scorecardresearch

സ്വതന്ത്ര ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനായുള്ള എ കെ ജിയുടെ നിയമപോരാട്ടം

സ്വാതന്ത്ര്യം ലഭിച്ചപ്പോൾ എ കെ ഗോപാലൻ ജയിലിലായിരുന്നു; അദ്ദേഹത്തിന്റെ കേസ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാനദണ്ഡമാണ്. ഈ പരമ്പരയിൽ, റിപ്പബ്ലിക്കിനെ പുനർനിർമ്മിച്ച സ്ത്രീകളെയും പുരുഷന്മാരെയും ഇന്ത്യൻ എക്സ്പ്രസ് അവതരിപ്പിക്കുന്നു

സ്വാതന്ത്ര്യം ലഭിച്ചപ്പോൾ എ കെ ഗോപാലൻ ജയിലിലായിരുന്നു; അദ്ദേഹത്തിന്റെ കേസ് വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാനദണ്ഡമാണ്. ഈ പരമ്പരയിൽ, റിപ്പബ്ലിക്കിനെ പുനർനിർമ്മിച്ച സ്ത്രീകളെയും പുരുഷന്മാരെയും ഇന്ത്യൻ എക്സ്പ്രസ് അവതരിപ്പിക്കുന്നു

Shaju Philip & Apurva Viswanath
New Update
A K Gopalan

നിയമം എന്നാൽ അധികാരത്തിലിരിക്കുന്നവരുടെ ഏകപക്ഷീയമായ ഉത്തരവുകൾ മാത്രമല്ല, മറിച്ച് നീതിയുക്തവും ന്യായയുക്തവുമാകണമെന്നും എകെജിയുടെ കേസ്  ഓർമ്മിപ്പിക്കുന്നു

1947 ഓഗസ്റ്റ് 15 ന് അർദ്ധരാത്രി കഴിഞ്ഞ് മിനിറ്റുകൾ കഴിഞ്ഞപ്പോൾ, കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലൻ (അന്ന് 43 വയസ്സ്) ഏകാന്തതടവിൽ കഴിഞ്ഞിരുന്ന കണ്ണൂർ  ജയിലിൽ മഹാത്മാഗാന്ധി കീ ജയ്, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങൾ പ്രതിധ്വനിച്ചു. ജയിലിനുള്ളിൽ  അദ്ദേഹം രഹസ്യമായി ദേശീയ പതാക കൈവശം വച്ചിരുന്നു. പുലർച്ചെ, തന്റെ പ്രസംഗം കേൾക്കാൻ മറ്റ് തടവുകാർ ഒത്തുകൂടിയ സ്ഥലത്ത് അദ്ദേഹം ത്രിവർണ്ണ പതാക ഉയർത്തി. പ്രസംഗം തുടങ്ങി നാലോ അഞ്ചോ മിനിറ്റിനുള്ളിൽ, ജയിൽ അധികൃതർ അദ്ദേഹത്തെ തടഞ്ഞു.

Advertisment

ഒരു ദിവസത്തിനുശേഷം, "സാമ്രാജ്യത്തിന്റെ ചക്രവർത്തിക്കെതിരെ" ജനങ്ങളെ ഇളക്കിവിട്ടതായി ആരോപിച്ച്, രാജ്യദ്രോഹക്കുറ്റം ചുമത്തി എ കെ ഗോപാലൻ എന്ന  എകെജിയെ കോഴിക്കോട്  മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.  1947 ഒക്ടോബർ 12 ന് അദ്ദേഹം മോചിതനായി, എന്നാൽ ഒരു മാസത്തിനുള്ളിൽ, പുതുതായി സ്വതന്ത്രമായ രാജ്യത്ത് അപ്പോഴും നിലവിലുണ്ടായിരുന്ന കൊളോണിയൽ നിയമങ്ങൾ പ്രകാരം അദ്ദേഹത്തെ വീണ്ടും തടങ്കലിൽ വച്ചു. ഇന്ത്യ ഒരു റിപ്പബ്ലിക്കായതിനുശേഷം, എ.കെ.ജി ഉൾപ്പെടെയുള്ള പലരുടെയും തടങ്കൽ  'ക്രമീകരിക്കാൻ' 1950 ലെ കരുതൽ തടങ്ങൾ നിയമം (പ്രിവന്റീവ് ഡിറ്റൻഷൻ ആക്ട്) പാസാക്കി.

"ഒരു വിദേശ സർക്കാരിന്റെ കണ്ണിൽ ഞാൻ 1930 മുതൽ 1945 വരെ ഒരു രാഷ്ട്രീയ തടവുകാരനായിരുന്നു. ഇന്നത്തെ ജനകീയ സർക്കാരിന്റെ കീഴിൽ, ഞാൻ ഒരു കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നു," അദ്ദേഹം തന്റെ ആത്മകഥയായ 'എന്റെ ജീവിതകഥ'യിൽ (ഇംഗ്ലീഷിൽ In the Cause of the People എന്ന പുസ്തകം)  എഴുതി.

തന്റെ തടങ്കലിനെതിരെ 1950-ൽ, അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു, 1950-ൽ പ്രാബല്യത്തിൽ വന്ന പുതിയ ഭരണഘടന ഉറപ്പുനൽകുന്ന അവകാശം ജയിൽ മോചനം ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കാം. എല്ലാത്തിനുമുപരി, ആർട്ടിക്കിൾ 21-ൽ "നിയമം സ്ഥാപിച്ച നടപടിക്രമങ്ങൾക്കനുസരിച്ചല്ലാതെ ഒരു വ്യക്തിയുടെയും ജീവിതമോ വ്യക്തിസ്വാതന്ത്ര്യമോ നിഷേധിക്കാൻ പാടില്ല" എന്ന് വ്യക്തമാക്കിയിരുന്നു.

Advertisment

ഭരണഘടനയുടെ ആർട്ടിക്കിൾ 21, ആർട്ടിക്കിൾ 22 (അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം) പ്രകാരമുള്ള തന്റെ മൗലികാവകാശങ്ങളെ, മറ്റു ചില അവകാശങ്ങൾക്കൊപ്പം, കരുതൽ തടങ്കൽ നിയമം ലംഘിക്കുന്നുവെന്ന് എ കെ ജി വാദിച്ചു.

എന്നാൽ, "അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം" നൽകുമ്പോൾ, കുറ്റങ്ങളെക്കുറിച്ച് അറിയിയാനുള്ള അവകാശം, അഭിഭാഷകനെ കണ്ടെത്താനുള്ള അവകാശം, 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കാനുള്ള അവകാശം എന്നിവ ഉൾപ്പെടെ, ആർട്ടിക്കിൾ 22 ഒരു തന്ത്രപരമായ ഒഴിവാക്കൽ ഉൾപ്പെടുത്തിയിരിക്കുന്നു- കരുതൽ തടങ്കലുമായ ബന്ധപ്പെട്ടുള്ള അറസ്റ്റ്  പ്രത്യേകമായി വ്യവസ്ഥ ചെയ്യുന്ന ഒരു നിയമത്തിന് കീഴിലാണെങ്കിൽ ഈ അവകാശ സംരക്ഷണം ഒഴിവാക്കപ്പെടുന്നു.  അങ്ങനെ, ഭരണഘടനയുടെ വൈരുദ്ധ്യത്തെ ചോദ്യം ചെയ്യുന്ന ആദ്യ കേസായി എ കെ ഗോപാലൻ Vs സ്റ്റേറ്റ് ഓഫ് മദ്രാസ് മാറി.

1950 മെയ് 19-ന്, ആറ് ജഡ്ജിമാരുടെ ബെഞ്ച്, കരുതൽ തടങ്കൽ നിയമം സാധുവാണെന്നും, അറസ്റ്റ് സമയത്ത് തടങ്കലിന്റെ കാലാവധി അറിയിക്കേണ്ടതുണ്ടെന്നും, എന്നാൽ അത് നീട്ടാൻ കഴിയുമെന്നും ചെറിയ നടപടിക്രമ സുരക്ഷാ മുൻകരുതലുകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്നും വിധിച്ചു. കേസിൽ, എ കെജി പരാജയപ്പെട്ടെങ്കിലും, ആ കേസ്  ഉയർത്തിയ ദീർഘവീക്ഷണമുള്ള ചോദ്യങ്ങൾ നമ്മുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതായി മാറി. "യുദ്ധസമയത്ത് ഇംഗ്ലണ്ടിലും മറ്റ് ഭാഗങ്ങളിലും മുൻകാല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഒരാളുടെ സ്വാതന്ത്ര്യത്തെ തടയുന്നതിനായി ഉപയോഗിച്ചിരുന്നതാണ് കരുതൽ തടങ്കൽ. ബ്രിട്ടീഷുകാർ അത് ഇന്ത്യയിൽ ഉപയോഗിച്ചു, നമ്മുടെ ഭരണഘടനയിൽ നമ്മൾ അത് തുടർന്നപ്പോൾ, എ കെ ജിയുടെ കേസ്  വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള  നിയമപരമായ സംരക്ഷണവുമായി ബന്ധപ്പെട്ട് ചില നടപടിക്രമങ്ങൾ കൊണ്ടുവന്നു.  എ കെ ജി സുപ്രീം കോടതിയിൽ കേസ് തോറ്റെങ്കിലും  തടങ്കലിൽ വയ്ക്കാനുള്ള കാരണങ്ങൾ വെളിപ്പെടുത്തൽ, ജുഡീഷ്യൽ അവലോകനം എന്നിവ നടപ്പിലാക്കി. നമ്മുടെ മൗലികാവകാശങ്ങളെ ഒറ്റപ്പെട്ടതായിട്ടല്ല, ഒന്നിച്ചാണ് അല്ലെങ്കിൽ ഒരു കൂട്ടമായിട്ടാണ് കാണുന്നത് എന്ന വാദം എ കെ ജിയുടെ  അഭിഭാഷകന്റെ വാദങ്ങളിൽ നിന്നാണ് ഉയർന്നുവന്നത്," ഇന്ത്യയുടെ മുൻ അറ്റോണി ജനറൽ കെ കെ വേണുഗോപാൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. എ കെ ജിക്കുവേണ്ടി വേണുഗോപാലിന്റെ പിതാവ് എം കെ നമ്പ്യാരായിരുന്നു വാദിച്ചത്.

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി ഗ്രാമത്തിൽ 1904 ഒക്ടോബർ 1 ന് ജനിച്ച എ കെ ഗോപാലൻ എന്ന എ കെ ജി,  കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഏഴ് വർഷം സ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്തു. എന്നാൽ ദേശീയ പ്രസ്ഥാനത്തിന്റെ ആവേശം അദ്ദേഹത്തെ ക്ലാസ് മുറിയിൽ നിന്ന് രാഷ്ട്രീയപ്രവർത്തനത്തിലേക്ക് നയിച്ചു. സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ സജീവമായതിനെ തുടർന്ന്  26 വയസ്സുള്ളപ്പോൾ ആദ്യമായി ജയിലിൽ അടയ്ക്കപ്പെട്ടു.

കേരളത്തിലെ കോൺഗ്രസ് പ്രസിഡന്റും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗവുമായിരിക്കെ, ജയിലിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുമായുള്ള ഇടപെടലുകൾ എ കെ ജിയുടെ രാഷ്ട്രീയത്തെ മാറ്റിമറിച്ചു. 1934 ആയപ്പോഴേക്കും അദ്ദേഹം  കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1939 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറിയപ്പോൾ, പി കൃഷ്ണപിള്ളയ്ക്കും ഇ എം എസ് നമ്പൂതിരിപ്പാടിനുമൊപ്പം എ കെ ജി കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായി മാറി.

കമ്മ്യൂണിസ്റ്റ് നേതാവ് എം ആർ വെങ്കിട്ടരാമനുമായുള്ള അത്തരമൊരു തടങ്കലിലാണ് ഗോപാലൻ "ഇടയ്ക്കിടെ സത്യവാങ്മൂലം സമർപ്പിക്കുകയും കോടതിയിൽ ഹർജികൾ നൽകുകയും ചെയ്തിരുന്നു." ഈ റിട്ട് ഹർജികളിൽ ഒന്നായിരുന്നു എ കെ ഗോപാലൻ കേസ്. അന്ന് മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചരുന്ന പ്രമുഖ അഭിഭാഷകനായിരുന്നു  നമ്പ്യാർ, അന്നത്തെ അറ്റോണി ജനറലും ഭരണഘടനാ അസംബ്ലി അംഗവുമായ എം സി സെതൽവാദിനെതിരെ കോടതിയിൽ  ഹാജരായി.

"രണ്ട് ഇൻസ്പെക്ടർമാരും പന്ത്രണ്ട് പൊലീസുകാരും ചേർന്ന് ഒരു പ്രത്യേക ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിൽ വിചാരണ കാണാൻ ഡൽഹിയിലേക്ക് കൊണ്ടുപോയതായി" എ.കെ.ജി ആത്മകഥയിൽ എഴുതി. 'എം. കെ. നമ്പ്യാർ: ദി കോൺസ്റ്റിറ്റ്യൂഷണല്‍ വിഷനറി'  എന്ന പുസ്തകത്തിൽ, കെ.കെ. വേണുഗോപാൽ തന്റെ പിതാവ് എ.കെ.ജിക്കുവേണ്ടി വാദിക്കുമ്പോൾ ഇന്ത്യയുടെ നീതിയുടെ ധർമ്മ പാരമ്പര്യങ്ങളിൽ നിന്നുള്ളതെല്ലാം ഉപയോഗിച്ചുവെന്ന് പറയുന്നു; ആർട്ടിക്കിൾ 21 പ്രകാരം "നിയമത്താൽ സ്ഥാപിതമായ നടപടിക്രമം" എന്നത് 'ലെക്സ്' (ഒരു ലിഖിത നിയമം അല്ലെങ്കിൽ നിയമം) എന്നതിലുപരി 'ജസ്' (നീതിയുടെയും ധാർമ്മികതയുടെയും വിശാലമായ ആശയം) എന്നാണ് അർത്ഥമാക്കുന്നതെന്ന് പറയുന്ന ഒരു ലാറ്റിൻ ഉച്ചാരണമാണിത് -എന്ന് എതിർഭാഗം അഭിഭാഷകനായ  സെതൽവാദിന്റെ പൗരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുസ്തകം ഉദ്ധരിച്ചു കൊണ്ട്-  നമ്പ്യാർ തന്റെ വാദം ശക്തമായി അവതരിപ്പിച്ചു.  

എന്നാൽ, ആറ് ജഡ്ജിമാരിൽ നാലുപേരും "നിയമപ്രകാരം സ്ഥാപിച്ച നടപടിക്രമം" ഒരു ഇടുങ്ങിയ പരിധിയാണെന്നും പാർലമെന്റ് നിർമ്മിച്ച ഒരു നിയമം, ഈ സാഹചര്യത്തിൽ ആർട്ടിക്കിൾ 21 പ്രകാരമുള്ള അവകാശം താൽക്കാലികമായി നിർത്തിവയ്ക്കാൻ പര്യാപ്തമാണെന്നും അഭിപ്രായപ്പെട്ടു. ഭൂരിപക്ഷാഭിപ്രായം "നിയമം" എന്നത്  " ഭരണകൂട നിർമ്മിത നിയമത്തിന്റെ അർത്ഥത്തിൽ" ഉപയോഗിച്ചിട്ടുണ്ടെന്നും സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഉൾക്കൊള്ളുന്ന അമൂർത്തമായ അല്ലെങ്കിൽ പൊതു അർത്ഥത്തിൽ നിയമത്തി ന് തുല്യമായിട്ടല്ലെന്നും  പ്രസ്താവിച്ചു.

ജസ്റ്റിസ് ഫസൽ അലി ഇതിൽ  വിയോജിപ്പ് രേഖപ്പെടുത്തി, ജസ്റ്റിസ് മെഹർ ചന്ദ് മഹാജൻ അതിനോട് യോജിച്ചു, "'നിയമം' എന്ന വാക്കിന്റെ അർത്ഥം സ്റ്റാറ്റ്യൂട്ട് നിയമമല്ലാതെ മറ്റൊന്നുമല്ലേ എന്നതാണ് തീരുമാനിക്കേണ്ട ചോദ്യം" എന്ന് പറഞ്ഞു. തുടർന്ന് നിയമം എന്ന വാക്കിന്റെ അർത്ഥം "സാധുവായ നിയമം" എന്നും "നടപടിക്രമം" എന്നാൽ "നടപടിക്രമത്തിനായുള്ള നാട്യമല്ല, മറിച്ച് നടപടിക്രമങ്ങളുടെ ചില കൃത്യമായ നിയമങ്ങൾ" എന്നും വിശദീകരിച്ചു.

രണ്ട് പതിറ്റാണ്ടുകൾക്കുശേഷം, എ കെ ജിയുടെ  മരണത്തിന് ഒരു വർഷത്തിനുശേഷം, എ.കെ.ജി.യുടെ വാദം ശരിയാണെന്ന് തെളിഞ്ഞു - 1978-ൽ മനേക ഗാന്ധിയും യൂണിയൻ ഓഫ് ഇന്ത്യയും  എന്ന കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ, ജസ്റ്റിസ് അലിയുടെ വിയോജിപ്പുള്ള അഭിപ്രായം കോടതിയുടെ ഭൂരിപക്ഷ അഭിപ്രായമായി പുനഃസ്ഥാപിക്കപ്പെട്ടു.  ഏതൊരു നിയമവും ഭരണഘടനാപരമായി സാധുതയുള്ളതാകുന്നതിന് ആവശ്യമായ മാനദണ്ഡമായി "യുക്തിപരമായ നടപടിക്രമം" ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

"സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത മറ്റ് എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചപ്പോൾ, എകെജിക്ക് അത്തരമൊരു ആനുകൂല്യം ലഭിച്ചില്ല. സ്വതന്ത്ര ഇന്ത്യയിൽ, കൊളോണിയൽ നിയമപ്രകാരം അദ്ദേഹത്തെ ഇപ്പോഴും തടങ്കലിൽ വയ്ക്കരുതെന്ന് അദ്ദേഹം വാദിച്ചു. സുപ്രീം കോടതി വിധി അദ്ദേഹത്തിന് അനുകൂലമായിരുന്നില്ല, പക്ഷേ പിന്നീട് വിധി റദ്ദാക്കപ്പെട്ടപ്പോൾ, വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എ കെ ജിയുടെ നിലപാട് അത് ശരിവച്ചു," എകെജിയുടെ മകളുടെ ഭർത്താവും  സി പി എമ്മിന്റെ മുൻ ലോക്‌സഭാംഗവുമായ പി കരുണാകരൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

എ കെ ജിയുടെ  തടങ്കൽ വീണ്ടും മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ 1951-ൽ, സുപ്രീം കോടതിയിൽ പരാജയപ്പെട്ട അദ്ദേഹം തന്നെ തന്റെ കേസ് വാദിക്കുകയും,  തടങ്കൽ ഉത്തരവിൽ നിയമം അനുശാസിക്കുന്ന തടങ്കൽ കാലയളവ് സൂചിപ്പിക്കുന്നില്ല എന്നതിനാൽ കോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, കോടതിയുടെ ഗേറ്റിൽ നിന്ന് കഷ്ടിച്ച് 10 മിറ്റര്‍ അകലെ എത്തിയപ്പോഴേക്കും, അദ്ദേഹത്തിന് പുതിയ തടങ്കൽ ഉത്തരവ് ലഭിച്ചു. കോടതിമുറിയിലെ വാശിയേറിയെ വാദപ്രതിവാദത്തിന് ശേഷം, രണ്ട് ദിവസത്തിനുള്ളിൽ എ കെ ജി രണ്ടാം തവണയും മോചിതനായി. “എന്നാൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ തടങ്കൽ ഉത്തരവ് തയ്യാറാക്കി വച്ചതിന് അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി രാജമന്നാർ, അഡ്വക്കേറ്റ് ജനറലിനെ വിമർശിച്ചു. അടുത്ത ദിവസം അഡ്വക്കേറ്റ് ജനറൽ രാജിവച്ചു,” വേണുഗോപാൽ ഓർമ്മിച്ചു. "ഇന്നും ഇത്തരം സംഭവങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും കോടതികൾ അത്ര വേഗത്തിൽ പ്രതികരിക്കുന്നില്ലെന്ന്" അദ്ദേഹം പറഞ്ഞു.

1977-ൽ 72-ാം വയസ്സിൽ മരിക്കുന്നതിനിടയിൽ, എ കെ ഗോപാലൻ എന്ന എ കെ ജി 20 തവണ ജയിലിലടയ്ക്കപ്പെട്ടു, ജീവിതത്തിന്റെ 17 വർഷം ജയിലിൽ കിടന്നു. എന്നിരുന്നാലും, നിയമം എന്നാൽ അധികാരത്തിലിരിക്കുന്നവരുടെ ഏകപക്ഷീയമായ ഉത്തരവുകൾ മാത്രമല്ല, മറിച്ച് നീതിയുക്തവും ന്യായയുക്തവുമാകണമെന്നും  അദ്ദേഹത്തിന്റെ കേസ്  ഓർമ്മിപ്പിക്കുന്നു.

Law Supreme Court Akg Constitution

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: