എന്റെ അച്ഛമ്മയെപ്പോലെ കരുതലായിരുന്നു, എനിക്കഷിത. കാശില്ലാത്തപ്പൊ, അതറിഞ്ഞു പോക്കറ്റിൽ നോട്ടുകൾ നിറച്ചു തരുന്ന, ഒത്തിരി സംശയങ്ങളെ ഇത്തിരി മാത്രകൊണ്ടളന്ന് പേറ്റി, മുറ നന്മയുടെ വിശുദ്ധിയാർന്ന അമ്മ. ചങ്ക് പൊള്ളിയടർന്ന കണ്ണീർത്തുള്ളികൾ കോരി കഥവറ്റു ചേർത്തു വിളമ്പിയ തലനര. കൂരനുഭവങ്ങളുടെ ആവനാഴി ചങ്കിൽ കരുതുകയാൽ ഓരോ എയ്ത്തിലും ഹൃദയം മുറിഞ്ഞ എന്റെ പറവ. അതോർക്കുമ്പോ തന്നിൽ നിന്നടർന്നു പൊട്ടുന്ന മുളന്തണ്ടായി എന്റെ ഹൃദയം പറിഞ്ഞു വെമ്പുന്നുണ്ട്.
ഇരുളനക്കത്തിന്റെ പാതിരാപ്പേടിയിൽ കണ്ണുപൂട്ടിപ്പുണർന്നു കിടന്ന എന്റെ അച്ഛമ്മ നെഞ്ചിന്റെ സ്നേഹച്ചുരത്തലായിരുന്നു. കൊനഷ്ടും കരുതലും ഒന്നിച്ചു വിളമ്പിയ നീലഞരമ്പോടിയ കൈത്തണ്ടിൽ ചാഞ്ഞു കിടന്നു മയങ്ങിയ ഓർമ്മസന്ധ്യകളുടെ ചേക്കു ചില്ലകളിൽ താരാട്ടീണവുമായി കാറ്റ് ഊഞ്ഞാലാട്ടുന്നു. ആ തൊട്ടിലാട്ടത്തിന്റെ സ്നേഹസമൃദ്ധി വീണ്ടും പകർന്നു തന്നത് അഷിതയാണ്. മാതൃഭാവത്തിന്റെ നരച്ചാർത്ത്. നിത്യബാല്യത്തിന്റെ വിനയചൈതന്യം. നിഗൂഢ യൗവ്വനത്തിന്റെ കാവ്യഗന്ധം.
അഷിതാമ്മയുടെ നിർദേശപ്രകാരം അഷിത നടന്ന വഴികളിലൂടെ രണ്ടു വട്ടം നടന്നു. ഓർമ്മകളിൽ, പഴയന്നൂരെന്ന ഗ്രാമത്തിന്റെ നെല്ലു മണമുയരുന്നു. പറയളന്ന് പകലുകൾ പാലക്കാടൻ ചുരം താണ്ടുന്നു. സന്ധ്യയിൽ, പകൽവെളിച്ചത്തെ യാത്രയാക്കാൻ മടിച്ച് ഞാനൊറ്റയ്ക്ക് നിൽക്കുന്നു.
അഷിതയുടെ കൗമാരം തിരുവാതിര കുളിച്ച കുളക്കരയിൽ, യാത്ര പറഞ്ഞു പോയ ആതിര നിലാവ് വീണ്ടുമെത്തുമെന്ന് വെറുതേ മോഹിച്ചു നിൽക്കുന്നു. ഏറെ കർക്കശക്കാരനായി നിന്നിരുന്ന, കഥയിലെ ആ വലിയ തറവാടിന്റെ അസ്ഥിത്തറ കാടുപൊതിഞ്ഞു കാഴ്ച മറഞ്ഞുറങ്ങുന്നു.
മാനമതിരു തൊട്ട പാടക്കരയിലെ പരദേവത, മയിൽപ്പീലിക്ക് പിറകേ പാഞ്ഞ ഒരു ബാല്യത്തിന്റെ ഓർമ്മയിൽ ഒരു നാളമായി ഉലയുന്നു. കാറ്റിന്റെ കയ്യെന്നോർത്ത്, ഇനിയും ഇവിടെ നിൽക്കണ്ട, പോകാമെന്ന് പറഞ്ഞ ആ കൈകളിൽ ഞാൻ എന്നെയേൽപ്പിക്കുന്നു.
Read Here: അകലങ്ങളിരുന്നെഴുതി എന്നെ ഞാനാക്കിയ അഷിത
ജീവിതത്തിന്റെ ഏതോ ഒരു തിരിവിൽ വച്ചാണ് അഷിതയെ കണ്ടു മുട്ടുന്നത്. അതൊരു കൂട്ടിതൊടുവിക്കലായിരുന്നു. പ്രിയേച്ചി എന്ന് ഞാന്‍ വിളിക്കുന്ന മലയാളത്തിന്റെ പ്രിയ കഥാകാരി പ്രിയ എ എസ് ആണ് അഷിതയെ സ്നേഹം കൊണ്ടെഴുതിത്തന്നത്. പ്രിയേച്ചിയുടെ ഓർമ്മയെഴുത്തിലെപ്പോഴോ കണ്ട ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രം മാത്രമായിരുന്ന അഷിത, വർഷങ്ങൾക്ക് ശേഷം ‘മേഘവിസ്ഫോടനങ്ങൾ’ എന്ന ചെറുകഥയുമായി മാധ്യമം ആഴ്ചപ്പതിപ്പിലും ആസ്വാദക ഹൃദയങ്ങളിലും വർണ്ണചിത്രമായി നിറഞ്ഞു നിന്നു. മാധ്യമപ്രവര്‍ത്തകയും അഭിനേത്രിയുമായ മാലാ പാർവതിയുടെ ഇന്റർവ്യൂവും ചേർന്നതായിരുന്നു ആ മാധ്യമം ആഴ്ചപ്പതിപ്പ്. ചെറുകഥയുടെ ചെറുമയുടെ ആഴം നിറഞ്ഞ ആ കഥയുമായി അഷിത വീണ്ടും മലയാള സാഹിത്യലോകത്ത് സജീവമായി.
കാലമേൽപ്പിച്ച കർമ്മങ്ങൾക്കു കൂട്ടായിത്തീർന്ന പകലുകളിൽ നേരേത് കിനാവേതെന്ന് ഭ്രമിച്ച് ഞാനൊപ്പം കൂടി. വിഷ്ണു സഹസ്രനാമത്തിന്റെ വ്യാഖ്യാന വേളയിലെ ഇടനേരങ്ങളിൽ കാറ്റു പോലെ മിണ്ടി. അച്ചടി പൂർത്തിയായി പ്രകാശനം നടന്നത് സാഹിത്യ അക്കാദമിയിൽ.
വളർന്ന ചിപ്പികൾ ഉള്ളിൽക്കുരുക്കി, ചെറിയ ചിപ്പികളെ വളരാൻ വിടുന്ന, ചേർത്തലയുടെ തനതായ ‘കിലുങ്ങൻ’ എന്ന വാരികൊട്ടയിൽ താമരപ്പൂക്കൾക്കൊപ്പം പുസ്തകം വച്ച്, അതിൽ നിന്നെടുത്തു പ്രകാശിപ്പിക്കാമെന്ന നിര്‍ദ്ദേശത്തിന്, ‘എന്റെ പെൺകുട്ടികൾ എല്ലാരുമുണ്ടാവും. അവർക്കൊക്കെ പങ്കെടുക്കാവുന്ന വിധത്തിൽ നീ എന്ത് വേണേൽ ചെയ്യ്’ എന്നെന്നോട് കുറുമ്പ് കാട്ടിച്ചിരിച്ചു മഹാഗുരു.
പിന്നീട്, എഴുത്തുകാരിയും സിനിമാ സംവിധായികയുമായ ശ്രീബാലയുടെ ഉത്സാഹത്തിലും മേൽനോട്ടത്തിലും അഷിതയുടെ ‘മയിൽപ്പീലിസ്പർശം’ ഓഡിയോ ബുക്ക് ആക്കിയപ്പോ ‘ശബ്ദം നൽകാൻ, അവനെ വിളിക്ക്’ എന്ന് നിര്‍ദ്ദേശിച്ചു അഷിത.
പിന്നീട് ഒരുമിച്ചു കണ്ട ഒത്തിരി സ്വപ്നങ്ങളിൽചിരിച്ചു മറിഞ്ഞുണ്ണിമായയായി കൈപിടിച്ചു നടന്നു. ആ നാളുകളിൽ ഒരു ദിവസം ‘ഗോദ’ എന്ന സിനിമ കാണാൻ കൂട്ടു വിളിച്ചു എന്നെ. ‘അതില്‍ പാർവതി അഭിനയിച്ചിട്ടുണ്ട്, അവളുടെ അമ്മ വേഷം എനിക്കൊന്ന് കാണണം. സിനിമയ്ക്ക് പോയകാര്യം നീയാരോടും പറയല്ല്, ഫേസ്ബുക്കിലിട്ടാൽ ശരിയാക്കും നിന്നെ’ എന്നൊക്കെ പറഞ്ഞു കണ്ണുരുട്ടി. തിരുവനന്തപുരം വിസ്മയ തിയേറ്ററിന്റെ ശീതളിമയിൽ, അഷിതാമ്മയ്ക്കൊപ്പം ആ ചിത്രം കാണുമ്പോ മനസ് തുടിച്ചതോർമ്മയുണ്ട്. മുപ്പതു വർഷത്തിനു ശേഷം തിയേറ്ററിൽ കാണുന്ന ചിത്രമായിരുന്നത്രേ അത്.
ആവർത്തിച്ചു പറഞ്ഞു ചിരിച്ച തമാശകൾ, പേരക്കുട്ടി ചിന്മയി എന്ന ചിന്നുവിന് വേണ്ടി എഴുതിയ കഥകൾ മൊബൈലിൽ വായിച്ചു റെക്കോർഡ് ചെയ്തയ്ക്കുമ്പോൾ ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്ക വിശുദ്ധിയോടെ, സ്നേഹാർദ്രമായി ചിരിച്ചു മിണ്ടിയ കിലുക്കങ്ങൾ ചെവിയിൽ നിന്ന് മാഞ്ഞു പോയില്ലിതുവരെ.
എപ്പോഴും കൂടെയുണ്ടായിരുന്ന ഡോക്ടർ ശ്രീനാഥിനൊപ്പം ബഷീർ പുരസ്കാരം സ്വീകരിക്കാൻ തലയോലപ്പറമ്പിൽ വന്ന ആ ദിവസം മറവിയ്ക്ക് മായ്ക്കാനാവാത്ത ഒരദ്ധ്യായമായി ഹൃദയത്തിൽ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നു. ശ്രീബാലയുമുണ്ടായിരുന്നു ആ നല്ല ദിവസത്തിന്റെ ചിരിച്ചിത്രത്തിൽ.
Read Here: അമ്മയിൽ ഉമ
ബഷീറിന്റെ പുഴക്കരയിൽ, സ്വയം മറന്ന് ഒരു കുട്ടിയായി അഷിത, ഉണ്ണി മായയായി മാറിയ ദിവസമായിരുന്നു അത്. ആരോടും പറയരുതാത്ത ഒരു രഹസ്യം ഇടകയ്യാൽ ചുണ്ടു മറച്ചു കൊണ്ട് എന്നോട് പറഞ്ഞു പൊട്ടിച്ചിരിച്ച നേരം, സത്യമായും സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ സാക്ഷിയുണ്ടായിരുന്നു. ദേശവും കാലവും കൊള്ളയടിക്കപ്പെട്ട ആ സ്ഥലരാശിയിൽ രണ്ടു ജൈവ ബിന്ദുക്കൾ! സമയരഥങ്ങളിൽ, ഒരേ കാലത്ത് യാത്ര ചെയ്തവർ!
കൂട്ടുകാരൻ അരുൺ ഭാവന അതിമനോഹരമായി പകർത്തി വച്ചു ആ ചൈതന്യവത്തായ നിമിഷങ്ങൾ. പുരസ്കാരം വാങ്ങാൻ പോകുന്ന വഴി വൈക്കത്ത്, എന്റെ രേഖയുടെ വീട്ടിൽ കയറി ഞങ്ങളുടെ സംഘം. രേഖയുടെ അമ്മ വിളമ്പിയ ലളിത വിഭവ സമൃദ്ധിയിലലിഞ്ഞു രേഖയുടെ അമ്മയുടെ കാൽ തൊട്ട് വന്ദിച്ചു അഷിത. ആ നിമിഷത്തിന്റെ ധന്യതയ്ക്ക് ചേരാതെ കളിയാക്കിയപ്പോ, ശാസനാ രൂപത്തിൽ പറഞ്ഞു, ‘നിനക്കറിയില്ല, ഭക്ഷണമുണ്ടാക്കുന്നവരെ നമ്മൾ ആരാധിക്കണം, ബഹുമാനിക്കണം.’
തിരുവനന്തപുരത്തെ താമസക്കാലത്തൊരുനാൾ, കണ്ടിട്ടൊത്തിരിയായി, കാണാൻ സമ്മതിക്കാവോ, എന്ന എന്റെ ചോദ്യത്തിനു കിട്ടിയ അനുവാദത്തിന്റെ ആഹ്ലാദത്തള്ളലിൽ, ഓടിച്ചെന്നു ഞാൻ ഫ്ലാറ്റിൽ. ഉള്ളിലലയടിച്ച സന്തോഷക്കടൽ ഇമയടർന്നൊഴുകി. കെട്ടിപ്പിടിച്ചുമ്മ വച്ച നേരം, ‘സാറെങ്ങാനും കണ്ടു വന്നാൽ എന്ത് വിചാരിക്കുമെടാ…’ എന്ന ചോദ്യത്തിന്റെ തുടർച്ച ഒരു പൊട്ടിച്ചിരിയിൽ അലിഞ്ഞു. മാതൃഭാവത്തിന്റെ വാത്സല്യ നോട്ടത്തിലലിഞ്ഞു പോയ ഹൃദയവുമായി ഞാനിരുന്നു.
സ്വപ്നവും നേരും ഇടകലർന്നൊഴുകിയ ആ നാളുകളിലൂടെ ഒഴുകിയ മറ്റൊരു ദിവസം ചിന്നുവിന് ചോറ് കൊടുക്കുന്ന നേരത്ത് ചെന്നു കയറിയ എനിക്ക് ഒരുരുള വായിൽ വച്ചു തന്നു. വംശ പരമ്പരയുടെ ഏതോ കണ്ണികളിലൊന്ന് ശ്രാദ്ധമുണ്ട് നിറഞ്ഞു കാണണം. അമൃതയിലെ കീമോക്കാലത്ത് വായ്ക്ക് രുചിയുള്ളതെന്തെങ്കിലും കഴിക്കണമെന്ന് പറഞ്ഞപ്പോ, ഇഷ്ടമുള്ളതൊക്കെയുമായി രേഖ ചെന്നു. അക്ഷരവിശുദ്ധിയിൽ നിന്ന് പകർന്നു കിട്ടിയ ധന്യതയായിരുന്നു അവൾക്കത്.
മയിൽപ്പീലി സ്പർശം സിനിമയാക്കലായിരുന്നു പ്രധാന സ്വപ്നം. വിനീത നെടുങ്ങാടി, നെടുമുടി വേണു, അക്ഷര തുടങ്ങിയവരേയും, പെരുമ്പാവൂർ ജി രവീന്ദ്രനാഥിനെയുമൊക്കെ സംവിധായകൻ ബിജു ബർണ്ണാഡിനൊപ്പം പോയി കണ്ടു വിശേഷങ്ങൾ പങ്കുവെച്ചു ഞങ്ങൾ. ചിത്രം സ്വപ്നത്തിന്റെ തിരശീലയിൽ പലയാവർത്തി പ്രദർശിക്കപ്പെട്ടു. സ്വപ്നം മാഞ്ഞു. ഒപ്പം സിനിമയും.
Read Here: ഒരു കീറ് അഷിതയാകാശത്തിലെ മേഘവിസ്ഫോടനങ്ങള്‍
ശരീരത്തെ കീഴ്പ്പെടുത്തിയ അർബുദം, എന്ത് കൊണ്ട് ആത്മാവിന്റെയഗ്നിനാളത്തെ തെല്ലുമുലയ്ക്കാതെയകന്നു നിന്നുവെന്ന്, ശിഹാബുദീൻ പൊയ്ത്തുംകടവുമായി നടത്തിയ ദീർഘ സംഭാഷണം വെളിപ്പെടുത്തി. മാതൃഭൂമിക്കു വേണ്ടി ചിത്രങ്ങളെടുക്കാൻ, നീയും അരുണും കൂടി പഴയന്നൂർക്ക് പോണം എന്നായിരുന്നു എനിക്ക് കിട്ടിയ നിർദ്ദേശം. അങ്ങിനെ ഒരിക്കൽ ക്കൂടി വൈക്കോൽ മണമുള്ള, അഷിത നടന്ന ആ നാട്ടുവഴിയിലെത്തി. അപ്പച്ചി താമസിക്കുന്ന, അച്ഛൻ തറവാട്ടിലും, നേരത്തെ കണ്ട, ശേഷിപ്പുകളൊന്നും ബാക്കിയില്ലാത്ത അമ്മ വീട്ടിലും ചെന്ന് ചിത്രങ്ങളെടുത്തു പോന്നു ഞങ്ങൾ.
ഉമയുടെ ലാപ്ടോപ്പിലേക്ക് പകർത്തി മാറ്റിയ ആ ഓർമ്മച്ചിത്രങ്ങൾ നോക്കിയിരുന്നു അഷിതാമ്മ. സ്വയമൊരഗ്നിയായി നിന്നെരിഞ്ഞ അഷിതയെ പൊള്ളിക്കാൻ ഒരു തീ നാളത്തിനും കഴിയില്ലെന്ന് മലയാളം തിരിച്ചറിഞ്ഞ കാലം വന്നു. ഹൃദയം പൊട്ടിയൊഴുകിയ ചോരയ്ക്ക് നേരിന്റെ ചൂരുണ്ടായിരുന്നു. അത് സ്കീസോഫ്രീനിയയുടെ മായക്കാഴ്ചകളെന്ന് സന്ദേഹിച്ചവർക്കു മുന്നിൽ തുറന്നു വച്ച ആ മുറിവിൽ നിന്നാണ് എന്റമ്മയുടെ പ്രാണൻ പിടഞ്ഞു പറന്നത്.
2019 ലെ ആ മീനച്ചൂടിൽ തൃശൂരെ ശാന്തികവാടത്തിലേയ്ക്ക്, തന്നെ വിഴുങ്ങാൻ കാത്തിരുന്ന ആ അഗ്നിനാളങ്ങളിലേയ്ക്ക്, ഈ ലോകത്ത് നിന്ന് എത്രയും വേഗം രക്ഷനേടാനുള്ള വ്യഗ്രതയാൽ ഓടുന്ന അഷിതയെ ഞാൻ വ്യക്തമായി കണ്ടതാണ്. കാവാലം ശ്രീകുമാറിന്റെ
രാമായാണ ശീലുകളുടെ അകമ്പടിത്താളത്തിനൊക്കാത്ത ധൃതി.
കാനൽ ജലത്തിന്റെ പശ്ചാത്തലത്തിൽ പ്രിയ എ എസ്. ഗുരു സാന്നിധ്യമായി ഷൗക്കത്തും ഗായത്രിയും.
സ്നേഹം സ്നേഹത്താലെഴുതിയത്, അപൂർണ്ണമായിപ്പോയി.
അഷിതയുടെ ചെറു കഥയുടെ ടൈറ്റിൽ ഓർമ്മയിൽ തെളിയുന്നു, ‘അപൂർണ്ണവിരാമങ്ങൾ.’ ഞങ്ങൾക്കത് അങ്ങിനെ തന്നെയായിരുന്നു. തികച്ചും യാദൃശ്ചികമായിരുന്നുമില്ലാത്ത അപൂർണ്ണവിരാമം.