scorecardresearch

കാലം ആവശ്യപ്പെടുന്ന ചില ‘പുതുക്കലുകള്‍’

പുതിയ ഭാഷയിലേക്കുള്ള മൊഴിമാറ്റങ്ങൾ, പുതിയ പുരസ്‌കാരങ്ങൾ എന്നിവയൊക്കെ ആത്യന്തികമായി ഒരെഴുത്തകാരന് പുതിയ വായനക്കാരെ സൃഷ്‌ടിക്കുകയാണ് ചെയ്യുന്നത്. അവരുടെ വായനയ്ക്കു കൂടി വഴങ്ങുന്നതാണോ തന്റെ രചനകൾ എന്ന് സ്വയം പരിശോധിക്കുകയാണ് നവീകരിക്കുക എന്ന വാക്കിലൂടെ എന്നെ പോലെയുള്ള എഴുത്തുകാർ ചെയ്യേണ്ടത് എന്ന് തോന്നുന്നു

കാലം ആവശ്യപ്പെടുന്ന ചില ‘പുതുക്കലുകള്‍’

ഏതെങ്കിലും ഒരു കാലത്ത് ഗൾഫിൽ പ്രവാസ ജീവിതം നയിച്ചിട്ടുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ‘Renewal’ എന്ന വാക്ക് ഒരു പേടിസ്വപ്‌നമാണ്. രണ്ടു വർഷം കൂടുന്തോറും പുതുക്കേണ്ടി വരുന്ന വിസയുടെ, വർക്ക് പെർമിറ്റിന്റെ ഓർമ്മയാണ് ആ വാക്ക് കൊണ്ടുത്തരുന്നത്. പുറമേ നിന്ന് നോക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അതൊരു സ്വാഭാവികമായ ഓഫീസ് നടപടിക്രമം മാത്രമെന്ന് തോന്നാമെങ്കിലും ഉള്ളിൽ നിൽക്കുന്ന ഒരാൾക്ക് അതങ്ങനെയല്ല. ആ വാക്കിന്റെ ബലത്തിലാണ് ഒരുവന്റെ അധ്വാനത്തിനു വിലയിടുന്നതും, ഭീഷണിയുടെ മുനമ്പിൽ നിറുത്തി പണി ചെയ്യിക്കുന്നതും തുടങ്ങി ഭാവിയെ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതും വരെ. ഒരു വർഷം മുൻപേ ആരംഭിക്കുന്ന ഒരു മാനസിക പീഡനമാണത്. കമ്പനിയിക്ക് പണി കുറവാണ്, ആളെ കുറയ്ക്കേണ്ടി വരും, കുറച്ചു പേരെ പിരിച്ചു വിടാൻ മാനേജുമെന്റ് ആവശ്യപ്പെട്ടു കഴിഞ്ഞു, ഇപ്പോഴത്തെ ശമ്പളം അടുത്ത കോൺട്രാക്‌ട് പീരീഡിൽ നൽകാൻ ആവുമോ എന്നറിയില്ല, നല്ല പണിക്കാരെ മാത്രം നോക്കി വയ്ക്കാൻ മുതലാളി ആവശ്യപ്പെട്ടിട്ടുണ്ട്, നന്നായൊക്കെ നിന്നാൽ അടുത്ത ഒരു തവണ കൂടി പുതുക്കാം എന്നിങ്ങിനെ ഭീഷണിയുടെയും പ്രലോഭനത്തിന്റെയും സംഘർഷത്തിന്റെയും ഒരു വർഷമാണത്. കാരണം അടുത്ത നാലു വർഷം കൂടി പണിയുണ്ടാവും എന്ന ബലത്തിലാവും ഒരുവൻ നാട്ടിൽ ലോൺ എടുത്തിട്ടുണ്ടാവുക, വീടു പണി തുടങ്ങിയിട്ടുണ്ടാവുക, പെങ്ങളുടെ വിവാഹക്കാര്യം ആലോചിച്ച് തുടങ്ങിയിട്ടുണ്ടാവുക, അടുത്ത് ഒരു വസ്‌തുവിന് വില പറഞ്ഞു വച്ചിട്ടുണ്ടാവുക. അതിനെയെല്ലാം തകിടം മറിക്കുന്ന വാചകങ്ങളാവും വിസ പുതുക്കിക്കിട്ടുന്ന ദിവസം വരെ അവന് നിരന്തരം മാനേജ്‌മെന്റിൽ നിന്നും മാനേജരുമാരിൽ നിന്നും സൂപ്പർവൈസറുമാരിൽ നിന്നും കേൾക്കേണ്ടി വരിക. ഏതു സമയത്തും മടങ്ങി പോകുന്നതിനു വേണ്ടി പെട്ടി കെട്ടി തയ്യാറായിരിക്കുക എന്നൊരു ദുർവിധി ഓരോ ഗൾഫ് പ്രവാസിയ്ക്കുമുണ്ട്. ഇന്ന് വൈകുന്നേരം മടങ്ങി പോകുന്നതിനു വേണ്ടി ആവശ്യപ്പെട്ടാൽ യാതൊന്നും മറുത്ത് പറയാതെ പോകുകയേ നിവൃത്തിയുള്ളു. ആ സാഹചര്യത്തെയാണ് പലപ്പോഴും കമ്പനികൾ വിസ പുതുക്കലിന്റെ ബുദ്ധിമുട്ടുകൾ വിവരിച്ച് മുതലെടുക്കാൻ ശ്രമിക്കുന്നത്. നീണ്ട ഇരുപത്തിയൊന്നു വർഷം ആ സംഘർഷങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുള്ള ഒരാളെന്ന നിലയിൽ ‘Renewal’ എനിക്ക് മറ്റെന്തിനെക്കാളും അധികം ഒരു പേടിസ്വപ്‌നം തന്നെയായിരുന്നു.

ഒരു വ്യക്തിയെന്ന നിലയിൽ നിരന്തരം പുതുപ്പെടലിനു വിധേയനാവാൻ മനപൂർവ്വം ശ്രമിക്കുന്ന ഒരാളാണ് ഞാൻ. പുതിയ കാലത്തിലേക്കും പുതിയ വേഗത്തിലേക്കും പുതിയ സാങ്കേതിക വിദ്യകളിലേക്കും ഒക്കെ സ്വയം പുതുക്കപ്പെട്ടില്ല എങ്കിൽ നാം സമൂഹത്തിൽ വല്ലാതെ പിന്നിലായിപ്പോകും എന്ന ചിന്ത എനിക്കുണ്ട്. യൗവ്വനത്തിന്റെ പ്രസരിപ്പോടെയും ഊർജ്ജത്തോടെയും സ്വയം നവീകരിക്കാൻ കഴിയാറിലെങ്കിലും അത്യാവശ്യം അപ്‌ഡേറ്റട് ആവാൻ ഞാൻ ശ്രമിക്കാറുണ്ട്. ഓരോ അഞ്ചു വർഷം കൂടുമ്പോഴും നാം എത്രത്തോളം മാറി, എത്രത്തോളം വളർന്നു, എത്രത്തോളം സ്വപ്‌നങ്ങളിലേക്ക് നടന്നടുക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നിങ്ങിനെ ഒരു ഇവാലുവേഷൻ നടത്തിയാണ് പുതുക്കാനുള്ള എന്റെ ശ്രമത്തെ ഞാൻ വിലയിരുത്തുന്നത്. എഴുത്തിന്റെ തുടക്ക കാലം മുതൽ തന്നെ കമ്പ്യൂട്ടറിനെ ഒരു എഴുത്ത് ഉപകരണമായിക്കണ്ട് അതിൽ എഴുതാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. വിരൽ തുമ്പിൽ നിന്ന് പേനയിലൂടെ മാത്രം പേപ്പറിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് സർഗ്ഗാത്മകത എന്ന ഗൃഹാതുരത്വം നിറഞ്ഞ വാദങ്ങളെ തുടക്കം മുതൽ തന്നെ തള്ളിക്കളയാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്നു മാത്രമല്ല ഇന്നോളം എഴുതിയ ഇരുപത്തി നാല് പുസ്‌തകങ്ങളും പേനാത്തുമ്പിൽ നിന്നല്ല, കീബോർഡിൽ നിന്ന് പിറവി കൊണ്ടവയുമാണ്. പുതിയ കാലത്തെ ഉൾക്കൊള്ളാനും പുതിയ സാങ്കേതിക വിദ്യകളെ സ്വാംശീകരിക്കാനുമുള്ള ഒരു അഭിനിവേശം ഉണ്ടായിരുന്നതു കൊണ്ടാവണം എഴുത്തിന്റ തുടക്കത്തിൽ മലയാളം ‘ടൈപ്പിംഗ്’ പഠിച്ചെടുത്ത് ആ സൗകര്യം പ്രയോജനപ്പെടുത്താൻ എനിക്ക് കഴിഞ്ഞത്. തിരുത്തിയെഴുത്ത് എന്ന അധികപ്രവർത്തിയെ എത്ര എളുപ്പത്തിലാണ് കമ്പ്യൂട്ടർ എഴുത്ത് റദ്ദാക്കിക്കളഞ്ഞത്. നോവൽ എഴുത്തിലാവട്ടെ വാചകങ്ങൾ മുന്നോട്ടും പിന്നോട്ടും മാറ്റിയിടുക, പാരഗ്രാഫുകൾ ഷിഫ്റ്റ് ചെയ്‌ത അതിലെ മനോഹാരിത പരീക്ഷിക്കുക, അധ്യായങ്ങൾ തന്നെ മാറ്റിയിടുക തുടങ്ങിയ പരീക്ഷണങ്ങൾ നടത്താൻ എന്നെ സഹായിച്ചിട്ടുള്ളത് ഈ സാങ്കേതിക സൗകര്യമാണ്. എന്നു മാത്രമല്ല, എല്ലാ സോഷ്യൽ മീഡിയകളിലും സജീവമാകാനും വായനക്കാരുമായി സംവേദിക്കാനും ഞാൻ ശ്രമിക്കാറുണ്ട്. അടഞ്ഞ മുറിയിലിരിക്കുന്ന ഒരെഴുത്തുകാരനല്ല ഞാൻ. അതൊക്കെ എന്റെ എഴുത്തിനു വല്ലാത്ത ഗുണം ചെയ്‌തിട്ടുമുണ്ട്. ഓർക്കുട്ട് പോലെ, ഗൂഗിൾ ചാറ്റ് പോലെ, ഫേസ്‌ബുക്ക് പോലെ, ട്വിറ്റർ പോലെയുള്ള പുതിയകാല വിനിമയ സങ്കേതങ്ങൾ എന്റെ എഴുത്തിൽ വ്യാപകമായി കടന്നു വരുന്നതും അവ നോവകലുകളിൽ ഗുണപ്രദമായി ഉപയോഗിക്കുന്നതിനും ഒരു കാരണം ഇങ്ങനെ സ്വയം പുതുക്കാനും അപ്ഡേറ്റ് ആവാനുമുള്ള എന്റെ മനസു കൊണ്ടാണ് എന്ന് തോന്നാറുണ്ട്. ‘Yellow lights of death’, ‘Jasmine Days’ എന്നീ രചനകളിൽ അവയെ കൃത്യമായി ഉപയോഗപ്പടുത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെയാവും എന്റെ കൃതികൾ പലപ്പോഴും ഏറ്റവും പുതിയ കാലത്തിന്റെ പ്രതിനിധികരിക്കുന്നു എന്ന് അവകാശപ്പെടാനും കഴിയുന്നത്.renewal, benyamin,writer

വിഷയങ്ങൾ കണ്ടെത്തുന്നതിലും അവയെ പുതിയ കാലത്തിനു അനുരൂപമായ രീതിയിൽ ആവിഷ്‌കരിക്കുന്നതിലും വലിയ വെല്ലുവിളി നേരിടുന്ന കാലമാണിത്. സൂക്ഷമതയോടു കൂടി സ്വയം നവീകരിക്കാത്ത ഒരെഴുത്തുകാരൻ വല്ലാതെ പിന്നിലായിപ്പോകാനുള്ള സാധ്യത വളരെയേറെയാണ്. ഞാനൊക്കെ എഴുത്തിലേക്ക് കടന്നു വരുന്ന ഇരുപത് വർഷങ്ങൾക്ക് മുൻപ് മൂന്ന് തരത്തിലുള്ള വെല്ലുവിളികളാണ് ഫിക്ഷൻ എഴുത്തുകാർ നേരിട്ടത്. ദൃശ്യമാധ്യമങ്ങൾ കൊണ്ടു വരുന്ന കാഴ്‌ചകളുടെ മഹാപ്രളയത്തെയും, ഇന്റർനെറ്റ് കൊണ്ടു വരുന്ന അറിവുകളുടെ കൂമ്പാരത്തെയും, ആത്മകഥകളും കേട്ടെഴുത്തുകളും കൊണ്ടുത്തരുന്ന ജീവിതതീക്ഷണതകളെയും മറികടക്കുക എന്ന വെല്ലുവിളി. ജീവിതത്തെ കൂടുതൽ സൂക്ഷമതയോടു കൂടി സ്വാംശീകരിക്കുന്ന ഈ നവസാങ്കേതിക സൗകര്യങ്ങൾ ലഭ്യമായിരിക്കെ എന്തിനാണ് ഞങ്ങൾ ഇനി ഫിക്ഷൻ വായിക്കുന്നത് എന്ന ചോദ്യം ഉയർന്ന് വന്ന കാലമായിരുന്നു അത്. ഇവ മൂന്നിലും കാണുന്നതിനും സൂക്ഷ്‌മമയായും ആധികാരികമായും ജീവിത മുഹൂർത്തങ്ങൾ കാലത്തിന്റെ അടയാളങ്ങൾ സമൂഹത്തിന്റെ പരിച്‌ഛേദം നിങ്ങൾക്ക് കാണാൻ കഴിയുക സാഹിത്യവായനയിലേക്ക് സമൂഹത്തെ തിരികെ കൊണ്ടു വന്നത്. യഥാർത്ഥ സ്ഥലങ്ങളും ഭാവനാസ്ഥലികളും സംയോജിപ്പിച്ചും സത്യവും മിഥ്യയുമായ ചരിത്രങ്ങൾ കൂട്ടിക്കലർത്തിയും വായനക്കാരെ പിടിച്ചിരുത്തുന്ന ഫിക്ഷണൽ റിയലിസം എന്ന എഴുത്തു രീതിയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ഞങ്ങൾ ചെയ്‌തത്.

പുതിയ കാലവും പുതിയ സമൂഹവും കുറെക്കൂടി സങ്കീർണ്ണമാണ്. നവസാങ്കേതിക വിദ്യകളുടേയും സോഷ്യൽ മീഡിയയുടേയും കടന്നു വരവ് എല്ലാവരെയും എഴുത്തുകാരാക്കുന്ന സ്ഥിതിവിശേഷമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. എഡിറ്റർ എന്ന സൂപ്പർ പവറിനെ അത് റദ്ദു ചെയ്‌തു കളിഞ്ഞിരിക്കുന്നു. പഴയ വാമൊഴിക്കാലത്തിന്റെ സ്വഭാവസവിശേഷതകൾ പുതിയ സോഷ്യൽ മീഡിയകളിൽ കാണാൻ കഴിയുന്നുണ്ട്. എവിടെയോ ആരോ പറഞ്ഞ ഒരു കഥ, അതിലേക്ക് നമ്മുടെ ഭാവന കൂട്ടിച്ചേർത്ത് അടുത്ത ആളിലേക്ക് വീക്ഷേപണം ചെയ്യുന്ന, അയാൾ അയാളുടെ ഭാവന അതിനോട് കൂട്ടിച്ചേർത്ത് അതിനെ പിന്നെയും വിപുലപ്പെടുത്തുകയോ പ്രാദേശികവത്കരിക്കുകയോ ചെയ്യുന്നു. അതിനിടയിൽ യഥാർത്ഥ രചയിതാവിന്റെ പേര് തന്നെ നഷ്ടപ്പെട്ടു പോകുന്നു. ഇതായിരുന്നു വാമൊഴിക്കാലത്ത് നടന്നിരുന്നത്. അതിപ്പോൾ പുതിയ സൗകര്യങ്ങൾ ഉപയോഗിച്ച് അനുകരിക്കുന്നു എന്നേയുള്ളു. മഹാഭാരതം പോലെയുള്ള മഹത്തായ രചനകൾ പോലും ഇത്തരമൊരു രചനാരീതിയുടെ അനന്തരഫലമാണെന്ന് തിരിച്ചറിയുമ്പോഴാണ് അതിലെ അനന്തസാധ്യത നമുക്ക് തിരിച്ചറിയാൻ കഴിയുന്നത്. അതിനിടയിൽ എഴുത്തുകാരന്റെ പേര് അടയാളപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയായി നിലനിൽക്കുന്നുണ്ട്. അനുകരിക്കാൻ കഴിയാത്തതും പുതിയ കാലത്തിനു അനുയോജ്യമായ സ്വന്തം ശൈലി കൊണ്ടും രചനാസങ്കേതങ്ങൾ കൊണ്ടും മാത്രമേ പുതിയ കാലത്തിൽ എഴുത്തുകാരന് അത് സാധ്യമാവുകയുള്ളു.renewal, benyamin,writer

അതേ പോലെ തന്നെ ഭാഷയിൽ വലിയ വിപ്ലവമാണ് ‘ഇമോജി’കൾ കൊണ്ടു വന്നിരിക്കുന്നത്. വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തിയാൽ പരാജയപ്പെട്ടു പോകുമായിരുന്ന അനേകം സൂക്ഷ്‌മവികാര ഭേദങ്ങളെ കൃത്യമായ ചിഹ്നങ്ങൾ കൊണ്ട് ഇമോജികൾ പരസ്‌പരം സംവേദനം ചെയ്യുന്നുണ്ട്. വികാരങ്ങളെയും വിചാരങ്ങളെയും എളുപ്പത്തിൽ കൈമാറ്റം ചെയ്യുന്നതിനു വേണ്ടി മനുഷ്യൻ കണ്ടെത്തിയ ഭാഷ എന്ന സൗകര്യത്തെ തന്നെ റദ്ദാക്കിക്കളയുന്നതാണ് ഈ ചിഹ്നങ്ങളുടെ കടന്നു വരവ്. എളുപ്പമാണ് ലോകത്തിന്റെ രീതി എന്നതിനാൽ മനുഷ്യൻ ഭാഷയെ കൈവിട്ട് ഇമോജികളെ പുൽകുന്ന കാലം വിദൂരമല്ല. ഭാഷയിൽ പ്രവർത്തിക്കുന്ന ഒരെഴുത്തുകാരൻ ഈ സാഹചര്യത്തെ എങ്ങിനെ നേരിടുന്നു, എങ്ങനെ അതിനെ മറികടക്കാൻ ശ്രമിക്കും എന്നത് സുപ്രധാനമായ കാര്യമാണ്. സ്വയം നവീകരിക്കാതെ ഒരെഴുത്തുകാരന് അത് സാധ്യമാകും എന്ന് തോന്നുന്നില്ല.

പുതിയ ഭാഷയിലേക്കുള്ള മൊഴിമാറ്റങ്ങൾ, പുതിയ പുരസ്‌കാരങ്ങൾ എന്നിവയൊക്കെ ആത്യന്തികമായി ഒരെഴുത്തകാരന് പുതിയ വായനക്കാരെ സൃഷ്‌ടിക്കുകയാണ് ചെയ്യുന്നത്. അവരുടെ വായനയ്ക്കു കൂടി വഴങ്ങുന്നതാണോ തന്റെ രചനകൾ എന്ന് സ്വയം പരിശോധിക്കുകയാണ് നവീകരിക്കുക എന്ന വാക്കിലൂടെ എന്നെ പോലെയുള്ള എഴുത്തുകാർ ചെയ്യേണ്ടത് എന്ന് തോന്നുന്നു. എഴുത്തുകാരൻ ആരെയും പ്രത്യേകമായി അഡ്രസ് ചെയ്യുന്നില്ല എന്ന് വാദത്തിനു വേണ്ടി പറയാമെങ്കിലും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അതങ്ങനെയല്ല എന്നു കാണാവുന്നതാണ്. അജ്ഞാതമായ ഏതോ ഒരു വായനാസമൂത്തെ ഓരോ എഴുത്തുകാരനും അറിഞ്ഞോ അറിയാതെയോ ലക്ഷ്യം വയ്ക്കുന്നുണ്ട്. അവരുടെ അറിവുകളെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും ഒരു ധാരണ മനസ്സിൽ വച്ചു കൊണ്ടാണ് അവൻ പലപ്പോഴും രചനകൾ നിർവ്വഹിക്കുന്നത്. പ്രാദേശിക ഭാഷാസമൂഹത്തെ മാത്രമാണ് അഡ്രസ് ചെയ്യുന്നത് എന്നൊരു പരിമിതി കൊണ്ട് പലപ്പോഴും അവരുടെ രചനകൾ ഇതരസമൂഹങ്ങളോട് സംവേദിക്കുന്നതിൽ പരാജയപ്പെടുന്നതായി കാണാം. രചനാവേളയിലെ ബോധപൂർവ്വമായ ശ്രമം കൊണ്ട് മാത്രമേ അതിനെ മറികടക്കാൻ കഴിയുകയുള്ളു. എന്റെ വരും കാല രചനകളിൽ അങ്ങനെ ഒരു ശ്രമം നിശ്ചയമായും ഉണ്ടാവും. ചിന്തകളുടെ നവീകരണം കൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നാണത്. ഒരു പുതുവർഷത്തിൽ പെട്ടന്നെടുക്കുന്ന ഒരു തീരുമാനത്തിൽ അത് നടപ്പായിക്കൊള്ളണം എന്നില്ല. സുദീർഘമായ ഒരു കാലയളവ് അതിനു വേണ്ടി വന്നേക്കാം, എന്നാലും പുതുവർഷത്തിൽ ‘Renewal’എന്ന വാക്ക് എന്നെ ഓർമ്മിപ്പിക്കുന്നത് അതു തന്നെയാവാം.

Read in English Logo Indian Express

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Benyamin malayalam writer renewal aadujeevitham mullappo niramulla pakalukal