scorecardresearch

അരൂര്‍-തുറവൂര്‍ ഉയരപ്പാത എന്ന നരകപാതയും സഹനത്തിന്റെ ഗര്‍ഡറുകളും

എത്രയോ കുടുംബങ്ങളാണ് ഈ ഉയരപ്പാത നിര്‍മ്മാണത്തിലെ കാര്യക്ഷമതയില്ലായ്മയും അലംഭാവവും അശാസ്ത്രിയതയും കൊണ്ട് അനാഥമായിത്തീര്‍ന്നത്.ഒരു മകള്‍, ഒരു ഭര്‍ത്താവ്, ഒരമ്മ... ഇതൊക്കെ നമ്മള്‍ക്ക് 'ഒരു' മാത്രമാണ്. ആ കുടുംബങ്ങള്‍ക്ക് അവരോരുത്തരും അവരുടെ 'എല്ലാമെല്ലാ'മാണെന്ന് ആരറിയുന്നു?

എത്രയോ കുടുംബങ്ങളാണ് ഈ ഉയരപ്പാത നിര്‍മ്മാണത്തിലെ കാര്യക്ഷമതയില്ലായ്മയും അലംഭാവവും അശാസ്ത്രിയതയും കൊണ്ട് അനാഥമായിത്തീര്‍ന്നത്.ഒരു മകള്‍, ഒരു ഭര്‍ത്താവ്, ഒരമ്മ... ഇതൊക്കെ നമ്മള്‍ക്ക് 'ഒരു' മാത്രമാണ്. ആ കുടുംബങ്ങള്‍ക്ക് അവരോരുത്തരും അവരുടെ 'എല്ലാമെല്ലാ'മാണെന്ന് ആരറിയുന്നു?

author-image
Priya A S
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aroor Thuravoor FI 1

ഫൊട്ടോ: വിമൽ എരമല്ലൂർ

എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം കഴിഞ്ഞ രണ്ടരക്കൊല്ലമായി നടക്കുന്ന തുറവൂര്‍ -അരൂര്‍ മേഖലയിലെ എരമല്ലൂരിലാണ് ഇപ്പോള്‍ എന്റെ  താമസം. ഞാന്‍  യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത് തിരിച്ചു വന്നത് ദേശീയ പാത വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന  ഈ റോഡുപണി കോലാഹലത്തിലേക്കാണ്. കൊച്ചിയില്‍ വല്ല ഫ്‌ളാറ്റും വാങ്ങി കഴിഞ്ഞാല്‍ മതിയായിരുന്നുവെന്ന് ദിവസവും ആലോചിച്ചുപോകുന്നതിലെ പല കാരണങ്ങളിലൊന്ന്, ആര്‍ക്കും വേണ്ടിയല്ലാതെ തിളയ്ക്കുന്ന ഈ റോഡ് നിര്‍മ്മാണബഹളം കൊണ്ടു കൂടിയാണ്.

Advertisment

മുന്നൊരുക്കങ്ങളില്ലാതെ, മരുന്നിനുപോലുമുള്ള സുരക്ഷാക്രമീകരണങ്ങളില്ലാതെ, പകരമായി സജ്ജീകരിച്ച യാത്രാവഴികളൊന്നും ഇല്ലാതെ, മനുഷ്യജീവനോട് ലവലേശം ആദരവോ സഹാനുഭൂതിയോ കാണിക്കാതെ മനുഷ്യരുടെ ക്ഷമയുടെ കൂറ്റന്‍ ഗര്‍ഡറുകളെയും തകര്‍ത്തെറിഞ്ഞ് ഇഴഞ്ഞിഴഞ്ഞ് അനന്തമായി നീളുകയാണ് ഇവിടെ മേല്‍പ്പാലം പണി.

എത്ര നാളെടുക്കുമെന്നോ, ആ നേരത്തെല്ലാം ജനങ്ങളെ  ബുദ്ധിമുട്ടിക്കാതെ എങ്ങനെ ഗതാഗതം മാനേജ് ചെയ്യുമെന്നോ ഉള്ള ദീര്‍ഘവീക്ഷണങ്ങളൊന്നും തൊട്ടുതീണ്ടാതെയാണ് ബന്ധപ്പെട്ടവര്‍ ഈ പ്രൊജക്റ്റിലേക്കെടുത്തു ചാടിയിരിക്കുന്നതെന്ന് വ്യക്തം. സര്‍വ്വവിധ യാത്രാ ദുരിതങ്ങളും ഏറ്റുവാങ്ങുന്ന ഒരു നരകപാതയിത്തീര്‍ന്നിട്ടുണ്ട് ഈ പന്ത്രണ്ടേമുക്കാല്‍ കിലോമീറ്റര്‍ വഴി.

മേല്‍പ്പാലത്തിന്റെ ഭാഗമായുള്ള ഒരു ഗര്‍ഡര്‍, ഹൈഡ്രോളിക് ജാക് വഴി മുകളിലേക്ക്  വെളുപ്പാന്‍കാലത്തുയര്‍ത്തുന്നതിനിടെ ജാക് തെന്നുകയും ഉയര്‍ത്തിക്കൊണ്ടിരുന്ന ഗര്‍ഡര്‍ ചരിഞ്ഞ് മറ്റൊരു ഗര്‍ഡറില്‍ ചെന്നിടിച്ച് രണ്ടു ഗര്‍ഡറുകളും കൂടി നിലംപതിക്കുകയും ചെയ്ത വാര്‍ത്ത കേട്ടാണ് കഴിഞ്ഞ ദിവസം രാവിലെ ഉണര്‍ന്നത്.

Advertisment

നിര്‍ണ്ണായകവും സങ്കീര്‍ണ്ണവുമായ ഇത്തരമൊരു നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുമ്പോള്‍ റോഡ് ഗതാഗതം നിര്‍ത്തി വയ്‌ക്കേണ്ടതുണ്ട് എന്ന സാമാന്യസുരക്ഷാസംവിധാനത്തിന്റെ അഭാവത്താല്‍ അതു ചെന്നു വീണത് ഓടിക്കൊണ്ടിരിക്കുന്ന പിക്കപ് വാനിന്റെ മുകളിലേക്കാണ്.

പിക്കപ് വാനിന്റെ ഡ്രൈവറായ രാജേഷിനെ മൂന്നുമണിക്കൂറിനു ശേഷം മാത്രമാണ് ഫയര്‍ഫോഴ്‌സിന് പുറത്തെടുക്കാനായത് എന്ന അതിസങ്കടകരമായ കാര്യമാണ് പിന്നെ അറിഞ്ഞത്. ഇത്തരം ഗൗരവകരമായ പണികള്‍ നടക്കുമ്പോള്‍ അവിടെ അവശ്യം വേണ്ട ഒരാളായ സേഫ്റ്റി ഓഫീസറുടെ അസാന്നിദ്ധ്യത്തില്‍, ക്രെയിന്‍കാരനും മറ്റു പണിക്കാരും ഓടി രക്ഷപ്പെട്ടു. 

Aroor Thuravoor Elevated Road
രാജേഷിന്റെ ദാരുണാന്ത്യത്തിനിടയാക്കിയ ഗർഡറുകൾ നീക്കാനുള്ള ശ്രമം |  ഫൊട്ടോ: നിതിൻ ആർ കെ

അട്ടിയട്ടിയായി കൂട്ടിയിരിക്കുന്ന  ഉപയോഗം കഴിഞ്ഞതും ഉപയോഗത്തിലുള്ളതുമായ നിര്‍മ്മാണവസ്തുക്കളെ മറി കടന്ന് അടുത്തു ചെല്ലാനാവാതെ പോലീസും  ഫയര്‍ഫോഴ്‌സും ഒരുപാടുനേരം പണിപ്പെടേണ്ടി വന്നു. ഒരു കൈ അപ്പോഴും സഹായത്തിനായി വേച്ചുയരുന്നുണ്ടായിരുന്നു പിക്കപ് വാനില്‍ നിന്നും എന്ന് കേട്ടു. അത് കല്‍പ്പിത കഥയാവാം. വെറുതേ കുറേനേരം അവിടെപ്പോയിനിന്നു തിരിച്ചു തൊട്ടുത്തുള്ള എന്റെ വീട്ടിലേക്കു മടങ്ങുമ്പോള്‍, ആ കൈയില്‍ ഉടക്കി  വിറച്ചുനിന്നു മനസ്സ്.

കഴിഞ്ഞ രാത്രിയും റോഡില്‍നിന്ന് എന്തൊക്കെയോ കൂറ്റനൊച്ചകള്‍ കേട്ടതാണ്. പക്ഷേ ഞങ്ങളാരും ഇപ്പോള്‍ ഒച്ചകളെ കാര്യമായെടുക്കാറില്ല. വീടു തകര്‍ത്ത് കള്ളന്മാര്‍ കയറുന്ന കോലാഹലം കേട്ടാല്‍പ്പോലും ഞങ്ങള്‍ വിചാരിക്കും റോഡുപണിയുടെ അനുസാരികളാണെന്ന്. തട്ടല്‍-മുട്ടല്‍ ഒച്ചകളില്ലാത്ത ദിനരാത്രങ്ങള്‍ ഞങ്ങള്‍ക്കില്ലാതായിട്ട് എത്രയോ നാളുകളായി.

ഇവിടെ താമസമാക്കിയ ആദ്യദിനങ്ങളില്‍, എന്റെ മുറിയിലെ കട്ടിലില്‍ നിന്ന് 'ഭൂകമ്പ'മെന്നു കരുതി ഞാന്‍ ചാടിയുണര്‍ന്നെണീറ്റിട്ടുണ്ട്, അത്ര ശക്തിയിലാണ് ഞാനും എന്റെ കട്ടിലും കുലുങ്ങിയിരുന്നത്. കൂറ്റന്‍ തൂണുകള്‍ നാട്ടാനായി പൈലിങ് നടക്കുന്ന രാത്രികള്‍ അങ്ങനെയാവാതെ വഴിയില്ല എന്ന് ഓർത്ത് പിന്നെ ആ കമ്പനങ്ങളോട് പൊരുത്തപ്പെട്ടു.

എന്നാലും ചില രാത്രികളില്‍, ചുറ്റും നുരഞ്ഞുപൊന്തുന്ന യന്ത്രബഹളങ്ങള്‍ കാതിലേക്ക് നുഴഞ്ഞു കയറി ഉറക്കം ഞെട്ടിയുണരുമ്പോള്‍ ഞാൻ സംശയിക്കാറുണ്ട് പൊതുനിരത്തിലാണോ കിടക്കുന്നതെന്ന്. ജെസിബിയും ക്രെയിനും അപ്പുറത്തെ ഒഴിഞ്ഞ പ്‌ളോട്ടില്‍ മനുഷ്യരോടൊപ്പം ലൈറ്റും ബഹളങ്ങളുമായി പണിയെടുക്കുന്നത് ജനലരികെ നിന്ന് കര്‍ട്ടന്‍ മാറ്റിയാല്‍ എനിയ്ക്കു കാണാം. റോഡ്‌സംഘം ലീസിനെടുത്ത പറമ്പാണത്.

80 ടണ്‍ വീതമുള്ള ആ രണ്ടു കൂറ്റന്‍ സിമന്റ് നിര്‍മ്മിതികള്‍ക്കടിയില്‍ പെട്ടുപോയ ആ ചെറുപ്പക്കാരന്‍  ശ്വാസം മുട്ടിയാണ് മരിച്ചത്, പരിക്കുകളാലല്ല എന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്ന്  മുട്ടയുമായി എറണാകുളത്തുചെന്ന് ലോഡിറക്കി തിരിച്ചു വരികയായിരുന്നു ആലപ്പുഴക്കാരനായ ആ ഡ്രൈവര്‍ എന്നറിയുന്നു. പകരക്കാരനായി വന്ന ഡ്രൈവറാണ് അയാളെന്നും കേട്ടു. 

Aroor Thuravoor 1
ഉയരപ്പാതയുടെ പണിക്കാവശ്യമായ സാധനങ്ങൾ റോഡിനരികിൽ കൂട്ടിയിട്ടിരിക്കുന്നു

ഇതെത്രാമത്തെ ജീവനാണ് ഈ ഫ്‌ളൈ ഓവര്‍ പണിയിലെ ദീര്‍ഘവീക്ഷണമില്ലായ്മയും അശാസ്ത്രീയതയും അനാസ്ഥയും നിരുത്തരവാദിത്തവും കൊണ്ടു മാത്രം ഭൂമി വിട്ടു പോകേണ്ടി വരുന്നതെന്നതെന്നതിന്റെ കണക്ക് ഔദ്യോഗികരേഖകളില്‍ നാല്‍പ്പതിനും നാല്‍പ്പത്തിയഞ്ചിനും ഇടയിലാണ്. തഴേക്കൂടിയുള്ള ഗതാഗതം നിരോധിക്കേണ്ടി വരുന്ന അതിഗൗരവതരമായ പണിവേളകളെപ്പോലും അതിനിസ്സാരമായെടുത്തതിന്റെ തെളിവാണ് ഈ മരണം. 

ഗര്‍ഡറുകള്‍ ഉയര്‍ത്തുമ്പോള്‍ പത്രത്തില്‍ വാര്‍ത്ത കൊടുക്കേണ്ടതാണ്, സൈറണ്‍ മുഴക്കേണ്ടതാണ്, റെഡ് ലൈറ്റ് തെളിക്കേണ്ടതാണ് എന്നു മറ്റുനാടുകളില്‍ ജീവിച്ചവര്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ ഞങ്ങളീ നാട്ടുകാര്‍ക്ക് അത്ഭുതമാണ്. ഇവിടെ ഗതാഗതം നിര്‍ത്തേണ്ടി വരുമ്പോള്‍ ഒരു പണിക്കാരന്‍ പൊടുന്നനെ എവിടെനിന്നെന്നില്ലാതെ റോഡിലേക്കിറങ്ങി നിന്ന്, തൊട്ടുതൊട്ടില്ല എന്നായ വണ്ടിയ്ക്കുനേരെ ഒരു ചെറു ചോപ്പു കൊടി വീശും, കറേ സമയം കൂടി ഗതാഗതം നിര്‍ത്തേണ്ടി വന്നാല്‍ ഒരറു പഴഞ്ചന്‍ പ്‌ളാസ്റ്റിക് ബാരിക്കേഡ് ആരെങ്കിലും ഉന്തി നടുവിലേക്കു വയ്ക്കും, അത്രതന്നെ.

രണ്ടു വീട് ദൂരമേയുള്ളു ഞങ്ങളുടെ ഇടവഴിയില്‍ നിന്ന് മെയിന്‍ റോഡിലേയ്ക്ക്. ഡ്രൈവിങ്ങില്‍ ഹരമേയില്ലാത്ത ഒരാളാണ് എങ്കിലും ജീവിച്ചു പോകാന്‍ വേണ്ടുന്ന അത്യാവശ്യ ഇടങ്ങളിലേയ്ക്ക് വണ്ടി ഓടിച്ചുപോയിക്കൊണ്ടിരുന്നയാളായ ഞാന്‍ ഇവിടെ വന്നതോടെ വണ്ടി തൊടാതായി. എങ്ങോട്ടു തിരിഞ്ഞാലും ജെ സി ബിയുടെ നീണ്ടുവരുന്ന യന്ത്രക്കൈ. തലയ്ക്കുമുകളിൽ നീലാകാശമൊന്നുമില്ല, ക്രെയിനിന്റെ വാലറ്റത്ത് തൂങ്ങിക്കിടക്കുന്ന കൂറ്റന്‍ കല്ലോ കട്ടയോ ഏതാണ്ടൊക്കെ മാത്രം. 

ഇന്ന് കാണുന്നയിടത്താവില്ല നാളെ ക്രോസിങ്, യു-ടേണ്‍ എന്നിവയൊന്നും. അതുമായി ബന്ധപ്പെട്ട സൈന്‍ബോര്‍ഡുകളോ അറിയിപ്പു സിഗ്നലുകളോ ഒരിടത്തുമില്ല താനും. ചിലപ്പോ രണ്ടു വശത്തുകൂടിയും വാഹനങ്ങള്‍, മറ്റു ചിലപ്പോള്‍ ഇടതുപക്ഷം മാത്രം, ചിലപ്പോള്‍ വലതുപക്ഷം മാത്രം.

നിരന്തരം മാറിമറിയുന്ന റോഡ് സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ തക്ക മനോനിലയും റിഫ്‌ളക്‌സ് ആക്ഷന്‍ കഴിവും ഉള്ള ആളല്ല എന്ന് നല്ല നിശ്ചയമുള്ളതുകൊണ്ട്, വല്ല അപകടത്തിലും ചെന്നു ചാടിയാല്‍ തുണ വരാന്‍ ആരുമില്ല എനിയ്ക്ക് എന്നു ബോദ്ധ്യമുള്ളതു കൊണ്ട്, കഴിഞ്ഞ മൂന്നുകൊല്ലമായി തീര്‍ത്തും ഉപേക്ഷിച്ചിരിക്കുകയാണ് സ്റ്റിയറിങ്. 

യുദ്ധത്തിനെ അതിജീവിച്ചു വന്ന സൈനികന്‍, വീട്ടുമുറ്റത്തെ തെങ്ങില്‍ നിന്ന് തേങ്ങ വീണു മരിക്കാനുള്ളതേയുള്ളു എന്നറിയാമെങ്കിലും എന്തോ എനിയ്ക്ക് ഈ റോഡ്-കോലാഹലത്തിനിടെ മരിക്കുന്നത് ഒട്ടും ആലോചിക്കാനേ വയ്യ. മരിക്കാതെ നുറുങ്ങിപ്പോയാലോ എന്ന ചിന്ത അതിനേക്കാളും പേടിപ്പെടുത്തുന്നതാണ്. ആരെയും എന്റെ വണ്ടി അപകടത്തിലാക്കരുതെന്നുള്ളതാണ് എല്ലാത്തിനേക്കാളും  പ്രധാനം.

Aroor Thuravoor Elevated Highway 2
കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര

ഊബറാണ് ഇപ്പോള്‍ ശരണം. അപ്പോഴും കുഴിയില്‍ വീണ് ഒരു വശത്തേക്കു വണ്ടി ചരിയുമ്പോഴെല്ലാം 'വണ്ടി അപ്പാടെ മറിയുമോ?' എന്നു തോന്നാറുണ്ട്. എന്നാലും വിചാരിക്കും സ്വന്തമായി വണ്ടി ഓടിച്ചു തല പുകയ്ക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് ഒരു ഊബര്‍ വിളിച്ച് യാത്ര പോകുന്നത്. ഓടിക്കുന്ന തലവേദന അവരുടേത്, ഞെക്കിഞെരുക്കി വണ്ടി പാര്‍ക് ചെയ്യുന്ന തലവേദനയും അവരുടേത്. ഞാന്‍ കൈ കെട്ടി ഇരുന്നാല്‍ മതിയല്ലോ. 

ഒരിയ്ക്കലും നമ്മള്‍ നില്‍ക്കുന്നയിടത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താത്ത നാടാണ് പണ്ടുമുതലേ ഇത്. എങ്കിലും ബസാണ് കൂടുതല്‍ സൗകര്യം എന്ന കണ്ടുപിടുത്തത്തിലേക്കും ഞാന്‍ എത്തിയിട്ടുണ്ട്. പൈസ ലാഭം, ഇരുവശത്തേയ്ക്കും സ്വതന്ത്രമായി കണ്ണോടിയ്ക്കാം, റിലാക്‌സ് ചെയ്തിരിക്കാം, പൊടിയില്‍ നിന്നു രക്ഷപ്പെടാന്‍ മാസ്‌ക് വയ്ക്കണമെന്നല്ലേയുള്ളു.

വണ്ടി തൊടാത്തതിന് മകന്‍ കുഞ്ഞുണ്ണി വരുമ്പോഴൊക്കെ കണക്കിന് വഴക്കു പറയുന്നുണ്ട്. ഞാന്‍ പ്രതികരണമില്ലാതെ ഇരിയ്ക്കലാണ് പതിവ്. അവന്‍ വണ്ടി എടുത്തുകൊണ്ടുപോകുമ്പോഴേല്ലാം എന്റെ നെഞ്ചാളും. പിന്നെ വിചാരിക്കും, ഈ ദുര്‍ഘടത്തില്‍ക്കൂടി വണ്ടി ഓടിക്കാന്‍ പഠിച്ചാല്‍ ഏതു പാതാളത്തില്‍ക്കൂടിയും അവന് വണ്ടി ഓടിക്കാന്‍ പറ്റുമായിരിക്കും.

അമ്മ വീണു കാലൊടിഞ്ഞപ്പോള്‍, 200 മീറ്റര്‍ അരികിലായി ഏറ്റവുമടുത്തുള്ള ഹോസ്പിറ്റലിലേക്ക് പല തവണ ആംബുലന്‍സില്‍ കൊണ്ടുപോകേണ്ടിവന്നപ്പോഴെല്ലാം വഴിപ്രശ്‌നങ്ങള്‍ കാരണം രണ്ടുകിലോമീറ്റര്‍ ചുറ്റേണ്ടി വന്നു. അമ്മയെ അവിടെ അഡ്മിറ്റ് ചെയ്‌പ്പോള്‍ അങ്ങോട്ട് ഒരു ദിവസം പല തവണ നടക്കേണ്ടി വരികയും, ആ ഇത്തിരിദൂര നടപ്പിലോരോന്നിലും ജീവനെടുത്ത് കൈയില്‍ പിടിക്കുന്ന മാതിരി തത്രപ്പെടുകയും ചെയ്തിട്ടുണ്ട്.

കൊച്ചിയിലെ 'മോണിങ് വാക്ക് 'പാതകളുടെ ചെത്തിമിനുക്കിയ ഇടങ്ങളുടെ ചിത്രങ്ങള്‍ കാണുമ്പോഴൊക്കെ, ജോലിയ്ക്കും സ്‌ക്കൂളിലേക്കും ഒക്കെ നടന്നുപോകുന്നതൊഴിവാക്കാന്‍ പറ്റാത്ത ഞങ്ങള്‍ കുറച്ചു മനുഷ്യരുടെ മുന്നില്‍ ചെളിയിലും വെള്ളത്തിലും പുതഞ്ഞ് കൊഴകൊഴ എന്നു കിടക്കുന്ന സ്വന്തം വഴിച്ചിത്രങ്ങള്‍  ഞങ്ങളെ കൊഞ്ഞനം കുത്തികാണിയ്ക്കും.

അസുഖങ്ങള്‍ കാരണം കുട്ടിക്കാലത്തോ കൗമാരകാലത്തോ ഒന്നും ഈ നാടു ശരിക്കു നടന്നുകാണാന്‍ ഒരിയ്ക്കലും പറ്റാത്ത ഒരാളാണ് ഞാന്‍. റിട്ടയര്‍ ചെയ്ത് തിരികെ ഇവിടെ എത്തുമ്പോള്‍ സര്‍വ്വമാന ഇടവഴികളുടെയും അറ്റം നടന്നു കണ്ടുപിടിക്കണമെന്നായിരുന്നു എന്റെ മോഹം. അതിനെ തത്ക്കാലം കാണാനേയില്ല.

Aroor Thuravoor Elevated Highway 3

അമ്മയുടെ അലമാരയിലെ കെട്ടുകണക്കിന് മുണ്ടും നേര്യതുകളും ഓരോന്നായി ഉടുത്ത് ദിവസവും അമ്പലത്തില്‍പ്പോയി ആല്‍മരച്ചുവട്ടിലിരുന്ന് കാറ്റു കൊള്ളുമെന്നു സ്വപ്‌നം കണ്ട ഞാന്‍ മകന്റെ പിറന്നാളിൻ്റെയന്നുപോലും അമ്പലത്തില്‍പ്പോയില്ല. മുണ്ടും നേര്യതുകളെല്ലാം അലമാരയില്‍ത്തന്നെ. ചെളിയില്‍ തട്ടാത്ത മുട്ടറ്റ ഡ്രസ്സുകളാണ് ഇപ്പോള്‍ ശരണം.

ഇവിടെ കാലുകുത്തിയ ആദ്യ ആഴ്ച, ഞാന്‍ ഒരു കിലോമീറ്റര്‍ ദൂരെയുള്ള എരമല്ലൂര്‍ ജംങ്ഷന്‍ വരെ നടക്കാനിറങ്ങി. ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ നാടുവിട്ട എനിയ്ക്ക് ഇവിടെ എന്നേയ്ക്കുമായി തിരിച്ചെത്തിയപ്പോള്‍ ആകെ അപരിചിതത്വം. ഇവിടെ എന്തെന്തു കടകള്‍ എവിടെയൊക്കെ എന്നു കണ്ടു പിടിച്ച് എരമല്ലൂരിനെ കൈപ്പിടിയിലൊതുക്കണമെന്നു തോന്നി. കാറിലിരുന്നു നോക്കുമ്പോള്‍, ഒക്കെ ഛടേന്ന് മിന്നിമായും. ഒന്നുമങ്ങ് ശരിയ്ക്കും കാണാനും മനസ്സിലാക്കാനും പറ്റില്ല എന്നൊരു ന്യായം പറഞ്ഞപ്പോഴേ, അമ്മ 'അതുവേണോ?' എന്നു ചോദിച്ചു. എന്തിനും എതിരഭിപ്രായമുള്ള അമ്മയെ പതിവുപോലെ പുച്ഛിച്ച് ഞാനിറങ്ങി.

റോഡിലേക്കു കാലെടുത്തു വച്ചപ്പോഴേ, തെന്നി നടുവലച്ചു വീഴാനാണ് വഴി എന്നു മനസ്സിലായി. കുഴികള്‍, ചെളിപ്പായസം, ഇല്ലാത്ത ഫുട്പാത്തുകള്‍, ഇഴയുന്ന വണ്ടികള്‍, അതിനിടയിലൂടെ നുഴഞ്ഞു കയറുന്ന സൈക്കിളുകള്‍... വഴിമാത്രമില്ല. എന്നാലും വാശിയ്ക്ക് നടന്നു. മഴ പെയ്തു ഇടയ്ക്ക്, അതോടെ പൂര്‍ണ്ണമായി. കുട പിടിയ്ക്കലും, ചെളിക്കുഴമ്പില്ലാത്ത ഒരിടത്ത് വയ്ക്കണമല്ലോ അടുത്ത കാല്‍ച്ചോട് എന്നാലോചിച്ചും കവലയിലേക്കുള്ള ഒരു കിലോ മീറ്റര്‍ നടന്നെത്തിയത് എങ്ങനെയൊക്കെയോ ആണ്. 

കടകളിലേക്കു പോയിട്ട് കാലടികളിലേക്കുപോലും നോക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കുട ബാലന്‍സ് ചെയ്യേണ്ടേ, ഫുട്പാത്തേയില്ലാത്ത കുഴിവഴിയിലൂടെ കയറി വരുന്ന പരശ്ശതം വാഹനങ്ങള്‍ക്കായി ഒതുങ്ങിക്കൊടുക്കണ്ടേ? തിരിച്ച്  ഓട്ടോയില്‍ വീട്ടിലെത്തിയതില്‍പ്പിന്നെ ഇതുവരെ കവലയിലേക്കുള്ള നീണ്ട നടപ്പുസാഹസത്തിന് ഒരുമ്പെട്ടിട്ടില്ല. അമ്മ അന്നെന്നെ നോക്കി ചിരിച്ച ചിരി ഞാന്‍ മറന്നിട്ടുമില്ല.

സ്‌കൂളില്‍പ്പോകുന്ന കുട്ടികളെ കാണുമ്പോഴാണ് ശരിയ്ക്കും സങ്കടം വരിക. ഓടിച്ചാടിപ്പോകേണ്ട കുട്ടികള്‍,  അപകടം പതിയിരിക്കുന്ന ഇല്ലാവഴിയിലൂടെ മെല്ലെപ്പോക്കുകാരായി മാറുന്ന ദുരിതചിത്രമേ മൂന്നുവര്‍ഷമായി മുന്നിലുള്ളു. അച്ഛനമ്മമാരൊക്കെ പരാതിയുമായി നിരത്തിലിറങ്ങാത്തതെന്തെന്ന് ആലോചിക്കാറുണ്ട് .

മഴയും കൂടി എത്തുമ്പോള്‍ അരൂര്‍ സ്‌കൂളിനു മുന്നില്‍ പരക്കുന്ന ചളിപിളി, കുട്ടികള്‍ എങ്ങനെ വീഴാതെ മാനേജ് ചെയ്യുന്നുവെന്ന് അമ്പരക്കാറുണ്ട്. കാല്‍നടക്കാരായ വയസ്സുചെന്നവരെ കാണുമ്പോള്‍ പേടിയാണ് തോന്നുക. നല്ല ഡ്രസൊക്കെ ഇട്ടിറങ്ങുന്ന കോളേജ് കുട്ടികള്‍ എങ്ങനെ ഈ ഉടുപ്പുകളില്‍ ചെളി തെറിക്കാതെ അവരുടെ ഇടങ്ങളിലെത്തുന്നു എന്ന് ഒരു പിടിയുമില്ല. 

Aroor Thuravoor Elevated Path
അപകടത്തിനു ശേഷം ഗർഡറുകൾ നീക്കം ചെയ്യുന്നു | ഫൊട്ടോ: നിതിൻ ആർ കെ

പൈലിങ്ങിനു വേണ്ടിയുള്ള കുഴിയ്ക്കല്‍ എളുപ്പമാകാന്‍ വേണ്ടി ഉപയോഗിക്കുന്ന ഏന്തോ കെമിക്കലും ഉപ്പുവെള്ളവും ചേര്‍ന്ന് സദാ വെള്ളത്തില്‍ കുളിച്ചു നില്‍ക്കുന്ന ഈ വഴിയിലൂടെ ഓടിച്ച് സ്‌കിഡ് ചെയ്തുവീണും പിന്നെ തട്ടിമുട്ടി എണീറ്റും മുന്നോട്ടു കുതിക്കുന്ന ഇരുചക്രവാഹനങ്ങളെ നോക്കി നില്‍ക്കുമ്പോള്‍ സര്‍ക്കസിലെ മരണക്കിണറിലെ അഭ്യാസം എത്ര ഭേദം എന്നു തോന്നിയിട്ടുണ്ട്.  

വീട്ടുജോലിയില്‍ സഹായിക്കാന്‍ വരുന്ന സ്ത്രീ  ഒരുദിവസം തെന്നിയലച്ചു വഴിയില്‍ വീണു. വീട്ടില്‍ പോയി ഡ്രസ് മാറി അന്ന് വന്നെങ്കിലും പിന്നെ രണ്ടു ദിവസത്തേക്ക് അവര്‍ കിടപ്പായിപ്പോയി. അങ്ങനെ എത്ര പേര്‍ വീണിട്ടുണ്ടാവും ഈ വഴിയേ?

കടകളൊക്കെ, കച്ചവടം നിന്ന് പൂട്ടിപ്പോയിക്കൊണ്ടിരിക്കുകയാണ്. പല കടകളും ചെളിയില്‍ കുളിച്ചാണ് നില്‍പ്പ്. പല വീടുകളിലേക്കും അവരുടെ വാഹനങ്ങള്‍ പോലും കയറ്റാന്‍ പറ്റാത്തവിധം ഗേറ്റുകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തടസ്സപ്പെട്ടിരിക്കുകയാണ്. വഴിയരികിലെ വീടുകളെ പൊടിയില്‍ നിന്ന് രക്ഷപ്പെടുത്താനായി പലരും  അടിമുടി പച്ച സേഫ്ടിനെറ്റുകളില്‍ പൊതിഞ്ഞുവച്ചിരിക്കുകയാണ്.

കായലിലെ ഉപ്പുകലര്‍ന്ന വെള്ളമാണ്  ഇവിടെ റോഡുപണിയ്ക്കുപയോഗിക്കുന്നത്. അതിലൂടെ ഓടി തുരുമ്പു പിടിച്ച, ദ്രവിച്ച വണ്ടികളാണ് ഈ നാട്ടിലിപ്പോള്‍ നിറയെ. വണ്ടി വര്‍ക്‌ഷോപ്പില്‍ കയറ്റിയാല്‍ അവര്‍ ചോദിയ്ക്കുന്ന ഒരു പതിവു ചോദ്യമുണ്ട്, "എവിടെയാണ്  ഈ വണ്ടി ഓടുന്നത്?." നാടിന്റെ പേരു പറയുമ്പോള്‍ അവര്‍, അത്ഭുതമില്ലല്ലോ വണ്ടി ഇങ്ങനെയായതിൽ എന്ന് നിസ്സംഗരായി തലയാട്ടും. മുകളില്‍ നിന്ന് വെല്‍ഡിങ് സ്പാര്‍ക് വീണ, സിമന്റ്ചാന്തു പറ്റിപ്പിടിച്ച , ഉപ്പുവെള്ളത്തിലൂടെ ഓടി ഒരു പരുവമായ വണ്ടികളാണ് ഈ വഴിയേ പോകുന്നവര്‍ക്കെല്ലാമുള്ളത് എന്ന് അവര്‍ക്കറിയാം.

കൈയെത്തും ദൂരെയുള്ള തൊട്ടടുത്ത വീട്ടിലേയ്ക്ക് ഒരാവശ്യത്തിന് ചെല്ലുന്നുവെന്ന് പറഞ്ഞപ്പോള്‍, ആ വീട്ടിലെ കുട്ടി ഫോണ്‍ ചെയ്തു പറഞ്ഞു, "സൂക്ഷിച്ചു വരണേ ചേച്ചീ... വഴി നിറയെ കമ്പിയും ആണിയുമാണ്. മുകളിലൊക്കെ ടോള്‍ പ്‌ളാസയുടെ പണികളും നടക്കുന്നുണ്ട്. തലയില് ഒന്നും വീഴാതെ നോക്കണേ..." 

ആകെ അമ്പതുമീറ്റര്‍പോലുമില്ല ആ വീട്ടിലേക്ക്. പക്ഷേ റോഡിലിറങ്ങിയപ്പോള്‍ എനിയ്ക്ക് ആ കുട്ടി തന്ന മുന്നറിയിപ്പിന്റെ പൊരുള്‍ മനസ്സിലായി... നടക്കാനിടമില്ല. പണിസാധനങ്ങളാണ് എവിടെയും. പണി കഴിഞ്ഞ് ബാക്കിയായ സാധനങ്ങളുടെ കൂന വേറെയുണ്ട്. ഇങ്ങനെ വരൂ എന്ന് ഹിന്ദിയിലൊരാള്‍ കൈ ചൂണ്ടുന്നുണ്ട്. അപ്പോള്‍ മുകളില്‍ നിന്നും കേള്‍ക്കാം മറ്റൊരു ഹിന്ദി. താഴെയും മുകളിലും ഇടത്തും വലത്തും പലമാതിരി ഹിന്ദികള്‍. ചുറ്റുമുള്ള നാട് വേറെ ഏതോ അപരിചിത ഇടം പോലെ. പോരാഞ്ഞ് ചുറ്റിലും യന്ത്രമുരള്‍ച്ചകള്‍. എവിടെയാണ് സസ്യകോമള ശ്യാമള കേരളം?

Aroor Accident
അപകടത്തിൽപ്പെട്ട രാജേഷിൻ്റെ വാഹനം

സാഹിത്യ പ്രോഗ്രാമുകള്‍ക്ക് അല്ലെങ്കിലേ പോകാനിഷ്ടമില്ല. ഇപ്പോഴായിട്ട് എല്ലാത്തില്‍ നിന്നും ഒഴിയാറാണ് പതിവ്. ഈ നാട്ടില്‍ നിന്നു എറണാകുളത്തേക്കെത്താനെടുത്തിരുന്ന മുക്കാല്‍മണിക്കൂര്‍ ഇപ്പോള്‍ എത്ര മണിക്കൂര്‍ വേണമെങ്കിലുമായിത്തീരാം. രണ്ടു മണിക്കൂര്‍ മാര്‍ജിനിട്ടാണ് ഇപ്പോള്‍ എല്ലാ യാത്രയും. വീടിനുമുന്നില്‍ നിന്നേ ട്രാഫിക് ജാമാണ് പലപ്പോഴും.

യൂണിവേഴ്‌സിറ്റി ജോലിക്കാലത്ത്, നാട്ടിലേക്കുള്ള വരവിനായി വല്ലപ്പോഴും വിളിക്കാറുണ്ടായിരുന്ന ഡ്രൈവര്‍ ഈ വഴിയേ പോയപ്പോള്‍ വിളിച്ചു "എനിയ്ക്ക് എന്തു ചെയ്തിട്ടും നിങ്ങളുടെ വീട്ടിലേക്കുള്ള  വഴി കണ്ടുപിടിക്കാനാവുന്നില്ല. എത്ര തവണ വന്നിട്ടുള്ള വീടാണ്." 

"എനിയ്ക്കു തന്നെ മനസ്സിലാവാറില്ല എന്റെ വീട്ടിലേക്കു തിരിയുന്ന വഴി. ഇന്നാള് ആലപ്പുഴക്കാരന്‍തന്നെയായ അഖില്‍ പി ധര്‍മ്മജനുമൊത്ത് ഒരു പ്രോഗ്രാമിനുപോയി തിരിച്ചുവരുമ്പോള്‍ രണ്ടുകിലോമീറ്റര്‍ അപ്പുറമുള്ള കുത്തിയതോട്ടില്‍ ചെന്നെത്തിയപ്പോഴാണ് എരമല്ലൂരെന്ന എന്റെയീ നാടു കഴിഞ്ഞുപോയത് എനിയ്ക്കു മനസ്സിലായത്. എന്നു പറഞ്ഞു ഞാന്‍ ആളെ സമാധാനിപ്പിച്ചു സ്വയം ചിരിച്ചു.

ഈ വഴി ഒഴിവാക്കാന്‍ പറ്റുന്നവരൊക്കെ ഒഴിവാക്കാറാണ് പതിവ്. കെ ആര്‍ മീര ഇടയ്ക്ക് പറയും "അമ്മയെ വന്നു കാണണമെന്നൊക്കെയുണ്ട്. പക്ഷേ ഇപ്പോ ആ വഴി വരാറേയില്ല." ഗത്യന്തരമില്ലാതെ ഈ വഴിയേ പോകേണ്ടി വരുന്ന വസുജ തുടങ്ങിയ പരിചയക്കാര്‍ വിളിച്ച് പറയും, "പ്രിയയെ ഓര്‍ത്തു കേട്ടോ ചമ്മനാട്ടമ്പലം കണ്ടപ്പോ. പക്ഷേ അങ്ങോട്ടുതിരിയാന്‍ നിര്‍വ്വാഹമില്ലല്ലോ, പണ്ടപ്പരപ്പ് ബ്‌ളോക്കല്ലേ." രണ്ടു കൂട്ടരോടും ഞാന്‍ ചിരിയ്ക്കും. വരുന്നുണ്ട് എന്നു തീര്‍ച്ച പറയുന്നവരോട് പറയും, "സമയം, ജീവന്‍ ഒക്കെ കൈയില്‍പ്പിടിച്ചു വരണം. വരണ വഴിയേ ഇരുന്നെന്നെ വെറുതേ പ്രാകരുത്."

തൊട്ടുത്തുള്ള സിനിമാതീയറ്ററിലേക്ക് നടക്കാനുള്ള ദൂരമേയുള്ളു. അതേയുള്ളൂ ഈ കോലാഹലമടുപ്പില്‍ നിന്നുള്ള ഒരേ ഒരു രക്ഷ. എത്ര പതുക്കെ നടന്നാലും പത്തുമിനിട്ടേ വേണ്ടൂ അവിടെയെത്താന്‍. അങ്ങനെ സാ മട്ടിലിറങ്ങിനടന്ന ഞാന്‍ ഒരു ദിവസം നടക്കാനിടമില്ലാത്ത വിധമുള്ള ബ്‌ളോക്കില്‍ പെട്ടുപോയി. ബ്‌ളോക്കുമാറാന്‍ നിന്നാല്‍ വൈകുമെന്നായപ്പോള്‍, ബ്‌ളോക്കില്‍ നിര്‍ത്തിയിട്ട ട്രാന്‍സ്‌പോര്‍ട്ട് ബസിനെ ഉരുമ്മി ചരിഞ്ഞു ചരിഞ്ഞ് നടന്നു.

പിന്നെ തോന്നി അതെന്തൊരു പൊട്ട ഇംപള്‍സായിരുന്നു. ആ ബസ് ഡ്രൈവവര്‍ കാണുന്നില്ലല്ലോ എന്റെ ഉരുമ്മിനടത്തം, ബസ് മുന്നോട്ടെടുത്തിരുന്നെങ്കില്‍ എന്താകുമായിരുന്നേനെ എന്റെ ഗതി. സിനിമയോ വലുത് ജീവനോ വലുത് എന്ന ചോദ്യത്തിന്റെ ഫലമായി ഇപ്പോള്‍ അരമണിക്കൂര്‍ മുമ്പേ തീയറ്ററിലേക്കിറങ്ങും, അതും ഓട്ടോയില്‍.

Aroor Thuravoor Elevated Highway
അരൂർ-തുറവൂർ ദേശിയപാത നിർമ്മാണം പ്രാരംഭഘട്ടത്തിൽ

കഴിഞ്ഞയാഴ്ച 'ഡീയസ് ഈറെ' കാണാന്‍ പോയതും ഓട്ടോയിലാണ്. സിനിമ തുടങ്ങിയതും തലയില്‍ കൈവച്ചുപോയി. ഇവിടുത്തെ സിമന്റ് മിക്‌സിങ് പോരാഞ്ഞ് സിനിമയിലും അതു തന്നെ കാണിയ്ക്കുന്നു. പിന്നെ പ്രേതത്തെക്കണ്ടപ്പോളാണ് സമാധാനമായതും ജീവന്‍ വച്ചതും. ഇവിടെ നടക്കുന്ന ഭീകരത ആലോചിച്ചു നോക്കിയാല്‍ പ്രേതഭീകരതയൊക്കെ എന്തു നിസ്സാരം...

ഗര്‍ഡറുകള്‍ പൊട്ടിച്ചു കഷണങ്ങളാക്കി മാറ്റാനുള്ള അശ്രാന്തപരിശ്രമം നടക്കുന്നതിനൊപ്പം പാര്‍ട്ടികള്‍ വക പ്രതിഷേധവും മീറ്റിങ്ങും അപകടസ്ഥലത്ത് നടക്കുന്നതു കണ്ടു. നിറയെ പത്രക്കാരും ചാനലുകാരും ചുറ്റോടു ചുറ്റും. തൊട്ടുമുന്നില്‍ താമസിക്കുന്ന വീട്ടുകാരിലൊരാളുടെ അടുത്തേക്ക് ചാനലുകാര്‍ ചെന്നപ്പോള്‍, അദ്ദേഹം പറയുന്നതു കേട്ടു "ഇല്ല ഒന്നും പറയാനില്ല."

തിരിഞ്ഞ് അദ്ദേഹം എന്നോട് "ഈ പണി ഇങ്ങനെ അവസാനമില്ലാതെ നടക്കുന്നതിനിടെ ഒരു പത്രക്കാരനും ചാനലുകാരനും വന്ന് നിങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് വല്ല അസൗകര്യങ്ങളുമുണ്ടോ... പരാതികളുണ്ടോ... എന്ന് ഇതുവരെ ചോദിച്ചിട്ടില്ലല്ലോ മോളേ. ഇതിനു പകരം മെട്രോ ആയിരുന്നെങ്കില്‍ ഈ സഹനത്തിന് വല്ല അര്‍ത്ഥമെങ്കിലുമുണ്ടായേനെ. നമക്കീ ഉയരപ്പാതകൊണ്ടെന്തു ഗുണം?"

കുറച്ചുനേരം അവിടെയങ്ങനെ നിന്ന് തിരിഞ്ഞുനടക്കുമ്പോള്‍, ഉള്ളിലേക്ക് സങ്കടവും രോഷവും പ്രതിഷേധവും നിസ്സഹായതയും അലയടിച്ചെത്തുന്നുണ്ട്.  പൊലിയുന്ന ജീവനുകള്‍ക്ക് വിലയിടുമ്പോള്‍ സംസ്ഥാനവും കേന്ദ്രവും തമ്മില്‍ വിവേചനമൊന്നുമില്ല. അപ്പോള്‍ എല്ലാവരും ഒരേ തട്ടിലാണ്. എത്രയോ കുടുംബങ്ങളാണ് ഈ ഉയരപ്പാത നിര്‍മ്മാണത്തിലെ കാര്യക്ഷമതയില്ലായ്മയും അലംഭാവവും അശാസ്ത്രീയതയും കൊണ്ട് അനാഥമായിത്തീര്‍ന്നത്. ഒരു മകള്‍, ഒരു ഭര്‍ത്താവ്, ഒരമ്മ... ഇതൊക്കെ നമ്മള്‍ക്ക് 'ഒരു' മാത്രമാണ്. ആ കുടുംബങ്ങള്‍ക്ക് അവരോരുത്തരും എല്ലാമാണ്.

ഇന്നലെ വെളുപ്പാന്‍കാലത്ത്, വീട്ടിലേക്കുള്ള വഴിയില്‍ വച്ച് മരിച്ചുപോവുകയാണ് താന്‍ എന്ന് രാജേഷ് എന്ന ആ മനുഷ്യന്‍ അറിഞ്ഞുകാണുമോ? ഇന്നലെ മകനെ കാത്ത് ആ അച്ഛന്‍ ഉറങ്ങാതിരുന്നു എങ്കില്‍ ഇന്ന് മകന്‍ എന്നേയ്ക്കുമായി ഉറങ്ങിയതറിഞ്ഞ് ആ അച്ഛന്‍ ഉറങ്ങാതിരിക്കുന്നു.

ഉയരപ്പാത എഴുപതു ശതമാനം പൂര്‍ത്തിയായെന്നാണ് കേള്‍വി. ഒരു വര്‍ഷമെങ്കിലും ഇനിയും നീളും ഈ ദുര്‍ഘടം.

ഈ നരകപാതയെക്കുറിച്ച് എഴുതണമെന്ന് പലതവണ വിചാരിച്ചതാണ്. ഉത്തരവാദപ്പെട്ടവരാരും പുല്ലുവില പോലും കല്പിയ്ക്കില്ല എന്നറിയാവുന്നതു കൊണ്ട് 'എന്നിട്ടോ?' എന്നു സ്വയം ചോദിച്ചു മൗനം പാലിച്ചതാണ്. 

പക്ഷേ എത്ര എഴുതിയിട്ടും ഈ ദുരിതപാതയിലെ അസഹിഷ്ണുതകള്‍, പിടച്ചിലുകള്‍, അമര്‍ഷങ്ങള്‍ ഇവയൊന്നും അക്ഷരങ്ങളിലൊതുങ്ങാത്തതുപോലെ. എന്തൊക്കെ വൈവിദ്ധ്യമാര്‍ന്ന യാതനാ അനുഭവങ്ങളാവും ഈ നാട്ടുകാര്‍ക്കും ഈ നാട്ടിലൂടെ കടന്നുപോകുന്നവര്‍ക്കും പറയാനുണ്ടാവുക?

ഇനിയുമെത്ര രാജേഷുമാർക്കാണ് അപകടം സംഭവിക്കുക ഇനിയുള്ള മുപ്പതുശതമാനം പണിക്കിടയില്‍ എന്നാര്‍ക്കറിയാം? ഈ ഉയരപ്പാതയുടെ കലാശക്കൊട്ടിനു ശേഷം അരൂരിൽനിന്ന് ഇടപ്പള്ളി വരെ നീളുന്ന ഒരു പ്രൊജക്റ്റിലേക്ക് പോകുമെന്നറിയുന്നു. അതെങ്കിലും പാഠങ്ങളുള്‍ക്കൊണ്ട് നേരാംവണ്ണമാകുമോ നടക്കുക?

Read More:  പ്രിയ എ എസ്സിന്റെ മറ്റു രചനകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Road Accident Construction NH 66

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: