നാട്ടിലെ ഫിലിം സൊസൈറ്റിക്കാരുടെ ആഭിമുഖ്യത്തില്‍ എരമല്ലൂരിലെ ജോസ് തീയറ്ററില്‍ നടന്നിരുന്ന ഫിലിം പ്രദര്‍ശനത്തില്‍ വച്ചാണ് പോക്കുവെയില്‍ കണ്ടത്. ഒരു വികാരവുമില്ലാത്ത കണ്ണുകള്‍ അനന്തതയിലേക്കു പായിക്കുന്ന, ഏതുനേരവും ഒരേ ജുബ്ബയിടുന്ന, ജുബ്ബയിട്ടാലും എല്ലിന്‍കൂടാണ് ആളെന്ന് അറിയാന്‍ യാതൊരു വിഷമവുമില്ലാത്ത ഒരു രൂപം സ്‌ക്രീനില്‍. ആള്‍ക്ക് ഒന്നുകില്‍ നിശ്ചലത, അല്ലെങ്കില്‍ പതിപതിഞ്ഞ താളം. സൈക്കിള്‍ ചവിട്ടാനറിയാതിരുന്നിട്ടും ആ സൈക്കിള്‍ വാങ്ങി ഒന്നു ചവിട്ടി മൂവിക്കൊരനക്കം വയ്പിച്ചാലെന്തെന്നു തോന്നിപ്പോയി. അങ്ങനെ പോക്കുവെയിലിലിരുന്ന് ഞാന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ അതിഭയങ്കരമായി പേടിച്ചു . അകാരണമായ വിഷാദം കൊണ്ടുറഞ്ഞുപോയ ആ പാത്രസൃഷ്ടി എനിക്ക് ഒട്ടും പരിചിതമായിരുന്നില്ല . ഇന്നുമില്ല പോക്കുവെയില്‍ രണ്ടാമതൊന്നുകൂടി കാണാനുള്ള ധൈര്യം.

മഹാരാജാസില്‍ ഞാനെത്തുമ്പോഴേക്ക് ബാലചന്ദ്രന്റെ പഠനകാലം പണ്ടേക്കുപണ്ടേ കഴിഞ്ഞിരുന്നു . പക്ഷേ ബാലന്റെ പോക്കുവരവുകളുണ്ടായിരുന്നു അപ്പോഴും. മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്തുകൂടി ബാലന്‍ നടന്നുവരുന്നത്
കണ്ണില്‍പ്പെട്ടപ്പോഴൊക്കെ എന്റെ ഉള്ള് കിടുകിടുത്തു. പോക്കുവെയിലിലെ ആ ജുബ്ബയും സഞ്ചിയും കവി പിന്നെ ഊരിയിട്ടില്ലെന്നുതോന്നി. എന്നെ എന്റെ ക്‌ളാസില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി മലയാള സാഹിത്യത്തെക്കുറിച്ച് അതിഘോരഘോരം സംസാരിച്ചിരുന്ന, എഴുത്തില്‍ കവിതക്കാരിയും ജീവിതത്തില്‍ വിപ്‌ളവകാരിയുമായ ബിന്ദു കെ പ്രസാദ് എന്ന ബോട്ടണിക്കാരി സീനിയര്‍, എന്നെ ആട്ടിന്‍കുട്ടിയോ അടിമയോ ആക്കി കൂടെക്കൊണ്ടു നടന്നിരുന്ന കാലമായിരുന്നു അത്. പുരുഷസുഹൃത്തുക്കളായിരുന്നു ബിന്ദുവിന് കൂടുതല്‍ . ബാലന്‍ എന്നെല്ലാം ബിന്ദു നിരന്തരം പറയുമ്പോള്‍ അത് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെക്കുറിച്ചാണെന്ന് മനസ്സിലാകാന്‍ കുറേ നാളെടുത്തു . വിജയലക്ഷ്മിയും ബിന്ദുവിന്റെ സുഹൃത്തായിരുന്നു. എപ്പോഴോ ഞാനും ബാലന്‍ എന്നും വിജി എന്നും മാത്രം പറയാന്‍ തുടങ്ങി. ‘സിനിമയില്‍ ബാലനാ കല്‍പ്പനയുടെ മടിയില്‍ തലവെച്ചുകിടക്കുന്നത് എനിക്കത്ര പിടിച്ചിട്ടില്ല’ എന്നു പറഞ്ഞ് ബിന്ദു പൊട്ടിച്ചിരിച്ചു.

priya as, bindhu k prasad, balachandran chullikkad,

പ്രിയയും ബിന്ദു കെ പ്രസാദും മാഹാരാജാസിൽ

മലയാളനാടിന്റെ ഒരു പഴയ ലക്കമപ്പാടെ ചുള്ളിക്കാടിനെക്കുറിച്ചായിരുന്നു എന്നു പറഞ്ഞ് അതെനിക്കു കൊണ്ടുത്തന്നു ബിന്ദു.അങ്ങനെയാണ് എനിക്കാദ്യമായി ‘ബാലപഠനം’ തരമാകുന്നത്. നിറയെ ബാലന്റെ ഫോട്ടോകളുള്ള, ബാലനെക്കുറിച്ചുമാത്രം നിറയെ ആളുകളെഴുതിയ ബാലന്‍പതിപ്പ് ഞാന്‍ ഭദ്രമായി തിരികെ ഏല്‍പ്പിക്കുന്നതു വരെ ബിന്ദു ‘സൂക്ഷിക്കണേ കുട്ടീ’ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു.

Read More: ബാലചന്ദ്രനെ കുറിച്ച് ബിന്ദു എഴുതിയ ലേഖനം ഇവിടെ വായിക്കാം കവിക്കും കവിതയ്ക്കുമപ്പുറം ബാലൻ

‘ബാലനെ ഈയിടെയായിട്ട് ഈവഴിയൊന്നും കാണണില്ലല്ലോ, വിജിയെ വിളിച്ച് ചോദിക്കണം ‘ എന്ന് കെമിസ്ട്രി വഴി ബോട്ടണി വഴി മലയാളം വഴി വരാന്തകളിലൂടെ കറങ്ങിനടക്കുന്നതിനിടെ ബിന്ദു പറയുകയും ബാലന് കോളേജില്‍ വരാന്‍ തോന്നല്ലേ എന്ന് ഞാന്‍ അതിതീവ്രമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു
ഒരു ദിവസം ബിന്ദു , സ്വതേ ഉരുണ്ട കണ്ണുകള്‍ ഒന്നുകൂടി ഉരുട്ടി എതിര്‍ദിശയിലെ വരാന്തയിലേക്കുനോക്കി ദേ എന്നത്ഭുതപ്പെട്ട് ചിരിക്കുകയും അത് ബാലനാണെന്നു കണ്ട് ഞാന്‍ ഉറഞ്ഞുപോവുകയും ചെയ്തു. വാ തന്നെ പരിചയപ്പെടുത്താം എന്ന് ബിന്ദു പറഞ്ഞതും വേണ്ട എന്നു ഞാന്‍ ശാഠ്യം പിടിച്ചതും ബിന്ദു എന്നെ വഴിയില്‍ ഉപേക്ഷിച്ച് ഓടിപ്പോയതും ഞാന്‍ മഹാരാജാസിലെ പെരുംന്തൂണുകള്‍ക്കൊന്നിനടുത്ത് അനാഥപ്രേതംപോലെ നിന്നതും ഇന്നലത്തെപ്പോലെ ഇന്നും ഓര്‍മ്മയില്‍. തൂണിനു മറവില്‍ നിന്ന് ഞാന്‍ ബാലനെ ഒളികണ്ണിട്ട് നോക്കി. സ്വതേ എല്ലുന്തി നില്‍ക്കുന്ന കഴുത്ത് . എല്ലുകളുടെ എഴുന്നുനില്‍പ്പ് ഒന്നു കൂടി തെളിഞ്ഞുകാണാന്‍പാകത്തില്‍ പുറകിലേക്കു വലിച്ചിട്ട ജുബ്ബ. ബിന്ദുവിനെ കണ്ട് ആ കണ്ണിലൊരു ചിരി തെളിഞ്ഞത് എന്നെ ബാധിച്ചില്ല. ആ പഴയ പോക്കുവെയില്‍ മടുപ്പിലൂടെ മാത്രമേ എനിക്ക് ബാലനെ അപ്പോഴും കാണാനായുള്ളൂ. പാതിയായ ക്‌ളാസിലേക്കു തിരിച്ചുപോകാനും ബാല-ബിന്ദുഗണത്തില്‍ പെടാനും ആവാതെ ഞാനന്ന് വരാന്തയില്‍ ചുമ്മാനിന്നു. ബാലനെയും കൂട്ടി ഇന്ത്യൻ കോഫീഹൗസിലോ മറ്റോ പോയിരുന്ന് കവിത നുണഞ്ഞത് ബിന്ദുവില്‍ നിന്നു കേള്‍ക്കുമ്പോഴൊക്കെ പോക്കുവെയില്‍ ഭീകരജീവിയുടെ കൂടെ നടക്കാന്‍, ചിരിക്കാന്‍ ഒക്കെ കഴിയുന്ന ബിന്ദു എനിക്കത്ഭുതമായി.

ഇടയ്ക്ക് കോളേജില്‍ വൈലോപ്പിള്ളി വന്നു. മെയില്‍ഹാളും വരാന്തകളും, ഒരു വരിക്കവിതയ്ക്കും ഇനി വിരിയാനിടമില്ലാത്തവിധം നിറഞ്ഞുകവിഞ്ഞു.  അന്ന് ബാലനും വന്നിരുന്നു. തിരക്കു നൂണ്ട് വൈലോപ്പിള്ളിയുടെ അടുത്ത് ബാലന്‍ എത്തിയപ്പോള്‍, ഇപ്പോഴും സിഗററ്റ്കവിതകള്‍ ഉണ്ടോ എന്നു വൈലോപ്പിള്ളി ചോദിച്ചു എന്നും ഇല്ല എന്ന് ബാലന്‍ മറുപടി പറഞ്ഞു എന്നും പറഞ്ഞുകേട്ടു. പിന്നെ മഹാരാജാസിലെ കമാനാകൃതി തടിജനലുകളുമായി ജാലകം സിനിമയിറങ്ങി. അതിലെ ബാലനെക്കണ്ട് എന്റെ പോക്കുവെയില്‍പ്പേടിക്ക് ചെറിയൊരു ശമനം വന്നു.

Balchandran chullikkadu, priaya as, kalpana

പോക്കുവെയിലിൽ ബാലചന്ദ്രനും കൽപ്പനയും

കാലം കഴിയവേ, എനിക്ക് ബാലനോടുള്ള പേടി മുഴുവനായും പോയി. ഒരു പക്ഷേ ബാലന്റെ കവിത വായിച്ചാവും. ആഴ്ച്ചപ്പതിപ്പില്‍ വന്ന ‘സഹശയനം’ ഞാന്‍ ചൊല്ലിനടന്നു .’അന്നാ, കരയരുത്, കരയരുത് ഇത് കടമെടുത്ത രാത്രിയാണ് ‘എന്നു ചൊല്ലുമ്പോള്‍ എനിക്ക് തോന്നി ‘അന്ന’ കവിതയല്ല, കഥയാണ് എന്ന്. രണ്ട് സങ്കടങ്ങള്‍ ഇണചേര്‍ന്ന് ഗതികേട് പിറക്കുമ്പോള്‍ പ്രകാശവും വൈദ്യുതിയും ഞെട്ടിമരിക്കുന്നത് ദൃശ്യങ്ങളായി ഞാന്‍ കണ്ടു .

