വ്യാഴാഴ്ചച്ചന്ത കഴിഞ്ഞ് പാതിരാക്കൂരിരുട്ടില്‍ കൊമ്പില്‍ മുളപ്പന്തം വെച്ചുകെട്ടി, പുല്ലും വെള്ളവുമില്ലാതെ ചാട്ടയടിയേറ്റ് എല്ലും തോലുമായി നീങ്ങുന്ന പൊള്ളാച്ചി ചന്തക്കാളകള്‍. അവരുടെ കുളമ്പടിയൊച്ച പീടികമുറിലകളിലെ മുറിയില്‍ വന്നലച്ചു.

ശ്രീധരനോടു ചോദിച്ചു “ആരാണ് പോകുന്നത്. മനസ്സിലായോ ?”

“അറവുശാലയിലേക്കുള്ള പൊള്ളാച്ചിക്കാളകള്‍”

“തെറ്റി, സ്വതന്ത്ര ഇന്ത്യയിലെ നാടന്‍കലകള്‍. അവയുടെ ഘോഷയാത്ര. “- കവിയുടെ കാൽപ്പാടുകൾ- പി. കുഞ്ഞിരാമൻനായർ

ചൊവ്വാഴ്ച,

ഒറ്റപ്പിലാവ്

സമയം പുലര്‍ച്ചെ അഞ്ചര, കുന്നംകുളം- കോഴിക്കോട് റോഡിലെ പോവുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ ചെറുമുരള്‍ച്ചയോടെ ഒറ്റപ്പിലാവില്‍ നിരത്തുന്നു. ഒറ്റയായും കൂട്ടമായുമുള്ള  ജനപ്രവാഹം ആരംഭിച്ചിരിക്കുകയാണ്. ചെളിപുരണ്ട ഷര്‍ട്ടും  കൈലിയും മുട്ടോളം പോന്ന ബൂട്ടുകളും ധരിച്ച് ബസ്സിറങ്ങുന്ന ഒട്ടനവധിപ്പേര്‍. റോഡരികിലായി മനോജ്‌ (40) നടത്തുന്ന ചായക്കട. അവിടെ കാലിചായയും കുടിച്ചുകൊണ്ടിരിക്കുകയാണ് വിവിധ ദേശക്കാരായ കാലി കച്ചവടക്കാര്‍, ബ്രോക്കര്‍മാര്‍, ഡ്രൈവര്‍, വാങ്ങാന്‍ വന്നവര്‍. ചിലര്‍ ഒരു ചിരിയില്‍ പരിചയം പുതുക്കുമ്പോള്‍. മറ്റുചിലര്‍  കാലികളുടെ വരവിനെക്കുറിച്ച് ആരായുന്നുണ്ട്. അസാധ്യമായ മെയ്‌വഴക്കത്തോടെയും അച്ചടക്കത്തോടെയുമാണ് മനോജ്‌ അവിടെയെത്തുന്ന എണ്ണമറ്റ ചൊവാഴ്ച പതിവുകാര്‍ക്ക് ഓരോരുത്തര്‍ക്കും ഞൊടിയില്‍ ഗ്ലാസുകള്‍ കൊടുക്കുന്നത്, തിരിച്ച് കഴുകാന്‍ എത്തിക്കുന്നത്, പണമിടപാടു നടത്തുന്നത്. ഇടയ്ക്ക് മലയാളം വഴങ്ങാത്ത നാവുകളോടും കുശലം പറയുന്നുമുണ്ട്. “ ചന്ത ഉഷാറായ ദിവസം ആണെങ്കില്‍ ആയിരം ആള്‍ക്കാരൊക്കെ ഇവിടെ വരും.” എന്ന് മനോജ്‌ പറഞ്ഞപ്പോഴാണ് ചന്തയുടെ വലിപ്പത്തെക്കുറിച്ച് മനസ്സില്‍ ഒരു ചിത്രം ഉണ്ടായി തുടങ്ങിയത്.

  കേരളത്തിലെ ഏറ്റവും വലിയ കന്നുകാലി ചന്തകളിലൊന്നായ ഈ ചൊവ്വാഴ്ച  ചന്ത കുന്നംകുളം മുനിസിപ്പാലിറ്റിയില്‍ തന്നെയുലുള്ള പെരുമ്പിലാവിലാണ് നൂറ്റാണ്ടുകളായി നടന്നു പോന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സമീപത്തുള്ള ഒറ്റപ്പിലാവിലേക്ക് ചന്ത മാറ്റിയിരിക്കുന്നു.

മനോജിന്‍റെ കടയുടെ ഇടതുവശത്തുകൂടെ പോകുന്ന റോഡില്‍കൂടെ ഒരു 400 മീറ്റര്‍ പോയാലാണ് ചന്തയെത്തുക. വഴിയിലെ വീടുകളിലൊക്കെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. കാലികളുമായി ചന്തയിലേക്ക് പോവുന്ന വാഹനങ്ങളുടെ നിര്‍ത്താത്ത ഒഴുക്ക് റോഡില്‍ ചില്ലറ ഗതാഗത തടസ്സമൊക്കെ ഉണ്ടാക്കുന്നുണ്ട്. കോങ്ങാട് ചന്തപോലെ കാലികളെ മേയ്ച്ചു കൊണ്ട് ചന്തയിലേക്ക് വരുന്ന മനുഷ്യര്‍ വിരളം.
നവരെ സ്വീകരിക്കുന്ന ഇസ്മയിലിനെ കണ്ടു. തിരക്കിനിടയിൽ സംഭാഷണത്തിൽ ചന്തയുടെ അവസ്ഥ ചുരുക്കം ചില വാക്കുകളിൽ വ്യക്തമാക്കി. “ ഇന്ന് ഇതിനോടകം 33 വണ്ടികളാണ് വന്നത്. കഴിഞ്ഞയാഴ്ച ആകെ വന്നത് 16 വണ്ടികളായിരുന്നു. അതിനേക്കാള്‍ ഭേദമാണ് ഈയാഴ്ചത്തെത് എന്ന് പറയുന്നതിലും അര്‍ത്ഥമില്ല. ഇവിടെ വന്നുകൊണ്ടിരുന്ന കാലികളുടെ എണ്ണം വെച്ചുനോക്കിയാല്‍ ഇതൊന്നും ഒന്നുമല്ല.” ഇസ്മയില്‍ പറഞ്ഞു.

നാലു തട്ടുകളിലായാണ് ചന്ത. അതിന്‍റെ ഓരോ പകുതിയിലുമായി കന്നുകാലികളെ അടുക്കിനിർത്തിയിരിക്കുന്നു. തലേന്നു മുതല്‍ പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍  ചെളിയോടൊപ്പം ചാണകവും കാലികളുടെ മൂത്രവും കലങ്ങികിടക്കുന്ന മൈതാനം. ചിലയിടത്ത് ചെളി മുട്ടോളം ഏറിയിട്ടുണ്ട്. ഇടയിലൂടെയുള്ള  ചെറിയ വഴികളിലൂടെ ഉറുമ്പുംകൂട്ടങ്ങളെപ്പോലെ നീങ്ങുന്ന മനുഷ്യര്‍.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിളെ ചന്തകളിലേക്ക് എത്തുന്ന കാലികളുടെ എണ്ണത്തില്‍ കാതലായ കുറവ് സംഭവിച്ചിട്ടുണ്ട് എന്നാണ് ഷബീര്‍ (42) അഭിപ്രായപ്പെടുന്നത്. “ പുറത്തുനിന്നുള്ള വരവിലാണ് കേരളത്തിലെ ഭക്ഷ്യാവശ്യം പോലും കഴിഞ്ഞുപോവുന്നത്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കമ്മി കണക്കിലെടുക്കുകയാണെങ്കിൽ നമ്മള്‍ നാട്ടുകാലികളെ മുഴുവന്‍ ഭക്ഷണത്തിനായി വിനിയോഗിക്കേണ്ടി വരും. മൊത്തം രണ്ടാഴ്ചത്തേക്ക് ഭക്ഷണത്തിനു തികയാനുള്ള കാലികള്‍ പോലും ഇന്ന് കേരളത്തില്‍ ഇല്ല. ഇപ്പോള്‍ തന്നെ ബീഫിന്‍റെ വില 240ല്‍ നിന്നും 300ലെത്തിയിരിക്കുകയാണ്” ഷബീര്‍ പറഞ്ഞു.

പെരുമ്പിലാവ് മാത്രമല്ല കേരളത്തിലെ എല്ലാ കന്നുകാലി ചന്തകളിലും ഈ കുറവ് പ്രകടമാണ് എന്നാണ് ഇസ്മയില്‍ പറയുന്നത്. “പെരുമ്പിലാവിലെ കണക്ക് പരിശോധിക്കുകയാണെങ്കിൽ  130 ലോഡ് വന്നിടത്താണ് രണ്ടു മാസം മുന്നേ 70 ആയി ചുരുങ്ങിയത്”. പെരുമ്പിലാവിനു പുറമേ വാണിയംകുളം, കുഴല്‍മന്ദം എന്നീ ചന്തകളിലും ചന്തയിലേക്ക് വരുന്നവരെ സ്വീകരിക്കുക, കണക്കുകള്‍ സൂക്ഷിക്കുക, പണം പിരിക്കുക എന്നീ കാര്യങ്ങള്‍ ഇസ്മയിലിന്‍റെ ചുമതലയാണ്. വണ്ടികളുടെ വലിപ്പമനുസരിച്ചാണ് 40, 60, 80, 100, 150 രൂപകള്‍ വരിസംഖ്യയായി ഈടാക്കുന്നത്. “കഴിഞ്ഞയാഴ്ച വാണിയംകുളത്ത് ഇരുപത്തിയെട്ടും കുഴല്‍മന്ദത്തും 27 വണ്ടികളുമാണ് വന്നത്. പെരുമ്പിലാവില്‍ മാത്രമല്ല. എല്ലായിടത്തും ഈ എണ്ണക്കുറവ് സംഭവിച്ചിട്ടുണ്ട്” എന്ന് അദ്ദേഹം പറയുന്നു.

കന്നുകാലി കമ്മി സംഭവിക്കുന്നതെങ്ങനെ ?

ലിതിന്‍

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലികളുടെ വരവാണ് വാണിയംകുളം, പെരുമ്പിലാവ്, കുഴല്‍മന്ദം എന്നീ കാലിചന്തകളെ സമ്പന്നമാക്കിയത്. ഈ കന്നുകാലി വരവിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് എന്നാല്‍ കുറച്ചായി ചന്തയിലെക്കുള്ള വരവ് കുറഞ്ഞിരിക്കുകയാണ് എന്നാണ് വടകര കൈനാട്ടി സ്വദേശിയായ ലിതിന്‍ (32) പറയുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി മൂന്നുചന്തകളില്‍ നിന്നുമുള്ള കാലികളെ  കൊണ്ടുവരുന്ന വാഹനങ്ങളുടെ  ഡ്രൈവറാണ് ലിതിന്‍.  “ഇവിടെനിന്നുമാണ് മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലേക്ക് ഭക്ഷ്യാവശ്യത്തിനായാണ് ഭൂരിപക്ഷം കാലികളും പോകുന്നത്. കഴിഞ്ഞയാഴ്ച വാണിയംകുളത്ത് ആകെ വന്നത് 10-20 കന്നാണ്. “ ലിതിന്‍ പറയുന്നു.

“തിരുപ്പൂരില്‍ നിന്നും കേരളത്തിലേക്ക് പതിവായി എത്തുന്ന കാലികളുടെ വരവ് മൊത്തമായി ഇല്ലാതായി. ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഒഴുക്കും കുറഞ്ഞു. അതുപോലെ തന്നെ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും നേരിട്ട് എത്തിക്കുന്ന കാലി കടത്തും ചെറു ചന്തകളും പാടേ നിന്നിരിക്കുകയാണ് ഇപ്പോള്‍.” ഇസ്മയില്‍ ചെറിയൊരു ആമുഖം തന്നു.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പളളി  (ട്രിച്ചി) മുനിസിപ്പാലിറ്റിയിലെ മണപാറ സ്വദേശിയായ രാജോപാല്‍ (30) പതിനെട്ടു വര്‍ഷമായി പെരുമ്പിലാവ്, വാണിയമ്പലം, കുഴല്‍മന്ദം എന്നീ ആഴ്ച ചന്തകളില്‍ വരുന്നയാളാണ്. “ഇപ്പോള്‍ വന്ത് മാട് കമ്മി. പൊള്ളാച്ചിയില്‍ വന്ത് മൂന്ന് വണ്ടി മാട്ടിയിരുക്. ചന്തവെക്കകൂടാത് എന്ന് പോലീസും സൊല്ലിടിച്ച്.” എന്നാണ് രാജഗോപാല്‍ പറഞ്ഞത്. മുന്‍പ് ചുരുങ്ങിയത് പത്ത് ലോഡ് കന്നുകാലികളാണ് പൊള്ളാച്ചിയില്‍ നിന്നും വന്നുകൊണ്ടിരുന്നത്. ഒരു വണ്ടിയില്‍ രണ്ടു ഡ്രൈവര്‍മാരും മൂന്ന് തൊഴിലാളികളും അടക്കം അഞ്ചുപേര്‍ക്ക് തൊഴില്‍ ലഭിക്കും. അങ്ങനെ മൂന്ന് ചന്തകളില്‍ പോവുകയാണ് എങ്കില്‍ ഒരാള്‍ക്ക് ചുരുങ്ങിയത് മൂവായിരം രൂപ വരുമാനമാണ് എന്ന് രാജഗോപാല്‍ പറയുന്നു. അങ്ങനെ അമ്പത് പേര്‍ക്ക് തൊഴില്‍ ലഭിചിരുന്നിടത്ത് ഇന്ന് പത്തോ ഇരുപതോ പേര്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത്.

ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്നും വരുന്ന സ്വാമി (40) പറയുന്നതും സമാനമായ കഥയാണ്. ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിലേക്കെത്താന്‍ ഒരു ദിവസമാണ് യാത്രാസമയം. ഈ തവണ രണ്ടു വണ്ടി കന്നുകാലികളുമായാണ് സ്വാമി കേരളത്തിലേക്ക് വന്നിരിക്കുന്നത്. “മുമ്പ് ഒഡിഷയില്‍ നിന്നും ആളുകള്‍ വരുമായിരുന്നു. എന്നാല്‍ പശുസംരക്ഷകരുടെ ആക്രമം പേടിച്ച് അവര്‍ വരാതായി. ഇപ്പോള്‍ നിയമപ്രശ്നം കൂടി വന്നതോടെ അവര്‍ വരില്ലെന്ന് ഏതാണ്ട് ഉറപ്പായി” കേന്ദ്രസര്‍ക്കാരിന്‍റെ കന്നുകാലി കശാപ്പ് നിരോധന നിയമം സൂചിപ്പിച്ചുകൊണ്ട് സ്വാമി പറഞ്ഞു.

Read More : കാലികള്‍ കാലനാകും കാലം

ആന്ധ്രാപ്രദേശിലെ ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന മാടുകളെ, പ്രത്യേകിച്ച് കാളകളെ കശാപ്പിനായി ചന്തകളില്‍ എത്തിക്കുകയാണ് സ്വാമിയുടെ ജോലി. ഈ തവണ രണ്ടു വണ്ടികളാണ് കേരളത്തിലെത്തിയിരിക്കുന്നത്. മൂന്ന് ചന്തകളിലും കയറുന്ന ഇരു വണ്ടികളിലുമായി എട്ടുപേര്‍ ആണ് തൊഴില്‍ ചെയ്യുന്നത്. രണ്ടു ഡ്രൈവര്‍ക്ക് പുറമേ കയറ്റാനും ഇറക്കാനും മൂന്നുപേരും കച്ചവടത്തിനായി മൂന്നുപേരുമാണ് വരുന്നത്. ഈ മൂന്ന് ആഴ്ചചന്തയിലും പങ്കെടുത്താല്‍ “ഓരോരുത്തര്‍ക്കും 2000 രൂപ ‘ശമ്പളം’ ആയാണ് ലഭിക്കുന്നത്” എന്ന് സ്വാമി പറയുന്നു. കേരളത്തിലെ വ്യവസായം നില്‍ക്കുകയാണ് എങ്കില്‍ താന്‍ തൊഴില്‍രഹിതനാവും സ്വാമിയുടെ കണ്ണുകളിൽ അനിശ്ചിതമായ ഭാവിയുടെ ആശങ്കകൾ മഴക്കാറൊരുക്കുന്നു. “അവിടെ മഴയില്ല, അതുകൊണ്ട് മറ്റൊരു തൊഴിലും ലഭിക്കില്ല.” രണ്ടു വര്‍ഷം മുന്നേ ഒരു കര്‍ഷക തൊഴിലാളിയായിരുന്നു സ്വാമി.

പശു സംരക്ഷണമോ പശുകടത്തോ ?

“മാടുകളെയെല്ലാം അവങ്ക മാട്ടറേന്‍

“യാര് ? “

“ അന്ത ബിജെപി കാരങ്കെ”

ഇതാണ് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കന്നുകാലികളുമായി വരുന്ന മണി (പേരു മാറ്റിയിട്ടുണ്ട്) പറയുന്നത്. കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ ഗോശാലയിലേക്ക് എന്ന് പറഞ്ഞു പശുവിനെ പിടിച്ചുകൊണ്ടുപോകുന്നത് വ്യാപകമാണ് എന്നാണ് കേരളത്തിന് പുറത്തു നിന്നും കേരളത്തിലെ ചന്തകളിലേക്ക് എത്തുന്ന തൊഴിലാളികളൊക്കെ ഒരേ സ്വരത്തില്‍ പറയുന്നത്. പാലക്കാടിനോട്‌ അടുത്ത പ്രദേശങ്ങളില്‍ വച്ചാണ് സംഘങ്ങളായി വന്ന് വണ്ടികളെ തടയുന്നത് എന്ന് അവര്‍ പറയുന്നു. പരാതിപ്പെടുന്നതിലും പ്രശ്നങ്ങളുണ്ട് എന്നാണ് തൊഴിലാളികളുടെ പ്രശ്നം. “എത്രവലിയ വണ്ടിയായാലും പതിനാറില്‍ കുറഞ്ഞ എണ്ണം കാലിളെ മാത്രമാണ് നിയമപരമായി കടത്താന്‍ സാധിക്കുക. എന്നാല്‍ അത്രക്കുറച്ചു കാലികളുമായി വരുന്നത് ഞങ്ങള്‍ക്ക് തീരാ നഷ്ടമാണ് ഉണ്ടാക്കുക. ഒരു കാലി അധികമായി ഉണ്ടായാലും അതിനെ ഭയത്തോടെയാണ് ഞങ്ങള്‍ കൊണ്ടുവരുന്നത്” മണി പറഞ്ഞു.


പെരുമ്പിലാവ് കന്നുകാലിച്ചന്ത

“അവര്‍ക്ക് പശു സ്നേഹമൊന്നുമല്ല, ഇത് പണം കിട്ടാന്‍ വേണ്ടി മാത്രമുള്ള പരിപാടിയാണ്” എന്നാണ് ആന്ധ്രാപ്രദേശില്‍ നിന്നും വരുന്ന സംഘവും പറയുന്നത്. “25,000 കൊടുക്കുകയാണ് എങ്കില്‍ അവര്‍ നിയമപ്രകാരമുള്ള കൃത്യം 16 എണ്ണത്തെ കടത്തിവിടും. ഇനി എത്ര മാട് അധികമായി ഉണ്ടെങ്കിലും 5,000 രൂപ കൊടുത്താല്‍ ഒരു പ്രശ്നവുമില്ലാതെ കേരളത്തിലേക്ക് കടക്കാം” സ്വാമി പറയുന്നു.

പശുസംരക്ഷണമെന്ന പേരില്‍ നടക്കുന്ന അക്രമങ്ങള്‍ കാരണം ഒരുപാടുപേര്‍ കേരളത്തിലേയ്ക്കുള്ള കച്ചവടം നിര്‍ത്തിയിട്ടുണ്ട് എന്നാണ് അഖില കേരള കന്നുകാലി, ഇറച്ചി വ്യാപാരി അസോസിയേഷന്‍ ഭാരവാഹികള്‍ക്കും പറയാനുള്ളത്. ഒഡിഷയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള കന്നുകാലികളുടെ വരവ് കുറയാന്‍ അത് പ്രധാനമായൊരു കാരണമായി. “ ഓരോ വണ്ടിക്കും അഞ്ചായിരം രൂപ വച്ച് അവര്‍ക്ക് കൊടുക്കേണ്ടി വരുമ്പോള്‍ അതിനനുസരിച്ച് ഓരോ കാലിക്കും വില കൂട്ടണം. അങ്ങനെ കൂട്ടുമ്പോള്‍ അത് ചന്തയേയും കച്ചവടത്തേയും ബാധിക്കുന്നു.” ഇസ്മയില്‍ പറഞ്ഞു

“ഇന്നിപ്പോള്‍ 70 വണ്ടിയായി” ഉച്ചയ്ക്ക് ചന്ത അവസാനിക്കുന്നതിനു മുമ്പ് അവസാനഘട്ട കണക്കുകള്‍ നോക്കിയ ഇസ്മയിലിന്‍റെ വാക്കുകളില്‍ ആശ്വാസം. അതില്‍ 40 വണ്ടി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. എന്നാല്‍ കേരളത്തില്‍ നിന്നും 30 വണ്ടികള്‍ വന്നു എന്നത്  നല്ലൊരു സംഖ്യയാണ്.  പക്ഷെ ഈ ആശ്വാസം എത്രകാലം തുടരും എന്ന സംശയമാണ് അവരെ അലട്ടുന്നതും.

ചന്തകളില്‍ കശാപ്പിനായി കന്നുകാലികാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വന്നശേഷം പലരും നാട്ടുകാലികളെ വിറ്റഴിക്കുകയാണ്. അതിനാല്‍ മാത്രമാണ് “കഴിഞ്ഞയാഴ്ച്ച ഇരുപതോളം കാലികള്‍ ഉണ്ടായ സ്ഥലത്ത് ഈയാഴ്ച്ച മുപ്പതില്‍പരം വണ്ടികള്‍ എത്തിയത്. പത്തു രൂപയ്ക്ക് (10,000) വാങ്ങിയ കന്നിനെയൊക്കെ പന്ത്രണ്ടും (12,000) പതിമൂന്നും (13,000) രൂപയ്ക്കാണ് പ്രതീക്ഷയില്ലാത്ത മനുഷ്യര്‍ വിറ്റഴിക്കുന്നത്. ” എന്ന് ലിതിന്‍ പറയുന്നു.

ചന്തകളില്‍ ജീവിതം മെഴുകുന്നത് കച്ചവടക്കാര്‍ മാത്രമല്ല എന്നാണ് ജിലാനിയെ (30) പോലുള്ളവര്‍ക്ക് പറയാനുള്ളത്. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ദേശക്കാരനായ ജിലാനിയുടെ കുടുംബം പതിനാറുവര്‍ഷമായിട്ട് കേരളത്തിലെ ചന്തകളെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. കശാപ്പിനും മറ്റുമുള്ള കത്തികള്‍ ഉണ്ടാക്കുക, മൂര്‍ച്ച കൂട്ടുക എന്നതോക്കെയാണ് ജിലാനി ചെയ്തു പോരുന്നത്. “കുറച്ചായിട്ട് കച്ചവടം കുറവാണ്. സാധാരണ പെരുന്നാളായാല്‍ സീസണ്‍ ആയി. പക്ഷെ ഇത്തവണ സീസണായിട്ടും ആവശ്യക്കാര്‍ എത്തുന്നില്ല.” വാണിയംകുളം, പെരുമ്പിലാവ്, കുഴല്‍മന്ദം, എന്നീ ആഴ്ചചന്തകളിലും തൃശ്ശൂര്‍ അങ്ങാടിയിലുമായാണ് ജിലാനിയുടെ വ്യവഹാരം. ഓരോ ചന്തകളിലും കച്ചവടം ചെയ്യുന്നതിനായി  30-40 രൂപ വരെയാണ് ജിലാനിയുടെ കൈയ്യില്‍ നിന്നും ഈടാക്കുന്നത്.

ഇസ്മയില്‍

ഇങ്ങനെയുള്ള ചെറുകിടകച്ചവടകാരില്‍ നിന്നും ചന്തകളിലേക്ക് എത്തിചേരുന്ന വണ്ടികളില്‍ നിന്നും നിശ്ചിത തുക പിരിച്ചാണ് ചന്ത നടത്തുന്ന സ്ഥലങ്ങള്‍ക്ക് പഞ്ചായത്തും അധികാരികളും ഈടാക്കുന്ന തുക അടയ്ക്കുന്നത്. ചന്ത നടത്തുന്നതിനായി പ്രതിവർഷം  39 ലക്ഷം രൂപയാണ്  വാണിയംകുളം പഞ്ചായത്തില്‍ കെട്ടേണ്ടത്. പല പ്രശ്നങ്ങളും കാരണം അത് കൊടുക്കാനില്ലാതായിരിക്കുകയാണ് ഇപ്പോള്‍. ഈ പോക്ക് പോയാല്‍ വാണിയംകുളം ചന്ത ആദ്യം പൂട്ടും.” തകര്‍ന്നുകൊണ്ടിരിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള മറ്റൊരു ചന്തയുടെ മുന്നിലെ ചായ്പ്പില്‍ഇരുന്ന് അന്നത്തെ കണക്കുകള്‍ കൂട്ടുന്നതിനിടയില്‍ ഇസ്മയില്‍ പറഞ്ഞു.

” 80 വണ്ടി വന്നിടത്താണ് നോട്ടുനിരോധനം വന്നതോടെ മുപ്പതോളം വണ്ടികളായി ചുരുങ്ങിയത്. ഒന്നു രണ്ടു മാസത്തോളം ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കാന്‍ കാശുണ്ടായിരുന്നില്ല. ചന്തകള്‍ ആഴ്ചകളോളം ഓടിയത് കടത്തിലാണ്. അതില്‍ നിന്നും ഒന്ന് കരകയറി വന്നപ്പോഴാണ് ഇപ്പോള്‍ ഈ നിരോധനത്തിന്‍റെ അടുത്ത പ്രശ്നം.” അഖില കേരള കന്നുകാലി വ്യവസായി അസോസിയേഷന്‍ ട്രഷററായ ആദം കൂട്ടിചേര്‍ത്തു.

 തങ്ങളുടെ തൊഴില്‍മേഖലയെ ഇല്ലാതാക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എന്നാണ് പാരമ്പര്യമായി ആഴ്ച ചന്തകളെ ആശ്രയിച്ചു ജീവിക്കുന്ന ആയിരങ്ങളും അവരുടെ കുടുംബങ്ങളും പറയുന്നത്. പെരുമ്പിലാവിലെ കന്നുകാലി വ്യവസായത്തെ ആശ്രയിക്കുന്ന ആയിരങ്ങളുടേത് ഒറ്റപ്പെട്ടൊരു കഥയല്ല. കേരളത്തില്‍ കശാപ്പു നിരോധനം കൊണ്ടുവരില്ല എന്നതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ തീരുന്നുമില്ല. കേരളത്തിലേക്ക് ഭക്ഷ്യാവശ്യത്തിനായി വരുന്ന കന്നുകാലികള്‍ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നതാണ്. അതിനാല്‍ തന്നെ കന്നുകാലി ചന്തകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ നിരോധനം നമ്മുടെ ഭക്ഷ്യ രീതികളെ ബാധിക്കുക തന്നെ ചെയ്യും. നമ്മുടെ ഉപഭോഗത്തെ ആശ്രയിച്ച് കറവവറ്റിയ കന്നുകാലികളെ ചന്തകളിലേക്ക് കയറ്റിവിടുന്ന, അതിനെ വിറ്റ് കിട്ടുന്ന പണത്തിനു കറവായുള്ള മറ്റൊരു കാലിയെ സ്വന്തമാക്കുന്നതുമായ ഒരു ക്ഷീരകര്‍ഷകന്‍ അങ്ങേത്തലയ്ക്കലുമുണ്ട്. കന്നുകാലികളെ ചുറ്റിപറ്റി ജീവിതം പടുത്തുയര്‍‍ത്തുന്നവരുടെ മേൽ ഇടിത്തീയായി  വീണിരിക്കുകയാണ്  ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ. കാലികളെ ഒരു ‘ധാര്‍മിക ഉത്തരവാദിത്വമായി’ മാത്രം കാണുന്നവര്‍ക്ക് അങ്ങനെയാവണം എന്നില്ല. പക്ഷേ കന്നുകാലികളുടെയും മനുഷ്യരുടെയും ജീവിതം മുന്നോട്ടുപോകാൻ  സ്വതന്ത്ര ഇന്ത്യയിലെ നാടന്‍കലകളുടെ ഘോഷയാത്രകള്‍ തുടരുക തന്നെ വേണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook