scorecardresearch
Latest News

സർക്കാർ ആ കുഞ്ഞുങ്ങളുടെ ആത്മാവിനൊപ്പമുണ്ടോ?

ഇരയാക്കപ്പെട്ടവളുടെ, അതിജീവന ജീവിതമാണ് പീഡനത്തേക്കാൾ വലിയ ദുരന്തം. കടുത്ത മാനസികവിക്ഷോഭങ്ങളുടെ കാലമാണത്. കേസ്സിൽ നിന്നും രക്ഷപ്പെടാൻ പീഡകന്മാർ സർവ അഭ്യാസങ്ങളും പയറ്റും

സർക്കാർ ആ കുഞ്ഞുങ്ങളുടെ ആത്മാവിനൊപ്പമുണ്ടോ?

ഏതാനും മാസങ്ങൾക്കു മുമ്പുവരെ സാധാരണ കൗമാരക്കാരികളെപ്പോലെ കൂട്ടുകാരികളോടും കൂട്ടുകാരോടും കളിപറഞ്ഞ്, പൊട്ടിച്ചിരിച്ച് നടന്നിരുന്നവരാണവർ. മഴ പെയ്യുമ്പോൾ കുളിരെന്നോതി കുടാകുടാ ചിരിച്ച്, വേനലിന്റെ ഓർമ്മയുടെ ബാക്കിയായ ഉപ്പുമാങ്ങകൾ പരസ്പരം പങ്കുവച്ചു കഴിച്ചിരുന്നവരാണവർ. അവർക്ക് സുന്ദരമായ പേരുകളുണ്ടായിരുന്നു. എത്ര പെട്ടെന്നാണ് അവർക്ക് ആ പേരുകൾ നഷ്ടമായത്. എത്ര പെട്ടെന്നാണ് അവർ ഓച്ചിറ പെൺകുട്ടിയും കിളികൊല്ലൂർ പെൺകുട്ടിയും ഇരയും പീഡിപ്പിക്കപ്പെട്ടവളുമൊക്കെയായി മാറിയത്

ആ കുഞ്ഞുങ്ങൾ ജീവൻ വെടിഞ്ഞെങ്കിലും അവരുടെ മനസ്സ് കേരളത്തിനു മുന്നിലുണ്ട് – മരണത്തിനു മുന്നേ അവർ അനുഭവിച്ച വേദനകൾ, നെടുവീർപ്പുകൾ, ഭയാശങ്കകൾ,…. സൂര്യനുദിച്ചു താഴുമ്പോഴും മഴ കനത്തുപെയ്യുമ്പോഴും വെയിൽ തിളപ്പിക്കുമ്പോഴുമെല്ലാം അവരുടെ ഹൃദയത്തിന്റെ ഭാരം കൂടിക്കൂടി വന്നിരിക്കണം. സംഘർഷങ്ങളുടെ തീവ്രയാതനയിൽ അവരുടെ മനസ്സ് വെന്തുപൊള്ളിയിരുന്നിരിക്കണം. ഇതൊക്കെ പത്രത്താളിന്റെ വെളുത്ത കടലാസിലെ കറുത്ത അക്ഷരങ്ങൾക്കു പിന്നിലിരുന്ന് ഇപ്പോഴും സ്പന്ദിക്കുന്നുണ്ട്.

പല ജീവിതങ്ങളും അങ്ങനെയാണ്. പത്രത്താളിലെ നാലു കോളം വാർത്തയായി ജീവിതങ്ങൾ അവസാനിക്കുമ്പോഴും അവ സ്പന്ദിച്ചുകൊണ്ടേയിരിക്കും. ജീവിക്കാതെ പോയ ദിനങ്ങളെക്കുറിച്ചും നടക്കാതെ പോയ മോഹങ്ങളെക്കുറിച്ചും തിരസ്‌കാരത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ ജീവിക്കുന്നവർ ചിന്തിക്കുമോ എന്തോ?

ഞാൻ ആ മരണങ്ങളെപ്പറ്റി മാത്രമാണിപ്പോൾ ചിന്തിക്കുന്നത്. മരണത്തിനു തൊട്ടുമുന്നിലുള്ള നിമിഷങ്ങളിൽ ആ കൗമാരക്കാരികൾ എന്തെല്ലാമാകും ചിന്തിച്ചിരിക്കുക? എല്ലാവരും ഉറങ്ങിയശേഷം ആഫ്റ്റർ കെയർ ഹോമിന്റെ പടികളുടെ ഹാൻഡ് റെയ്‌ലുകളിൽ അവർ ഇരുവരും കയർ ബന്ധിക്കുന്നത് ഞാൻ കണ്ടുകൊണ്ടിരിക്കുന്നു. ഉറങ്ങുന്ന മറ്റ് അന്തേവാസികളെ ഉണർത്തുന്ന ചെറിയ ശബ്ദം പോലും ഉണ്ടാകരുതെന്ന് അവർ ആഗ്രഹിച്ചിരുന്നിരിക്കണം. തങ്ങളുടെ മരണത്തെപ്പറ്റി ലോകത്തെ അറിയിക്കാൻ കുറിപ്പ് തയാറാക്കുമ്പോൾ അവരുടെ വിരലുകൾ വിറച്ചിരുന്നുവോ?

സാമൂഹ്യനീതി വകുപ്പിന്റെ കൊല്ലത്തെ ഇഞ്ചവിളയിലുളള ആഫ്റ്റർകെയർ ഹോമിൽ ബുധനാഴ്ച രാത്രിയാണ് പതിനേഴും പതിനഞ്ചും വയസ്സുള്ള ആ കുഞ്ഞുങ്ങൾ ഒരു മുഴം കയറിലേക്ക് അവരുടെ ജീവനെ ബന്ധിച്ചത്. തങ്ങളുടെ മനസ്സുമായി ബന്ധിക്കപ്പെട്ട ആ ശരീരങ്ങളിൽ ജീവനുണ്ടാകുംകാലത്തോളം വേദനയുടെ, ആക്ഷേപത്തിന്റെ, പരിഹാസങ്ങളുടെ മുള്ളുകൾ തങ്ങളെ കുത്തിനോവിക്കുമെന്നും ഓരോ ദിവസം അവ തങ്ങളുടെ ശരീരത്തിന് ഭാരം വർധിപ്പിക്കുമെന്നും അവർ അതിനകം തന്നെ തിരിച്ചറിഞ്ഞിരുന്നു.

j binduraj,dalit girls, rape victim

പ്ലസ്ടു വിദ്യാർത്ഥിനിയായ പതിനേഴുകാരിയും പത്താം ക്ലാസ്സുകാരിയായ പതിനഞ്ചുകാരിയും അവിടെയെത്തുന്നത് അടുത്തബന്ധമുളളവരുടെ ബലാത്സംഗത്തിനിരയായിട്ടാണ്. ഒരാൾ അഞ്ച് മാസം മുമ്പും മറ്റൊരാൾ ഒരുമാസം മുമ്പുമാണ് ഇവിടെയെത്തിയത്. ഇതിൽ ഒരു കുഞ്ഞ്, അയൽവാസി ബലാൽസംഗം ചെയ്തതിനെ തുടർന്നാണെങ്കിൽ മറ്റൊരാൾ സ്വന്തം അച്ഛന്റെ പീഡനത്തിനിരയായാണ് എത്തിയത്. ഇതുകൂടി ജീവിതത്തിൽ നിന്നും ഒറ്റയ്ക്കായി ഇറങ്ങിപ്പോയ  ഇവരെ വിധിക്കാനൊരുങ്ങും മുമ്പ് നമ്മളോർക്കണം. കുഞ്ഞുങ്ങൾക്ക് നഷ്ടമായ മാനസികബലത്തെക്കുറിച്ചും നല്ല നടപ്പിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം സൈദ്ധാന്തിക ചർച്ചയ്ക്ക് ഒരുങ്ങുന്നവർ  ഓർമ്മിക്കണം.

ഏതാനും മാസങ്ങൾക്കു മുമ്പുവരെ സാധാരണ കൗമാരക്കാരികളെപ്പോലെ കൂട്ടുകാരികളോടും കൂട്ടുകാരോടും കളിപറഞ്ഞ്, പൊട്ടിച്ചിരിച്ച് നടന്നിരുന്നവരാണവർ. മഴ പെയ്യുമ്പോൾ കുളിരെന്നോതി കുടാകുടാ ചിരിച്ച്, വേനലിന്റെ ഓർമ്മയുടെ ബാക്കിയായ ഉപ്പുമാങ്ങകൾ പരസ്പരം പങ്കുവച്ചു കഴിച്ചിരുന്നവരാണവർ. അവർക്ക് സുന്ദരമായ പേരുകളുണ്ടായിരുന്നു. എത്ര പെട്ടെന്നാണ് അവർക്ക് ആ പേരുകൾ നഷ്ടമായത്. എത്ര പെട്ടെന്നാണ് അവർ ഓച്ചിറ പെൺകുട്ടിയും കിളികൊല്ലൂർ പെൺകുട്ടിയും ഇരയും പീഡിപ്പിക്കപ്പെട്ടവളുമൊക്കെയായി മാറിയത്.

ഇരയാക്കപ്പെട്ടവളുടെ, അതിജീവന ജീവിതമാണ് പീഡനത്തേക്കാൾ വലിയ ദുരന്തം. കടുത്ത മാനസികവിക്ഷോഭങ്ങളുടെ കാലമാണത്. കേസ്സിൽ നിന്നും രക്ഷപ്പെടാൻ പീഡകന്മാർ സർവ അഭ്യാസങ്ങളും പയറ്റും. ജീവനക്കാരെപ്പോലും ഉപയോഗിച്ചുകൊണ്ട് അവരെ മാനസികമായി തകർക്കാൻ ശ്രമിക്കും. ആഫ്റ്റർ കെയർ ഹോമിൽ ജീവനക്കാരിൽ നിന്നും കടുത്ത മാനസിക പീഡനമാണ് തങ്ങൾ അനുഭവിക്കുന്നതെന്ന് അവർ എഴുതിയത് വെറുതെയാകാനിടയില്ല. അത് സംഭവിക്കാറുള്ളതു തന്നെയാണ്. സംസ്ഥാനത്തെ എട്ട് നിർഭയ ഹോമുകളുടെ മേൽനോട്ടം വഹിക്കുന്ന മഹിളാ സമഖ്യ സൊസൈറ്റിയുടെ ഉദ്യോഗസ്ഥയ്ക്ക് കുറച്ചുകാലം മുമ്പ് ഒരു വലിയ വാഗ്ദാനം ഒരാൾ വച്ചുനീട്ടിയതായി അവർ ഈ ലേഖകനോട് തന്നെ പറഞ്ഞിരുന്നതാണ്. ആ ഉദ്യോഗസ്ഥയുടെ കീഴിലുള്ള നിർഭയ ഹോമുകളിലൊന്നിൽ പാർപ്പിച്ചിട്ടുള്ള പീഡനത്തിനിരയായ ഒരു പെൺകുട്ടിയുമായി ഒത്തുതീർപ്പിന് സഹായിക്കുകയാണെങ്കിൽ അഞ്ചു കോടി രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാൻ എല്ലാ സഹായവും നൽകാമെന്നും പുനരധിവസിപ്പിക്കാമെന്നുമൊക്കെ കേസ്സിലെ പ്രതികളുടെ ഇടനിലക്കാരനായി വർത്തിച്ച അയാൾ അവരോട് പറഞ്ഞെങ്കിലും അവരോ പെൺകുട്ടിയോ അത്തരം വാഗ്ദാനങ്ങളൊന്നും തന്നെ സ്വീകരിച്ചില്ല.

സമൂഹത്തിൽ രാഷ്ട്രീയമായും സാമൂഹികമായും സ്വാധീനശേഷിയുള്ള 15 പേർ കുറ്റപത്രത്തിലുള്ള ലൈംഗിക പീഡനക്കേസ്സായതിനാൽ (അതിൽ മൂന്നുപേരെ കോടതി ഒഴിവാക്കി), 2008ൽ കോഴിക്കോട് നടന്ന ഈ പീഡനം 2009ൽ അന്വേഷിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പുറത്തുവന്നപ്പോൾ മുതൽ നേതാക്കന്മാരും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ പ്രതികളെ രക്ഷിക്കാൻ പെടാപ്പാടു പെടുകയായിരുന്നു. മുസ്ലിം ലീഗിന്റെ ഒരു പ്രമുഖ വനിതാ നേതാവു പോലും പ്രതികൾക്കായി വിലപേശലിനിറങ്ങി. തെക്കേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു നടന്ന് 12കാരിയായ ഈ മുസ്ലിം പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ അച്ഛനും വളർത്തച്ഛനും അമ്മയും പല ബന്ധുക്കളുമൊക്കെ ഉൾപ്പെട്ടിരിക്കുന്നുവെന്നതിനാലാണ് കേസ്സ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കേസ്സിൽ നിന്നും തലയൂരിപ്പോരാൻ പെൺകുട്ടിയുടെ ബന്ധുക്കൾ പല കളികളും കളിച്ചു. മഹിളാ സമഖ്യയുടെ നിർഭയ ഹോമിൽ നിന്നും പെൺകുട്ടിയെ പുറത്തെത്തിക്കാൻ അച്ഛൻ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും അടുത്ത ബന്ധുക്കൾ പെൺകുട്ടിയെ കാണാനും സ്വാധീനിക്കാനും അവസരം തേടുകയുമൊക്കെ ചെയ്തതാണ്. പക്ഷേ അവയൊന്നും തന്നെ വിലപ്പോയില്ല. അതുകൊണ്ടാണ ഈ കേസ്സിൽ ഒത്തുതീർപ്പുണ്ടാക്കി കേസ്സിൽ നിന്നും ഊരിപ്പോരാൻ ബന്ധുക്കൾ തന്നെ ഒരു ഇടനിലക്കാരനെ അഞ്ചുകോടി രൂപ വാഗ്ദാനവുമായി ഉദ്യോഗസ്ഥയ്ക്കരികിലേക്ക് അയച്ചത്. പന്ത്രണ്ടു വയസ്സിൽ പീഡിപ്പിക്കപ്പെട്ട ആ പെൺകുട്ടിയെ ഒരിക്കൽ കോഴിക്കോട് കോടതിയിൽ ഹാജരാക്കിയതു പോലും അതീവ സുരക്ഷയൊരുക്കിയ ശേഷമായിരുന്നു. ഇത് കോഴിക്കോട്ടെ, ഇപ്പോഴും ജീവനോടെയിരിക്കുന്ന ഒരു പെൺകുട്ടിയുടെ അനുഭവമാണ്. ഇപ്പോൾ മരണം തെരഞ്ഞെടുത്ത ആ രണ്ടു പെൺകുട്ടികളും ഇതേ അവസ്ഥയിലൂടെയെല്ലാം കടന്നുപോയിക്കാണുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. ബാലാവകാശ കമ്മീഷൻ ഇതുസംബന്ധിച്ച് ഇന്നലെ സ്വമേധയാ ഒരു കേസ്സ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

nirbhaya, after care home, social justice,

സംസ്ഥാനത്തെ നിർഭയ ഹോമുകളിലും ഭയപ്പാടോടെ തന്നെയാണ് പീഡനത്തിന് ഇരയായ പെൺകുട്ടികൾ വസിക്കുന്നതെന്ന് ഈ സംഭവം വെളിവാക്കുന്നു. സംസ്ഥാനത്ത് ഇന്ന് മൊത്തം പ്രവർത്തിച്ചുവരുന്ന 11 നിർഭയാ ഹോമുകളിൽ താമസിച്ചുവരുന്ന വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയയായ 400 ഓളം വരുന്ന അന്തേവാസികൾ താമസിക്കുന്നുണ്ടെന്ന് അറിയുക. മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കളാൽ പീഡനം നേരിട്ട ദൗർഭാഗ്യവതികളായ സ്ത്രീകൾക്ക് ഏക ആശ്രയമാണ് 2012 ജൂണിൽ കേന്ദ്ര സർക്കാരിന്റെ നിർഭയ നയത്തെ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ ആരംഭിച്ച ഇത്തരം ഹോമുകൾ. പക്ഷേ ഇവിടത്തെ അന്തേവാസികളുടെ ജീവിതം ഇന്ന്, പുറമേ നിന്നുള്ള വ്യക്തികളുടെ ഭീഷണികൾക്കു പുറമേ, സർക്കാരിന്റെ കൃത്യസമയത്ത് ലഭ്യമല്ലാത്ത ഫണ്ടുകളിലും മറ്റ് പരാധീനകളിലും പെട്ടുഴലുകയാണെന്നതാണ് വാസ്തവം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിർഭയ ഹോമുകളില്ലെന്നതും പല ഹോമുകളും പ്രവർത്തിക്കുന്നതും അവയ്ക്ക് ഉൾക്കൊള്ളാനാകുന്നതിലും ഇരട്ടി അംഗങ്ങളുമായാണെന്നതും ഇരയാക്കപ്പെട്ടവരുടെ ജീവിതം കൂടുതൽ ദുരിതമയമായി മാറാൻ ഇടയാക്കുകയും ചെയ്യുന്നു. എന്തിന്, 35 പേരെ മാത്രം താമസിപ്പിക്കാനാകുന്ന തിരുവനന്തപുരം വെഞ്ഞാറമൂടിലെ നിർഭയ ഹോമിൽ നിലവിൽ 72 പേരെയാണ് പാർപ്പിച്ചിരിക്കുന്നതെന്നറിയുക!

ജീവിതത്തിൽ വലിയ പീഡനങ്ങളേൽക്കുകയും വീടുകളിലേക്ക് മടങ്ങാനാകാത്ത അവസ്ഥയുള്ളവരുമായി ഈ സ്ത്രീകളേയും പെൺകുട്ടികളേയും മറ്റെന്തിനേക്കാളും ശ്രദ്ധാപൂർവം പരിചരിക്കേണ്ടതാണെന്ന തിരിച്ചറിവ് നിർഭയ സെല്ലിന്റെ നടത്തിപ്പുകാർക്കും സർക്കാരിനും ഇല്ലാതെ പോകുന്നത് ചെറിയ കാര്യമല്ല. ഇപ്പോൾ തന്നെ മതിയായ കിടക്കകളോ കട്ടിലുകളോ കിടക്ക വിരികളോ അംഗങ്ങൾക്കായുള്ള വസ്ത്രങ്ങളോ ഇല്ലാത്ത അവസ്ഥയിലാണ് മിക്ക ഹോമുകളും. എന്നാൽ വരവു ചെലവു കണക്കകുകൾ കൃത്യസമയത്ത് ലഭിക്കാതിരുന്നതു മൂലമാണ് ഫണ്ട് റിലീസ് ചെയ്യാൻ കാലതാമസമുണ്ടാക്കുന്നതെന്നാണ് നിർഭയ അധികൃതരുടെ ഇതുസംബന്ധിച്ച വിശദീകരണം.

ഈ അന്തേവാസികളുടെ ദൈനംദിന ഭക്ഷണത്തിനും അനുബന്ധ ചെലവുകൾക്കും പ്രതിമാസം 2000 രൂപ നൽകുന്നത് തീർത്തും അപര്യാപ്തമാണെന്ന് അറിയാത്തവരല്ല ആരും തന്നെ. 2013 14 ൽ നിർഭയ പദ്ധതിയ്ക്കായുള്ള ഫണ്ട് ഇനത്തിൽ കേന്ദ്ര സർക്കാർ 1000 കോടി രൂപ വീതമാണ് മാറ്റിവച്ചത്. ഓരോ വർഷവും 1000 കോടി രൂപ വീതം പദ്ധതിയ്ക്കായി മാറ്റിവച്ചിട്ടുണ്ടെങ്കിലും ഈ തുകയൊന്നും കൃത്യമായി ചെലവഴിക്കപ്പെടുന്നില്ലെന്ന് കണക്കുകൾ പറയുന്നു. ഇതുവരേയ്ക്കും 3000 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ പദ്ധതി ആസൂത്രണമില്ലാത്തതിനാൽ ഇവ സംസ്ഥാനങ്ങളിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള അതാത് സമിതികൾക്ക് ശരിയായ വിധത്തിൽ ലഭ്യമാക്കാൻ കേന്ദ്രത്തിനുമാവുന്നില്ല. ഏകജാലക ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനത്തിനായും ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായും പൊലീസിനു കീഴിൽ വിവിധ അന്വേഷണ യൂണിറ്റുകൾ ഉണ്ടാക്കുന്നതിനുമൊക്കെയായി കഴിഞ്ഞ വർഷം അനുവദിക്കപ്പെട്ട 600 കോടി രൂപയുടെ അവസ്ഥയും ഇതു തന്നെ.

nirbhaya home, after care home, victims,

ശമ്പളത്തിന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. നിർഭയ ഹോമുകളിൽ പ്രവർത്തിക്കേണ്ടുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾക്ക് സർക്കാർ പ്രതിമാസം നിശ്ചയിച്ചിരിക്കുന്ന ശമ്പളം കേവലം 5000 രൂപയാണ്. ഈ തുകയ്ക്ക് ഏത് സൈക്കോളജിസ്റ്റാണ് അവിടെ തൊഴിലെടുക്കാൻ സന്നദ്ധയാകുക? സ്ഥാപനത്തിൽ താമസിക്കേണ്ടി വരുന്ന പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടവരുടെ ആരോഗ്യപരവും വിദ്യാഭ്യാസപരവും തൊഴിൽ പരിശീലനവും ഭക്ഷണവും താമസവുമൊക്കെ പ്രതിമാസം നൽകുന്ന 2000 രൂപ കൊണ്ട് സാധ്യമാകുന്ന ഒന്നല്ലെന്ന് എങ്ങനെയാണ് ഭരണാധികാരികളെ അവർ ബോധ്യപ്പെടുത്തുക? ഇവർക്ക് ഇത്രയൊക്കെ മതിയെന്ന് ഭരണാധികാരികൾ നിശ്ചയിക്കുമ്പോഴാകട്ടെ, ഇരകൾക്കുനേരെയുള്ള അവരുടെ മനോഭാവം കൂടിയാണ് വാസ്തവത്തിൽ മറ നീങ്ങി പുറത്തുവരുന്നത്.

കൊല്ലത്തെ സംഭവത്തിലേതു പോലെ തന്നെ സാമൂഹികമായ പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ് പീഡനത്തിനിരയായി നിർഭയ ഹോമുകളിലും ആഫ്റ്റർകെയർ ഹോമുകളിലും തങ്ങുന്ന ഒട്ടുമിക്കവരും തന്നെ. സ്വന്തം വീട്ടിനുള്ളിൽ മക്കൾക്കെതിരെ നടന്ന പീഡനങ്ങൾ പലതും അമ്മമാർ മറച്ചുവയ്ക്കാൻ ഈ സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥ ഇടയാക്കുന്നുണ്ട്.

നിർഭയ ഹോമുകളുടെ നടത്തിപ്പിൽ വിവിധ വകുപ്പുകൾ തമ്മിൽ സഹകരണമില്ലാത്തതും ഇവയുടെ പ്രവർത്തനമാന്ദ്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. സാമൂഹ്യനീതി വകുപ്പും ആരോഗ്യ വകുപ്പും പൊലീസും പട്ടികജാതി പട്ടിക വർഗക്ഷേമ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും തൊഴിൽ വകുപ്പുമെല്ലാം സഹകരിച്ചു പ്രവർത്തിക്കേണ്ട മേഖലയാണിത്. വിവിധ പീഡനക്കേസുകളിൽ ഉൾപ്പെട്ട് ഇവിടെ കഴിയുന്ന 400 സ്ത്രീകളിൽ 75 ശതമാനം പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരാണെന്ന കാര്യം ആ വകുപ്പ് ഗൗരവമായി തന്നെയെടുക്കേണ്ടതാണ്. പീഡനത്തിന് ഇരയാക്കപ്പെട്ടവരിൽ വലിയൊരു വിഭാഗവും സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും പീഡനത്തിന് ഇരയായവരായതിനാൽ ഇവർക്ക് ആ വീടുകളിലേക്ക് തന്നെ മടങ്ങിപ്പോകേണ്ടി വരുന്ന ദുരവസ്ഥ ഒഴിവാക്കാൻ സർക്കാർ തലത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ നൽകേണ്ടതും അവർക്കായി പുനരധിവാസപ്രവർത്തനങ്ങൾ നടത്തേണ്ടതും അനിവാര്യമാണ്. പീഡനത്തിനിരയായ ചില പെൺകുട്ടികൾ പ്രസവത്തിനായി തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയതും പിന്നീട് അവർ വീണ്ടും ലൈംഗിക പീഡനങ്ങൾക്ക് ഇരയായതുമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നതും നാം മനസ്സിലാക്കണം. അതായത് നിലവിലെ അവസ്ഥയിൽ പീഡനത്തിനിരയായ പെൺകുട്ടികൾക്ക് താമസിക്കാനാകുന്ന ഹ്രസ്വകാല താമസയിടം മാത്രമാണ് നിർഭയ ഹോമുകൾ. തിരുവനന്തപുരത്തെ നിർഭയ ഹോമുകളിൽ പ്രതിസന്ധികളെ അതിജീവിച്ചും പൊരുതിക്കൊണ്ട് പുതിയൊരു ജീവിതം കെട്ടിപ്പടുത്ത സ്ത്രീകളുണ്ടെന്നത് ആ പറഞ്ഞതിന് ഒരു അപവാദമാണെന്നതു സമ്മതിക്കുന്നു – അഞ്ച് പെൺകുട്ടികളാണ് ഇവിടെ നിന്നും വിധിക്കെതിരെ പോരാടി സ്വന്തം കാലിൽ നിൽക്കുന്നതിനായുള്ള തൊഴിലുകളിലെത്തപ്പെട്ടത്. പക്ഷേ പീഡിപ്പിച്ചവർ താമസിക്കുന്ന സ്വന്തം വീടുകളിലേക്ക് തന്നെ മടങ്ങേണ്ടി വന്നവരെ നാം കാണാതിരുന്നുകൂടാ. അതവർക്കുണ്ടാക്കുന്ന കടുത്ത മാനസികാഘാതവും ആ വീടുകളിൽ അവർ പിന്നീട് ഏതു മട്ടിലാകും സ്വീകരിക്കപ്പെടുകയെന്ന കാര്യവും ആർക്കും പ്രവചിക്കാനാകുന്നതല്ല.

കൊല്ലത്തെ ആഫ്റ്റർ കെയർ ഹോമിൽ സംഭവിച്ചത് ഇനി ആവർത്തിക്കാൻ പാടില്ലാത്ത ക്രൂരതയാണ്. ആ കുഞ്ഞുങ്ങളുടെ ആത്മാവിനോടെങ്കിലും നമ്മൾ നീതി പുലർത്തണമെന്ന് നമുക്ക് തോന്നുന്നുണ്ടെങ്കിൽ സർക്കാർ ഉണരണം. അവരുടെ വേദനകൾ തിരിച്ചറിയാൻ സാമൂഹ്യക്ഷേമവകുപ്പ് തയാറാകണം. സർക്കാർ വാക്കിൽ മാത്രമല്ല പ്രവർത്തിയിലും അവർക്കൊപ്പമുണ്ടാകണം.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Are nirbhaya and after care homes safe for victims of sexual abuse j binduraj