ചുവന്നു കലങ്ങിയ കണ്ണുകളുമായാണ് അന്ന് മല്ലിക ക്ലിനിക്കിൽ വന്നത്. കാരണമന്വേഷിച്ചപ്പോൾ ഫ്ലഡ് ഗേറ്റ് തുറന്നതു പോലെയായിരുന്നു ഉള്ളിലെ സങ്കടത്തിൻ്റെ കുത്തൊഴുക്ക്. കാനഡയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ കാത്ത് കാത്തിരുന്നു കിട്ടിയ വിസയിൽ സ്പെഷ്യൽ ചൈൽഡായ മകൻ്റെ പേരു മാത്രമില്ല. അവനെ പ്രായമായ അച്ഛനമ്മമാരെ ഏല്പിച്ച് കൂടെ വരാൻ വല്ലാതെ നിർബന്ധിച്ച ഭർത്താവിനോട് വീട്ടിൽ നിന്നിറങ്ങിപ്പോകാൻ പറഞ്ഞ് മനസു കൊണ്ട് തഴുതിട്ടിട്ടാണ് അവളിന്ന് ജോലിക്ക് വന്നിരിക്കുന്നത്.
മുന്നോട്ടുള്ള വഴി ഇനി അത്ര സുഗമമാവില്ലെന്ന് എനിക്കും അവൾക്കും അറിയാം. ഡൗൺ സിൻഡ്രോം ഉള്ള മകൻ, വയോധികരായ മാതാപിതാക്കൾ; എളുപ്പമല്ല മെട്രോയിലെ ജീവിതം അതിൻ്റെ ഭൗതീക അർത്ഥത്തിൽ പോലും തനിയെ തുഴഞ്ഞു തീർക്കാൻ. എൻ്റെ മനസു വായിച്ചെന്നോണം ഇത്തിരി നേരം കണ്ണും പൂട്ടിയിരുന്നിട്ട് അവൾ ഒരു കന്നട കവിത ഈണത്തിൽ ചൊല്ലി.
‘മൈസിരിയ ദാണ്ഡവാ
കൊളലുണ്ടേ
കൈസിരിയ ദാണ്ഡവാ…”
‘അപഹരിക്കുവാനാകും
നിനക്കെൻ്റെ ധനം.
ഉരിഞ്ഞെടുക്കുവാനാകും
എൻ്റെ ചമയങ്ങളും.
എങ്കിലും ഭോഷാ,
കണ്ടു കെട്ടാനാവുമോ
എൻ്റെ ഉടൽ തേജസ്സിനെ..
അനാവൃതമാക്കാനാവുമോ
എൻ്റെ നഗ്നതയുടെ മേലങ്കിയെ…
ഹെ, മല്ലികാർജ്ജുനാ
നീയെന്നെ ഇങ്ങനെ പൊതിയുമ്പോൾ
ലജ്ജിക്കാനെനിക്കിനിയെന്ത്
അലങ്കാരങ്ങളെനിക്കിനിയെന്തിന്… ‘
ജനലിനപ്പുറം നിറയെ പൂത്തു നില്ക്കുന്ന ജക്കരാൻഡ ഉച്ചയ്ക്കും കുളിരൂറുന്ന ബാംഗ്ലൂർ കാറ്റിൽ നീലപ്പൂമഴ പെയ്യിച്ചു കൊണ്ടേയിരുന്നു. അവളുടെ കണ്ണുകളും പെയ്ത് പെയ്ത് പിന്നെ തോർന്നു. കണ്ണു തുടച്ച് മല്ലിക വീണ്ടും പാടി.
‘മരിച്ചു മണ്ണടിഞ്ഞു പോവുന്ന
നശ്വരരായ നിങ്ങളുടെ ഭർത്താക്കൻമാരെ
അടുപ്പിലെ തീയിലിട്ടു വിറകാക്കൂ പെണ്ണുങ്ങളേ.
നനുത്ത ഇലകളുടെ ഇടയിൽ
ഒളിഞ്ഞിരിക്കുന്ന കാരമുള്ളുകളെപ്പോലെ
ആശ്രയിക്കാൻ പറ്റാത്തവർ
ഈ പുരുഷൻമാർ ‘
“ഇതേതാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഈ സ്ത്രീപക്ഷ കന്നട കവി ? എന്ത് തീവ്രമായ നിലപാട്, ” ഞാനത്ഭുതപ്പെട്ടു.
” 21 അല്ല കുട്ടീ… അക്കങ്ങളൊന്ന് തിരിച്ചിട്ടൂ. 12ാം നൂറ്റാണ്ട് ആണ്,” മല്ലിക കണ്ണുകളിറുക്കി ചിരിക്കുന്നു.
“ഞങ്ങളുടെ ലിംഗായത്ത് ധർമ്മത്തിൻ്റെ ആചാര്യരിലൊരാളായ മഹാദേവിയാണത്. ആദരവ് കൊണ്ട് ധർമ്മസ്ഥാപകനായ ബസവണ്ണ പോലും ‘ഏടത്തി ‘ അഥവാ ‘അക്ക ‘ എന്ന് വിളിച്ചിരുന്ന അക്ക മഹാദേവി.”
മനസിലേയ്ക്ക് സച്ചിദാനന്ദൻ്റെ ‘അക്ക മൊഴിയുന്നു’ എന്ന അതി മനോഹരമായ കവിത ഓടിക്കയറി വരുന്നു.
‘ഹെ ശിവ,
ഹെ മല്ലികാർജ്ജുന,
തുറക്ക നിൻ വാതിൽ
വരികയായ് നഗ്നയാം വാക്ക് ഞാൻ…’
അനാവൃതമായ വചനം. അതായിരുന്നു അക്ക മഹാദേവി. ഭക്തി കൊണ്ട് ഉന്മാദിനിയായി മാറിയ മഹേശ്വരൻ്റെ പ്രിയ പ്രണയിനി. ഉടലും കവിഞ്ഞൊഴുകുന്ന സ്നേഹത്തിന് നശ്വരനായ മനുഷ്യൻ്റെ മീഡിയം തീരെ മതിയാവാതിരുന്നവൾ. ആത്മാവിൻ്റെ അരുളപ്പാടുകളെ മാത്രം പിൻതുടർന്ന ശുദ്ധമായ ഉടൽ തേജസ്സ്.
എല്ലാ കാലങ്ങളിലും, ധർമ്മങ്ങളിലുമുണ്ട് ഈശ്വരപ്രണയം കൊണ്ട് ഉന്മാദികളായിത്തീർന്ന മിസ്റ്റിക്കുകളും അവധൂതരുമായ കവികൾ. അതിശക്തങ്ങളായ തങ്ങളുടെ പ്രണയ പ്രവാഹങ്ങളെ ഒഴുക്കി നിറയ്ക്കുവാൻ ചെറുകുളങ്ങളോ കിണറുകളോ മതിയാകാതിരുന്നവർ. സ്നേഹത്തിൻ്റെ പുഴ പോലെ കടൽ തേടി ഒഴുകിയിരുന്നവർ…
ഭൗതീക പ്രപഞ്ചം മുഴുവൻ അന്വേഷിച്ചിട്ടും ഭഗവാനിലല്ലാതെ ഉത്തമപുരുഷനെയോ മണവാളനെയോ കണ്ടെത്താൻ കഴിയാതിരുന്നവർ. ആണ്ടാളിനെപ്പോലെ, മീരയെപ്പോലെ, സൂഫിസത്തിലെ റാബിയയെപ്പോലെ, ആവിലായിലെ തെരേസയെപ്പോലെ… അവരുടെയൊക്കെ കണ്ണുകളിൽ മയങ്ങിക്കിടന്ന നിഗൂഢസ്വർഗ്ഗത്തിൽ സംശയിച്ച്, ആത്മവിശ്വാസം നഷ്ടപ്പെട്ട് ഈ ദുനിയാവിലെ പുരുഷൻമാരത്രയും തേടിക്കൊണ്ട് നടന്നിരുന്ന ജാരൻ ശരിക്കും അവനായിരുന്നു. ‘സാക്ഷാൽ ഭഗവാൻ.’ വിശ്വം മുഴുവനും സ്ത്രീയും വിശ്വത്തിൻ്റെ ഏക പുരുഷൻ അവനുമായിരുന്നതുകൊണ്ടാണ് അവരുടെ മുൻപിൽ ഹീറോയിസം കളിക്കാൻ ശ്രമിക്കുന്ന പുരുഷൻമാരെയൊന്നും അവർ തീരെ കണക്കാക്കാതിരുന്നത്.
‘ശിവമൊഗ്ഗ ‘ അഥവാ ‘ഷിമോഗ ‘ എന്ന മഴയും മഞ്ഞും തുംഗാ നദിയുമുള്ള മലനാട്ടിലെ ഉൾഗ്രാമങ്ങളിലൊന്നിലാണ് മഹാദേവി ജനിച്ചത്. അവളുടെ ഭക്തിയുടെയും പാട്ടിൻ്റെയും വഴികളിൽ തടസമാവില്ലെന്ന വാഗ്ദാനം നല്കിയാണ് നാടുവാഴി കൗശികൻ അതി മനോഹരിയായ മഹാദേവിയെ സ്വന്തം റാണിയാക്കിയത്. പക്ഷെ പതുക്കെ പതുക്കെ ഭർത്താവിൻ്റെ അധികാരമെടുത്ത് അദ്ദേഹം സ്വാതന്ത്ര്യത്തിൻ്റെ ചിറകുകളരിയാൻ തുടങ്ങിയപ്പോൾ അവൾ കൊട്ടാരം വിട്ടിറങ്ങി. ഭർത്താവ് നല്കിയ ആഭരണങ്ങളും അലങ്കാരങ്ങളും വസ്ത്രങ്ങൾ പോലും അവൾ അവിടെത്തന്നെ ഉപേക്ഷിച്ചു. തൻ്റെ സ്വച്ഛന്ദതയുടെ നൃത്തച്ചുവടുകൾ വീണ്ടെടുത്തു.
പാട്ടു പാടി അലഞ്ഞു നടന്ന നഗ്നയായ ഉപാസികയ്ക്ക് നീണ്ടു കനത്ത മുടിച്ചുരുളുകൾ ഉടയാടയായി. കഠിനവ്രതം അനുഷ്ടിക്കുന്ന ജിതേന്ദ്രിയ യോഗികൾക്ക് ദിഗംബരത്വം അന്ന് അസാധാരണമായിരുന്നില്ല. പക്ഷെ നഗ്നയായ സ്ത്രീയോഗിനി യാഥാസ്ഥിതിക സമൂഹത്തിൻ്റെ മേലുള്ള ഒരു താഡനം തന്നെയായിരുന്നു.

‘സദാ പ്രാണപ്രിയനായ ഈശ്വരൻ്റെ മണവറയിലായിരിക്കുന്ന എനിക്കെന്തിന് പുടവ ‘എന്നവൾ പാടി നടന്നു.
“ലോകം മുഴുവൻ സ്നേഹാർദ്രം നിന്നെ ഉറ്റുനോക്കുന്ന ആ പരമ ചൈതന്യത്തിൻ്റെ
മിഴികളാവുമ്പോൾ, ഒളിപ്പിക്കുന്നതെന്താണ് നീ മനുഷ്യാ… അല്ലെങ്കിലും നിനക്കെന്തൊളിപ്പിക്കാനാവും…” എന്നവൾ സന്ദേഹിയായ സമൂഹത്തെ നോക്കി മന്ദഹസിച്ചു.
മനുഷ്യരോടെന്ന പോലെ തന്നെ പക്ഷിമൃഗാദികളോടും മരങ്ങളോടും പ്രകൃതിയോടും തുല്യമായി സംവദിച്ചു അവൾ. അവർ അവളെ തിരിച്ചും സ്നേഹിച്ചു , അനുസരിച്ചു.
ഈശ്വരനെ ‘ചെന്നമല്ലികാർജ്ജുനാ ‘ എന്നാണവൾ പ്രേമപൂർവ്വം വിളിച്ചത്. മുല്ലപ്പൂവിൻ്റെ പ്രിയനേ എന്നോ തൂവെള്ളമല്ലികപ്പൂവേ എന്നോ ഒക്കെയാവാം അർത്ഥം. പ്രാണപ്രിയനെ വിളിക്കുന്ന സ്നേഹലുത്തിനിയകൾ അഥവാ പ്രണയ പര്യായങ്ങൾ. ഉള്ളിൽ ജ്വാലയില്ലാതെ ജ്വലിക്കുന്ന, നെഞ്ചിൽ പൂവിൽ പരിമളമുറങ്ങുമ്പോലെ മയങ്ങുന്ന പ്രിയനു വേണ്ടി എപ്പോഴും പാട്ടുകൾ പാടിപ്പാടിയവൾ അലഞ്ഞു നടന്നു. പുലരിപ്പുതുവെയിലിനെ പുതമുണ്ടാക്കി അവനുമായി ലയിക്കാൻ അണിഞ്ഞൊരുങ്ങി. ഇണപിരിയാത്ത പ്രണയികളാവുന്ന ഉപാസികയും ഉപാസനാമൂർത്തിയും; ഭക്തിയുടെ മാധുര്യഭാവം.
മണ്ണടിഞ്ഞു പോകുന്ന ഉലകത്തെ ‘മായയുടെ തുപ്പൽ കോളാമ്പി’ എന്നവൾ പരിഹസിച്ചു. ‘അടി ചോരുന്ന ഈ പൊട്ടക്കലം’ എനിക്കെന്തിന് എന്ന് മൂർച്ചയുള്ളവളായി. അവൾ പാടി നടന്നു…
‘ശിലഗളെല്ലാ പാരുഷ
നിലവെല്ലാ അവിമുക്ത ക്ഷേത്ര
ജലവെല്ലാ നീർജലാമൃത….”
‘ഏതു ശിലയും മൂർത്തി
ഏതു നിലവും പവിത്ര ക്ഷേത്രം
ഏതു പുഴയും ദിവ്യതീർത്ഥം…’
ചെന്നമല്ലികാർജ്ജുനനോടുള്ള ലയനത്തിനായി ശ്രീശൈലത്തേയ്ക്കുള്ള യാത്രാമദ്ധ്യേ കല്യാണ നഗരത്തിൽ ലിംഗായത് ആചാര്യൻമാരായ ബസവണ്ണ, അല്ലമ പ്രഭു മുതലായ മഹാ ജ്ഞാനികളുടെ സത് സംഗത്തിൽ അവൾ കുറെയേറെ നാളുകൾ തങ്ങി. സ്ത്രീകൾക്ക് അക്ഷരം നിഷേധിക്കപ്പെട്ട ഒരു കാലത്തായിരുന്നു അക്ക മഹാദേവിയുടെ ഈ സഭാ പ്രവേശവും ജ്ഞാനികളുമായുള്ള വാദപ്രതിവാദങ്ങളും ബൗദ്ധിക വിനിമയങ്ങളും.
ഭിക്ഷുകിയായ ഒരു നഗ്ന വിദുഷി അസാധാരണവും അലൗകീകവുമായ ധിക്ഷണാ പ്രകാശത്തോടെ ഭക്തിയും കവിതയും ചർച്ച ചെയ്യുന്ന ‘അനുഭവമണ്ഡല’ എന്ന സാംസ്കാരിക മണ്ഡപത്തെ ഒന്നു മനസിൽ കണ്ടു നോക്കൂ. അവളെ സമതയോടും ആദരവോടും കൂടെ ശ്രവിക്കുകയും തർക്കിക്കുകയും അറിവ് പങ്കു വെയ്ക്കുകയും ചെയ്യുന്ന ജ്ഞാനികളായ പുരുഷൻമാരെയും. ‘ശരണ ‘ ആത്മീയ ചലനത്തിൻ്റെ അഥവാ ലിംഗായത് ധർമ്മത്തിൻ്റെ പ്രകാശം നിറഞ്ഞ കാലമായിരുന്നു അത്. ആ ‘വചനകാരിൽ ‘ (കവികൾ) അതിരിലും വിളുമ്പിലും ഉള്ളവരെല്ലാം ഉണ്ടായിരുന്നു; തോണിക്കാരും ക്ഷുരകരും അധ:കൃതരും തൊഴിലാളികളും സ്ത്രീകളും എല്ലാം.
ആത്മീയതയുടെ മാത്രമല്ല, കന്നട സാഹിത്യത്തിൻ്റെയും ഉയർപ്പുകാലമായിരുന്നു അത്. വ്യവസ്ഥാപിത മതത്തിൻ്റെ ചട്ടക്കൂടുകളിൽ നിന്ന് ആത്മീയതയും വ്യാകരണത്തിൻ്റെ നൂലാമാലകളിൽ നിന്ന് കവിതയും സ്വാതന്ത്ര്യം നേടാൻ ശ്രമിച്ച കാലം. ‘മഹേശ്വരൻ്റെ മുൻപിൽ വലിയവനും ചെറിയവനും സ്ത്രീയും പുരുഷനും എല്ലാം ഒരു പോലെ’ എന്നതായിരുന്നു അവരുടെ ഉണർത്തുപാട്ട്. ജാതി ഉച്ചനീചത്വങ്ങളിൽ നിന്നും, പൗരോഹിത്യ- പുരുഷ ആധിപത്യങ്ങളിൽ നിന്നും മതത്തിൻ്റെ കടുംപിടുത്തങ്ങളിൽ നിന്നുമുള്ള സാധാരണ ജനങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു അത്.
ലിംഗായത് ധർമ്മത്തിന് മല്ലികപ്പൂ പോലെ സുഗന്ധമുള്ള സാന്നിദ്ധ്യമായി അക്ക മഹാദേവി. ‘ഉള്ളിലും പുറത്തും ഒരേ പോലെ’ അഥവാ ‘ഐക്യ ‘ എന്ന അവരുടെ ആശയത്തിൻ്റെ പ്രകാശം പരത്തുന്ന അടയാളം. കല്യാണ നഗരത്തിൽ നിന്ന് അവൾ ശ്രീശൈലത്തേയ്ക്ക് പുറപ്പെട്ടു; ആത്മാവിൻ്റെ തുണയായ മഹേശ്വരനുമായുള്ള ഐക്യത്തിനായി കദളിവനത്തിലെ നിബിഡവനസ്ഥലികളിലേക്ക്. മുപ്പതു വർഷങ്ങൾ മാത്രമേ അവളീ ഭൂമിയിൽ ജീവിച്ചുള്ളൂ.
കവിമൊഴി പോലെ ‘നീലിച്ച കൈകളാൽ പുണരുന്ന പ്രാണപ്രിയൻ്റെ കൈകളിൽ നീലയായ് പാടുന്ന ജീവനായ്’ അവൾ അലിഞ്ഞു ചേർന്നു കാണണം. യു.ആർ.അനന്തമൂർത്തി പറഞ്ഞതുപോലെ ‘ആർജ്ജവമുള്ള ആധുനീകഎഴുത്തുകാരികളുടെ കവിതകളിൽ ഇപ്പോഴും നുരയുന്ന, പതയുന്ന ശക്തമായ സാന്നിദ്ധ്യമാണ് അക്ക മഹാദേവി .കേവലം പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരോർമ്മയല്ല.’
കാലത്തെ കുറുകെ കടക്കുന്ന തീവ്രമായ കവിതകളും ജീവിത മാതൃകയും കൊണ്ട് തൻ്റെ സമകാലീക സമൂഹത്തെ പിടിച്ചുകുലുക്കിയതുപോലെ തന്നെ ആധുനീക ലോകത്തെയും അക്ക മഹാദേവി സ്തബ്ധമാക്കുന്നു. ഒരു പാട് മല്ലികമാർക്ക് ഇപ്പോഴും വഴിയും ഊർജ്ജവുമാകുന്നു.
മല്ലികയുടെ മകനിപ്പോൾ 20 വയസായി. തനിയെ അദ്ധ്വാനിച്ച് മെട്രോ നഗരത്തിൽ ഒരു വീട് സ്വന്തമാക്കി അവൾ. ‘ഡിമെൻഷ്യ ‘ ബാധിച്ച അമ്മമ്മയ്ക്കിപ്പോൾ തുണ കൊച്ചുമോനാണ്. ‘ചിലപ്പോൾ രണ്ടാൾക്കും ഒരേ പ്രായമാണെന്ന് തോന്നും’ എന്ന് പറയുമ്പോഴും മല്ലികയ്ക്ക് ചിരിയാണ്.
രമേഷ് അടുത്ത കാലത്ത് തിരിച്ച് വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങൾ അയാൾ എവിടെയായിരുന്നുവെന്ന് അവൾ അന്വേഷിച്ചതു പോലുമില്ല. “ഒടുവിൽ അയാളെൻ്റെ കദളീവനത്തിലേയ്ക്ക് തിരിച്ചു വന്നു.” അവൾ കളി പറയുന്നു. അവസാന വർഷങ്ങളിൽ കൗശികരാജാവ് കദളീവനത്തിലേയ്ക്ക് പോയി അക്ക മഹാദേവിയോട് മാപ്പ് ചോദിച്ച പാരമ്പര്യ കഥയുടെ മുനയുണ്ട് മല്ലികയുടെ ചിരിയിൽ. മല്ലിക* നിശ്ചയമായും അക്ക മഹാദേവിയല്ല, രമേഷ്* കൗശികരാജാവുമല്ല. എന്നിട്ടും അവരുടെ കഥയുടെ നേർപ്പിച്ച പകർപ്പാണ് അവളുടെ ജീവിതമെന്ന് എനിക്ക് തോന്നി.
*സ്വകാര്യത മാനിച്ചു യഥാര്‍ത്ഥ പേരുകള്‍ മാറ്റിയിട്ടുണ്ട്