വരയ്ക്കാന്‍ പറ്റിയ പ്രസന്നമായ പകല്‍വെളിച്ചത്തിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ബുദ്ധമത്തില്‍ ചേര്‍ന്നത്‌, പതിനേഴു കൊല്ലം മുമ്പ് ഫെബ്രുവരിയിൽ ഗയയില്‍ വെച്ചാണ് ഈ അപ്രതീക്ഷിത ചടങ്ങ് നടന്നത്. അന്നു ബിഹാര്‍ സര്‍ക്കാരില്‍ ഉള്ള എന്‍ എസ് മാധവന്‍ സഹായത്തിനുണ്ട്. ഇന്ത്യന്‍ എക്‌സ്‌പ്രസ്സിന്റെ ഞായറാഴ്ച പതിപ്പിനുവേണ്ടി എഴുതി വരയ്ക്കാന്‍ ഞാനും. കൂടെനടന്നു.  ഒരാളുടെ ആത്മകഥ മോഷ്ടിക്കുന്നത് ശരിയല്ല. പ്രത്യേകിച്ച് ബാലനെപോലൊരാളുടെ. ഈ കഥ ബാലന്‍ തന്നെ എഴുതട്ടെ.  ഇതോടനുബന്ധിച്ചു നടന്ന ഒരു കാര്യം പറഞ്ഞു നിര്‍ത്താം.

ഗയയില്‍ നിന്നു ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഉടന്‍ ഒരു രാത്രി കോയമ്പത്തൂര്‍ “മാതൃഭൂമി”യിലെ വിജയകുമാര്‍ കുനിശ്ശേരി ഫോണ്‍ വിളിച്ചു. വികടകവി എന്ന് സ്വയംവിശേഷിപ്പിക്കുന്ന കുനിയുടെ പദാവലി വര്‍ണ്ണശഭളവും ഒട്ടുമുക്കാലും അച്ചടിക്കു വഴങ്ങാത്തതുമാണ്.

ഇത്തവണ മുഴുവനും അച്ചടിക്കാന്‍ കൊള്ളാത്തതായിരുന്നു. ആള്‍ കലശലായി കോപിച്ചിരുന്നു. ബാലന്‍ മതത്തില്‍ ചേര്‍ന്നതാണ് പ്രകോപനം. അതിനു തുണ നിന്നതാണ് എന്റെ കുറ്റം.
മതമില്ലാതെ ജീവിച്ചു കാണിക്കേണ്ട കവി സമം ഇടതുപക്ഷക്കാരന്‍ ഒരു മതത്തോടും അടുക്കരുത് എന്നാണ് കുനിയുടെ നിലപാട്. സര്‍വ്വമത നിരാസത്തില്‍ കുറഞ്ഞ ഒരു മതനിരപേക്ഷതയും കുനിക്കു സ്വീകാര്യമല്ല.

Read More : ജന്മദിന ആഘോഷങ്ങളിൽ നിന്നകന്ന് ബുദ്ധവിഹാരത്തിൽ ബാലചന്ദ്രൻ ചുളളിക്കാട്:  ചിത്രങ്ങൾ​കാണാം

budha gaya temple, balachandran chullikkad, ep unny

അരമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു ശബ്ദഘോഷം. ആള്‍ കുനി ആയതുകൊണ്ട് ഒന്നൊന്നര മാസത്തിനുള്ളില്‍ കോപം ശമിച്ചു നര്‍മ്മ സല്ലാപത്തിലേക്ക് തിരിച്ചെത്തി.വഴിയെ ബാലനുമായി രാജിയായി. ഫൊട്ടോ എടുത്തു ഫെയ്‌സ്‌ബുക്കിൽ ഇട്ടു.

ഈ കഥകള്‍ പറയാന്‍ കുനി ഇന്നില്ല. കഴിഞ്ഞ ആഗസ്റ്റ്‌ മാസത്തില്‍ കോയമ്പത്തൂരിലെ ഒരു ആശുപത്ത്രിയില്‍ വച്ച് അറുപതു തികയ്കാതെ പോയി. അതിനിടക്ക് കുറേ എഴുതി, അതിലേറെ വായിച്ചു, സമൃദ്ധമായി സംഭാഷണങ്ങളില്‍ ഏർപ്പെട്ടു. ടി.ഭാസ്കരന്റെ വിഖ്യാതമായ “ബ്രഹ്മര്‍ഷി ശ്രീ നാരായണ ഗുരു” തമിഴിലേക്ക് തര്‍ജ്ജുമ ചെയ്തു, “തുറവി വേന്തര്‍ ശ്രീ നാരായണ ഗുരു”. കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലത്തിനകത്തു ഭയാനകമായി ശക്തി പ്രാപിച്ച മതരാഷ്ട്രീയത്തെ ചെറുക്കാനുള്ള ഭാഷയ്ക്കും ഭാവത്തിനും വേണ്ടി ഈ ഇടതുമനം ഒരുങ്ങിയിരുന്നു. കുറേ മുമ്പേ ബുദ്ധനെ അന്വേഷിച്ചിറങ്ങിയ സോദരകവിയെ ഇടയ്ക്കെപ്പോഴോ മനസ്സിലാക്കിയിരിക്കണം.

Read More : ഇല കൊഴിയാതെ ഒരു കവി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