scorecardresearch

വയനാടൻ മഴ തുടങ്ങിയാൽ ഒടുങ്ങാൻ മടിക്കുന്ന ഇരുണ്ട പാട്ട്

വയനാടൻ മഴ ആരോഹണാവരോഹണങ്ങൾ നിറഞ്ഞ ഒരു നീളൻ സംഗീതമാണ്. തുടങ്ങിയാൽ ഒടുങ്ങാൻ അറയ്ക്കുന്ന ഇരുണ്ട പാട്ടാണിത്. ജലനൂലുകളുടെ അസംഖ്യം തന്ത്രികളുടെ നൂറു നാൾ കച്ചേരി, ഇടവപ്പാതി. വയനാടൻ മഴയുടെ ബഹുഭാവ അനുഭവങ്ങളെ കുറിച്ച് ചിത്രകാരിയും എഴുത്തുകാരിയുമായ അരുണാ നാരായണൻ

വയനാടൻ മഴ ആരോഹണാവരോഹണങ്ങൾ നിറഞ്ഞ ഒരു നീളൻ സംഗീതമാണ്. തുടങ്ങിയാൽ ഒടുങ്ങാൻ അറയ്ക്കുന്ന ഇരുണ്ട പാട്ടാണിത്. ജലനൂലുകളുടെ അസംഖ്യം തന്ത്രികളുടെ നൂറു നാൾ കച്ചേരി, ഇടവപ്പാതി. വയനാടൻ മഴയുടെ ബഹുഭാവ അനുഭവങ്ങളെ കുറിച്ച് ചിത്രകാരിയും എഴുത്തുകാരിയുമായ അരുണാ നാരായണൻ

author-image
Aruna Alancheri
അപ്‌ഡേറ്റ് ചെയ്‌തു
New Update
aruna narayanan | memories | rain | monsoon | iemalayalam

ചിത്രീകരണം : അരുണ നാരായണന്‍

അന്ന് മഴക്കാറുകൾ ആകാശത്ത് ഉരുണ്ടു നിറയുമ്പോൾ കടുത്ത ഇരുട്ട് ക്ലാസ് മുറിയിൽ പരക്കും. ഞങ്ങൾ ബെഞ്ചിൽ ഒന്നുകൂടെ തിങ്ങിയിരിക്കും. തമ്മാമ്മിൽ ഇളം ചൂട് പകരും. അപ്പോഴേക്കും മഴ ചറപറേ പെയ്യാൻ തുടങ്ങും. ഒപ്പം കൂട്ടമണിയടിക്കും. സ്കൂൾ വിട്ടു!. കുടയുള്ളവരും ഇല്ലാത്തവരും വരാന്തയിൽ ഒന്നറച്ചു നിന്ന ശേഷം, 'ശഠ ' യെന്നു മഴയ്ക്കൊപ്പം പായും.

Advertisment

ഞങ്ങൾ ബസ് സ്റ്റാൻഡും കോടതിവളപ്പും കഴിഞ്ഞ് കുന്നിൻ പുറത്തെ വഴുക്കലിലൂടെ ഉതുകിയിറങ്ങും. കുടകൾ കാറ്റിനൊപ്പം പറക്കും. കൈകൾ കോച്ചി വലിഞ്ഞു തണുക്കും. വയൽക്കരയിലെ ജലനിബിഢമായ തോട്ടിൽ ചാടി മറിഞ്ഞ് ഐസുകട്ടകളായി വീട്ടിലെത്തും. പുസ്തക സഞ്ചികൾ അകത്തു വെക്കും. കുട്ടികൾ ഓരോരുത്തരും ഓരോ പണികളെടുക്കും, പശുക്കൾ വിശന്നിരിപ്പാവും. അവർക്കുള്ള അരിഞ്ഞ പുല്ല് പുൽത്തൊട്ടിയിൽ പകരും. ഓട്ടിൽ നിന്നും ചിതറുന്ന വെള്ളത്തിൽ പെരുമഴ നനയും. പിന്നെ അടുപ്പത്ത് തിളച്ചു മറിയുന്ന ചൂടുവെള്ളം ബദ്ധപ്പെട്ട് കുളിമുറിയിൽ എത്തിക്കും. കുളിമുറിയിൽ എത്തിയാൽ മതി, ഇളം ചൂടുള്ള മൂത്രം ക്ഷമയുടെ നെല്ലിപ്പടി തകർത്ത് കാലിലൂടൊഴുകും, തണുപ്പിൽ ഒരു പരമാനന്ദം! വയൽച്ചളിയുടെ നിറം കുളിമുറിയുടെ കാവിത്തറയിൽ പടരും .കടും ചൂടു വെള്ളത്തിൽ കുളിച്ചു തുടച്ചു കുപ്പായം മാറി കട്ടൻകാപ്പിയുമായി കോലായയിൽ മഴയ്ക്കൊപ്പമിരിക്കും.

വയനാടൻ മഴ ആരോഹണാവരോഹണങ്ങൾ നിറഞ്ഞ ഒരു നീളൻ സംഗീതമാണ്. തിരുവനന്തപുരത്തോ കോഴിക്കോടോ ഞാനനുഭവിച്ച മഴയല്ല ഇത്‌. തുടങ്ങിയാൽ ഒടുങ്ങാൻ അറയ്ക്കുന്ന ഇരുണ്ട പാട്ടാണിത്. ജലനൂലുകളുടെ അസംഖ്യം തന്ത്രികളുടെ നൂറു നാൾ കച്ചേരി, ഇടവപ്പാതി. നിലയ്ക്കാതെ പെയ്യുന്ന പൊടിമഴയാണ് വയനാടൻ മഴയുടെ പ്രത്യേകത. ഓരോ കടുത്ത മഴയ്ക്കുമിടയിൽ നിർത്താതെ പെയ്യുന്ന ചാറ്റൽമഴ, തെങ്കാശിയിൽ പെയ്യുന്ന സരൾ മഴയെ ഓർമിപ്പിക്കും. വഴിവിളക്കുകളുടെ പ്രകാശത്തിൽ സ്വർണം പോലെ പെയ്യുന്ന അലൗകികമായ മഴക്കാഴ്ച.!മഴപ്പാറ്റകളുടെ നൃത്തം, വിട്ടിലിന്റെയും തവളയുടെയും പാട്ട്.

aruna narayanan | memories | rain | monsoon | iemalayalam
ചിത്രീകരണം : അരുണ നാരായണന്‍
Advertisment

മഴ പെയ്തു പെയ്തു നിറയും. പാണ്ടിക്കടവിലൂടൊഴുകുന്ന,വേനലിൽ ഉരുളൻ കല്ലുകൾ പെറുക്കി ഞങ്ങൾ നടന്ന പായൽ നിറഞ്ഞ കബനിയുടെ താളം രൗദ്രമാകും. ഇടിയുടെ കടുംതുടി. മിന്നലിന്റെ താണ്ഡവം. ആകാശത്തിന്റെ കാർമുടിയിൽ നിന്നും ഒഴുകി കബനി നിറയുന്ന കൊടുമാരി. വാഴത്തട കെട്ടിയുണ്ടാക്കിയ പൊങ്ങുതോണികളിൽ, വാഴപ്പിണ്ടികളിൽ കുട്ടികൾ ആർപ്പ് വിളികളോടെ തുഴഞ്ഞു പോവും. മാനന്തവാടിയിൽ നിന്നും വേർപ്പെട്ടു പാണ്ടിക്കടവ് ഒരു ദ്വീപാകും.

പുഴയതിരുകളിൽ പുറമ്പോക്കിൽ പടുത്ത വീടുകൾ വെള്ളത്തിൽ ഉലയും. അവിടത്തെ താമസക്കാർ പല വീടുകളിലേക്കും പഴശ്ശി സ്കൂളിലേക്കും താമസം മാറും. ഞാനന്ന് ഇതൊന്നുമറിയാതെ മഴയുടെ കൂടെ നാട്ടുമാമ്പഴം പെറുക്കി സിമ്മിസിന്റെ മടി നിറയെ പെറുക്കിയിട്ട് ഒരു തുള്ളി മഴ പോലെ വീട് നോക്കി ഓടും. പുതിയ അതിഥികൾ ചിരിയോടെ നാട്ടുമാമ്പഴം പങ്കു വെക്കും. അടുപ്പിൽ മൂപ്പ്‌ പാകമാവാത്ത കപ്പക്കിഴങ്ങ് തിളയ്ക്കുന്നുണ്ടാകും. അവരുടെ വിട്ടു പോന്ന വീട്ടകങ്ങളിൽ കബനിപ്പുഴ പരന്നു കിടന്നു. ഏഴെട്ടു നാൾ കഴിഞ്ഞു പുഴ പിൻവലിയുമ്പോൾ സായ്‌വും കുടുംബവും തിരികെ പോകും. പല വീടുകളിലും പഴശ്ശി സ്കൂളിലും പാർത്തിരുന്ന അതിഥികൾ സങ്കടത്തോടെ പിരിയും. കനപ്പെട്ട സങ്കടവാർത്തകൾ അതിനിടയിൽ പലയിടങ്ങളിലും നടന്നു കഴിഞ്ഞിട്ടുണ്ടാകും. ഉരുൾ പൊട്ടി അനാഥയാക്കപ്പെട്ട പ്രിയപ്പെട്ടവൾ, മിന്നലിലും പുഴയിലും പോയവർ…കെട്ടഴിക്കാൻ മറന്ന്, പിടഞ്ഞു മരിച്ച ആടുകൾ. പ്രളയത്തിൽ തണുത്തു പോയ വീട്ടിൽ തിരിച്ചെത്തിയ പ്രിയപ്പെട്ടയൊരാൾ തണുപ്പ് താങ്ങാതെ മരിച്ചു കിടന്നു. പാവങ്ങൾക്ക് തണുത്തു മരിക്കാനുള്ള വയനാടൻ മഴക്കാലം. അച്ഛൻ കരഞ്ഞു. അമ്മയും.

aruna narayanan | memories | rain | monsoon | iemalayalam
ചിത്രീകരണം : അരുണ നാരായണന്‍

അമ്മ ഒരു കഥ പറഞ്ഞു,അമ്മമ്മയുടെ കഥ! പണ്ട് 1924 ലെ കേരളം കണ്ട പെരുമഴക്കാലം, അന്ന് അമ്മമ്മ കൈക്കുഞ്ഞായിരുന്നു. ഒരു തൊട്ടിലിൽ ഉറങ്ങുകയായിരുന്നു. അന്ധനായ വകയിലെ ആങ്ങള കുഞ്ഞിനെ താരാട്ടുന്നു. മഴ, വയൽ നിറഞ്ഞ് ഉയർന്നുയന്ന് കുന്നിൻ മുകപ്പു വരെ തൊടുമെന്ന വണ്ണം ആർത്തലയ്ക്കുന്നു. തന്റെ കാൽക്കീഴിലെ തറ ഊർന്നു പോവുന്നതായി തോന്നിയ അന്ധബാലൻ നിലവിളിച്ചു. വീട്ടുകാർ ഓടി വന്ന് തൊട്ടിലിൽ കിടന്ന കുഞ്ഞിനെയും ആങ്ങളയെയും എടുത്ത് മുറ്റത്തേക്കോടി. നിമിഷങ്ങൾക്കുള്ളിൽ ആ മുറി അടുത്തുള്ള കിണറ്റിലേക്ക് ഇടിഞ്ഞു വീണു. മഴ എത്ര കാൽക്കീഴിലെ മണ്ണിടിച്ചു! എത്ര കരച്ചിലുകളുടെ മഴ പെയ്യിച്ചു! ആർക്കറിയാം?

കുട്ടികൾക്ക് മഴയവധികളുടെ പെരുക്കം വലിയ സന്തോഷമാണ്. തലേന്നത്തെ ഇടിമിന്നലിൽ വിടർന്ന കൂണുകൾ തേടാൻ കിടക്കപ്പായിൽ നിന്ന് ഒരോട്ടമാണ്. അരിക്കുമിൾ , പാൽക്കുമിൾ , നായിമുലച്ചിക്കുമിൾ, നെയ്ക്കുമിൾ, പന്നിക്കുമിൾ, കരടിക്കുമിൾ ഏതെങ്കിലുമൊന്ന് കിട്ടിയേക്കും. അന്നും ഇന്നും മഴക്കാലരുചികളുടെ കൂട്ടുകൾ വേനൽക്കാലം മുതലുള്ള ഒരുക്കമാണ്. പലതരം വടകുകൾ, ചുണ്ടക്കവടക്, മത്തൻ വടക്, കുമ്പളവടക്… അതുരുട്ടിയുണരുന്ന നീണ്ട രാത്രികൾ… വറ്റലുകളും തുറ മാങ്ങയും ചക്കപ്പപ്പടവും ഉണങ്ങി പാകമാകുന്ന പകലുകൾ, അതിനിടയിൽ ചാറുന്ന വേനൽമഴകൾ… മഴക്കാല രാവിലെകൾ കുമിൾ വറ്റിച്ചതും കൂട്ടി ഞങ്ങൾ കുഴച്ചു തിന്നും. ഉച്ചകൾ ഉണക്കിയ പുത്തരിച്ചുണ്ടകൾ വറുത്തു വിതറിയ കഞ്ഞിയായി കോരിക്കുടിക്കും, തുറമാങ്ങയുടെ എരിവ് മേഘക്കീറിനിടയിലെ സൂര്യനെപ്പോലെ, പുത്തരിച്ചുണ്ടയുടെ കയ്പ്പിനിടയിൽ നിന്ന് ഒളിമിന്നും. പുഴയിൽ നിന്നും വയലുകളിലേക്ക് കുടി മാറിപ്പോകുന്ന പുഴമീനുകളെ പലരും പിടിച്ചിട്ടുണ്ടാകും, അത് മിക്കവാറും എല്ലാ വീടുകളിലെയും കറിയാവും.

aruna narayanan | memories | rain | monsoon | iemalayalam
ചിത്രീകരണം : അരുണ നാരായണന്‍

പുഴയ്ക്കെന്ന പോലെ മനസ്സുകൾക്കും അതിരുകൾ ഇല്ലാതാവുന്ന മഴക്കാലം. വൈകുന്നേരങ്ങൾ ചക്കപ്പുഴുക്കിന്റെയും കാപ്പിയുടേതുമാണ്. ചക്ക വരട്ടുന്നത് പാതിരാവുകളിലാണ്. തേൻ വരിക്കയുടെ ചുളകൾ നെയ്യിലും ശർക്കരയിലും രാമഴ പോലെ അലിയും. ഏതുറക്കത്തെയും അത് കുടഞ്ഞുണർത്തും. പലതരം ചക്കകളുടെയും മാങ്ങകളുടെയും പങ്കുവെക്കലിന്റെയും പഴയ മഴക്കാലം.

അന്നത്തെ തേൻവരിക്കയുടെ അതേ ഗുണത്തിൽ പുതിയ താമസയിടത്തിലെ അവസാനത്തെ തേൻവരിക്കയും തീർന്നു. നാട്ടുമാങ്ങയുടെ മധുരക്കാലം ബാക്കിയുണ്ട്. ജൂൺ ഒന്നിന് സ്കൂൾ തുറന്നത് ഇടവപ്പാതി അറിഞ്ഞ ഭാവമില്ല. അല്ലായ്കിൽ മഴയില്ലാതെ ജൂൺ ഒന്നാം തീയതി കാണാറേയില്ല. ഋതുക്കൾ മനുഷ്യരെപ്പോലെയാണ്. വരണ്ടും നിറഞ്ഞും കവിഞ്ഞും പൂത്തും കൊഴിഞ്ഞും തരം മാറി ആവർത്തിക്കുന്നു. കോലായിലിരുന്നു, മാർച്ചിലെപ്പോലെ വരണ്ട ജൂൺ ആകാശത്ത് നോക്കവേ ഒരു നിർമമത എന്നെ പൊതിഞ്ഞു. നോക്കിയിരിക്കെ മെല്ലെ ഉരുണ്ടു വരുന്ന മേഘങ്ങൾ, മെല്ലെ പെയ്യുന്നു, വയനാടൻ മഴ!. സ്കൂൾ വിട്ടു വന്ന മക്കളെ യൂണിഫോം അഴിച്ചു ഞാൻ മഴയോടൊപ്പം കളിക്കാൻ മുറ്റത്തേക്ക് വിട്ടു. മഴ തിമർത്തു പെയ്തു. കുഞ്ഞുങ്ങൾ നനഞ്ഞു ചിരിച്ചു.

Features Monsoon Rain Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: