽ കെട്ടിയിട്ടാണ് ഒരിക്കൽ മൂത്ത ചേട്ടൻ അടിച്ചമർത്തിയത്. ജ്യേഷ്ഠന്റെ കഠിനനില കണ്ടു കനിഷ്ഠന് കരച്ചിൽ വന്നു. ഡ്രോയിങ് മാഷായ ചേട്ടൻ പള്ളിക്കൂടത്തിൽ പഠിപ്പിക്കാൻ പോയ ഗ്യാപ്പിൽ വായ്ത്തല പോയ ഒരു കത്തി ചീനച്ചട്ടിയിൽ രാകി മൂർച്ചപ്പെടുത്തി കയർ അറുത്തു മുറിച്ച് കൊച്ചേട്ടന് വിടുതലൈ നേടിക്കൊടുത്തു കൊച്ചനിയൻ. ഗറില്ലാപ്പോരാളിയെ കാത്തിരുന്നത് മുട്ടനടിയുടെ പെട്ടകെട്ടായിരുന്നെന്ന് മാത്രം.
വളർന്ന ചെറുക്കന്റെ വള്ളിട്രൗസർ പ്രായത്തിലായിരുന്നു മറ്റൊരു ‘മെമ്മറബിൾ ഇൻസിഡന്റ്’ അരങ്ങേറിയത്. തലയിണയെ താൻ എന്ന മട്ടിൽ പുതപ്പിച്ച് കിടത്തിയിട്ട് വീട്ടിൽ പറയാതെ പാതിരാത്രിയിൽ പമ്മിപ്പതുങ്ങിയിറങ്ങിയ വിപ്ലവകാരി ചെന്നെത്തിയത് അമ്പലത്തിലെ ആറാട്ട് നടയിലാണ്. ഉത്സവം കാണാനുള്ള ഉത്സാഹത്തിൽ വെടിക്കെട്ട് നടക്കുന്നിടത്ത് വായും പൊളിച്ചു നിന്നവന്റെ ഇടം കണ്ണിൽ തെറിച്ചു വീണത് നിലയമിട്ട് ചിതറി വന്ന തീത്തരി. അന്ന് പിണങ്ങിപ്പോയ കാഴ്ച പിന്നെ മടങ്ങി വന്നതേയില്ല. ആ കണ്ണിന്റെ ഫ്യൂസ് പെർമനന്റായി അടിച്ചു പോയി.
പിന്നീട് കാശൊക്കെ ഉണ്ടായ കാലത്തും അയാൾ മാറ്റിവയ്ക്കാനൊന്നും മെനക്കെടാഞ്ഞ ആ കണ്ണ് പോലെ അത് കാരണമുണ്ടായ കളിയാക്കിപ്പേരും മരിക്കുവോളം മായാതെ കിടന്നു. അയാളെ വെട്ടത്തു കാണുമ്പോൾ കെട്ടിപ്പിടിച്ചിരുന്നവരിൽ ചിലർ ഒട്ടൊന്നു മാറുമ്പോൾ ആ പേര് പറഞ്ഞ് പൊട്ടിച്ചിരിച്ചിരുന്നു. ആട്ടുംകണ്ണൻ എന്ന അപരനാമം അങ്ങനെ അനശ്വരമായി. ‘രാജമാണിക്യം’ സിനിമയിലെ മമ്മൂട്ടി ഡയലോഗ് കേൾക്കുമ്പോഴൊക്കെ ഞാൻ ചിരിയോടെയും ചില്ലറ വിഷമത്തോടെയും അങ്ങേരെ ഓർക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമായ ഒറ്റക്കണ്ണൻ പോക്കരെ ‘വൺ ഐഡ് മങ്കി’ എന്ന് ആനവാരി രാമൻ നായർ കളിയാക്കി വിളിക്കുന്നത് വായിക്കുമ്പോഴും എനിക്കാ തൊലി പൊളിച്ച മുന്തിരി പോലെ നിറം മാറിയ കൃഷ്ണമണി ഓർമ്മവരും.പഞ്ഞം, പക്ഷഭേദം, പരാധീനത തുടങ്ങിയ പരശ്ശതം പ്രത്യയശാസ്ത്രപ്രശ്നങ്ങളാലായിരിക്കണം സ്വന്തം പുരയ്ക്കകത്തെ പൊളിറ്റിക്സുമായി പുള്ളിക്ക് പൊരുത്തപ്പെടാൻ കഴിയാതെ പോയത്. പിറന്നു വീണ വീട്ടിൽ നിന്ന് പ്രതാപിയായ അമ്മാവന്റെ തറവാട്ടിലേക്ക് പൊറുതി മാറ്റാനുള്ള തീരുമാനം അങ്ങനെ പിറന്നതാകണം. ഏഴു പെൺകുട്ടികളും ഒരാൺകുട്ടിയുമുള്ള അമ്മാവന്റെ കുടുംബത്തിലേക്ക് കക്ഷി കൂടുവിട്ടു കൂടുമാറി. പുതിയ സ്പോൺസറെ കിട്ടിയിട്ടും പഴയ കന്നന്തിരിവൊന്നും മാറിയില്ല എന്നു മാത്രം.
ഇൻറർമീഡിയേറ്റ് കോഴ്സിന് ചേർന്നപ്പോൾ പഠിക്കുന്ന കോളേജിന് അടുത്തായി കക്ഷിയുടെ താമസം. ആരുടെയും മേൽനോട്ടമില്ലാത്ത സർവതന്ത്ര സ്വതന്ത്രമായ ജീവിതം. വിദ്യാഭ്യാസ സ്ഥാപനത്തിൽ പുതിയൊരു വിളിപ്പേരിലാണ് വിദ്വാൻ വിളങ്ങിയത്. നൂറിലധികം പേരുള്ള ക്ലാസിലെത്തിയ ആ നാട്ടുമ്പുറംകാരൻ പിൻബഞ്ചോളം പറ്റിയൊരു സ്ഥലം തനിക്ക് വേറെ കിട്ടില്ല എന്ന് കണ്ടെത്തി. അവിടെ ലാവണം ഉറപ്പിച്ചപ്പോഴേക്കും അധ്യാപകൻ വന്ന് ഹാജർ എടുത്തു തുടങ്ങി. ഒന്നിൽ തുടങ്ങി ഓരോരുത്തരായി തങ്ങളുടെ റോൾ നമ്പറുകൾ പറഞ്ഞു. അങ്ങനെ തൊണ്ണൂറ്റി ഏഴായി, തൊണ്ണൂറ്റി എട്ടായി, തൊണ്ണൂറ്റി ഒമ്പതായി… എന്നാൽ നൂറാം നമ്പറുകാരൻ തന്റെ അക്കമല്ല പറഞ്ഞത്. മറിച്ച് അവൻ എഴുന്നേറ്റ് നിന്ന് നിർവികാരമായി പറഞ്ഞു, ‘അലക്.’
നമ്മുടെ നാട്ടുമ്പുറത്തുകാരനായിരുന്നു നൂറാമൻ. അങ്ങനെ പറഞ്ഞതിന് കാരണമെന്തെന്ന് അധ്യാപകൻ സ്വാഭാവികമായും ചോദിക്കുമല്ലോ. ചോദ്യത്തിനുള്ള മറുപടി വളരെ ലളിതമായിരുന്നു.
‘സാർ,ഞങ്ങടെ നാട്ടിലൊക്കെ തേങ്ങ എണ്ണുമ്പം 100 എണ്ണം തികഞ്ഞാൽ അലക് എന്നാണ് പറയുന്നത്.’
ആർത്ത് ചിരിച്ചു കൊണ്ട് വിദ്യാർത്ഥികൾ മുഴുവൻ അന്നാ പിൻബഞ്ചുകാരന് പേര് പതിച്ചു കൊടുത്തു. അലക്.ആരുടെയും അമ്മയ്ക്ക് വിളിക്കാൻ പോകാതെ ആത്മാഭിമാനപുളകിതനായി അവനാ അപരാഭിധേയം ആത്മാവിലേക്ക് ആവഹിച്ചു. ആവാഹനമൊക്കെ നടന്നെങ്കിലും ആദ്യ ദിവസം തന്നെ ക്ലാസ് മുറിക്ക് പുറത്തേക്ക് ഉച്ചാടനം ചെയ്യപ്പെടാനായിരുന്നു അവന്റെ വിധി. ശരൺ കുമാർ ലിംബാളെയുടെ തലക്കെട്ട് പോലെ പലയിടത്തുനിന്നും ‘ബഹിഷ്കൃത’നായിക്കൊണ്ടേയിരുന്നവൻ.
ചന്തുവിന്റെ സിനിമാക്കഥ സ്പൂഫ് കോമഡിയാക്കിപ്പിടിച്ചാലെന്നപോലെ പുറത്താക്കലുകളുടെയും പുറത്തുചാടലുകളുടെയും പുറപ്പെട്ടു പോകലുകളുടെയും പരമ്പരയായിരുന്നു പിന്നീട് അരങ്ങേറിയത്. ഇൻറർമീഡിയറ്റ് രണ്ടാം വർഷമായപ്പോഴേക്കും അലകിന്റെ പേര് ചെറുതായൊന്നു പരിഷ്കരിക്കപ്പെട്ടു.
