scorecardresearch

കൊച്ചിയില്‍ നിന്നും ഫ്ലോറന്‍സിലേക്ക്: ബിന്ദി രാജഗോപാലിന്റെ കലയും യാത്രയും

പ്രകൃതിയെ ഉത്തമമായ രീതിയിൽ മനസ്സിലാക്കുന്ന മനുഷ്യന് അതിർത്തികളാൽ പരിമിതപ്പെടാതെ പ്രപഞ്ചമാകെ പടരാം എന്ന ശക്തമായ ഒരു സത്യം അവശേഷിപ്പിച്ചിട്ട് മറഞ്ഞ ഒരു മഹാപ്രതിഭയുടെ സ്മരണയ്ക്കായി നടത്തപ്പെടുന്ന ഏറ്റവും പ്രശസ്തമായ ഒരു അന്താരാഷ്‌ട്ര കലാപ്രദര്ശനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ആയതിന്റെ സന്തോഷത്തിലാണ് ബിന്ദി രാജഗോപാല്‍

കൊച്ചിയില്‍ നിന്നും ഫ്ലോറന്‍സിലേക്ക്: ബിന്ദി രാജഗോപാലിന്റെ കലയും യാത്രയും

രണ്ട് വർഷങ്ങൾക്ക് മുൻപ് ഫ്ലോറെൻസ് ബിനാലെ 2019 ലെ പതിപ്പിലേയ്ക്കുള്ള രചനകൾ ക്ഷണിച്ചപ്പോൾ ഇന്ത്യയിൽ നിന്നും ഏറെ പേർ രചനകൾ സമർപ്പിക്കുകയുണ്ടായി. കൂട്ടത്തിൽ കൊച്ചിയിൽ താമസമാക്കിയ പ്രഗത്ഭ കലാകാരിയായ ബിന്ദി രാജഗോപാലും തൻ്റെ രചനകളുടെ ഇമേജ് ഫയലുകളും റെസ്യൂമും അയച്ചിരുന്നു.

ഈ ബിനാലെയുടെ പന്ത്രണ്ടാം പതിപ്പിന്റെ വിഷയമായി കമ്മറ്റി തീരുമാനിച്ചിരുന്നത് ‘ലിയനാർഡോ ഡാ വിഞ്ചിയുടെ സമാനതയുടെയും കണ്ടുപിടിത്തങ്ങളുടെയും പാരമ്പര്യത്തിലേയ്ക്ക്’ (Towards Learnado da Vinci’s Legacy of Similitude and Invention) എന്നായിരുന്നു.

കല, ഫാഷൻ, ഡിസൈൻ രംഗങ്ങളിലെ അതിപ്രശസ്തരായ പെർളാ ജിയാനി ഫാൽവോ, ജ്യൂസെപ്പ് ഫർളാനിസ്, ആൻജെലിക്ക നോളേർട്ട്, ഡെനിസ് ഒവാ, അലെക്‌സാന്ദ്രാ സാൻക്കോവാ, റെജീന ഷ്റെക്കർ, സീവെയ് സോങ്, ഹണ്ടർ ടുറാ, എൻറിക്കോ വേർഗനാനോ, വൂ ഹയാൻ, യൂക്കോ ഹാസെഗാവാ എന്നിവരടങ്ങിയ പതിനൊന്നംഗ ജ്യൂറി ഒരു വർഷത്തെ വിശദമായ വിലയിരുത്തലിന് ശേഷമായിരുന്നു സൃഷ്‌ടികൾ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളിൽ ബിന്ദി രാജഗോപാലിന്റെ ചിത്രവും ഉൾപ്പെടുന്നു എന്നത് ഇന്ത്യയിലെയും കേരളത്തിലെയും കലാകാരന്മാർക്ക് ഏറെ പ്രചോദനമാണ് നൽകുന്നത്.

രണ്ട് തവണ കേരള ലളിത കലാ അക്കാദമിയുടെ പുരസ്‌ക്കാരങ്ങൾ ഉൾപ്പെടെ അനേകം അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ബിന്ദി കഴിഞ്ഞ കുറച്ച് കാലമായി ദേശീയ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുള്ള ഒരു കലാകാരിയും കൂടിയാണ്. ബിന്ദി രാജഗോപാലുമായി ഫോട്ടോ ആർട്ടിസ്റ്റായ ഹരിഹരൻ സുബ്രഹ്മണ്യൻ നടത്തിയ സംഭാഷണം.

