വിവാഹമോ, പിറന്നാളോ ആഘോഷങ്ങള്‍ ഏതുമാകട്ടെ, മുന്നില്‍നിന്നു നടത്താന്‍ ആലപ്പുഴ കഞ്ഞിക്കുഴിയിലെ പെണ്‍പട തയാര്‍. ആഘോഷവേളകളിലെ പാചകപ്പുരയിലും ഊണുപുരയിലും പുരുഷന്മാരെ മാത്രം കണ്ടിരുന്നവര്‍ക്ക് ഇനി വളയിട്ട കൈകളെയും കാണാം. സംസ്ഥാനത്തെ സഹകരണ മേഖലയിലെ ആദ്യ വനിതാ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ വനിതാ സെല്‍ഫിയാണ് പുരുഷന്മാര്‍ കയ്യടക്കി വാണ മേഖലയില്‍ ഒരു കൈ നോക്കാനിറങ്ങുന്നത്.

കുടുംബശ്രീ പ്രവര്‍ത്തകരായ 50 സ്ത്രീകളാണ് വനിതാ സെല്‍ഫിയിലുള്ളത്. ഇവരില്‍ തൊഴിലുറപ്പ് തൊഴിലാളികളും ആധുനിക ഉപകരണങ്ങളാല്‍ തെങ്ങു കയറുന്ന സ്ത്രീകളുമുണ്ട്. ഇത്തരത്തില്‍ പല തരത്തിലുള്ള ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ ഒരുമിച്ചുള്ള സംരംഭമാണു വനിതാ സെല്‍ഫി. ആഘോഷങ്ങള അണിയിച്ചൊരുക്കാന്‍ വനിതാ സെല്‍ഫി എന്നതാണു ഇവരുടെ പരസ്യ വാചകം. കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് ധനസഹായത്തോടെയാണു സംരംഭത്തിന്റെ തുടക്കം.

ആഘോഷവേളകളിലെ കാറ്ററിങ് ആണു വനിതാ സെല്‍ഫി ഇപ്പോള്‍ ചെയ്യുന്നത്. ഇവയ്ക്കു പുറമേ പെണ്ണുകാണല്‍ ചടങ്ങ്, വിവാഹത്തിനുള്ള ക്ഷണക്കത്ത് തയാറാക്കലും അച്ചടിക്കലും വിതരണവും, വിവാഹപ്പന്തല്‍, പാചകക്കാരെ ഏര്‍പ്പാടാക്കുക, ഭക്ഷണം വിളമ്പുക, വധുവിനെ അണിയിച്ചൊരുക്കുക തുടങ്ങി ഒരു വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കുറഞ്ഞ നിരക്കില്‍ ചെയ്തു നല്‍കും. പരിപാടികള്‍ ഒന്നും ഇല്ലാത്ത സമയത്തും ഗ്രൂപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. മുറിച്ച് പായ്ക്കറ്റിലാക്കിയ പച്ചക്കറികള്‍, പായ്ക്കറ്റിലാക്കിയ വിവിധതരം ധാന്യ-മസാലപ്പൊടികള്‍ എന്നിവ ആഴ്ചയില്‍ രണ്ടു ദിവസം കലക്ടറേറ്റില്‍ വിതരണം ചെയ്യുന്നുണ്ട്. വനിതാ സെല്‍ഫി എന്ന പേരില്‍ തന്നെയാണ് ഇവയും വിപണിയിലെത്തിക്കുന്നത്.

കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന ഗീതാ കാര്‍ത്തികേയന്‍, കഞ്ഞിക്കുഴി സിഡിഎസ് മുന്‍ ചെയര്‍പേഴ്‌സണ്‍ അനിലാബോസ്, പ്രസന്ന കുമാരി, കമലമ്മ, റെജി, വിജയമ്മ എന്നിവരടങ്ങിയ ഒരു ടീമാണ് വനിതാ സെല്‍ഫിയുടെ ചുക്കാന്‍ പിടിക്കുന്നത്. ഇവര്‍ക്കൊപ്പം രക്ഷാധികാരിയായി കെ.സുദര്‍ശനാഭായിയും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ 27 വര്‍ഷമായി സാമൂഹികരംഗത്ത് പ്രവര്‍ത്തിക്കുന്ന സുദര്‍ശനാഭായിയാണു വനിതാ സെല്‍ഫി എന്ന ആശയത്തിനു പിന്നിലുള്ളത്. കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. എം.സന്തോഷ് കുമാറിന്റെ ചിന്തയില്‍നിന്നാണു വനിതാ സെല്‍ഫിയെന്ന പേര് രൂപംകൊണ്ടത്.

ഇനി കല്യാണം നടത്താനും പിറന്നാള്‍ പാര്‍ട്ടി നടത്താനും ടെന്‍ഷന്‍ വേണ്ട. വനിതാ സെല്‍ഫിയെ സമീപിച്ചാല്‍ മാത്രം മതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