scorecardresearch

മണ്ണാങ്കട്ടയും കരിയിലയും

നിലയ്ക്കാത്ത കാറ്റു പോലെയാണ് ബാലചന്ദ്രൻ ചുളളിക്കാട് എന്ന "കവിത"; അഷിതയോ ജലം പോലെ ഒഴുകുന്ന "കഥ" യും. അഷിതയും ബാലചന്ദ്രനും ക്ഷുഭിത യൗവനങ്ങൾ​ പേറിയവർ, പക്ഷേ അതിനെ തികച്ചും വ്യത്യസ്തമായ രീതികളിൽ​ സ്വാംശീകരിച്ചവർ. പളുങ്കു വാക്കും ഓർമ്മയും ഇഷ്ടവും കൊണ്ട് 2017ൽ ബാലചന്ദ്രന് 60-ാം പിറന്നാളിന് അഷിത നൽകിയ സമ്മാനം

നിലയ്ക്കാത്ത കാറ്റു പോലെയാണ് ബാലചന്ദ്രൻ ചുളളിക്കാട് എന്ന "കവിത"; അഷിതയോ ജലം പോലെ ഒഴുകുന്ന "കഥ" യും. അഷിതയും ബാലചന്ദ്രനും ക്ഷുഭിത യൗവനങ്ങൾ​ പേറിയവർ, പക്ഷേ അതിനെ തികച്ചും വ്യത്യസ്തമായ രീതികളിൽ​ സ്വാംശീകരിച്ചവർ. പളുങ്കു വാക്കും ഓർമ്മയും ഇഷ്ടവും കൊണ്ട് 2017ൽ ബാലചന്ദ്രന് 60-ാം പിറന്നാളിന് അഷിത നൽകിയ സമ്മാനം

author-image
Ashita
New Update
ഒരു കീറ് അഷിതയാകാശത്തിലെ മേഘവിസ്‌ഫോടനങ്ങള്‍

അഷിത (പഴയകാല ചിത്രം)

എന്‍റെ ജീവിതത്തിന്‍റെ അതിശയമാണ് ബാലനുമായുളള എന്‍റെ സൗഹൃദം. സാഹിത്യ തറവാട്ടിൽ ഒരുമിച്ചു കളിച്ചു വളർന്നവരാണ് ഞങ്ങൾ. ആ അർത്ഥത്തിൽ ബാലൻ എന്‍റെ കളിക്കൂട്ടുകാരനാണ് - വാക്കുകളുടെ പുറത്തേറി ആന കളിച്ചവർ, വാക്കിൽ തൊട്ട് 'സാറ്റ്' അടിച്ചവർ, ഒളിച്ചു കളിച്ചവർ, കളളനും പൊലീസും കളിച്ചവർ.

Advertisment

ബാലനെ ഞാനാദ്യം കാണുന്നത് ബാലപംക്തിയിലാണ്. കഥയെഴുത്തിനെ എന്‍റെ വീട് കർക്കശമായി എതിരിട്ട് തോൽപ്പിച്ചിരുന്നത് കൊണ്ട്, ടാഗോറിന്‍റെ ഗീതാജ്ഞലിയിലെ ഒരു ചെറിയ ഭാഗം തർജ്ജമ ചെയ്ത് ജീവൻ നിലനിർത്തിയ ആഴ്ച. ബാലന്‍റെ ഒരു കവിത അതോടു ചേർന്ന് കുട്ടേട്ടൻ കൊടുത്തിരുന്നു. അതിലൊരു വരി ഇങ്ങിനെയായിരുന്നു 'കറുത്തവാവിൻ തുണ്ടുകൾ കൊറിക്കാൻ തരാം'. തീരാത്ത അമാവാസിയിലൂടെ നടന്ന നീങ്ങുകയായിരുന്നതു കൊണ്ടാവാം ആ വരി എന്നെ ഉലച്ചുകളഞ്ഞു. കറുത്തവാവുകളെ കടല പോലെ കൊറിച്ചും ജീവിതം തീർക്കാമെന്ന് ബാലനാണ് പഠിപ്പിച്ചത്.

ഒരു എഴുത്തുകാരന്‍റെ ഭാഷയിൽ മുഗ്‌ദ്ധയായി ഞാനൊരാൾക്കു മാത്രമേ എഴുതിയിട്ടുളളൂ - അത് ബാലനായിരുന്നു. ബാലന്‍റെ മറുപടി വന്നു. വീട്ടിൽ എന്‍റെ നില അത് കൂടുതൽ പരുങ്ങലിലാക്കി. ഞാൻ പിന്നെ ബാലന് എഴുതിയില്ല. നന്ത്യാട്ടുകുന്നം പി ഒ, എന്ന മേൽവിലാസം ഇന്നും ഓർമ്മയിൽ... അങ്ങിനെ കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചീവാത്ത മുടിയും മുഷിഞ്ഞ ഷർട്ടും മുണ്ടും കവിത പെയ്യുന്ന കണ്ണുകളുമായി ഒരു ദിവസം ബാലൻ വീട്ടിൽ കയറി വന്നു. ഞാൻ വല്ലാതെ പരിഭ്രമിച്ചു. വീട്ടിലെ കാർക്കശ്യം എന്‍റെ ഹൃദയമിടിപ്പുകളെ താളം തെറ്റിച്ചിരുന്ന കാലം. അന്ന് ബാലന് കാപ്പി കൊടുത്തു. 'അഷിതാ' എന്നു വിളിച്ചു കയറി വന്നയാൾ അധികമൊന്നും സംസാരിച്ചില്ല. ബാലൻ തിരിഞ്ഞു നോക്കാതെ ഇറങ്ങിപ്പോയി. കവികളൊക്കെ മുഷിഞ്ഞ മുണ്ടും ഷര്‍ട്ടും ചീവാത്ത മുടിയും തോൾ സഞ്ചിയുമായിട്ടായിരിക്കുമോ സഞ്ചരിക്കുക എന്നതു ഞാൻ വളരെക്കാലം മനസ്സിൽ​കൊണ്ടു നടന്ന സന്ദേഹമായിരുന്നു.

Read More : ഇല കൊഴിയാതെ ഒരു കവി

പിന്നെ, ഒരു ദിവസം മഹാരാജാസിലെ ബി എ ഇംഗ്ലീഷ് ക്ലാസിന് മുന്നിലെ ഇടനാഴിയിൽ ബാലൻ തിരക്കി വന്നു. ഭാണ്ഡത്തിൽ എന്തെങ്കിലുമുണ്ടോ? ഞാൻ ചോദിച്ചു. ബാലൻ 'യാത്രാമൊഴി' ഉറക്കെ ചൊല്ലി. ഞങ്ങളുടെ അടുത്തുകൂടെ വിദ്യാർത്ഥികളും ടീച്ചർമാരും കൗതുകത്തോടെ നോക്കിയും ചിരിച്ചും കടന്നുപൊയ്ക്കൊണ്ടിരുന്നു. തോരാതെ പെയ്യുന്ന കവിതയിൽ ഞങ്ങൾ നനഞ്ഞു പെയ്തുകൊണ്ടിരുന്നു. ബാലൻ പോയി, പിന്നെ ഡിഗ്രിക്ക് വന്ന് ചേർന്നു.

Advertisment

balchandran chullikkad, vijayalakshmi, ashitha ബാലചന്ദ്രൻ ചുളളിക്കാടും വിജയലക്ഷ്മിയം (പഴയ കാല ചിത്രം)

അന്ന് വിജയലക്ഷ്മിയും ഞാനും വലിയ കൂട്ടാണ്. അക്കാലത്താണ് അവർ പ്രേമത്തിലാവുന്നത്. അവരുടെ പിണക്കങ്ങൾക്കും പ്രേമവിഹ്വലതകൾക്കും ഞാൻ സാക്ഷിയായി. അക്കാലത്താണ് ബാലൻ പോക്കുവെയിലിൽ അഭിനയിക്കുന്നത്. മഹാരാജാസിൽ അതൊരു വലിയ സംഭവമായിരുന്നു. ഷൂട്ടിങിനു പോയ 'ബാല' തിരിച്ചു വരുന്നതുവരെ വിജയലക്ഷ്മിയുടെ വിരഹദുഃഖത്തിനും ഞാൻ സാക്ഷി. തിരിച്ചുവന്ന ബാലനുളള അഭിനന്ദനയോഗത്തിൽ പങ്കെടുത്ത് കൈയടിക്കുന്ന എന്നെ വിളിച്ചു മാറ്റി നിർത്തി രാധാമണി ടീച്ചർ പറഞ്ഞു "It is so nice to see a writer applauding another writer. It never happens..." എനിക്ക് എഴുത്തുകാരെയൊന്നും പരിചയമില്ലാത്തതു കൊണ്ട് ആ പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഞാനും ബാലനും ഒരിക്കലും രണ്ടെഴുത്തുകാരായി പരസ്പരം കണ്ടിട്ടില്ല എന്നാണ് തോന്നുന്നത്. ബാലൻ വിജിയെ കല്യാണം കഴിച്ചപ്പോൾ, വിജിയെ സങ്കടപ്പെടുത്തരുത് എന്ന് പറയാൻ മാത്രമുളള അധികാരം എനിക്കുണ്ടായിരുന്നു. എന്നിട്ടും ബാലൻ വിജിയെ ഒരുപാട് കരയിച്ചു. ഒരുപാടൊരുപാട്.

Read More: മാനസാന്തരം സംഭവിക്കാത്ത സൗഹൃദം


ഞാൻ എം. എ കഴിഞ്ഞു വിടപറയുമ്പോൾ ബാലൻ ചോദിച്ചു, ഇനിയെന്താണ് ചെയ്യാൻ പോകുന്നത്? 'മിക്കവാറും ഏതെങ്കിലും ഗൾഫുകാരനെ കെട്ടും ബാക്കി ജീവിതം മരുഭൂമിയിൽ' എന്നാണ് പറഞ്ഞത്. അന്ന് ബാലൻ പറഞ്ഞു, " അയാളോട് പറയണം, ദുബായിൽ നിന്നും നല്ല ക്രിസ്റ്റൽ കൊണ്ടുതരാൻ." "എന്തിനാ ക്രിസ്റ്റൽ?" ഞാനത്ഭുതത്തോടെ ചോദിച്ചു." ക്രിസ്റ്റലിന്‍റെ ഉളളിലേയ്ക്ക് നോക്കിയാൽ അങ്ങ് അറ്റംവരെ കാണാം അഷിതയക്ക് ക്രിസ്റ്റൽ തന്നെയാണ് കൊണ്ടുതരേണ്ടത്. കൊണ്ട് തരാൻ പറയൂ" എന്ന്. വർഷങ്ങൾക്കു ശേഷം ഗുരു നിത്യചൈതന്യയതി എന്നെ ധ്യാനം പഠിപ്പിച്ചത് ക്രിസ്റ്റൽ കൈയലേൽപ്പിച്ചുകൊണ്ടാണ്. ഇപ്പോഴും ആ ക്രിസ്റ്റൽ എടുത്ത് അങ്ങേയറ്റം വരെ കാണാറുണ്ട് ഞാൻ...

ashitha, balachandran chullikkadu, vijaylaskhmi

പഠിത്തം കഴിഞ്ഞ് ഞങ്ങൾ ഓരോ വഴിക്ക് പോയി. കണ്ടുമുട്ടുന്നു, അകലുന്നു. സമുദ്രത്തിലെ അലകൾ പോലെ. ഇടയ്ക്കെപ്പോഴോ ബാലൻ കവിത ഉപേക്ഷിച്ചു. സീരിയലിലും സിനിമയിലും സജീവമായി. ഞാനെന്തോ വിജിയെയാണ് ഓർത്തത്. കവിയെയാണ് വിജി പ്രേമിച്ചതെന്ന് മറ്റാരേക്കാളും എനിക്കറിയാം. മനസ്സുകൊണ്ട് ഒന്നിനെ ഉപേക്ഷിച്ചാൽ അതു മടങ്ങി വരില്ല, ഒരിക്കലും എന്നു പറഞ്ഞത് ബാലനാണ്. അതുകൊണ്ട് ഞാൻ, കവിതയെ ഓർത്തു ദുഃഖിച്ചു, വിജിയെ ഓർത്തും. ഈ​ സൗഹൃദത്തിന്‍റെ മരം ഉണങ്ങാൻ തുടങ്ങുമ്പോഴൊക്കെ ബാലൻ എവിടെ നിന്നൊക്കെയോ കയറി വന്ന് ഒരു കുമ്പിൾ വെളളമൊഴിച്ച് അതുണങ്ങാതെ കാത്തു. അതു പൂർണമായും ബാലന്‍റെ കരുതൽ തന്നെയാണ്. ചിലപ്പോൾ ദൂരെയിരുന്ന് കവിത ഫോണിലൂടെ ചൊല്ലി വിളിച്ചു. ചിലപ്പോൾ വിദേശത്തു നിന്നായാലും ഒരു ഫൊട്ടോ, ഒരു മെസേജ്...

രണ്ടാമത്തെ ഹൃദയാഘാതത്തിനു ശേഷം ബാലൻ എന്നെ വിളിക്കുകയുണ്ടായി. മൂന്നാമത്തേതിനു മുമ്പ് യാത്ര പറയാനായി എന്നാണ് അന്ന് പറഞ്ഞത്. അന്ന് ഫോണിന്‍റെ രണ്ടറ്റത്തുമായി ഞങ്ങൾ ഏറെനേരം നിശബ്ദരായി നിന്നു. ആ സങ്കടം പറഞ്ഞറിയിക്കുക വയ്യ.
എത്രകാലം കഴിഞ്ഞു കണ്ടാലും ഇന്നലെ പിരിഞ്ഞ അനൗപചാരികതയാണ് ബാലൻ. എത്രയോ പേർ വന്നു ചേർന്നു, എത്രയോ തീവ്ര സൗഹൃദങ്ങൾ ഉണ്ടാവുകയും കൊണ്ടാടുകയും തീർന്നുപോവുകയും ചെയ്തു. അതിനിടയിലൂടെ ഈ​ കാലമത്രയും ഒരു നിശബ്ദ നോട്ടമായി, വാക്കായി, സാന്നിദ്ധ്യമായി ബാലൻ എന്നും എന്‍റെ കൂടെ ഉണ്ടായിരുന്നു.

"The most intimate thing in life is to be understood" എന്നത് എത്രയോ സത്യം. ഓർക്കുന്തോറും അതിശയകമായി വളരുകയാണ് ഈ​ സൗഹൃദം. തീർത്തും വ്യത്യസ്തരാണ് ഞങ്ങൾ, എന്നും അങ്ങിനെ ആയിരുന്നു. ഒരിടത്തും ഉറയ്ക്കാതെ ഒരുപാട് യാത്രകൾ ചെയ്യുന്ന, കാറ്റിന്‍റെ കുട്ടിയാണ് ബാലൻ. സ്വീകരണ മുറിയിൽ നിന്നും അടുക്കളവരെ മാത്രം യാത്ര ചെയ്തിട്ടുളള ഭാര്യയായും അമ്മയായും അമ്മൂമ്മയായും ഒഴിക്കുന്ന പാത്രത്തിന്‍റെ ആകൃതിയിൽ വിനീതമായി നിറഞ്ഞ ജലമാണ് ഞാൻ. പാരമ്പര്യത്തിന്‍റെ കരുത്തും തേജസ്സും സ്ഫുരിക്കുന്ന കവിതകളാണ് ബാലന്റേത്. ബാലൻ മാർത്താണ്ഡവർമ്മയിലെ ഒരു ഭാഗം കാണാതെ പറയുന്നത് കേട്ടാണ് മലയാള ഭാഷയുടെ പ്രൗഢ തേജസ്സ് ഞാനറിഞ്ഞിട്ടുളളത്. പാരമ്പര്യത്തിന്റേതായി യാതൊന്നും സ്ഫുരിപ്പിക്കാതെ എങ്ങിനെയൊക്കെയോ വേരോടിപ്പോവുന്ന കഥകളാണ് എന്റേത്. ക്ഷുഭിത യൗവ്വനങ്ങൾ പേറിയവരാണ് ഞങ്ങൾ എങ്കിലും അതിനെ സ്വാംശീകരിച്ചതിൽ എത്രയോ വ്യത്യസ്തർ. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയും വർഷങ്ങൾക്കിടയിൽ ഒരു പോറലുപോലുമേൽക്കാതെ ആരോ കഴുകിത്തുടച്ച വെച്ച ഒരു പളുങ്കു പാത്രം പോലെ - നോക്കുന്നവർക്ക് അങ്ങേയറ്റം വരെ കാണാവുന്ന പളുങ്കുപാത്രം പോലെ - ഈ സൗഹൃദം നിലനിന്നത്?

എനിക്കറിഞ്ഞുകൂടാ; ഒരു പക്ഷേ, ബാലനറിയാമായിരിക്കും...
നന്ദി കൂട്ടുകാരാ, കവിതകൾക്ക്, സാന്ത്വനത്തിന്, സ്വച്ഛമായ സ്നേഹനത്തിന് - നന്ദി ഹൃദയം നിറഞ്ഞ നന്ദി.

Read More : ബാലന്‍റെ ബുദ്ധനും കുനിയുടെ ഗുരുവും

Balachandran Chullikkad Malayalam Writer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: