scorecardresearch
Latest News

നിലാവിന്റെ നിഴലിൽ ഇടവഴിയിലെ അടുക്കള

“ഇടവഴികൾ അങ്ങനെയാണ്. പണ്ടുള്ളവയിൽ ഒരു വളവു തിരിഞ്ഞാൽ വേലിക്കൽ നിൽക്കുന്ന ചെമ്പരത്തിയുടെ ഭംഗിയാണ് കാഴ്ചയെങ്കിൽ, ഇന്ന് കെട്ടിടങ്ങളുടെ ഇടയിലൂടെ ഊർന്നു വീഴുന്ന നിലാവിന്‍റെ നിഴലാവാം. അല്ലെങ്കിൽ വിശക്കുന്ന മനസ്സിന് സദ്യ വിളമ്പുന്ന അടുക്കളകളാകാം. ബനാന യോഷിമോട്ടോയെ പരിചയപ്പെട്ടതുപോലെ ഇനിയൊരു നഗര വഴിയിൽ ഒരു ഇടവഴിയിൽ മറ്റാരോ കഥകളുടെ നിധി കരുതി വച്ചിട്ടുണ്ടാകാം”

നിലാവിന്റെ നിഴലിൽ ഇടവഴിയിലെ അടുക്കള

കരിയിലകൾ പരവതാനി വിരിച്ചു വേലികൾക്കോ പറമ്പിൻ തിണ്ടുകൾക്കിടയിലോ ആയി വളഞ്ഞു പുളഞ്ഞു കിടക്കുന്ന ചെറു വഴികളിയിരുന്നു നമുക്ക് പലർക്കും ഇടവഴികൾ. കോൺക്രീറ്റ് വഴികളും ‘ടാറ്റാ കുട്ടി’ക്കു പോകാവുന്ന ടാറിട്ട വികസന വഴികളുമായി അത് മാറിയിട്ട് കുറേകാലമായി. ഇന്ന് ഇടവഴികൾ, തിരക്കിൽ നട്ടം തിരിയുന്ന നമ്മുടെ നഗരങ്ങളുടെ സിരകളാണ്. ധമനികളായ രാജപാതകളെ യോജിപ്പിച്ചും സമന്തരമായി കാണാമറയത്ത് ഒഴുകികൊണ്ടും ഇടവഴികളുണ്ട്.

ഈ ഇടവഴിയുടെ അരികു പറ്റി ജീവിക്കുന്ന ജനതയാണ് എല്ലാ നഗരങ്ങളെയും പ്രവർത്തിപ്പിക്കുന്ന നട്ടും ബോൾട്ടും. ആ വഴികളും മനുഷ്യരും അവിടെങ്ങുമില്ല എന്ന് കരുതാനാണു നഗരത്തിന് പൊതുവിൽ ഇഷ്ടം. എന്നാലും അതവിടെയുണ്ട്.

എന്തിനെന്നറിയാതെ തിരിക്കിട്ടു പായുന്ന ഒരു പട്ടണത്തിന്‍റെ റെയിൽവേ സ്റ്റേഷൻ. രാവും പകലുമില്ലാതെ ദിവസവും തീവണ്ടികൾ ആയിരങ്ങളെ വിഴുങ്ങിയും തുപ്പിയും നിന്ന് നീങ്ങുന്നയിടം. സ്റ്റേഷന് എതിരെ ഹോട്ടലുകൾക്കിടയിലൂടെ ഒരു ഇടവഴിയുണ്ട്. പ്രധാന റോഡിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ എല്ലാവരും ഉപയോഗിക്കുന്ന ഒരു തെരുവ്. ഇടവഴിക്കിരുവശവും പെട്ടി കടകളും, ചാറ്റ് കൗണ്ടറുകളും, കുറഞ്ഞ ദിവസവാടകയുള്ള ലോഡ്ജുകളും. ഇരുചക്ര വാഹനങ്ങളും കാൽ നടക്കാരും ഉന്തുവണ്ടി കച്ചവടക്കാരും രാത്രി വൈകും വരെ തെരുവിൽ തിരക്കിന്‍റെ ആരവങ്ങളായി നിറയും.

ആ ഇടവഴിയിലെ ലോഡ്ജിലൊന്നിൽ കുറച്ചു നാൾ തങ്ങിയകാലം. ജോലിത്തിരക്ക് കഴിഞ്ഞു ഏതാണ്ട് ഓടി തളർന്ന് വണ്ടിക്കുതിരയെപ്പോലെ തിരിച്ചെത്തുമ്പോഴേയ്ക്കും തെരുവ് ഒതുങ്ങാൻ തുടങ്ങിയിരിക്കും. തിരക്കേറിയ ഒരു ദിവസം കൂടി കഴിഞ്ഞു കൂടിയതിന്‍റെ ദീർഘ നിശ്വാസം പൊഴിച്ച് ആലസ്യത്തിലായ തെരുവാണ് എന്നും കാണാൻ കഴിയുന്നത്. കച്ചവടക്കാർ കടകളടച്ചു കഥ പറഞ്ഞു കൂടിയിരിക്കുന്ന നേരം. റോഡിന്‍റെ വളവിൽ ലോഡ്ജിനോട് ചേർന്നൊരു കോണിലെ ഉന്തുവണ്ടിക്കാരൻ ഒരു രാത്രി കടയടക്കാൻ അൽപം വൈകി. നീല നിറത്തിലുള്ള ഷീറ്റിട്ടു മൂടന്നതിനു മുൻപ് അതൊരു പഴയ പുസ്‌തക കടയാണെന്ന് മനസ്സിലായി.

സാധാരണയായി കാണുന്ന ജെയിംസ് ഹാർഡ്‍ലി ചേസ്, സിഡ്നി ഷെൽഡൺ, ഗൈഡുകൾ, പല വിഷയങ്ങളുടെ ടെക്സ്റ്റ് ബുക്കുകൾ, ഇതൊക്കെ തന്നെ. അട്ടിക്കടിയിൽ നിന്നും പിടിച്ചു വലിച്ചു പുസ്തകങ്ങൾ നോക്കുന്നതെന്തായാലും അയാൾ വിലക്കിയില്ല. രാത്രിയുടെ ആലസ്യം എല്ലാവരെയും ബാധിച്ചത് പോലെ. പഴയ പുസ്തകങ്ങങ്ങൾ വിൽക്കുന്ന സ്ഥലങ്ങൾ മുങ്ങിപ്പോയ കപ്പലുകൾ തേടുന്ന പോലെയാണ്.

കിട്ടുന്നത് നിധിയാണോ തകരപ്പാട്ടയാണോന്നു പറയാൻ പറ്റില്ല. പല പട്ടണങ്ങളിലെ പല പുസ്തകക്കൂട്ടത്തിൽ നിന്നും അങ്ങനെ പല നിധികളും കിട്ടിയിട്ടുണ്ട്.kitchen,banana yoshimoto ,pramal kelat

റോഡിലെ അരണ്ട വെളിച്ചത്തിൽ അസാധാരണമായ ഒരു പേര് കണ്ണിൽപെട്ടു ബനാന യോഷിമോട്ടോ. കൊള്ളാമല്ലോ ഈ പേരെന്നായി. ഒരു ചെറിയ നോവലിന്‍റെ വലിപ്പം മാത്രമുള്ള ഒതുക്കമുള്ള ഒരു പുസ്തകം. പേര് ‘കിച്ചൻ’ [അടുക്കള]. പുറകിൽ നോക്കിയപ്പോൾ മനസിലായി മറ്റൊരു നോവെല്ല കൂടെയുണ്ട് സ്പെഷ്യൽ ഓഫറായി. ‘മൂൺലൈറ് ഷാഡോ’ [നിലാവിന്‍റെ നിഴൽ]. വില്പനക്കാരാന് 50 രൂപ മതി. എല്ലാവർക്കും സന്തോഷം. അന്ന് കിടന്ന് ഉറങ്ങാൻ നന്നായി വൈകി. ഒറ്റയിരിപ്പിനു ആ പുസ്തകം വായിച്ചു തീർത്തു. വായനക്കാരനെ പിടിച്ചിരുത്തുന്ന എന്നാൽ പറഞ്ഞു തരാൻ പറ്റാത്ത ചില കൃതികളുടെ ആ പ്രത്യേക സ്വഭാവം എടുത്തു നിൽക്കുന്ന പുസ്തകം.

രാത്രിയായതിന് ശേഷം മാത്രം ജോലി കഴിഞ്ഞു പുറത്തിറങ്ങാൻ പറ്റുന്ന ഓഫീസ് ജോലിയുള്ള ഒരാൾ പല നാൾ കൂടി മനോഹരമായ സായാഹ്നം കാണുന്ന പോലെ, അസ്തമയം കാണുമ്പോലെ.

ഈ ലോകം വിട്ടു പിരിഞ്ഞു പോകുന്നവർ ബാക്കിയാക്കുന്നത് ആ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന പ്രിയപ്പെട്ടവരെയാണ്. നഗര തിരക്കിലും ഒറ്റപെട്ടു കഴിയുന്ന ആധുനിക മനുഷ്യന്‍റെ ഏകാന്തതയും വിഷാദവും ഇത്തരമവസരങ്ങളിൽ ഒന്നു കൂടെ തീക്ഷ്ണമാവും. അടുക്കളയും നിലാവിന്‍റെ നിഴലും ഈ ഒരവസ്ഥയിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളെ കുറിച്ചാണ്.

അച്ഛനമ്മമാരില്ലാത്ത മികെജിനെ വളർത്തിയത് മുത്തശ്ശിയായിരുന്നു. അതിവികസിത മുതലാളിത്ത സമൂഹത്തിന്‍റെ തിരക്കിൽനിന്നും ഒളിച്ച്, സ്വവികാരങ്ങളും ചിന്തകളും അടുക്കളയുടെ സ്വച്ഛതയിൽ മാത്രം പുറത്തെടുത്ത് ജീവിച്ച മികെജ്‌. മുത്തശ്ശിയുടെ മരണത്തോടെ മികെജ് കുറേക്കൂടി ഒറ്റപ്പെട്ടു. ആ ഒറ്റപ്പെടലിൽ നിന്നും വിഷാദത്തിൽ നിന്നും യോയിച്ചി എന്ന സഹപാഠി, മികെജിനെ താൻ അമ്മയോടൊത്തു തങ്ങുന്ന വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയി. യോയിച്ചിയുടെ അമ്മ എറിക്കോ ശരിക്കും അമ്മ വേഷം എടുത്തണിഞ്ഞ അച്ഛനായിരുന്നു. സ്ത്രീ വേഷം കെട്ടുന്ന പുരുഷൻ. അമ്മയുടെ സ്നേഹവും അച്ഛന്‍റെ കരുതലും ഒരുമിച്ചു മകന് നൽകാൻ അമ്മ വേഷം കെട്ടിയ അച്ഛൻ. എറിക്കോ തികച്ചും ഒരു സ്ത്രീയാവാൻ വേണ്ടതെല്ലാം ചെയ്തു എന്ന് യോയിച്ചി ഒരിടത്തു പറയുന്നുണ്ട്. എറിക്കോ ആണെങ്കിൽ തനിക്കു സ്ത്രീയുടെയും പുരുഷന്‍റെയും ചിന്തകളുണ്ടെന്നും പറയുന്നു.

സ്വന്തം രീതിയിൽ തങ്ങളുടെ സ്വകാര്യ ദുഃഖങ്ങൾ മറികടക്കാൻ ശ്രമിച്ച ആ അച്ഛനും മകനും അവരുടെ ജീവിതത്തിൽ മികെജിനും സ്ഥാനം നൽകി. ആ വീട്ടിലും അടുക്കളയായിരുന്നു അവളുടെ നങ്കൂര സ്ഥാനം. മകനും അച്ഛൻ/’അമ്മ’ യ്ക്കും പാചകം ചെയ്യുന്നത് അവൾക്കു സ്വത്വം നൽകി. അവരുടെ ഉദാരതക്കുള്ള നന്ദിയും.

അടുക്കളയും പാചകവും ഒരേസമയം അവൾക്ക് വിഷാദത്തിൽ നിന്നും മോചനവും ജീവിതത്തിൽ ഏറ്റവും വലിയ ശരിയായ സന്തോഷവും പ്രദാനം ചെയ്തു. ആഹാരത്തിലൂടെയാണ് പലപ്പോഴും കഥാപാത്രങ്ങൾ ആശയവിനിമയം നടത്തുന്നത്.banana yoshimoto,kitchen,pramal kelat

ബാഹ്യമായ ഒരു ഇടപെടൽ യോയിച്ചിയുടെ ജീവിതത്തിൽ താനൊരു ഭാരമാവുമോ എന്ന് മികെജിനെ ആശങ്കപെടുത്തുന്നു. അവൾ ആ വീട് വിട്ടു മാറി താമസിക്കാൻ അത് കാരണമായി. പിന്നീട് യൊയിച്ചിയെ അവൾ ബന്ധപ്പെടുന്നത് അവളുടെ മാനസിക പിന്തുണ അയാൾക്ക്‌ ആവശ്യം വന്നപ്പോഴാണ്. ഇതിനിടയിൽ സ്വപ്നങ്ങളും ആഹാരവും പലവിധത്തിൽ കഥാഗതിയിൽ വരുന്നുണ്ട്. അടുക്കളയിലും പാചകത്തിലും സന്തോഷവും സമാധാനവും കണ്ടെത്തിയ മികെജ്‌ ആ മേഖലയിൽ തന്നെ തൊഴിൽ നേടിയെടുത്തു. എന്നിരുന്നാലും അവളുടെ വിഷാദവും ഏകാന്തതയും മാറുന്നില്ല. സമാന്തരമായി യോയിച്ചിയും അയാളുടെ ജീവിതത്തിലുണ്ടായ ദുരന്തത്തിൽ നിന്നും വിഷാദത്തിലേക്കു വീണു കഴിഞ്ഞിരുന്നു. സങ്കീർണമായികൊണ്ടിരുന്നു അവരുടെ ബന്ധത്തിന് ഭാവിയുണ്ടോ എന്ന ചോദ്യവും ഈ സമയം ഉയരുന്നുണ്ട്. എന്നാൽ നോവൽ അവസാനിക്കുന്നത് ഉന്മേഷം തുടിക്കുന്ന യൊയിച്ചിയുടെ ശബ്ദത്തിൽ നിന്നാണ്. കൂടുതൽ പ്രസാദം നിറഞ്ഞ ഒരു ഭാവി രണ്ടു പേർക്കുമുണ്ട് എന്ന് പ്രത്യാശ നൽകി കൊണ്ട്.

സത്സുകി, ഹിരാഗി – രണ്ടു കൗമാരക്കാർ. ഇവരാണ് ‘നിലാവിന്‍റെ നിഴലിലെ’ പ്രധാന കഥാപാത്രങ്ങൾ. നഷ്ടങ്ങളുടെയും ദുഃഖങ്ങളുടെയും കഥയാണ് ഈ നോവെല്ല.

ഒരേ കാർ ആക്‌സിഡന്റിൽ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടവർ. സത്സുകിയുടെ കാമുകൻ ഹിതോഷി. അയാൾ ഹിറാഗിയുടെ സഹോദരനുമായിരുന്നു. ഹിറാഗിയുടെ കാമുകിയും [യുമിക്കോ] ആ അപകടത്തിൽ മരണപെട്ടു. ഒരേ ദുഖത്തിന്‍റെ പാതയിൽ സഞ്ചരിച്ച അവർ രണ്ടു പേരും കൂടുതൽ അടുക്കുന്നു. അത് അവർക്കു ഒരളവിനു ആശ്വാസവും നൽകുന്നു. എന്നിരുന്നാലും ദുഃഖത്തിന്‍റെ പാത ഓരോരുത്തരുടേതും അവർ തനിച്ചു താണ്ടണം. താൻ വിചാരിച്ചാൽ ഈ അപകടം എങ്ങിനെയോ ഒഴിവാക്കാൻ പാറ്റുമായിരുന്നെന്നു സത്സുകി വിശ്വസിച്ചു. വിഷാദാവസ്ഥയിൽ ഉറക്കം നഷ്ടപെട്ട സത്സുകി അതിരാവിലെ ഓടാൻ പോകുന്നത് ശീലമാക്കുന്നു. തളരും വരെ ഓടുക അതായിരുന്നു അവൾ കണ്ടെത്തിയ വഴി. ഹിരാഗി അപകടത്തെ നിഷേധിച്ചാണ് വിഷാദത്തെ നേരിടാൻ ശ്രമിച്ചത്. സ്കൂളിലേയ്ക്ക് കാമുകിയുടെ വസ്ത്രങ്ങൾ ധരിക്കുന്നത് അയാൾ ശീലമാക്കുന്നു.

അടുക്കളയിലെ എറിക്കോ സ്ത്രീയാവുന്നത് ഭാര്യയുടെ മരണശേഷം ആ നഷ്ടം മറക്കാനാണ്. ഇവിടെ ഹിരാഗി കാമുകിയുടെ വസ്ത്രം ധരിക്കുന്നതും ദുഃഖം മറക്കാൻ തന്നെ.kitchen,banana yoshimoto ,pramal kelat
തന്‍റെ പ്രഭാത ഓട്ടത്തിനിടയിൽ സത്സുകി ഉറാറ എന്ന നിഗൂഢതകളുള്ള ഒരു സ്ത്രീയെ പരിചയപ്പെടുന്നു. കഥയിൽ പ്രധാന കഥാരംഗമായ പാലത്തിൽ വച്ച് ഒരു അത്ഭുത അനുഭവം ഉറാറ വാഗ്ദാനം ചെയ്യുന്നു. നൂറു വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുമെന്ന് പറയപ്പെടുന്ന ഒരനുഭവം. കഥാപാത്രങ്ങൾ അവരുടെ യാഥാർഥ്യത്തെ സ്വീകരിക്കുന്നതിനും വിഷാദാവസ്ഥ മറികടക്കുന്നതിനും ആ അനുഭവം കാരണമാകുന്നു.

ഓർമ്മകളെ കൈവിട്ടു കളയാൻ കഴിയാത്തവരുടെ കഥയാണ് ഇതും. മരിച്ച കാമുകിയുടെ വസ്ത്രങ്ങളായും സത്സുകി ഹിതോഷിക്കു നൽകിയ കുഞ്ഞു മണിയുടെ കിലുക്കമായും, കണ്ടുമുട്ടലുകളുടെ പാലമായും ഓർമ്മകൾ കഥയിലെങ്ങുമുണ്ട്.

സ്വപനങ്ങൾ ‘അടുക്കള’ യിൽ പ്രധാന സംഭവങ്ങളാണെങ്കിൽ ‘നിലാവിന്‍റെ നിഴൽ’ മുഴുവൻ ആരുടെയോ സ്വപ്‌നമാണെന്ന്‌ തോന്നുന്ന ഒരു കൃതിയാണ്. ഉറാറായും കഥാവസാനവും അതീന്ദ്രിയ അനുഭവങ്ങളായി കണക്കാക്കാം. അല്ലെങ്കിൽ ഒരു നീണ്ട സ്വപ്നമായി.

മരണം ജീവിച്ചിരിക്കുന്നവരുടെ പ്രശ്നമാണെന്ന് വായിച്ചതു മൈക്കേൽ ഒന്റാണ്ട്ജയുടെ ‘ഇംഗ്ലീഷ് പെയ്‌ഷന്റിൽ’ ആണെന്ന് തോന്നുന്നു. ‘നിലാവിന്‍റെ നിഴൽ’ എന്ന നോവെല്ല ‘അടുക്കള’ എന്ന നോവലിന്‍റെ കൂടെ തന്നെ പ്രസിദ്ധീകരിക്കണം എന്നത് ബനാന യോഷിമോട്ടോയുടെ നിർബന്ധമായിരുന്നത്രെ. രണ്ടു കൃതികളും തമ്മിൽ വിഷയത്തിലുള്ള സമാനത തന്നെയാവണം അതിന് കാരണം. പ്രിയപെട്ടവരുടെ മരണത്തെ നേരിടുന്നവരാണ് ‘അടുക്കള’യിലെയും ‘നിലാവിന്‍റെ നിഴലി’ലെയും കഥാപാത്രങ്ങൾ.

“ഓർമ്മകൾ ഒരിക്കൽ മരണപ്പെട്ടവരുടെ സാമിപ്യം തിരിച്ചു തരുന്നില്ല; മരിച്ചവരുടെ ഓർമ്മകൾ അവരില്ല എന്നതിന്‍റെ സ്ഥിതീകരണമാണ്; ഓർമകളിൽ; മരിച്ചവർ മായുന്ന, മറയുന്ന, എത്തിച്ചേരാൻ ആവാത്ത കഴിഞ്ഞ കാലം മാത്രമാണ്” [മാന്ത്രിക പർവതം – തോമസ് മാൻ].

ഓർമ്മകളെ താലോലിച്ചിരിക്കാൻ ഇഷ്ടപെടുന്ന, അവയെ കൈവിട്ടുകളായാൻ പേടിക്കുന്ന ആളുകളാണ് രണ്ടു കൃതികളിലെയും കഥാപാത്രങ്ങൾ. എത്ര വാശിപിടിച്ചാലും മാഞ്ഞും മറഞ്ഞും പോകുന്നവയാണ് ഓർമ്മകൾ. അതു തിരിച്ചറിയാനുള്ള അംഗീകരിക്കാനുള്ള കഥാപാത്രങ്ങളുടെ യാത്രകൂടിയാണ് ഈ കഥകൾ.banana yoshimoto,kitchen,pramal kelat

മഹോകോ യോഷിമോട്ടോ തന്‍റെ തൂലികാനാമം ബനാന എന്നാക്കാൻ കാരണം വാഴപ്പൂക്കളോടുള്ള ഇഷ്ടവും, പേരിന്‍റെ ഭംഗിയും, ലിംഗ നിഷ്പക്ഷതയുമാണത്രെ. കൃതികളുടെ വൈചിത്രത്തിനും മൗലികതയ്ക്കും ചേർന്ന പേര് തന്നെ എഴുത്തുകാരിക്കും.

നഗര ജീവിതത്തിന്‍റെ ഏകാന്ത, ജനലക്ഷങ്ങൾക്കിടയിൽ അസ്തിത്വ പ്രശ്നങ്ങൾ നേരിടുന്ന, യാഥാർഥ്യത്തിനും മായിക ലോകത്തിനുമിടയിൽ വിങ്ങുന്നവർ ഇവരാണ് ബനാനയുടെ കഥാപാത്രങ്ങൾ. ഇത്തരം കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്ന മറ്റൊരു ജപ്പാൻകാരൻ, മുറകാമിയെക്കാൾ ലളിതമാണ് ബാനാനയുടെ കഥാസന്ദർഭങ്ങൾ.

ഭക്ഷണവും, സ്വപ്നങ്ങളും വിഷയങ്ങളാകുമ്പോൾ, അടുക്കള പോലെയുള്ളവ ഭൂമികകളാകുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി തികച്ചും സങ്കീർണമായ മറ്റൊരു പുസ്തകം കൂടെ ഇവരുടേതു വായിച്ചിട്ടുണ്ട് – എൻ പി. അവിചാരിതമായി തന്നെയാണ് എൻ പിയും കൈയിൽ വന്നത്. മറ്റൊരു പഴയ പുസ്തക കടയിൽ വച്ച്. ആദ്യപുസ്തകം തന്ന പരിചയം അത് തിരഞ്ഞെടുക്കുന്നത് എളുപ്പമാക്കി.

ഇടവഴികൾ അങ്ങനെയാണ്. പണ്ടുള്ളവയിൽ ഒരു വളവു തിരിഞ്ഞാൽ വേലിക്കൽ നിൽക്കുന്ന ചെമ്പരത്തിയുടെ ഭംഗിയാണ് കാഴ്ചയെങ്കിൽ, ഇന്ന് കെട്ടിടങ്ങളുടെ ഇടയിലൂടെ ഊർന്നു വീഴുന്ന നിലാവിന്‍റെ നിഴലാവാം. അല്ലെങ്കിൽ വിശക്കുന്ന മനസ്സിന് സദ്യ വിളമ്പുന്ന അടുക്കളകളാകാം. ബനാന യോഷിമോട്ടോയെ പരിചയപ്പെട്ടതുപോലെ ഇനിയൊരു നഗര വഴിയിൽ ഒരു ഇടവഴിയിൽ മറ്റാരോ കഥകളുടെ നിധി കരുതി വച്ചിട്ടുണ്ടാകാം. നീല ഷീറ്റുകൾ മറച്ചുകളയും മുൻപേ അത് കണ്ണിൽ പെടുന്നതാണ് ഭാഗ്യം!

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Banana yoshimoto kitchen moonlight shadow

Best of Express