ഓർമ്മവെച്ചകാലം മുതൽ മുന്നിൽ തെളിയുന്നതിനെയെല്ലാം കൗതുകത്തോടെയാണ് ഞാൻ കണ്ടുകൊണ്ടിരുന്നത്. കൗതുകം തേടിയുള്ള ആ സഞ്ചാരം പല അപകടവും വിളിച്ചു വരുത്തിയിട്ടുണ്ട്. വായനയോട് കുട്ടിക്കാലം മുതൽക്കേ താൽപര്യമുണ്ടായിരുന്നു. രണ്ടാംക്ലാസിൽ പഠിക്കുമ്പോളാണ് എന്റെ ഇത്താത്ത ഒരു ബാല പ്രസിദ്ധീകരണം വാങ്ങിത്തരുന്നത്. വലിയ കുട്ടിയായപ്പോൾ പാഠപുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്നത് സാഹിത്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലയെന്നുമാത്രമല്ല സ്കൂളിൽ അധ്യാപകന്മാർ ആ അറിവ് പകർന്നിരുന്നുമില്ല. ഗൗരവമായ വായനയിലേക്ക് തിരിയുന്നതിന് നിമിത്തമായത് രാഷ്ട്ര കവി മഞ്ചേശ്വരം ഗോവിന്ദപ്പൈയുടെ പേരിലുള്ള സ്മാരക ലൈബ്രറിയുടെ മുറ്റത്തേക്ക് കാലെടുത്തുവെച്ചപ്പോഴാണ്.
എന്റെ ഉമ്മൂമയുടെ വീട് മഞ്ചേശ്വരത്ത് ഹൊസബെട്ടുവിലെ പാണ്ട്യാൽ എന്ന സ്ഥലത്താണ്. ഈ പറഞ്ഞ മൂന്ന് സ്ഥലനാമങ്ങളും മൂന്ന് ഭാഷകളിൽ നിന്നാണ് ഉരുവപ്പെട്ടിരിക്കുന്നത്. അരസുമഞ്ചേശ്ണാർ എന്ന തുളു ദൈവ സങ്കൽപത്തിൽ നിന്നാണ് മഞ്ചേശ്വരം എന്ന പേരുണ്ടായത്. ഹൊസബെട്ടു എന്നത് ഒരു കന്നഡ പേരാണ്. പണ്ടികശാലയാണ് പാണ്ട്യാലയായി മാറിയത്.
രാഷ്ട്രീയ കേരളത്തിലെ ശ്രദ്ധേയമായ ഒരു അസംബ്ലി മണ്ഡലമെന്നതിനപ്പുറത്ത് വിവിധ സംസ്കാരങ്ങളുടെ ഒരു വിളനിലം കൂടിയാണ് മഞ്ചേശ്വരം. കൊങ്കിണി മാതൃഭാഷയായ ഗൗഡ സാരസ്വത സമുദായത്തിന്റെ പ്രധാനപ്പെട്ടയൊരു അധിവാസസ്ഥലം കൂടിയാണ് ഈ സ്ഥലം. അതുകൊണ്ടുതന്നെ വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലാണ് എന്റെ സ്വത്വനിർമ്മിതിയിൽ ഏറിയ പങ്കും വഹിച്ചിട്ടുള്ളതെന്ന് ഞാന് കരുതുന്നു.
സ്കൂൾ അവധിക്കാലങ്ങളിൽ എന്റെ ഉമ്മൂമയുടെ വീട്ടിലേക്ക് ഞങ്ങൾ പോകാറുണ്ടായിരുന്നു. ബസ്സിൽ നിന്നിറങ്ങുമ്പോൾ അപ്പോഴൊക്കെ എന്റെ കണ്ണിൽപ്പെട്ടിരുന്നത് രാഷ്ട്ര കവിയുടെ മാളിക വീടായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ആ ഭവനം സന്ദർശ്ശിക്കാൻ ഒരവസരമുണ്ടായി. കേരള-കർണ്ണാടക സർക്കാരുകൾ കവിയുടെ ഭവനത്തെ ഏറ്റെടുത്ത് സ്മാരകമാക്കി മാറ്റിയിരുന്നു. വലിയൊരു ഗ്രാന്ഥാലയവും വായനശാലയുമാണ് എന്റെ ആദ്യ സന്ദർശ്ശനത്തിൽ എന്നെ വരവേറ്റത്. ഗൗരവമായ വായനയിലേക്ക് എന്നിൽ തിരി തെളിയിച്ചത് രാഷ്ട്ര കവിയുടെ പേരിലുള്ള ആസ്മാരക ഗ്രന്ഥാലയമാണ്.

മലയാളത്തിലും കന്നടയിലും ഇംഗ്ലീഷിലുമുള്ള അനേകം പുസ്തങ്ങളുടെ ലോകമായിരുന്നു അത്. അത്യാവശ്യം കന്നഡ ഭാഷ വായിക്കാനറിയാമായിരുന്നെങ്കിലും മലയാള പുസ്തകങ്ങളായിരുന്നു വായിക്കാൻ തുടങ്ങിയത്. ഏറെ കഴിഞ്ഞാണ് വിവർത്തനത്തിനോട് ആസക്തിയുണ്ടായത്. കൗതുകമെന്ന നിലയ്ക്കാണ് അതും സംഭവിച്ചത്. ഇതിനിടയിൽ തമിഴ് ഭാഷ വായിക്കാനും എഴുതാനും പഠിച്ചിരുന്നു. സർഗാത്മക സാഹിത്യത്തോട് അഭിനിവേശമുണ്ടായിരുന്നെങ്കിലും തമിഴിലെ ഗൗരവമായ സാഹിത്യ പ്രസിദ്ധീകരണങ്ങൾ അന്ന് എനിക്ക് ലഭ്യമായിരുന്നില്ല.
എന്റെ വീട് സ്ഥിതി ചെയ്യുന്നത് റെയിൽവേ ഗേറ്റിനടുത്താണ്. അക്കാലത്ത് തമിഴ്നാട്ടിൽ നിന്നുള്ള ആളുകൾ ഗേറ്റ്കീപ്പറായി ജോലി ചെയ്തിരുന്നു. ഇടവേളകളിൽ അവർ തമിഴിലുള്ള മാഗസിനുകൾ വായിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തമിഴ് വായിക്കാനറിയാവുന്നതുകൊണ്ട് അവ ‘കുങ്കുമവും’ ‘കുമുദവും’ ‘കൽക്കി’യുമാണെന്നും മനസ്സിലാക്കിയിരുന്നു. വായിക്കാനായി ഞാനവ അവരോട് ചോദിച്ചു വാങ്ങാറുണ്ടായിരുന്നു. എന്നാൽ പൾപ്പ് ഫിക്ഷൻ മാതൃകയിലുള്ളവായിരുന്നു അവയിലെ ഉള്ളടക്കം. എങ്കിലും തമിഴ് ഭാഷ വായിക്കാനുള്ള ഉപാധിയെന്ന നിലയ്ക്ക് അവ സഹായകരമായിരുന്നു.
ഇത്തരത്തിലുള്ള വായനയ്ക്കിടയിൽ പരിചിതമായ ഒരു പേര് എന്റെ കണ്ണിലുടക്കി. തമിഴ്സാഹിത്യത്തിലെ അതികായനായ അശോകമിത്രന്റെ പേരായിരുന്നു അത്. ‘കുങ്കുമം’ വാരികയാണെന്ന് തോന്നുന്നു. ചെറുകഥയിൽ അദ്ദേഹത്തിന്റെ മാസ്റ്റർപ്പീസ് എന്നറിയപ്പെടുന്ന ‘പുലിക്കലൈഞ്ജൻ’ എന്ന കഥയായിരുന്നു ആ വാരികയിൽ അച്ചടിച്ചുവന്നത്. ഒറ്റയിരിപ്പിനുതന്നെ ആ കഥ വായിച്ചുതീർത്തു. അതിന് കുറച്ചു നാളുകൾ മുമ്പ് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കെ. എം. ജോർജ്ജിന്റെ ‘തമിഴ്സാഹിത്യചരിത്രം’ എന്ന പുസ്തകം വായിച്ചിരുന്നു. അതിൽ കമ്പൻ തൊട്ട് സമകാലിക എഴുത്തുകാരെവരെ പരിചയപ്പെടുത്തിയിരുന്നു. അശോകമിത്രനെക്കുറിച്ചുള്ള കുറിപ്പും ഒരു കഥയും അതിലടങ്ങിയിരുന്നുവെന്നാണ് എന്റെയോർമ്മ. അതുകൊണ്ടുമാത്രമാണ് ആ പേര് എന്റെ കണ്ണിൽപ്പെട്ടത്.
‘പുലിക്കലൈഞ്ജൻ’ എന്ന ആ കഥയുടെ വായന എന്നിൽ ആവേശമുണ്ടാക്കി. വേറിട്ടൊരു വായനാനുഭവം പകർന്ന ഈ കഥയെ എന്തുകൊണ്ട് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തുകൂടായെന്നൊരു ആലോചന എന്റെ മനസ്സിലുടലെടുത്തു. വിവർത്തനം ചെയ്യുന്നതിന്റെ സാങ്കേതികതയെക്കുറിച്ചോ സിദ്ധാന്തങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ലായിരുന്നു. കഥ വായനക്കാരനെ രസിപ്പിച്ചുവെന്നതു മാത്രമായിരുന്നു മൊഴിമാറ്റമെന്ന സാഹസപ്രക്രിയയിലേക്ക് എടുത്തുചാടാൻ എന്നെ പ്രേരിപ്പിച്ചത്. പരിമിതമായ അറിവ്വെച്ചു മാത്രമാണ് ആ കഥയുടെ വിവർത്തനത്തിലേർപ്പെട്ടത്. എന്നാൽ ആ ശ്രമം വെറുതെയായില്ല. എഴുതിക്കഴിഞ്ഞ് ‘ഉത്തരദേശം’ പത്രത്തിലേക്ക് അയച്ചു. ഒരാഴ്ചയ്ക്ക്ശേഷം പത്രത്തിന്റെ വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. നല്ലരീതിയിലുള്ള പ്രതികരണമാണ് ‘പുലിക്കലൈഞ്ജന്’ എന്ന കഥയുടെ മൊഴിമാറ്റത്തിന് ലഭിച്ചത്.

പിന്നീട് തമിഴ് പ്രസാധകരുടെ മേൽവിലാസങ്ങൾ തപ്പിപ്പിടിച്ച് പുസ്തകങ്ങൾ വരുത്തി. അതിലൊരെണ്ണം അശോകമിത്രനെക്കുറിച്ചുള്ള പുസ്തകമായിരുന്നു. അതിൽ അദ്ദേഹത്തിന്റെ രണ്ടു മൂന്ന് കഥകളുമുണ്ടായിരുന്നു. അതിലൊരു കഥയെ വീണ്ടും വിവർത്തനം ചെയ്തു. ‘മുറപ്പെണ്ണ്’ എന്ന കഥ. അതും ‘ഉത്തരദേശത്തി’ൽ തന്നെ പ്രസിദ്ധീകരിച്ചു. അതിനുശേഷമാണ് കന്നടയിൽനിന്ന് ഒരു കഥ മൊഴിമാറ്റം ചെയ്യണമെന്ന തോന്നലുണ്ടായത്. അക്കാലത്ത് വായിച്ച എഴുത്തുകാരിൽ ബൊളുവാർ മുഹമ്മദ് കുഞ്ഞി എന്നിലെ വായനക്കാരനെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ ആഖ്യാനശൈലിക്കും കഥയിലെ സാംസ്കാരിക പരിസരത്തിനും എന്റെ ദേശവുമായി വളരെയേറെ താദാത്മ്യം അവകാശപ്പെടാനുണ്ടായിരുന്നു. ബൊളുവാറിന്റെ കഥയുടെ വിവര്ത്തനത്തിനുശേഷം നീണ്ട ഒരിടവേള ഞാനെടുത്തിരുന്നു. അതു കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷം മാത്രമാണ് വിവർത്തനത്തിൽ സജീവമായത്.
ഒരു ഭാഷയിൽനിന്നുള്ള സാഹിത്യത്തെ മറ്റൊരു ഭാഷയിലേക്ക് പകർത്തുമ്പോൾ സേതുബന്ധനം തീർക്കുന്നുവെന്നാണ് പൊതുവായി പറയാറുള്ളത്. ഒരിടത്തേക്ക് പാലം പണിയുന്നത് കൊടുക്കൽ വാങ്ങലുകൾ നടത്താനാണ്. എന്നാൽ സാഹിത്യത്തിൽ വെറും ഭാഷയുടെ കൈമാറ്റം മാത്രം നടക്കുമ്പോൾ നഷ്ടപ്പെടുന്നത് ആഖ്യാനപരിസരത്തെ സാംസ്കാരികമായ വ്യതിരിക്തതകളാണ്. പ്രാഥമികമായി വിവർത്തനത്തെ ഒരു ചര്യപോലെ കൊണ്ടു നടക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം അതു വെറുമൊരു സാംസ്കാരിക പ്രവൃത്തി മാത്രമല്ല, വികാരവും ഉത്കണ്ഠയുമാണ്. ധാർമ്മികമായ ആശയങ്ങളുടെ സംഘട്ടനം നിമിഷങ്ങൾ മാത്രം കത്തിയമർന്നു പോകുന്ന അഗ്നിജ്വാലയാണെങ്കിൽ ഭാഷകൾ തമ്മിലുള്ള സംഘട്ടനം എരിഞ്ഞൊടുങ്ങാത്ത കനലാണ്. അതുകൊണ്ടുതന്നെയാണ് വിവിധ ദർശനങ്ങളിൽ വിശ്വസിക്കുമ്പോഴും പലരെയും വംശീയതയുടെ കുടക്കീഴിൽ അണിനിരന്നത് ചരിത്രത്തിൽ നാം കണ്ടതും ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതും.

സക്കറിയ പറഞ്ഞ ഒരു കാര്യം എന്റെയോർമയിൽ വരുന്നു. ഒരാളെ സംബന്ധിച്ച് മതം മാറുക എളുപ്പമാണ്, ഭാഷ മാറുക സാധ്യമല്ല എന്നാണദ്ദേഹം പറഞ്ഞത്. ഭാഷ മാറാൻ സാഹചര്യവും വർഷങ്ങളുടെ ദൈർഘ്യവും ആവശ്യമുണ്ട്. മാങ്ങയ്ക്ക് നേരെ കല്ലെറിയുന്നതുപോലുള്ള ഒരു ശ്രമം മാത്രമാണ് ഭാഷകൾ തമ്മിലുള്ള ഊട്ടിയുറപ്പിക്കലിന് എന്റെ ഭാഗത്തുനിന്ന് ഞാൻ നടത്തുന്നത്. അതു പകരുന്ന ആഹ്ലാദമാണ് വിവർത്തനത്തിൽ എനിക്ക് ഊർജ്ജം നൽകുന്നത്.