scorecardresearch

കവിക്കും കവിതയ്ക്കുമപ്പുറം ബാലൻ

ബാലചന്ദ്രൻ ചുളളിക്കാട് എന്ന കവിയുമായി കോളജ് കാലം മുതലുളള​ സൗഹൃദത്തെ കുറിച്ച് വ്യത്യസ്തമായ ചില ഓർമ്മകളിലേയ്ക്ക് പോവുകയാണ് മാധ്യമ പ്രവർത്തകയായിരുന്ന ബിന്ദു കെ പ്രസാദ്

ബാലചന്ദ്രൻ ചുളളിക്കാട് എന്ന കവിയുമായി കോളജ് കാലം മുതലുളള​ സൗഹൃദത്തെ കുറിച്ച് വ്യത്യസ്തമായ ചില ഓർമ്മകളിലേയ്ക്ക് പോവുകയാണ് മാധ്യമ പ്രവർത്തകയായിരുന്ന ബിന്ദു കെ പ്രസാദ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
balachandran, bindhu k prasad, vishnu ram

ഞാന്‍ മരിച്ചാല്‍ നീ ഓര്‍മ്മക്കുറിപ്പെഴുതരുത് എന്നൊരിക്കല്‍ എന്നോടാവശ്യപ്പെട്ട ബാലചന്ദ്രനെക്കുറിച്ചെഴുതുമ്പോള്‍ എനിക്കു ചെറിയ ഭയമുണ്ട്. എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം? സുരാസുവിന്റെയോ മറ്റോ മരണശേഷമുണ്ടായ അനുസ്മരണങ്ങളുടെ ആധിക്യത്തില്‍ ചെടിപ്പു തോന്നിയാണ് അദ്ദേഹമത് പറഞ്ഞത്. എന്നാല്‍ ഈ കുറിപ്പ് ജീവിച്ചിരിക്കുക മാത്രമല്ല, തൊഴിക്കുകയും ('alive and kicking')ചെയ്യുന്ന ബാലചന്ദ്രനെക്കുറിച്ചാണ് എന്ന ന്യായവാദത്തോടെ ഞാന്‍ തുടരട്ടെ.

Advertisment

1981'82 കാലഘട്ടം. എറണാകുളം മഹാരാജാസ് കോളേജില്‍ ബാലചന്ദ്രന്‍ ബി എ ഇംഗ്‌ളീഷ് അവസാന വര്‍ഷത്തിനും ഞാന്‍ പ്രീ ഡിഗ്രി ഒന്നാം വര്‍ഷവും പഠിക്കുന്നു. ബാലചന്ദ്രന്റെ ഭാര്യ വിജയലക്ഷ്മി എം. എ മലയാളം രണ്ടാം വര്‍ഷത്തിനും. പ്രീ ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുന്ന എന്റെ ചാലക്കുടിക്കാരന്‍ സുഹൃത്ത് അജയനാണ് എന്നെ മലയാളം രണ്ടാം വര്‍ഷ ക്ലാസില്‍ കൊണ്ടുപോയി ജ്ഞാനസ്‌നാനം ചെയ്യിക്കുന്നത്. വിജയലക്ഷ്മിയേയും അജയനാണ് പരിചയപ്പെടുത്തിയത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഭാര്യയാണെന്നും കവയിത്രിയാണെന്നും സ്വാഭാവികമായും അജയന്‍ പറഞ്ഞുകാണണം. വിജി അന്ന് അത്ര പ്രസിദ്ധയായിട്ടില്ല. പിൽക്കാലത്തെ എന്റെ ഇരിപ്പ് അവിടെ തന്നെയായി. സാനുമാഷ്, ലീലാവതി ടീച്ചര്‍, തുറവൂര്‍ വിശ്വംഭരന്‍ മാഷ്, സി. ആര്‍ ഓമനക്കുട്ടന്‍ മാഷ് തുടങ്ങിയവര്‍ അന്ന് അവിടെ അദ്ധ്യാപകരാണ്. ഇവര്‍ ക്‌ളാസില്‍ കയറുമ്പോള്‍ ഞാന്‍ ക്‌ളാസിനു പുറത്ത് വരാന്തയിലേക്കിറങ്ങിയിരിക്കും. അവര്‍ പുറത്തിറങ്ങുമ്പോള്‍ ഞാന്‍ അകത്തേക്കു കയറിയിരിക്കും.

pokkuveil, g aravindan, balachandran chullikkad

എം എ ക്‌ളാസിന്റെ വീതിയുള്ള ജാലകപ്പടിയിലിരുന്ന് വിജിയുമായി സംസാരിക്കുന്നതായാണ് ബാലചന്ദ്രനെ ആദ്യമായി കണ്ട ഓര്‍മ്മ. അതൊരു അദ്ഭുതക്കാഴ്ചയായിരുന്നു. അന്നത്തെ താരകവി ആയിരുന്നല്ലോ ബാലന്‍. ബുദ്ധിജീവിയും, പോരാത്തതിന് അരവിന്ദന്റെ സിനിമയില്‍ നായകവേഷം അഭിനയിച്ച നടനും. ഈ നിലയിലുള്ള ഒരാള്‍ ഞാന്‍ കയറിയിറങ്ങുന്ന ഒരു ക്‌ളാസിന്റെ ജനല്‍പ്പടിയിലിരുന്ന് ഒരു വിദ്യാര്‍ത്ഥിനിയോടു സംസാരിക്കുന്ന കാഴ്ച കോണ്‍വന്റ് സ്‌കൂളിന്റെ ഇടുങ്ങിയ ലോകം വിട്ടു വന്ന എന്നില്‍ അളവറ്റ വിസ്മയവും കൗതുകവുമുണര്‍ത്തി. അവര്‍ ഭാര്യഭര്‍ത്താക്കന്മാരാണെന്നൊക്കെ എനിക്കറിയാം. പക്ഷേ ആ അറിവൊന്നും ഇവിടെ ഫലിച്ചില്ല. എന്റെ മനസ്സില്‍ ബാലചന്ദ്രന്‍ ഞങ്ങളില്‍ നിന്നൊക്കെ കാതങ്ങള്‍ ഉയരെ നില്‍ക്കുന്ന ഏതോ മഹാവ്യക്തിയും വിജയലക്ഷ്മി എം എ ക്‌ളാസിലെ സാധാരണ വിദ്യാര്‍ത്ഥിനിയും മാത്രമായിരുന്നു.

Advertisment

ബാലചന്ദ്രനെ പരിചയപ്പെട്ട സന്ദര്‍ഭം ഓര്‍മ്മയില്ല. മിക്കവാറും വിജയലക്ഷ്മിയായിരിക്കും അവരുടെ ക്‌ളാസില്‍ ചുറ്റിപ്പറ്റി നടന്നിരുന്ന എന്നെ ബാലചന്ദ്രനു പരിചയപ്പെടുത്തിയത്. ബാലന്‍, വിജി എന്നാണ് കവിദമ്പതികളെ വിജയലക്ഷ്മിയുടെ ക്‌ളാസിലെ എല്ലാവരും വിളിച്ചിരുന്നത്. അവരുടെ ശിങ്കിടിയായ നടന്ന ഞാനും അങ്ങനെ തന്നെ വിളിച്ചു. ആ ക്‌ളാസിലെ മറ്റു പെണ്‍കുട്ടികളെ ഞാന്‍ വിളിച്ചിരുന്നതു പോലെ വിജിയെ വിജിച്ചേച്ചി എന്നും.

ബാലചന്ദ്രനെപ്പോലുള്ള ഒരാള്‍ സുഹൃത്താണ് എന്നു പറയുവാനുള്ള വിഡ്ഢിത്തമെനിക്കില്ല. അദ്ദേഹം എന്നോട് സൗഹൃദത്തോടും ചെറിയൊരു വാത്സല്യത്തോടും ആണ് എന്നും പെരുമാറിയിട്ടുള്ളതെങ്കിലും. ലാഘവബുദ്ധ്യാ സംസാരിക്കുമ്പോള്‍ ഞാന്‍ ചിലരോടൊക്കെ പറഞ്ഞിട്ടുണ്ട്, ബാലന്‍ എന്റെ ചെറിയൊരു ഗുരു ആണെന്ന്. അത് ഏതാണ്ടു ശരിയുമാണ്. എന്തു പ്രശ്‌നം പറഞ്ഞാലും എന്തെങ്കിലും ഒരു പരിഹാരം ആള്‍ പറഞ്ഞു തരും. എന്തായാലും എന്റെ മനസ്സിനെ കുറെയൊക്കെ ശാന്തമാക്കാന്‍ അത് വളരെ സഹായിച്ചിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ ബാലനോട്, മരണങ്ങള്‍ എന്നെ വല്ലാതെ തളര്‍ത്തുന്നതായി പറഞ്ഞു. അച്ഛന് പ്രായമായി വരികയാണെന്നും അച്ഛന്റെ മരണം ഞാന്‍ എങ്ങനെ നേരിടുമെന്നറിയില്ലെന്നും പറഞ്ഞു ഒരുപാടു സങ്കടപ്പെട്ടു. ബാലന്റെ മറുപടി ഇതായിരുന്നു, 'മരണം അത്ര വലിയ കാര്യമൊന്നുമല്ല, നീ തന്നെ എത്ര പ്രാവശ്യം മരിച്ചിരിക്കുന്നു!' ഞാന്‍ ഒന്നും പിടികിട്ടാതെ ബാലനെ നോക്കി. 'ഞാന്‍ പരിചയപ്പെടുമ്പോള്‍ നീ പതിനാറു വയസ്സുള്ള ബിന്ദുവായിരുന്നു. ഇന്നവള്‍ എവിടെ? മരിച്ചുപോയി. ഇന്ന് എന്റെ മുന്നില്‍ നില്‍ക്കുന്നത് മറ്റൊരു ബിന്ദുവാണ്. അത്രയേ ഉള്ളു. എല്ലാവരും ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുകയാണ്.' ഈ പറഞ്ഞതില്‍ എന്താണിത്ര വലിയ കാര്യം എന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്തായാലും പ്രശ്‌നത്തെ ഞാന്‍ പ്രതീക്ഷിക്കാത്തൊരു തലത്തിലേയ്ക്കെത്തിച്ചു വിശകലനം ചെയ്തപ്പോള്‍ എനിക്കല്പം സ്വാസ്ഥ്യം ലഭിച്ചു എന്നതു സത്യം. ഇന്നും ആലോചിക്കുമ്പോള്‍ എനിക്കു തോന്നുന്നു, അത്തരമൊരു പ്രശ്‌നത്തിന് ഇതിനേക്കള്‍ ഫലവത്തായ എന്തു സമാധാനമാണ് ഒരു മനുഷ്യന് പറയാനാവുക?

കോളേജ്കാലത്തെ ബാലനുമായുള്ള കൂടിക്കാഴ്ചകളുമായി ബന്ധപ്പെട്ടുള്ള പ്രധാന ഓര്‍മ്മ ന്യൂഡില്‍സ് കഴിക്കലാണ്. സ്വതവേ ഭക്ഷണപ്രിയയായ എന്റെ അക്കാലത്തെ ഇഷ്ടവിഭവമായിരുന്നു ന്യൂഡില്‍സ്. ഇന്നത്തെ പോലെ അതത്ര സാധാരണമല്ല. എം ജി റോഡില്‍ ഹോങ്‌കോങ് എന്നൊരു റസ്റ്ററന്റ് ഉണ്ടായിരുന്നു. ഇന്നത് ഉണ്ടോ എന്നറിയില്ല. അതിന് നീളത്തിലൊരു ബാല്‍ക്കണിയുണ്ട്. അവിടെയിരുന്നു താഴത്തേക്കു നോക്കി കാഴ്ചകള്‍ കണ്ടുകൊണ്ടു ന്യൂഡില്‍സും ഫ്രൈഡ് റൈസുമൊക്കെ കഴിക്കാന്‍ നല്ല രസമായിരുന്നു.
ബാലചന്ദ്രനു സാമ്പത്തിക പ്രശ്‌നങ്ങളുള്ള കാലമായിരുന്നല്ലോ അത്. എങ്കിലും പലപ്പോഴും ബാലന്‍ തന്നെ പൈസ കൊടുക്കും. ഇല്ലെങ്കില്‍ ഞാന്‍ കൊടുക്കും. ഭക്ഷണം കഴിക്കാന്‍ പോകാം എന്ന ആശയം ഞാന്‍ മുന്നോട്ടു വെച്ചാല്‍ ചിലപ്പോള്‍ ബാലന്‍ നിസ്സഹായഭാവത്തോടെ പറയും, 'എന്റെ കൈയില്‍ പൈസയില്ല' എന്ന്. മറ്റു ചെലവുകള്‍ ഇല്ലാത്തതിനാലും വീട്ടില്‍ നിന്ന് പൈസ കിട്ടുന്നതിനാലും അത്യാവശ്യം ചെലവഴിക്കാനുള്ള പണം പൊതുവെ എന്റെ പക്കല്‍ ഉണ്ടാകാറുണ്ട്. എങ്കിലും ബാലന് പൈസയ്ക്ക് ബുദ്ധിമുട്ടുണ്ട് എന്നകാര്യമൊന്നും അക്കാലത്ത് എനിക്ക് അറിയില്ലായിരുന്നു.

ബാലചന്ദ്രന്റെ ഭാഷയുടെ മാസ്മരികതയെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ല. എങ്കിലും തികച്ചും ദൈനംദിന കാര്യങ്ങള്‍ പറയുമ്പോഴും പലപ്പോഴും വാക്കുകള്‍ കേവലാര്‍ത്ഥങ്ങള്‍ ഭേദിച്ചുപോകുന്നത് എന്നില്‍ അവസാനിക്കാത്ത അദ്ഭുതാദരങ്ങള്‍ ഉണര്‍ത്തിയിട്ടുണ്ട്. ഉദാഹരണത്തിന് തന്റെ അമ്മായി അവിയല്‍ വെയ്ക്കുന്നതിന്റെ ഒരു വിവരണം അദ്ദേഹം എനിക്കു തന്നിട്ടുണ്ട്. അത് അതേപടി ഓര്‍മ്മിച്ചു പറയാനൊന്നും എനിക്കു കഴിവില്ല. എങ്കിലും അതിലെ കൗതുകകരമായ ചില കാര്യങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കാം. മണ്‍ചട്ടിയിലാണ് പാചകം. ഒരു കൊതുമ്പ് എടുത്ത്, നീളത്തില്‍ നാലായി കീറി അതിന്റെ ഒരു കഷണം അടുപ്പില്‍ വെച്ചു കത്തിച്ച് ആ ചെറു തീയിലാണത്രേ, പച്ചക്കറി വേവിയ്ക്കുക. ആ കഷണം കൊതുമ്പു കത്തിക്കഴിയുമ്പോള്‍ അടുത്ത കഷണം. അതാണു രീതി. ആവി പുറത്തുപോകാതെ പാത്രം ശരിക്ക് അടച്ചുവെയ്ക്കും. ഒരു തുള്ളി പോലും വെള്ളം ചേര്‍ക്കില്ല. ചെറുതീയില്‍, പച്ചക്കറിയിലുള്ള വെള്ളത്തില്‍ തന്നെ അതു വേകണം. പച്ചക്കറി പാതിയേ വേകാവൂ. കറുമുറു എന്നു കടിക്കുന്ന പരുവമായാല്‍, നാളികേരവും പച്ചമുളകും ജീരകവും അമ്മിയില്‍ വെച്ച് പതുക്കെയൊന്നൊതുക്കി പച്ചക്കറിയില്‍ ചേര്‍ക്കും. ഉപ്പ് ആദ്യമേ ഇട്ടിരിക്കും. പിന്നെ അടുപ്പിലെ കൊതുമ്പ് പുറത്തേയ്ക്കു വലിച്ചുവെച്ച്, അമ്മായി മുറ്റത്തേയ്ക്കിറങ്ങും. അവിടെ നില്‍ക്കുന്ന കറിവേപ്പില്‍ നിന്ന് ഇല പൊട്ടിച്ച്, അമ്മിക്കല്ലിന്റെ അടുത്ത് മൊന്തയില്‍ വെച്ചിരിക്കുന്ന വെള്ളത്തില്‍ മുക്കി ഒന്നു കുടയും. എന്നിട്ട്, അവിയലിലേക്കിടും. ഇനിയാണ് അവസാനത്തെ പ്രയോഗം. ശുദ്ധമായ പച്ചവെളിച്ചെണ്ണ അല്പം അവിയലിനു മുകളില്‍ തൂകും. സുഗന്ധം പരക്കുന്നതോടെ അവിയല്‍ തട്ടിപ്പൊത്തി അടച്ചുവെയ്ക്കും. ആ സൃഷ്ടിയുടെ രുചിയെക്കുറിച്ച് ഇനി ബാലചന്ദ്രന്‍ പറയേണ്ട കാര്യമില്ലല്ലോ. എന്തായാലും അമ്മായി അവിയല്‍ ഉണ്ടാക്കുന്നത് നേരിട്ടു കണ്ടിരുന്നെങ്കില്‍ പോലും ഇത്ര മനോഹരമായി ഈ രംഗം എന്റെ മനസ്സില്‍ പതിയുമായിരുന്നില്ല. ബാലന്‍ എനിക്കും സേതുവിനും (എന്റെ ഭര്‍ത്താവ്) ഒരിക്കല്‍ ഇടപ്പളളിയിലെ 'നീലാംബരി'യില്‍ വെച്ച് ഞങ്ങളുടെ സാന്നിദ്ധ്യത്തില്‍ തന്നെ അവിയല്‍ ഉണ്ടാക്കി ഊണു തരികയും ചെയ്തു. വിജിയെ സഹായിയായി നിര്‍ത്തിയതല്ലാതെ പാചകത്തില്‍ കൈകടത്തിച്ചില്ല.

balachandran chullikkad, bindhu k prasad, malayalam poet, ഫൊട്ടോ കടപ്പാട്: ഫെയ്‌സ്‌ബുക്ക്

വേറെയും ചില പാചക വിധികള്‍ ബാലന്‍ ഈ വിധം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. തന്റെ കുട്ടിക്കാലത്ത് നാട്ടിലെ ഏതോ തറവാട്ടുകാര്‍ വിതരണം ചെയ്തിരുന്ന സംഭാരത്തിനെക്കുറിച്ച് ബാലചന്ദ്രന്‍ തന്ന സുന്ദരമായ വിവരണവും ഞാന്‍ ഓര്‍ക്കുന്നു. വെളളം ചേര്‍ക്കുന്തോറും ആ പാനീയത്തിന് രുചി കൂടുമത്രേ. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പാചകവിധികള്‍ എന്ന് പേരിട്ട് ഒരു ചെറിയ പുസ്തകമെഴുതിക്കൂടെ എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്. അത്രയും കാവ്യാത്മകമായ ഒരു പാചകപുസ്തകം ചരിത്രത്തിലുണ്ടാകില്ല.

ബാലചന്ദ്രന്‍ വളരെ ഗൗരവത്തിലാണ് തമാശ പറയുക. ചിലപ്പോഴൊക്കെ തമാശയാണോ കാര്യമാണോ എന്നു സംശയം തോന്നും. ബുദ്ധമതം സ്വീകരിച്ചതിന്റെ കാരണമായി, ആ മതം അനുശാസിക്കുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ ഒരിക്കല്‍ എനിക്കു പറഞ്ഞു തന്നു. പരദൂഷണം പറയരുത് എന്നത് പ്രധാനപ്പെട്ട ഒരു അനുശാസനമായിരുന്നു. താമസിയാതെ മറ്റൊരു വിഷയം സംസാരിച്ചപ്പോള്‍ ബാലചന്ദ്രൻ ആരെയോ വളരെ രൂക്ഷമായി വിമര്‍ശിച്ചു. ഇതു കേട്ട ഞാന്‍ ഒരു രസത്തിന് ചോദിച്ചു, 'പരദൂഷണം ബുദ്ധമതതത്വങ്ങള്‍ക്ക് എതിരല്ലേ?' അക്ഷോഭ്യനായി ബാലചന്ദ്രന്‍ മറുപടി പറഞ്ഞു, 'ഇതു പരദൂഷണമല്ല, വസ്തുതയാണ്. ഒരാള്‍ കള്ളനും കൊള്ളരുതാത്തവനും ആണെങ്കില്‍ അതു പറഞ്ഞാല്‍ എങ്ങനെ പരദൂഷണമാകും? ' ആ വാഗ്‌സാമര്‍ത്ഥ്യം കണ്ട് ഞാന്‍ ചിരിച്ചുപോയി. എന്നാല്‍ പിന്നീടാലോചിച്ചപ്പോള്‍ സംശയമായി, ബാലന്‍ പറഞ്ഞതില്‍ എന്തോ ശരിയല്ലേ? വസ്തുതകള്‍ പറയുന്നതു പരദൂഷണമാകുമോ? എന്തായാലും എന്റെ ആശയക്കുഴപ്പം ഇപ്പോഴും തീര്‍ന്നിട്ടില്ല.

ബാലചന്ദ്രന്റെ കൂടെ അലസമായി നടക്കുന്നത് രസകരമായ കാര്യമാണ്. ഒരിക്കല്‍ ലീലാവതി ടീച്ചറുടെ (ഡോ. എം. ലീലാവതി) യുടെ തൃക്കാക്കരയിലുള്ള വീട്ടിലേക്കുളള ചെമ്മണ്‍പാതയിലൂടെ, ഞങ്ങള്‍ നടക്കുകയായിരുന്നു. ഇളംകാറ്റുവീശുന്ന ഒരു സായാഹ്നം. എന്റെ പരിമിതമായ വായനാനുഭവത്തില്‍ എന്നെ ആകര്‍ഷിച്ച ചില കവിതാശകലങ്ങളൊക്കെ ചൊല്ലിക്കൊണ്ട് ഞാന്‍ 'എന്തൊരു ഭംഗി, എന്തൊരനുഭൂതി.. 'എന്നെല്ലാം അദ്ഭുതം കൂറിക്കൊണ്ടിരുന്നു. ചങ്ങമ്പുഴയുടെ 'കോടക്കാറൊത്തൊരാ കോമളവേണിയില്‍/ ചൂടിയ ചെമ്പകപ്പൂവില്‍ നിന്നും/ ഒറ്റയ്‌ക്കൊരു കൊച്ചിതളു തന്നാല്‍ മതി/ മുറ്റും കൃതാര്‍ത്ഥനായ് ഞാന്‍ മടങ്ങാം... ' തുടങ്ങിയ വരികളൊക്കെ ഞാന്‍ ഉദ്ധരിച്ചു. പെട്ടെന്ന് ബാലന്‍, ചങ്ങമ്പുഴയുടെ തന്നെ, വേറെ രണ്ടു വരികള്‍ ചൊല്ലി, 'പാതയിലൂടവള്‍ പോയിടുമ്പോള്‍ പാറകള്‍ പോലുമൊന്നെത്തി നോക്കും...' എന്നിട്ടു ചോദിച്ചു, ഇതില്‍ കൂടുതല്‍ എന്താണു പറയാനുള്ളത്?

ഒരിക്കല്‍ ദേജാവു എന്ന വിഷയം ഞങ്ങളുടെ സംഭാഷണത്തില്‍ വന്നു. മനസ്സിന്റെ വിചിത്രഭാവങ്ങളെക്കുറിച്ചായി പിന്നെ സംസാരം. ഇതുമായി ബന്ധപ്പെടുത്തി ബാലചന്ദ്രന്‍ ശാകുന്തളത്തിലെ ഒരു ശ്‌ളോകം തട്ടുംതടവുമില്ലാതെ ചൊല്ലി. 'രമ്യാണി വീക്ഷ്യ മധുരാംശ്ച നിശമ്യ ശബ്ദാന്‍/ പര്യുത്സുകോ ഭവതി യത്‌സുഖിതോപി ജന്തുഃ/ തച്ചേതസാ സ്മരതി നൂനമബോധപൂര്‍വം/ ഭാവസ്ഥിരാണി ജനനാന്തര സൗഹൃദാനി.' എ. ആര്‍. രാജരാജവര്‍മ്മയുടെ മലയാളപരിഭാഷയും ഉദ്ധരിച്ചു. അതിന്റെ ചുരുക്കമിതാണ്. 'മനോഹരങ്ങളായ കാഴ്ചകള്‍ കാണുമ്പോഴും മധുരതരമായ സംഗീതം കേള്‍ക്കുമ്പോഴും സുഖമായ അവസ്ഥയില്‍ ഇരിക്കുന്ന മനുഷ്യര്‍ക്കു പോലും ഒരു വിഷാദഭാവമുണ്ടാകാറുണ്ട്. പൂര്‍വജന്മത്തില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ നഷ്ടപ്പെട്ടതുമായ ഏതോ സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ ആ സമയത്ത് അബോധപൂര്‍വമായി മനസ്സില്‍ വരുന്നതായിരിക്കാം ഇതിനു കാരണം.' ദുഷ്യന്തന്‍ ശകുന്തളയെ മറന്നിരിക്കുന്ന കാലം. കൊട്ടാരം ഗായികയായ മധുരികയുടെ പാട്ടുകേള്‍ക്കുമ്പോള്‍ സന്തോഷവാനായി ഇരിക്കുന്ന ദുഷ്യന്തനില്‍ കാരണമറിയാത്ത ഒരു വിഷാദം നിറയുന്നു. ഇഷ്ടജനവിരഹം ഇല്ലെങ്കിലും തന്റെ മനസ്സ് എന്താണ് ദുര്‍ബലപ്പെടുന്നത് എന്നു ദുഷ്യന്തന്‍ ആശ്ചര്യപ്പെടുന്നു. പിന്നീട് അദ്ദേഹം തന്നെ ആത്മഗതം ചെയ്യുന്നതാണ് ഈ വരികള്‍. ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ബാലന്‍ സുന്ദരമായ കൈപ്പടയില്‍ ഈ ശ്‌ളോകത്തിന്റെ മൂലവും പരിഭാഷയും എനിക്ക് എഴുതിത്തന്നു.

അരാജകവാദിയായി എന്നും അറിയപ്പെട്ടിരുന്ന ബാലചന്ദ്രന് രാമായണം ഏതാണ്ടു മനപ്പാഠമാണെന്ന് അധികം പേര്‍ക്ക് അറിയില്ല. രാമായണത്തിലെ ഏറ്റവും വായിക്കാന്‍ വിഷമമുള്ള ഭാഗം സുന്ദരകാണ്ഡമാണെന്നും രാമായണം വായിക്കാന്‍ പഠിക്കുമ്പോള്‍ ആ ഭാഗം ആദ്യം പഠിച്ചാല്‍ മറ്റുഭാഗങ്ങള്‍ എളുപ്പത്തില്‍ വായിക്കാമെന്നും എനിക്കു പറഞ്ഞു തന്നത് ബാലനാണ്. അടിമുടി കവിയാണയാള്‍. കവിത്വം മാത്രമല്ല അസാമാന്യമായ ഭാഷാബോധവും ഭാഷാശുദ്ധിയും, സംസാരിക്കുമ്പോഴും കവിത ചൊല്ലുമ്പോഴും ശ്രദ്ധേയമായ അക്ഷരസ്ഫുടതയും ബാലചന്ദ്രനുണ്ട്. ഇതിന്റെയൊക്കെ അടിത്തറ ചെറുപ്രായത്തില്‍ ഉരുവിട്ടു പഠിച്ച രാമായണമാണെന്നും ബാലന്‍ പറഞ്ഞിട്ടുണ്ട്.

Malayalam Writer Balachandran Chullikkad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: