ബാലചന്ദ്രന്റെ അഭിവാദനം വായിച്ചപ്പോഴെ എനിക്ക് തോന്നി കാലത്തിന്റെ ഒരു ഋതുസംക്രമണം എന്റെ സുഹൃത്തിന് മേൽ നടന്നുവെന്ന്. ഋതുഭേദങ്ങൾ കാലത്തിലാണ് സംഭവിക്കുന്നത്, കാലം മനുഷ്യനാണ്. ശരത്‌കാലവും കഴിഞ്ഞ് ഹേമന്തത്തിലേയ്ക്കും അവിടവും കഴിഞ്ഞ് വളരെ അകലത്തേയ്ക്ക് പോയാലും ബാലചന്ദ്രന്റെ കവിതകൾ, അതുവഴി ബാലചന്ദ്രനെന്ന കവി മലയാള കവിതയിൽ സൃഷ്ടിച്ചത് ഒരു വസന്തവൃക്ഷം പോലെ എപ്പോഴും പൂത്ത് നിൽക്കാനാണ് സാധ്യത.

” സിഗരറ്റ് കണക്ക് എരിഞ്ഞ് പോം
നരജന്മം, ചുടചാമ്പൽ​മാത്രമാം പരിശിഷ്‌ട, മതും തണുത്തഴി-
ഞ്ഞലിയും ഭൂതല ഭൂതകോടിയിൽ”
എന്ന് പണ്ടേ പറഞ്ഞതിന്റെ തുടർച്ചയാണ്, അഭിവാദനം.

pk harikumar, vishnu ram, balachandran chullikad

ബാലചന്ദ്രന് അറുപത് വയസ്സായി. എല്ലാവർക്കും വയസ്സാവും. വെറുതെ നമുക്ക് കാലത്തോട് നന്ദി പറഞ്ഞിരിക്കാം. ബാലൻ എന്റെ മുന്നിലേയ്ക്ക് ആദ്യമായി വരുന്നത്, കവിതകളായിട്ടാണ്. എഴുപതുകളുടെ ആദ്യം തീക്ഷ്ണമായ രാഷ്ട്രീയ വേനൽ കേരളത്തിലെ കോളജ് വളപ്പുകളിൽ എരിഞ്ഞ് നിൽക്കുന്ന കാലം. അവിടങ്ങളിൽ ഇടതുപക്ഷത്തിന്റെ നേർത്ത ശബ്ദം കടലിരമ്പമായി മാറാനിരിക്കുന്നതേയുണ്ടായിരുന്നുളളൂ. എസ് എഫ് ഐ പതുക്കെ തിടംവച്ച് വളരുന്നു. ലോകം മുഴുവനുമുളള വിമോചനപോരാട്ടങ്ങളുടെ ഛായ പരന്നൊഴുകുന്ന കാലം. വരാനിരിക്കുന്ന വിപ്ലവത്തിന് വേണ്ടിയുളള കാത് കൂർപ്പിക്കൽ. വിപ്ലവ സ്വപ്നങ്ങളും അതിസാന്ദ്രമായ കാൽപ്പനിക ഭംഗി അങ്ങനെ നിറഞ്ഞൊഴുകിയ കാലം. സംവാദങ്ങളുടെയും തർക്കങ്ങളുടെയും പ്രതിവാദങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അറുചുവപ്പൻ കാലം. അസ്തിത്വവാദത്തിന്റെ ലഹരി പടർന്ന് വിപ്ലവ വീര്യത്തെ ദ്രവിപ്പിക്കുമോ എന്ന് സന്ദേഹിച്ചിരുന്ന ഒരു കാലം. വീശിയടിച്ച ആധുനികത സമ്മാനിച്ച് ജീവിതത്തിന്റെ അർത്ഥശൂന്യതയെ കുറിച്ചുളള വേവലാതികൾ ക്യാമ്പസിൽ നിറയെ തരള യൗവനങ്ങളുടെ മനം കവർന്ന പുതിയ കവിതകൾ, കഥകൾ, സിനിമകൾ, കവിതചൊല്ലലുകൾ.

Read More : മണ്ണാങ്കട്ടയും കരിയിലയും

വലിപ്പമുളളവർക്ക് പുറകെ വന്ന ഒരു കൊച്ച് കവിയായ ബാലചന്ദ്രൻ, ആധുനികർക്കും ആധുനികതയുടെ ചുവന്നവാൽ ഉളളവർക്കും അല്ലാത്തവർക്കുമിടയിലേയ്ക്ക് ഒതുങ്ങി പതുങ്ങിവന്ന് ആസുരവാദ്യഘോഷമായി മാറി.

“ജോസഫ് ഒരു ഓർമ്മതൻ ക്രൂരമാം സൗഹൃദം”

“അമ്മേ പിൻവിളി വിളിക്കാതെ”

പിന്നെ പതിനെട്ട് കവിതകൾ. ഇതിനിടയിൽ നമ്മുടെ ജനാധിപത്യം എത്ര ദുർബലമായ കണ്ണികളിലാണ് വിളക്കിച്ചേർത്തിരിക്കുന്നത് എന്നതിന് തെളിവുമായി തുടയരയ്ക്കപ്പെട്ട യൗവനങ്ങൾക്കു നേരെ അടിയന്തരാവസ്ഥ കയറിയിറങ്ങിപ്പോയി. ഇതിനിടയിലെവിടെയോ ആണ് ബാലചന്ദ്രനെ ഞാൻ ആദ്യമായി കാണുന്നത്. ഇനി എഴുതപതുകളുടെ അവസാനം മഹാരാജസിലെ പഠനകാലം. ഞാനും ബാലനും ഒരേ കോളജിൽ. മാത്രമല്ല, വിജയലക്ഷ്മിയും. ഞാൻ ന്യൂ ഹോസ്റ്റലിലെ അന്തേവാസി. ബാലചന്ദ്രൻ സ്ഥിര താമസക്കാരൻ. തുലാവർഷം പോലെ അലറി പെയ്യുന്ന കവിതകൾക്കിടയിലൂടെ മഹാരാജാസിൽ ബാലചന്ദ്രൻ ഒന്നും സംഭവിക്കാത്തതുപോലെ മിന്നിമറയുന്നത് ഒരു കാഴ്ചയായിരുന്നു. അതേ, ബാലചന്ദ്രന്റെ കവിതകൾ ചൊല്ലുന്നവർ ആ കവിതകളുടെ കാണാത്ത അർത്ഥങ്ങൾ അന്വേഷിക്കുന്നവർ, അവർക്കിടയിൽ ബാലചന്ദ്രന്റെ സാന്നിദ്ധ്യം ഒരു കൗതുക കാഴ്ചയായിരുന്നു. അതിനുമൊക്കെ അപ്പുറത്തുവച്ചെപ്പോഴോ ഞങ്ങൾ വലിയ സ്നേഹിതന്മാരായി മാറിക്കഴിഞ്ഞിരുന്നു.

ജനകീയ സാംസ്കാരികവേദിയുടെ തട്ടകങ്ങളിൽ നിന്നും വഴിമാറി മഹാരാജാസിന്റെ ലോകത്തേയ്ക്ക് ബാലചന്ദ്രൻ കുടിപാർക്കുകയായിരുന്നു. കോളജിൽ കെ. എസ് യു ജയിച്ചുകയറി നിൽക്കുന്ന കാലം. അതിനെ മറികടക്കാൻ ബാലചന്ദ്രനെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാനായി മത്സരിപ്പിക്കാൻ ഞാൻ കഠിന പരിശ്രമം നടത്തി. ആദ്യമൊക്കെ ആടി നിന്ന ബാലചന്ദ്രൻ പിന്നെ ഇലക്ഷനിൽ നിന്നില്ല. വേണ്ട… വേണ്ട… എന്ന് കരഞ്ഞ് പറഞ്ഞ് എന്റെ നിർബന്ധത്തിൽ നിന്നും തെന്നിമാറി. ആ തിരഞ്ഞെടുപ്പിൽ​ ഞാൻ ജയിച്ച് കേരളാ സർവ്വകലാശാല യൂണിയൻ ചെയർമാനായി.

pk harikumar, maharajas college, balachandran chullikkadu,

പി.കെ.ഹരികുമാറും ബാലചന്ദ്രൻ ചുളളിക്കാടും (പഴയകാലചിത്രം)

ആ ഇടയ്ക്കാണ് വിഖ്യാത ചലച്ചിത്രകാരൻ അരവിന്ദന്റെ “പോക്കുവെയിൽ” ഇറങ്ങിയത്. നഗരത്തിൽ എല്ലായിടത്തും ബാലചന്ദ്രന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററുകൾ. ആ സിനിമ ഇറങ്ങിയ കാലത്ത് ഒരുനാൾ ബാലചന്ദ്രൻ മഹാരാജാസിലെ ചിരപുരാതനമായ നടുമുറ്റത്തുകൂടെ നടന്നുപോയതും ആൺകുട്ടികളും പെൺകുട്ടികളും ആ കാൽപ്പനിക നായകനെ ആദ്യമായി കാണുന്നത് പോലെ നോക്കിനിന്നതും ഞാൻ ഓർത്തുപോകുകയാണ്. പിന്നെ എന്റെ സ്നേഹിതൻ ഒരു സ്ഥിരം സിനിമാ നടനായി മാറിയത് വേറൊരു കഥ. ഞാൻ മുന്നിൽ നിന്ന് മെയിൻ ഹാളിൽ പോക്കുവെയിലിനെ കുറിച്ച് നടത്തിയ ആസ്വാദനം. വിഷയാവതരണം എന്റെ വക. ബാലചന്ദ്രൻ കേൾവിക്കാരൻ.

Read More : മാനസാന്തരം സംഭവിക്കാത്ത സൗഹൃദം

സമരങ്ങൾ, സർവ്വകലാശാല യുവജനോത്സവം, കവിയരങ്ങുകൾ, സംഘട്ടനങ്ങൾ, ഇതിനിടയിൽ ഞാനും ബാലചന്ദ്രനുമായി സാഹിത്യബാഹ്യമായ കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ് നഗരത്തിലൂടെയുളള നീണ്ട നടത്തം. ഹോസ്റ്റലിലെ വൈകുന്നേരങ്ങൾ, ആരവം, നിശബ്ദത- ഇന്ന് ആ മഹാരാജാസും മഹാനഗരവും ആകെ മാറി. എന്നാലും നമുക്ക് നമ്മളോടുതന്നെ പറയാവുന്ന ഒരോർമ്മയാണെന്നും മഹാരാജാസ്. നടക്കുന്ന വഴിയിൽ പറഞ്ഞ കഥകൾ, ജീവിത കഥകൾ, അച്ഛന്റെ കാര്യം, ബാല്യം, വിഷമതകൾ, കൽപ്പിത കഥകൾ, പറയാത്ത കഥകൾ, ആലുവ വൈ. എം സി എ ക്യാമ്പ് സൈറ്റിലെ സാഹിത്യ ക്യാമ്പും രാത്രി താമസവും ഹോസ്റ്റലിലെ ഇരവു പകലുകൾ, മഹാരാജാസിന്റെ മാന്ത്രിക ലാവണ്യം. ഫ്രൈഡ് റൈസ് ഇറങ്ങിയ കാലം, ആദ്യമായി എന്നെ മഹാരാജാസിന്റെ പുറകിലുളള​ തണ്ടൂർ റസ്റ്ററന്റിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി ആറ് രൂപ വീതം രണ്ട് പേരും കൂടെ എടുത്ത് ഒറു ഫ്രൈഡ് റൈസ് വാങ്ങി പകുതി പകുതി കഴിച്ചത്. ആ ഫ്രൈഡ് റൈസ് ഇങ്ങനെയൊക്കെ ആയി തീരുമെന്ന് അന്ന് ഞങ്ങൾ ഓർത്തില്ല.

സർവ്വകലാശാല യൂണിയൻ പ്രവർത്തനം സംഘടനാ പ്രവർത്തനം ഒക്കെയായി ഞാൻ തിരുവനന്തപുരത്ത് സ്ഥിര താമസം. ബാലചന്ദ്രനും ഇക്കാലത്ത് അവിടെ സ്ഥിരതാമസം, നെടുമുടി വേണുവിന്റെ വീട്ടിൽ. ഒരു ദിവസം വന്ന് എന്നെയും കൂട്ടി നെടുമുടിയുടെ വീട്ടിലേയ്ക്ക് പോയി. വേണുവിന് അന്ന് ധാരാളം സിനിമകൾ ഉളള കാലം. അവിടുന്ന് ഭക്ഷണം. കളിതമാശകൾ, ഒരുപാട് വർത്തമാനങ്ങൾ, ഒടുവിൽ നെടുമുടിയുടെ വാദ്യഘോഷം, ബാലന്റെ കവിത ചൊല്ലൽ. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് സെന്ററിലെ നിത്യ സന്ദർശകനായിരുന്നു ബാലൻ. എന്തുമാത്രം വിദ്യാർത്ഥികളായിരുന്നു ചുറ്റും കൂടിയിരുന്നത്.
ഇതിനിടയിൽ ഒരു ദിവസം ഒ എൻ വിയുടെ ഒരു പാട്ട് റിക്കോർഡിങ് കേട്ടതിന് ശേഷം ബാലചന്ദ്രൻ ഓടിക്കിതച്ച് എന്റെയടുക്കേയ്ക്ക് വന്നു. “​ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം” എന്ന വരി പാടിക്കേൾപ്പിച്ച് ” എടാ അങ്ങേര് നമ്മളെയൊക്കെ തകർത്തു കളഞ്ഞു” എന്ന് പറഞ്ഞ് ഉത്സാഹിയായി ചിരിച്ച് ആർത്തത് അങ്ങനെ എന്തെല്ലാം ഓർമ്മകൾ ഉണ്ട് ബാലചന്ദ്രനുമായി കെട്ടുപിണഞ്ഞത്.
വരാനിരിക്കുന്ന വസന്തങ്ങൾക്ക് മുന്നിൽ ഋതുഭേദങ്ങളെ അതിജീവിച്ച് ഇല കൊഴിയാതെ ഈ കവി. വല്ലപ്പോഴും എന്നെ വിളിക്കും. എന്തിനു വിളിക്കണം എപ്പോഴും ചിന്തയിലുണ്ടല്ലോ.

Read More : ബാലന്‍റെ ബുദ്ധനും കുനിയുടെ ഗുരുവും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook