എം ജി സര്‍വ്വകലാശാലയില്‍ ജോലിയായി ഞാന്‍ ഏറ്റുമാനൂര്‍ ചെന്നുപെട്ട 1993 കാലം. പഠിച്ചിറങ്ങി അധിക നാള് ആയിരുന്നില്ല. ചിറകു വിരിച്ച് എറണാകുളത്തിന്റെ സാംസ്ക്കാരിക പരിസരങ്ങളിലൂടെ പറക്കല്‍ ശീലമാക്കിയ അക്ഷരപ്പെണ്കുട്ടിക്ക്, ഔദ്യോഗിക ശീലങ്ങളുടെ മുറകളും യൗവ്വന പദവിയും പാകമല്ലാത്ത ഉടുപ്പുകള്‍ പോലെ തോന്നി. സാഹിത്യം മിണ്ടാനുള്ള ഇടമല്ലെന്ന മട്ടില്‍ ഇരുട്ടു പടര്‍ന്ന റബ്ബര്‍ തോട്ടങ്ങളുള്ള ഏറ്റുമാനൂരിലെ ഓരോ ദിവസവും വിരസ ദിവസങ്ങളായി മാറി എനിക്ക് ശ്വാസം മുട്ടി.
അക്ഷരങ്ങളെക്കുറിച്ച് ആരോടെങ്കിലുമൊക്കെ സംസാരിച്ച് എനിക്ക് എന്റെ പകപ്പും മടുപ്പും മാറ്റിയെടുക്കണമായിരുന്നു. പരിചയക്കാരേ ഇല്ലാത്ത നാട്ടില്‍, എനിക്കു കയറിച്ചെല്ലാന്‍ പാകത്തില്‍ അക്ഷരഗന്ധപ്പൂവുകള് ഉതിരുന്ന മുറ്റമുള്ള ഏതു വീടാണുള്ളത് എന്ന എന്റെ ആലോചനായജ്ഞത്തിനൊടുവില് കിഴക്കേ കാരൂര്‍ എന്ന വീട്ടു പേര് തെളിഞ്ഞു.
അതായത് സാക്ഷാല്‍ കാരൂര്‍ നീലകണ്ഠപ്പിളളയിലെ കാരൂര്‍. (ഒറിജിനല്‍ കാരൂര്‍ വീട് കോട്ടയത്തായിരുന്നു) മുത്തച്ഛന് എന്ന പ്രൈമറി സക്കൂളദ്ധ്യാപകന്, എന്റെ കുഞ്ഞുപ്രായത്തില്‍ പറഞ്ഞു തരാറുണ്ടായിരുന്നു കാരൂരിന്റെ ‘പൊതിച്ചോറ്. ‘ മുത്തച്ഛനാണാ കഥയിലെ അദ്ധ്യാപകന് എന്ന പോലെ ഹൃദയത്തിനോടു ചേര്‍ത്തു വച്ചാണ് മുത്തച്ഛനതെപ്പോഴും എന്റെ കണ്ണില്‍ വെള്ളം നിറയിച്ച് പറഞ്ഞു തന്നിരുന്നത്.
മുത്തച്ഛന് കാലത്തിലെ അദ്ധ്യാപകരുടെ പൊതു അവസ്ഥയായിരുന്നു ദാരിദ്ര്യം എന്ന് കാലം പോകെ മനസ്സിലായിട്ടുണ്ട്. കാരൂരിന്റെ മകള്‍ ബി സരസ്വതി എന്ന, ഒരിയ്ക്കല്‍ ഒരു കാലത്ത് മാതൃഭൂമി വാരികയിലൊക്കെ നല്ല നല്ല കഥകളെഴുതിയിരുന്നു എന്ന് അമ്മ പറഞ്ഞ് ഞാനറിയുന്ന സ്ക്കൂള് റ്റീച്ചറിന്റെ വീടാണ് ഏറ്റുമാനൂരെ കാരൂര്‍ വീട്. റ്റീച്ചറാണ്, റ്റീച്ചര്‍ പഠിപ്പിക്കുന്ന സ്ക്കൂളില്‍ ദേശീയഗാനം പാടാന്‍ വിസമ്മതിച്ച യഹോവാ സാക്ഷിവിഭാഗത്തിലെ കുട്ടികള്‍ എന്ന വിഷയത്തില്‍ പൊതു താല്‍പ്പര്യ ഹര്‍ജി കൊടുത്ത് പത്രങ്ങളില്‍ വാര്‍ത്തയായി നിറയുന്ന ആളാണ്, അതില്‍ കാരൂരെന്ന അച്ഛന് വിലാസമല്ലാതെ എഴുത്തുകാരി വിലാസമെഴുതാറില്ല പത്രക്കാരൊന്നും എന്നും ഞാന്‍ കാണുന്നുണ്ടായിരുന്നു. സരസ്വതി റ്റീച്ചറിന്റെ മകനും പ്രശസ്ത സിനിമാറ്റോഗ്രഫറുമായ വേണുവിന്റെയും വേണുവിന്റെ കൂട്ടുകാരിയായ ബീനാ പോള്‍ എന്ന എഡിറ്റിങ് വിസ്മയത്തിന്റെയും വീടാണത് എന്നു കൂടി അറിയാമായിരുന്നു. സിനിമ എല്ലാക്കാലത്തും എനിക്ക് ഭ്രാന്തോളമായിരുന്നു. എനിക്കാ വീടിനോടു ബന്ധുത്വം തോന്നാല്‍ ഇത്രയൊക്കെ ധാരാളമായിരുന്നു.
പോരാഞ്ഞ് എന്റെ അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവും സാഹിത്യ പ്രവര്‍ത്തക സംഘത്തിലെ ഭരണസമിതി അംഗവുമായിരുന്ന പ്രൊഫ. വി. രമേഷ് ചന്ദ്രന് എന്ന എന്റെ കൊച്ചച്ഛന്, ഏറ്റുമാനൂരില്‍ എനിക്കായി വീടന്വേഷണത്തിന് കാരൂര്‍ വീട്ടില്‍ സരസ്വതിറ്റീച്ചറെയും ഭര്‍ത്താവ് നാരായണക്കുറുപ്പു സാറിനെയും ആണ് പറഞ്ഞേല്‍പ്പിച്ചിരുന്നത്.
അങ്ങനെയങ്ങനെ ഒരു വൈകുന്നേരം, വീടു തപ്പിക്കണ്ടുപിടിച്ചു ഞാനങ്ങോട്ട് കയറിച്ചെന്നു. ആളുകളെ പരിചയപ്പെടാന്‍ ഏറ്റവും വിമുഖതയുള്ള ഞാന്‍, റബ്ബര്‍ത്തോട്ടത്തിനിടയില്‍ ഒളിച്ചു നില്ക്കുന്ന ആ വീട്ടിലേക്ക്, ഒരിടിച്ചു കയറി പരിചയപ്പെടലിന്റെ എല്ലാ ജാള്യതയോടും കൂടി ചെന്നു പറ്റി. സ്ത്രീകളുടെ മാത്രമായ ഏതോ കഥാസമാഹാരത്തില്‍ വായിച്ച ഒരു കഥയല്ലാതെ ബി സരസ്വതി എന്ന എഴുത്തുകാരി എഴുതിയ മറ്റൊരു കഥയും വായിക്കാതെ ചെന്നു കയറുന്നതിന്റെ ജാള്യതയുമുണ്ടായിരുന്നു. പക്ഷേ എന്തു കൊണ്ട് എഴുത്തുകാരനായ അച്ഛന്റെ, എഴുതിപ്പേരെടുക്കാന് തുടങ്ങിയ മകള്‍ പാതി വച്ച് എഴുത്തു നിര്‍ത്തി എന്ന എന്റെ അത്ഭുതമായിരുന്നു, ആ അത്ഭുതത്തിനൊരുത്തരമായിരുന്നു എനിയ്ക്ക് പ്രധാനം.
ഞാനന്ന് എഴുതിത്തുടങ്ങുന്നതേയുള്ളു. എന്റെ പേര് പറഞ്ഞാലൊന്നും ആരും തിരിച്ചറിയാത്ത കാലം. ആ കലാ ഹൃദയവീടിന്റെ പൂമുഖവാതില്‍ തുറന്ന്, അക്ഷരപ്രിയ എന്ന മേല്‍വിലാസം മാത്രം കൈയിലുള്ള എന്നെ സരസ്വതിറ്റീച്ചര് വിടര്‍ന്ന മുഖത്തോടെ ‘വരൂ’ എന്ന് യാതൊരാര്ഭാടവുമില്ലാത്ത വീട്ടിന്നകത്തേക്കു കയറ്റിയിരുത്തി. വാത്സല്യത്തോടെ സൗമ്യദീപ്തമായി ചിരിക്കുകയും മിണ്ടുകയും എനിക്ക് ചക്കവരട്ടിയതും ചൂടുദോശ ചുട്ടതും തരികയും ചെയ്തു. സ്ക്കൂള് കാലത്ത് കലകളില്‍ താല്പര്യമുണ്ടായിരുന്നത് മൂത്ത മകന് വേണുവിനേക്കാള്‍ ഇളയ മകന് രാമുവിനാണ്, പുനത്തില്‍ കുഞ്ഞബ്ദുള്ളയില്‍ നിന്ന് കഥയെഴുത്തിന് സമ്മാനം വാങ്ങിയിട്ടുണ്ട് രാമു എന്നെല്ലാം റ്റീച്ചര്‍ പറഞ്ഞു. രാമചന്ദ്രന് എന്ന ഐ പി എസുകാരന് കൂടി റ്റീച്ചറിന് മകനായുള്ളത് ഞാനാദ്യമായി അറിയുകയായിരുന്നു.
കഥ എഴുതിയിരുന്ന ബി സരസ്വതിയെ ഓര്‍മ്മപ്പെടുത്തിയപ്പോള്‍, സുഗതകുമാരിക്കും എംടിക്കുമൊപ്പം കഥ വന്നിരുന്നതാണ് എന്ന ചെറിയ വാചകം പറഞ്ഞൊഴിഞ്ഞു നിന്നു റ്റീച്ചര്‍ കഥയില്‍ നിന്ന്. എന്റെ ഓര്‍മ്മപ്പെടുത്തലുകളില്‍ നിന്ന് വഴുതിത്തെന്നി നീങ്ങി, യഹോവ സാക്ഷികളുടെ കാര്യം പറയുന്നതിലേക്ക് റ്റീച്ചര്‍ ഊര്‍ജ്ജത്തെ തിരിച്ചു വിടുന്നതു നോക്കി ഞാനിരുന്നു.
എഴുത്തിന്റെ കനലില്‍ വെള്ളം വീണു കെട്ടുപോയപ്പോള്‍ ആ കനല് മറ്റൊരിടത്ത്, അതായത് സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തിലെ ഇടപെടലായി രൂപം മാറി ജനിക്കുന്നത്, ഒരു തിര താഴലിന് പകരം ഒരു തിര ഉയര്‍ച്ച എന്ന കണക്കില്‍ ഞാന്‍ നോക്കി ഇരുന്നു. ഉള്ളിലെ കനല് – അതവിടെത്തന്നെയുണ്ട്. ഒരിടത്ത് അതിനെ കൊട്ടയിട്ടു മൂടി അടച്ചു വച്ചുവെങ്കിലോ മറ്റൊരിടത്ത് അത് ആളിക്കത്തി പൊങ്ങി വീറാകുന്ന കാഴ്ചയ്ക്കു മുന്നില്‍ എന്തു ചെയ്യേണ്ടൂ എന്നറിയാതെ ഞാന്‍ വിഷമിച്ചു.
ഇതിനിടെ പല തവണ ഞാന്‍ പറഞ്ഞുനോക്കി, ‘റ്റീച്ചറിനിയുമെഴുതണം.’ അത് റ്റീച്ചര്‍ കേട്ടതായി ഭാവിക്കാതെയിരുന്നു. പേരിനൊരു കഥയല്ലാതെ അന്നേ വരെ സരസ്വതി റ്റീച്ചറുടെ കഥകളൊന്നും വായിച്ചിട്ടില്ല എന്ന് ഞാനേറ്റു പറഞ്ഞു. എന്റെയൊക്കെ കാലത്തിനും മുമ്പ് എഴുത്തു നിര്‍ത്തിയ ഒരാളുടെ പുസ്തകങ്ങളൊന്നും എനിക്കു വായിക്കാന്‍ കിട്ടാതിരുന്നത് സ്വാഭാവികം എന്ന് റ്റീച്ചറത് വളരെ സാധാരണമായെടുത്തു.
വായിച്ച കഥ തന്നെ, വളരെ പഴയ നാളുകളിലെ വായനയായതിനാല് എനിക്കോര്‍മ്മയുണ്ടായിരുന്നില്ല താനും. അമ്മ, ബി സരസ്വതിക്കഥ വായിച്ചതു പറഞ്ഞു കേട്ട അറിവാണ് കൂടുതല്‍ എന്നു കൂടി പറഞ്ഞ്, വേഗം തിരിച്ചു തരാമെന്ന വ്യവസ്ഥയില്‍, റ്റീച്ചറിന്റെ കഥാസമാഹരങ്ങളുമായാണ് ഞാനന്നു യാത്ര പറഞ്ഞത്. ‘പല സമാഹാരങ്ങളും വിപണിയിലില്ല, ഇവിടുന്നല്ലാതെ ഇതൊക്കെ കിട്ടാന്‍ പാടാണ്,’ എന്നു കൂടി റ്റീച്ചര്‍ പറഞ്ഞു.
നാരായണക്കുറുപ്പുസാറും റ്റീച്ചറും വാതില്‍പ്പടിയില്‍ വന്നു നിന്ന് എന്നെ യാത്രയാക്കി. വീട്ടില്‍ കൊണ്ടു ചെന്ന് ആ പുസ്തകങ്ങള്‍ നിവര്ത്തപ്പോള്, ഇക്കാലത്തേക്കാള്‍ ഉശിരുള്ള ഫെമിനിസം അതില്‍ കണ്ട് ഞാന്‍ അന്ധാളിച്ചു. ക്രാഫ്റ്റും ഇതിവൃത്തവും എന്നെ അതിശയിപ്പിച്ചു. ‘ഞാനൊക്കെ എഴുതാന്‍ നോക്കുന്ന കഥകളൊക്കെ എന്ത്,’ എന്ന് സ്വയം വിമലീകരിക്കപ്പെട്ടതിനൊപ്പം ഇങ്ങനെ എഴുതിയിരുന്നയാള്‍ എങ്ങനെ എഴുത്തു നിര്‍ത്തി ഒരു റ്റീച്ചറും അമ്മയും ഭാര്യും മാത്രമായി ഇരിപ്പായി എന്ന മനസ്സിലാകായ്മയില് എനിക്ക് പൊള്ളാനും തുടങ്ങി.
അടുത്ത ആഴ്ചത ന്നെ, വായന കഴിഞ്ഞ പുസ്തകങ്ങളുുമായി കേറിച്ചെന്നു ‘എഴുത്തിലേക്ക് തിരിച്ചു വരൂ’ എന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു. റ്റീച്ചര്‍ അപ്പോഴും യഹോവാസഭകളെക്കുറിച്ചു പറഞ്ഞ് തീപ്പൊരികള്‍ ഉതിര്‍ത്ത് എഴുത്തിനു പുറം തിരിഞ്ഞു നിന്നു.
പിന്നെ ഏറ്റുമാനൂരിന്റെ നടവഴികളില്‍ വച്ച് പലപ്പോഴും റ്റീച്ചറും ഞാനും തമ്മില്‍ കണ്ടു. ഒരു റ്റിപ്പിക്കല് റ്റീച്ചര്‍ ബാഗും തോളത്ത് തൂക്കി, ഒരു മടക്കുകുട കൈയിലും പിടിച്ച് റ്റീച്ചറെപ്പോഴും വിനയം എന്നാണ് എന്റെ പേര് എന്ന മട്ടില്‍ നിന്നു. സിനിമാരംഗത്തു നിന്നുള്ള ഒരുപാടു നാഷണല്‍ അവാര്ഡുകളിരിക്കുന്ന വീട്ടിലെ അമ്മയാണെന്ന മട്ടേയില്ലാതെ, അലസസാരി തോളത്തേക്കൊതുക്കിയിട്ട് ബസ് കാത്തും ഓട്ടോ കാത്തും റ്റീച്ചര്‍ ഒറ്റയ്ക്കു നടക്കുന്നതു കാണുമ്പോഴൊക്കെ ഞാനോടിച്ചെന്നു. എന്നെ ഓര്‍ത്തു വച്ച് സ്നേഹത്തോടെ എന്റെ കൈ തൊട്ട് അപ്പോഴൊക്കെയും എന്നോട് മിണ്ടി. ഒരിയ്ക്കലെന്റെ വീട്ടില്‍ വന്നു വെറുതേ, സ്നേ്ഹം കൊണ്ട് മാത്രം.

എന്നോ പറഞ്ഞു. മാധവിക്കുട്ടിയെ കാണാന്‍ സാഹിത്യ പരിഷത്തിന്റെ എറണാകുളത്തുവച്ചുള്ള ഒരു പ്രതിമാസ മീറ്റിങ്ങു കഴിഞ്ഞ ശേഷം മറ്റാരുടെയോ കൂടെ പോയതിനെക്കുറിച്ച്. സരസ്വതി റ്റീച്ചറിന്റെ കൂടെ വന്ന സ്ത്രീയെ മാധവിക്കുട്ടിയ്ക്കറിയാമായിരുന്നു, പക്ഷേ റ്റീച്ചറിനെ അറിയില്ലായിരുന്നു. സരസ്വതി റ്റീച്ചര്‍ ടോയ്ലെറ്റില് പോയി വരാനെടുത്ത നേരത്ത് മാധവിക്കുട്ടി അവരോട് ചോദിച്ചു, ‘കൂടെയുള്ളയാള്‍ ആരാണ്?’ ‘കാരൂരിന്റെ മകള്‍’ എന്നു കേട്ടതും തിരിച്ചു വന്ന സരസ്വതിറ്റീച്ചറിനെ മാധവിക്കുട്ടി കെട്ടിപ്പിടിച്ചു. എന്നിട്ട് രണ്ടു വരി, ഓര്‍മ്മയില്‍ നിന്ന് അണുവിട തെറ്റാതെ പറഞ്ഞു കേള്‍പ്പിച്ചു. സരസ്വതി റ്റീച്ചര്‍ അന്തം വിട്ടിരുന്നു, റ്റീച്ചറിന്റെ ഒരു കഥയിലെ രണ്ടു വരിയായിരുന്നു അത്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചുവന്ന, റ്റീച്ചറിന്റെ ഒരു കഥാസമാഹാരത്തിലും എന്തോ കാരണവശാല്‍ ഉള്‍പ്പെടാതെ പോയ, റ്റീച്ചര്‍ തന്നെ ഇതിനകം മറന്നേപോയ ഒരു കഥ മാധവിക്കുട്ടി രണ്ടു വാചകങ്ങള്‍ സഹിതം ഓര്‍ത്തുവച്ചിരിക്കുന്നു എന്ന ആ കഥ പറയുമ്പോഴും മാധവിക്കുട്ടിയെപ്പോലെ ലബ്ധപ്രതിഷ്ഠനേടിയ ഒരാളെ വിസ്മയിപ്പിച്ച എന്റെ കഥ എന്നല്ല, മറ്റൊരാളുടെ കഥയെ അഭിനന്ദിക്കാനുള്ള മാധവിക്കുട്ടിയുടെ ആര്‍ജ്ജവം എന്ന കാര്യത്തിലാണ് റ്റീച്ചര്‍ ഊന്നല്‍ കൊടുത്തത്. രണ്ടു കഥാകാരികള്‍ പരസ്പരം ആദരവ് പ്രകടിപ്പിക്കുന്ന ആ സംഭവ വിവരണത്തില്‍ ഞാനലിഞ്ഞില്ലാതായി.
ഞാന്‍ ഏറ്റുമാനൂര്‍ വിട്ട നേരം, പോകുന്നു എന്നു പറയാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല എനിക്ക്. പിന്നെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കാരൂരിനെക്കുറിച്ചും എസ് പി സി എസിനെയും കുറിച്ച് ‘ഓര്‍മ്മകള്‍ ചന്ദനഗന്ധം പോലെ’ എന്ന പല ലക്കങ്ങളിലായെഴുതിയ കുറിപ്പിന്റെ പേരില്‍, എഴുത്തിന്റെ വളരെ വലിയ ഒരു ഇടവേളക്കുശേഷം റ്റീച്ചര്‍ സജീവമായപ്പോള്‍, ‘എഴുതൂ, എഴുതൂ’ എന്ന കണ്ടുമുട്ടുമ്പോഴൈാക്കെയും ഉള്ള എന്റെ നിര്‍ബന്ധവും ഈ അക്ഷരങ്ങള്‍ക്കു പിന്നിലുണ്ടാവാം എന്നു സങ്കല്പിച്ച് ഞാന്‍ വെറുതേ സന്തോഷിച്ചു.
മൂന്നുകൊല്ലം മുമ്പ് ഒരു കല്യാണവേളയില്‍, ഞാന്‍ മകനെയും കൂട്ടി റ്റീച്ചറിനെ കാണാന്‍ ചെന്നു. ഒപ്പം ഊണു കഴിച്ചു. വേണുച്ചേട്ടന് കിട്ടിയ അവാര്‍ഡ് ശില്പങ്ങളെ ചൂണ്ടിക്കാണിച്ച്, ഇതെന്താ ഒരേ പോലുള്ള അവാര്‍ഡുകള്‍ എന്ന് മകന് ചോദിച്ചു. ‘ദയ’ക്കും ‘മുന്നറിയിപ്പി’നും കിട്ടിയതെന്നു പറഞ്ഞപ്പോള്‍ ‘അയ്യോ, മുന്നറിയിപ്പോ!’ എന്ന് അവന് സിനിമ കണ്ട ദിവസത്തിലെപ്പോലുള്ള പേടിയായി മാറിയത് കണ്ടപ്പോള്‍ റ്റീച്ചറും സാറും ചിരിച്ചു.
സാറും റ്റീച്ചറും, അവര്‍ രണ്ടു പേരും ഓരോരോ വയ്യായ്കളിലായിരുന്നു. എന്റെ മകന്, ‘അമ്മ മടിച്ചിയാണ്, എഴുതാനിരിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല’ എന്നു പരാതി പറഞ്ഞപ്പോള്‍ റ്റീച്ചര്‍ പറഞ്ഞു, ‘ഇങ്ങനെ അമ്മ എഴുതണമെന്നാഗ്രഹിക്കുന്ന മകനെന്നൊക്കെ പറഞ്ഞാല്‍ അത് വലിയ ഒരു ഭാഗ്യമാണ്. എന്റെ മക്കളൊക്കെ ചെറുപ്പത്തില്‍ എന്നെയെങ്ങനെ എഴുതാതിരുത്താം എന്ന കാര്യത്തില്‍ കേമന്മാരായിരുന്നു’ എന്നു റ്റീച്ചര്‍ കൂട്ടിച്ചേര്‍ത്തു ചിരിച്ചു.
‘ഓര്‍മ്മകള്‍ ചന്ദനഗന്ധം പോലെ’യും ഏറ്റവും പുതുതായെഴുതിയ ‘ശ്രീമദ് ഭാഗവതകഥ’ പുനരാഖ്യാനം ചെയ്തതും ‘ഏറ്റവും പ്രിയപ്പെട്ട പ്രിയക്ക്’ എന്നെഴുതി എനിയ്ക്ക് ഒപ്പിട്ടു തന്നു. ബി സരസ്വതി കഥാസമാഹാരങ്ങള്‍ രണ്ടെണ്ണം ആയിടെ എനിയ്ക്ക് വാങ്ങാന്‍ കിട്ടി. എഴുത്തുകാരികള്‍ എഴുത്തു നിര്‍ത്തുന്നത് എന്തുകൊണ്ടാവാം എന്ന സമസ്യ, ഓരോ തവണ ആ പുസ്തകങ്ങള്‍ കാണുമ്പോഴും എന്നെ വലയ്ക്കുന്നു.
ബി സരസ്വതിയുടെ എല്ലാ പുസ്തകങ്ങളും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ബുക് സ്റ്റാളിലുണ്ടാവുമോ ആവോ എന്നും ഞാനെത്രനാളായി റ്റീച്ചറിനെ കണ്ടിട്ട് എന്നും അലമാരയിലെ ബി സരസ്വതി പുസ്തകങ്ങള്‍ കാണുമ്പോഴൊക്കെയും ഞാനോര്‍ക്കുന്നു.