/indian-express-malayalam/media/media_files/uploads/2019/08/rahna-1-1.jpg)
മഴയ്ക്കിപ്പോൾ ഇടവപ്പാതിയും കർക്കിടപ്പേമാരിയും തുലാവർഷവും ഒന്നും വേറിട്ട് അറിയാതെയായി. തോന്നുമ്പോൾ തോന്നുന്ന പോലെ പെയ്യും എന്നല്ലാതെ പ്രത്യേകിച്ച് കാലവും തോതും ഇല്ലാതായിരിക്കുന്നു.
ഇന്ന് പകൽ മുഴുക്കെ മഴ പെയ്തിരുന്നു. നല്ല അസ്സല് മഴ. ഇപ്പോൾ അവിടെയിവിടെയായി ചില മരങ്ങൾ പെയ്യുന്നുണ്ട്. നനഞ്ഞ ചിറകുകളുമായി പേരറിയാത്ത ഏതോ രണ്ട് കിളികൾ മുറ്റത്തെ മന്ദാരക്കൊമ്പിലിരുപ്പുണ്ട്. ഇടയ്ക്കിടെ അപ്പുറത്തെ തൊടിയിലെ ആവണക്കിന്റെയും ഉങ്ങിന്റെയും സമൃദ്ധിയ്ക്കുള്ളിലേക്ക് മറയുന്നുമുണ്ട്. അവരുടെ കൂടെവിടെയാണോ ആവോ!
വീടിന് ചുറ്റുമുള്ള മരങ്ങൾ പെയ്യുന്ന മഴയായിരിക്കണം ഇപ്പോൾ തൂവാനപ്പടികളിൽ നിന്നിറ്റി വീഴുന്നുണ്ട്. നഗരമധ്യത്തിൽ കുറേ നാൾ ജീവിക്കേണ്ടി വന്നപ്പോഴുള്ള ആഗ്രഹമായിരുന്നു അധികം ബഹളങ്ങളില്ലാത്ത സ്ഥലത്ത് വീട് വെയ്ക്കണം എന്നുള്ളത്. മഴയും വെയിലും കാറ്റും നിലാവുമൊക്കെ ആസ്വദിക്കാൻ പാകത്തിലുള്ള വീട്. ചുറ്റും വരാന്തകളും പുറത്തേക്ക് തുറക്കുന്ന ജനാലകളുമുള്ള മുഴുവനായും ഓടിട്ട വീടായിരുന്നു സ്വപ്നത്തിലേത്. ഇടയ്ക്കിടെ ഉണ്ടായേക്കാവുന്ന അറ്റകുറ്റപണികളുടെ അളവും ചെലവും ഓർത്തപ്പോൾ അത് പിന്നീട് വേണ്ടെന്നു വെയ്‌ക്കേണ്ടി വന്നു. എന്നാൽപ്പിന്നെ പൂമുഖത്തെങ്കിലും മരം കൊണ്ടുള്ള പട്ടികയും കഴുക്കോലും തുലാനും പിടിപ്പിച്ച് ഓടിടാം എന്ന് തീരുമാനിച്ചു. എല്ലാ സ്വപ്‌നങ്ങളും ഭാഗികമായിട്ടെങ്കിലും സാക്ഷാത്കരിക്കപ്പെടണമല്ലോ.
മഴ കാണാൻ, കൂടിയിരിക്കാൻ, വൈകുന്നേരങ്ങളിൽ അസ്തമയസൂര്യനെ നോക്കിയിരിക്കാൻ, ഉമ്മറത്ത് ചുറ്റിനും തിണ്ണ വേണം. അയഞ്ഞും മുറുകിയും പെയ്യുമ്പോൾ ഓട്ടുവക്കിലൂടെ മുറ്റത്തേക്കൊഴുകുന്ന മഴയുടെ വ്യത്യസ്തതാളങ്ങൾ ശ്രദ്ധിക്കാൻ പാകത്തിൽ. വീടിന് കുട പിടിക്കാൻ നിറയെ മരങ്ങൾ വേണം. ഇളവെയിലിൽ ഇലപ്പച്ചകൾ തിളങ്ങണം. ചില്ലകൾ കാറ്റത്തുലയണം. മരക്കൊമ്പുകളിലിരുന്ന് കിളികൾ ചിലയ്ക്കണം. നോക്കുന്നിടത്തൊക്കെ അണ്ണാറക്കണ്ണൻമാർ ഓടിക്കളിക്കണം. നാനാതരം ചെടികളും പൂക്കളും മുറ്റത്തും വേലിയിലും നിരക്കണം. അങ്ങനെ മരങ്ങളുടെ പച്ചപ്പും പൂക്കളുടെ നിറങ്ങളും കിളികളുടെ ശബ്ദവും വീടിനെ പൊതിയണം. നഗരത്തിന്റെ ബഹളത്തിലും കൃത്രിമത്വത്തിലും ജീവിക്കേണ്ടി വന്നപ്പോഴുള്ള ആഗ്രഹമായിരുന്നു ഇവയൊക്കെ. ഏറെക്കുറെ അതെല്ലാം നിറവേറിയിരിക്കുന്നു.
/indian-express-malayalam/media/media_files/uploads/2019/08/rahna-1.jpg)
സന്ധ്യയാവുന്നതേ ഉള്ളൂ. അടുത്ത വട്ട മഴയ്ക്കുള്ള കാർമേഘങ്ങൾ മാനത്ത് ചാരവർണ്ണം പൂണ്ട് തയ്യാറായി നിൽപ്പുണ്ട്. ആ ഇരുളിമയാൽ നേരം രാത്രിയായെന്ന് തോന്നിപ്പിച്ചു. ഇരുട്ടിന്റെയും പച്ചപ്പിന്റെയും മണമുള്ള തണുത്ത കാറ്റ് പാടത്ത് നിന്നൊഴുകി വരുന്നുണ്ട്. നിലാവിലലിഞ്ഞ ഒരു രാത്രിമഴ നനയാനുള്ള ആഗ്രഹം ഇതുവരേക്കും നടന്നില്ലല്ലോ എന്ന് നിരാശപ്പെടുത്താനായിരുന്നുവോ ഈ കാറ്റ്!
ഗേറ്റ് തുറന്ന് ആരോ വരുന്നുണ്ട്. തക്കാളിക്കോ പച്ചമുളകിനോ വേണ്ടി അടുത്ത വീട്ടിലെ കുട്ടിയായിരിക്കും. അല്ല. മറ്റാരോ ആണ്. സാരിയൊക്കെ കേറ്റിപ്പിടിച്ച് ഈ നേരത്ത് ഇപ്പോൾ ഇതാരാണാവോ? ഉമ്മറത്തേക്ക് കയറുമ്പോഴേക്കും ആളെ മനസ്സിലായി. അകന്ന ഒരു ബന്ധുവാണ്. കണ്ടിട്ട് രണ്ടുകൊല്ലമെങ്കിലും ആയിക്കാണും. ഇതിനു മുൻപ് അവരുടെ വീട്ടിൽ നടന്ന ഒരു കല്യാണം ക്ഷണിക്കാനാണ് മുൻപ് ഇവിടെ വന്നിട്ടുള്ളത്. വന്നു കേറിയതേ അവർ വലിയ ബേജാറിലാണ്.
"എന്ത് മഴയാ ല്ലേ? ദെന്താ... കോലായമ്മേ ആകെ വെള്ളാണല്ലോ."
"ആ... അത് ചീതലടിക്കുന്നതാ. നല്ല കാറ്റും മഴയും വന്നാൽ വെള്ളം അകത്തേക്ക് പാറും."
"അല്ല...വര്ണോര് വഴുക്കിവീഴേയ്."
ഞാൻ വെറുതെ മൂളി.
അകത്തേക്ക് കേറുന്നതിനിടയിൽതന്നെ അവർ കല്യാണക്കത്ത് എടുത്ത് നീട്ടി.
"ഇയ്യും മക്കളും കുടീല് ഒറ്റയ്ക്കാണ്ല്ലേ? അനക്ക് പേടിയില്ലേ ഇത്ര വല്യ പെരേല് ഒറ്റയ്ക്ക് താമയ്ക്കാൻ..."
"ഒറ്റയ്ക്കല്ലല്ലോ. മക്കളില്ലേ."
ആ മറുപടി അവർക്കത്ര ഇഷ്ടപ്പെട്ടില്ല എന്ന് തോന്നി.
"ആ...ഞാനേയ് കല്യാണം പറയാൻ വന്നതാ... ഇളയോൾടെ...ഇനീപ്പോ ഓള് മാത്രല്ലേ ഉള്ളൂ."
"അവളിപ്പോ എന്താ ചെയ്യ്ണ്?"
"അല്ല, ഈ കോണി ഇപ്പൊ എന്തിനാ ഇവിട്ന്ന് കൊടുത്ത്.വീടിന്റെ കംപ്ലീറ്റ് ഇത് അതില് പോയി."
ഒന്നും പറയാതെ ഞാൻ കല്യാണക്കത്ത് നോക്കിക്കൊണ്ട് നിന്നു.
/indian-express-malayalam/media/media_files/uploads/2019/08/rahna-2.jpg)
"ദെന്താ അവിടെ. ചുമരിനൊരു ചിന്നല്... ചോർച്ച ഒന്നും ഇല്ലാല്ലോല്ലേ. "
അവർ എന്തിനാണ് വന്നതെന്ന കാര്യം മറന്ന മട്ടിലാണ്.
"മോളിപ്പോ ന്താ ചെയ്യ്ണ് ന്നാ പറഞ്ഞെ."
"ആ...നേരന്നെ..ഞാനത് മറന്നു... ഓള് ഫാഷൻ ഡിസൈനറാ...ചുരിദാർ മാത്രം ഒന്നും അല്ലാട്ടാ... എന്തൊക്കെ വേണം അനക്ക്.എല്ലാം കടേല് കിട്ട്ന്നതിനേക്കാൾ നന്നായി വർക്ക് ചെയ്യും. ഓൺലൈൻ ആയിട്ട് ഇഷ്ടം പോലെ ഓർഡറാ ഇപ്പൊ. ആള് നല്ല മിടുക്കിയാണേയ്..."
"മൂത്തോര് രണ്ടാളും കല്യാണത്തിന് വര്ണില്ലേ? "
"ഈ കല്യാണായിട്ടും ഞങ്ങടെ വീട്മ്മേ കുറേ പണിന്ടാര്ന്ന്... ഇതു പോലത്തെ ലൈറ്റ് ഒന്നും അല്ലല്ലോ ഇപ്പൊ... ഈ ഫാൾസീലിംഗ് ഒക്കെ വെച്ച് എൽഇഡി ലൈറ്റ് ഒക്കെ ഉള്ളില് കത്തണ ടൈപ്പ് അല്ലേ ഇപ്പൊത്തെ ട്രെൻഡ്...ഒന്നും പറയണ്ട... ഒരു കല്യാണായാൽ വീടൊന്ന് ഒരുക്കാൻ തന്നെ നല്ല പണിയാണ്... "
"ഇരിക്ക് ട്ടാ. കുടിക്കാൻ എന്തെങ്കിലും എടുക്കാം"
പൊങ്ങച്ചം കേൾക്കാനുള്ള മൂഡ് തീരെ ഇല്ലായിരുന്നു. എങ്കിലും ഉപചാരം പറയാതെ വയ്യല്ലോ.
"ഇല്ല. വണ്ടീല് അവരൊക്കെ ണ്ടേയ്. നേരല്ല. പോട്ടെ. അപ്പൊ എല്ലാരും വരീൻ ട്ടാ..."
വന്ന സ്പീഡിൽതന്നെ അവർ ഉമ്മറത്തേക്ക് പാഞ്ഞു. മാജിക് അറിയാത്തതിനാൽ ഈ ഞൊടിനേരത്തിനുള്ളിൽ ഉമ്മറത്തെ വെള്ളം അപ്രത്യക്ഷമാക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.
"നല്ലോണം വെള്ളം വര്ണ് ണ്ട്ല്ലേ... ഇതിനിപ്പോ ന്താ ഇയ്യ് ചെയ്യാൻ കണ്ട്ക്ക്ണ്?"
അവർ താഴോട്ടും മേലോട്ടും മാറി മാറി നോക്കി.
"അ അ ആ.. മരത്തിമ്മേ ഓട് മേഞ്ഞിരിക്കാണ് ല്ലേ. ഓട്മ്മേ തേങ്ങേം ഓലമടലൂം ഒക്കെ വീണ് പൊട്ടുണ്ണ്ടാവേയ്. അല്ല, അല്ലെങ്കിലും ഇയ്യിപ്പൊ എന്തിനാ ഈ പണി കാട്ടീത്? ഇന്നത്തെ കാലത്ത് ആരെങ്കിലും കാട്ടോ ഇങ്ങനത്തെ പൊട്ടത്തരം. ഇതപ്പടി അങ്ട് വാർക്കായിരുന്നില്ലേ? ന്നാപ്പോ ഇങ്ങനെ വെള്ളത്തിന്റെ ശല്യം ണ്ടാവാര്ന്നാ?"
എന്തൊക്കെയോ മറുപടി പറയണം എന്നുണ്ടോ? ഇല്ല. ഒന്നും പറയാനില്ല.
"പത്തായിരത്തി അഞ്ഞൂറ് ആൾടെ കല്യാണാണെയ്. പറഞ്ഞു തീരണ്ടേ... അതാ ഈ മോന്തി ആവ്ണ നേരത്തൂടീം പറയാൻ നടക്ക്ണ്..." - അവർ ചവിട്ടുപടിയിൽ നിന്ന് ചുറ്റുപാടും നിരീക്ഷിച്ചു.
/indian-express-malayalam/media/media_files/uploads/2019/08/rahna-3.jpg)
"ഇങ്ങള് ഇങ്ങട്ട് എറങ്ങി ശരിക്കും ഒരു കുഴീലായി ല്ലേ...റോട്ടീക്കൂടെ പോണ ഒരു മനുഷ്യനെങ്കിലും കാണാനോ മുണ്ടാനോ പറ്റോ ഇവടെ.... ഇവടെ കൊടുന്ന് പെരണ്ടാക്ക്യേത് ഇങ്ങക്ക് ആ മെയിൻ റോട്ടിൽക്ക് കേറായിരുന്നില്ലേ? നാലാളെ കണ്ട് വർത്താനെങ്കിലും പറയാര്ന്നില്ലേ," അവരുടെ മുഖത്തൊരു സവിശേഷ ഭാവം പരന്നു.
ഇപ്പൊ ശരിക്കും എന്തോ പറയാൻ തോന്നുന്നുണ്ട്.
ഏയ്. ഇല്ല. അതും തോന്നലാണ്.
പ്രതികരണം ഒന്നും ഇല്ലാണ്ടായപ്പോൾ അവർ നടന്നു തുടങ്ങി. തണൽമരവും പാരിജാതവും കടന്നതും പൊടുന്നനെ അവർ തിരിഞ്ഞു നിന്നു.
'ഇവടെ അപ്പിടി കാടായിരിക്ക്യാണല്ലോ. കുറേ മുളേം ഇലേം ഒക്കെയായിട്ട്...പുറത്ത് നിന്നാൽ വീടൊന്ന് കാണാനും കൂടി ഇല്ല.. ഇതൊക്കെ ആരെങ്കിലും വിളിച്ച് അനക്കൊന്ന് വെട്ടിത്തെളിക്കാര്ന്നില്ലേ? എന്തെങ്കിലും വള്ളിച്ചാതികളൂം ണ്ടാവും ട്ടാ, ഇങ്ങനെ മൊന്തയാക്കിയാല്..." അതും കൂടെ പറഞ്ഞ് അവർ ഗേറ്റിലേക്ക് നടന്നു.
ഇല്ല.
ഉറപ്പാണ്.
എനിക്ക് ഒന്നും പറയാനില്ല.
കസേരയിലിരുന്ന് പത്രം നിവർത്തുമ്പോൾ കല്യാണം വിളിക്കാൻ തന്നെയാണോ അവർ വന്നതെന്ന് ശങ്ക തോന്നി. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി വളർത്തിയ മുളങ്കൂടും വൃക്ഷത്തലപ്പുകളും ചെറുകാറ്റിൽ ഇളകിയാടുന്നുണ്ട്.
പ്രത്യേക ഇടവേളയിൽ രാക്കിളികളുടെ ശബ്ദം കേൾക്കാം. നിശാശലഭങ്ങൾ അവിടെയിവിടെയായി പാറുന്നുണ്ട്. അപ്പോഴേക്കും മഴ പെയ്തുതുടങ്ങി. അവരുടെ വാക്കുകൾ അത്രയും ആ മഴയിലേക്കൊഴുക്കി ഞാൻ വാതിലടച്ചു...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us