മുജീബ് റഹ്മാന്‍. അതായിരുന്നു അവന്റെ പേര്. എൽ. പി സ്കൂളിൽ പഠിക്കുന്ന സമയത്ത് എല്ലാ ദിവസവും കൈയ്യില്‍ പ്ലാസ്റ്റിക് കവര്‍ തൂക്കി വരുന്ന ചെക്കന്‍. അതില്‍ പഠിക്കാനുള്ള പുസ്തകമോ തിന്നാനുള്ള ചോറോ ഒന്നുമാവില്ല ഉണ്ടാവുക. ഒന്നുകില്‍ അരിനെല്ലിക്ക, അല്ലെങ്കില്‍ ഓര്‍ക്കാപ്പുളി, അതുമല്ലെങ്കില്‍ നാടന്‍ നെല്ലിക്ക, അതൊന്നുമല്ലെങ്കില്‍ അടിപൊളി വാളന്‍പുളി. പത്തരയ്ക്ക് ബെല്ലടിക്കുന്ന ഞങ്ങളുടെ സ്‌ക്കൂളില്‍ ഒമ്പതരയാവുമ്പോഴേക്കും അവനെത്തും. പിന്നെ ചുഴലിക്കാറ്റുപോലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ അവന്റെ കച്ചോടം നടക്കും. സത്യത്തില്‍ നിന്നുപോയ നമ്മുടെ പണ്ടത്തെ ‘ബാര്‍ട്ടര്‍’ സമ്പ്രദായമൊക്കെ തിരികെ കൊണ്ടു വരാന്‍ കിണഞ്ഞു പരിശ്രമിച്ച അക്കാലത്തെ ഏക ഇന്ത്യക്കാരന്‍ അവന്‍ മാത്രമായിരിക്കുമെന്ന് വേണമെങ്കില്‍ പറയാം. അവനാവശ്യമുള്ള എന്തായാലും, അതുംകൊണ്ട് ചെന്നാല്‍ കൈയ്യിലുള്ള വില്‍പ്പന സാധനങ്ങള്‍ അവന്‍ തരും. സത്യത്തില്‍ അവന് ആവശ്യമില്ലാത്തതായി ഒന്നുമുണ്ടാകില്ല എന്നത് വേറെ കാര്യം. സകലകുണ്ടാമണ്ടിയും വാങ്ങിവയ്ക്കും. പുസ്തക പേജുകളും, പെന്‍സില്‍ കഷ്ണങ്ങളും, പൈസയും, കോട്ടിയും, അണ്ടിയും അങ്ങനെ നീണ്ടു പോകും ആ ലിസ്റ്റ്.
ഒരു ദിവസം രാവിലെ സ്‌ക്കൂളിലെത്തിയപ്പോള്‍ ക്ലാസ്സിലെ ഒട്ടുമിക്ക കുട്ടികളുടേയും കൈയ്യില്‍ ചതുരപ്പുളി! കൊലുകൊലുന്നനെ പഴുത്തത്. അഞ്ചുകോണു കളിലും മഞ്ഞനിറമണിഞ്ഞ് അധികം മധുരവും അല്‍പ്പം പുളിയും ശരീരത്തില്‍ ഒളിപ്പിച്ചുകൊണ്ട് അവ വല്ലാതെ പ്രലോഭിപ്പിക്കുക യാണ്. തിന്നുന്നവരുടെ മുഖത്തേയ്ക്കെങ്ങാനും നോക്കിപ്പോയാല്‍ പിന്നെ ഒരു കടി അവരുടെ കൈയ്യിലുള്ള പുളിയില്‍ നമ്മള്‍ അറിയാതെ കടിച്ചു പോകും. അമ്മാതിരി ഭാവങ്ങളാണ്, മണമാണ്. സാധനം എവിടെ നിന്നാണെന്നുള്ള അന്വേഷണത്തിനൊടുവില്‍ ആളെ കിട്ടി. നാല് ബി ക്ലാസ്സിലെ മുജീബ് റഹ്മാന്‍ തന്നെ. ക്ലാസ്സിലുള്ളവരെല്ലാം അവരവരുടെ കൈകളിലുള്ള എന്തൊക്കെയോ ഒപ്പിച്ചു കൊടുത്ത് സംഗതി കൈക്കലാക്കിയിരിക്കുകയാണ്. ഞാനാണെങ്കില്‍ പത്തു പൈസയുടെ അരുള്‍ജ്യോതിക്ക് (ശര്‍ക്കരയുടെ ചുവയുള്ള മിഠായിയാണ് അരുള്‍ജ്യോതി) പോലും കെല്‍പ്പില്ലാതെ നില്‍ക്കുന്ന സമയവും. മിഠായി പൈസ പോയിട്ട് സ്ലേറ്റ്‌പെന്‍സില്‍ വരെ റേഷനാണ്. വലിയ പെന്‍സില്‍ കൊടുത്താല്‍ ചിലപ്പോള്‍ കിട്ടുമായിരിക്കും. എന്തായാലും ആളെയൊന്നു കണ്ടുനോക്കാമെന്ന് എനിക്ക് തോന്നി. കടമായിട്ട് ചോദിച്ചുനോക്കാം. പൈസ കൊടുത്ത് വല്ലതും വാങ്ങണമെങ്കില്‍ ഒന്നുകില്‍ അമ്മായി വിരുന്ന് വരണം. അല്ലെങ്കില്‍ അഖിലമാമന്‍. അവര്‍ രണ്ടുപേരുമാണ് ഞങ്ങളെ സംബന്ധിച്ച് ലോകബാങ്കുകള്‍. രണ്ടുപേരും വന്നിട്ടാണെങ്കില്‍ ഒരുപാട് നാളുകളുമായി.
ഞാന്‍ ചെല്ലുമ്പോള്‍ അവന്‍ സ്‌കൂളിന് പിന്‍വശത്തെ അരമതിലിന് മുകളിലിരുന്ന് കിട്ടിയ സാമഗ്രികള്‍ വേറെ വേറെയാക്കുകയാണ്. തടിച്ച് കുറുകിയ ശരീരമാണ് മുജീബിന്റേത്. കുറേ പേജുകള്‍, പെന്‍സിലുകള്‍, പൈസ അങ്ങനെയങ്ങനെ മാറ്റി മാറ്റി വയ്ക്കുകയാണ്. തൊട്ടപ്പുറത്ത് വെളുത്ത കവറില്‍ ചതുരപ്പുളി കുറച്ച് ബാക്കിയുണ്ട്. കുറച്ച് നേരം അവന്റെയടുത്ത് ചുറ്റിപ്പറ്റി നിന്ന ശേഷം ഞാന്‍ കാര്യം അവതരിപ്പിച്ചു.“കടം കുടാഹേ…”
കേട്ടപാടെ അവന്റെ ഉത്തരം വന്നു. അങ്ങനെ പറഞ്ഞാല്‍ കടമില്ല എന്നര്‍ത്ഥം. അതും പറഞ്ഞ് മറ്റൊന്നും ശ്രദ്ധിക്കാതെ അവന്‍ കിട്ടിയ മുതല് വീണ്ടും എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങി.
പൈസയില്ലാഞ്ഞിട്ടാണ്. ഞാന്‍ പിന്നെയും പറഞ്ഞുനോക്കി.
“പൈസന്നെ വേണമെന്നില്ലാല്ലോ.. ഇതുപോലുള്ള എന്തേലുമൊക്കെ മതി.” അവന്‍ ആരോ ചീന്തിക്കൊടുത്ത നോട്ടുപുസ്തകത്തിന്റെ ഒരു സുന്ദരന്‍ പേജുയര്‍ത്തി കാണിച്ചു.
കൂടുതല്‍ നിന്നിട്ട് കാര്യമില്ലെന്ന് എനിക്ക് ബോധ്യമായി. അവന്‍ പറയുന്ന തരത്തിലുള്ള ഒന്നും എന്റെ കൈയ്യിലില്ല. ഞാന്‍ ആദ്യം ആ പേജുകളിലേയ്ക്ക് നോക്കി. പുതിയ നോട്ടുപുസ്തകം വാങ്ങിയാല്‍ ഉടനെ അച്ഛന്റെ അരികി ലെത്തണം. എല്ലാം കാണിച്ചുകൊടുത്ത് എണ്ണവും അളവും തിട്ടപ്പെടുത്തണം. നോട്ടുപുസ്തകം വാങ്ങിയാല്‍ പിറ്റേന്ന് അച്ഛന്‍ പണി കഴിഞ്ഞു വരുമ്പോള്‍ സൈക്കിളിന്റെ പിന്നിലെ കരിയറിന് മുകളില്‍ കടലാസിന്റെ സിമന്റ് ചാക്ക് ഉണ്ടായിരിക്കും. അന്നൊക്കെ കടലാസിന്റെ സിമന്റ് ചാക്കിന് അഞ്ച് അടരുകള്‍ ഉണ്ടായിരിക്കും. ഇന്നത്തെ പോലെത്തന്നെ മണ്ണിന്റെ നിറമാണ് അന്നും ആ കടലാസുകള്‍ക്ക്. രാത്രിയില്‍ അമ്മ അത് വൃത്തിയായി വെട്ടി പാകത്തിലാക്കി പുസ്തകത്തിന് ചട്ടയിട്ട് തരും. പിന്നെ ഉള്ള കാലത്ത് അത് കേടുവരില്ല, അത്രയ്ക്ക് കട്ടിയുണ്ടാകും അതിന്.(ആ കടലാസിന്റെ ചിലയിടങ്ങളില്‍ ചെറുസുഷിരങ്ങള്‍ ഉണ്ടായിരിക്കും. പൊതിഞ്ഞുവരുമ്പോള്‍ പുസ്തകത്തിന്റെ ഏതെങ്കിലും തലയ്ക്കല്‍ അത് കൂട്ടത്തോടെ പൊന്തും. സിമന്റ് ചാക്കുകൊണ്ടാണ് പൊതിഞ്ഞതെന്ന് അറിയാതിരിക്കാനായി ആ ഓട്ടകള്‍ക്ക് ചുറ്റും കടലാസുപെന്‍സില്‍ കൊണ്ട് കറുപ്പിച്ച് പൂക്കളൊക്കെ വരയ്ക്കും. അപ്പോള്‍ ആര്‍ക്കും പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല.) പുസ്തകം പൊതിഞ്ഞുകഴിഞ്ഞാല്‍ അച്ഛന്റെ മേല്‍ നോട്ടത്തില്‍ അമ്മ ഓരോ പേജിലും നമ്പരിടും.
“പേജ് നുള്ളിയാല്‍ കൈയ്യ് ഞാന്‍ കൊത്തും,” കര്‍ശനമായ താക്കീതാണ്.
ഞാന്‍ പിന്നെ നോക്കിയത് അവന്റെയരികിലുള്ള പെന്‍സിലിലേയ്ക്കാണ്.
ഒരു മാസത്തിന് ഒരു സ്ലേറ്റ് പെന്‍സില്‍ എന്നതാണ് റേഷന്‍. വലുപ്പമുള്ള പെന്‍സില്‍ കൊടുത്താല്‍ മാത്രമേ അവന്‍ സാധനങ്ങള്‍ തരൂ. അപ്പോള്‍ പിന്നെ മുജീബില്‍ നിന്നും ചതുരപ്പുളി വാങ്ങണമെങ്കില്‍ ചുരുങ്ങിയത് പത്തു ദിവസമെങ്കിലും ഞാന്‍ സ്‌ക്കൂളില്‍ വരാതെ വീട്ടില്‍ നില്‍ക്കേണ്ടിവരും.
അവന്റെ തൊട്ടടുത്ത് അണ്ടിയും കൂട്ടിവച്ചിട്ടുണ്ട്.
കഴിഞ്ഞ കൊല്ലം അണ്ടിയെടുത്ത് ഒറ്റയ്ക്ക് ചുട്ടുതിന്നതിന് കിട്ടിയ അടി മറന്നിട്ടില്ല. എന്നിട്ടാണിപ്പോ ചതുരപ്പുളി വാങ്ങാന്‍…!
പിന്നെ കേട്ടത് കോട്ടികളുടെ ഒച്ചയാണ്. അവന്‍ കവറിലേക്ക് പെറുക്കിയിടുന്ന കോട്ടിയിലേക്ക് ഞാന്‍ നോക്കി. കോട്ടിക്കളി എനിക്ക് നിഷിദ്ധമായിരുന്നു. കാരണം സ്‌ക്കൂളില്‍ പോകുന്നത് പഠിക്കാനാണെ ന്നും കോട്ടി കളിക്കാനല്ലെന്നും, കോട്ടിക്കളിയും കൊണ്ടുനടന്നാല്‍ അച്ഛനെപ്പോലെ വെയിലുകൊള്ളേണ്ടിവരും എന്നും അമ്മ കൂടെക്കൂടെ ഉപദേശിക്കാറുണ്ട്. കോട്ടി കളിച്ചതുകൊണ്ടാണോ അച്ഛന് വെയിലു കൊള്ളേണ്ടിവന്നത് എന്നൊന്നും അന്ന് ചോദിച്ചിരുന്നില്ല. ചോദിക്കാത്തതും നന്നായി. കോട്ടി കളിക്കാഞ്ഞിട്ട് ഇന്ന് ഞാനും വെയില് കൊള്ളുന്നുണ്ടല്ലോ.
മുജീബിന് കൊടുക്കാന്‍ ഒന്നുമില്ലെന്നറിഞ്ഞതോടെ ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി.
“നിക്കെടാ”. പിറകില്‍ നിന്നും മുജീബാണ്. അവന്‍ കവറില്‍ നിന്നും ഒരു പുളിയെടുത്ത് എനിക്ക് നേരെ എറിഞ്ഞുതന്നു. നായയെപ്പോലെയാണ് നിലത്തേയ്ക്ക് വീണ അതിലേക്ക് ഞാന്‍ ആര്‍ത്തിപൂണ്ടത്.
“കച്ചോടത്തില്‍ ചങ്ങായിത്തമില്ല. ന്നാലും ചോദിച്ച് വന്നതല്ലേ… ജ്ജെടുത്തോ.”
എനിക്കവനോട് വല്ലാത്ത സ്‌നേഹം തോന്നി. നിലത്തുനിന്നും കൈയ്യിലെടുത്ത പുളിയുടെ വലിയൊരു ഭാഗം കേടുവന്നതാണെ ന്നറിഞ്ഞിട്ടും ഞാന്‍ അവനെ നോക്കി ചിരിച്ചു. കാല്‍ഭാഗമേ കിട്ടിയിരുന്നുള്ളൂ എങ്കിലും വല്ലാത്ത രുചിയായിരുന്നു ആ പുളിയ്ക്ക്.
പിറ്റേന്ന് സ്‌ക്കൂളിലേക്ക് വരുമ്പോള്‍ റോഡരികില്‍ നിന്നും കിട്ടിയ അണ്ടികളുമായി മുജീബിനരികില്‍ എത്തിയപ്പോഴേക്കും അവന്റെ കച്ചോടം കഴിഞ്ഞിരുന്നു. പഴയതുപോലെ അരമതിലിന് മുകളിലിരുന്ന് വ്യാപരിച്ച് കിട്ടിയവ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു അവന്‍.
”കഴിഞ്ഞോ?” എനിക്ക് കുറച്ച് നിരാശ തോന്നി.
മാന്യമായ വാങ്ങല്‍ പ്രക്രിയയുടെ ചാരിതാര്‍ത്ഥ്യം എനിക്ക് ആവശ്യമായിരുന്നു. തലേന്ന് ഓസിയ്ക്ക് തന്നതാണല്ലോ. ചോദ്യം കേട്ടപ്പോള്‍ എന്താണ് പകരം തരാനുള്ളതെന്ന ചോദ്യത്തില്‍ അവന്‍ എന്നെയൊന്ന് ചുഴിഞ്ഞുനോക്കി. ഞാന്‍ അവന്‍ കാണാനായി കൈ തുറന്നു. അണ്ടി അതോടെ അവന്‍ ചിരിച്ചുകൊണ്ട് ട്രൗസറിന്റെ കീശയിലേക്ക് കൈയ്യിട്ടു. അതില്‍ നിന്നും കേടില്ലാത്ത ഒരു പുളിയെടുത്ത് എനിക്ക് നേരെ നീട്ടി.
“ഇയ്യ് ന്നെ തിരഞ്ഞുവരുംന്ന് എനിക്കറിയായിരുന്നു,” കിട്ടിയ അണ്ടി കീശയിലേക്കിടുമ്പോള്‍ അവന്‍ ഒരു കണ്ണ് ചെറുതാക്കി.
“അതെന്താ?”
“എടാ ഇതൊക്കെയല്ലേ കച്ചോടത്തിന്റെ ഗുട്ടന്‍സ്. ഞാനിന്നലെ അണക്ക് പുളി വെറുതെ തന്നതെന്തിനാ… അയിന്റെ ടേസ്റ്ററിഞ്ഞാ ഇയ്യ് പിറ്റേന്ന് നേരത്തെ വരും.”
വല്ലാത്ത പഹയന്‍. ഞാന്‍ അവനെ കണ്ണുതുറിച്ച് നോക്കി. കുറുക്കന്‍സൂത്രം ആണെങ്കിലും അവന്റെ കണക്കുകൂട്ടല്‍ എനിക്കിഷ്ടമായി.
“ഇയ്യ് ഏതായാലും വന്നതല്ലേ. ബെല്ലടിക്കാനായി. ആ പേജൊക്കെ ഒന്നടുക്കി വയ്ക്ക്.”
അതൊരു തുടക്കമായിരുന്നു. ഞാന്‍ അവന്റെ കൈയ്യാളായുള്ള തുടക്കം. പ്ലാസ്റ്റിക്ക് കവറില്‍ നിന്നും അവന്‍ മുന്നിലേക്ക് ചൊരിഞ്ഞിട്ട വരയുള്ള പേജുകളും വരയില്ലാത്ത പേജുകളും പെന്‍സിലുകളും ഞാന്‍ വേറെ വേറെയാക്കി കൊടുത്തു. അണ്ടിയും പൈസയും അവന്‍ എനിക്ക് എണ്ണാനോ തിട്ടപ്പെടുത്താനോ തന്നില്ല. എല്ലാം ശരിയാക്കിവച്ച ശേഷം മുജീബ് എന്നെ സ്‌നേഹത്തോടെ മൊത്തമൊന്ന് തലോടുകയും ചെയ്തു.
“കച്ചോടത്തില്‍ സ്വന്തം ബാപ്പാനെപ്പോലും നമ്പരുതെന്നാ.”
അപ്പോഴാണ് എന്നെ തലോടിയത് ഞാനെന്തെങ്കിലും പൊക്കിയിട്ടുണ്ടോ എന്നറിയാനുള്ള അവന്റെ തന്ത്രമായിരുന്നെന്ന് മനസ്സിലായത്.
അവന്റെ കച്ചോടം പിന്നെയും നടന്നുകൊണ്ടിരുന്നു. ഇടയ്ക്കും തലയ്ക്കും ഞാന്‍ അവന്റെ അരികിലെത്തി. പിന്നെ പിന്നെ അവന്റെ കൂടെ ചേര്‍ന്നു. പതുക്കെ പതുക്കെ അവന്‍ എന്നെ വിശ്വസിക്കാന്‍ തുടങ്ങി. പൈസയടങ്ങുന്ന കവറുപോലും പിടിക്കാന്‍ ഞാന്‍ വേണമെന്നായി. വിറ്റുകിട്ടുന്നവയെല്ലാം എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴാണ് അവന്‍ അവന്റെ വീട്ടിലേക്ക് എന്നെ ക്ഷണിക്കുന്നത്. അങ്ങനെ ഒരുദിവസം ഉച്ചക്കഞ്ഞി കഴിഞ്ഞ് സ്‌ക്കൂള്‍പാടവും അതനപ്പുറത്തെ വലിയ തെങ്ങിന്‍തോട്ടവും കടന്ന് ഞാന്‍ മുജീബ് റഹ്മാന്റെ വീട്ടിലെത്തി.
അവന്റെ ഉമ്മ പോത്തിറച്ചിയും കനം കുറഞ്ഞ പത്തിരിയും വിളമ്പി. ബാപ്പ മുറ്റത്തുള്ള ചെന്തെങ്ങില്‍ നിന്നും ഇളന്നീരെടുത്ത് ചെത്തിത്തന്നു.
വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം എന്നെ അവന്‍ കിടക്കുന്ന മുറിയിലേക്ക് കൊണ്ടുപോയി. എന്നിട്ട് വാതില് ചാരി കട്ടിലിനടിയില്‍ നിന്നും ഒരു തകരപ്പെട്ടി ശബ്ദമില്ലാതെ പുറത്തേക്ക് വലിച്ചുവച്ച് തുറന്നു. അതിന്റെ ഏറ്റവും അടിയില്‍ നിന്നും വെളുത്ത കവര്‍ വലിച്ചെടുത്തു. കുറേ ചില്ലറപൈസകളായിരുന്നു അതില്‍.
“ഇത്ര പൈസ കിട്ട്യോ അണക്ക്?” ഞാന്‍ ചോദിച്ചു.
അപ്പോഴാണവന്‍ വിശദീകരണത്തിന് മുതിര്‍ന്നത്.
കച്ചോടത്തില്‍ നിന്നും കിട്ടുന്ന പുസ്തകത്തിന്റെ പേജുകള്‍ അടുക്കിവച്ച് അവന്‍ മൂന്ന് പുസ്തകങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞിട്ടുണ്ട്. ബാപ്പ പുസ്തകം വാങ്ങാന്‍ കൊടുക്കുന്ന പൈസ പുസ്തകം വാങ്ങാതെ കവറിലിട്ടുവയ്ക്കും. എന്നിട്ട് അവനുണ്ടാക്കിയ പുസ്തകത്തില്‍ എഴുതും. പിച്ചിക്കിട്ടുന്ന പേജുകള്‍ കൊണ്ട് വൃത്തിയായി പുസ്തകമുണ്ടാക്കാന്‍ അറിയാം മുജീബിന്. സ്വരൂപിച്ചുണ്ടാക്കിയ അണ്ടികളും കോട്ടികളും മറിച്ചുവില്‍ക്കും. അതിന്റെ പൈസയും മാറ്റിവയ്ക്കും.
വീട്ടില്‍ നിന്നിറങ്ങി പാടവരമ്പിലൂടെ നടക്കുമ്പോള്‍ വലിയൊരു തത്വജ്ഞാനിയെപ്പോലെ അവന്‍ പറഞ്ഞു.
“കച്ചോടത്തിന്റെ ഐഡിയ ഉമ്മാക്ക് പോലും പറഞ്ഞുകൊടുക്കരുതെന്നാണ്. പിന്നെ ഇയ്യായതോണ്ട് പറഞ്ഞുതന്നതാണ്.”
ഒരുപക്ഷേ, ഞാന്‍ അവനൊരു വിധത്തിലും ഭീഷണിയാവില്ല എന്ന് ഉറപ്പുള്ളതിനാലായിരിക്കും അവന്‍ രഹസ്യങ്ങളൊക്കെ പറഞ്ഞുതരുന്നത്. കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അവനോട് മനസ്സില്‍ തോന്നിയ ആ ചെറിയ ആഗ്രഹം പറഞ്ഞു. വീടിന് തൊട്ടടുത്ത് പേരയ്ക്കാമരമുണ്ട്. നിറയെ പേരയ്ക്കകളാണ്. പഴുത്താല്‍ ഉള്ളു ചൊമപ്പുള്ള പേരയ്ക്ക. സംഗതി കേട്ടപ്പോള്‍ അവനും ഉല്‍സാഹമായി.
“പറിച്ചോണ്ട് വാടാ. മ്മക്ക് വിറ്റ് തമര്‍ക്കാം. അല്ലെങ്കില്‍ത്തന്നെ എന്നും പുളി വിറ്റ് നടന്നാമതിയോ. സാധനങ്ങളിങ്ങനെ മാറ്റിക്കൊണ്ടിരിക്കണം. ഇന്നത്തെ കച്ചോടല്ല നാളത്തെ കച്ചോടം. നാളത്തെ കച്ചോടല്ല മറ്റന്നാളത്തെ കച്ചോടം. അതാണ് കച്ചോടത്തിന്റെ ഇക്മത്ത്.”
ഞാനവനെ അന്തം വിട്ട് നോക്കി നിന്നു.
“കച്ചോടത്തില് എന്നുമോര്‍ക്കേണ്ട ഒന്നേയുള്ളൂ. അതെന്താന്നറിയോ അണക്ക്?”
അവന്‍ ചോദിച്ചു. എനിക്കറിയില്ലായിരുന്നു.
“കടം കുടാഹേ. അത് നിര്‍ബന്ധാ.”
അതും പറഞ്ഞ് അവന്‍ ചിരിച്ചു.
അങ്ങനെ പേരക്കാമരം ഓരോ ദിവസം കഴിയുംതോറും കുനിയാന്‍ തുടങ്ങി. അതില്‍ പിന്നെ എനിക്കെന്നും പേരക്കയുടെ മണമായി. ഞാനും മുജീബും കൂട്ടുകൃഷിക്കാരായി. പേരയ്ക്കയുടെ കൂടെ ബദാമും കൂടി ആയപ്പോള്‍ വ്യാപാരം അഭിവൃദ്ധിപ്പെടാന്‍ തുടങ്ങി. ആദ്യ ദിവസം തന്നെ കിട്ടിയതിലുള്ള എന്റെ വിഹിതം നേരെ നീട്ടിയപ്പോള്‍ ഞാന്‍ അവസ്ഥ ബോധ്യപ്പെടുത്തി.
“മോനേ, യ്യ് ചെയ്യണ പണിയൊന്നും ന്റെ വീട്ടില് നടക്കൂല.”
ഒടുവില്‍ അവന്‍ തന്നെ അതിനുള്ള പരിഹാരവും കണ്ടെത്തി. എന്റെ വിഹിതം അവന്‍ കൊണ്ടുപോയി തകരപ്പെട്ടിയില്‍ സൂക്ഷിച്ചു. ഒടുവില്‍ അരക്കൊല്ല പരീക്ഷയായപ്പോള്‍ എല്ലാംകൂടി കവറിലാക്കി എനിക്ക് കൊണ്ടുവന്നുതന്നു. അങ്ങനെ ജീവിതത്തിലാദ്യമായി വീട്ടുകാരറിയാത്ത സമ്പാദ്യപ്പെട്ടി എന്റെ മുറിയിലും ഉണ്ടായി. യു. പി സ്‌ക്കൂളിലേക്ക് ജയിച്ചതോടെ ഞാനും അവനും വേറെവേറെ സ്‌ക്കൂളിലായി. അതോടെ എന്റെ വ്യാപാരം നിന്നു. ഞാന്‍ വീണ്ടും ദരിദ്രനുമായി. അവനെ പിന്നെ കുറേക്കാലത്തിന് കണ്ടിട്ടില്ലായിരുന്നു. വലുതായ ശേഷം ഇടക്ക് ഓരോ നോട്ടം അവിടമവിടയായി കണ്ടു.
Read More: അജിജേഷ് പച്ചാട്ടിന്റെ മറ്റുളള എഴുത്തുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പിന്നീട് ‘ദൈവക്കളി’ പുസ്തകമായിറങ്ങിയ സമയത്താണ് അവനെ വിശദമായി കാണുന്നത്, അങ്ങാടിയില്‍ വച്ച് ഒരു വെള്ളിയാഴ്ചയില്‍. അപ്പോഴേക്കും അവന്‍ ബിസിനസ്സ് കടലിനപ്പുറത്തേയ്ക്ക് മാറ്റിക്കഴിഞ്ഞിരുന്നു. അവിടെ സൂപ്പര്‍മാര്‍ക്കറ്റും ഇറച്ചിപ്പീടികയുമൊക്കെയുണ്ട്. ലീവിന് വന്നതാണെന്ന് പറഞ്ഞു. കുറേ നേരം സംസാരിച്ചു. കഥയെഴുത്ത് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ കഥയെഴുതിയാലൊക്കെ വല്ലതും തടയുമോടാ എന്നാണ് അവന്‍ ആദ്യം ചോദിച്ചത്. നനഞ്ഞുചിരിയ്ക്കാനേ തോന്നിയുള്ളൂ. ദരിദ്രനെന്നും ദരിദ്രനാണല്ലോ. ഏതായാലും നീയെഴുതിയ ഒരു പുസ്തകം വായിക്കാന്‍ വേണമെന്ന് അവന്‍ സൂചിപ്പിച്ചപ്പോള്‍ ഞാന്‍ പെട്ടെന്ന് അവന്റെ ശിഷ്യനായി.
“പുസ്തകം തരാം. പക്ഷേ, കടം കുടാഹേ”
അവന്‍ പൊട്ടിപ്പൊട്ടിചിരിച്ചു, കൂടെ ഞാനും.
മുജീബ് ഒന്നും മറന്നിട്ടില്ലായിരുന്നു. പക്ഷേ, കെട്ടിപ്പിടിച്ചുകൊണ്ട് അവന്‍ ഉന്നയിച്ച അടുത്ത ചോദ്യമാണ് എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞത്.
“അല്ലെഡാ നിന്റെടുത്ത്ന്ന് വാങ്ങുമ്പോ എത്ര ഡിസ്‌ക്കൗണ്ട് കിട്ടും?”
വല്ലാത്ത പഹയന്‍. വെറുതെ കൊടുക്കാനൊന്നും പാങ്ങില്ല, അതുകൊണ്ട് പരമാവധി ഡിസ്‌കൗണ്ടില്‍ തന്നെ അവന് പുസ്തകം കൊടുത്തു. “ദൈവക്കളി” വായിച്ചുകഴിഞ്ഞാല്‍ ഒരുപക്ഷേ അവന്‍ അടുത്ത പുസ്തകത്തിന് എന്നെ തിരഞ്ഞുവന്നാലോ…!
കച്ചോടം അങ്ങനെയാണെന്നാണല്ലോ അവന്‍ എന്നെ പഠിപ്പിച്ചിരുന്നത്…