“ഞാൻ നാസയിലെത്തി” പരിഹസിച്ചവർക്ക് മറുപടിയുമായി കൊടുവളളിക്കാരി അഷ്ന

“ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ റിസര്‍ച്ച് പ്രൊപ്പോസല്‍ തീര്‍ത്തു. സബ്മിഷന്റെ വെറും പത്തുമിനിറ്റ് മുമ്പ് മെയിലയച്ചു. പത്തുദിവസത്തെ കാത്തിരിപ്പിനു ശേഷം ഒരു രാത്രി, 12.30ന് അവരുടെ ആക്‌സെപ്റ്റന്‍സ് ലെറ്റര്‍ വന്നു. ജീവിതത്തില്‍ ഒരുപാട് റിജെക്ഷന്‍ ലെറ്ററുകള്‍ക്കു ശേഷം… അന്നും ഞാന്‍ കരഞ്ഞു. സന്തോഷം കൊണ്ട്.”

Ashna Sudhakar, NASA

‘നിങ്ങള്‍ തീവ്രമായി എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, ആ ആഗ്രഹം സഫലമാക്കാന്‍ ഈ പ്രപഞ്ചം മുഴുവന്‍ നിങ്ങളുടെ സഹായത്തിനെത്തും.’

അഷ്‌നയെക്കുറിച്ച് പറഞ്ഞു തുടങ്ങാന്‍ പൗലോ കൊയ്‌ലോയുടെ ഈ വാക്കുകള്‍ തന്നെയാകും ഏറ്റവും ഉചിതം. രാത്രികാലങ്ങളില്‍ തന്റെ വീടിന്റെ മുറ്റത്ത് ആകാശത്തെ നക്ഷത്രങ്ങളെ അത്ഭുതത്തോടെ നോക്കിയിരുന്ന അഷ്‌ന സുധാകര്‍ എന്ന കൊടുവള്ളിക്കാരി, ഇന്ന് അമേരിക്കയിലെ നാസ സ്‌പെയ്‌സ് സെന്ററില്‍ ഇന്റേണ്‍ഷിപ്പിനെത്തിയതിന്റെ പിന്നില്‍ ഇച്ഛയാണ്. സ്വപ്‌നത്തിന്റെ ആവേഗങ്ങളില്‍ ആകാശയാത്രകള്‍ നടത്തിയവളെക്കുറിച്ച്…

‘കോഴിക്കോട്ടെ ഗവണ്‍മെന്റ് പന്നൂര്‍ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ഒരിക്കല്‍ രാഷ്ട്രപതിയെ കാണാന്‍ തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാര്‍ത്ഥികളില്‍ ഒരുവളായി വേദവ്യാസ വിദ്യാലയത്തിലെത്തി. ഡോ. എപിജെ അബ്ദുള്‍ കലാം. സ്വപ്‌നം കാണാനാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, ആവര്‍ത്തിച്ച് പറഞ്ഞത്. ജീവിതത്തില്‍ വ്യക്തമായ ഒരു ലക്ഷ്യബോധം ഉണ്ടാകേണ്ടതിന്റെയും, അതിനു വേണ്ടി സ്വപ്‌നങ്ങള്‍ സ്വരുക്കൂട്ടി വയ്‌ക്കേണ്ടതിന്റേയും, ഉത്സാഹത്തോടെ ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നതിനായി പരിശ്രമിക്കേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ച് ഞാന്‍ തിരിച്ചറിഞ്ഞത് അവിടെ വച്ചായിരുന്നു… അദ്ദേഹം പങ്കുവച്ച ജീവിത കഥ അത്രയധികം സ്വാധീനിച്ചു.’

Ashna Sudhakar, NASA

ഒരുപാട് പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളുടെ ആകാശങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി കടന്നുപോയ ഒരുവളുണ്ടായിരുന്നു നമുക്കിടയില്‍-കല്‍പ്പന ചൗള. പെണ്‍കുട്ടികള്‍ കടന്നുചെല്ലാന്‍ മടിച്ചിരുന്ന ഒരു തൊഴില്‍ മേഖലയിലേയ്ക്ക്, പെണ്‍കുട്ടികള്‍ക്ക് സാധിക്കില്ല എന്ന് സമൂഹം കരുതിയിരുന്ന ഒരു രംഗത്തേയ്ക്ക് ധൈര്യത്തോടെ കടന്നുചെന്ന കല്‍പ്പന തനിക്ക് പിറകേ വരാനുള്ള ഒട്ടനേകം യുവമനസുകള്‍ക്ക് വഴികാട്ടിയാവുകയായിരുന്നു. ആകാശത്തെക്കുറിച്ചോര്‍ക്കുമ്പോളൊക്കെ അഷ്‌നയുടെ മനസിലും നിറയുന്നത് കല്‍പ്പനയായിരുന്നു. തിളങ്ങുന്ന കണ്ണുകളും ആകര്‍ഷകമായ ചിരിയുമുള്ള കല്‍പ്പനയുടെ ചിത്രം ഹൃദയത്തോട് ചേര്‍ത്തുവച്ചാണ് അഷ്‌ന വളര്‍ന്നത്.

‘ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണം, സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം. കല്‍പ്പനയെ പോലെ, കഷ്ടപ്പെട്ടു പഠിക്കുന്ന ഓരോ കുട്ടിക്കും ഒരു പ്രചോദനമാകണം എന്ന ആഗ്രഹം. പത്താം ക്ലാസില്‍ നല്ല മാര്‍ക്കു കിട്ടിയപ്പോള്‍ സമ്മാനമായി കിട്ടിയ ടേബിള്‍ ലാമ്പ്, കറണ്ടില്ലാത്ത എന്റെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ കരച്ചിലിനു പകരം ചിരിക്കാന്‍ പ്രേരിപ്പിച്ചത് ആ സ്വപ്‌നമായിരുന്നു.. പാമ്പന്‍ പാലത്തിനു താഴെ പത്രത്താളുകള്‍ പെറുക്കിയെടുത്ത കലാമിന്റെ ചിത്രമായിരുന്നു.’

ചിറകുകള്‍ പൂഴ്ത്തിവയ്ക്കാതെ പറക്കാന്‍ പറഞ്ഞ അച്ഛനും അമ്മയുമായിരുന്നു അഷ്‌നയ്ക്ക്. സ്വന്തം ആവശ്യങ്ങള്‍ മാറ്റിവച്ച് കഷ്ടപ്പാടുകള്‍ അറിയിക്കാതെ രണ്ടു പെണ്‍മക്കളെ വളര്‍ത്തുമ്പോള്‍ എല്ലാവരും ചോദിച്ചു ‘പെണ്‍മക്കളെ എന്തിനാ ഇത്ര പഠിപ്പിക്കുന്നത്’ എന്ന്. ‘എനിക്ക് രണ്ട് പെണ്‍കുട്ടികളേയുള്ളൂ, ആണ്‍കുട്ടികളില്ല പഠിപ്പിക്കാന്‍. അതുകൊണ്ട് ഞാനവരെ പഠിക്കാന്‍ വിടും. അവര്‍ പഠിക്കട്ടെ വേണ്ടുവോളം’ എന്നു പറഞ്ഞ അച്ഛന്‍. ഓടിത്തളരുമ്പോള്‍ ‘വീണു പോകല്ലേടീ സയിന്റിസ്‌റ്റേ’ എന്നു പറയാറുള്ള അമ്മയുടെ ചിരിക്കുന്ന മുഖം..

പ്ലസ്ടുവിന് നല്ല മാര്‍ക്ക് വാങ്ങിയിട്ടും എഞ്ചിനിയറിങും മെഡിസിനും തിരഞ്ഞെടുക്കാതെ ബിഎസ് സി ഫിസിക്‌സിനു ചേര്‍ന്നപ്പോള്‍ എല്ലാവരും പരിഹസിച്ചു. ആ പരിഹാസങ്ങളെല്ലാം അഷ്‌നയ്ക്ക് ഊര്‍ജം പകരുകയായിരുന്നു യഥാര്‍ത്ഥത്തില്‍. പിന്നീട് സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്തു. ശേഷം എംഎസ്സി ഫിസിക്‌സ് ചെയ്തു. അക്കാലത്താണ് വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുന്നത്. ആദ്യമയച്ച അപേക്ഷ തള്ളിക്കളഞ്ഞെങ്കിലും നിരന്തരമായ പ്രയത്‌നത്തിലൂടെ അഷ്‌ന അവിടെ എത്തിച്ചേര്‍ന്നു. ശേഷം എംഫില്‍ പഠനകാലത്ത് ആറുമാസം കൊടൈക്കനാല്‍ ഒബ്‌സര്‍വേറ്ററിയില്‍ ചെയ്ത ഗവേഷണം. എല്ലാം സ്വപ്‌നം പോലെയാണ് അഷ്‌നയ്ക്ക്.

Ashna Sudhakar
അഷ്ന ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ

‘സ്‌കൂള്‍കാലത്ത് ഒരു ടൂര്‍ പോലും പോകാത്ത ഞാന്‍ കൊടൈക്കനാലിലേക്ക് അച്ഛനേയും കൂട്ടി ഇന്റര്‍വ്യൂവിന് പോയി. മരംകോച്ചുന്ന ഫെബ്രുവരിയില്‍ ഒരു സ്വെറ്റര്‍ പോലും കൈയ്യിലില്ലാതെ തണുത്തുവിറച്ച്.. ഇന്റര്‍വ്യൂവിന് ഒടുവില്‍ അവിടുത്തെ റെസിഡെന്റ് സയിന്റിസ്റ്റ് അച്ഛനോടു പറഞ്ഞു: ഇനിയവളെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കണം. ആര്‍ക്കറിയാം ഇവള്‍ ഒരിക്കല്‍ ആകാശത്തേക്ക് യാത്ര ചെയ്യില്ല എന്ന്…’

എംഫിലിനു ശേഷം ഐഎസ്ആര്‍ഒയുടെ നിരവധി പ്രോജക്ട് ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തെങ്കിലും സെലക്ട് ചെയ്യപ്പെട്ടില്ല. ഓരോ ഇന്റര്‍വ്യൂ കഴിഞ്ഞ് തിരിച്ചു വരുമ്പോളും ട്രെയിനിലിരുന്ന് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി അഷ്‌നയുടെ ഓര്‍മ്മകളില്‍ എപ്പോളുമുണ്ട്. ഓരോ വീഴ്ചയില്‍ നിന്നും എഴുന്നേറ്റു നില്‍ക്കാനും, നടക്കാനും പ്രേരിപ്പിച്ചത്, ലാബിലെ മേശപ്പുറത്ത് സൂക്ഷിച്ചുവെച്ച കല്‍പ്പന ചൗളയുടെ ചിത്രമായിരുന്നു. ജീവിതം വീണ്ടും അഷ്‌നയ്ക്ക് അത്ഭുതങ്ങള്‍ കാട്ടിക്കൊടുത്തത് മഹാരാഷ്ട്രയിലെ സാംഗ്ലി സ്‌പേസ് സ്‌കൂളിന്റെ രൂപത്തിലായിരുന്നു.

Kalpana Chawla, Ashna Sudhakar

‘പരമ്പരാഗത ആഢ്യത്വം അഹങ്കാരമാക്കിയ കേരളത്തിലെ പല ഗവേഷണ സര്‍വ്വകലാശാലകളിലെയും മനം മടുപ്പിക്കുന്ന തനിയാവര്‍ത്തന വിരസതയില്‍ നിന്നും ആലീസിന്റെ അത്ഭുതലോകത്തേക്കായിരുന്നു ഞാനെത്തിയത്. അവിടുത്തെ ക്ലാസുകളും സൗഹൃദങ്ങളും വീണ്ടും പ്രതീക്ഷയുടെ ആകാശത്തേക്ക് കൊണ്ടു പോയി.’

പത്തുദിവസത്തെ ക്ലാസിനു ശേഷം തിരുവനന്തപുരത്തെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ദിവസം അഷ്‌ന തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചു:

‘ജീവിതം എന്നെ വഴിതിരിച്ചു വിടുന്നുണ്ട്. സ്വപ്‌നങ്ങള്‍ക്ക് ശക്തിയുണ്ടെങ്കില്‍, ഞാന്‍ കല്‍പ്പന ചൗളയുടെ ഓര്‍മ്മകളുള്ള ഒരിടത്ത് എത്തിയിരിക്കും.’ അതെ. അതൊരു ഉറപ്പായിരുന്നു. സ്വപ്നത്തെ മുറുകെ പിടിക്കാനുള്ള ധൈര്യമായിരുന്നു.

നാസയിലെ വിസിറ്റിങ് റിസര്‍ച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നുവെന്നു കേട്ടപ്പോള്‍ എല്ലാവരും ‘നാസയിലോ!’ എന്നു പുച്ഛിച്ചത് അഷ്‌ന മറന്നിട്ടില്ല. അവിടുന്നങ്ങോട്ട് ഒന്നരമാസത്തെ കഠിനാധ്വാനം. ഉറക്കമില്ലാത്ത രാത്രികള്‍. തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ കേള്‍ക്കേണ്ടി വരുന്ന പരിഹാസങ്ങള്‍…

‘ഹോസ്റ്റല്‍ മുറിയിലിരുന്ന് കരഞ്ഞിട്ടുണ്ട് ഞാൻ. കൂട്ടുകാരായിരുന്നു ആശ്വാസം. പ്രതീക്ഷയുടെ പ്രോത്സാഹനങ്ങള്‍ നല്‍കി ഹോസ്റ്റല്‍ മുറിയിലെ രണ്ടാംനിലയില്‍ ജനാലയോട് ചേര്‍ത്തിട്ട കട്ടിലില്‍ കിടന്ന് ആകാശത്തെ, നക്ഷത്രങ്ങളെ നോക്കി പിന്നെയും സ്വപ്‌നം കണ്ടു. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ റിസര്‍ച്ച് പ്രൊപ്പോസല്‍ തീര്‍ത്തു. സബ്‌മിഷന്രെ  വെറും പത്തുമിനിറ്റ് മുമ്പ് മെയിലയച്ചു. പത്തുദിവസത്തെ കാത്തിരിപ്പിനു ശേഷം ഒരു രാത്രി, 12.30ന് അത് സ്വീകരിച്ചുകൊണ്ടുളള  അവരുടെ കത്ത് വന്നു. ജീവിതത്തില്‍ ഒരുപാട് റിജെക്ഷന്‍ ലെറ്ററുകള്‍ക്കു ശേഷം… അന്നും ഞാന്‍ കരഞ്ഞു. സന്തോഷം കൊണ്ട്.’

പക്ഷെ, അവിടംകൊണ്ടും പ്രതിസന്ധികള്‍ തീര്‍ന്നില്ല. നാസയുടെ കത്തുമായി ചെന്നൈയിലെ അമേരിക്കന്‍ എംബസിയില്‍ വിസയ്ക്കായി എത്തിയപ്പോള്‍ അധികാരികള്‍ ആ കത്തിനെ അവിശ്വസിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയും നാസയും തമ്മില്‍ എന്തു ബന്ധമെന്നു പുച്ഛിച്ചു. ചെന്നൈയിലെ പൊരിവെയിലത്ത് വാടിത്തളര്‍ന്ന തന്നെ അന്ന് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചത് ഭര്‍ത്താവ് ഉമേഷായിരുന്നുവെന്ന് അഷ്‌ന.

‘നിന്നെ നാസ സ്വീകരിച്ചതാണ്. നീ ചെയ്യുന്നത് സത്യസന്ധമായ കാര്യമാണ്. നിന്റെ സ്വപ്‌നത്തിന്റെ വക്കിലെത്തി നില്‍ക്കുന്നുണ്ട്. ഇന്നു തന്നെ ഒരുതവണകൂടി നമ്മള്‍ അപേക്ഷിക്കും. കിട്ടുന്നതുവരെ ഇന്റര്‍വ്യൂവിന് വരികയും ചെയ്യും.’ ഉമേഷ് ആശ്വസിപ്പിച്ചു.

ഒടുവില്‍ ഒരുമാസത്തെ കാത്തിരിപ്പിനു ശേഷം അഷ്‌നയെ തേടി ഇന്റര്‍വ്യൂവിനുള്ള വിളിയെത്തി. എങ്ങനെ നാസയിലെത്തിയെന്ന് ചോദ്യത്തിന് മറുപടി നല്‍കിക്കഴിഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു ആ പെണ്‍കുട്ടിയുടെ. ആ ഇച്ഛാശക്തിയുടെ മുന്നില്‍ എല്ലാ തടസങ്ങളും മാറിക്കൊടുത്തു.

അഷ്‌ന അമേരിക്കയിലേക്ക് പറന്നു.

Ashna Sudhakar, NASA
നാസയിലെ സുഹൃത്തുക്കൾക്കൊപ്പം അഷ്ന

‘നാസയിലെ ആദ്യദിവസം… എന്റെ ഗൈഡ് വന്ന് എന്നെ നാസയുടെ സെക്യൂരിറ്റി ചെക്കിംഗ് ചെയ്തു. ഐഡി കാര്‍ഡ് തന്നു. ചന്ദ്രനില്‍ കാലു കുത്തിയ അനുഭവമായിരിന്നു. പലപ്പോളും സ്വപ്‌നത്തിലല്ല എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താന്‍ സ്വന്തം കൈത്തലം പിടിച്ചു നോക്കാറുണ്ടായിരുന്നു ഞാന്‍. ഇവിടുത്തെ ഗവേഷണം രസകരമാണ്. സൂര്യനില്‍ നിന്നും വരുന്ന റേഡിയോ കിരണങ്ങളെക്കുറിച്ചാണ് ഞാന്‍ പഠിക്കുന്നത്. ഉറക്കമൊഴിച്ചിരുന്ന് വായിച്ച പേപ്പറുകളിലെ പേരുകളെയെല്ലാം നേരില്‍ കണ്ടപ്പോള്‍, സംസാരിച്ചപ്പോള്‍ സന്തോഷമായിരുന്നു ഉള്ളുനിറയെ. ഓരോ നിമിഷവും മനസില്‍ പുതിയ പ്രതീക്ഷകള്‍ നിറയ്ക്കുന്നവരാണിവിടെ ഉള്ളവര്‍. സ്ഥാനമാനങ്ങളോ വലിപ്പച്ചെറുപ്പങ്ങളോ നോക്കാതെ എല്ലാവരും സംസാരിക്കുന്നത് ശാസ്ത്രത്തെക്കുറിച്ച്. സ്വാര്‍ത്ഥതയില്ലാതെ കുഞ്ഞുകുഞ്ഞു തെറ്റുകള്‍ തിരുത്തി കൂടെ നില്‍ക്കുന്നവര്‍.. ശാസ്ത്രലോകത്തെ സ്വതന്ത്രമാക്കിവിടാന്‍ പറയുന്നവര്‍. ഇന്ത്യയിലെ പോലെ ഗവേഷണം ഏതെങ്കലും ഒരു വലിയ സ്ഥാപനത്തിന്റെ കുത്തകയാകാതിരിക്കുക എന്നത് വലിയ കാര്യമാണ്..’

വീണ്ടും ആൽകെമിസ്റ്റിലേക്ക് തിരിച്ചുവന്നാൽ ‘സഫലമാക്കാൻ തക്കവണ്ണമുള്ളൊരു സ്വപ്‌നം മനസ്സിലുണ്ടാകുമ്പോഴേ ജീവിതം അർഥപൂർണമാകൂ…’ കോളേജ് പഠനകാലത്ത് ആരോടും പറയാതെ കലാമിന്റെ നാടായ രാമേശ്വരത്തേക്ക് വണ്ടികയറിയത് വെറുമൊരു വട്ടിന്റെ പുറത്തായിരുന്നില്ല… അല്ലെങ്കില്‍ ആര്‍ക്കാണില്ലാത്തത് ജീവിക്കാന്‍ ഇങ്ങനെ ചില ഭ്രാന്തുകള്‍.. ചില ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍..

ചിത്രങ്ങൾക്ക് കടപ്പാട്: ഫെയ്സ്ബുക്ക് 

Get the latest Malayalam news and Features news here. You can also read all the Features news by following us on Twitter, Facebook and Telegram.

Web Title: Ashna sudhakar a girl to dare to dream nasa apj abdul kalam

Next Story
ഒരു തലമുറയ്ക്ക് വാതിലും വഴിയും തുറന്നു തന്ന ഒരമ്മkunjulakshmi amma teacher, naxalbari, police action,
The moderation of comments is automated and not cleared manually by malayalam.indianexpress.com