/indian-express-malayalam/media/media_files/uploads/2017/12/jeevan.jpg)
ജീവിക്കുവാനുള്ള പാച്ചിലിനിടയില്‍ മരിച്ചവരുടെ മക്കളാണ് അവര്‍. ഒന്നാമന്‍ 1990 നവംബര്‍ 2നു പൊലീസ് വെടിവയ്പില്‍ മരിച്ച ഹിന്ദു കര്‍സേവകന്‍, രണ്ടാമനായ തടിമില്ലുടമയെ 1992 ഡിസംബര്‍ 6നു കര്‍സേവകര്‍ ഓടിച്ചിട്ട് കൊന്നു.
സുഭാഷ് പാണ്ഡെയും മുഹമ്മദ് ഷാഹിദും അയോധ്യയുടെ രണ്ടുഭാഗത്താണ് ജീവിക്കുന്നത് എങ്കിലും അവര്‍ പങ്കുവയ്ക്കുന്നത് സമാനമായ കഥയാണ്. അച്ഛന്‍മാര്‍ നഷ്ടപ്പെട്ടത് മുതല്‍ തുടരുന്ന നിശ്ചലത അവര്‍ക്കിരുവര്‍ക്കും ഒന്നുതന്നെ. കാല്‍നൂറ്റാണ്ട് മുന്‍പ് അയോധ്യയേയും രാജ്യത്തേയും ഞെരിച്ചുകൊന്ന സംഭവത്തോടൊപ്പം അവരുടെ ജീവിതവും തകരുകയായിരുന്നു.
റാണി ബസാറിലുള്ള വീടിനടുത്തുള്ള തെരുവില്‍ നിന്നും അച്ഛന്‍ രമേശ് പാണ്ഡെയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ സുഭാഷിന് 10 വയസ്സായിരുന്നു. "പള്ളിയുടെ മുകുടത്തിനു മുകളില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണോ അല്ലെങ്കില്‍ ഒറ്റയ്ക്ക് കിട്ടിയ തക്കത്തിനാണോ അദ്ദേഹത്തെ പൊലീസ് കൊന്നത് എന്നെനിക്ക് അറിയില്ല. എനിക്കിതുവരെ അത് കണ്ടെത്തുവാനുമായിട്ടില്ല. അദ്ദേഹത്തിന്‍റെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ഇന്നെനിക്ക് ഓര്‍മയുള്ളത്. ആ ശരീരത്തില്‍ വെടിയുണ്ടകളുടെ മുറിവുകളുണ്ടായിരുന്നു" സുഭാഷ് പറഞ്ഞു.
1990 ഒക്ടോബര്‍ 30നും നവംബര്‍ 2നും ബാബറി മസ്ജിദിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച കര്‍സേവകര്‍ക്ക് നേരെ പൊലീസ് നിറയൊഴിക്കുകയുണ്ടായി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ വെടിവയ്പുകളിലായി മരിച്ചത് 16പേരാണ്. രമേഷും അതില്‍ പെടും. "എന്‍റെ അമ്മ ഗായത്രി അതിനു ശേഷം മറ്റൊരാളായിരുന്നു. എന്‍റെ അമ്മൂമ്മയാണ് എന്നെയും എന്‍റെ ഇളയവരായ സഹോദരനേയും രണ്ടു സഹോദരിമാരേയും വളര്‍ത്തി വലുതാക്കിയത്. അച്ഛന്‍ മരിക്കുമ്പോള്‍ കൈകുഞ്ഞായിരുന്നു എന്‍റെ അനുജന്‍. ഇന്‍റര്‍മീഡിയേറ്റിനു ശേഷം ഞാന്‍ പഠിപ്പ് നിര്‍ത്തി (+2). കുടുംബം നോക്കുവാന്‍ വേണ്ടിയായിരുന്നു അത്. വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ വിവാഹം കഴിക്കുകയും എനിക്ക് മൂന്ന്‍ മക്കളുണ്ടാവുകയും ചെയ്തു. മൂത്തമകള്‍ ഇപ്പോള്‍ കോളേജിലാണ്''.
വിശ്വഹിന്ദു പരിഷത്തിന്‍റെ കാര്യശാലയില്‍ ദിവസവേതനത്തില്‍ ജോലിയെടുക്കുകയാണ് സുഭാഷ്. രാമക്ഷേത്രം നിര്‍മാണത്തിനുള്ള പണിപ്പുരയാണത്. "എനിക്ക് കിട്ടുന്ന കാശിന് ഞാന്‍ ജീവിക്കും. എപ്പോഴൊക്കെ എനിക്ക് കൂടുതല്‍ പണം ആവശ്യമുണ്ടോ അപ്പോഴൊക്കെ വിഎച്ച്പി എന്നെ സഹായിക്കും. എന്‍റെ വിദ്യാഭ്യാസത്തിനും എന്‍റെ കല്യാണത്തിനുമുളള സിംഹഭാഗം ചെലവുകള്‍ നോക്കിയത് അവരാണ്. അശോക് സിംഘാല്‍ ( നവംബര്‍ 2015നുണ്ടായിരുന്ന വിഎച്ച്പി നേതാവ്) ഉണ്ടായിരുന്നിടത്തോളംകാലം അദ്ദേഹം എന്നെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. ഇപ്പോള്‍ ചമ്പത് റായി അത് തുടരുന്നുണ്ട്.
/indian-express-malayalam/media/media_files/uploads/2017/12/advani-rath-yatra-1990.jpg)
തന്‍റെ അച്ഛന്‍ മരിച്ചത് ശരിയായ കാരണത്തിനാണ് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. രാമക്ഷേത്രമാണ് എല്ലാ ഹിന്ദുക്കള്‍ക്കും വേണ്ടത്. എന്‍റെ അച്ഛനും വേണ്ടിയിരുന്നത് അതാണ്, എനിക്കും വേണ്ടത് അതാണ്. അദ്ദേഹത്തിന്‍റെ മരണശേഷം ഞങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട് എന്ന്‍ എനിക്കറിയാം. പക്ഷെ അദ്ദേഹം മരിച്ചത് അദ്ദേഹത്തിന്‍റെ വിശ്വാസത്തില്‍ ഉറച്ചുനിന്നാണ്. ക്ഷേത്രം പണിയുക തന്നെ വേണം. ക്ഷേത്രം നിര്‍മിക്കുന്നതിനായുള്ള സ്ലാബുകളും തൂണുകളും പണിയുന്നത് ഇവിടെയാണ് എന്നതിനാലാണ് ഞാന്‍ കാര്യശാലയില്‍ പണിയെടുക്കുന്നത്.
കാര്യശാലയില്‍ അദ്ദേഹത്തിന്‍റെ സൂപ്പര്‍വൈസറായ സ്വദേശ്ജിയും അതംഗീകരിച്ചു. " നിങ്ങള്‍ രാമജന്മഭൂമിയില്‍ പോയിട്ടുണ്ടോ? അവരെങ്ങനെയാണ് ആ മുഴുവന്‍ സ്ഥലത്തേയും വലിയൊരു കൂടാരമാക്കി മാറ്റിയിരിക്കുന്നത് എന്ന് നോക്കൂ. ഞങ്ങളുടെ ദേഷ്യം എന്താണ് എന്ന്‍ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളുവാനാകുമോ? ഇങ്ങനെയാണോ നിങ്ങള്‍ ദൈവങ്ങളെ പരിചരിക്കുക ? അവിടെയുള്ള വസ്തുക്കളെല്ലാം പൊളിച്ചുമാറ്റി അവിടെ ക്ഷേത്രം പണിയുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു." സ്വദേശ്ജി പറഞ്ഞു.
കാര്യശാലയില്‍ കാണുവാന്‍ മാത്രം ഒന്നുമില്ലെങ്കിലും രണ്ടുനില ക്ഷേത്രത്തിനായുള്ള പണി അവസാനിച്ചു എന്നാണ് സ്വദേശ്ജി പറയുന്നത്. " ഞങ്ങള്‍ക്ക് വേണ്ട സാധനങ്ങളൊക്കെ ഞങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞു. ഭരത്പൂറില്‍ നിന്നും കൂടുതല്‍ ചെങ്കല്ലും വരുന്നുണ്ട്. ഏറ്റവും കൂടുതല്‍ നിര്‍മാതാക്കള്‍ ഗുജറാത്തില്‍ നിന്നുമുള്ളവരാണ്. ചിലര്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്. മറ്റുചിലര്‍ ഉടനെ മടങ്ങി വരും" സ്വദേശ്ജി കൂട്ടിച്ചേര്‍ത്തു.
സുഭാഷിനു സ്ഥിരമായൊരു ജോലി കണ്ടെത്താന്‍ സാധിച്ചുവെങ്കില്‍ ദിവസേന ജോലിയും അന്വേഷിച്ച് സൈക്കിളില്‍ കറങ്ങുന്നതാണ് മുഹമ്മദ് ഷാഹിദിന്‍റെ പതിവ്. 1949 ഡിസംബര്‍ 22നു ബാബറി മസ്ജിദില്‍ അവസാന നമാസ് നിസ്കാരത്തിന് ഇമാമായ ഹാജി അബ്ദുല്‍ ഗാഫറിന്‍റെ ചെറുമകനാണ് ഷാഹിദ്. അതിനും അല്‍പ്പം ദിവസങ്ങള്‍ക്ക് അപ്പുറമാണ് ഹിന്ദുക്കള്‍ മസ്ജിദിന്‍റെ ചുമരുകള്‍ അളന്നുതിട്ടപ്പെടുത്തിയ ശേഷം പള്ളി മുകുടത്തിനു കീഴെ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. ഷാഹിദിന്‍റെ ബാപ്പ മൊഹമ്മദ് ഷാബിറും അമ്മാവന്‍ മുഹമ്മദ് നസീറും 1992 ഡിസംബര്‍ 6നു കൊല്ലപ്പെട്ടവര്‍.
"എനിക്കന്ന് 22 വയസ്സായിരുന്നു. ഇവിടത്തെ മെയിന്‍ റോഡില്‍ തന്നെയാണ് ഉള്ളത് എന്നതിനാല്‍ ഞങ്ങളുടെ വീട് അവര്‍ക്ക് എളുപ്പം ലക്ഷ്യമാക്കുവാനായി. ആരോ ആ ആൾക്കൂട്ടത്തോട് ഇത് മുസ്ലീമിന്‍റെ വീടാണ് എന്ന് അറിയിക്കുകയായിരുന്നു. എന്‍റെ ബാപ്പയും അമ്മാവനും ഓടി രക്ഷപ്പെടുവാനായി ശ്രമിച്ചു. അവരെ പിന്തുടര്‍ന്ന് കൊല്ലുകയായിരുന്നു. ഞങ്ങളുടെ തടിമില്ലും, സംഭരിച്ചുവച്ചിരുന്ന തേക്കും ശീഷവും അവര്‍ അഗ്നിക്കിരയാക്കി. ലക്ഷങ്ങള്‍ വിലയുള്ള മരവും യന്ത്രങ്ങളുമാണ് അവര്‍ നശിപ്പിച്ചത്."
അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് 2 ലക്ഷം രൂപയാണ് കുടുംബത്തിന് നഷ്ടപരിഹാരമായി ലഭിച്ചത്. "ഞങ്ങള്‍ നാല് സഹോദരങ്ങളും നാല് സഹോദരിമാരുമാണ് ഉള്ളത്. ഏറ്റവും മൂത്ത മകനായിരുന്നതിനാല്‍ ഉമ്മയേയും സഹോദരങ്ങളേയും നോക്കേണ്ട ചുമതല എനിക്കായിരുന്നു. ഞാനെന്താണ് ചെയ്യേണ്ടത് ? അവര്‍ എല്ലാം എരിച്ചു കളഞ്ഞു, ഞങ്ങളുടെ ജീവിതവും തകര്‍ത്തു. ഇപ്പോള്‍ 25 വര്‍ഷത്തിനപ്പുറവും എന്താണ് ബാക്കിയുള്ളത് എന്ന്‍ നിങ്ങള്‍ക്ക് കാണാം. കത്തിക്കരിഞ്ഞൊരു യന്ത്രവും അത് വച്ചിരുന്ന മുറിയും നിങ്ങള്‍ക്ക് ഇപ്പോഴും കാണാം. ഞാനിപ്പോള്‍ തൊഴില്‍രഹിതനാണ്. ദിവസേന ജോലിയുമന്വേഷിച്ചു നടക്കുകയാണ് ഞാന്‍. എനിക്ക് ഒരു പണിയും കിട്ടാത്തതായ ദിവസങ്ങളും ഏറെയാണ്." ഷാഹിദ് പറഞ്ഞു.
പരാതികളും വിഷമങ്ങളും അയാളെ പരുക്കനാക്കിയിരിക്കുന്നു. "ബാബറി മസ്ജിദ് നിലനിന്ന ഭൂമിയില്‍ ഞങ്ങള്‍ക്കുള്ള അവകാശത്തെ നമ്മള്‍ ഒരുകാലത്തും നിരാകരിക്കില്ല. കോടതിക്ക് പുറത്ത് പ്രശ്നപരിഹാരം കാണാം എന്നൊക്കെ പറയുന്ന മുസ്ലീംങ്ങള്‍ ഞങ്ങളുടെ താത്പര്യങ്ങളെ കുരുതികൊടുക്കുകയാണ്. പക്ഷെ എനിക്ക് അഭിമാനമില്ലാതെ ജീവിക്കാനാകില്ല" ഷാഹിദ് പറഞ്ഞു.
ഷാഹിദിനും സഭാഷിനും അയോധ്യ എവിടെയും അവസാനിക്കുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.