Onam, Avitta Katta: സമൃദ്ധിയുടെ ഉത്സവമാണ് ഓണം. ഒരാണ്ടു മുഴുവൻ ഒരുങ്ങിയും പറഞ്ഞുമാണ് ഓണം വരുന്നത്. കൊയ്ത്തു കഴിഞ്ഞു കിട്ടുന്ന നെല്ല് പുഴുങ്ങി ഉണക്കി കുത്തി അരിയാക്കിയാണ് ഓണസദ്യയ്ക്കുപയോഗിക്കുന്നത്. വേനൽക്കാല പച്ചക്കറികളിലെ ശേഷിപ്പായി കഴുക്കോലിൽ വെളളരിയ്ക്ക തൂങ്ങിക്കിടക്കുന്നുണ്ടാവും. കട്ടിലിൻ താഴെ മത്തങ്ങയും കുമ്പളങ്ങയും കാണും. അടുക്കളപ്പാത്രത്തിനു താഴെ ചേമ്പും ചേനയും കിന്നാരം പറയുന്നുണ്ടാവും. കലവറയിൽ ചാക്കിനുള്ളിൽ പഴക്കുലകൾ പഴുത്തു ഓണസദ്യക്ക് വിളമ്പാൻ പാകമാകും. അച്ചിങ്ങയും പടവലങ്ങയും പാവയ്ക്കയും വെണ്ടയ്ക്കയുമെല്ലാം അടുക്കളപ്പുറത്തു കായ്ച്ചു കിടക്കുന്നുണ്ടാവും. പച്ചമുളകും കറിവേപ്പിലയും കൈ നീട്ടിയാൽ പിച്ചിയെടുക്കാൻ പാകത്തിന് കാണും. ആട്ടിച്ചെടുക്കുന്ന വെളിച്ചെണ്ണ വലിയ ചീനഭരണിയിൽ അടച്ചു വച്ചിട്ടുണ്ടാവും.
ഓണത്തിന് വീട്ടിലുളളവർക്കും വിരുന്നുകാർക്കും അവകാശക്കാർക്കും വളർത്തുമൃഗങ്ങൾക്കും എല്ലാം ഓണസദ്യ നൽകണം. പശുക്കളെ കുളിപ്പിച്ച് ചന്ദനവും സിന്ദൂരവും തൊടീച്ച് ഒരുക്കിയാണ് ഭക്ഷണം കൊടുക്കുന്നത്. അവരുടെ ഭക്ഷണത്തിനു പുറമേ ഓണസദ്യയുടെ പങ്ക് വായിൽ വച്ച് കൊടുക്കും.
ഓണദിനത്തിൽ ആരും പട്ടിണി കിടക്കാൻ പാടില്ലെന്നതിനാൽ ആവശ്യത്തിലേറെ ആഹാര സാധനങ്ങൾ ഉണ്ടാക്കും. തിരുവോണ ദിവസം പതിവുപോലെ ഈ ഭക്ഷണസാധനം ബാക്കി വരും. അത് സാധാരണ ദിവസങ്ങളിലതിനേക്കാൾ കൂടുതലായിരിക്കുകയും ചെയ്യുക സ്വാഭാവികമാണ്. മിച്ചം വരുന്നത് പണ്ടുളളവർ കളയാറില്ല. അന്നം കളയുന്നത് പാപമെന്നു വിശ്വസിച്ച തലമുറ. അതിനാൽ തന്നെ അന്ന് ബാക്കി വരുന്ന കറികൾ സൂക്ഷിക്കാൻ ആധുനിക സമ്പ്രദായങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഓണക്കറികളെല്ലാം ഒന്നിച്ചിട്ടു വയ്ക്കാൻ തുടങ്ങിയിരിക്കണം. അങ്ങനെ സൂക്ഷിക്കാനായി ഒരു കൽച്ചട്ടിതന്നെ ഉണ്ടായിരുന്നു അക്കാലത്ത്. ഇപ്പോഴും ഏതെങ്കിലും വീടുകളിൽ അതുണ്ടാകാം.
തിരുവോണ ദിവസം ബാക്കി വരുന്ന കറികൾ സൂക്ഷിച്ചുവെയ്ക്കുന്ന ഇത് അടുത്ത ദിവസം പുതിയൊരു കറിയായി മാറും. പലയിടങ്ങളിലും, ഓണക്കാടി, കാടിയോണം, അവിട്ടക്കട്ട, പഴംകൂട്ടാൻ അങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലും കൊല്ലം, കോട്ടയം തുടങ്ങിയ ജില്ലകളിലെ ചിലഭാഗങ്ങളിലും ആലുവായിലുമൊക്കെ നായർ ഭവനങ്ങളിലാണ് ഈ വിഭവം ഉണ്ടാക്കുന്നത്.
ഓണത്തിന്റെ വിവിധ കറികൾ യോജിപ്പിച്ചാണുണ്ടാക്കുന്നതെങ്കിലും ചേരുവ പ്രാദേശികമായി വ്യത്യസ്തമാണ്. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽ പരിപ്പ്, ഓലൻ, തോരൻ ഒഴിച്ചുളള സകല കറികളും–സാമ്പാർ, അവിയൽ, എരിശ്ശേരി, കൂട്ടുകറി, കിച്ചടി, പച്ചടി, ഇഞ്ചിക്കറി, മാങ്ങ, നാരങ്ങ എന്നിവ ഒരു കലച്ചട്ടിയിൽ ഒന്നിച്ചിട്ടു അടച്ചു വയ്ക്കും. അവിട്ടത്തിന്റന്ന് അത് അടുപ്പിൽ വച്ച് വറ്റിക്കും. പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഉപയോഗിക്കും. രാവിലെ പലഹാരത്തിന്റെ കൂടെയും ഊണിന്റെ കൂടെയും കറിയായി ഇത് ഉപയോഗിക്കുന്നു. അവിട്ടത്തിന്റന്ന് ഉച്ചയ്ക്ക് വേറെ വിഭവങ്ങളൊന്നും കാണില്ല.
തലയോലപറമ്പ്, കോട്ടയം ഭാഗങ്ങളിൽ അവിട്ടക്കട്ടയും കാടിയോണം എന്നിവ രണ്ടു വിഭവങ്ങളാണ്. അവിട്ടക്കട്ടയിൽ മോരു വിഭവങ്ങളായ കിച്ചടി, പച്ചടി, കാളൻ തുടങ്ങിയവയും അച്ചാറുകളുമിട്ട് ചോറുമിട്ട് ഇത് നിറയെ മോരൊഴിച്ച് കാന്താരിയിട്ട് ഭരണിയിൽ അടച്ചു വയ്ക്കും. ഇത് ചൂടാക്കാതെ തൈരും കൂട്ടി കഴിക്കും. കാടിയോണത്തിൽ സാമ്പാർ, അവിയൽ, തുടങ്ങി ചീത്തയാകാത്ത എല്ലാ കറികളും അച്ചാറുകളുമിട്ട് ചോറിട്ടും ചോറിടാതെയും വച്ച് പിറ്റേന്ന് ചൂടാക്കി കഴിക്കും. ചോറിട്ടാൽ നിറയെ മോരൊഴിച്ച് കാന്താരിയിട്ട്. അപ്പോൾ ചൂടാക്കില്ല.
എല്ലാ കറികളും സമ്മിശ്രമാകുമ്പോഴുളള സ്വാദ്, ഉപ്പ്, പുളി, എരിവ്, കയ്പ് അങ്ങനെ എല്ലാരുചികളും ചേർന്ന വിഭവം. പച്ചവെളിച്ചെണ്ണയുടേയും കറിവേപ്പിലയുടേയും സുഗന്ധത്തോടെ നമ്മുടെ രസനേന്ദ്രിയങ്ങളെ പ്രചോദിപ്പിക്കും.