scorecardresearch
Latest News

ജീവിതം പോലെ സങ്കീര്‍ണ്ണമാണ് നൃത്തവും: അശ്വതി വി നായര്‍

അച്ഛൻ, അമ്മ, ജീവിത,നൃത്ത പങ്കാളി, നൃത്തം, എഴുത്ത്, വായന, പ്രേക്ഷകർ, പരീക്ഷണങ്ങൾ, ജീവിത്തെയും നൃത്തതെയും കുറിച്ച് പ്രശസ്ത നർത്തകിയും എം ടി വാസുദേവൻ നായരുടെയും കലാമണ്ഡലം സരസ്വതിയുടെയും മകളുമായ അശ്വതി സംസാരിക്കുന്നു . ജീവിതത്തിലെയും നൃത്തത്തിലെയും സങ്കീർണതകളെയും അനുഭവങ്ങളെയും കുറിച്ച് അശ്വതിയും സുനീഷ്. കെയുമായുള്ള ദീർഘ സംഭാഷണം

ജീവിതം പോലെ സങ്കീര്‍ണ്ണമാണ് നൃത്തവും: അശ്വതി വി നായര്‍

ജീവിതം പോലെയാണ് കലയും. കാലഭേദങ്ങളുടെ പരിണാമങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ഇന്നത്തെ ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകള്‍ കലയുടെയും ഭാഗമാകും. അത് കലയുടെ സാധ്യതകൂടിയാണ്. ഇന്നത്തെ നൃത്താവിഷ്‌കാരങ്ങളിലും ഈ സങ്കീര്‍ണ്ണതയുടെ അംശങ്ങള്‍ കാണാം. എഴുത്തിന്റെയും നൃത്തത്തിന്റെയും കൈപിടിച്ച്, ചുവട് വച്ച അശ്വതിക്ക് ജീവിതത്തിന്റെയും കലയുടെയും സങ്കീര്‍ണ്ണതകളെക്കുറിച്ച് വേറിട്ടൊരു കാഴ്ചപ്പാട് മുന്നോട്ട് വെക്കാൻ ആകുന്നുണ്ട്. എം.ടി.വാസുദേവന്‍ നായരുടെയും കലാമണ്ഡലം സരസ്വതിയുടെയും മകള്‍ എന്ന നിലയിൽ നിന്നും ശ്രദ്ധേയായ നർത്തകി എന്ന നിലയിൽ ഉയർന്ന് നിൽക്കുന്ന വ്യക്തിത്വമാണ് ഇന്ന് അശ്വതി വി നായര്‍.

പാരമ്പര്യത്തെ ആവിഷ്‌കാര സാധ്യതകളുടെ ഊര്‍ജ്ജമായി കാണുന്ന അശ്വതിക്ക് നൃത്തം ആത്മീയവിനിമയത്തിന്റെ മുദ്രാപഥം കൂടിയാണ്. ആംഗലേയകവിതകള്‍ക്ക് ഭാഷ്യമൊരുക്കുമ്പോഴും ആണ്ടാള്‍മൊഴികള്‍ക്ക് ഭാവഭംഗി പകരുമ്പോഴും അശ്വതി പാരമ്പര്യതനിമയെ മുറുകെപ്പിടിക്കുന്നു.

അമ്മയുടെയും അച്ഛന്റെയും സർഗാത്മകമായ തിരക്കുകളുടെ ഉച്ചസ്ഥായിയിലായിരുന്നു അശ്വതിയുടെ ബാല്യം. വായനയും പാട്ടുമായിരുന്നു അക്കാലത്തെ ലോകം. സംഗീതകാരിയാക്കണമെന്നായിരുന്നു അമ്മയുടെ മോഹമെങ്കിലും അശ്വതി എത്തിച്ചേര്‍ന്നത് അമ്മയുടെ വഴിയില്‍ തന്നെ. പാരമ്പര്യരീതിയില്‍ മോഹനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം എന്നിവയില്‍ അമ്മയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അശ്വതി പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യനും കോറിയോഗ്രാഫറുമായ ശ്രീകാന്തിന് കീഴില്‍ തുടര്‍പഠനം നടത്തി. പിന്നീട് ശ്രീകാന്തുമായി വിവാഹം. അരങ്ങിനൊപ്പം ജീവിതത്തിലും സഹനര്‍ത്തനത്തിന്റെ അപൂര്‍വലാവണ്യം.

നൃത്തം അശ്വതിക്ക് സമര്‍പ്പിതമായ ജീവിതം മാത്രമല്ല, ആത്മാന്വേഷണം കൂടിയാണ്. ഭാഷയ്ക്കും ഭാവത്തിനും അതീതമായ ആത്മസ്പര്‍ശത്തിന്റെ ലാവണ്യാനുഭൂതി നൃത്തവഴികളിലൂടെ സാക്ഷാത്ക്കരിക്കാനാവുമെന്ന് അശ്വതി പറയുന്നു. അരങ്ങിനെയും കാണിയെയും പുനര്‍നിര്‍വചിച്ച ഈ കോവിഡ്കാലത്ത് സാങ്കേതികതയുടെ പുതിയ അരങ്ങിനെക്കുറിച്ച് പറയുകയാണ് അശ്വതി, ഒപ്പം ഓര്‍മ്മകള്‍, പുസ്തകങ്ങള്‍, യാത്രകള്‍, നൃത്തം.

ഏകാന്തതയുടെ ബാല്യം, സംഗീതത്തിന്റെയും

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അച്ഛന്‍, നർത്തകിയും നൃത്താദ്ധ്യാപികയുമായ അമ്മ. രണ്ടുപേരുടെയും തിരക്കുകളുടെ കാലത്തായിരുന്നുവല്ലോ അശ്വതിയുടെ കുട്ടിക്കാലം. ഒരുപാട് വാത്സല്യം, സ്നേഹം ലഭിച്ചിരുന്നോ അതോ അവരുടെ തിരക്കുകൾക്കിടയിൽ തനിച്ചായിപ്പോയതായി തോന്നിയിരുന്നോ? ബാല്യത്തിന്റെ ഓര്‍മ്മകള്‍ എന്തൊക്കെയാണ്?

തനിച്ചായതില്‍ വിഷമം തോന്നിയത് കുറേ മുതിര്‍ന്ന ശേഷമാണ്. രണ്ടുപേരുടെയും തിരക്കുകള്‍ക്കിടയിലാണ് ഞാന്‍ വളര്‍ന്നത്. അമ്മാവന്മാര്‍, അമ്മയുടെ അനുജന്മാരായിരുന്നു എനിക്ക് കൂട്ട്. മറ്റു കുട്ടികളുടെ വീടുകളില്‍ കാണുന്ന കളിയും തമാശയും ചിരിയും ലാളനയും ഒന്നും കുട്ടിക്കാലത്ത് ഞാന്‍ അനുഭവിച്ചിട്ടില്ല എന്നതാണ് സത്യം. അന്നൊക്കെ ചെറിയ വിഷമം തോന്നിയത് സ്‌കൂളിലെ പരിപാടികള്‍ക്ക് വീട്ടില്‍ നിന്നും ആരും വരാത്തപ്പോഴാണ്. അന്നൊന്നും ഈ രണ്ടു പ്രതിഭകളുടെയും വലുപ്പം എനിക്ക് അറിയില്ലായിരുന്നു.

aswathy v nair, interview, iemalayalam
അച്ഛനൊപ്പം അശ്വതിയുടെ കുട്ടിക്കാല ചിത്രം

വിദ്യാലയകാലത്തെക്കുറിച്ച് പറയാമോ? ആദ്യകാല കൂടല്ലൂര്‍യാത്രകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി?

സ്‌കൂളില്‍ ഒരുപാടു കൂട്ടുകാരൊന്നും ഇല്ലായിരുന്നു. ഞാന്‍ പൊതുവെ ആരോടും അധികം സംസാരിക്കാറില്ല. വായന, സിനിമ, സംഗീതം ഒക്കെയായിരുന്നു താത്പര്യം. കൂടല്ലൂര്‍ക്ക് ഓണത്തിന് മുടങ്ങാതെ പോയിരുന്നു. ചിലപ്പോള്‍ വിഷുവിനും. ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകളാണ് അതെല്ലാം. പുഴയും കുന്നും വയലും വരമ്പും തൊടിയും ഒക്കെ വലിയ ഇഷ്ടമായിരുന്നു. വല്യച്ഛന്റെ വീട്ടിലാണ് ഒത്തുചേരല്‍. ഇന്നതൊക്കെ വെറും ഓര്‍മ്മ മാത്രം. എന്റെ മകന് കാണിച്ചുകൊടുക്കാന്‍ അതൊന്നും അവശേഷിക്കുന്നില്ലല്ലോ എന്ന സങ്കടം ബാക്കി.

മലയാളി ഏറെ ഇഷ്ടപ്പെടുന്ന, പ്രശസ്തനായ എഴുത്തുകാരന്റെ മകളാണ് താനെന്ന തിരിച്ചറിവ് എപ്പോഴായിരുന്നു? അത് സൃഷ്ടിച്ച അക്കാലത്തെ ആ അനുഭവപരിസരം കൂടി ഓര്‍ക്കാമോ?

തിരിച്ചറിവ് എന്നു പറയുമ്പോള്‍ സ്വാഭാവികമായും ചെറുപ്പം മുതല്‍ ഒരു വലിയ സാഹിത്യകാരനാണ്, എല്ലാവരും വളരെ ആദരിക്കുന്ന ഒരാളാണ് അച്ഛന്‍ എന്നൊരു തിരിച്ചറിവ് ഉണ്ടായിരുന്നു. വീട്ടില്‍ സാഹിത്യകാരന്മാരും സിനിമക്കാരുമൊക്കെ വരുന്ന പതിവുണ്ടായിരുന്നു.

അച്ഛന്‍ എഴുതിയത്, ആദ്യമായി സ്‌കൂളില്‍ പഠിക്കുന്നത് എട്ടാംക്ലാസിലാണ്. പിന്നീട് പത്തിലും. ‘കാഥികന്റെ പണിപ്പുരയില്‍’ നിന്നും ഒരു ഭാഗമായിരുന്നുവെന്നാണ് ഓര്‍മ്മ. പൊതുവെ എനിക്ക് വലിയൊരു സുഹൃദ്‌വലയമൊന്നുമില്ലായിരുന്നുവെന്ന് പറഞ്ഞല്ലോ. കുറച്ചൊരു അന്തര്‍മുഖത്വവുമുണ്ടായിരുന്നു. ആ സമയത്ത് ടീച്ചര്‍ ക്ലാസ്സെടുക്കുമ്പോള്‍, അച്ഛന്റെ പേരൊക്കെ പറയുമ്പോള്‍ എന്നെ നോക്കും. അപ്പോള്‍ കൂടെയുള്ള കുട്ടികളും. അപ്പോഴാണ് വല്ലാത്തൊരു, എന്താ പറയാ, അതിന് പ്രത്യേകിച്ചൊരു വാക്ക് കിട്ടുന്നില്ല.

കണ്‍വെന്‍ഷനല്‍ കുട്ടിക്കാലമായിരുന്നില്ല എന്റേത്

എഴുത്തുജീവിതം ആവശ്യപ്പെടുന്ന അധികസ്വകാര്യതയും അതുമായി ബന്ധപ്പെട്ട തിരക്കുകളുമുണ്ടല്ലോ. കുട്ടിക്കാലത്തോ പിന്നീടോ അച്ഛന്റെ അത്തരമൊരു ജീവിതം മൂലം അര്‍ഹമായ സ്നേഹം, ലാളന ഇവയൊന്നും കിട്ടാതെ പോയെന്ന് തോന്നിയിട്ടുണ്ടോ?

ഞാന്‍ പറഞ്ഞല്ലോ ഒരു കണ്‍വെന്‍ഷനല്‍ കുട്ടിക്കാലമായിരുന്നില്ല എന്റെത്. അച്ഛനും അമ്മയും തിരക്കുള്ള വ്യക്തികളായിരുന്നു. അച്ഛനായിരുന്നു കൂടുതല്‍ തിരക്ക്. അച്ഛനെ മാസങ്ങളോളം കാണാതിരുന്നിട്ടൊക്കെയുണ്ട്. മാസങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും ചിലപ്പോള്‍ വരിക.

ചെറുതായിരിക്കുമ്പോള്‍ എനിക്ക് അച്ഛനുമായി ഒരുപാട് സംസാരിക്കാനൊന്നുമുണ്ടാവില്ല. എന്തെങ്കിലും ചോദിച്ചാല്‍ അതിന് മറുപടി പറയും. ചിലപ്പോള്‍ ഒരു മൂളലായിരിക്കും. മറ്റുള്ള കുട്ടികളെ മടിയിലിരുത്തി ലാളിക്കുന്നതുപോലെയോ തമാശകള്‍ പറയുന്നതുപോലെയോ അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല. അച്ഛനുമായി വളരെ സ്വതന്ത്രമായി സംഭാഷണം തുടങ്ങുന്നതുതന്നെ ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ്. അതുവരെ അങ്ങനെ ഉള്ളുതുറന്നൊരു സംസാരമൊന്നുമുണ്ടായിട്ടില്ല. ചെറിയ കുട്ടിയായതുകൊണ്ടാകാം. വളരുമ്പോഴാണല്ലോ നമ്മോട് സംസാരിക്കാന്‍ പറ്റുന്ന വിഷയങ്ങളും കാര്യങ്ങളും അവര്‍ക്കും ഉണ്ടാകുന്നത്. പുസ്തകങ്ങളെ കുറിച്ചൊക്കെ അച്ഛന്‍ പറഞ്ഞുതരുമായിരുന്നു.

കുഞ്ഞുന്നാളിലേ അച്ഛന്റെ കൂടെ ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്രചെയ്യാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ അനുഭവമാണ്. ചെറിയ പ്രായത്തില്‍ തന്നെ ഇങ്ങനെ ഒരുപാട് സ്ഥലങ്ങളില്‍ പോകുവാന്‍ പറ്റിയിട്ടുണ്ട്. ഒരുവശത്ത് പലതും നഷ്ടപ്പെടുമ്പോള്‍ മറുവശത്ത് ഇങ്ങനെ ചില നേട്ടങ്ങളൊക്കെയുണ്ട്. അത് ചിലപ്പോള്‍ ആ സമയത്ത് നമുക്ക് മനസ്സിലാക്കാന്‍ പറ്റിയെന്ന് വരില്ല. മുതിര്‍ന്നതിനുശേഷം ആലോചിക്കുമ്പോഴാണ് തിരിച്ചറിയുക.

aswathy v nair, interview, iemalayalam
അമ്മയ്ക്കൊപ്പം അശ്വതി എം ടിയെടുത്ത ഫൊട്ടോ

അമ്മയ്‌ക്കെപ്പോഴും ശിഷ്യരാണ് ആദ്യം

അമ്മയും തിരക്കുകളുടെ ലോകത്തായിരുന്നു. പ്രശസ്തയായൊരു കലാകാരിയും അദ്ധ്യാപികയും. വേണ്ടവിധത്തില്‍ അമ്മയെയും കിട്ടാതെ പോയെന്ന് തോന്നിയിട്ടുണ്ടോ? അമ്മയുടെ ക്ലാസുകള്‍, ശിഷ്യര്‍, അവതരണങ്ങള്‍ തുടങ്ങിയ ആദ്യകാല ഓര്‍മ്മകള്‍… എന്തായിരുന്നു അമ്മയില്‍ നിന്നും ലഭിച്ച പ്രധാന പാഠം?

അമ്മ വളരെ തിരക്കുള്ള ആര്‍ട്ടിസ്റ്റായിരുന്നു. അമ്മ വിദേശത്ത് അങ്ങനെ പോയിട്ടില്ലെങ്കിലും ഇന്ത്യയിലങ്ങോളമിങ്ങോളം യാത്ര ചെയ്തിട്ടുണ്ട്. അന്ന് കോഴിക്കോട് നിന്ന് കല്‍ക്കത്തയില്‍ പോകുകയെന്ന് പറഞ്ഞാല്‍ ട്രെയിനില്‍ തന്നെ നാല് ദിവസം വേണം. അമ്മ ഒരുപാട് പെര്‍ഫോം ചെയ്തിരുന്ന സമയമായിരുന്നു അത്. ഞാനന്ന് നൃത്തം അത്ര ഗൗരവമായിട്ടെടുത്തിട്ടില്ല. പഠിക്കും അത്രതന്നെ. അമ്മ ഭയങ്കര കണിശക്കാരിയാണ്. പെട്ടെന്ന് ദേഷ്യം വരും. ചിലപ്പോള്‍ പഠനത്തിനിടിൽ കര്‍ക്കശമായി എന്നെ ശിക്ഷിച്ച അനുഭവങ്ങളുണ്ടായിട്ടുണ്ട്. അമ്മയും മകളും തമ്മിലുള്ള സമവാക്യം പലപ്പോഴും പ്രശ്‌നമാണ്. ഞാന്‍ പിണങ്ങി മാറിനില്‍ക്കും, ക്ലാസില്‍ പോകില്ല. ഇടയ്ക്ക് പോകും. അങ്ങനെയായിരുന്നു. വളരെ ഗൗരവമായിട്ടൊന്നുമല്ല അന്ന് ഞാന്‍ ഡാന്‍സ് പഠിച്ചുകൊണ്ടിരുന്നത്. അന്ന് ഇഷ്ടം പാട്ടായിരുന്നു. ആറേഴുവയസ്സ് മുതല്‍ പാട്ടു പഠിച്ചിട്ടുണ്ട്. പതിനെട്ടുകൊല്ലത്തോളം പഠിച്ചു.

അമ്മയുടെ കൂടെ പരിപാടികള്‍ കാണാന്‍ പോകാറുണ്ട്. മുന്നിലിരുന്നാണ് കാണുക. ചിലപ്പോള്‍ സൈഡിലിരുന്ന്. അമ്മ ചെയ്യുന്ന ഐറ്റംസ് ഏതൊക്കെയാണ്, അമ്മയുടെ ഏറ്റവും നല്ല പെര്‍ഫോമന്‍സസ് ഏതൊക്കെയാണ്, അമ്മയ്ക്ക് ഇഷ്ടപ്പെട്ടതേതൊക്കെയാണ്, അമ്മയുടെ ശിഷ്യരായ കുട്ടികള്‍ ഏറ്റവും ഭംഗിയായി ചെയ്യുന്നതേതൊക്കെയാണ് അങ്ങനെ എല്ലാം അറിയാമായിരുന്നു. പക്ഷേ, ഞാനതിലേക്ക് മനസ്സറിഞ്ഞ് ചെന്ന് അങ്ങനെ ഇന്‍വോള്‍വായിട്ടൊന്നുമില്ല. ചിലപ്പോള്‍ നൃത്തം ചെയ്യും. അല്ലെങ്കില്‍ മാറിനില്‍ക്കും അങ്ങനെയായിരുന്നു അന്നൊക്കെ.

സ്‌കൂളില്‍ മത്സരങ്ങളൊക്കെ വരുമല്ലോ. അതിലൊന്നും എന്നെ പങ്കെടുപ്പിക്കാറില്ല. മറ്റുള്ള ശിഷ്യരെയാണ് അമ്മ പങ്കെടുപ്പിക്കുക. സ്‌കൂളില്‍ നിന്നൊക്കെ നിര്‍ബന്ധിക്കാറുണ്ട്. അപ്പോള്‍ അമ്മ പറയും വേണ്ട, അവള്‍ കളിക്കണ്ട. അന്ന് ചില വിഷമങ്ങളൊക്കെ തോന്നിയിട്ടുണ്ടാവാം. അമ്മയ്‌ക്കെപ്പോഴും അമ്മയുടെ ശിഷ്യരാണ് ആദ്യം. അതിനുശേഷമേ ഉള്ളൂ ആരും. അമ്മ നല്ലൊരു ടീച്ചറാണ്. വളരെ നന്നായി, ആത്മാര്‍ത്ഥമായി പഠിപ്പിക്കുന്ന ടീച്ചര്‍.

ശരിക്കും പറഞ്ഞാല്‍ പത്താംക്ലാസ് കഴിഞ്ഞതിനുശേഷമാണ് ഞാന്‍ ഡാന്‍സ് സീരിയസായി പഠിക്കാന്‍ തുടങ്ങുന്നത്. ചെയ്യാന്‍ പറ്റുമെന്ന കോണ്‍ഫിഡന്‍സ് വന്നപ്പോള്‍, ചെയ്യുന്നത് ആളുകള്‍ക്ക് ഇഷ്ടമാവുന്നുണ്ടെന്ന ഒരു തിരിച്ചറിവ് വന്നതില്‍പിന്നെയാണ് ഞാന്‍ നൃത്തത്തിലേക്ക് ശ്രദ്ധകൊടുക്കുവാന്‍ തുടങ്ങിയത്. അതുവരെ ഗൗരവമായിട്ടെടുത്തിട്ടേയില്ല എന്നു പറയാം.

അമ്മയില്‍ നിന്നും പഠിച്ച പ്രധാനപ്പെട്ടൊരു കാര്യം അച്ചടക്കമാണ്. നൂറുശതമാനം സമര്‍പ്പണത്തോടെ മാത്രമേ ചെയ്യാവൂ എന്നുള്ളത് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. ഒരു പെര്‍ഫോമന്‍സ് കണ്ടാല്‍ അമ്മ ആദ്യമതിന്റെ കുറവുകളാണ് ചൂണ്ടിക്കാണിച്ചു തരിക. അതിനുശേഷമേ അതിന്റെ നല്ല വശങ്ങള്‍ പറയുകയുള്ളൂ. ഈ രണ്ട് കാര്യങ്ങളും എനിക്ക് വളരെ ഉപകാരപ്പെട്ടിട്ടുണ്ട്.

aswathy v nair, interview, iemalayalam
അമ്മയോടൊപ്പം ഫോട്ടോ: അജീബ് കൊമാച്ചി

പാടാറുണ്ട്, പക്ഷേ കച്ചേരിക്ക് മോഹമില്ല

പതിനെട്ടുവര്‍ഷത്തോളം പാട്ട് പഠിച്ച ഒരാള്‍ എന്തു കൊണ്ടാണ് പിന്നെ തുടരാതിരുന്നത്?

അമ്മയ്ക്ക് ഞാന്‍ പാട്ടുകാരിയാവണം എന്നായിരുന്നു മോഹം. മുത്തശ്ശിയും ഇളയമ്മയും നന്നായി പാടും. ഇഷ്ടം കൊണ്ടാണ് പാട്ട് പഠിച്ചത്. നൃത്തത്തിന് അത് ഗുണമായി. നൃത്തം പഠിപ്പിക്കുവാന്‍ പാടിയല്ലേ മതിയാവൂ. നോളജ് ഓഫ് മൂസിക് ഹെല്‍പ്‌സ് എലോട്ട് ഇന്‍ കോറിയോഗ്രാഫി ആൻഡ് പ്രൊഡക്ഷന്‍. ഇപ്പോഴും പാടാറുണ്ട്, പക്ഷെ കച്ചേരി ചെയ്യാന്‍ ഒട്ടും മോഹമില്ല.

അച്ഛന്റെ നോവലുകള്‍, കഥകള്‍ എല്ലാം വായിക്കാന്‍ തുടങ്ങുന്നത് എപ്പോഴാണ്? ഗൗരവപൂര്‍ണ്ണമായ അവയുടെ വായനയും അതിന്റെ അനുഭവവും. എല്ലാ കൃതികളും ഇഷ്ടമായിരിക്കുമെങ്കിലും കൂടുതല്‍ എടുത്തുപറയാനാഗ്രഹിക്കുന്ന കഥകളും നോവലുകളും സൂചിപ്പിക്കാമോ?

അച്ഛന്റെ കൃതികള്‍ കോണ്‍ഷ്യസ്സായി വായിക്കുവാന്‍ തുടങ്ങുന്നത് എട്ടാംക്ലാസ്സില്‍ വെച്ച് പാഠഭാഗങ്ങള്‍ പഠിച്ചതിനു ശേഷമാണ്. വീട്ടില്‍ ഇന്നതേ വായിക്കാവൂ എന്നൊന്നുമില്ലായിരുന്നു. ഇഷ്ടമുള്ളത് വായിക്കുക എന്നതായിരുന്നു രീതി. അച്ഛന്‍ യാത്ര കഴിഞ്ഞ് വരുമ്പോള്‍ കുറെ പുസ്തകങ്ങള്‍ കൊണ്ടുവരും. രണ്ടുമൂന്ന് സ്ഥലങ്ങളുണ്ട്, അവിടെ പോയാല്‍ തിരിച്ചുവരുമ്പോ ള്‍ പുസ്തകങ്ങളുണ്ടാവുമെന്ന് അറിയാം.

കഥകളോടാണ് പ്രത്യേക ഇഷ്ടം

അച്ഛന്റെ കൃതികളില്‍ ആദ്യം വായിക്കുന്നത് ‘നാലുകെട്ട്’ ആണ്. പിന്നെ ചെറുകഥകള്‍ വായിക്കുവാന്‍ തുടങ്ങി. വീണ്ടും നോവലിലേക്ക് തിരിച്ചുവന്നു. അങ്ങനെ കൃത്യമായി നിശ്ചയിച്ച വായനയൊന്നുമായിരുന്നില്ല അത്. എനിക്കെന്താണോ തോന്നുന്നത് അതെടുത്ത് വായിക്കുകയായിരുന്നു. കുറച്ചുകൂടി മുതിര്‍ന്നതിനുശേഷം കോളേജില്‍ പഠിക്കുന്ന കാലത്താണ് ‘രണ്ടാമൂഴം’ വായിക്കുന്നത്. ഒരു തവണ വായിച്ചു. അതൊരു റെവലേഷനായിരുന്നു. ചില ഭാഗങ്ങളൊന്നും മനസ്സിലായില്ല. വീണ്ടും വായിച്ചു. ആദ്യത്തെ വായന കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുശേഷമാണ് രണ്ടാമത്തെ വായന നടക്കുന്നത്. അപ്പോഴേക്കും ഡാന്‍സിലൊക്കെ കൂടുതല്‍ ശ്രദ്ധിച്ചുടങ്ങിയിരുന്നു. രണ്ടാമത്തെ വായനയില്‍ എല്ലാം തെളിഞ്ഞുവന്നു.

ഏറ്റവും ഇഷ്ടപ്പെട്ട കൃതി ഏതാണെന്ന് പറയുവാന്‍ ബുദ്ധിമുട്ടാണ്. തീര്‍ച്ചയായും ‘രണ്ടാമൂഴം’ പറയാതിരിക്കാന്‍ വയ്യ. ചെറുകഥകളോടാണ് കൂടുതല്‍ ഇഷ്ടം. അതിന്റെ സ്ട്രക്ച്ചറും ചെറിയ സമയം കൊണ്ട് മനസ്സിനെ തൊട്ടുപോകുന്ന രീതിയിലുള്ള ആഖ്യാനവും. പ്രത്യേകം ഒരെണ്ണം എടുത്ത് പറയുക ബുദ്ധിമുട്ടാണ്. ‘കാഴ്ച,’ ‘കല്പാന്തം,’ ‘ഷെര്‍ലെക്ക്,’ ‘ഒടിയന്‍,’ ‘കര്‍ക്കിടകം,’ ‘ഒരു പിറന്നാളിന്റെ ഓര്‍മ്മ’ എന്നിവയൊക്കെ എടുത്തുപറയേണ്ടതുണ്ട്. ചില കഥകള്‍ എഴുതിയ സാഹചര്യങ്ങളൊക്കെ അച്ഛന്‍ പിന്നീട് പറഞ്ഞുതന്നിട്ടുണ്ട്. അതൊക്കെ വെച്ച് ആ കഥകളിലേക്ക് തിരിച്ചുപോയി വീണ്ടുമൊരു വായന നടത്തുമ്പോള്‍ ആ കാരക്ടറും അച്ഛന്‍ പറഞ്ഞ ആ വ്യക്തിയുമായുള്ള ബന്ധമൊക്കെ കണക്ട്‌ചെയ്യാന്‍ പറ്റും. ‘ഇരുട്ടിന്റെ ആത്മാവ്’ വളരെ ഇഷ്ടമാണ്. ‘കാലം,’ ‘മഞ്ഞ്’ എന്നിവയൊക്കെയാണ് എഴുത്തിന്റെ ഭാഗം എടുത്താല്‍ ഞാന്‍ ആദ്യം പറയുക.

aswathy v nair, interview, iemalayalam
അച്ഛനും അമ്മയ്ക്കും മകനും ഒപ്പം ഫൊട്ടോ കടപ്പാട്: പി മുസ്തഫ

ആദ്യമായി കണ്ട അച്ഛന്റെ സിനിമ ഏതായിരുന്നു? അച്ഛന്‍ എഴുതിയ സിനിമകളില്‍ എടുത്തുപറയാനാഗ്രഹിക്കുന്നവ ഏതൊക്കെയാണ്?

ആദ്യമായി തീയറ്ററില്‍ പോയി അച്ഛന്റെ സിനിമ കണ്ടത് ഏതാണെന്ന് ഓര്‍മ്മയില്ല. ‘ആരൂഢം,’ ‘അനുബന്ധം,’ ‘അക്ഷരങ്ങള്‍,’ ‘അടിയൊഴുക്കുകള്‍’ ഇതൊക്കെ കണ്ടത് ഓര്‍മ്മയുണ്ട്. ആദ്യകാലത്ത് കണ്ട സിനിമകള്‍ ഓര്‍മ്മയില്‍ ഇതൊക്കെയാണ്. അന്നൊക്കെ വിഎച്ച്എസ് കിട്ടുമല്ലോ. ‘മുറപ്പെണ്ണ്,’ ‘ഓളവും തീരവും’ ഇതൊക്കെ വീട്ടിലിട്ടാണ് കണ്ടിട്ടുള്ളത്. കുറെ നാള്‍ കഴിഞ്ഞ് ഏഷ്യാനെറ്റില്‍ വന്നപ്പോഴാണ് ‘നിര്‍മ്മാല്യം’ കാണുന്നത്.

ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍ പറയുവാന്‍ ബുദ്ധിമുട്ടാണ്. ‘നിര്‍മ്മാല്യം,’ ‘സദയം,’ ‘വടക്കന്‍ വീരഗാഥ,’ ‘താഴ്‌വാരം’ ഇതൊക്കെ റഫറന്‍സ്ബുക്കുപോലെ പഠിക്കേണ്ട സിനിമകളാണെന്ന് തോന്നിയിട്ടുണ്ട്. ‘ബന്ധനം,’ ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍,’ ‘തൃഷ്ണ’ എന്നിങ്ങനെ അച്ഛനെഴുതിയ പഴയ ചില സിനിമകളുണ്ട്. ‘തൃഷ്ണ’യൊക്കെ ഒരുപക്ഷെ അന്നത്തെ വളരെ ഫോര്‍വേര്‍ഡ് ലുക്കിങ്ങായിട്ടുള്ള സിനിമയാണ്. ഒരു വിഷനറിക്ക് മാത്രമേ അങ്ങനെ എഴുതാന്‍ പറ്റുകയുള്ളു. ‘ഉയരങ്ങളില്‍’ എന്ന സിനിമയ്ക്ക് അന്നും ഇന്നും വളരെ പ്രസക്തിയുണ്ട്. ‘പഞ്ചാഗ്നി’ ഒക്കെ എന്നും മനസ്സില്‍ നില്‍ക്കുന്ന സിനിമയാണ്.

കാലഘട്ടത്തിന്റെ പവര്‍ഫുള്‍ സ്റ്റേറ്റ്‌മെന്റ്

വേണ്ടത്ര പരിഗണനയോ ശ്രദ്ധയോ കിട്ടാതെ പോയ ശക്തമായ ചില കഥാപാത്രങ്ങള്‍ പല എംടി സിനിമകളിലും ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. ഇക്കാലത്തു പോലും ആവിഷ്‌ക്കരിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ശക്തമായ സ്ത്രീകഥപാത്രങ്ങള്‍. എന്താണ് അഭിപ്രായം?

അച്ഛന്റെ കഥകളിലായാലും സിനിമകളിലായാലും സ്ത്രീകഥാപാത്രങ്ങള്‍ വളരെ ശക്തമായിട്ടുള്ള കഥാപാത്രങ്ങളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്ത്രീയുടെ ആന്തരീകമായ ശക്തി, അവളുടെ മനസ്സിന്റെ ശക്തി, അവളുടെ ധൈര്യം, മനസ്സാന്നിധ്യം ഇതൊക്കെ മികച്ച രീതിയില്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. ആ കാലഘട്ടത്തില്‍ ഇതൊക്കെ അത്രയും ശക്തമായി ചിത്രീകരിച്ചുവെന്നത് വലിയൊരു കാര്യമാണ്.

ചെറുകഥകളെടുത്ത് നോക്കിയാല്‍ തന്നെ പല കഥകളിലും ഇത് കാണാം. ‘കാഴ്ച’ എന്ന കഥ ആ കാലഘട്ടത്തിന്റെ ഒരു സ്റ്റേറ്റ്‌മെന്റാണ്. അന്നത്തെ കാലഘട്ടത്തില്‍ വിവാഹബന്ധം വേര്‍പെടുത്തുക എന്നത് ഒരു സ്റ്റിഗ്മയായിരുന്നു. അതിനെ പൊളിച്ചെഴുതുകയാണ് ഒരു സ്ത്രീയെക്കൊണ്ടുതന്നെ. പഴയ മാട്രിയാര്‍ക്കല്‍ സിസ്റ്റത്തിന്റെ ശേഷിപ്പാണ് ആ കഥയിലെ വലിയമ്മ. അവരെക്കൊണ്ടുതന്നെ മോഡേണായ കാലഘട്ടത്തിലെ ഒരു കുട്ടിയുടെ മനസ്സിലുണ്ടാകുന്ന സംശയത്തെ നീക്കുകയാണ്. ഇറ്റീസ് എ വെരി പവര്‍ഫുള്‍ സ്റ്റേറ്റ്‌മെന്റ്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ എന്നെ വളരെ ആകര്‍ഷിച്ചിട്ടുണ്ട്. ‘പഞ്ചാഗ്നി’യിലെ ഇന്ദിര എന്ന കഥാപാത്രം, ‘പരിണയ’ത്തിലെ താത്രി, അങ്ങനെയുള്ളവരൊക്കെ നമുക്ക് ചുറ്റുമുണ്ട്. ചിലപ്പോള്‍ കാണാത്തതായിരിക്കാം. ഒരു എഴുത്തുകാരന്‍ അത്തരം വിഷയങ്ങളെടുത്ത് കഥാപാത്രമായി സൃഷ്ടിച്ചുവെയ്ക്കുമ്പോഴാണ് ഇങ്ങനെ ചിലതുണ്ടെന്ന് നമ്മള്‍ തിരിച്ചറിയുന്നത്.

aswathy v nair, interview, iemalayalam
അശ്വതി വേദിയിൽ

പാരമ്പര്യത്തിന്റെ വഴി

അമ്മ കലാമണ്ഡലത്തിലാണ് പഠിച്ചത്. അങ്ങനെ വരുമ്പോള്‍ കലാമണ്ഡലത്തിന്റെ ഒരു പാരമ്പര്യത്തില്‍ നിന്നുമാണ് അശ്വതിയുടെയും തുടക്കമെന്ന് പറയാം. പിന്നീട് ചെന്നൈയില്‍. നൃത്തവഴിയിലെ രണ്ട് ധാരകളുടെ അപൂര്‍വമായൊരു സമന്വയം അശ്വതിയുടെ നൃത്തജീവിതത്തിലുണ്ടെന്ന് പറഞ്ഞാല്‍?

കലാമണ്ഡലത്തിന്റെ പാരമ്പര്യമെന്ന് പറയാന്‍ പറ്റുമോയെന്ന് അറിയില്ല. അമ്മ കലാമണ്ഡലത്തില്‍ പഠിച്ചുവന്ന ആളുതന്നെയാണ്. പക്ഷെ, അമ്മ പിന്നീട് പുറത്തൊക്കെ പോയി കുറെ പഠിക്കുകയുണ്ടായി. ചെന്നൈയിലൊക്കെ പോയി ഒരുപാട് പഠിച്ചിട്ടുണ്ട്. അമ്മയുടെ ശൈലിയില്‍ തന്നെ അങ്ങനെ ഒരു മാറ്റം വന്നിട്ടുണ്ടെന്ന് പറയാം. ആ ശൈലിയിലാണ് എന്റെ തുടക്കമെന്നത് ശരിയാണ്. അതിനുശേഷം ഞാനും ചെന്നൈയില്‍ പോയി പഠിക്കുവാന്‍ തുടങ്ങി. ഇതിനെ രണ്ട് ധാരകള്‍ എന്നോ വ്യത്യസ്തമായ ശൈലികളെന്നോ പറയാന്‍ പറ്റുമോ എന്നറിഞ്ഞുകൂടാ.

അമ്മയുടെ അടുത്തുനിന്ന് പഠിച്ച അടിസ്ഥാനം തന്നെയാണ് ഞാനിന്നും ചെയ്യുന്നത്. എവിടെ പോയി പഠിച്ചാലും, അതില്‍ വലിയ മാറ്റങ്ങളൊന്നും ഞാന്‍ വരുത്തിയിട്ടില്ല. ഏത് ഗുരുവില്‍ നിന്നു പഠിച്ചാലും അടിസ്ഥാനമാണ് പ്രധാനം. അടിസ്ഥാനം നന്നെങ്കില്‍ അതില്‍ വലിയ മാറ്റമൊന്നും വരുത്തേണ്ട ആവശ്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ശൈലിയില്‍ ഒരു മാറ്റം വരുത്തേണ്ട അവസരം ഉണ്ടായില്ല എന്നതാണ് സത്യം. പക്ഷെ, രണ്ടിന്റെയും കൂടിയൊരു അമാല്‍മഗമേഷനാണോ എന്ന് ചോദിച്ചാല്‍ അറിയില്ല.

ഒരു ശൈലി പഠിക്കുമ്പോള്‍ കുറെ വര്‍ഷം പരിശീലിച്ച് നമ്മുടെ ശരീരത്തിലത് വരുത്തിക്കഴിയുമ്പോള്‍, ക്രമേണ അതിന്റെ സൂക്ഷ്മവശങ്ങള്‍ മനസ്സിലാക്കിക്കഴി യുമ്പോള്‍, അത് നമ്മുടെതായ ഒരു ശരീരഭാഷയായി മാറും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് ഓരോ ഡാന്‍സര്‍ക്കും വ്യത്യസ്തമാകാം. നമ്മുടെതായൊരു കംഫര്‍ട്ട്‌ സോണ്‍ നമ്മളതില്‍ കണ്ടെത്തും. സ്വതന്ത്രമായ ആ മേഖല യില്‍ നിന്നുകൊണ്ട് എത്രത്തോളം വിഹരിക്കുവാന്‍ പറ്റുമോ അതിന്റെ അതിര്‍വരമ്പുകളൊക്കെ ഭേദിച്ചുകൊണ്ട്, എന്നാല്‍ അടിസ്ഥാനം വിടാതെ, പക്ഷെ, പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുമ്പോള്‍ അതിന്റെ പരിമിതികളൊക്കെ മറികടക്കാൻ പറ്റുമോ എന്നൊക്കെ ശ്രമിക്കും. പഠിച്ചുവന്ന വഴിതന്നെയാണ് ഞാന്‍ ഇന്നും തുടരുന്നത്. ചെന്നൈയില്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ശതമാനമൊക്കെ എന്റെ ശൈലിയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് പറയാം. ബാക്കി തൊണ്ണൂറ്റൊമ്പത് ശതമാനവും ഇവിടെ പഠിച്ചുവന്ന അതേ ശൈലിതന്നെയാണ്. നമ്മുടെതായൊരു ശൈലി നമുക്ക് കുറെ കഴിയുമ്പോള്‍ രൂപപ്പെട്ടുവരും. നമ്മുടെ ശരീരം, മനസ്സ് എല്ലാം അതിലേക്ക് പാകപ്പെടും.

അര്‍ദ്ധനാരീശ്വരത്വത്തിലേക്കുള്ള ചുവടുകള്‍

അതിപ്രശസ്തനായൊരു നര്‍ത്തകന്‍ ജീവിതസഖാവായി വരുമ്പോള്‍, അര്‍ദ്ധനാരീശ്വരം എന്നൊരു ഭാവത്തിന്റെ കൂടി പൂര്‍ണ്ണതയാണ് കൈവരുന്നത്. അരങ്ങിലും അല്ലാതെയും ആ പൂര്‍ണ്ണത നല്‍കുന്ന അനുഭവതലങ്ങളെ കുറിച്ച്...

ഞങ്ങളൊരുമിച്ചുള്ള വേദിയെ പലരും അര്‍ദ്ധനാരീശ്വരം എന്നൊക്കെ പറയാറുണ്ട്. ആ ഒരു തലത്തിലേക്കെത്താന്‍ ഒരുപാട് സമയമെടുത്തിരുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അത് എളുപ്പമായിരുന്നില്ല. കാരണം, ഞങ്ങള്‍ രണ്ടുപേരും വളരെ സ്‌ട്രോങ്ങ് സോളോയിസ്റ്റുകളാണ്. ഒറ്റയ്ക്ക് നൃത്തം ചെയ്യുന്ന രണ്ട് വ്യക്തികളാണ് ഞങ്ങള്‍ തുടക്കത്തില്‍.

കുറച്ചുനാള്‍ ഞാന്‍ ശ്രീകാന്തിന്റെ അടുത്ത് നൃത്തം പഠിച്ചിരുന്നു. ഡിഗ്രി കഴിഞ്ഞ സമയത്ത് പുറത്തുപോയി രണ്ടുമൂന്നാളുകളുടെ അടുക്കല്‍ പഠിക്കാന്‍ ശ്രമിച്ചു. അതൊന്നും ശരിയായില്ല. ഒന്നാമത്, ഞാന്‍ പഠിച്ച ശൈലി മുഴുവന്‍ മാറ്റിപ്പഠിക്കുക എന്നുപറയുമ്പോള്‍ ഒരു ഇരുപത് വയസ്സാകുമ്പോഴേക്കും നമ്മുടെ ശരീരം ഏകദേശം പാകപ്പെട്ടുകഴിഞ്ഞതാണല്ലോ. പഠിച്ചത് മാറ്റിപ്പഠിക്കുകയെന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ ശൈലിയൊന്നും അധികം മാറ്റാത്ത ഒരാളെ കണ്ടെത്തുകയെന്നതായിരുന്നു ആവശ്യം. അങ്ങനെയിരിക്കെ ശ്രീകാന്തിനെക്കുറിച്ച് ആരോ പറഞ്ഞറിഞ്ഞ് അമ്മ അന്വേഷിച്ചു. അദ്ദേഹം പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യനാണ്. ഭാഗവതമേള ആര്‍ട്ടിസ്റ്റാണ്. തുടക്കം പന്തനല്ലൂര്‍ ശൈലിയിലാണ്. അമ്മ പഠിച്ചതും പത്മാസുബ്രഹ്മണ്യത്തിന്റെ ശൈലി. എല്ലാം കൊണ്ടും വലിയ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് തോന്നി. അദ്ദേഹം വന്നു. പഠിപ്പിക്കുവാന്‍ തുടങ്ങി. കഷ്ടി മൂന്ന് വര്‍ഷത്തോളം പഠിച്ചു. നാലാമത്തെ വര്‍ഷമായപ്പോഴാണ് ഞങ്ങളുടെ വിവാഹം.

ശ്രീകാന്തും അശ്വതിയും

വിവാഹം ഒട്ടും പ്രതീക്ഷിച്ചതല്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. രണ്ടുകൂട്ടര്‍ക്കും വിവാഹാലോചനകള്‍ നടക്കുന്ന സമയം. വിവാഹത്തിനായി വീട്ടില്‍ നിന്നും എനിക്ക് ഒരുപാട് സമ്മര്‍ദ്ദമുണ്ടായിരുന്നു. അപ്പോഴേക്കും അറിഞ്ഞോ അറിയാതെയോ ഡാന്‍സിലേക്ക് വളരെ സീരിയസ്സായി ഇറങ്ങുകയും ചെയ്തു. ചെറിയ അംഗീകാരങ്ങളൊക്കെ കിട്ടിത്തുടങ്ങുന്ന സമയം. അവരുടെ വീട്ടിലും ആലോചനകള്‍ നടക്കുന്നുണ്ട്. പക്ഷെ ഒന്നും ശരിയാവുന്നില്ല. ഞങ്ങളൊരുമിച്ച് പെര്‍ഫോം ചെയ്തു തുടങ്ങിയിരുന്നു. രണ്ടുവര്‍ഷത്തോളം പഠിച്ചപ്പോഴേക്കും എന്നെ പല പരിപാടികളിലും ഒപ്പം പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ഭയങ്കര ചലഞ്ചിങ്ങാണ് കൂടെ കളിക്കാന്‍. ഞാനും അത്രയും കാലം ഒറ്റയ്ക്ക് കളിച്ചേ ശീലിച്ചിട്ടുള്ളൂ. വേറൊരാളുടെ കൂടെ കളിക്കുകയെന്ന് പറയുമ്പോള്‍ സാങ്കേതികമായും ക്രിയാത്മകമായും അതിനൊരുപാട് തയ്യാറെടുപ്പുകള്‍ വേണം. അതിലുപരി മാനസികമായി പാകപ്പെടേണ്ടതുണ്ട്. വളരെ ബുദ്ധിമുട്ടായിരുന്നു തുടക്കത്തില്‍. എന്നേക്കാള്‍ എത്രയോ ഉയരത്തില്‍ നില്‍ക്കുന്ന ആര്‍ട്ടിസ്റ്റാണ് ശ്രീകാന്ത്. ആ ഒരു നിലയിലേക്കെത്താന്‍ എനിക്ക് ഒരുപാട് സ്ട്രഗിള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്.

ഞങ്ങള്‍ കളിക്കുമ്പോള്‍ കുറെ പേര്‍ പറഞ്ഞിട്ടുണ്ട് പാര്‍വതീപരമേശ്വരന്മാരെപ്പോലെയെന്ന്. അപ്പോള്‍ ഞങ്ങളും ആലോചിച്ചു. പുറത്ത് നിന്നുള്ള ഒരാളെ വിവാഹം കഴിക്കുന്നതിലും നല്ലത് ഇതല്ലേയെന്ന്. കേരളത്തിലെ ഒരു പ്രശ്‌നം എന്താണെന്നു വെച്ചാല്‍, ഇന്ന് സ്ഥിതി കുറെ ഭേദപ്പെട്ടുവെന്ന് തോന്നുന്നു, എന്റെയൊക്കെ ചെറുപ്പത്തില്‍ ഒരു വിവാഹാലോചന വന്നാല്‍ ആദ്യം പറയുക ഡാന്‍സ് പഠിക്കാനും പഠിപ്പിക്കാനും ഒരു വിരോധവുമില്ലെന്നാണ്. പക്ഷെ ആരും പെര്‍ഫോമന്‍സ് ഒരു കരിയര്‍ ആയോ പ്രൊഫഷനായോ അംഗീകരി ക്കാന്‍ തയ്യാറായിരുന്നില്ല. റിസര്‍ച്ച് ചെയ്യാം, പഠിപ്പിക്കാം. എന്നാല്‍ ആര്‍ക്കും വേദിയില്‍ കയറി ഒരു നര്‍ത്തകിയായി പേരെടുക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. അങ്ങനെയൊരന്തരീക്ഷത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. അങ്ങനെയിരിക്കുമ്പോള്‍ വെറുതെ ഒരു തമാശരൂപേണ ഞങ്ങളാലോചിച്ചതാണ്. അങ്ങനെ തീരുമാനത്തിലെത്തിയതാണ്. അല്ലാതെ പ്രേമിച്ച് നടന്നിട്ടൊന്നുമില്ല.

ഗുരുക്കന്മാരായ ധനഞ്ജയന്‍-ശാന്ത ദമ്പതികളുടെ അടുത്ത് വിവാഹം ക്ഷണിക്കുവാന്‍ പോയപ്പോള്‍, നിങ്ങളിങ്ങനെ ഒരു തീരുമാനമെടുത്തില്ലായിരുന്നെങ്കില്‍ ഞങ്ങളിത് സരസ്വതിയോട് പറയുവാനിരിക്കുകയായിരുന്നുവെന്ന് അവര്‍ പറയുകയുണ്ടായി.

പിന്നെയും ഒരു ഏഴെട്ടുവര്‍ഷമെടുത്തു ഞാന്‍ സ്റ്റേജില്‍ ശ്രീകാന്തിന്റെ കൂടെ കംഫര്‍ട്ടബിളാവാന്‍. അദ്ദേഹത്തിനുമതെ. അദ്ദേഹം വളരെ സ്‌ട്രോങ്ങ് സോളോയിസ്റ്റാണെന്ന് പറഞ്ഞല്ലോ. ഭാഗവതമേളയിലായാലും ഡ്രാമയാണെങ്കിലും തീയറ്റര്‍ ആര്‍ട്ട് ഫോമിലാണെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്നത് വളരെ സ്‌ട്രോങ്ങായിട്ടുള്ള സോളോ ഫെമിനൈന്‍ റോള്‍സാണ്. അതിന്റെയൊരു ഇന്‍ഫ്‌ളുവന്‍സ് ഉണ്ടാവുമല്ലോ. കൂടാതെ അദ്ദേഹം സ്റ്റേജിലൊക്കെ മനോധര്‍മ്മം ഒരുപാട് ചെയ്യുന്നയാളാണ്. ആ ഒരു നിലയിലേക്ക് ഞാനൊട്ട് വളര്‍ന്നിട്ടുമില്ല. അപ്പോള്‍ അദ്ദേഹം അതൊക്കെ കണ്‍ട്രോള്‍ ചെയ്യണം. രണ്ടുപേര്‍ക്കും ഒരുപാട് ചലഞ്ചിങ്ങാണ്. പത്ത് വര്‍ഷത്തോളമെടുത്തു ഒരുമിച്ചുള്ള ആ റിഥത്തിലേക്ക് വരാന്‍, ആ താളത്തിലേക്ക് വീഴാന്‍. താളം എന്ന് ഞാനുദ്ദേശിച്ചത് മനസ്സിന്റെ കോണ്‍ഷ്യസ്സ്‌നെസ്സിന്റെ ലയമാണ്. ഇപ്പോള്‍ വളരെ കംഫര്‍ട്ടബിളാണ്. അദ്ദേഹം ഏതൊക്കെ വഴിക്ക് സഞ്ചരിക്കും എങ്ങനെ ആലോചിക്കുമെന്നൊക്കെ എനിക്ക് അറിയാം. അദ്ദേഹത്തിന് തിരിച്ചും.

aswathy v nair, interview, iemalayalam
വിപി ധനജ്ഞയൻ, ശാന്തധനജഞയൻ എന്നിവർക്കൊപ്പം അശ്വതിയും ശ്രീകാന്തും

എഴുത്തും നൃത്തവും

എഴുത്തും നൃത്തവും, രണ്ടിനും തനത് ആഖ്യാനഭാഷകള്‍, രീതികള്‍. അശ്വതി ഇത് രണ്ടും കൈകാര്യം ചെയ്തിട്ടുള്ളയാളാണ്, അല്ലെങ്കില്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നയാള്‍. ഒരു കലാകാരി എന്ന നിലയില്‍ താരതമ്യം ചെയ്യാമോ? പ്രത്യേകിച്ച്, ഭാഷാപരമായ ആവിഷ്‌കാരതലങ്ങളെ മുന്‍നിര്‍ത്തി.

എഴുത്തും നൃത്തവും, ശരിയാണ് രണ്ടിനും ഭാഷ, ശൈലി, മണ്ഡലം ഒക്കെയുണ്ട്. പക്ഷെ രണ്ടിന്റെയും ആവിഷ്‌കാര രീതികള്‍ക്ക് വളരെ വ്യത്യാസമുണ്ടെന്നാണ് തോന്നിയിട്ടുള്ളത്. എഴുത്ത് വളരെ സ്വകാര്യമാണ്. ഒരു വിത്ത് മനസ്സില്‍ വന്ന് ചെറുതായി വളര്‍ന്ന് ഇലയിട്ട് പൂത്ത് അങ്ങനെ വരുന്ന ഒരു സംഗതിയാണ് എനിക്ക് എഴുത്ത്. അതില്‍ മറ്റൊരാള്‍ക്കും പങ്കില്ല.

നൃത്തം ഒരുപരിധിവരെ സ്വകാര്യം തന്നെയാണ്. അതിന്റെയൊരു ആശയം ഉണ്ടാകുന്നത് നമ്മുടെ മനസ്സിലാണ്. നമ്മളത് വളര്‍ത്തിയെടുക്കുന്നു. അതിനുവേണ്ടി ചിലപ്പോള്‍ കൂടുതല്‍ വായിക്കേണ്ടിവരും. ചില സംഗതികള്‍, കാര്യങ്ങള്‍ അന്വേഷിച്ച് പോകേണ്ടിവരും. ഒരുപാട് റിസര്‍ച്ച് വേണ്ടിവരും. അതുകഴിഞ്ഞ് അതിനൊരു നൃത്തഭാഷ്യം കൊടുക്കുന്ന ഘട്ടത്തില്‍ സംഗീതം ആവശ്യമുണ്ട്. സംഗീതം പഠിച്ച ഒരു നര്‍ത്തകിക്കോ നര്‍ത്തകനോ ഇത് എളുപ്പമാണ്. ആ സംഗീതം എങ്ങനെ വേണം? ഏത് രീതിയില്‍ വേണം? ഏത് രാഗങ്ങള്‍ ഉപയോഗിക്കണം? ഇന്ന ഭാവത്തിന് ഇന്ന രാഗം ചേരുമോ? ഇതൊക്കെ തിരിച്ചറിയുന്നതിന് സംഗീതത്തിലുള്ള അറിവ് നല്ലതാണ്.

ആ ഘട്ടം മുതല്‍ മറ്റുള്ളവരും നമ്മുടെ ക്രിയേഷനില്‍ ഭാഗമാവുകയാണ്. പിന്നീട് സംഗീതത്തിലേക്ക് അത് ചിട്ടപ്പെടുത്തിയതി നുശേഷം വീണ്ടുമത് നമ്മുടെ കൈകളിലേക്കുതന്നെ വരും. നമ്മുടെ ശരീരം കൊണ്ട് അതിനൊരു ഭാഷ ഉണ്ടാക്കുന്നു. നിലവിലുള്ള കൃതികളോ അങ്ങനെയെന്തെങ്കിലുമാണ് എടുക്കു ന്നതെങ്കില്‍ ഈ പറഞ്ഞതുപോലെ അതിന്റെ ആവിഷ്‌കാരം എനിക്ക് തനിയെ ചെയ്യാം. പക്ഷെ അത് വേദിയിലവതരിപ്പിക്കുമ്പോള്‍ പക്കമേളത്തിന്റെ സഹായം കൂടാതെ പറ്റില്ല. അതൊരുപരിധിവരെ സ്വകാര്യമാണെങ്കിലും അതുകഴിഞ്ഞാല്‍ കൂട്ടായ പ്രയത്‌നം വേണം. ഇതാണ് രണ്ടും തമ്മിലുള്ള വ്യത്യാസം എനിക്ക് തോന്നിയിട്ടുള്ളത്. കൂടാതെ നൃത്തത്തിന് ഒരു പാരമ്പര്യമുണ്ട്, പഠിച്ചുവന്ന ചിട്ടയുണ്ട്.

ലോക്ഡൗണ്‍ എഴുത്തുപരീക്ഷണങ്ങള്‍

എഴുത്തില്‍ സജീവമല്ലെങ്കിലും, അശ്വതിയുടെ ഉള്ളിലെ എഴുത്തുകാരിയെ ചൂണ്ടിക്കാണിക്കുന്നതായിരുന്നു അടുത്തിടെ പ്രസിദ്ധീകൃതമായ, സാമൂഹിക പ്രസക്തികൊണ്ടുകൂടി ശ്രദ്ധേയരായ ഇന്ത്യയിലെ ചില പ്രശസ്ത നര്‍ത്തകരുമായി നടത്തിയ സംഭാഷണങ്ങള്‍. എന്തുകൊണ്ടാണ് എഴുത്തില്‍ നിന്നും മാറിനില്‍ക്കുന്നത്?

എഴുത്തില്‍ നിന്ന് മാറിനില്‍ക്കുന്നതല്ല. നൃത്തത്തില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. വായന എപ്പോഴുമുണ്ട്. നൃത്തവുമായി ബന്ധപ്പെട്ട എന്തെങ്കിലും എഴുതണമെന്നുണ്ടെങ്കില്‍ എഴുതും അല്ലാതെ വളരെ കോണ്‍ഷ്യസ് ആയി എഴുതണം അല്ലെങ്കില്‍ എഴുത്തിലേക്ക് കടക്കണം എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. അതിനുള്ള സമയമില്ലായിരുന്നുവെന്നുള്ളതാണ് സത്യം. ഫുള്‍ടൈം ഒരു പ്രൊഫഷനില്‍ മുഴുകുമ്പോള്‍ അതിലേക്ക് മാത്രമല്ലേ ശ്രദ്ധിക്കാനാവൂ.

എഴുത്ത് എന്നുപറയുമ്പോള്‍ കുറെയൊക്കെ സ്വകാര്യത വേണം. അങ്ങനെയുള്ള സൃഷ്ടികളാണെങ്കില്‍ ആ ഒരു തലത്തിലേ അതെഴുതാനും പറ്റുകയുള്ളൂ. അങ്ങനെയൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല എന്നുവേണം പറയുവാന്‍.

കഴിഞ്ഞ ലോക്ഡൗണില്‍ ചെയ്ത സംഭാഷണപരമ്പരയിലെ ആ വ്യക്തികളെയൊക്കെ എനിക്ക് നേരില്‍ അറിയാമായിരുന്നു. അവരില്‍ ചിലരൊക്കെ ഈ വലിയ നൃത്തമേഖല വെറുമൊരു ആനന്ദത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നവരല്ല എന്ന് ആളുകളില്‍ ഒരു ബോധവത്ക്കരണം നടത്തുകയെന്നതുകൂടി അതിന്റെയൊരു ഉദ്ദേശ്യമായിരുന്നു. കൂടാതെ, ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ പരിപാടികള്‍ ഇല്ല. കൂടുതല്‍ സമയം കിട്ടും. അതെങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിച്ചപ്പോള്‍ ഇങ്ങനെയൊരു സംഗതി തോന്നി.

ഒരു സംഗതി എഴുതണമെന്ന് തോന്നിയാല്‍ അതുടനെ എഴുതണം. പിന്നത്തേക്ക് മാറ്റിവെച്ചാല്‍ ചിലപ്പോള്‍ അത് മാറിപ്പോകും. മറന്നുപോകും. ഒരു ഉറക്കത്തിന്റെ സമയം മതി ചില കാര്യങ്ങള്‍ നമ്മുടെ ബുദ്ധിയില്‍ നിന്ന് മാഞ്ഞുപോകാന്‍. സമയവും സൗകര്യവും ഒത്തുവരികയാണെങ്കില്‍ എഴുതും. ചില എഴുത്തുപരീക്ഷണങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്, ഈ ലോക്ഡൗണ്‍കാലത്ത്. പിന്നീട് പ്രസിദ്ധീകരിക്കാമെന്നാണ് കരുതുന്നത്.

aswathy v nair, interview, iemalayalam
ന്യൂയോർക്ക് യാത്രയ്ക്കിടെ

ഫിക്ഷനാണ് ഇഷ്ടം

നല്ലൊരു വായനക്കാരന്‍ കൂടിയാണല്ലോ എംടി. വിദേശസാഹിത്യവുമായും അദ്ദേഹം അപ്പ്‌ഡേറ്റഡ്‌ ആണ്. അശ്വതിയുടെ വായന എങ്ങനെയാണ്? അച്ഛന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടോ? വായനാനുഭവങ്ങള്‍ പങ്കുവെയ്ക്കാമോ?

വായന ചെറുപ്പം മുതലേ ഉണ്ട്. എങ്കിലും ഇടയ്ക്കുവെച്ചൊരു ബ്രേക്ക് വന്നു. നാലുവര്‍ഷത്തോളം. 2008 മുതല്‍ 2012 വരെ ഒരു പുസ്തകംപോലും കൈയിലെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ജോലിയിലും ജീവിതത്തിലും വളരെ തിരക്കുപിടിച്ച സമയം. 2010 ല്‍ മകന്‍ ജനിച്ചു. അയാളാണെങ്കില്‍ ചെറുപ്പത്തില്‍ സുഖമില്ലാത്തൊരു കുട്ടിയായിരുന്നു. ആ സമയമത്രയും മറ്റൊന്നിലും ശ്രദ്ധിക്കാനായില്ല. ഉള്ള സമയം എന്തെങ്കിലും കുറച്ച് നൃത്തം ചെയ്യുമെന്നല്ലാതെ മറ്റൊന്നും ശ്രദ്ധിക്കാന്‍ പറ്റാതെയായി. മകന് രണ്ട് വയസ്സായതിനു ശേഷമാണ് ഞാന്‍ വായനയിലേക്ക് തിരിച്ചുവരുന്നത്.

ഒരുവിധത്തിലത് നന്നായെന്ന് തോന്നുന്നു. മുമ്പ് എന്തു കിട്ടിയാലും വായിക്കും എന്ന അവസ്ഥയായിരുന്നു. ഏത് പുസ്തകം എവിടെ നിന്നു കിട്ടിയാലും വായിക്കും. ഇപ്പോള്‍ കഴിയുന്നതും നല്ല പുസ്തകങ്ങള്‍ തെരഞ്ഞുപിടിച്ച് വായിക്കാനാണ് ശ്രമം.

അച്ഛനുമായി പുസ്തകങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. അച്ഛന്‍ ഇപ്പോള്‍ യാത്ര കുറവാണ്. ചെറുപ്പത്തില്‍ അച്ഛനായിരുന്നു ദൂരത്തൊക്കെ പോയാല്‍ പുസ്തകങ്ങള്‍ കൊണ്ടുവന്ന് തരിക. ഇപ്പോള്‍ ഞാന്‍ അമേരിക്കയിലും കാനഡയിലുമൊക്കെ പോകുമ്പോള്‍ അവിടെ ആ വര്‍ഷം ഇറങ്ങിയ ഏറ്റവും നല്ല പുസ്തകങ്ങള്‍ തിരഞ്ഞ് കൊണ്ടുവന്ന് കൊടുക്കാറുണ്ട്. അതുപോലെ അച്ഛന്‍ വായിച്ച നല്ല പുസ്തകങ്ങള്‍ എനിക്കും തരും.

എനിക്കിഷ്ടം ഫിക്ഷനാണ്. അത്യാവശ്യം നോണ്‍ഫിക്ഷനും വായിക്കും. പ്രത്യേകിച്ച് ഡാന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. അത് നമ്മളെ സംബന്ധിച്ചിടത്തോളം അറിവാണ്. അത് അത്യാവശ്യമാണ്. ഡാന്‍സുമായി ബന്ധപ്പെട്ടതോ വലിയ കൊറിയോഗ്രാഫേഴ്‌സ് എഴുതുന്നതോ ആയ പുസ്തകങ്ങളൊക്കെ വായിക്കാറുണ്ട്.

ഇഷ്ടപ്പെട്ട വായനാനുഭവം പറയുമ്പോള്‍ ഒരുപാട് പുസ്തകങ്ങളുണ്ട്. ഒരു വര്‍ഷമായി കൂടുതലും അച്ഛന്റെ പുസ്തകങ്ങളാണ് വായിച്ചുകൊണ്ടിരിക്കുന്നത്. ചിലതെല്ലാം വീണ്ടും വീണ്ടും വായിക്കും. അല്ലാത്ത വായന എന്നുപറയുമ്പോള്‍, ‘All the Light I Cannot See’ എന്ന നോവല്‍ കഴിഞ്ഞതിന്റെ മുമ്പത്തെ വര്‍ഷം അമേരിക്കയില്‍ പോയപ്പോള്‍ വാങ്ങിയ പുസ്തകമാണ്. വളരെ ഇഷ്ടപ്പെട്ടു. കണ്ണുകാണാത്ത ഒരു കുട്ടിയുടെ കഥ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ നോവലാണ് ഇത്. ഈ അടുത്തകാലത്ത് വായിച്ച നല്ല പുസ്തകങ്ങളിലൊന്നായി തോന്നി. പിന്നെ ‘Pachinko’എന്നൊരു നോവല്‍. കൊറിയനാണ്. അമേരിക്കയിലേക്ക് ചേക്കേറുന്ന കൊറിയന്‍കുടുംബത്തിന്റെ കഥയാണ്. അവര്‍ക്കവിടെ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും മറ്റുമായി രണ്ടുമൂന്ന് തലമുറകളുടെ കഥപറയുന്ന നോവല്‍. അതാണ് ഈ അടുത്തകാലത്ത് വായിച്ചതില്‍ ഇഷ്ടപ്പെട്ട മറ്റൊരു പുസ്തകം.

അച്ഛനോടൊപ്പമുള്ള യാത്രകള്‍

കുട്ടിക്കാലത്ത് അച്ഛനോടൊപ്പം നടത്തിയ യാത്രകളുടെ ഓര്‍മ്മകള്‍?

അച്ഛന്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ നടത്തിയ യാത്രകളില്‍ അച്ഛന്‍ നല്ല നല്ല പടങ്ങളൊക്കെ എടുത്തിട്ടുണ്ട്. എന്റെയും അമ്മയുടെയുമൊക്കെ. എനിക്ക് ഓര്‍മ്മവെച്ചകാലം മുതല്‍ ഞങ്ങള്‍ എല്ലാ വേനലവധിക്കും മദിരാശിയിലേക്ക് പോകുമായിരുന്നു. അവിടെ അച്ഛന്‍ എഴുത്തുപണിയിലേര്‍പ്പെടും. അമ്മ നൃത്തം പഠിക്കും. എല്ലാവര്‍ഷവും നടക്കുന്നൊരു സംഗതിയായിരുന്നു ഇത്.

അച്ഛന്‍ എന്നെ ആദ്യമായി വിദേശത്തേക്ക് കൊണ്ടുപോകുന്നത് എട്ടുവയസ്സോ മറ്റോ ഉള്ളപ്പോഴാണ്. ഒരു സിംഗപ്പൂര്‍-ഇന്തോനേഷ്യ യാത്ര. അച്ഛനും അമ്മയും ഞാനും. അതിനുശേഷം പലതവണ ദുബായിയിൽ പോയിട്ടുണ്ട്. ദുബായിലും അബുദാബിയിലും അച്ഛന് അടുത്ത ചില സുഹൃത്തുക്കളുണ്ട്. ഡിഗ്രി പഠനം കഴിയാറായ സമയത്താണ് ഞങ്ങളൊരുമിച്ച് തായ്‌ലന്റില്‍ പോകുന്നത്.

ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഞങ്ങളൊരുമിച്ച് പോയിട്ടുണ്ട്. ഡല്‍ഹി, കര്‍ണ്ണാടക, പിന്നെ സൗത്ത് തമിഴ്‌നാട് മുഴുവന്‍, അവിടത്തെ വലിയ ക്ഷേത്രങ്ങളെല്ലാം സന്ദര്‍ശിച്ചിട്ടുണ്ട്. ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്ന് അവസാനമായി നടത്തിയ വിദേശയാത്ര തായ്‌ലാൻഡിലേക്കാണ്. പിന്നീട് ഞാന്‍ പെര്‍ഫോമന്‍സസിന് വേണ്ടി തനിച്ച് യാത്ര ചെയ്യാന്‍ തുടങ്ങി. അച്ഛന്‍ കാണാത്ത സ്ഥലങ്ങളിലേക്കാണ് പോകുന്നതെങ്കില്‍ അവിടത്തെ പടങ്ങളൊക്കെ എടുത്തു കൊണ്ടു വന്ന് അച്ഛനെ കാണിക്കാറുണ്ട്.

