വളരെ പതുക്കെയാണെങ്കിലും ഇന്ത്യയിലെ ലിംഗസമത്വ സൂചികകൾ മുന്നോട്ട് തന്നെയാണ് ചലിക്കുന്നത്. ഇന്ന് എല്ലാ മേഖലകളിലും സ്ത്രീ സാന്നിദ്ധ്യം ശക്തമാണ്. രാഷ്ട്രീയത്തിലോ അല്ലെങ്കിൽ ഉദ്യോഗസ്ഥ തലത്തിലോ അതുമല്ലെങ്കിൽ പൊലീസ് സേനയിലോ ആകട്ടെ ഇന്ത്യയിലെ സ്ത്രീകൾ കരുത്താർജ്ജിക്കുകയാണ്.

കോമൺവെൽത്ത് മനുഷ്യാവകാശ സമിതിയുടെ പഠന റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പൊലീസിലെ സ്ത്രീകളുടെ എണ്ണം ഏതാണ്ട് 6.11 ശതമാനം മാത്രമാണ്. സ്വതന്ത്ര ഇന്ത്യയുടെ ഏഴ് പതിറ്റാണ്ട് നീണ്ട ചരിത്രത്തിനൊടുവിലും സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവ്യത്യാസത്തിന്റെ കൃത്യമായ അടയാളമാണിത്.

എണ്ണത്തിൽ വളരെ കുറവാണെങ്കിലും ഇന്ത്യയിലെ സ്ത്രീകളായ പൊലീസ് ഓഫീസർമാർ ആൺ പുലികളേക്കാൾ വെല്ലുന്ന പ്രകടനമാണ് ഔദ്യോഗിക രംഗത്ത് കാഴ്ച വയ്ക്കുന്നത്. ഇന്ത്യയ്ക്ക് അഭിമാനമായ അവരിൽ ചിലരെ കുറിച്ച് അറിയാം.

അപരാജിത റായ്

അപരാജിത റായ്

2012 ലെ യുപിഎസ്‌സി പരീക്ഷയിൽ 358ാം റാങ്ക് നേടിയ ഇവർ സിക്കിമിൽ നിന്നും ഗൂർഖാ സമുദായത്തിൽ നിന്നും ആദ്യമായി പൊലീസ് സേനയിലെത്തിയ വനിത ഓഫീസറാണ്. 28 കാരിയായ ഇവർ വെസ്റ്റ് ബംഗാളിലെ ഹൂഗ്ലിയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ചെറിയ കാലയളവിൽ തന്നെ മികച്ച പൊലീസ് ഓഫീസറെന്ന ഖ്യാതി നേടിയ അപരാജിതയെ ഗൂർഖാലാന്റിലെ സംഘർഷ ബാധിത പ്രദേശത്ത് സുരക്ഷാ ചുമതലയിൽ നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

സംഗീത കാലിയ

സംഗീത കാലിയ

1990 കളിൽ പുറത്തിറങ്ങിയ ഉഡാൻ എന്ന ഹിന്ദി സീരിയലിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് സംഗീത കാലിയ ഐപിഎസ് ഓഫീസറായത്. ഒരു സ്ത്രീ പൊലീസുദ്യോഗസ്ഥയാകാൻ നടത്തിയ ശ്രമങ്ങളായിരുന്നു സീരിയലിന്റെ കഥ. ഫത്തേബാദ് പൊലീസിൽ പെയിന്ററായി ജോലി ചെയ്ത അച്ഛൻ വിരമിച്ച ശേഷമായിരുന്നു സംഗീത കാലിയ ജില്ല പൊലീസ് മേധാവിയായി ഫത്തേബാദിലെത്തിയത്. 2009 ൽ മൂന്നാമത്തെ ശ്രമത്തിലാണ് അവർ ഐപിഎസ് എന്ന ലക്ഷ്യം കരസ്ഥമാക്കിയത്. ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജുമായുണ്ടായ തർക്കത്തെ തുടർന്ന് ഇവരെ പ്രാധാന്യം കുറഞ്ഞ മറ്റൊരു സ്ഥാനത്തേക്ക് ഈയടുത്ത് മാറ്റി.

സഞ്ജുക്ത പരാശർ

സഞ്ജുക്ത പരാശർ

അഖിലേന്ത്യ തലത്തിൽ 85ാം റാങ്ക് നേടിയ സഞ്ജുക്തയെ കാത്തിരുന്നത് ഐഎഎസ് പദവിയായിരുന്നെങ്കിലും ഇത് വേണ്ടെന്ന് വച്ച് പൊലീസ് സേന തിരഞ്ഞെടുക്കുകയായിരുന്നു സഞ്ജുക്ത. ഓരോ ബോഡോ തീവ്രവാദിയുടെയും പേടിസ്വപ്നമാണ് ഇന്ന് ഈ പൊലീസ് ഓഫീസർ. 16 തീവ്രവാദികളെ കൊലപ്പെടുത്തിയ സഞ്ജുക്ത ഇതുവരെ 64 പേരെ അറസ്റ്റ് ചെയ്യുകയും ടൺ കണക്കിന് വെടിക്കോപ്പുകൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സുനിത്പൂർ ജില്ല പൊലീസ് സൂപ്രണ്ടായിരിക്കെയാണ് ഈ നേട്ടം. മാർച്ച് 7 ന് നടന്ന ഭോപ്പാൽ-ഉജ്ജയിൻ തീവണ്ടി സ്ഫോടന കേസാണ് ഇപ്പോൾ ഇവർ അന്വേഷിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഇടപെടലുണ്ടെന്ന് സംശയിക്കപ്പെടുന്ന കേസാണിത്.

മീര ബോർവാങ്കർ

മീര ബോർവാങ്കർ

മുംബൈ ക്രൈം ബ്രാഞ്ചിന് നേതൃത്വം വഹിച്ച ആദ്യ വനിത ഓഫീസറാണ് മീര ബോർവാങ്കർ. ജലഗോൺ പെൺവാണിഭ കേസ്, അബു സാലിം കേസ്, ഇഖ്ബാൽ മിർച്ചി കേസ് തുടങ്ങി ഈ പെൺപുലിയുടെ കൈയ്യൊപ്പ് പതിഞ്ഞ കേസുകൾ അനവധിയാണ്. 1981 ൽ ഐപിഎസ് നേടിയ മീര, പിന്നീട് 1987-91 കാലത്ത് മുംബൈ പൊലീസ് ഡിസിപി ആയിരുന്നു. നിലവിൽ ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആന്റ് ഡവലപ്മെന്റിൽ ഡയറക്ടർ ജനറൽ ആണ്. മർദാനി എന്ന സിനിമ മീരയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചതാണ്. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയപ്പോൾ സാക്ഷിയായതും മീരയായിരുന്നു. 1997 ൽ രാഷ്ട്രപതിയുടെ പുരസ്കാരം നേടിയിട്ടുണ്ട്.

റുവേദ സലാം

റുവേദ സലാം

ഇന്ത്യ-പാക് വെടിവയ്പ് സ്ഥിരം കാഴ്ചയായി മാറിയ കാശ്മീരിലെ കുപ്‌വാര ജില്ലയിൽ നിന്നുള്ള ഐപിഎസ് ഓഫീസറാണ് റുവേദ. റുവേദ ഐപിഎസ് ഓഫീസറാകണമെന്നത് പിതാവിന്റെ ആഗ്രഹമായിരുന്നു. ശ്രീനഗർ ഗവ മെഡി കോളേജിൽ നിന്ന് എംബിബിഎസ് നേടിയ ശേഷമാണ് സിവിൽ സർവ്വീസ് പരീക്ഷ റുവേദ എഴുതിയത്. രണ്ട് തവണ സിവിൽ സർവ്വീസ് പരീക്ഷ പാസായ റുവേദയ്ക്ക് 2013 ൽ രണ്ടാം വട്ട പരീക്ഷയിലാണ് ഐപിഎസ് നേടിയത്. ചെന്നൈയിൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായി ജോലി ചെയ്യുകയാണ് റുവേദ ഇപ്പോൾ.

മെറിൻ ജോസഫ്

മെറിൻ ജോസഫ്

ആർ.ശ്രീലേഖയ്ക്കും ബി.സന്ധ്യയ്ക്കും ശേഷം കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ വനിത പൊലീസ് ഓഫീസറാണ് മെറിൻ ജോസഫ്. പൊതുസ്വീകാര്യതയും വിശ്വാസ്യതയും വളരെ വേഗത്തിൽ നേടിയെടുത്ത ഓഫീസറാണ് ഇവർ. ഏത് സമയത്തും എന്ത് പ്രശ്നം പറയാനും മെറിനെ വിളിക്കാമെന്നതാണ് ഇവരെ മികച്ച ഓഫീസറെന്ന ഖ്യാതിയിലേക്ക് ഉയർത്തിയത്. കൂടുതൽ പേർ ഇന്ത്യൻ പൊലീസ് സേനയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നയാളാണ് മെറിൻ.

സോണിയ നാരംഗ്

സോണിയ നാരംഗ്

പ്രശ്നക്കാരോട് ഒരിക്കലും സഹിഷ്ണുത കാട്ടിയിട്ടില്ലാത്ത സോണിയ നാരംഗ് കർണ്ണാടക കേഡറിലെ ഐപിഎസ് ഓഫീസറാണ്. നിയമത്തിന് മുൻപിൽ എല്ലാവരും ഒരുപോലെയെന്ന ഇവരുടെ വിശ്വാസമാണ് സേനയിൽ സോണിയയെ വേറിട്ട് നിർത്തുന്നതും. 2006 ൽ ഒരു പ്രതിഷേധം അക്രമാസക്തമായപ്പോൾ ലാത്തി കൊണ്ട് എംഎൽഎ യെ തല്ലി ഇവർ വിവാദത്തിലായിരുന്നു. ഭരണപക്ഷത്തുണ്ടായിരുന്ന ബിജെപിയും പ്രതിപക്ഷത്തുണ്ടായിരുന്ന കോൺഗ്രസും പൊതുമധ്യത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയപ്പോഴായിരുന്നു ഈ സംഭവം. എല്ലാവരെയും പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തിയിട്ടും ബിജെപി എംഎൽഎ രേണുകാചാര്യ തന്റെ സഥാനത്ത് നിന്ന് അനങ്ങിയില്ല. എല്ലാവരും നോക്കിനിൽക്കെ എംഎൽഎ യെ മർദ്ദിച്ച് വാഹനത്തിൽ കയറ്റുകയാണ് സോണിയ നാരംഗ് ചെയ്തത്. 2013 ൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇവരെ 16000 കോടിയുടെ കൽക്കരി അഴിമതി കേസിൽ പ്രതിസ്ഥാനത്ത് നിർത്തിയപ്പോഴും കണ്ടു ശൗര്യം. തലകുനിക്കാതെ മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടി തന്റെ ഭാഗം പറയുകയാണ് സോണിയ ചെയ്തത്. ബെംഗളൂരു നഗരം ഭരിച്ച രണ്ടാമത്തെ വനിത ഡിസിപി കൂടിയാണ് സോണിയ.

സൗമ്യ സാംബശിവൻ

സൗമ്യ സാംബശിവൻ

ഹിമാചൽ പ്രദേശിലെ സിർമൂർ ജില്ലയിൽ സൂപ്രണ്ടായി ജോലി ചെയ്യുന്ന സൗമ്യ 2009 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. ഭീതി എന്തെന്നറിയാത്ത പൊലീസ് ഉദ്യോഗസ്ഥയെന്നാണ് സേനയിൽ ഇവരെക്കുറിച്ചുളള അഭിപ്രായം. സംസ്ഥാനത്തെ ലഹരി മരുന്ന് മാഫിയയെ അമർച്ച ചെയ്തതാണ് സൗമ്യയുടെ കരിയറിലെ ഏറ്റവും തിളക്കമാർന്ന നേട്ടം. സംസ്ഥാനത്ത് ലിംഗസമത്വത്തിനുള്ള ഒരുപാടധികം ഇടപെടലുകൾക്കും ഈ പൊലീസ് ഓഫീസർ നേതൃത്വം വഹിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