പെണ്ണുങ്ങൾക്ക് ശബരിമലയിൽ എന്തുകാര്യം? എന്നു ചോദിക്കുന്ന വൃശ്ചികത്തിന് മറുപടിയായി മകരം കഴിഞ്ഞ് കുംഭത്തിൽ ഒരു മൺകുടത്തിൽ തിളച്ച് ആറ്റുകാൽ പൊങ്കാലയെത്തുന്നു. ഇവിടെ ആണുങ്ങൾക്കെന്തു കാര്യം? ഏതെങ്കിലും ഒരാണ് കേരളത്തിൽ പൊങ്കാലയിടുന്നുണ്ടോ? ഓർമ്മകളിൽ ഇല്ല….വാദത്തിനു വേണ്ടി സുപ്രീംകോടതിയിൽ ഒരാൺ പൊങ്കാല ഒരുക്കാൻ ശ്രമിച്ച ഒരാവേശവും രേഖകളിലുമില്ല. പിന്നെ എന്തിന് പൊങ്കാലയെഴുത്ത്?

ജനിച്ചു വളർന്ന മണ്ണിന്റെ നാരും വേരും പടർന്ന മുത്തശ്ശിത്തണലിൽ ഇരുന്ന് മധുര ചുട്ടെരിച്ചുവന്ന പെണ്ണിന്റെ വാഴ്‌വും നോവും അറിഞ്ഞപ്പോൾ കേട്ടതാണ് ഈ ഉത്സവത്തെപ്പറ്റി. ചെറുപ്പം തൊട്ടറിഞ്ഞ പെണ്മയുടെ ആഘോഷം. ഈ പ്രദേശത്തെ മതിലുകൾ മാഞ്ഞ് വാതിലുകൾ ആകുന്ന അദ്ഭുതനാൾ.- അവനവന്റെ “ചെല്ല”ത്തിനും ചന്തത്തിനും അല്ലാതെയാണ് വീടൊരുങ്ങുന്നത് എന്ന് ഓരോ “അപ്പിക്കും” ബോധം വരുന്ന നാൾ. നെയ്യാറ്റിൻകര മുതൽ കാസർഗോഡു വരെയുളള അമ്മച്ചൂട് വെന്ത് പൊങ്ങുന്ന പെരുംപൂരം. അന്നാണ് പരുക്കൻ മുഖങ്ങളുളള അപരിചിതരായ നാടൻ സ്ത്രീകൾ തലചുമടായി കൊണ്ടുവന്ന കൊതുമ്പും കല്ലും ഇറക്കി വച്ച് എന്റെ മുറ്റത്ത് “കുടി”യിരിക്കുന്നത്. അമ്മയ്‌ക്ക് കൈയ്യാൾ ആയി റസിയാന്റിയും വലിയതുറ കടപ്പുറത്ത് നിന്ന് സിസിലിയുമെത്തും…റെയിൽപാളങ്ങൾ അവസാനിക്കുന്ന വീടുമുറ്റങ്ങളിൽ നിന്നും ബന്ധുക്കൾ മണക്കാട്ടേക്ക് മൺകുടങ്ങൾ വാങ്ങാനിറങ്ങും. ചന്തയിൽ ചുവരെഴുത്തുകൾ മറച്ച് പൊങ്ങിയ മൺഗോപുരങ്ങളിൽ മികച്ച കുടങ്ങൾ ഊഴം കാത്ത് ഒരു പകലിരവ് ഉറക്കമറ്റ് വായ്മൂടി കിടക്കും.

attukal ponkala

മുഷിഞ്ഞ നേര്യത് മുണ്ടിന്റെ മുഴപ്പിലുളളത് കടം പറഞ്ഞ് മേടിച്ച ഒരു പിടി അരിയും ശർക്കരയുമാണ്, അവരുടെയൊക്കെ മനസിൽ ഉളളത് ഒരായിരം ആവലാതിത്തിരയടിക്കുന്ന കടലും. ദേശഭേദം മറന്ന് തുറക്കുന്ന ആ വായകളിലെ മുറുക്കാൻ കലർന്ന പ്രാർത്ഥനയിലും, നല്ലതും കെട്ടതും ഉരുകി ശരണം വിളിക്കുന്ന പ്രാക്‌തനയിലും, തെളിഞ്ഞുവന്നതാണ് എന്റെ ആറ്റുകാലമ്മ. വിചിത്രമായ ഒരു ഗോത്രം അതിന്റെ പ്രാചീനമായ ഒരു തമിഴ്ത്തുടർച്ചയും പിൻപറ്റി പോരുന്നു ഈ തിരുവിഴയിലൂടെ എന്ന അപഗ്രഥനത്തെ വിലകൽപ്പിക്കാത്ത ഉളളിൽ, തെളിയുന്നത് ചില സ്വകാര്യ ചിത്രങ്ങളാണ്.

അവിടെ ഒരമ്പലമുറ്റത്ത് വെളളമണൽ പുറത്ത് ഒത്തുകൂടി കുറച്ചു പെണ്ണുങ്ങൾ കഞ്ഞിയും കറിയും വച്ചു കളിക്കുന്നത് ലാഘവത്തോടെ കാണാൻ ഭക്തിയുടെ, വിശ്വാസത്തിന്റെ നെടുങ്കുപ്പായം ഇടേണ്ട ആവശ്യമില്ല. എനിക്ക് ഒരാൺകുട്ടിക്ക് നേരിട്ടു പങ്കെടുക്കേണ്ട എന്നത് കൊണ്ട് സമ്മാനപ്പൊതി കിട്ടാത്ത സങ്കടം മാറിയത് വർണ്ണക്കടലാസ് തുറന്നപ്പോൾ കണ്ട പച്ചപ്പട്ടുപാവാട കുഞ്ഞനിയത്തിക്കുളളതാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. നിഷ്‌ങ്കളങ്കമായ ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ സകല ഉത്സവങ്ങൾക്കും കൂട്ടുകാരി അവൾ മാത്രമാണല്ലോ- ദേവു. തീപ്പെട്ടിക്കൂടിലെ ശബ്‌ദത്തിൽ, സോപ്പുകവറിന്റെ മണത്തിൽ, മാവിന്റെ മറവിൽ പാടുന്ന കുയിലിൽ, മുറ്റത്ത് മുട്ടറ്റം പൊങ്ങുന്ന മഴയിൽ… അത്ഭുതങ്ങൾ ഒപ്പം കണ്ടെത്തിയ അവൾ ഒരുങ്ങുന്നത് ആറ്റുകാൽ ഉത്സവത്തിന്റെ തട്ടം പിടിച്ചു നടക്കാനാണ്. അന്ന് ഈ പെരുവഴി ഇല്ല. ചെവിയടക്കുന്ന കതിന മണക്കുന്ന പച്ച ഇരുട്ടിൽ നിലാവ് തെളിയുമ്പോൾ കണ്ടതാണ് അനന്തമായ് ഉറങ്ങുന്ന വയൽപ്പരപ്പ് മൂടി നിൽക്കുന്ന കുഞ്ഞമ്പലം. കരമന നദി നനച്ചു വളർത്തിയ ആ ചതുരകളളികളുടെ ഞരമ്പിലൂടെ പട്ടുപാവാടയുടുത്ത ഒരായിരം കുഞ്ഞനിയത്തിമാർ- അവളുടെ പിഞ്ചു കൈകളിൽ പിടിച്ച ഭാരവും, നടക്കേണ്ട ദൂരവും ഒരു ചേട്ടൻ മനസിൽ സകല ഉത്സവങ്ങളോടും അമർഷം തോന്നിച്ചു.- വ്രതമെടുത്ത് തയ്യാറാകുന്ന അവൾക്ക് ഇതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടോ എന്ന് കലഹിച്ചിരുന്നു; അമ്മയോടും വീടുനിറഞ്ഞ് കൈയേറിയ മുതിർന്ന ബന്ധുക്കളോടും. അവളുടെ കൈ ചായാതെ, താലത്തിലെ ദീപം കെടാതെ, ആ ചളിവരമ്പിലൂടെ വൻ തിരക്കിലൂടെ, അമ്പലം വരെ എത്തുക എന്ന ദുഷ്‌കരമായ മിഷൻ മുഴുമിക്കാൻ ദുർബലഗാത്രിയും അനീമിക്കുമായ അവൾക്ക് ആവില്ല എന്ന് രോഗികളെ നോക്കുമ്പോൾ ഡോക്‌ടറായ അച്ഛന്റെ സഹായി ആയി നിന്നു ശീലമുളള അഞ്ചാം ക്ളാസുകാരന് ഉറപ്പായിരുന്നു.