‘ചുണ്ടുകളെത്താത്തതാം തീത്തഴമ്പുകള്‍’ എന്ന പ്രയോഗത്തില്‍ നിന്ന് ബാലന്റെ ജീവിതത്തിലെ ഉച്ചച്ചൂടുകളൊക്കെയും ഇറങ്ങിവന്നു.

ബാലചന്ദ്രന്‍ ചുള്ളിക്കാടെന്ന് എന്റെ തലമുറയില്‍പ്പെട്ടവരൊക്കെ പറയുമ്പോള്‍ ഞാനിപ്പോഴും ‘ബാലന്‍ ‘എന്നു തന്നെ പറയുന്നു. കവിത വായിക്കാറാക്കിയതിനൊപ്പം ബിന്ദുവിന്റെ സംഭാവന! പേടി പോയെന്നു മാത്രമല്ല ഒന്നുരണ്ടുതവണ ബാലനെ എതിര്‍ക്കുകയും ചെയ്തു. വയലാര്‍ക്കവിതകളെ ബാലന്‍ വിമര്‍ശിച്ചപ്പോള്‍, അതിലെ ഭാഷ രുചിക്കാത്തതിനെത്തുടര്‍ന്ന് ഞാന്‍ മാതൃഭൂമിയില്‍ ലേഖനമെഴുതി.  എനിക്ക് മറുപടി കുറിക്കാനൊരുങ്ങിയ ബാലനെ എം വി ബെന്നി എന്റെ അനാരോഗ്യനില ഓര്‍മ്മിപ്പിച്ച് അതില്‍ നിന്നു പിന്തിരിപ്പിച്ചു എന്നു പിന്നെ കേട്ടു. പക്ഷേ ബാലനും വിജിയും ഒരിക്കല്‍ എം ജി സര്‍വ്വകലാശാലയില്‍ വന്നപ്പോള്‍ ഞാന്‍ പോയിക്കണ്ട് നിറയെ സംസാരിച്ചു. എനിക്ക് ബാലനോടായിരുന്നില്ലല്ലോ പരിഭവം!

പിണക്കമലിയുകയും വല്ലപ്പോഴും ഒരു മെസ്സേജ് ഞങ്ങള്‍ക്കിടയില്‍ സംഭവിക്കുകയും ചെയ്തുപോന്ന ഒരു കാലമുണ്ടായിരുന്നു അതിനുശേഷം …അതു പൊടുന്നനെ നിന്നുപോയതും എതിര്‍പ്പടക്കി മിണ്ടാതെ നില്‍ക്കുന്ന സ്വഭാവം എനിക്കില്ലാത്തതുമൂലമാണ്. കവി അയ്യപ്പന്‍ മരിച്ച സമയം. സര്‍ക്കാര്‍ ബഹുമതികളോടെ സംസ്‌ക്കരിക്കപ്പെടാനുള്ള ഉത്തരവ് കാത്ത് അയ്യപ്പന്റെ ദേഹത്തിന് ഒന്നോ രണ്ടോ ദിവസം കിടക്കേണ്ടി വന്നു. ഒരു കാലത്തും തലപ്പത്തുള്ളവരെ കണക്കിലെടുക്കാതിരുന്ന അയ്യപ്പന്റെ മരണശേഷ ഗതികേട് എന്നോര്‍ത്ത് ഞാന്‍ അസ്വസ്ഥയായി. ബാലന്‍, അയ്യപ്പന്റെ ദേഹത്തിന്റെ അവസ്ഥ പറഞ്ഞ് ഫോണ്‍ സന്ദേശങ്ങളയച്ചു. ഒരുപാടുപേര്‍ക്കയച്ചത് എനിക്കുമയച്ചതാവാം. എന്തോ എനിക്കാ സന്ദേശങ്ങള്‍ സഹിക്കാനായില്ല. സര്‍ക്കാര്‍ ഔദാര്യം വേണ്ട അയ്യപ്പനെന്ന് പറഞ്ഞ് നിങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ മുന്‍കൈയെടുത്ത് അയ്യപ്പന്റെ സംസ്‌ക്കാരം നടത്തുന്നതല്ലേ ഈ വെറും വിലാപത്തേക്കാള്‍ നല്ലത് എന്നൊരു ചോദ്യം ഞാനയച്ചതും ബാലനും ഞാനുമായുള്ള ആശയവിനിമയം നിന്നുപോയി. ഇപ്പോഴുമില്ല, ബാലനെ എതിര്‍ത്തുവാങ്ങിച്ചെടുത്ത ഇഷ്ടക്കേടുകളെയോര്‍ത്ത് ഒരു പുനര്‍വിചിന്തനം. എന്നാലും ഞാന്‍, എന്റെ ഏതോ പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ ബാലന്റെ കവിത കുറിച്ചുവച്ചു.

‘നിന്നെ ഞാന്‍ കണ്ടിട്ടില്ല ,നിന്റെ പേരെന്താണാവോ
നീ പെണ്ണോ പുരുഷനോ നീയെനിക്കാരാണാവോ
എങ്കിലും സുഖത്തിന്റെ മാമ്പഴം മുറിക്കുമ്പോള്‍
വെണ്‍പുഴുവടിവാര്‍ന്ന തക്ഷകന്‍ ദംശിക്കുമ്പോള്‍
ഇന്ദ്രിയങ്ങളില്‍ കൊടുംതീയല പടരുമ്പോള്‍
നിന്നെ ഞാനോര്‍ക്കുന്നു പാതിരാത്തീവണ്ടിയില്‍
എന്റെയീണം തീണ്ടി നീ ഉറങ്ങാതിരിപ്പുണ്ടാം.’

ഇപ്പോഴും ഞാനത്ഭുതപ്പെടുന്ന. സഹശയനത്തിലെ എനിക്കേറ്റവുമിഷ്ടമുള്ള , ‘അന്നാ കരയരുത് കരയരുത് ഇത് കടമെടുത്ത രാത്രിയാണ് ‘ എന്ന വരി പിന്നെ എങ്ങോട്ടുപോയി ? ബാലന്റെ കവിത ചൊല്ലലില്‍, പുസ്തകത്തില്‍ ഒന്നും ആ വരിയില്ല . എന്നാലും ബാലന്‍, ‘അന്നാ’ എന്ന് സ്വശബ്ദത്തില്‍ ചൊല്ലി വിളിക്കുമ്പോള്‍, ഒരു കാമുകനും അയാളുടെ പെണ്ണിനെ ഇത്ര ഭാവതീവ്രമായി ഉയിരു പറിച്ചെടുത്തെന്നപോലെ വിളിച്ചിട്ടുണ്ടാവില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. ആ വരി മാറ്റിയും മറിച്ചും, ഞാനുമെന്റെ മകനും ഇടയ്‌ക്കെല്ലാം ചൊല്ലുന്നു – ഓടരുത്, ഓടരുത്, ഇത് ചുവന്ന വെയില്‍പ്പകലാണ് എന്നുതുടങ്ങി ചുമയ്ക്കരുത്, ചുമയ്ക്കരുത്, ഇത് അമാവാസി രാത്രിയാണ് തുടങ്ങി എന്തെല്ലാമോ … അപ്പോഴൊക്കെ ഞാന്‍ ബാലനെ ഓര്‍ക്കുന്നു .

എന്തോ , എനിക്കിങ്ങനെയൊക്കെയേ ബാലനെ സ്‌നേഹിക്കാനറിയൂ…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook