വേനല്‍ തീവ്രമായി ഭൂമി ഊതനിറമുള്ള ഒരു പഴം പോലെ പഴുത്ത് ഞെട്ടറ്റ് വീഴുമോ എന്ന് പേടിച്ചുണര്‍ന്ന ഒരു ഉഷ്ണപ്രഭാതത്തിലാണ് അറിഞ്ഞത്. ഞെട്ടറ്റു വീണത് അഷിതയാണ്… എന്റെ മേമ… പക്ഷേ വീഴുകയല്ല, മേലോട്ടു കൊഴിയുന്ന ഒരിലപോലെ ഉയര്‍ന്നുയര്‍ന്ന് അനശ്വരമായ എന്തോ ഒന്നില്‍ അവര്‍ ലയിക്കുകയായിരുന്നു എന്നെനിക്ക് തോന്നി.
അപ്രതീക്ഷിതമല്ലാത്ത ആ വിയോഗം എന്റെ ഹൃദയത്തെ നീറ്റിയപ്പോള്‍ ഞാന്‍ ഓര്‍ത്തു. കത്തുകള്‍ വഴി ആത്മബന്ധം പുഷ്പിച്ച് സുഗന്ധം പരത്തിയ ആ കാലം എത്രയോ അകലെയായിരിക്കുന്നു. എന്തു കൊണ്ട് മേമയുമായി (കത്തുകളില്‍ ‘മേമ’ എന്നാണ് ഞാന്‍ അഷിതയെ വിളിച്ചിരുന്നത്… അമ്മയുടെ അനുജത്തി എന്ന അര്‍ത്ഥത്തില്‍) പിന്നീട് ഞാന്‍ ബന്ധം പുലര്‍ത്തിയില്ല… എനിക്കതിന് ഉത്തരമുണ്ട്. ഇരുപതുകളുടെ തുടക്കത്തിലുള്ള ഏതൊരു പെണ്‍കുട്ടിയേയും പോലെ ലോകം മുഴുവന്‍ പ്രണയം തുടിച്ചു നില്ക്കുന്നതായി തോന്നിയിരുന്ന കാലം… അന്ന് കഥകളിലൂടെയും, കത്തുകളിലൂടെയും അഷിതയെ ഞാന്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു. അന്നത്തെ ദാമ്പത്യ കഥകളെല്ലാം സ്നേഹത്തെക്കുറിച്ച് എന്നില്‍ ജിജ്ഞാസ ജനിപ്പിക്കുകയാണ് ചെയ്തത്. മനോഹരമായ ഒരു കാലത്തിന്റെ അതിമനോഹരമായ ഒരു ഏടായിരുന്നു അവരുമായുള്ള ബന്ധം. പിന്നീട് ജീവിതത്തോട് മുഖം തിരിഞ്ഞു നില്ക്കാന് തുടങ്ങിയപ്പോള്‍ ഞാന്‍ ഭൂതകാലവുമായി അത്യഗാധ പ്രണയത്തിലായി. ആ കാലത്തിന്റെ മാത്രം ഓര്‍മ്മയായി മേമയുമായുള്ള ബന്ധം നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ആ സൗഹൃദ കാലത്തെക്കുറിച്ചുള്ള ചിന്ത തന്നെ എന്റെ ഏറ്റവും വലിയ അഭയമായി മാറി.
Read more: അഭയവിരലുകള്, അഷിതവിരലുകള്
ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍, മരങ്ങള്‍ക്കിടയിലൂടെ മൂന്നു മണി വെയില് വാര്‍ന്നു വീഴുന്ന ‘സൗപര്‍ണ്ണിക’യിലേക്ക് പോസ്റ്റ്മാന് കൊണ്ടു വരുന്ന നീലനിറമുള്ള ഇന്‍ലന്‍ഡുകള്‍… അഷിതയുടെ ഭാഷയില്‍, കൊടുത്തയയ്ക്കുന്ന ഒരു കീറ് നീലാകാശം… ‘എന്റെ അപ്പു… സ്വന്തം മേമ’ എന്ന് തുടങ്ങിയവസാനിക്കുന്ന കത്തുകള്‍… ഒരു കഥ വായിക്കുന്ന പോലെ ഞാനും അമ്മയും കട്ടിലില്‍ ഒന്നിച്ചു കിടന്ന് അവ ആസ്വദിച്ചു വായിച്ചു. കവിതയും തത്വചിന്തയും തുളുമ്പുന്ന ഹ്രസ്വവരികള്… ഞാന്‍ അപ്പുവല്ല, അപുവാണ് എന്ന് പരിഭവിച്ചപ്പോള്‍ മേമയും കുസൃതിയോടെ എഴുതി. ‘അതു സാരമില്ല… ഞാന്‍ നിന്നെ അങ്ങനയേ വിളിക്കൂ… എന്റെ ഉമയെ ഞാനിടയ്ക്ക് ഉമ്മന്‍ചാണ്ടിയെന്ന് വിളിക്കാറുണ്ടല്ലോ.’
അധികം വൈകാതെ ഞാന്‍ വിവാഹിതയാവുകയും തിരുവനന്തപുരത്ത് എത്തുകയും ചെയ്തു. അഷിതയെ നേരിട്ട് കാണണമെന്ന് ഭര്‍ത്താവിനോട് പറയുകയും ചെയ്തു. ഭര്‍ത്താവിന് എഴുത്തുകാരെയൊന്നും അറിയില്ല. എങ്കിലും ‘പുതുപ്പെണ്ണ്’ കാണാന്‍ ആഗ്രഹിക്കുന്ന ആളുടെ അടുത്തേക്ക് കൊണ്ടു പോകാന്‍ തയ്യാറായി. കറങ്ങിത്തിരിഞ്ഞൊടുവില്‍ എത്തിപ്പെടുകയും ചെയ്തു. ഇടയ്ക്ക് വഴി ആരോടൊക്കെയോ ചോദിച്ചപ്പോള്‍ തൊട്ടടുത്ത് താമസിക്കുന്നവര്‍ക്കു പോലും അഷിതയെയോ, അഷിതയെന്ന എഴുത്തുകാരിയെയോ അറിയില്ലെന്ന് മനസ്സിലായി. വാതില്‍ തുറന്ന അഷിതയെ കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നു പോയി… ചിത്രങ്ങളില്‍ കാണുന്നതിനേക്കാള്‍ സാത്വിക സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മുഖം! മുടി മുഴുവന്‍ നരച്ചിരിക്കുന്നു. കണ്ണുകളിലും, ചുണ്ടുകളിലുമൊക്കെ പ്രകാശം… തേജസ്വിനിയായ ഒരു യോഗിനി പോലെ… സൗമ്യമായ ഭാവം – നനുത്ത വാക്കുകള്‍… ‘നരയ്ക്കിത്ര ഭംഗിയോ’ എന്ന് അറിയാതെ എപ്പോഴോ ചോദിച്ചു. ‘അതേ അപ്പൂ…’ മേമ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു. ‘എന്റെ മുടിയിഴകളോരോന്നും നരച്ചതല്ല, ചിരിക്കുകയാണ്’… ചിരിയുടെ പ്രകാശമാണത്… ഇറങ്ങാന്‍ നേരം, മേമയുടെ ഒരു സാരി നിര്‍ബന്ധപൂര്‍വ്വം എനിക്കു തന്നു. (എന്റെ മകളുടെ ഇരുപത്തെട്ടിന് ആ സാരിയുടുത്താണ് ഞാനവളെ മടിയില്‍ കിടത്തിയത്).
Also Read: അകലങ്ങളിരുന്നെഴുതി എന്നെ ഞാനാക്കിയ അഷിത
പിന്നീട് ഞാന്‍ മേമയെ കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചതുമില്ല. കത്തെഴുതലും നിന്നു. ഇരുപതുകളുടെ തുടക്കത്തില്‍ തന്നെയുള്ള വിവാഹം എന്നെ അടിമുടി പ്രണയത്തില്‍ നനച്ചു കളഞ്ഞു. ലോകം ഭര്‍ത്താവ് എന്ന ഒരൊറ്റ അച്ചുതണ്ടില്‍ കറങ്ങാന്‍ തുടങ്ങി. ഞാന്‍ പലതും മറന്നു.
മറന്നതെല്ലാം പിന്നീട് അതിശക്തമായി ഓര്‍മ്മിക്കേണ്ടി വരും എന്ന് ക്രമേണ ജീവിതം പഠിപ്പിച്ചു. വീണ്ടും ഞാന്‍ മേമയെ വായിക്കാന്‍ തുടങ്ങി. പെണ്‍കുട്ടിയേയും, സ്ത്രീയേയും ആ കഥകള്‍ ഒരേപോലെ പ്രലോഭിപ്പിക്കുന്നുവെന്നറിഞ്ഞു. ആദ്യം സ്നേഹത്തെക്കുറിച്ച് ജിജ്ഞാസയുണര്‍ത്തുന്ന അതേ കഥകള്‍ പിന്നീട് അവളുടെ ആത്മഭാഷണമായി മാറുന്നു. ‘ശിവേനസഹനര്ത്തനവും,’ ‘ഒരു സ്ത്രീയും പറയാത്തതും,’ ‘വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നതും’ വീണ്ടും വീണ്ടും വായിച്ച് ഞാന്‍ ഉള്ളില്‍ അവരെ നമിച്ചു. മേമ എഴുതിയതു പോലെ, എല്ലാ ദാമ്പത്യ നദികളും സ്വാഭാവികമായും ചെന്നു പതിക്കുന്ന ആ കടല്‍ എന്നിലും അലറാന്‍ തുടങ്ങിയിരുന്നു.
അസുഖമാണെന്നറിഞ്ഞപ്പോഴും, ഉള്ളില്‍ കരഞ്ഞതല്ലാതെ ഞാന്‍ വിളിച്ചില്ല. സ്വാതന്ത്ര്യം പുറത്ത് നിന്ന് താലത്തില്‍ വച്ചു നീട്ടുകയല്ല. മറിച്ച് അവനവന്റെ ഉള്ളിലാണ് ഉണരേണ്ടത് എന്ന് പറഞ്ഞ ആള്, എല്ലാ വാക്കുകള്‍ക്കും അപ്പുറത്താണ് എന്ന് എനിക്ക് അറിയാമായിരുന്നു. രോഗത്തിന്റെ യാതനകള്‍ നിറഞ്ഞ രാത്രികളെ മേമ ‘ഏഴുസുന്ദരരാത്രികള്‍’ എന്ന പാട്ടിന്റെ വരികള്‍ കടമെടുത്ത് വിശേഷിപ്പിച്ചത് അമ്മ വഴി അറിഞ്ഞപ്പോള്‍ ഉള്ളില്‍ ഒരു വിങ്ങലുണ്ടായി. എങ്കിലും വിളിക്കാന്‍ ഞാന്‍ അശക്തയായിരുന്നു. സ്നേഹമെന്ന മിഥ്യയെ അന്വേഷിച്ചന്വേഷിച്ചാണോ മേമ ആത്മീയമായ ഒരുണര്‍വ്വില്‍ എത്തിച്ചേര്‍ന്നത്… മുറിവേറ്റ പക്ഷിക്കുഞ്ഞിനെപ്പോലെയുള്ള ഒരു ഹൃദയം അപ്പോഴും ആ ഉള്ളിന്റെയുള്ളില്‍ മിടിക്കുന്നുണ്ടായിരുന്നില്ലേ… അതെങ്ങനെ എല്ലാം നേരിട്ടു… അതോ നേരിട്ടു എന്നുള്ളത് ഒരു തോന്നലാണോ… എനിക്കറിയില്ല.
ഒരിക്കല്‍ മേമ എഴുതി, ‘എപ്പോഴും തുറന്നു കിടക്കുന്ന ഒരു ദേവാലയമാണ് ഞാന്‍ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കടന്നു വരാം സംസാരിക്കാം…’ മേമയുമായി ഒരു വാക്കു പോലും കൈമാറാതിരുന്ന ഈ നീണ്ട കാലയളവില്‍ അവര്‍ എന്നില്‍ തുറന്നു കിടക്കുന്ന ഒരു ദേവാലയമായി മാറി. നിരന്തരം എന്റെയുള്ളില്‍ത്തന്നെ ഞാനവരെ സന്ദര്‍ശിച്ചു കൊണ്ടേയിരുന്നു. ആ ദേവാലയത്തിന്റെ ഭിത്തികളില്‍ മുഴുവന്‍ സ്നേഹമെന്ന ജീവിതത്തെക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു പ്രാചീന ലിപി പോലെ കോറിയിട്ടിരുന്നത്… വിശുദ്ധ സ്നേഹത്തിന്റെ വെളിച്ചത്തില്‍ പക്ഷേ ആര്‍ക്കും വായിക്കാവുന്ന ഒന്ന്… മേമ എനിക്കയച്ച ഒരു കത്തിലെ മേമയുടെ സ്വന്തം കവിതയിലെ വരികള്‍ പോലെ ലളിതവും ശക്തവുമായ ഒന്ന്…
Some days bloom
Some shed themselves
Life is seasonal…