scorecardresearch

അത്രമാത്രം കടപ്പെട്ടിരിക്കുന്നു; പ്രാണന്‍ കൊണ്ടും സ്‌നേഹം കൊണ്ടും ആ അത്മാവിനോടു ഞാന്‍…

ഏതു വീഴ്ചയിലും എനിക്കു തിരിച്ചു വരാന്‍, പിടിച്ചു കയറാന്‍ നിങ്ങളുടെ കഥയക്ഷരങ്ങളുണ്ടല്ലോ. പിന്നെ ഞാനെങ്ങനെയാണ് തോല്‍ക്കുക? ഒറ്റയ്ക്കാവുക?

അത്രമാത്രം കടപ്പെട്ടിരിക്കുന്നു; പ്രാണന്‍ കൊണ്ടും സ്‌നേഹം കൊണ്ടും ആ അത്മാവിനോടു ഞാന്‍…

എല്ലാക്കാലത്തും കഥയെഴുത്തില്‍ എനിക്ക് എന്റെ ഭാഗവതവും രാമായണവും ഭഗവദ്ഗീതയും ഖുറാനും ബൈബിളും അഷിതയുടെ കഥകളായിരുന്നു.

ഇതിലില്ലാത്തത് വേറൊരിടത്തുമില്ല എന്നെനിക്കു മുന്നില്‍ വിടര്‍ത്തി വച്ച മഹാഭാരതം ആയിരുന്നു എനിക്കെന്റെ അഷിതയക്ഷരങ്ങള്‍… മറ്റാരും മലയാളത്തിലെന്നെ ഇതു പോലെ മോഹിപ്പിച്ചിട്ടില്ല.

അമ്പലത്തില്‍ പ്രദക്ഷിണ വഴിയിലെന്ന പോലെ ആ ‘ചെറു’ ചെറുകഥകള്‍ക്കു പിന്നാലെ പദം വച്ച് പദം വച്ച് പുറകേ നടക്കാന്‍ തുടങ്ങിയത് പത്താം ക്‌ളാസില്‍ വച്ചാണ്. പിന്നെയാണ് ആ അക്ഷരം, കത്തിലൂടെ കണ്ടത്. അതും കഴിഞ്ഞ് ഏറെ നാള്‍ കഴിഞ്ഞാണ് ആ ഭസ്മക്കുറി രൂപം നേര്‍ക്കുനേര്‍ കാണായി വന്നത്. പിന്നെയും നാളേറെ കഴിഞ്ഞാണ് സ്വന്തം കൈയക്ഷരത്തിലെഴുതിയ ഒരു ജീവല്‍വാക്യത്തോടൊപ്പം ‘അഷിതയുടെ കഥകള്‍’ എനിക്കഷിത തന്നത്. പിന്നെയാണ് എത്രയോ അഷിതപ്പുസ്തകങ്ങളുടെ പ്രകാശനത്തിനെന്റെ രൂപവും ശബ്ദവും, കൂടെ കൂട്ടി നിന്ന് അഷിത ഒരു വലിയ കളിക്കുട്ടിയായത്. പിന്നെയുമെപ്പോഴോ ആണ് പല അഷിതപ്പുസ്തകങ്ങളുടെയും മുഖവുരയെഴുത്തിന് ‘നീ മതി’യെന്ന് പറഞ്ഞെന്റെ ചെറിയ അക്ഷരങ്ങളെ ലോകസമക്ഷം വലുതാക്കി കാണിച്ചത്.

ഒരു ‘മയില്‍പ്പീലിസ്പര്‍ശ’തിരക്കഥയെഴുതാനേല്‍പ്പിച്ചെന്നെ അസുഖക്കിടക്കയില്‍ നിന്നെഴുന്നേല്‍പ്പിച്ചതും പിന്നീട്. ‘നോവലൈറ്റുകളെ അടിസ്ഥാനമാക്കി ശിഹാബുദ്ദീന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കപ്പുറം ചെറുകഥയെ അടിസ്ഥാനമാക്കി ഒരു അഭിമുഖം നീ ചെയ്യണം’ എന്നും ‘എന്റെ ഏതു കഥയെടുത്തും നീ തിരക്കഥയെഴുതിക്കോ’ എന്നും മിണ്ടുമ്പം മിണ്ടുമ്പം പറഞ്ഞതും പിന്നെയാണ്. ‘നീ എന്റെ ചില കഥകളിലെ വാചകങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ ഞാന്‍ നെഞ്ചിടിപ്പോടെ ഇരിക്കും, ആ കഥ ഉറവയെടുക്കാനുള്ള ഹേതുവായ ആ വാചകത്തില്‍ തന്നെയായിരിക്കും നീ പിടിക്കുന്നത്, നിനക്കു മാത്രമേ അതു പറ്റുള്ളൂ’ എന്നെന്നെ വല്യപുള്ളിയാക്കിയതും എപ്പോഴാണ്?

ashita ,memories,priya a s
എല്ലാക്കാലത്തും കഥയെഴുത്തില്‍ എനിക്ക് എന്റെ ഭാഗവതവും രാമായണവും ഭഗവദ്ഗീതയും ഖുറാനും ബൈബിളും അഷിതയുടെ കഥകളായിരുന്നു

‘ചെറിയമ്മയ്ക്ക് ഒരു കഥ’ എന്ന് മാധ്യമത്തില്‍ കഥയെഴുതിയത് എന്നെയും അഷിതയെയും ചില സമാന അനുഭവങ്ങളുടെ നേര്‍ത്തവരകള്‍ കൊണ്ട് കൂട്ടിയോജിപ്പിച്ചു കൊണ്ടാണ്. എന്റെ അമ്മയേക്കാള്‍ എനിക്കു പ്രിയപ്പെട്ട എന്റെ കുഞ്ഞമ്മയുടെ ഓര്‍മ്മയില്‍ ഞാനങ്ങനെ അഷിതയെ ‘ചെറ്യമ്മ’യാക്കിയെങ്കിലും ഒരിക്കലും ആ വിളി നേര്‍ക്കുനേരെ ഉണ്ടായതേയില്ല. സംബോധനയില്ലാതെ, അല്ലെങ്കില്‍ സംബോധനകള്‍ക്കുമപ്പുറത്തുള്ള ഒരു ബന്ധം. ഇണങ്ങി, പിണങ്ങി, തട്ടി, തലോടി, കളിയാക്കി, വിമര്‍ശിച്ച് അങ്ങനെയങ്ങനെ പോയി.

നല്ല വികൃതിയും കുസൃതിയും കുട്ടിത്തവും കൂട്ടിക്കുഴച്ച് ആത്മീയതയുടെ മൂശയിലേക്കിട്ടപ്പോഴാണ് അഷിതയുണ്ടായത് എന്നാണെന്റെ വിശ്വാസം.

ഒരിക്കല്‍ സ്വയം ഒരു അബദ്ധത്തില്‍ ചെന്നു ചാടിയിട്ട് നല്ല നോവോടെ എങ്കിലും വടക്കന്‍പാട്ടുകാരിയായി നിന്ന്
‘അരിങ്ങോടന്‍ നീട്ടിയ നീട്ടെനിക്ക്
എള്ളോളം തന്നെ മുറിഞ്ഞതുള്ളു
ചെറ്യോള് ചെയ്ത ചതിയാണു പ്രിയേ
ചെറ്യോള് ചെയ്ത ചതിയാണച്ഛാ ‘എന്നു പാടി എന്നെ ചിരിപ്പിച്ചതിന് കണക്കില്ല.

ചില നിസ്സാരകാര്യങ്ങളെ നിസ്സാരകാര്യങ്ങളാക്കി തട്ടിക്കളയാന്‍ പഠിപ്പിച്ചത്, ‘നീ പോയി ബൂ ഹഹഹ’ എന്ന് ശിവാജി ഗണേശന്‍ മട്ടില്‍ ചിരിക്കെ’ന്നു പറഞ്ഞാണ്.

‘അഷിതയുടെ കഥകള്‍’ എന്ന പുസ്തകത്തില്‍ കോറിയിട്ട
Dear Priya,
Some flowers do not yield fragrance until they are crushed
Love,
Ashitha
എന്ന വാചകത്തിലൂടെ എനിക്കു കിട്ടിയത്, കാലം എന്നെ കശക്കി ഞെരിക്കുന്നതൊക്കെ കൂടുതല്‍ സുഗന്ധം എന്റെ വാക്കിലും നോക്കിലും നടപ്പിലും ഇരിപ്പിലും വരാന്‍ വേണ്ടിയാണ് എന്ന ഒരു പിടിവള്ളിയാണ്, ചിലപ്പോഴൊക്കെ സ്വയവും എന്നെ കശക്കാറുണ്ടായിരുന്നു, അല്പനേരം മുഖം വീര്‍പ്പിച്ചു ഞാനിരിക്കുമ്പോഴും എന്റെ കഥയും ജീവിതവും ഇനിയും സുഗന്ധപൂരിതമാകാന്‍ വേണ്ടിത്തന്നെയാണാ കശക്കല്‍ എന്നിയാമായിരുന്നു. എന്നിട്ടെന്നെ സ്ഫുടം ചെയ്യാന്‍ പറ്റിയോ ചെറ്യമ്മേ? ഇല്ലല്ലോ അല്ലേ?

‘അത് ഞാനായിരുന്നു’ എന്ന ആത്മകഥാപരമായ അഷിതപ്പുസ്തകത്തിന്റെ പ്രകാശനപരിപാടിയിലേക്ക് ‘അവള്‍ വന്നാല്‍ കൊള്ളാമെന്നുണ്ട്’ എന്നു പറഞ്ഞതായി മാതൃഭൂമി ബുക്‌സിലെ ശ്രീകുമാര്‍ അറിയിച്ചതും ഞാന്‍ സമ്മതിച്ചു.

എനിക്ക് കാണണമായിരുന്നു അസുഖ ശേഷമുള്ള അഷിതയെ. കണ്ടിട്ട് ഒരുപാടു കാലമായിരുന്നു. ‘പറയാം നമുക്കു കഥകള്‍’ എന്ന കുട്ടിക്കഥകളുടെ പ്രകാശനത്തിനു തിരുവനന്തപുരത്തു വച്ചു കണ്ടതില്‍പ്പിന്നെ അമൃതയിലെ ചികിത്സാക്കാലത്തു പോലും ഞാന്‍ കണ്ടിരുന്നില്ല. കാണാനായി വരുന്നുവെന്നു പ്‌ളാനിട്ടാല്‍, ‘ഇപ്പോ വേണ്ട’ എന്ന് ഒഴിവുകഴിവ് ചിലപ്പോള്‍ മയത്തിലും ചിലപ്പോള്‍ ദേഷ്യപ്പെട്ടും പറഞ്ഞെന്നിരിക്കും എന്നറിയാമായിരുന്നു. ചെന്നു കാണാന്‍ നല്ലൊരു പഴുതാണ് ‘അത് ഞാനായിരുന്നു’ പുസ്തകത്തിന്റെ പ്രകാശനം എന്നു തോന്നി.

Read more: മേമയ്ക്ക്…സ്വന്തം അപു

ashita,memories, priya a s
അത്രമാത്രം കടപ്പെട്ടിരിക്കുന്നു; പ്രാണന്‍ കൊണ്ടും സ്‌നേഹം കൊണ്ടും ആ അത്മാവിനോടു ഞാന്‍

അല്ലെങ്കിലും അഷിത വിളിച്ചാല്‍, ‘വരണം പ്രിയ’ എന്നാഗ്രഹിച്ചാല്‍ ഞാന്‍ ചെല്ലാതിരിക്കുന്ന ഒരിടം, അങ്ങിനെയൊന്നുണ്ടോ ഈ ലോകത്തിലെവിടെയെങ്കിലും? അത്രമാത്രം കടപ്പെട്ടിരിക്കുന്നു; പ്രാണന്‍ കൊണ്ടും സ്‌നേഹം കൊണ്ടും ആ അത്മാവിനോടു ഞാന്‍.

എന്റെ അസുഖതീവ്രതകളുടെ മൂന്നു കൊല്ലം മുമ്പുള്ള മരണോന്മുഖനേരത്ത് എന്നെ അരുമയായി, വാത്സല്യാതിരേകത്തോടെ ചേര്‍ത്തു പിടിച്ചു മരണത്തില്‍ നിന്നു മാറ്റി നടത്തിച്ച കൈയാണ്, ആ കൈയില്‍ മുഖം ചേര്‍ത്തു വച്ചാണ് അക്കാലം ഞാന്‍ ഉറങ്ങിയിരുന്നത്, ആ കൈയില്‍ തൂങ്ങിയാണ് ഞാന്‍ എഴുന്നേറ്റു വന്നത്, ആ കൈയാണ് എണീക്കെന്നെന്നെ നെറ്റിയില്‍ കൈ വച്ചു വിളിച്ചിരുന്നത്, ആ കൈയാണ് മരുന്നു രുചികളെ നേര്‍പ്പിച്ചു തന്ന് എന്നെ ദു:സ്വപ്‌നങ്ങള്‍ക്ക് കൊടുക്കാതെ ജീവിതത്തില്‍ത്തന്നെ പിടിച്ചു വച്ചത്. ‘മരുന്നു കഴിച്ചോ നീയ്, ഊണു കഴിച്ചോ നീയ്’ എന്നു നാമം പോലെ ജപിച്ച് എപ്പോഴും ഏതു നേരവും ഇടതടവില്ലാതെ ഒരിക്കലും ഒരു നിമിഷം പോലും കൈയൊഴിയാതെ കൂടെ നിന്ന പെരുങ്കടല്‍സ്‌നേഹം.

വിഷ്ണു സഹസ്രനാമത്തിന് ലളിതവ്യാഖ്യാനം എഴുതുന്ന കാലമായിരുന്നു അഷിതയന്ന്. സ്വന്തം കൈപ്പടയിലെഴുതിയതിന്റെ കോപ്പി അയച്ചു തന്നു കൊണ്ടിരുന്നു. പ്രൂഫ് റെഡിയായപ്പോഴതും എത്തിച്ചു, വായിക്കാന്‍ ത്രാണിയില്ലാത്ത എന്റെ കിടക്കക്കരികെ അത് വച്ചാല്‍ മതിയെന്ന് അമ്മയോട് പറഞ്ഞു. എനിക്കു വയ്യാതായ കാലം, അമ്മയോട് മിണ്ടി എന്നുമെന്റെ വിവരം തിരക്കി. അമൃതയില്‍ നിന്ന് തിരിച്ചു വരും വഴി എന്‍റെ വീട്ടില്‍ രാമന്‍കുട്ടി മാഷോടൊപ്പം വന്നു കയറി എന്‍റെ കിടപ്പുകട്ടിലിന്റെ കാല്‍ക്കലിരുന്ന് എന്നെ ഉറ്റു നോക്കി.

‘വിഷ്ണു സഹസ്രനാമം വ്യാഖ്യാനം’ പുസ്തകമാകാന്‍ പാകത്തിലായപ്പോഴേക്ക് ഞാന്‍ എണീറ്റു കഴിഞ്ഞിരുന്നു. ഇനി വീടു വിട്ട് എന്റെ വകയായി ഒരു പദചലനം പോലുമില്ല എന്നു വിചാരിച്ചിരുന്ന ഞാന്‍ തൃശൂര്‍ വച്ചു നടന്ന പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തു. ഞാനല്ല, ആരാണോ ആ പുസ്തകത്തിനു നിമിത്തമായത് ആ ആള്‍, അതായത് മാലാ പാര്‍വ്വതിയാണ് അത് പ്രകാശന വേളയില്‍ സ്വീകരിക്കേണ്ടത് എന്നു നിരന്തരം ഞാന്‍ ഓര്‍മ്മിപ്പിച്ചു. ആഷാ മേനോനും ശ്രീബാലയും, ചികിത്സകനായും മകനായും ഒരുപാടുകാലമായി കൂടെയുള്ള ഡോ ശ്രീനാഥും താമരപ്പൂക്കളും സാക്ഷി നില്‍ക്കെ വെളിച്ചം കണ്ട ആ പുസ്തകപ്രകാശന ചടങ്ങില്‍ പാര്‍വ്വതി-  ‘ഇതൊന്നു മനസ്സിലാക്കിത്തരൂ അമ്മേ ലളിതമായി’ എന്നഷിതയുടെ മുന്നില്‍ ആവശ്യമുന്നയിച്ച പാര്‍വ്വതി തന്നെ അതേറ്റു വാങ്ങി. ‘നീയാണതിനു കാരണമായത്, എന്റെ ഉള്ളറിഞ്ഞതു നീയാണ് ‘എന്നെന്നെ അന്ന് ചേര്‍ത്തു പിടിച്ചു.

Read more: ഒരു കീറ് അഷിതയാകാശത്തിലെ മേഘവിസ്‌ഫോടനങ്ങള്‍

ashita ,memories, priya a s
‘വിഷ്ണു സഹസ്രനാമം വ്യാഖ്യാനം’ പുസ്തകമാകാന്‍ പാകത്തിലായപ്പോഴേക്ക് ഞാന്‍ എണീറ്റു കഴിഞ്ഞിരുന്നു

‘അത് ഞാനായിരുന്നു’ എന്നത് ഞാനുള്‍പ്പെടുന്ന മൂന്നാമത്തെ അഷിതപ്പുസ്തകത്തിന്റെ പ്രകാശനമായിരുന്നു. ഏതൊക്കെയോ അഷിതപ്പുസ്തകങ്ങള്‍ക്ക് മുഖക്കുറിപ്പുമെഴുതി, അസുഖക്കിടക്കയില്‍ നിന്ന് ഞാനെഴുന്നേറ്റു വന്നത് അഷിത എന്ന ഒറ്റയാളുടെ അക്ഷരങ്ങള്‍ പുസ്തകമാക്കുന്നതു സംബന്ധമായ ഏടുകളില്‍ പങ്കെടുക്കാനാണ് എന്നു തന്നെ വിശ്വാസം വന്നു പോയ കാലമായിരുന്നു എനിക്ക് ഇക്കഴിഞ്ഞ മൂന്നു വര്‍ഷവും.

തൃശുര്‍ വച്ച് കവി ഗോപീകൃഷ്ണന്‍, തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന് കൊടുത്ത് ‘അത് ഞാനായിരുന്നു’ പ്രകാശനം ചെയ്ത ചെറുചടങ്ങു കഴിഞ്ഞതും ഞാനും ബിപിനും ദാമോദറും എന്ന കാര്‍സംഘം ‘അന്നപൂര്‍ണ്ണ’ എന്ന ആ വീട്ടില്‍ ചെന്ന് അഷിതയെ കാണുമ്പോള്‍, അഷിത പുതപ്പിനടിയില്‍ കിടന്നു കൊണ്ടാണ് സംസാരിച്ചത്. തണുപ്പാണ് എന്നു പറഞ്ഞു. എഴുന്നേല്‍ക്കാന്‍ വയ്യ എന്നും. ഉമയുടെ അമ്മ എന്ന ഛായ തോന്നിക്കും വിധം  മുഖം ഉമയുടേതു പോലെ ചതുരാകൃതിയിലായ അഷിത എനിക്ക് പുതുതായിരുന്നു. അത്രമേല്‍ ക്ഷീണിച്ച അഷിതയെ ഞാനാദ്യമായി കാണുകയായിരുന്നു. കൈ കൈയിലെടുത്തു പിടിച്ച്, ‘നിന്നെ കാണണമെന്ന് വലിയ ആശയുണ്ടായിരുന്നു’ എന്നു പറഞ്ഞു. ‘വിളിക്കായിരുന്നില്ലേ, ഞാന്‍ വരുമായിരുന്നില്ലേ?’ എന്ന ചോദ്യത്തിന് ‘നിനക്ക് ഈ രൂപം കണ്ട് സങ്കടാവും, നിനക്കിത് താങ്ങാനാവില്ല എന്നു കരുതിയാണ് വരണ്ട എന്നു പറഞ്ഞിരുന്നത്’ എന്ന് കൈയിലുമ്മ വച്ചു.

ബിപിന്‍ എന്ന തല്ലിപ്പൊളിച്ചെക്കന്‍ എന്നെ കളിയാക്കി ഓരോന്നു പറഞ്ഞ് ചിരി തൂവിയിട്ടതിനു മേലെ ഉമ കൊണ്ടു വന്ന ചായ. അതും കഴിഞ്ഞ് പോകാന്‍ നേരം നെറ്റിയില്‍ കൊടുത്ത ഉമ്മയെ ഉമ്മ വച്ചത് ‘നിനക്ക് ക്യാന്‍സര്‍ വരില്ല പ്രിയേ, ഞാനെടുത്തിട്ടുണ്ട് അതെല്ലാം’ എന്നു പറഞ്ഞാണ്. എനിക്കസുഖം മൂക്കുമ്പോഴൊക്കെയും പറഞ്ഞിരുന്നു, നിനക്കും നിന്റെ കരളിനും ഒന്നും വരില്ല, അതെല്ലാം ഞാനെടുത്തിട്ടുണ്ട്.

ഏതു തോളില്‍ ചാരും മുമ്പും ഞാന്‍ അഷിതയുടെ അനുവാദം വാങ്ങിച്ചിരുന്നു. ഞാനെണീക്കാന്‍ സഹായകമായ ഏതു തോളിലും ചായാന്‍ മുന്‍പിന്‍ നോക്കാതെ, തെറ്റും ശരിയും തൂക്കി നോക്കാതെ അഷിതയെനിക്ക് അനുവാദം തന്നു. ആശുപത്രിക്കാലത്ത് എനിക്ക് കാണാന്‍ മോഹമുള്ളതാരെയെന്ന് ഉള്ളു വായിച്ചറിഞ്ഞു. എന്റെ ആനന്ദങ്ങളെ വിളിച്ചു വരുത്താന്‍ ഭൂമിയോളം താഴാനും തയ്യാറായി. ആ നേരം മറ്റൊന്നുമല്ല എന്റെ പ്രാണന്റെ മിടിപ്പായിരുന്നു അഷിതക്കാവശ്യം.

‘ഇനി നീ നിന്റെ അസുഖകാലത്ത് ചേര്‍ത്തു വച്ച ആ ആനന്ദങ്ങളെ പറിച്ചെറിയ്’ എന്നു പിന്നെ ഏതോ ഒരിടത്തു വച്ച് പറഞ്ഞപ്പോള്‍, ഞാനത് കേള്‍ക്കാതെ നിന്ന് ‘അനുവാദം വാങ്ങിയിട്ടല്ലേ ചെയ്തത്?’ എന്നു വഴക്കാളിയായി. അപ്പോഴൊക്കെ എന്നോട് കൂട്ടുവെട്ടി. പിന്നെയും ഞങ്ങളിലൊരാള്‍ അലിഞ്ഞു.

കുടുക്കുകളെ കുറിച്ചും തകര്‍ച്ചകളെക്കുറിച്ചും മുന്നറിയിപ്പു തരുന്ന ആള്‍ തന്നെ കുടുങ്ങിത്തകര്‍ന്ന് ചിലപ്പോള്‍ ചായാന്‍ വന്നു, ‘പ്രിയേ’ എന്നു നീട്ടിവിളിച്ച്. ആ വിളി, ഫോണിലെ മെസേജ് ബോക്‌സില്‍ വരുമ്പോഴറിയാം എവിടുന്നോ കണക്കിനു കിട്ടിയിരിക്കുന്നുവെന്ന്. ‘അയ്യോ, പൊത്തോ എന്നു പറഞ്ഞ് എന്റടുത്ത് വരരുത് എന്നു നീ അന്നേ പറഞ്ഞതാണ്’ എന്നു പറഞ്ഞ് ഒരു ഈഗോയുമില്ലാതെ എന്റെടുത്തുവന്ന് ചാഞ്ഞു നിന്നു.’സാരമില്ല’ എന്നു പ്രിയം പറഞ്ഞു ഞാന്‍ വീണ്ടും പ്രിയയായി.

പക്ഷേ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ പോയി അടിച്ചുതല്ലി വീഴുമ്പോള്‍ എന്റെ ഈഗോ കളയാതെ എനിക്ക് നോവുന്നത് പറയാതെ ഞാന്‍ നിന്നു. ഞാന്‍ തോല്‍ക്കുന്നത് എന്റെ ചെറ്യമ്മ കാണുന്നതെനിക്കിഷ്ടമില്ലായിരുന്നു.’നീ നിന്റെ തോല്‍വികളില്‍ തകര്‍ന്നു പോവും’ എന്നു പറഞ്ഞതൊക്കെയും തോല്‍വികള്‍, വരാനിരിക്കുന്ന തോല്‍വികളെക്കുറിച്ചുള്ള അവബോധം തരാനായിരിക്കാം. ‘നീ വീഴും നീ വീഴും’ എന്നു കേള്‍ക്കുന്ന കുട്ടി, അത് കൂസാതെ ഓടിച്ചാടി വീഴുമ്പോള്‍ ആ മുന്നറിയിപ്പു മുന്നേ നടന്നു പോയതു കൊണ്ടാവും ‘അത്ര വേദനിക്കില്ല’ എന്നതു പോലെ എനിക്കും അത്ര വേദനിക്കില്ലായിരിക്കും ചെറ്യമ്മേ എവിടെ പതറി വീണാലും എന്ന് ശാന്തികവാടത്തിലെ ഇലക്ട്രിക് ശ്മശാനത്തിനു മുന്നില്‍ നില്‍ക്കുമ്പോഴും ഞാനോര്‍ത്തു. ഏതു വീഴ്ചയിലും എനിക്കു തിരിച്ചു വരാന്‍, പിടിച്ചു കയറാന്‍ നിങ്ങളുടെ കഥയക്ഷരങ്ങളുണ്ടല്ലോ. പിന്നെ ഞാനെങ്ങനെയാണ് തോല്‍ക്കുക? ഒറ്റയ്ക്കാവുക?

നോക്ക് എന്റെ ചെറ്യമ്മേ, പാര്‍വ്വതി പട്ടുസാരിയുടുപ്പിച്ച് സുന്ദരിയാക്കി വിളക്കില്‍ തിരിയുമിട്ടു പോയ ഇടത്തു വച്ച് ഞാന്‍ ‘അന്നപൂര്‍ണ്ണ’യിലേക്ക് എത്തിച്ചേര്‍ന്നു. മൂക്കുത്തി ഊരി വച്ച മൂക്കിലെ ദ്വാരം തെളിഞ്ഞു കാണാമായിരുന്നു. ആ മൂക്കുത്തി ഊരിയപ്പോഴാണ് മുഴുവന്‍ പ്രാണനും പോയത്, അല്ലേ? എന്റെ അസുഖകാലങ്ങളില്‍ എന്നെ പരിചയപ്പെടുത്തി മണിക്കൂറുകളോളം ഞങ്ങളെ സംസാരിപ്പിച്ചതിനു ശേഷമുള്ള രണ്ടാമത്തെ കാഴ്ചയായി ഡോ.ശ്രീനാഥ്… അന്ന് ലളിതസഹസ്രനാമ പ്രകാശനവേളയില്‍ ചമ്രം പടിഞ്ഞിരുന്ന് കീര്‍ത്തനം ചൊല്ലിയ ഡോക്ടര്‍, ഉമ എന്ന മകള്‍ക്കപ്പുറം മകനായി രാമന്‍കുട്ടിമാഷിനു തൊട്ടു പുറകില്‍ താങ്ങായി നിഴലായി നിന്നു.

ഡോക്ടര്‍ ശ്രീനാഥ് പറഞ്ഞതാണ് ശരി, സ്വന്തം വീട്ടുകാര്‍ പടിക്കു പുറത്തു നിര്‍ത്തിയപ്പോള്‍ അഷിത പടിയിറങ്ങിപ്പോയി ഒരു സമാന്തര കുടുംബമുണ്ടാക്കി. ലോകത്തുള്ള ആര്‍ക്കും കടന്നു വരാവുന്ന കുടുംബം. കടന്നു വന്ന എല്ലാവരെയും തന്നാലാവുന്നത്ര പരസ്പരം കോര്‍ത്തുമിട്ടു.

കഴിഞ്ഞയാഴ്ച ഞാന്‍ പുസ്തകം അടുക്കലിലായിരുന്നു. ഉള്ള അഷിതപ്പുസ്തകങ്ങളെല്ലാം പെറുക്കിക്കൂട്ടി ഒരിടത്ത് ചേര്‍ത്തു ചേര്‍ത്തു വച്ചു. ‘ടു  കുഞ്ഞുണ്ണി ദ മാസ്റ്റര്‍ സ്റ്റോറി ടെല്ലര്‍, ലവ് ആന്റ് ബ്‌ളെസിങ്‌സ് ‘എന്നെഴുതിയ ‘പറയാം നമുക്കു കഥകള്‍’ എടുത്ത് മറിച്ചു നോക്കിയിരുന്നത് യാത്രയയപ്പിന്റെ ആദ്യ പടിയായിരുന്നുവോ?

ashita ,memories, priya a s
സ്വന്തം വീട്ടുകാര്‍ പടിക്കു പുറത്തു നിര്‍ത്തിയപ്പോള്‍ അഷിത പടിയിറങ്ങിപ്പോയി ഒരു സമാന്തര കുടുംബമുണ്ടാക്കി

‘സ്‌നേഹം തന്നെ സ്‌നേഹത്താലെഴുതിയത്’ എന്ന അഷിതയെഴുതിയ കത്തുകളുടെ സമാഹാരത്തില്‍, രാമന്‍കുട്ടിമാഷ് അഷിതക്ക് കല്യാണത്തിനു മുമ്പെഴുതിയ കത്തുകളുണ്ട്. മാഷിനോടുള്ള ചില്ലറ പരിഭവങ്ങള്‍ അഷിത നിരത്തുമ്പോള്‍, അന്നത്തെ കത്തുകള്‍ ഇന്നോളം സൂക്ഷിച്ച ആള്‍, പുസ്തകത്തിന്റെ പ്‌ളാന്‍ വിരിഞ്ഞു വരുമ്പോള്‍ത്തന്നെ ആ കത്തുപുസ്തകത്തില്‍ ചേര്‍ക്കാനായി ആ കത്തുകളെടുത്തു സ്വമേധയാ കൊണ്ടു വന്ന ആള്‍ എന്നോര്‍മ്മിപ്പിച്ച് നിരന്തരം അഷിതയെ നിരായുധയാക്കിപ്പോന്നു ഞാന്‍. പക്ഷേ ഒരിക്കല്‍ സഹികെട്ട് അഷിത എന്റെ വാദത്തെ മറുവെട്ട് വെട്ടി താഴെയിട്ടു, ‘നിനക്കറിയാഞ്ഞിട്ടാണ് പ്രിയേ, മാഷ് വല്ലാത്ത കണിശവും ചിട്ടയുമൊക്കെ ചേര്‍ത്ത് എല്ലാം ഫയല്‍ ചെയ്യുന്ന ആളാണ്, എന്നെക്കുറിച്ചു വന്ന ഊമക്കത്തു വരെ മാഷ് ഫയല് ചെയ്തിട്ടുണ്ട്.’ അതു കേട്ടു ഞാന്‍ ചിരിച്ച ഊറിച്ചിരി ഇതെഴുതുമ്പോഴും എന്റെ ചുണ്ടത്തുണ്ട്.

ഒരു മരണവും കാണാന്‍ പോകാത്ത ഞാന്‍ ആ ഇലക്ടിക് തുരങ്കത്തിലേക്ക് അഗ്നി കയറിപ്പിടിക്കും വരെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. ഒടുവില്‍ ആ സാരി നിറവും തീനിറവും ഒന്നായി എന്ന് ഞാന്‍ ഉമയോട് പിന്നെ പറഞ്ഞു. ആ ഇലക്ട്രിക് ബെല്‍റ്റ് ഓണാക്കാന്‍ തുടങ്ങിയപ്പോള്‍ ‘ചേട്ടന്‍ മദ്രാസില്‍ നിന്ന് എത്തുന്നു’ എന്നു പറഞ്ഞ് കുറച്ചു നേരം കൂടി കിടക്കേണ്ടി വന്നില്ലായിരുന്നുവെങ്കില്‍ കബന്ധന്റെ മോക്ഷവഴിയിലെ സ്തുതി കാവാലം ശ്രീകുമാര്‍ ‘ഹൃദയരാഗ’ത്തില്‍ പാടിത്തീരുമ്പോള്‍ത്തന്നെ അഗ്നിക്കു വന്ന് ദേവസവിധത്തിലേക്ക് നിങ്ങളെ കൊണ്ടു പോകാനാകില്ലായിരുന്നു. ‘തുംഗനാം വിരാട് പുമാനാകിയ ഭഗവാന്‍ തന്നംഗങ്ങളല്ലോ പതിനാലു ലോകവും നൂനം’ എന്ന വരികളിലൂടെ നാഭി നഭസ്ഥലമാകുന്നതും മേഘജാലങ്ങള്‍ കേശങ്ങളാകുന്നതും കേട്ടു നില്‍ക്കുമ്പോള്‍ ഉള്ളു നിറഞ്ഞതു കൊണ്ടാവും കണ്ണുകള്‍ കരകവിഞ്ഞൊഴുകിയത്. സര്‍ക്കാര്‍ ബഹുമതികളോടെ സംസ്‌ക്കാരം എന്നു പറഞ്ഞപ്പോള്‍, ഉമ പറഞ്ഞു, ‘എനിക്കിതിനെല്ലാം കൂടി കിട്ടും. ‘ശിവജി ഗണേശന്‍ സ്റ്റൈലില്‍ ‘ബൂ ഹഹഹ’ എന്നു ചിരിച്ച് ‘എന്താപ്പാ ഈ കാണിക്കുന്നത്’ എന്ന് തലയില്‍ കൈവച്ചെണീറ്റു വരും എന്നു വിചാരിച്ച എന്റെ ‘കണ്ണീരടക്കം’ പക്ഷേ ആ സര്‍ക്കാര്‍ ബ്യൂഗിള്‍ വല്ലാതെ തകര്‍ത്തു കളഞ്ഞു ചെറ്യമ്മേ…

ആ പട്ടുസാരി മേല്‍ ചരിച്ച് വച്ചിരുന്ന രണ്ടു കൈകള്‍, അതിലെ നീള്‍വിരലുകള്‍- അതിലേക്കു നോക്കി നില്‍പ്പായിരുന്നു അവിടെ നിന്ന നേരമത്രയും ഞാന്‍. എനിയ്ക്ക് അഭയമായ ആ കൈവിരലുകള്‍, ആ വിരലോര്‍മ്മകള്‍. ബാക്കി കാലം തള്ളിനീക്കാന്‍ എനിക്കിത്രയുമൊക്കെ ധാരാളം. പക്ഷേ ഒന്നുണ്ട് ഞാനിനി അസുഖങ്ങളിലേക്കോ മരുന്നുകളിലേക്കോ ആശുപത്രികളിലേക്കോ ഇല്ല. എണീപ്പിക്കാന്‍, ഉറക്കാന്‍, തലോടാന്‍ ആ വിരലുകളില്ലാത്തിടത്തോളം ആ ധൂര്‍ത്തിനി എനിക്ക് പറ്റില്ല.

ഞാനാദ്യമായി പട്ടിടുന്നതും നിങ്ങള്‍ക്ക് ചെറ്യമ്മേ… ഉമയുടെ ഭര്‍ത്താവ് കണ്ണിലേക്കു നോക്കി പട്ടു നീട്ടിയപ്പോള്‍, ഞാന്‍ വാങ്ങാതിരുന്നിട്ടിനിയത് ബാക്കിയാവണ്ട എന്നു ഞാനറിയാതെ എന്റെ കൈ നീണ്ടുപോയി വാങ്ങിയ പട്ട്… പട്ടടയോളം ഞാന്‍ കൂട്ടു നിന്ന വേറൊരാളുടെയും പോക്ക് ഓര്‍ക്കാനെനിക്കില്ല താനും.

‘ഞാന്‍ പോകുമ്പോള്‍ നീ വീട്ടിലിരുന്നു ചൊല്ലണം’ എന്നു പറഞ്ഞേല്‍പ്പിച്ചിരുന്ന ഗുല്‍സാര്‍ക്കവിത എന്റെ കൈയില്‍ നിന്നു മാഞ്ഞു പോയിരുന്നു. കാറിലിരുന്ന് അത് വീണ്ടും സമ്പാദിച്ച് അവിടമെത്തുവോളം ഞാനത് ചൊല്ലി.

അഹിസ്ത ചല്‍ സിന്ദഗീ…

അബ് കയി കര്‍സ് ചുകാനാ ബാകി ഹെ

കുഛ് ദര്‍ദ് മിട്ടാന ബാകി ഹെ

കുഛ് ഫര്‍സ് നിഭാനാ ബാകി ഹെ

രഫതാര്‍ മേ തെരേ ചല്നെ സെ കുഛ് രൂത് ഗയെ, കുഛ് ചൂട്ട് ഗയെ

രോതോം കോ മനാനാ ബാകി  ഹെ

രോതോം കോ ഹസാനാ ബാകി ഹെ

കുഛ് ഹസ്‌രതേം അഭി അധൂരി ഹെ

കുഛ് കാം ഭി ഓര്‍ ജരൂരി ഹെ

കുഛ് രിശ്തെ ബന്കര്‍ ടൂറ്റ് ഗയെ,

കുഛ് ജുട്തെ-ജുട്തെ ചൂട്ട് ഗയെ

ഉൻ ടൂട്ടേ-ചൂട്ടേ രിശ്തോം കെ സഖ്മോകോ മിടാനാ ബാകി ഹെ

തൂ ആഗെ ചല്‍ മെ ആതാം ഹും

ക്യാ ഛോഡ് തുഛെ ജീ പാവൂംഗാ ?

നോക്ക് ചെറ്യമ്മേ, എന്നെ ഈ ഭൂമിയില്‍ പിടിച്ചു നിര്‍ത്തുന്ന കടമകളെക്കുറിച്ച് നിങ്ങള്‍ക്കും നമ്മുടെ ഗുല്‍സാറിനുമല്ലാതെ മറ്റാര്‍ക്കറിയാം? പക്ഷേ, നോക്ക് നിങ്ങളില്ലാതെ എനിക്കെങ്ങനെയാണ് ജീവിക്കാനാവുക?

Read More: അമ്മയിൽ ഉമ

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Ashitha short story writer memories priya as