അച്ഛന്റെ കൂടെയുള്ള യാത്ര വളരെ രസമാണ്. മ്യൂസിയം അടക്കമുള്ള മിക്ക സ്ഥലങ്ങളും കാണും. ഒരു സ്ഥലത്തേക്ക് പോകുന്നുണ്ടെങ്കില്‍ ആ സ്ഥലത്തെ ക്കുറിച്ചൊക്കെ വായിച്ചറിഞ്ഞ് കുറെ കാര്യങ്ങളൊക്കെ മനസ്സിലാക്കിയിട്ടായിരി ക്കും അച്ഛന്‍ പോകുക. യാത്ര ഞങ്ങള്‍ രണ്ടുപേര്‍ക്കും വളരെ ഇഷ്ടമാണ്. ഇപ്പോള്‍ കൊറോണ കാരണം രണ്ടുപേര്‍ക്കും യാത്രകള്‍ വളരെ മിസ്സ് ചെയ്യു ന്നുണ്ട്. അച്ഛനത് ഒരുപാട് മിസ്സ്‌ചെയ്യുന്നുണ്ടാവും. അച്ഛന്‍ ദൂരത്തേ ക്കൊക്കെ പോയിട്ട് കുറെ കാലമായി. കൊറോണ വരുന്നതിനും ഒരു ആറുമാസം മുമ്പ് ഞങ്ങളൊരുമിച്ച് ചെന്നൈയിലുണ്ടായിരുന്നു. നാലുവര്‍ഷം മുമ്പ് മൂകാംബികയില്‍ പോയത് ഓര്‍ക്കുന്നു.

വിദേശികൾ നമ്മളേക്കാൾ കലയെയും കലാകാരെയും ആദരിക്കുന്നു

നൃത്തവുമായി ബന്ധപ്പെട്ട് വിപുലമായ യാത്രകള്‍ നടത്തിയിട്ടുണ്ട്. നമ്മുടെ നൃത്തകലകളില്‍ പ്രാഥമികജ്ഞാനം പോലുമില്ലാത്ത പ്രേക്ഷകവേദികളില്‍ പോലും അവതരണങ്ങളുണ്ടായിട്ടുണ്ടാവാം. ഒരു നര്‍ത്തകിയെന്ന നിലയില്‍ ഈ യാത്രകള്‍ നല്‍കിയ അനുഭവലോകം?

ഒരു കലാകാരിയെന്ന നിലയില്‍ ഞാനുറ്റുനോക്കുന്നൊരു സംഗതിയാണ് നൃത്തത്തിന്റെ അറിവ് ഒട്ടുമില്ലാത്ത ആളുകളുടെ മുന്നില്‍ നൃത്തം അവതരിപ്പിക്കുന്നത്. അവരെ രസിപ്പിക്കുവാന്‍ സാധിച്ചാല്‍ നമ്മള്‍ ജയിച്ചുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുടെ കല ജയിച്ചു. ഇതുസംബന്ധമായി പല അനുഭവങ്ങളും എനിക്കുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍, ഒട്ടും ഇതിനെക്കുറിച്ചൊന്നും അറിവില്ലാത്ത ഓഡിയന്‍സിന്റെ മുമ്പില്‍ നൃത്തം അവതരിപ്പിക്കുമ്പോള്‍. അവര്‍ക്ക് ഇതേക്കുറിച്ച് സൂചനകള്‍ നല്‍കുന്ന ചെറിയ ലഘുലേഖകളൊക്കെ കൊടുക്കും. പരിപാടിക്ക് മുമ്പ് ഇത് കൃത്യമായി വായിച്ചിട്ടായിരിക്കും അവര്‍ വരിക.

aswathy v nair, interview, iemalayalam
അശ്വതി

അവിടത്തെ ചില കാര്യങ്ങളെനിക്ക് നമ്മുടെ നാട്ടിലെ രീതിയില്‍ നിന്നും വളരെ വ്യത്യസ്തമായും നല്ലതായും തോന്നി. പരിപാടിക്കിടയില്‍ ഒരാളുടെ ഫോണ്‍പോലും ശബ്ദിക്കില്ല. ഒരാള്‍പോലും ഇടയ്ക്ക് എഴുന്നേറ്റ് പോകില്ല. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോള്‍ വേദിയുടെ മുന്നിലൂടെ ആരും പോകില്ല. ഇങ്ങനെയുള്ള ചില ചിട്ടകളുണ്ടല്ലോ. ആളുകള്‍ പറയും അതിലെന്താ ഉള്ളത് എന്ന്. എന്നാല്‍ അങ്ങനെയല്ല. എന്നെ സംബന്ധിച്ചിടത്തോളം കലയെയും കലാകാരിയെയും അല്ലെങ്കില്‍ ആ വേദിയില്‍ ആരാണോ അവതരിപ്പിക്കുന്നത് അവരോടുള്ള ആദരവാണത് സൂചിപ്പിക്കുന്നത്. വിദേശികള്‍ ആ കാര്യത്തില്‍ വളരെ ഡിസിപ്ലിന്റാണ്. നമുക്ക് കിട്ടുന്ന ഒരാദരവാണത്. അതുകൊണ്ട് അവിടെ നൃത്തം ചെയ്യുവാന്‍ വളരെ ഇഷ്ടമാണ്. വല്ലാത്തൊരു അനുഭവമാണത്. യൂറോപ്പിലൊക്കെ പോയാല്‍ ഒരു പരിപാടി കഴിഞ്ഞ് അവര്‍ക്കത് ഇഷ്ടപ്പെട്ടാല്‍, ഫ്രാന്‍സിലൊക്കെ പ്രത്യേകിച്ചും, അവര്‍ എഴുന്നേറ്റുനിന്ന് കയ്യടിക്കും, എന്നിട്ട് ഓണ്‍കോ (Encore) എന്നുപറയും. ഓണ്‍കോ എന്നാല്‍ വണ്‍സ് മോര്‍ എന്നാണ്. നമ്മളപ്പോള്‍ അവതരിപ്പിച്ചതിലെ ചെറിയൊരു ഭാഗം അവര്‍ക്ക് വേണ്ടി വീണ്ടും അവതരിപ്പിക്കും. അതവിടത്തെ ഒരു രീതിയാണ്. നമുക്കതില്‍ സന്തോഷമേയുള്ളൂ.

അങ്ങനെയുള്ള അനുഭവങ്ങള്‍ നാട്ടില്‍ വളരെ വിരളമാണ്. നാട്ടിലത്തെ വേദിയെക്കുറിച്ച് പറയുമ്പോള്‍ ഓരോ സംസ്ഥാനത്തും ഓരോ തരത്തിലാണ്. കൈയടിക്കാന്‍, പ്രോത്സാഹിപ്പിക്കാന്‍ ഏറ്റവും പിശുക്ക് കാണിക്കുന്നത് നമ്മള്‍ മലയാളികളാണെന്ന് പറയാം. എന്റെ കുട്ടികളോട് ഞാന്‍ പറയാറുണ്ട്, എവിടെയെങ്കിലും ഒരു അവതരണം കണ്ടാല്‍ അതെത്ര നല്ലതാണെന്നോ മോശമാണെന്നോ ഉള്ളതല്ല അവര്‍ക്കൊരു പ്രോത്സാഹനമായി കയ്യടി നല്‍കണം. അതാണ് മര്യാദ. ഇവിടെ പലപ്പോഴും അതിന് ഭയങ്കര പിശുക്കാണ്. ഉള്ളുതുറന്ന് കലയെ പ്രോത്സാഹിപ്പിക്കാന്‍ ഇവിടെ വലിയ ബുദ്ധിമുട്ടാണ്.

ചില സ്ഥലത്ത് പോയാല്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ആള്‍ക്കാര്‍ മുന്നിലൂടെ നടന്നുപോകും. അവിടെയിരുന്ന് സംസാരിക്കും. താത്പര്യമില്ലാത്തൊരു സംഗതിയാണ് നടക്കുന്നതെങ്കില്‍ വരാതിരിക്കാം, അല്ലെങ്കില്‍ നിശ്ശബ്ദമായിരിക്കുക. ആ സംസ്‌കാരം നമുക്ക് കുറവാണ്. ഒരുപരിധിവരെ കര്‍ണ്ണാടകത്തില്‍ നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടിലുമതെ. ഓഡിയന്‍സ് കൃത്യമായി അവിടെയിരുന്ന് കാണും. കഴിയുന്നത്ര എഴുന്നേറ്റ് പോകാറില്ല. പോകുകയാണെങ്കില്‍ തന്നെ രണ്ടു പരിപാടികളുടെ ഇടയ്ക്കുള്ള ഗ്യാപ്പില്‍ മാത്രം. ചില സ്ഥലങ്ങളില്‍ സംഘാടകരുടെ ഭാഗത്തുനിന്ന് അതിനുവേണ്ടി ശ്രമിക്കാറുണ്ട്. സൂര്യയിലൊക്കെ മുന്‍വശത്തുകൂടെ ഇടയ്ക്ക് നടക്കരുത്, ഫോണ്‍ ഓഫാക്കണം എന്നൊക്കെ നിബന്ധനകളുണ്ട്.

അതുപോലെ തന്നെ ഒരു ആര്‍ട്ടിസ്റ്റ് വരുമ്പോള്‍ എങ്ങനെ ട്രീറ്റ് ചെയ്യണമെന്നുള്ളത് പ്രധാന കാര്യമാണ്. വിദേശത്ത് പരിപാടി കഴിഞ്ഞ് തിരിച്ചു പോരുന്നതുവരെ നന്നായി ട്രീറ്റ് ചെയ്ത്, കെയര്‍ ചെയ്ത് കൂടെ അവരുണ്ടാവും. ഞങ്ങളുടെ സ്‌കൂളിന്റെ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ആ ഒരു സംസ്‌കാരം നിലനിര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ട്. ഈ ഒരു കാര്യത്തില്‍ നമ്മുടെ നാട്ടില്‍ ഇനിയും വേണ്ടത്ര ശ്രദ്ധപതിയേണ്ടതുണ്ട്.

ശ്രീകാന്തുമൊത്ത് നൃത്ത വേദിയിൽ

വിദേശങ്ങളില്‍ പോകുമ്പോള്‍ പരിപാടി ഇല്ലാത്ത സമയത്ത് അവിടത്തെ സ്ഥലങ്ങളൊക്കെ പോയി കാണാറുണ്ട്. അവിടെ നിന്നും എന്തെങ്കിലുമൊക്കെ കഴിയുന്നതും കണ്ട് പഠിക്കാന്‍ ശ്രമിക്കും. ആര്‍ട്ടിസ്റ്റുകളുമായി ഇന്ററാക്ട്‌ ചെയ്യുമ്പോള്‍ എന്തെങ്കിലുമൊക്കെ നമുക്ക് വീണുകിട്ടും. ചില ആശയങ്ങ ളൊക്കെ. അതൊക്കെയാണ് നല്ല നല്ല യാത്രാനുഭവങ്ങളെന്ന് പറയാവുന്നത്. ഇതുവരെ ഇരുപതോളം രാജ്യങ്ങളില്‍ നൃത്തം അവതരിപ്പിക്കാനായത് ഒരു ഭാഗ്യമായി കരുതുന്നു.

ഓണ്‍ലൈന്‍വേദികളോട് താത്പര്യമില്ല

വലിയ വലിയ വേദികളും കാഴ്ചക്കാരും അടങ്ങിയ സദസ്സില്‍ നിന്നും നര്‍ത്തകനെ/നര്‍ത്തകിയെ താനും ക്യാമറയും മാത്രമായ ഒരരങ്ങിലേക്ക് മാറ്റിനിര്‍ത്തിയിരിക്കുകയാണ് ഈ കൊറോണക്കാലം. ഒരു സ്‌ക്രീന്‍പരിമിതിയിലേക്ക് മാത്രമായി നമ്മുടെ കാഴ്ചയും സംവേദനവും പരിമിതപ്പെട്ടിരിക്കുന്നു. എങ്ങനെയാണ് ഈ അനുഭവത്തെ ഒരു നര്‍ത്തകി എന്ന നിലയില്‍ ഉള്‍ക്കൊള്ളുന്നത്?

ഭയങ്കര ബുദ്ധിമുട്ടാണ് പുതിയ രീതിയിലുള്ള അവതരണം. മൊബൈല്‍സ്‌ക്രീനിന്റെ വലിപ്പത്തിലേക്കായി ഇന്നത്തെ അവതരണങ്ങള്‍. സത്യം പറഞ്ഞാല്‍ ഓണ്‍ലൈന്‍ അവതരണങ്ങളോട് ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാന്‍. അതിന്റെ ഏറ്റവും വലിയ പ്രശ്‌നം ഓഡിയന്‍സില്ലെന്നുള്ളതാണ്. ഓഡിയന്‍സാണ് അരങ്ങിന്റെ ജീവന്‍. അതില്ലെങ്കില്‍ ശൂന്യതയാണ്. ഓണ്‍ലൈന്‍ അവതരണങ്ങളില്‍ കാണികളുടെ പ്രതികരണം അപ്പപ്പോള്‍ അറിയാനാവില്ല. ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ചാല്‍ നൂറോ ഇരുന്നൂറോ മുന്നൂറോ പേര്‍ മാത്രം കാണുന്നതിന് പകരം ആയിരക്കണക്കിനാളുകള്‍ ഓണ്‍ലൈനില്‍ കണ്ടുവെന്ന് വരാം. അല്പം വൈകിയാലും അവരുടെ പ്രതികരണങ്ങളും വരും. പക്ഷെ, ഒരു രംഗത്ത് കയറി അവതരിപ്പിക്കുമ്പോള്‍ അവിടെ നിന്നും തത്സമയം കേള്‍ക്കുന്ന ആ കൈയടിയുടെ സുഖം, പ്രതികരണത്തിന്റെ ഊര്‍ജ്ജം, ഒരിക്കലും ഓണ്‍ലൈന്‍ അവതരണത്തിന് കിട്ടില്ല. സാങ്കേതികമായ പരിമിതികളുമുണ്ട്. കാമറാ ഫ്രെയിമിന്റെ സ്ഥലപരിമിതിയില്‍ നിന്നുകൊണ്ടുവേണം ഓണ്‍ലൈന്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍. ഇങ്ങനെ ഒരുപാട് റെസ്ട്രിക്ഷന്‍സുണ്ട്.

വേറൊരു പ്രധാന പ്രശ്‌നം ഈ ഓണ്‍ലൈന്‍പരിപാടികള്‍ക്ക് യാതൊരു പ്രതിഫലവുമില്ല. കല മാത്രം ഉപജീവനമാര്‍ഗ്ഗമായിട്ടുള്ള ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടാണ്. പക്കമേളം ആവശ്യമില്ല, എവിടെയും യാത്രചെയ്തു വരേണ്ട, സ്വന്തം വീട്ടില്‍ ലൈറ്റും ഒരു കാമറയും വെച്ച് ചെയ്യുന്നതല്ലേ, എന്താ ചെലവ്? എന്നാണ് അവരുടെ പക്ഷം. മറുവശത്ത് നമ്മുടെ ശരീരം കൊണ്ട് രണ്ടുമണിക്കൂര്‍ അല്ലെങ്കില്‍ ഒരു മണിക്കൂര്‍ വേദിയില്‍ അവതരിപ്പിക്കുന്ന ആ നൃത്തം അതേ ശ്രദ്ധയോടും പ്രയത്‌നത്തോടും കൂടിയാണ് ഓണ്‍ലൈനില്‍ ആയാലും അവതരിപ്പിക്കുന്നത്. അതിലൊരു ഡൈലൂഷനും വരുത്തുന്നില്ല. പക്ഷെ അതിന് വേണ്ട അംഗീകാരമോ റെമന്യൂറേഷനോ ഒന്നുമില്ല. അത് സങ്കടകരമായൊരു അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പരിപാടികളോട് താത്പര്യമില്ല. ഓണ്‍ലൈനായി കുട്ടികളെ പഠിപ്പിക്കുവാനും വളരെ പ്രയാസമാണ്.

നൃത്തത്തിൽ നിന്നും ആത്മീതയെ മാറ്റിനിർത്താനാവില്ല

അടുത്തിടെ അവതരിപ്പിച്ച അശ്വതിയുടെ ഏത് നൃത്തശിൽപ്പമെടുത്താലും അവയിലെല്ലാം അടിസ്ഥാനശ്രുതിയായി ആത്മീയഭാവത്തിന്റെ അന്തര്‍ധാര കാണാം. അശ്വതിയുടെ നൃത്തസങ്കൽപ്പത്തിന്റെ ഒരു ഭാഷാവിവര്‍ത്തനമായി ഈ ആത്മീയതയെ അടയാളപ്പെടുത്തിയാല്‍?

എന്നെ സംബന്ധിച്ചിടത്തോളം നൃത്തത്തില്‍ ആത്മീയത എന്നുമുണ്ട്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ നൃത്തം എന്റെ ആത്മീയാന്വേഷണം കൂടിയാണ്. ആത്മീയത മാറ്റിനിര്‍ത്തിക്കൊണ്ട് എന്തെങ്കിലും ചെയ്യുകയെന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണ്. അതിപ്പോള്‍, പ്രകൃതിയെക്കുറിച്ചോ സാമൂഹികവിപത്തിനെക്കുറിച്ചോ ഒക്കെയുള്ള വളരെ വ്യത്യസ്തമായ ഒരു തീം എടുത്ത് ചെയ്യുകയാണെങ്കില്‍ കൂടി അതിലെവിടെയെങ്കിലും ഒരു ആത്മീയസ്പര്‍ശമുണ്ടാകാതെ വയ്യ. കാരണം, നൃത്തമൊരു കലയാണ്. ക്ഷേത്രകലയില്‍ നിന്നും രംഗകലയായി മാറിയ ഒരു സംഗതിയാണ്. അതിന്റെ വേരുകള്‍ കിടക്കുന്നത് റിലീജിയസ് പ്രാക്ടീസ് അല്ലെങ്കില്‍ റിച്ച്വല്‍സ് ഇവയിലൊക്കെയാണ്. അതുകൊണ്ടുതന്നെ നൃത്തത്തില്‍നിന്നും ആത്മീയതയെ മാറ്റിനിര്‍ത്താനാവില്ല എന്നുതന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ചില സമയത്ത് ചില സംഗതികള്‍ ചെയ്യുമ്പോള്‍ എന്റെ അനുഭവം, എന്റെ ഇഷ്ടദേവത മൂകാംബികാദേവിയാണ്, അത് ഏത് ദേവിയാകട്ടെ, ദേവിയെക്കുറിച്ചുള്ള ചില കൃതികള്‍ ചെയ്യുമ്പോള്‍ ഞാന്‍ ചില നിമിഷത്തില്‍ അതില്‍ ലയിച്ച് ഭക്തി പാരവശ്യത്തിൽ അറിയാതെതന്നെ വേദിയില്‍ കരഞ്ഞുപോയിട്ടുണ്ട്. അതൊക്കെ ഒരുപക്ഷെ എന്നിലുള്ള ഒരു ഭക്ത അല്ലെങ്കില്‍ ഈശ്വരനെ അല്ലെങ്കില്‍ ദേവിയെ എന്നും ഭജിക്കുന്ന ഒരു ഭക്ത, Maybe it is the devotee in me being roused to that state… ആ ഒരു പാട്ട് കേള്‍ക്കുമ്പോള്‍ ആ ഒരു അവസ്ഥ നമ്മള്‍ മനസ്സില്‍ ആലോചിക്കുകയാണ്. ദേവിയുടെ ആ ഒരു ഭാവം. ആ സമയത്ത് നമ്മള്‍ നമ്മളെതന്നെ മറന്ന് പോകുകയാണ്. അതൊക്കെ സംഭവിക്കുന്നത് ഇതൊരു ആത്മീയമായ കലയായതുകൊണ്ടാണ്. ഞാന്‍ പറഞ്ഞല്ലോ അതിന്റെ വേരുകള്‍ ക്ഷേത്രാചാരങ്ങളിലാണ് കിടക്കുന്നത്. അവിടെനിന്നാണ് ഇതിന്റെയൊരു പരിവര്‍ത്തനം ഉണ്ടായി ഇന്നത്തെ രംഗകലയായി മാറുന്നത്. ആ ഒരു അംശം എടുത്ത് കളഞ്ഞാല്‍ അതിന്റെയൊരു ഭംഗി പോകും എന്നാണ് എന്റെ വിശ്വാസം. അങ്ങനെ അല്ലാത്ത ശൈലികളുമുണ്ട്. പക്ഷെ ഞാന്‍ ചെയ്യുന്ന ശൈലിയില്‍ എനിക്കങ്ങനെയേ തോന്നിയിട്ടുള്ളൂ.

കണ്ടംപററി (Contemporary) ഡാന്‍സില്‍ ആത്മീയതയുണ്ടോയെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ഞാനതിനെക്കുറിച്ച് പഠിച്ചിട്ടില്ല. ഭാരതീയനൃത്തപാരമ്പര്യത്തില്‍, പരമ്പരാഗത നൃത്തശൈലിയിലൊക്കെ മുഖഭാവങ്ങള്‍ക്ക് ഒരുപാട് പ്രാധാന്യ മുണ്ട്. മുഖത്ത് ഈ രസങ്ങള്‍ എങ്ങനെയാണ് വരുന്നത്? മനസ്സില്‍ നിന്നാണ്. നാട്യശാസ്ത്രത്തില്‍ ഭരതമുനി എഴുതിവെച്ചതുതന്നെയാണിത്. കണ്ണ്, ശരീരം, മനസ്സ് എല്ലാം ഒന്നായിട്ടാണ് നമുക്ക് ഈ രസങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റുന്നത്. ആ ഒരു രസം, ഭാവം ഒക്കെ വരണമെങ്കില്‍ മനസ്സ് ഉണ്ടായാല്‍ മാത്രമേ പറ്റുകയു ള്ളൂ. മനസ്സ്, ആത്മാവ് ഒക്കെ നമ്മള്‍ ചെയ്യുന്ന സംഗതിയില്‍ ഇന്‍വോള്‍വ്ഡ് ആയിരിക്കണം. അങ്ങനെ നോക്കിയാല്‍ ആത്മീയത തീര്‍ച്ചയായും അതിലുണ്ട്.

ജീവിതം പോലെ സങ്കീര്‍ണ്ണമാണ് നൃത്തവും

ചിട്ടപ്പെടുത്തപ്പെട്ട കര്‍ശനമായൊരു വ്യവസ്ഥാപിതധാരയിലൂടെയാണ് നമ്മുടെ നൃത്തപാരമ്പര്യം മുന്നോട്ട് പോകുന്നത്. തീര്‍ത്തും പാരമ്പര്യനിരാസത്തിന്റേതായ വഴികളും സമാന്തരമായി ഉണ്ട്. ഒരു നര്‍ത്തികയെന്ന നിലയില്‍ ആവിഷ്‌കാരതലങ്ങളില്‍ തനതായ പുതിയ ഇടങ്ങളും ശൈലികളും കണ്ടെത്താന്‍ സാധിക്കാറുണ്ടോ? ഇത്തരം നൂതനമായ ആഖ്യാനശകലങ്ങള്‍ സംവേദനത്തില്‍ ഏതെങ്കിലും വിധത്തില്‍ പരിമിതികളായോ അതോ മറിച്ച് സാധ്യതകളായോ പരിണമിക്കാറുണ്ടോ?

പാരമ്പര്യത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു വഴി എന്നെ സംബന്ധിച്ചിട ത്തോളം കംഫര്‍ട്ടബിളല്ല. ലോക്ഡൗണിനു മുമ്പ് ഞങ്ങള്‍ മഹാഭാരതത്തിലെ രണ്ട് തൃതീയപ്രകൃതികളായ (തേഡ് ജൻഡർ ഓഫ് മഹാഭാരത) കഥാപാത്ര ങ്ങള്‍ ചെയ്യുകയുണ്ടായി. അംബ ശിഖണ്ഡിയായി മാറിയതും അര്‍ജ്ജുനന്‍ ഭൃഹന്നളയായി മാറിയതും. ഇത് രണ്ടും ഞങ്ങള്‍ പഠിച്ചുവന്ന വഴികളില്‍ നിന്നു കൊണ്ടുതന്നെയാണ് ചെയ്തത്. അതിനെ ഒരു ചട്ടക്കൂടെന്നോ അതിനക ത്ത് നില്‍ക്കുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യമി ല്ലെന്നോ അല്ലെങ്കില്‍ അത് നഷ്ടപ്പെടുന്നുവെന്നോ പറയാന്‍ എനിക്കിതുവരെ തോന്നിയിട്ടില്ല. മറിച്ച് അത്, ഈ ചിട്ടയായി പഠിച്ചുവന്ന വഴി, നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ വ്യവസ്ഥാപിത ധാരയിലൂടെ വന്ന ആ ഒരു പാരമ്പര്യം അത് നമ്മുടെ അടിത്തറയാണ്. അടിസ്ഥാനമാണ്. അതാണ് നമുക്ക് പുതിയ കാര്യങ്ങള്‍ ചെയ്യുവാനുള്ള ധൈര്യവും ആത്മവിശ്വാസവും തരുന്നത്. അതില്‍ നിന്നുകൊണ്ട് നമുക്ക് പല പുതിയതും സൃഷ്ടിക്കാന്‍ പറ്റുമെന്നുതന്നെയാണ് എന്റെ അനുഭവം.

aswathy v nair, interview, iemalayalam
‘എക്സ്പ്ലോറിങ് ദ് തേഡ് ജെൻഡർ,’ ശിഖണ്ഡിയായി അശ്വതിയും ഭൃഹന്നളയായി ശ്രീകാന്തും

ഞാന്‍ വിദേശത്ത് ഒരുപാട് കൊളാബറേറ്റഡ് വര്‍ക്‌സ് ചെയ്തിട്ടുണ്ട്. അവിടെയുള്ള കലാകാരന്മാരുടെ കൂടെ വേദികള്‍ പങ്കിട്ടിട്ടുണ്ട്. വെസ്റ്റേണ്‍ ഇന്‍സ്ട്രമെന്റ്‌സായ സാക്‌സോഫോണ്‍ ഒക്കെ വെച്ച് അവരുടെ കൂടെ നൃത്തം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്‌കവിതകള്‍ക്ക് നൃത്തഭാഷ്യം നല്‍കിയിട്ടുണ്ട്. തിയേറ്റര്‍ഗ്രൂപ്പുമായി സഹകരിച്ച് ചെയ്തിട്ടുണ്ട്. ഈ ഒരു ഘട്ടത്തിലും ഞാന്‍ പഠിച്ചുവന്ന പരമ്പരാഗതരീതി എനിക്കതൊരു വിലങ്ങുതടിയായി തോന്നിയിട്ടില്ല.

ഏറ്റവും പ്രധാനപ്പെട്ട സംഗതി ഒരാശയം ആവിഷ്‌ക്കരിക്കുമ്പോള്‍ അത് കാണികളില്‍ ചെന്നെത്തണമെന്നുള്ളതാണ്. അല്ലെങ്കില്‍ നമ്മുടെ കല അവിടെ പരാജയപ്പെടും. അതിനുവേണ്ടി നമ്മള്‍ ശ്രമിക്കുകയെന്നതാണ് പ്രധാനം. അതിനുവേണ്ടി പഠിച്ചുവന്ന ചിട്ടയായ രീതികള്‍ ഏതൊക്കെ രീതിയില്‍, എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം അതിന്റെ ഏറ്റവും മാക്‌സിമം നമുക്ക് സ്ട്രച്ച് ചെയ്തുകൊണ്ട് ചെയ്യാന്‍ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം. കാണികള്‍ക്ക് നമ്മള്‍ എന്താണ് ചെയ്യുന്നതെന്നുള്ളത് മനസ്സിലാവണം എന്നതാണ് പ്രധാനം.

വിഷയത്തോട് നമ്മള്‍ നൂറുശതമാനം നീതിപുലര്‍ത്തണം. ഇതു രണ്ടുമാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. അതിലേക്കുള്ള വഴിയാണ് നമ്മള്‍ പഠിച്ചുവരുന്ന ഈ രീതികള്‍, ചിട്ടകള്‍ എല്ലാം. ഇത് രണ്ടും കൂട്ടിമുട്ടു മ്പോള്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. എനിക്കൊരിക്കലും അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ല. ട്രഡീഷന്‍ എക്‌സിസ്റ്റ്‌സ് ഫോര്‍ എ പര്‍പ്പസ്. ഭരതനാട്യം രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ഒന്നായിട്ടാണ് കരുതപ്പെടുന്നത്. ആ ഒരു പാരമ്പര്യത്തിന്റെ കണ്ണിയാണ് നമ്മളൊക്കെ. അതൊരിക്കലും എനിക്ക് റെസ്ട്രിക്റ്റിങ്ങ് ഫാക്ടര്‍ ആയി തോന്നിയിട്ടില്ല.

കല എന്നത് മാറിക്കൊണ്ടിരിക്കും. മാറ്റം അനിവാര്യമാണ്. ജീവിതത്തിലും അങ്ങനെതന്നെയാണല്ലോ. ജീവിതം തന്നെ സങ്കീര്‍ണ്ണമാണ്. ജീവിതം പോലെ സങ്കീര്‍ണ്ണമാണ് നൃത്തവും എന്ന് പറയുന്നതില്‍ തെറ്റില്ല. സോ ചേഞ്ച് ഈസ് കോണ്‍സ്റ്റന്റ്. നൃത്തത്തില്‍ കാലപരിണാമത്താല്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പണ്ട് വളരെ സിംപിളായിരുന്നു, ഇന്ന് വളരെ കോംപ്ലക്സ്സാണ്. കാലാനുസൃതമായി വന്ന മാറ്റങ്ങളാണ് പലതും.

എന്റേത് ആര്‍ഭാടമായ ശൈലിയല്ല

കലയുടെ, മാറുന്ന നൃത്തത്തെ, അതിന്റെ കോംപ്ലക്‌സിറ്റിയെക്കുറിച്ചുമൊക്കെ പല പഠനങ്ങളും പരീക്ഷണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. കല എന്നും മാറ്റങ്ങളുടെയും പരീക്ഷണങ്ങളുടെയും ഒരു കാലത്തിലൂടെയാണ് സഞ്ചരിച്ചിട്ടുള്ളത്. കലയുടെ സങ്കീര്‍ണ്ണതയെ കുറിച്ച്, സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിശദമാക്കാമോ?

എല്ലാ കലകളിലും സങ്കീര്‍ണ്ണത സംഭവിച്ചിട്ടുണ്ട്. നൃത്തത്തില്‍ മാത്രമല്ല, കര്‍ണ്ണാടകസംഗീതം, ശാസ്ത്രീയനൃത്തം, ഏത് മേഖലയെടുത്താലും അതിന്റെ കോംപ്ലക്‌സിറ്റി കൂടിയിട്ടുണ്ട്. പല കാരണങ്ങളാണ് ഇതിനുള്ളത്. ഒന്നാമതായി പ്രാക്ടീഷ്‌ണേഴ്‌സ് കൂടി. അതായത് ഇത് പ്രൊഫഷനായി, കുറെക്കൂടി സീരിയസായി കൊണ്ടുനടക്കുന്നവരുടെ എണ്ണം കൂടി. ഒരുപാട് ചെറുപ്പക്കാര്‍ ഇതിലേക്ക് വരാന്‍ തുടങ്ങി. അപ്പോള്‍ നമ്മള്‍ എങ്ങനെ മറ്റുള്ളവരേക്കാള്‍ മുന്നിട്ടുനില്‍ക്കും എന്നുള്ളതാണ് പ്രധാന വിഷയം. ഉദാഹരണത്തിന് ചെന്നൈയില്‍ മാത്രം ഇന്ന് അയ്യായിരത്തിലേറെ കച്ചേരികള്‍ മാര്‍കഴി എന്ന ഒരൊറ്റ സീസണില്‍ നടക്കുന്നുണ്ട്. ഇതിലേതിനൊക്കെ പോകണം എന്ന് ആളുകള്‍ തിരഞ്ഞെടുപ്പ് നടത്തും. ആ കലാകാരനെ/കലാകാരിയെ കുറിച്ച് കേട്ടറിഞ്ഞിട്ടുള്ള ആളുകളേ വരികയുള്ളൂ. അങ്ങനെ ആളുകൾ വരുന്ന നിലയിലേക്ക് നമ്മള്‍ ഉയരണമെങ്കില്‍ എന്തൊക്കെ ചെയ്യണം? അങ്ങനെ വരുമ്പോഴാണ് ഞാന്‍ പറഞ്ഞ ഈ കോംപ്ലക്‌സിറ്റിയുടെ വിഷയം വരുന്നത്.

പണ്ടത്തെ ഭരതനാട്യം വര്‍ണ്ണത്തിലെ ഒരു ജതിയെടുത്താല്‍, എന്റെ അമ്മയൊക്കെ ചെയ്തിരുന്ന കാലത്ത് നാല് അല്ലെങ്കില്‍ മാക്‌സിമം അഞ്ചോ ആറോ ആവര്‍ത്തനത്തില്‍ ഒരു ജതി കഴിയും. അതിപ്പോള്‍ ത്രികാല ജതിയായാലും ശരി. ഇന്നങ്ങനെയല്ല. ഒരു ജതി ചിലപ്പോള്‍ നാല് മിനിട്ട്, അഞ്ച് മിനിട്ട്, ആറ് മിനിട്ട് കഴിയും. അപ്പോള്‍ ഡാന്‍സറുടെ സ്റ്റാമിന, ശുദ്ധനൃത്തം ചെയ്യുന്നതില്‍ അവരുടെ പാടവം ഇതൊക്കെ തെളിയിക്കുന്ന സംഗതിയായി മാറിയിരിക്കുകയാണ്. പലപ്പോഴും എന്താണ് സംഭവിക്കുന്നതെന്നുവെച്ചാല്‍ ഉള്ളടക്കത്തേക്കാള്‍ ഒരു കലാകാരന് അവരുടെ പേഴ്‌സണാലിറ്റിയെ പുറത്തുകൊണ്ടുവരാന്‍ സാധിക്കുന്ന രീതിയിലുള്ള ചിട്ടപ്പെടുത്തലുകള്‍ വേണ്ടിവരും. ഇങ്ങനെയൊക്കെയാകുമ്പോഴാണ് അത് കുറെക്കൂടി കോംപ്ലക്‌സാകുന്നത്.

എന്റെ ചെറുപ്പത്തില്‍ ഞാന്‍ പഠിച്ച കണക്കല്ല ഇന്നിപ്പോള്‍ എന്റെ മകന്‍ പഠിക്കുന്നത്. എവരിതിങ് ഹാസ്‌ ബികം മോര്‍ കോംപ്ലക്‌സ്. ജീവിതം തന്നെ കോംപ്ലക്‌സായെന്ന് പറയാം. മുമ്പ് കൂടിവന്നാല്‍ ഒരു ടീച്ചര്‍, ഒരു അദ്ധ്യാപകന്‍, ഒരു ഡോക്ടര്‍ എന്നിങ്ങനെ ചുരുക്കം പ്രൊഫഷന്‍സേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഒരുപാട് പ്രൊഫഷനുകളുണ്ട്. എല്ലാവര്‍ക്കും അവരുടെതായ സ്‌പേസ് ഉണ്ട്. അങ്ങനെ വരുമ്പോള്‍ സ്‌പെഷലൈസേഷന്‍, സൂപ്പര്‍ സ്‌പെഷലൈസേഷന്‍, മൈക്രോ സ്‌പെഷലൈസേഷന്‍ ഒക്കെ വേണ്ടിവരും. ഈ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അതുപോലെ തന്നെ ഡൈവേഴ്‌സിഫിക്കേഷന്‍, ഒരാള്‍ ഒരു തൊഴില്‍ മാത്രമല്ലാതെ പല തൊഴിലുകള്‍ ചെയ്യുക, പല കാര്യങ്ങളില്‍ അവര്‍ എക്‌സ്‌പെര്‍ട്ടായിരിക്കുക, അങ്ങനെയൊക്കെ വരുമ്പോള്‍ ഒരുപാട് ഡൈവേഴ്‌സിഫിക്കേഷന്‍ ഉള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഒരു ആര്‍ട്ടിസ്റ്റായ ആളുതന്നെ അതേസമയം സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായിരിക്കും. ഇങ്ങനെയൊക്കെയുള്ളപ്പോള്‍ എവരിതിങ് ബികംസ്‌ കോംപ്ലക്‌സ്. വളരെ ലളിതമായ ജീവിതരീതി തന്നെയില്ല ഇപ്പോള്‍ നമുക്ക്. അപ്പോള്‍ ലാളിത്യം മാറി കുറെക്കൂടി സങ്കീര്‍ണ്ണമായൊരു അവസ്ഥ നമ്മുടെ കലയിലും പ്രതിഫലിക്കും. അതാണെനിക്ക് തോന്നുന്നത്.

അശ്വതി

ലബാന്‍, ബാറ്റ്‌നിഫ്, മാര്‍ത്താഗ്രഹാന്‍ തുടങ്ങി ലോകത്തിന്റെ പലഭാഗത്തായി പല കാലഘട്ടങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന ഡാന്‍സ് ടെക്‌നിക്കുകളുണ്ട്. ചിലരൊക്കെ ശാസ്ത്രീയനൃത്തത്തിലും ഈ ടെക്‌നിക്‌സ് ഉള്‍പ്പെടുത്തിക്കൊണ്ട് ചെയ്യുന്നുണ്ട്. കോംപ്ലക്‌സിറ്റി ഒരുപക്ഷെ അങ്ങനെയുള്ള പരീക്ഷണങ്ങളിലൂടെയും ആവാം. പക്ഷെ, ഈച്ച് ടെക്‌നിക്ക് ഹാസ് സംതിങ് വെരി യുണീക്. ഓരോ ടെക്‌നിക്കിനും അതിന്റേതായ പ്രത്യേകതകളുണ്ട്. നമ്മള്‍ കൊളാബറേറ്റഡ് വര്‍ക്‌സ്, വേറൊരു ആര്‍ട്ടിസ്റ്റിന്റെ, വേറൊരു മീഡിയം കൈകാര്യം ചെയ്യുന്ന ഒരു കലാകാരന്റെ/ കലാകാരിയുടെ കൂടെ ചേര്‍ന്നു കൊണ്ട് സൃഷ്ടികള്‍ ചെയ്യുമ്പോള്‍ ഒരു കൊടുക്കല്‍വാങ്ങല്‍പ്രക്രിയയിലൂടെ മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുകയുള്ളൂ. അവിടെ കോംപ്ലക്‌സ് എന്ന് പറയാന്‍ പറ്റില്ല. കാരണം, പ്രമേയം എന്താണോ അത് ഓഡിയന്‍സിലേക്ക് എത്തിക്കുകയെന്നതാണ് പ്രധാനം. അതാണ് ലക്ഷ്യം. അത് നേടാൻ വേണ്ടിയിട്ടാണല്ലോ നമ്മള്‍ പലപ്പോഴും കൊളാബറേറ്റഡ് വര്‍ക്‌സ് ചെയ്യുന്നത്. അതുകൊണ്ടല്ല കോംപ്ലക്‌സാവുന്നത്. കോംപ്ലക്‌സിറ്റിഹാസ്‌ ബികം എ പാര്‍ട്ട് ഓഫ് ലൈഫ്. അത് ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുന്നു. റിലേഷന്‍ഷിപ്‌സ് ആര്‍ ബികമിംഗ് കോംപ്ലക്‌സ്. ആളുകളുടെ ചിന്ത മാറിത്തുടങ്ങി. അങ്ങനെയുള്ള കാര്യങ്ങള്‍ കലയിലും പ്രതിഫലിക്കുന്നു.

എന്നിരുന്നാലും, ഞാന്‍ മനസ്സുകൊണ്ട് ഏറ്റവും ഇഷ്ടപ്പെടുന്നത് സിംപ്ലിസിറ്റിയാണ്. ഒരുപാട് ആര്‍ഭാടമില്ലാത്തൊരു ഒരു ശൈലിയാണ് എന്റേത്. എപ്പോഴും എനിക്കതേ ഇഷ്ടമുള്ളൂ. ഒരുപക്ഷെ ഞാന്‍ അങ്ങനെയുള്ളൊരാളായതു കൊണ്ടായിരിക്കാം. ഒരുപാട് ആര്‍ഭാടങ്ങള്‍ എന്റെ നൃത്തത്തിലോ എഴുത്തിലോ ഇല്ല. എനിക്കങ്ങനെ എഴുതാനും നൃത്തം ചെയ്യാനും അറിഞ്ഞുകൂടാ. പാത്രസൃഷ്ടിക്കുവേണ്ടി ഒരുപക്ഷെ, കാണിച്ചേക്കാമെന്നല്ലാതെ പൊതുവെ നോക്കുകയാണെങ്കില്‍ എന്റെ നൃത്തത്തിന്റെ സ്വഭാവം അങ്ങനെയൊരു ആര്‍ഭാടം നിറഞ്ഞതല്ല.

Read More:സുനിഷ് എഴുതിയ മറ്റു കുറിപ്പുകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Ashwathy v nair interview

Best of Express