attukal ponkala

ആ ദീർഘദൂരം മുഴുവൻ താണ്ടി പായസവും പ്രസാദവും കൊണ്ട് അവൾ തിരികെ വന്നപ്പോഴാണ് മിറക്കിൾ ഉണ്ട് എന്ന് ഉറപ്പായത്. നെയ്‌വിളക്ക് കൊളുത്തി വെച്ച്, കുങ്കുമത്തിലും തെറ്റിപ്പൂവിലും മൂടി, ചന്ദനഗന്ധമുളള തിരുകോവിലല്ല, എന്റെ കുഞ്ഞനിയത്തിയുടേയും അവളുടെ മുന്നിലും പിന്നിലും നിരന്ന ആയിരം കുരുന്നുകളുടേയും കണ്ണിലെ ദീപം കെടാതെ കാലിടറാതെ വഴി നടത്തിച്ച ഒരമ്മ അവിടെ ആറ്റുകാൽ ഉണ്ട്….വീട് തിരിച്ചു തന്ന്, മടങ്ങിപോകുന്ന ആ വലിയ സ്ത്രീ സംഘത്തിലെ “സഖാവ്”എന്ന് അമ്മ വിളിച്ചു കൊണ്ടിരുന്ന ഉരുക്കുറപ്പുളള ഒരു വല്ല്യമ്മ തെരളി മണക്കുന്ന പഴ്‌സിൽ നിന്നും ആറ്റുകാൽ ദേവിയുടെ ഒരു കളർഫോട്ടോ സമ്മാനമായി തന്നു. കൈവെളളിയിൽ തെളിഞ്ഞ തുറന്ന കണ്ണുകളോടെ എന്നെ നോക്കുന്ന ചുവന്ന പട്ടുടുത്ത ചിരി- “ഇതാണ് പാർട്ടി”… സഖാവ് പടിയിറങ്ങി. ശക്തി രൂപത്തിൽ സ്ഥിതി ചെയ്യുന്നവളും, സർവ്വമംഗളങ്ങളും തരുന്നവളും, സർവാർത്ഥങ്ങളും സാധിപ്പവളും, ത്രികാലങ്ങളേയും അറിഞ്ഞവളും, ആയ ആ അമ്മയെ ഞാൻ ലോകത്ത് ഒരുപാടു തവണ ഒരുപാടു അമ്മമാരിലൂടെ കണ്ടിട്ടുണ്ട്.
attukal ponkala

ജാതിമതഭേദങ്ങൾക്കതീതമായി തന്റെ നെല്ലറയിൽ നിന്നും “ജീവനൂറ്റി” പാകം ചെയ്‌ത് മക്കൾക്ക് നല്ലത് വച്ചു വിളമ്പുന്ന ഓരോ അമ്മയിലും കാണാം ആ നിറവ്. മറയ്‌ക്കാത്ത സ്തനങ്ങൾ ചുരത്തുന്ന സ്നേഹ വാത്സല്യങ്ങളിൽ തെഴുത്ത് പുരുഷനായും ശക്തിയായും പരിണമിക്കുന്ന ലോകമെന്ന മഹോത്സവത്തിൽ അവൾ തന്നെ അഭയം. അതൊരു മതിൽകെട്ടിനുളളിൽ കുടിയിരിക്കുന്ന കുലദൈവമല്ല എന്ന തിരിച്ചറിവിൽ ഉളളുപിടയുന്ന ഒരു പ്രാർത്ഥനയുണ്ട്. ആയിരം കുഞ്ഞനിയത്തിമാർ വഴി നടക്കുമ്പോൾ ആ കണ്ണുകളിലെ ദീപം കെടാതെ സൂക്ഷിക്കും ആ ശക്തി. ഉത്സവമെന്ന ഉപഭോഗ ദിനത്തിൽ മാത്രം ഒതുങ്ങേണ്ടതല്ലാതെ ഒരു സംസ്കൃതിയുടെ ധർമ്മബോധമാണ് ആഘോഷിക്കേണ്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Features news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