അമൂർത്തത ബിന്ദിയുടെ രചനകൾക്ക് കരുത്ത് പകർന്ന് കണ്ടിട്ടുണ്ട്. അച്ഛന്റെ കൂടെയുള്ള ക്ഷേത്രദർശനങ്ങളും കേരളത്തിലെ പൂക്കളങ്ങളും ബിന്ദിയുടെ മനസ്സിൽ അമൂർത്തതയുടെ ശക്തിയെക്കുറിച്ച് ഒരു ധാരണയുയർത്തിയിട്ടുണ്ടെന്ന് കരുതട്ടെ. കലയുടെ ഇന്ദ്രിയാനുഭവങ്ങൾ ആദ്യമായി ഉള്ളിലേയ്ക്ക് കടന്നുവന്ന ആ കാലത്തെക്കുറിച്ചും അത് ബിന്ദിയുടെ കലാവിചാരത്തിൽ അവശേഷിപ്പിച്ച സ്വാധീനത്തെക്കുറിച്ചും വിശദീകരിക്കാമോ?

ഒരു ഹിന്ദു കൂട്ടുകുടുംബത്തിലായിരുന്നു എന്റെ ജനനവും ബാല്യവും. അന്ന് മുതൽ തന്നെ ഏറ്റവുമടുത്ത കൂട്ടുകാരൻ  അച്ഛനായിരുന്നു. അച്ഛന്റെ വിരലിൽ തൂങ്ങി ഏറെ സ്ഥലങ്ങളിലേക്കും അവിടങ്ങളിലെ ക്ഷേത്രങ്ങളിലേയ്ക്കും ഞാൻ പോകുക പതിവായിരുന്നു. അച്ഛന്റെ പേര് പി. ആർ. ചന്ദ്രൻ എന്നാണ്. പൂജാമുറികളുടെ ചുവരുകളിൽ ഇൻസ്റ്റലേഷനുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള നിർമ്മിതികളും, ഉത്സവങ്ങൾക്ക് അമ്മ ശോഭാ റാണിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് ഇടുമായിരുന്ന പൂക്കളങ്ങളും മറ്റ് അലങ്കാരങ്ങളുമൊക്കെ ഒരു നിർമ്മിതിയ്ക്കായി സ്ഥലത്തെ ഉപയോഗപ്പെടുത്തുന്നതിന്റെ ആദ്യ പാഠങ്ങൾ എനിക്ക് നൽകി. അമ്മ കടലാസ് കൊണ്ടുണ്ടാക്കുമായിരുന്ന, പൂമാലകളെ വെല്ലുന്ന മാലകൾ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഇവയൊക്കെ എറണാകുളത്തപ്പന്റെ പറയെഴുന്നള്ളിപ്പോടനുബന്ധിച്ചാണ് നടന്നിരുന്നത്.

ഇവയ്‌ക്കൊക്കെയും ഉണ്ടായിരുന്ന ഒരു പ്രത്യേകത ഇവ ചാർത്തപ്പെട്ടിരുന്ന / വയ്ക്കപ്പെട്ടിരുന്ന വസ്തുക്കളുമായി അനുവർത്തിക്കുമ്പോൾ വന്നു ചേർന്നു കൊണ്ടിരുന്ന മാറുന്ന അർത്ഥതലങ്ങളായിരുന്നു. പരമ്പരാഗതമായി തന്നെ കേരളത്തിലെ ദൃശ്യകലാ മാതൃകകൾക്ക് ഇൻസ്റ്റലേഷനുകളോട് വളരെ സാമ്യതയുണ്ട്.

florence biennale,artist bindi rajagopal, hariharan subrahmaniyan,iemalayalam
പ്രളയം പ്രധാന വിഷയമായി കൊച്ചിയിൽ കഴിഞ്ഞ വർഷം നടന്ന പ്രദർശനത്തിൽ പ്രദർശിപ്പിക്കപ്പെട്ട ബിന്ദിയുടെ പ്രതിഷ്ഠാപനം

എഴുപതുകളിലും എൺപതുകളിലും ഇന്ത്യയിൽ സംഘടിപ്പിക്കപ്പെട്ട ട്രിനാലെകളിലൂടെയും, കൊച്ചി മുസിരിസ് ബിനാലെയുടെ നാല് പതിപ്പുകളിലൂടെയും നമുക്ക് സുപരിചിതമായ ഒരു സങ്കല്പവുമായി തീർന്നിരിക്കുന്നു ഇൻസ്റ്റലേഷനുകൾ. ഓണത്തപ്പൻ പോലെയുള്ള സങ്കല്‍പ്പങ്ങള്‍ ഉണ്ടായിട്ടും, പാശ്ചാത്യ സ്വാധീനത്തിന്റെ ദൃഷ്ടാന്തമായാണ് ഇൻസ്റ്റലേഷനുകളെ നാം കരുതി വരുന്നത്. തെറ്റായി മനസിലാക്കപ്പെട്ട ഒരു കാര്യമാണോ ഇത്?  ഓണത്തപ്പനെ ഒരു കാലാവസ്തുവായി എപ്പോഴെങ്കിലും സമീപിച്ചിട്ടുണ്ടോ?

തികഞ്ഞ ഒരു മതാചാരവും ആരാധനാക്രമവുമായിരുന്നു എനിക്ക് ആദ്യമൊക്കെ ഓണത്തപ്പൻ. തുമ്പ, ചെമ്പരത്തി തുടങ്ങിയ പൂക്കളുടെ പാരസ്പര്യത്തിൽ ഒരു നിർദ്ദിഷ്ഠ സ്ഥലത്ത് പ്രതിഷ്ഠിക്കുമ്പോൾ, നാം പ്രതിഷ്ഠാപനം എന്ന് പൊതുവെ പറയുന്ന,  ഇൻസ്റ്റലേഷന്‍ എന്ന പ്രക്രിയ തന്നെയാണ് നടന്നിരുന്നത്.  ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം പ്രകൃതിയിൽ നിന്നുമുള്ളവയായിരുന്നു. പ്രതിഷ്ഠാപനകലാസങ്കല്പത്തിന്റെ സത്ത ഓണത്തപ്പന്റെ നിർമ്മിതിയിലും സ്ഥാപനത്തിലും തീർച്ചയായും ഉണ്ട്.

ഞാൻ ചെയ്യുന്ന ആദ്യ ഇൻസ്റ്റലേഷൻ, 2010 ലാണ് –  ‘നിഴലുകൾ നിങ്ങളോട് സംസാരിക്കുന്നു’ (Shadows Speak for You). മട്ടാഞ്ചേരിയിലുള്ള ഹാലെഗുവ ഹാളിലെ ഒരു ഇരുട്ടു മുറിയിലായിരുന്നു അത് പ്രതിഷ്ഠാപനം ചെയ്തത്. ഗ്ളാസ്സും വെളിച്ചവും മറ്റു ചില വസ്തുക്കളും കൊണ്ടുള്ള ഒരു സൃഷ്ടിയായിരുന്നു അത്. ആ ചെറിയ ഇരുൾ പടർന്ന മുറിയിലേയ്ക്കു പ്രപഞ്ചത്തിന്റെ വെളിച്ചം കൊണ്ടു വരാനുള്ള ശ്രമമായിരുന്നു ആ സൃഷ്ടി. നമ്മുടെ എല്ലാ മതങ്ങളുടെയും ഗോത്രങ്ങളുടെയും സംസ്കൃതി പരിശോധിച്ചാൽ പ്രതിഷ്ഠാപനത്തിന്റെ വേരുകൾ അവയിൽ കാണാനാകും.

ഒരു തികഞ്ഞ കലാസൃഷ്ടി/ഉല്പന്നമായി ആധുനിക കലാലോകത്ത് പാശ്ചാത്യർ ആദ്യം അവതരിപ്പിച്ചത് കൊണ്ടാകാം അതിന്റെ ഉത്ഭവം അവിടെ നിന്നുമാണെന്നു കരുതപ്പെടുന്നത്. എൻ്റെ പല സൃഷ്ടികളിലും ഒഴുകുന്ന പ്രകൃതിയെ തടയുന്നത് പോലെയുള്ള ഒരു അതിർത്തി സ്ഥലം (border) കാണാനാകും. ഇതെനിക്ക് വളരെ മുൻപ് തൊട്ടേയുള്ള ഒരു പ്രവണതയാണ്. ബാല്യകാലത്ത് പൂക്കളങ്ങൾ വരയ്ക്കുമ്പോൾ വരച്ചിരുന്ന അതിർത്തികൾ എന്റെയുള്ളിൽ കയറിക്കൂടിയതാകാം ഒരുപക്ഷേയത്.

florence biennale,artist bindi rajagopal, hariharan subrahmaniyan,iemalayalam

കേരളത്തിന്റെ കലാ സാഹിത്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ളവരിൽ പലരും തങ്ങളുടെ മഹാരാജാസ് കാലഘട്ടത്തിന്റെ സ്വാധീനം എടുത്ത് പറഞ്ഞിട്ടുണ്ട്. കൗമാര കാലത്ത് അവിടെ നിന്നും ഉൾക്കൊണ്ട കാര്യങ്ങൾ ബിന്ദിയുടെ കലാവീക്ഷണത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?
ബിന്ദിയുടെ രചനകളിൽ തെളിഞ്ഞു കാണാവുന്ന പ്രകൃതിയും അതിന്റെ ആഘാതങ്ങളിൽ ഏറെ വ്യാകുലപ്പെടുന്ന ഒരു കലാകാരിയും ഈ കലാലയത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ ?

രസകരമായ ഒരു കാലയളവിനെയാണ് താങ്കൾ ഓർമ്മയിൽ കൊണ്ടു വന്നത്. കോളേജിൽ ഞാൻ വിദ്യാര്തഥി രാഷ്ട്രീയത്തിൽ സജീവയായിരുന്നു. എസ്.എഫ്.ഐയ്ക്ക് വേണ്ടി ഒരുപാട് ചുവർച്ചിത്രങ്ങൾ കലാലയത്തിൻ്റെ പല ഭാഗങ്ങളിലും ഞാൻ വരച്ചിട്ടുണ്ട്. പലരും എന്നെ അഭിസംബോധന ചെയ്തിരുന്നത് സഖാവെന്നായിരുന്നു.

മഹാരാജാസിനെക്കുറിച്ച് ഓർക്കുമ്പോൾ അവിടെയുണ്ടായിരുന്ന സൗഹൃദവലയമാണ് മനസ്സിലേക്കെത്തുന്നത്. അമൽ നീരദ് ഉൾപ്പെടുന്ന ഒരു സുഹൃത്‌വലയമായിരുന്നു അത്. അവരാണ് എൻ്റെ വരയ്ക്കാനുള്ള മികവിനെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. അവരുടെയൊക്കെ പ്രേരണ കൊണ്ടാണ് ഞാൻ കല പഠിക്കുവാനായി ആർ. എൽ. വിയിൽ ചേരുന്നത് പോലും. എൻ്റെ ജീവിതത്തിന്റെ ഗതി മാറ്റി വിട്ട ഒരു പ്രധാനപ്പെട്ട തീരുമാനമെടുക്കാൻ എന്നെ പ്രാപ്തയാക്കിയ ഒരു സ്ഥലവും സംസ്കാരവുമാണ് മഹാരാജാസ് കോളേജ്.

മഹാരാജാസിൽ എൻ്റെ ഐച്ഛിക വിഷയവും രാഷ്ട്രീയ മീമാംസമായിരുന്നു (Political Science). എന്നാൽ ബാല്യകാലം മുതൽ ഞാൻ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ടായിരുന്നു. ആൽമരങ്ങളുടെ വേരുകളും അവ മെനയുന്ന അമൂർത്തമായ പാറ്റേണുകളും എത്രയോ സമയം ഞാൻ നോക്കിയിരുന്നിട്ടുണ്ട്. പടർന്ന് പന്തലിക്കാനായി മരങ്ങൾക്ക് പ്രകൃതി നൽകിയിട്ടുള്ള സ്വാതന്ത്ര്യം എന്നെ ഏറെ മോഹിപ്പിച്ചിട്ടുള്ള ഒരു കാര്യമാണ്. ആ സ്വാതന്ത്ര്യത്തെയാണ് മനുഷ്യൻ എന്ന ജീവി സ്വന്തം കാര്യത്തിലും പ്രകൃതിയിലെ മറ്റ് ജീവജാലകങ്ങളുടെ കാര്യത്തിലും കർശനമായി നിയന്ത്രിക്കുന്നത്.

നിയതമായ ചലനാത്മകതയും നിർബന്ധിതമായ നിയന്ത്രണവും തമ്മിലുള്ള സ്പർദ്ധയുടെ അടയാളങ്ങളാണ് പ്രളയമായും കൊടും വരൾച്ചയായും ഇപ്പോൾ കാണുമാറാകുന്നത്. പക്ഷേ നാം എന്തെങ്കിലും പഠിക്കുന്നുണ്ടോ എന്നതാണ് നിരാശാജനകമായ കാര്യവും. വരാനിരിക്കുന്ന ഒരു മഹാദുരന്തത്തിന്റെ അപായമണിയൊച്ചയും കൂടിയാണ് എൻ്റെ പല സൃഷ്ടികളിലൂടെയും ഞാൻ മുഴക്കാൻ ശ്രമിക്കുന്നത്.

പ്രകൃതിയിലാകെ രഹസ്യങ്ങളും അറിവുകളുമേയുള്ളു. നാം അവയൊക്കെ അന്വേഷിച്ച് കണ്ടെത്തേണ്ടി വരുമെന്ന് മാത്രം. അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഇലപ്പടർപ്പുകൾക്കും വൃക്ഷങ്ങൾക്കും ഇടയിൽ മറഞ്ഞു ജീവിക്കുന്ന ഷഡ്‌പദങ്ങളുടെയും പക്ഷികളുടെയും മൃഗങ്ങളുടെയും ജീവിതങ്ങളിൽ നിന്ന് മാത്രമേ നമുക്ക് പ്രകൃതിലെ രഹസ്യങ്ങളുടെ താക്കോൽ കണ്ടെത്താനാകൂ.

florence biennale,artist bindi rajagopal, hariharan subrahmaniyan,iemalayalam

2004 ലെ സുനാമിയ്ക്കും 2018 ലെ പ്രളയത്തിനിടയിലും എപ്പോഴോ ജലം ബിന്ദിയുടെ സൃഷ്ടികളുടെ ഒരു മുഖ്യ വിഷയമായി മാറി. ജലവും, അത് തന്നിലൊതുക്കി നിർത്തുന്ന ജീവജാലങ്ങളുടെ ഒരു മാസ്മരിക ലോകവും ബിന്ദി ഏറെ ചിത്രങ്ങളിലും വിഷയമാക്കിയിട്ടുണ്ട്.  2018 നും രണ്ട് വർഷങ്ങൾക്ക് മുൻപ് കേരളത്തിന്റെ രാഷ്ട്രീയ രംഗം ‘ഗാഡ്ഗിൽ’ കമ്മറ്റി റിപ്പോർട്ട് എന്ന അതിപ്രധാന പാരിസ്ഥിതിക പഠനത്തെ അട്ടിമറിക്കുന്നതിൽ ഐക്യത്തോടെ നിലകൊണ്ടു.  ജലം മുഖ്യമായ വിഷയമാക്കിയ ഒരു കലാകാരിയ്ക്ക് ഈ അവസരത്തിൽ എന്താണ് പറയാനുള്ളത്?

പ്രകൃതിയെ ഇതിൽ നാം പഴിച്ചിട്ട് കാര്യമൊന്നുമില്ല. പ്രകൃതിയ്ക്ക് അതിന്റേതായ ഒരു ചലനഗതിയും സന്തുലിതാവസ്ഥയുമുണ്ട്. ഈ രണ്ട് കാര്യങ്ങളും അട്ടിമറിക്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങളിലെല്ലാം നാം ദുരന്തങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. കേരളം പോലുള്ള വളരെ ലോലമായ പരിസ്ഥിതിയുള്ള ഒരു പ്രദേശത്ത് ഇതിന്റെ ആഘാതം ഏറെ തീവ്രമായിരിക്കും.

ജലം ക്രമാതീതമായി ഉയർന്നാൽ മുഴുവനായും മുങ്ങിപ്പോകാൻ സാധ്യതയുള്ള ഒരു തുണ്ട് ഭൂമിയാണ് ഈ സംസ്ഥാനം. ഈ ഭൂപ്രകൃതിയ്ക്കനുസരണമാകണം നാം സങ്കല്പിച്ചെടുക്കേണ്ട വികസന മാതൃകകളും. അല്ലാതെയുള്ള ഏതു പ്രവൃത്തിയ്ക്കും ന്യൂട്ടന്റെ സിദ്ധാന്തം അനുസരിച്ചുള്ള പ്രതിപ്രവർത്തനം ഉണ്ടാകും. ജീവൻ തന്നെ നിലനിർത്തുന്ന ജലമല്ല പ്രശ്നം സൃഷ്ടിക്കുന്നത്. മറിച്ച് സന്തുലിതമായ അതിന്റെ ഒഴുക്കിനെ തടയുന്ന മനുഷ്യന്റെ കർമ്മങ്ങളാണ്. ഏതൊക്കെ രീതിയിൽ ജലസ്രോതസ്സുകളെയും ജലനിക്ഷേപങ്ങളെയും മലീമസപ്പെടുത്താമോ അതൊക്കെയും നാം ചെയ്തു തീർത്ത് കഴിഞ്ഞിരിക്കുന്നു. സമുദ്രങ്ങൾ പ്ലാസ്റ്റിക്ക് മലകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.

florence biennale,artist bindi rajagopal, hariharan subrahmaniyan,iemalayalam

കഴിഞ്ഞ തവണ ഫ്ലോറെൻസ് ബിനാലെയിൽ ശില്പകലാ വിഭാഗത്തിലെ രണ്ടാം സമ്മാനത്തിന് അർഹനായത്  ഇന്ത്യയിൽ നിന്നുമുള്ള നീരജ് ഗുപ്തയാണ്. അന്താരാഷ്‌ട്ര പ്രശസ്തിയുള്ള ഈ ബിനാലെയിലേക്ക് ബിന്ദിയുടെ സൃഷ്ടി  തിരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യം ഒന്ന് വിവരിക്കുമോ?

2019 ലെ ഈ ബിനാലെയിലേയ്ക്കുള്ള അന്താരാഷ്‌ട്ര തലത്തിലുള്ള കലാകാരന്മാരിൽ നിന്നും അവരുടെ രചനകളും വിവരണങ്ങളും ക്ഷണിക്കുന്നത് 2017 ലാണ്. സമർപ്പിക്കുന്ന രചനകളിലൂടെ കലാകാരനെ/കാരിയെ അറിയുകയും അവരിൽ അന്താരാഷ്‌ട്ര ജ്യൂറിയ്ക്ക് മതിപ്പ് തോന്നുന്നവരെ തിരഞ്ഞെടുക്കുകയുമാണ് ഈ ബിനാലെയുടെ രീതി. അങ്ങനെ തികച്ചും സൃഷ്ടികളുടെ മേന്മ കൊണ്ട് മാത്രം തിരഞ്ഞെടുക്കപ്പെട്ടവളാണ് ഞാനും എന്നത് അതിയായ സന്തോഷം പകരുന്നുണ്ട്.

2019 ലെ ഈ ബിനാലെയുടെ പന്ത്രണ്ടാം പതിപ്പിന്റെ വിഷയമായി കമ്മറ്റി തീരുമാനിച്ചിരുന്നത് ‘ലിയാർണാഡോ ഡാ വിഞ്ചിയുടെ സമാനതയുടെയും കണ്ടുപിടിത്തങ്ങളുടെയും പാരമ്പര്യത്തിലേയ്ക്ക്’ എന്നായിരുന്നു. ഈ വിഷയത്തിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഒരു രചനയായിരുന്നു അവർക്കാവശ്യവും. അങ്ങനെയുള്ള അവരുടെ അറിയിപ്പ് മെയിലിലൂടെ 2018 ൽ ലഭിച്ചതോടെ ഞാൻ ‘ഡാ വിഞ്ചിയുടെ ദർശനം’ (The vision of Da Vinci) എന്ന രചനയുടെ സൃഷ്ടി ആരംഭിച്ചു. ഏകദേശം പത്തടി നീളവും എട്ടടി വീതിയുമുള്ള, ക്യാൻവാസിൽ അക്രിലിക്കും പരുത്തിയുടെ നൂലുകളും ഉപയോഗിച്ച് തീർത്ത ഒരു ചിത്രമാണ് ഫ്ലോറെൻസിൽ പ്രദർശിപ്പിക്കപ്പെടുക.

ഒരു കലാകാരൻ മാത്രമായിരുന്നില്ല ഡാ വിഞ്ചി. അദ്ദേഹം ഒരു ശാസ്ത്രജ്ഞനും ചിന്തകനും കൂടിയായിരുന്നു. അദ്ദേഹം വ്യാപാരിച്ചിരുന്ന സമസ്ത മേഖലകളുടെയും ഒരു അമൂർത്തമായ സങ്കല്പമായിരിക്കും നല്ലതെന്ന തീരുമാനത്തിലെത്തുകയും, അങ്ങനെ മനസ്സിലുരുത്തിരിഞ്ഞ ഒരു കല്പനയിലൂന്നി തീർത്തതുമാണീ സൃഷ്ടി.

ഡാ വിഞ്ചി ജീവിച്ചിരുന്ന കാലവും പിൽക്കാലത്ത് നിലനിന്ന അതിൻ്റെ സ്വാധീനങ്ങളും കണ്ടനുഭവിക്കുക എന്ന സങ്കല്പത്തെ ഊട്ടിയുറപ്പിക്കുന്ന ഒന്നായിരുന്നു. അതിനെയൊക്കെ സഹായിക്കുന്ന കണ്ടുപിടിത്തങ്ങളും ധാരാളമായി അന്ന് നടന്നു. തൊട്ടറിഞ്ഞ് നിർണ്ണയിച്ചിരുന്ന പനിയുടെ അളവ് കണ്മുന്നിൽ ഉയരുന്ന രസത്തിന്റെ അളവുകോലിലൂടെ ഉഷ്ണമാപിനി നമുക്ക് കാട്ടിത്തരാൻ തുടങ്ങിയിരുന്നു. ഡാ വിഞ്ചി എന്ന നവോത്‌ഥാന കാലഘട്ടത്തിന്റെ ഏറ്റവും പ്രശസ്തനായ നായകൻ ചിറകുകൾ തൻ്റെ കൈകളിൽ കെട്ടി പറക്കുമായിരുന്ന അതിമാനുഷൻ എന്ന കാല്പനിക കഥകളിലൂടെയും, ‘മോണലിസ’ എന്ന ചിത്രകലയുടെ തന്നെ അപരനാമമായി മാറിയ ചിത്രത്തിന്റെ സൃഷ്ടികർത്താവെന്ന നിലയിലും, ശാസ്ത്രത്തിന്റെ കൃത്യതയാർന്ന വീക്ഷണത്തിലൂടെ പ്രകൃതിയെയും മനുഷ്യനെയും മനസ്സിലാക്കാൻ ശ്രമിച്ച ശാസ്ത്രജ്ഞൻ എന്ന നിലയിലും അദ്ദേഹത്തെ അറിയേണ്ടിയിരുന്നു.

പ്രകൃതിയെ ഉത്തമമായ രീതിയിൽ മനസ്സിലാക്കുന്ന മനുഷ്യന് അതിർത്തികളാൽ പരിമിതപ്പെടാതെ പ്രപഞ്ചമാകെ പടരാം എന്ന ശക്തമായ ഒരു സത്യം അവശേഷിപ്പിച്ചിട്ട് മറഞ്ഞ ഒരു മഹാപ്രതിഭയുടെ സ്മരണയ്ക്കായി നടത്തപ്പെടുന്ന ഏറ്റവും പ്രശസ്തമായ ഒരു അന്താരാഷ്‌ട്ര കലാപ്രദർശനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ആയതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ ആകാത്തതാണ്.

ബിനാലെയ്ക്കുള്ള സൃഷ്ടി ബോധപൂർവ്വമായിത്തന്നെ അമൂർത്തമായതാണ്. ഡാ വിഞ്ചിയുടെ സങ്കല്പങ്ങളുടെ സത്ത അതിലൂടെ മാത്രമേ ആവിഷ്‌ക്കരിക്കാനുമാകൂ. ഓരോ വിഷയത്തിനും അതിന്റേതായ ഒരു രചനാരീതിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. പ്രളയം പ്രമേയമായി നടത്തപ്പെട്ട പ്രദർശനത്തിൽ പ്രദര്ശിപ്പിച്ചിരുന്ന എന്റെ സൃഷ്ടി ശ്രദ്ധിക്കപ്പെട്ടത് അതിൽ പ്ലാസ്റ്റിക് നേരിട്ട് ഉപയോഗിച്ചിരുന്നത് കൊണ്ടും കൂടിയായിരുന്നു.

florence biennale,artist bindi rajagopal, hariharan subrahmaniyan,iemalayalam

സാംസ്ക്കാരിക രംഗത്ത് എന്നും നിലനിന്ന് പോന്നിട്ടുള്ള വിവേചനപരമായ ഒരു സംഗതിയിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കട്ടെ. ഒരു ചെറിയ വായനശാല നൽകുന്ന സാഹിത്യപുരസ്ക്കാരം ലഭിക്കുന്ന ഒരു സാഹിത്യകാരന്/കാരിക്ക് ലഭിക്കുന്ന പ്രശസ്തി പോലും ഇതു പോലെയുള്ള അന്താരാഷ്‌ട്ര അംഗീകാരങ്ങൾ ലഭിക്കുന്ന, ദൃശ്യമാധ്യമങ്ങളിലൂടെ ആവിഷ്ക്കാരം നടത്തുന്ന കലാകാരൻ/കാരികൾക്ക് പലപ്പോഴും കിട്ടാതെ പോകുന്നു.

സത്യമാണ്… ഒരു ദൃശ്യകലാസൃഷ്ടിയുടെ രചനയ്ക്ക് പിറകിലുള്ള ചിന്താസരണികൾ ആളുകൾ പലപ്പോഴും വേണ്ട പോലെ ഉൾക്കൊള്ളാത്തതിനാൽ അത് പകരുന്ന ഗൗരവമാർന്ന വീക്ഷണം അവർ കാണാതെ പോകുന്നുണ്ട്.  ഈ വിവേചനം ഞാനും വേണ്ടുവോളം അനുഭവിച്ചിട്ടുണ്ട്. എത്രയോ സാംസ്ക്കാരിക സമ്മേളനങ്ങളിൽ ഏറ്റവും പിൻനിരയിലേയ്ക്ക് ഒതുക്കപ്പെട്ടിട്ടുണ്ട്. തികച്ചും സങ്കടകരമാണിത്.

സ്വന്തം സമ്പാദ്യം കൊണ്ട് ഒരു ആര്‍ട്ട്‌ ഗാലറി സ്ഥാപിക്കുവാനുള്ള ധൈര്യം എങ്ങനെയാണ് ബിന്ദിയ്ക്ക് കൈവന്നത്? തീർത്തും കൈ പൊള്ളാവുന്ന ഒരു നടപടിയായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടോ?

ഗാലറി ഒരു പ്രത്യേക സാഹചര്യത്തിൽ സ്ഥാപിച്ചതാണ്. എൻ്റെ അച്ഛൻ എനിക്ക് സമ്മാനിച്ച ഒരു കെട്ടിടത്തിലാണ് എൻ്റെ മുഴുവൻ സമ്പാദ്യവും, പി.എഫ് ൽ നിന്ന് വായ്പ്പയുമെടുത്ത് ഞാൻ ഗാലറി പണിയുന്നത്. അക്കാലമായപ്പോഴേയ്ക്കും ഞാൻ വളരെ വലിയ ക്യാൻവാസുകളിൽ രചന നടത്താൻ തുടങ്ങിയിരുന്നു. കൂടാതെ എന്റെ പ്രതിഷ്ഠാപനങ്ങളും ഭീമാകാരങ്ങളായിരുന്നു. ഇവ സൃഷ്ടിക്കുവാനും സൂക്ഷിക്കാനും കൂടിയാണ് ഞാൻ ഗാലറി നിർമ്മിക്കാൻ തീരുമാനിച്ചത്.

2010 ഡിസംബർ 9 ന് ജസ്റ്റിസ്.വി.ആർ.കൃഷ്ണ അയ്യരായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. ആദ്യ പ്രദർശനം തന്നെ ഇന്ത്യയിലെ പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികൾ ഉൾപ്പെട്ട ഒരു അഖിലേന്ത്യ പ്രദർശനമായിരുന്നു. അതിന് ശേഷം പ്രധാനപ്പെട്ട അനവധി പ്രദർശനങ്ങൾ അവിടെ സംഘടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഞാൻ തന്നെ ക്യൂറേറ്റ് ചെയ്ത ‘ഒരടി മണ്ണ്’ എന്ന പ്രദർശനവും വിജയമായിരുന്നു. രംഗത്ത് പുതിയതായി ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാർക്കും/ കാരികൾക്കും ഇത് തീർച്ചയായും ഉപകാരപ്രദമാകില്ലേ?

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Bindi rajagopal painting selected for florence biennale