ഒന്നാം വർഷ വിദ്യാർത്ഥികൾ പുതിയതായി കോളേജിൽ എത്തിയ ദിവസം. ഫസ്റ്റ് ഇൻറർമീഡിയറ്റ്കാരുടെ ഒരു ബാച്ചിന്റെ ക്ലാസ് ടീച്ചർ മുരാരി എന്നൊരു ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കുട്ടികളുടെ മുൻപിലേക്ക് അദ്ദേഹം കടന്നു വന്നു. താടി വെച്ച ഒരു ചെറുപ്പക്കാരൻ. പുതിയ കുട്ടികളെയൊക്കെ പരിചയപ്പെട്ട ശേഷം മുരാരി സാർ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വായനക്ക് വിദ്യാർത്ഥികളിൽ ഉളവാക്കാൻ കഴിയുന്ന വിപ്ലവകരമായ വ്യതിയാനത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിച്ചു. കുട്ടികൾ അന്തം വിട്ടത് കേട്ടിരുന്നു. പെട്ടെന്നാണ് അവരെല്ലാമൊരതിശയമാന കാഴ്ച കണ്ടു വണ്ടറടിച്ചു പോയത്. വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന മുരാരി സാർ പട്ടി പെട്ടെന്ന് ചാരത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു പായും പോലെ ക്ലാസ് മുറിയിൽ നിന്ന് വരാന്തയിലേക്ക് തുറന്നിരിക്കുന്ന ജനലിനടുത്തേക്ക് കുതിച്ചു. പിന്നെ അദ്ദേഹം മുണ്ടു മടക്കിക്കുത്തി അഴിയില്ലാത്ത ജനലിലൂടെ പുറത്തേക്ക് ചാടി എങ്ങോട്ടേക്കോ ഓടി മറഞ്ഞു.അപ്പോഴേക്ക് ക്ലാസിൽ മറ്റൊരാൾ കടന്നു വന്നു. മുരാരി സാറിനെക്കാൾ പ്രായമുള്ള ഒരു മനുഷ്യൻ. അതാരാണെന്ന അമ്പരപ്പിലിരുന്ന കുട്ടികളോട് ആഗതൻ പറഞ്ഞു.
‘എവരിബഡി സ്റ്റാൻഡ് അപ്പ്. ഐ ആം മുരാരി. യുവർ ഇംഗ്ലീഷ് ടീച്ചർ.’
‘രാവണപ്രഭു’ സിനിമയിൽ മോഹൻലാലിന്റെ കാർത്തികേയൻ സായികുമാറിന്റെ കഥാപാത്രമായ ഉണ്ണിയ്ക്കു തൊട്ടു പിന്നാലെ വിജയരാഘവന്റെ മുണ്ടക്കൽ രാജേന്ദ്രനും കാറിൽ വന്നിറങ്ങുമ്പോൾ ‘ങ്ങേ! രണ്ട് ഉണ്ണിയോ, ആരാടാ അത് ?’ എന്ന് ചോദിച്ചു പോയ പരുവത്തിലായിരുന്നു ക്ലാസിലിരുന്നവർ.
ക്ലാസിൽ ഇപ്പോൾ നിൽക്കുന്നത് മുരാരി സാർ ആണെങ്കിൽ ജനലിലൂടെ ചാടി ഓടിയതാര് എന്നതായിരുന്നു വിദ്യാർഥികളുടെ കൺഫ്യൂഷൻ.
ഒറിജിനൽ ഏത്, ഡ്യൂപ്ലിക്കേറ്റ് ഏത്?
നിജം ഏത്, നിഴൽ ഏത്?
വാഴ്‌വേമായം.
യാർ അന്ത മായാമനിതൻ?
അത് അലക് അല്ലാതെ മറ്റാരാകാൻ !
അന്ന് അത്തരം കുറുന്താളിപ്പ് കാട്ടാൻ അവനെക്കാൾ മുന്തിയ ഒരു ഐറ്റം ആ കോളേജിൽ ഇല്ലായിരുന്നത്രേ. അതോടെ ആ മഹിതവ്യക്തിത്വത്തിന്റെ നാമധേയം ‘അലകുസാർ’ എന്ന് പരിഷ്കരിക്കപ്പെട്ടു.
പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഈ കഥ എന്നോട് പറഞ്ഞത് ആരാണെന്ന് അറിയാമോ സാക്ഷാൽ മുരാരി സാർ! അതും അലക് ഊറ്റിക്കൊടുത്ത മദ്യം കുടിച്ചു കൊണ്ടിരുന്നപ്പോൾ!!അലമ്പ് ഉണ്ടാക്കുന്നത് പോലെ തന്നെ ആത്മബന്ധങ്ങൾ ഉണ്ടാക്കുന്നതിലും അതിസമർത്ഥനായിരുന്നു അലക്.
അയാളെക്കുറിച്ച് ഇത്ര പറയുന്നതെന്തിന് എന്നാണെങ്കിൽ ഒന്നേയുള്ളൂ ഉത്തരം. പല ആൾക്കാരുടെയും കാര്യത്തിലെന്ന പോലെ അങ്ങേര് എന്റെ ജീവിതത്തിന്റെയും അലകും പിടിയും ആയിരുന്നിട്ടുണ്ട്. അതിനെക്കുറിച്ചൊക്കെ ഇച്ചിരി കൂടി പറയാനുമുണ്ട്.
അത് അടുത്ത തവണയാകാം. Good things come for those who wait എന്നത് എപ്പോഴും ശരിയാകണമെന്നില്ല കേട്ടോ. അതു കൊണ്ട് വലുതെന്തോ വരാനുണ്ട് എന്ന പ്രതീക്ഷയിൽ കാത്തിരിക്കരുതേ. എന്തായാലും അലകിൻ കഥ തുടരും.
ബിപിന്‍ ചന്ദ്രന്‍ എഴുതിയ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം