ആയിരത്തി തൊള്ളായിരത്തി എൺപത്തിരണ്ടിൽ ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്, നാലഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം അച്ഛൻ ഗൾഫിൽ നിന്നു വന്നു. ഒന്നു രണ്ടാഴ്ചയ്ക്കുശേഷം ‘വി ടി യെക്കാണാൻ പോണു, നീ വരണോ’ എന്ന് അച്ഛൻ ചോദിച്ചപ്പൊ രണ്ടാമതൊരാലോചനയുണ്ടായില്ല, മേഴത്തൂർക്ക് കൂടെപ്പോയി. അക്കാലത്ത് വി.ടി വാർദ്ധക്യത്തിന്റെ പിടിയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ വാസുദേവൻ മാഷ് വി ടിക്കൊപ്പമുണ്ട്.
ദീർഘകാലത്തിനു ശേഷം അച്ഛനെ കണ്ടതിന്റെ ആഹ്ലാദം വി ടി യ്ക്കുണ്ടായിരുന്നു. ദീർഘനേരം അവർ സംസാരിച്ചിരുന്നതായി ഞാനോർക്കുന്നുണ്ട്. ‘ഇതാരാ, ഈ കേമൻ ‘ എന്ന് എന്നെ നോക്കി വി ടി ചോദിച്ചപ്പൊ ‘സീമന്തപുത്രനാണ്, ഇവന് കുറേശ്ശെ കവിതണ്ട് ‘ എന്ന് വി ടി യോടച്ഛൻ പറഞ്ഞു. അപ്പോഴാണ്, ‘കുമാരൻ അക്കിത്തത്തെ കാണണ്ടായോ’ എന്ന ചോദ്യം വന്നത്. ‘ ല്യ, കാണും; കാണണം’ എന്ന അച്ഛന്റെ മറുപടി ഓർമ്മയുണ്ട്. ഞാൻ അക്കിത്തത്തെ നേരിൽ കാണാൻ പിന്നെയും മൂന്നുവർഷം കഴിഞ്ഞു എന്നാണോർമ്മ.
എൺപത്തിയഞ്ചിലാണ് അച്ഛൻ പിന്നീട് നാട്ടിലെത്തുന്നത്. നാട്ടിലെത്തിയതിനു ശേഷം നായരങ്ങാടിയിൽ സംസ്ഥാന തലത്തിൽ ഒരു നാടക മൽസരം അച്ഛന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. മൂന്നു നാലു വർഷം അത് തുടർന്നു പോന്നു. ആദ്യത്തെ നാടക മൽസരം ഉദ്ഘാടനം ചെയ്യാൻ അക്കിത്തത്തെയാണ് ക്ഷണിച്ചത്. അന്ന് അദ്ദേഹത്തിന്റെ കൂടെ ചാത്തനാത്ത് അച്ച്യുതനുണ്ണി മാഷും വന്നു. അക്കിത്തത്തേയും ഉണ്ണി മാഷേയും ആദ്യമായി നേരിൽക്കണ്ടതന്നാണ്.
ഏതാണ്ട് അക്കാലത്താണ് പൊന്നാനിയിൽ ഇടശ്ശേരി സ്മാരക സമിതിയുടെ പ്രവർത്തനങ്ങൾ സജീവമാകുന്നതും പൊന്നാനി ഏ വി ഹൈസ്കൂളിനുമുന്നിൽ ഇടശ്ശേരി സ്മാരകം ഉദ്ഘാടനം ചെയ്യപ്പെടുന്നതും. അതോടെ അക്കിത്തവും കടവനാട് കുട്ടികൃഷ്ണനുമടക്കമുള്ളവർ പൊന്നാനിയിൽ നിത്യമെന്നോണം എത്തിത്തുടങ്ങി. അക്കിത്തം ആകാശവാണി വിട്ട് കുമരനല്ലൂർ സ്ഥിരതാമസമാക്കുന്നതും അക്കാലത്താണ്. എൻ പി കുമാരന്റെ മകൻ എന്ന നിലയിൽ ഞാനിവരുടെയെല്ലാം ശ്രദ്ധയിൽ എത്തിയതും അക്കാലത്തു തന്നെ.

ഞങ്ങളൊക്കെ കവിത എഴുതിയിരുന്ന അക്കാലത്ത്, എഴുതിയാലുടനെ പി.എം. പള്ളിപ്പാട് മാഷെ കാണിക്കുക എന്നത് ഒഴിവാക്കാനാവാത്ത ശീലമായി മാറിയിരുന്നു. പള്ളിപ്പാട് മാഷ് കണ്ട് തിരുത്തിക്കഴിഞ്ഞാൽ അത് അക്കിത്തത്തെ കാണിക്കുക എന്നായിത്തുടങ്ങി. കൂടപ്പിറപ്പിനെപ്പോലെ അക്കാലത്ത് എന്റെ കൂടെയുണ്ടായിരുന്ന കൃഷ്ണകുമാറും ഞാനും കൂടി മിക്കവാറും എല്ലാ ആഴ്ചയിലും ഒരവധി ദിവസം, അക്കിത്തത്തിന്റെ വീട്ടിലെത്തിയിരുന്നു.
അന്നൊക്കെ ഉമ്മറത്തെ ചാരുകസേരയിൽ അമർന്നു കിടന്ന് അദ്ദേഹം സമൻമാരോടെന്ന പോലെ ഞങ്ങളോട് സംസാരിച്ചു. മൂന്നു നാലു തവണ മുറുക്കാനുള്ളത്ര ദീർഘസമയം ഞങ്ങളോട് സംസാരിച്ചിരിക്കുമായിരുന്നു. ഇടശ്ശേരിയായിരുന്നു എന്നും വിഷയങ്ങൾക്കിടയിൽ കയറിയിറങ്ങിയത്. കൂട്ടുകൃഷിക്കാലത്തെ പൊന്നാനി ബി ഇ എം യു പി സ്കൂളിലെ റിഹേഴ്സലുകളും ഉറൂബിന്റെ നാടക സംവിധാനവും വിടിയും ഗോപാലക്കുറുപ്പും അടക്കമുള്ളവരുടെ സാന്നിധ്യവും അച്ഛനും ഏ. മാധവൻമാഷും അടങ്ങിയ അന്നത്തെ കുട്ടിസംഘത്തിന്റെ പ്രസരിപ്പും മലബാർ കേന്ദ്ര കലാസമിതിയും എൻവിയും കക്കാടും എംടിയും എൻപി യും തിക്കൊടിയനും കെ ഏ കൊടുങ്ങല്ലൂരും മാരാരും അങ്ങനെ അക്കാലത്തെന്റെ വായനയെ ത്രസിപ്പിച്ചവരെല്ലാം അക്കിത്തത്തിന്റെ ശബ്ദത്തിൽ ആ ഉമ്മറത്തവതരിച്ചു.
ശലഭഗീതത്തിനു ശേഷം കക്കാടിന്റെ കവിതയിലുണ്ടായ വിചാരമാറ്റത്തിന്റെ ദൃക്സാക്ഷി അക്കിത്തം മാത്രമായിരുന്നുവെന്ന് ബോധ്യപ്പെട്ട ദിനങ്ങളായിരുന്നു അത്. അക്കിത്തം വിവേകാനന്ദവും അടുത്തൂണും എഴുതിയ നാളുകൾ. നീണ്ട സംസാരത്തിനിടെ ചായയും പലഹാരവും കഴിപ്പിക്കാതെ ഞങ്ങളെ മുറ്റത്തിറങ്ങാൻ അദ്ദേഹം സമ്മതിച്ചിരുന്നില്ല. തിരിച്ചു പോരുമ്പോൾ ഞാനും കൃഷ്ണകുമാറും കുറേക്കൂടി മുതിർന്ന മനുഷ്യരാകുമായിരുന്നു. ഞങ്ങളുടെ ലോകം കുറച്ചു കൂടി വെളിച്ചമുള്ളതായിത്തീർന്നിരുന്നു.
എംഫിൽ ചെയ്യാൻ അലിഗഡിലേക്ക് പോകുമ്പോൾ പ്രബന്ധം വൈലോപ്പിള്ളിക്കവിതയിൽ എന്ന് ഞാനുറപ്പിച്ചിരുന്നു. അത് പറഞ്ഞപ്പോൾ വൈലോപ്പിള്ളിയുടെ തെരഞ്ഞെടുത്ത കവിതകൾ, ഹംസമുദ്ര പോലുള്ള വൈലോപ്പിള്ളിയുടെ കൈയൊപ്പു സഹിതമുള്ള കോപ്പി, എടുത്തു തന്നു കൊണ്ട് പറഞ്ഞു, ‘ ഇത് ചിലപ്പൊ അവടെ കിട്ടില്ല, കൈയ്യില് വെച്ചോളൂ.’

മലയാളകവിതയിൽ അക്കിത്തത്തെപ്പോലെ ഒരാൾ ഇടപെട്ടത് സ്നേഹവും സ്നേഹരാഹിത്യവും തമ്മിലുള്ള സംഘർഷത്തിന്റെ ഭൂമിയിലാണ്. കവിത മാത്രമായിരുന്നു ഇടശ്ശേരിക്കളരിയെന്ന അക്കിത്തമടക്കമുള്ള സംഘത്തിന്റെ പ്രാഥമിക വിഷയവും പരിഗണനയും. ആ പരിഗണനയ്ക്ക് കവിതയെന്നു മാത്രമല്ല മനുഷ്യൻ എന്നും പലപ്പോഴും പേരുണ്ടായിരുന്നു. അതു കൊണ്ടു തന്നെ മനുഷ്യന് വിരുദ്ധമായതൊന്നും ആ സംഘത്തിലെ രണ്ടാം ഘട്ടത്തിന്റെ അമരക്കാരൻ എന്ന നിലയിൽ അക്കിത്തം ഒരു കാലത്തും ഉച്ചരിച്ചിട്ടില്ല. അത് എഴുത്തിലും ജീവിതത്തിലും സംഭവിച്ചിട്ടില്ല.
രണ്ടായിരത്തി ആറിലാണെന്നാണ് ഓർമ്മ. അന്ന് ഞാൻ ചിറ്റൂർ ഗവ. കോളേജിലാണ്. ഒരു വീക്കെന്റിൽ പൊന്നാനി വന്നതാണ്. രാത്രി എട്ടുമണിയോടെ തൃശൂർ ആകാശവാണി സ്റ്റേഷൻ ഡയറക്ടർ കെ. ആർ. ഇന്ദിര വിളിച്ച് പിറ്റേന്ന് കാലത്ത് ആകാശവാണിയുടെ ആർക്കൈവ്സ്നു വേണ്ടി അക്കിത്തത്തിനെ ഇന്റർവ്യൂ ചെയ്യാൻ ഏല്പിച്ചു. ഒരു മുന്നൊരുക്കവുമില്ലാതെ ആകാശവാണിയുടെ ഫുൾ ക്രൂവിനോടൊപ്പം ഒരു പകൽ മുഴുവൻ അക്കിത്തത്തിനോട് സംസാരിച്ചു. നിരവധി വിഷയങ്ങൾ.
ഹരിമംഗലം ക്ഷേത്രത്തിന്റെ ചുമരിൽ ശ്ലോകമെഴുതിയ കുട്ടി മുതൽ സ്പർശമണികളെഴുതിയ കവി വരെ ആ സംഭാഷണത്തിൽ വന്നു. മഹാരഥൻമാർക്കൊപ്പം കൊമ്പുമുളക്കുന്ന കൊമ്പനെപ്പോലെ വിഹരിച്ച നാളുകളെക്കുറിച്ചു പറഞ്ഞു. വിടിയും ഇഎംഎസ്സും എംആർബിയും പ്രേംജിയും അതിൽ നിറഞ്ഞുനിന്നു. ഒളപ്പമണ്ണയ്ക്ക് കവിതയോടുള്ള അർപ്പണവും പ്രേംജിയുടെ പ്രത്യയശാസ്ത്രദാർഢ്യവും അക്കിത്തം ഉള്ളിൽത്തട്ടിപ്പറഞ്ഞു.
നാലു വർഷക്കാലം ഇഎംഎസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തന്റെ യൗവ്വനാരംഭത്തെക്കുറിച്ചു പറഞ്ഞു. കൽക്കത്താ തീസ്സീസിനെക്കുറിച്ചുള്ള ഒരു മനുഷ്യന്റെ വിയോജിപ്പ്, ഇരുപത്തിയാറാം വയസ്സിലെഴുതിയ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, അതെഴുതിയതിന്റെ പ്രോസസിനെക്കുറിച്ച് പറഞ്ഞു. ഏർക്കര നമ്പൂതിരിപ്പാടിനെക്കുറിച്ച് അന്നദ്ദേഹം പറഞ്ഞതു വെച്ച് നോക്കുമ്പോൾ സനാതനത്വത്തിനപ്പുറം ആ മനുഷ്യന് മറ്റെന്തെങ്കിലും വാഞ്ഛകളുണ്ടായിരുന്നുവോ എന്ന് യഥാർത്ഥത്തിൽ എനിക്കപ്പോൾ തോന്നിപ്പോയി.
അതിന്റെ അടിസ്ഥാനത്തിൽ, അഭിമുഖം തീരാറായ ആ ഘട്ടത്തിൽ ഞാൻ അക്കിത്തത്തോട് ചോദിച്ചിരുന്നു, ‘അങ്ങ് ആർ എസ് എസ് കാരനാണോ?’ ‘അതേ,’ യെന്ന് ഒരു മടിയുമില്ലാത്ത മറുപടി വന്നു . ‘ആർ എസ് എസിന്റെ വർഗ്ഗീയ മുഖത്തോടല്ല അതിന്റെ സനാതന ബോധത്തോടാണ് എനിക്ക് ചായ്വ് ഇനി കൊല്ലുന്നു എന്നാണ് പരാതിയെങ്കിൽ കൊല്ലാത്ത ഏതു പാർട്ടിയുണ്ട്’ എന്നായിരുന്നു മറുചോദ്യം.
ഒട്ടും ആഴമില്ലാത്ത, പൊളിറ്റിക്കലി ഇൻകറക്റ്റ് ആയ മറുപടി. പക്ഷേ, തിരിച്ചൊന്നും പറയാനില്ലാത്ത വിധം വായടച്ച മറുപടി. അപ്പോൾ യാദൃശ്ചികമെന്നോണം തൊട്ടടുത്ത ടീപ്പോയിൽ കിടന്നിരുന്ന തപാലുകളുടെ കൂമ്പാരത്തിൽ നിന്ന് അക്കിത്തം ഒരു പോസ്റ്റ് കാർഡ് എടുത്തു നീട്ടി. ‘താങ്കളെ വിശ്വഹിന്ദു പരിഷത്തിന്റെ സംഘടനാ സംവിധാനത്തിൽ നിന്ന് പുറത്താക്കിയതായി ഇതിനാൽ അറിയിക്കുന്നു’ എന്ന കുമ്മനം രാജശേഖരന്റെ കത്തായിരുന്നു അത്. എന്തൊരു വൈചിത്ര്യം എന്നേ തോന്നിയുള്ളു.
യഥാർത്ഥത്തിൽ ആ മനുഷ്യന് സംഘപരിവാറിന്റെ അജണ്ടകളെക്കുറിച്ചൊന്നും ആഴത്തിൽ ധാരണകളില്ലെന്നാണ് തോന്നിയത്. നല്ല സമയത്ത്, ആലോചനയും ആഴമേറിയ ജീവിതവുമുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തെ കമ്യൂണിസ്റ്റ് – മാർക്സിസ്റ്റ് പുരോഗമന സംഘടനകൾ ചവിട്ടിക്കൂട്ടി മൂലക്കെറിഞ്ഞു. എൺപതുകളുടെ മധ്യത്തിൽ കുമരനല്ലൂർ പോലൊരു ഗ്രാമത്തിൽ അടുത്തൂൺ പറ്റി വന്നിരുന്ന, മുറ്റത്തെ നിലപ്പനയുടെ പൂവിന്റെ ഇതൾ എണ്ണിത്തിട്ടപ്പെടുത്താൻ പാകത്തിൽ ഒറ്റപ്പെടുന്നുവെന്ന് ഉള്ളിൽ തോന്നിയ കാലത്ത് കൂടെക്കൂട്ടിയവർ ‘തപസ്യ’ പോലൊന്നിന്റെ മുകളിൽ അദ്ദേഹത്തെ കയറ്റിയിരുത്തി. ഏതു മനുഷ്യനും പറ്റുന്ന ഒരു സ്ഖലിതം. പക്ഷേ, അദ്ദേഹമവിടെ ഉറച്ചു നിന്നു. തൊട്ടു നിൽക്കുന്നവർ മുഴുവനും വിരൽ ചൂണ്ടി നിൽക്കുമ്പഴും കഴിഞ്ഞ ഇരുപതു വർഷത്തിലേറെക്കാലമായി അദ്ദേഹം അവിടെത്തന്നെ നിന്നു, താൻ കൊല്ലുന്ന സംഘടനക്കൊപ്പമല്ല എന്ന് മനസ്സിലുറപ്പിച്ചു നിന്നു. അത്രയും സത്യസന്ധത മറ്റു പലരിലും നമ്മൾ കണ്ടിട്ടില്ലെന്നോർക്കണം. രസകരമായ മറ്റൊരു കാര്യം ആ അഭിമുഖത്തിൽ നിന്ന് ആകാശവാണി മുറിച്ചുമാറ്റിയത് ഈയൊരു ഭാഗം മാത്രമായിരുന്നു!

വാക്കാണ് ഒരു കവിക്ക് നിയാമകമെങ്കിൽ അക്കിത്തത്തിന്റെ വാക്കിൽ നാം വിശ്വസിക്കേണ്ടിയിരിക്കുന്നു. സ്നേഹം നിരുപാധികമാവുമെന്നും അത് സാമൂഹ്യക്രമമായി മാറുമെന്നും അൻപത്തിരണ്ടിലാണ് അദ്ദേഹം എഴുതുന്നത്. ഫ്യൂഡൽ വ്യവസ്ഥയുടെ മനുഷ്യ വിരുദ്ധതയിൽ കുതിർന്ന മണ്ണ് അതിനു പിന്നാലെയാണെഴുതുന്നത്.
‘ആയിരം വേർപ്പു ചാൽ ഒന്നും / കൂടിച്ചേരാതിരിക്കയാൽ / ഞാനിരിക്കുന്നേടത്തു ദ്ഭ / വിക്കുന്നില്ല മഹാനദി ‘ എന്നെഴുതുന്നത് തൊണ്ണൂറ്റിയാറിൽ എഴുപത് വയസ്സ് കഴിഞ്ഞിട്ടാണ്. അക്കിത്തത്തിന്റെ കാവ്യജീവിതത്തിലെ അസ്തമയപർവ്വത്തിലെഴുതിയ മീനച്ചൂടിൽ എന്ന ഈ കവിത ആജീവനാന്തം അദ്ദേഹം പുലർത്തിയ മനുഷ്യോൻമുഖമനോഭാവവും, കവിതയുടെ കാതലിൽ നിന്നൊഴുകുന്ന സ്നേഹദ്രവത്തിന്റെ ചൂടും ചൂരും നമ്മെ തൊട്ടനുഭവിപ്പിക്കും.
അച്ഛനോളം എനിക്കാ മനസ്സിനോട് ആദരവുണ്ട്. ഞങ്ങൾ അഞ്ച് കൂടപ്പിറപ്പുകൾക്കും ഞങ്ങളുടെ വിവാഹ വേളയിൽ വരണമാല്യം കയ്യിലെടുത്തു തന്നത് അക്കിത്തമായിരുന്നു. നിസ്വനായിരുന്നു ഞങ്ങളുടെയച്ഛൻ. എത്രയോ ഉയരെയായിരുന്നു അന്നേ അക്കിത്തം. പക്ഷേ , നമ്പൂരിത്തമോ സവർണ്ണമോ ആയ ഒരു പ്രത്യയശാസ്ത്രവും ആ മഹാമനുഷ്യന് നിസ്വനായ ഒരു പഴയകാല സുഹൃത്തിനേയും അയാളുടെ മക്കളേയും തികഞ്ഞ സ്നേഹത്തോടെ പരിഗണിക്കാൻ ഒരു കാലത്തും തടസ്സമായില്ല. അപ്പോഴൊക്കെ ഇദം ന മ മ എന്ന മന്ത്രം ചിര സ്ഥായിയായി അദ്ദേഹത്തിന്കൂടെ നിന്നു. ഇത്രയും ഞാൻ അനുഭവിച്ചറിഞ്ഞ വസ്തുത.
അച്ഛന്റെ പാർക്കിൻസൺ ഡിസീസിന്റെ അവസാനഘട്ടങ്ങളിൽ, ഡിമെൻഷ്യ റിലേറ്റ് ചെയ്ത കാലത്തൊരിക്കൽ അച്ഛനെ കാണാൻ അക്കിത്തം വീട്ടിൽ വന്നിരുന്നു. അക്കാലത്ത് ഏറ്റവും അടുത്തവരെയൊഴികെ എല്ലാവരേയും അച്ഛൻ മറന്നു കഴിഞ്ഞ ദിനങ്ങളായിരുന്നു അവ. ഒരു പ്രയാസവും കൂടാതെ അന്ന് അച്ഛന് അക്കിത്തത്തെ തിരിച്ചറിയാനായതും ആ മനുഷ്യൻ ചുറ്റിലും പ്രസരിപ്പിച്ച വെളിച്ചം കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. അച്ഛൻ മരിച്ച് പടിയിറങ്ങുമ്പോൾ നിറഞ്ഞ കണ്ണുകളോടെ മുറ്റത്തെ കസേരക്കയ്യിൽ പിടിച്ചിരുന്ന്, നിസ്വനെങ്കിലും കൗമാരകാലത്തെ കൂട്ടിനെ യാത്രയാക്കിയ പ്രകാശകുബേരത്വം ആ മനസ്സിലെ മനുഷ്യ സ്നേഹത്തിന്റെ ആഴമേറിയ അതേ വെളിച്ചം തന്നെയായിരുന്നെന്ന് എനിക്കുറപ്പാണ്.
ഇടശ്ശേരി മരിച്ച സന്ദർഭത്തിൽ അക്കിത്തം പദ്മപാദൻ എന്നൊരു കവിതയെഴുതും. അത് ഇങ്ങനെയവസാനിക്കും, ‘ചൂണ്ടാണിവിരൽത്തുമ്പേ, / പെരുവിരലറ്റത്തുരുമ്മി നിന്നാലും!/ ഭവിതവ്യതയിൽ പ്രസരിക്കാവൂ മൽസ്നേഹകിരണമാമരണം.’ സമാനമായ ഒരു ദീർഘ പ്രാർത്ഥനയായി, എന്റെ ജന്മമൊടുങ്ങുംവരെ എന്റെയുള്ളിലെ സ്നേഹകിരണം ആ ജീവനിൽ തൊട്ടു നിൽക്കണേയെന്ന് പ്രകൃതിയ്ക്കു മുമ്പിൽ ഞാനിതാ വിനീതനാവുന്നു.
Read More: വിജു നായരങ്ങാടിയുടെ മറ്റു ലേഖനങ്ങൾ ഇവിടെ വായിക്കാം