നിലാവില്‍ ചുറ്റുമുള്ള മലകള്‍ നിഴലിലാണ്ടിരിക്കുമ്പോള്‍ ചന്ദ്രികയില്‍ മുങ്ങിക്കുളിച്ച പോലെ തിളങ്ങുന്ന ആദികൈലാസം എന്ന ചോട്ടാ കൈലാസം. ഇത്രയേറെ ദൂരം സ്വയം പീഡനമെന്നപോലെ ശാരീരികാസ്വാസ്ഥ്യങ്ങളെ മറി കടന്നെത്തിയതിന് പ്രകൃതി കനിഞ്ഞു നല്‍കിയ അസുലഭ ദര്‍ശനം. മുന്‍പ് കിന്നര്‍ കൈലാസത്തിലേക്കും മണിമഹേഷ്‌ കൈലാസത്തിലേക്കും നടത്തിയ യാത്രകളില്‍ ലഭിച്ച അതേ അനുഗ്രഹം കാലാവസ്ഥയുടെ കാര്യത്തില്‍ ഇപ്പോഴും ലഭിച്ചിരിക്കുന്നു. യാത്രാപദ്ധതിയനുസരിച്ച് പൗര്‍ണമി ദിവസം തന്നെ (2014 ഒക്ടോബര്‍ 8) ആദി കൈലാസ ദര്‍ശനസ്ഥാനമായ ജോളിങ്‌കോങില്‍ എത്താനായിരിക്കുന്നു. മരവിപ്പിക്കുന്ന തണുപ്പിനു മേല്‍ പനീർ പ്രവാഹവുമായി തെളിഞ്ഞ നീലാകാശത്ത് പൂര്‍ണചന്ദ്രനും ഒറ്റനക്ഷത്രവും. ആദി കൈലാസത്തിന് അര്‍ച്ചന നടത്തുന്നതു പോലെ അവര്‍ ആ പര്‍വതരാജന് മേല്‍ പാല്‍വെളിച്ചം ചുരത്തുന്നു. ഭക്തരെ മാത്രമല്ല, ഏതൊരു സഹൃദയനെയും ആനന്ദലഹരിയിലാമഗ്നമാക്കുന്ന പ്രകൃതിയുടെ വിശിഷ്ടലീല!

ഉത്തര്‍ഖണ്ഡിലെ പിത്തോര്‍ഗഢ് ജില്ലയില്‍ നേപ്പാള്‍ അതിര്‍ത്തിയിലുള്ള ധാര്‍ച്ചുലയില്‍ നിന്നാണ് ആദി കൈലാസയാത്രയുടെയും ലിപുലേഖ് ചുരംവഴിയുള്ള കൈലാസ-മാനസസരസ്സ് യാത്രയുടെയും ആരംഭം. മാല്‍പ, ബുധി, ഗുന്‍ജി എന്നീ ഗ്രാമങ്ങള്‍ വരെ. രണ്ടു യാത്രയും ഒരേ വഴിയിലാണ്.

യാത്ര ആരംഭിക്കുന്നതിനു മുമ്പുതന്നെ മനസ്സില്‍ കരടായി കിടന്നത് ഈ രണ്ടു യാത്രകളെക്കുറിച്ചും എം.കെ. രാമചന്ദ്രന്‍ എഴുതിയ പുസ്തകങ്ങളിലെ വരികളാണ്. ”കൈലാസ്-മാനസസരസ്സ് യാത്രയ്ക്ക് സ്ത്രീകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ശബരിമലയാത്രപോലെ സ്ത്രീകള്‍ക്ക് നിയമപരമായ വിലക്കുകള്‍ ഒന്നും ഇല്ല. ഈ യാത്ര 35 ദിവസത്തോളം നീണ്ടുപോകുമെന്നതിനാല്‍ മാസമുറയുള്ള സ്ത്രീകള്‍ ഈ യാത്ര ഒഴിവാക്കുന്നത് നല്ലത്. തികച്ചും പരിപാവനമായ യാത്രയായതിനാല്‍ ഇത്തരം അശുദ്ധികള്‍ ഒഴിവാക്കുന്നതാണ് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചത്. വിനോദസഞ്ചാരത്തിനെന്നപോലെ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരികള്‍ പല ബാച്ചുകളിലും കടന്നുകൂടുന്നുണ്ട്. യാദൃച്ഛികമാവാമെങ്കിലും ദുരന്തങ്ങള്‍ ഭൂരിഭാഗവും സംഭവിക്കുന്നത് ഇത്തരം ബാച്ചുകള്‍ക്കാണെന്ന് ഓര്‍ക്കുക. അതുകൊണ്ട് 50 വയസ്സുകഴിഞ്ഞ സ്ത്രീകള്‍ പോകുന്നതാണ് അഭികാമ്യം.” എങ്കില്‍പ്പിന്നെ ദുരന്തനിവാരണത്തിന് എളുപ്പവഴി ആര്‍ത്തവക്കാരികളെയൊക്കെ ഭൂമിയില്‍നിന്ന് ഒന്നിച്ചങ്ങ് ഒഴിവാക്കുകയാണ്.
1998 ല്‍ മാല്‍പയിലുണ്ടായ മേഘസ്‌ഫോടന ദുരന്തത്തിനു കാരണം സ്ത്രീസാന്നിദ്ധ്യമാണെന്ന് സ്ഥാപിക്കാനാണ് രാമചന്ദ്രന്‍ ശ്രമിക്കുന്നത്. യാത്രാ വിശേഷങ്ങളിലേക്ക് കടക്കുന്നതിനു മുമ്പുതന്നെ പറയട്ടെ, പത്തുപേരടങ്ങിയ ഞങ്ങളുടെ സംഘത്തിനും ഒപ്പമുണ്ടായിരുന്ന മൂന്ന് ഗൈഡ്-പോര്‍ട്ടര്‍മാര്‍ക്കും മാല്‍പയിലും ബുധിയിലും ഗുന്‍ജിയിലും കുട്ടിയിലും താമസസൗകര്യം ഒരുക്കിയതും ഭക്ഷണം തയ്യാറാക്കി വിളമ്പിയതുമെല്ലാം ആ ഗ്രാമങ്ങളിലെ സ്ത്രീകളായിരുന്നു. അവരെല്ലാം ആര്‍ത്തവമുള്ളവരോ ഉണ്ടായിരുന്നവരോ ആണ്. അതുകൊണ്ട് ഒരു മലയും ഇടിഞ്ഞുവീണതായി അറിവില്ല. അവര്‍ക്ക് നൃത്തവും പാട്ടുമുണ്ട്, അവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ട് തന്നെയാണ് പുതുതലമുറയെ സൃഷ്ടിച്ചിരിക്കുന്നത്. മാസമുറയുടെ കാര്യത്തില്‍ കൈലാസത്തില്‍ ശിവനൊപ്പമുള്ള പാര്‍വതിയെ ഗ്രന്ഥകാരന്‍ തന്ത്രപൂര്‍വം ഒഴിവാക്കിയിരിക്കുന്നു… ഇതുപോലുള്ള ‘ആണുങ്ങള്‍’ രചിക്കുന്ന സദാചാരവിലക്കുകളിലും ആത്മീയവ്യവസായത്തിന്റെ കാണാക്കയങ്ങളിലും മുങ്ങിനില്‍ക്കുകയാണ് പലപ്പോഴും നമ്മുടെ ഹിമാലയവിവരണങ്ങള്‍.

ധാര്‍ച്ചുലയില്‍ കാളി നദിക്ക് കുറുകെയുള്ള പാലം.അപ്പുറത്ത് നേപ്പാള്‍

ധാര്‍ച്ചുല: അപ്പുറത്തും ഇപ്പുറത്തും

ദല്‍ഹിയില്‍ നിന്ന് 345 കി.മീ.യാണ് ധാര്‍ച്ചുലയിലേക്കുള്ള ദൂരം. ഞങ്ങള്‍ പത്തുപേര്‍ ഉണ്ടായിരുന്നതിനാല്‍ അങ്ങോട്ടേക്ക് ഒരു വാഹനം മുന്‍കൂട്ടിത്തന്നെ ഏര്‍പ്പാടാക്കിയിരുന്നു. അല്‍മോറ, പിത്തോര്‍ഗഢ് വഴി അടുത്തദിവസം (ഒക്ടോബര്‍ 1) ഉച്ചകഴിഞ്ഞ് ധാര്‍ച്ചുലയില്‍ (915 മീ.) എത്തി. ജില്ലാ ആസ്ഥാനമായ പിത്തോര്‍ഗഢില്‍ നിന്ന് ഇവിടേക്ക് 85 കി.മീ. ദൂരം. കുമയോണ്‍ മണ്ഡല്‍ വികാസ് നിഗമിന്റെ (കെ.എം.വി.എന്‍.) റസ്റ്റ്ഹൗസില്‍ നേരത്തെ വിളിച്ചുപറഞ്ഞ് മുറി ബുക്കുചെയ്തിരുന്നു.

ആദി കൈലാസയാത്ര നേപ്പാള്‍, ചൈന (ടിബറ്റ്) അതിര്‍ത്തികളോടു ചേര്‍ന്നായതിനാല്‍ പ്രത്യേക പെര്‍മിറ്റ് ആവശ്യമാണ്. ധാര്‍ച്ചുല പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വനംവകുപ്പിന്റെ അനുമതി, ഓരോരുത്തരുടെയും ഫൊട്ടോ എന്നിവയുണ്ടെങ്കിലേ ജില്ലാ മജിസ്റ്റ്രേട്ടിന്റെ പെര്‍മിറ്റ് ലഭിക്കൂ. ഉച്ചകഴിഞ്ഞതിനാല്‍ ഇവയൊക്കെ സംഘടിപ്പിച്ചെടുക്കുക അന്ന് പ്രയാസമായിരുന്നു. അടുത്തദിവസം ഗാന്ധി ജയന്തി ദിനമായതിനാല്‍ പൊതു അവധിയുമാണ്. എങ്കിലും, ബാക്കിയൊക്കെ സംഘടിപ്പിച്ചുവന്നാല്‍ അവധിയാണെങ്കിലും അടുത്തദിവസംതന്നെ പെര്‍മിറ്റ് വാങ്ങിനല്‍കാമെന്ന് മജിസ്റ്റ്രേട്ട് ഓഫീസിലെ ഗോപാല്‍ എന്ന ജീവനക്കാരന്‍ പറഞ്ഞു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒഴികെയുള്ളവ അന്നുതന്നെ സംഘടിപ്പിക്കാനായി. ബാക്കി നാളെയെന്നു തീരുമാനിച്ച് ഞങ്ങള്‍ ധാര്‍ച്ചുല കാണാനിറങ്ങി.
മഹാകാളി നദിയുടെ കരയിലെ പട്ടണമാണ് ധാര്‍ച്ചുല. കാളി, മഹാകാളി, ശാരദ, കാളിഗംഗ എന്നൊക്കെ പല പേരുകളില്‍ ഈ നദി അറിയപ്പെടുന്നു. നദിക്കിപ്പുറത്ത് ഇന്ത്യന്‍ ധാര്‍ച്ചുലയും അങ്ങേ കരയില്‍ നേപ്പാള്‍ ധാര്‍ച്ചുലയും. നേപ്പാളിലേതിനെ ഗ്രാമീണര്‍ ഡാര്‍ച്ചുല എന്നും ഉച്ചരിക്കാറുണ്ട്. നേപ്പാളിലെ ഒരു ജില്ലയാണ് ധാര്‍ച്ചുല. ഹിന്ദിയില്‍ ‘ധാര്‍’ എന്നാല്‍ കൊടുമുടി എന്നര്‍ത്ഥം. ‘ചുല’യെന്നാല്‍ ചൂള (അടുപ്പ്). കൊടുമുടികളാല്‍ ചുറ്റപ്പെട്ട ഒരു ചൂളയുടെ ആകൃതിയാണ് ധാര്‍ച്ചുലയ്ക്ക്. പടിഞ്ഞാറ് മഞ്ഞുറഞ്ഞ കൊടുമുടികളും ഹിമാനികളുമുള്ള പാഞ്ച്ചൂലി പര്‍വതനിര ധാര്‍ച്ചുലയെ ജൊഹാര്‍ മേഖലയില്‍ നിന്ന് വേര്‍തിരിക്കുന്നു. വടക്ക് പര്‍വതങ്ങള്‍ക്കപ്പുറം ടിബറ്റ്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ കാളി നദിക്കു കുറുകെയുള്ള പാലത്തിലൂടെ ഇരു രാജ്യക്കാര്‍ക്കും പോയിവരാം. പാസ്‌പോര്‍ട്ടോ പെര്‍മിറ്റോ ആവശ്യമില്ല. കുമൗനി-ടിബറ്റന്‍ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഷയുടെയും മിശ്രണം ഇവിടെ കാണാനാകും.

പാലത്തിനിപ്പുറം ഇന്ത്യന്‍ പട്ടാളത്തിന്റെ സശസ്ത്ര സീമ ബല്‍ (എസ്.എസ്.ബി.) വിഭാഗവും മറുവശത്ത് നേപ്പാള്‍ പൊലീസിന്റെ അതിര്‍ത്തിരക്ഷാവിഭാഗവും കാവലുണ്ട്. തീവ്രവാദികളുടെയും ആയുധങ്ങളുടെയും വരവ് നിരോധിക്കുക എന്നതാണ് ഇന്ത്യന്‍ പട്ടാളത്തിന്റെ പ്രധാന ലക്ഷ്യമെങ്കില്‍, നേപ്പാളി സേന ശ്രദ്ധിക്കുന്നത് നികുതിവെട്ടിച്ച് സാധനസാമഗ്രികള്‍ കടത്താതിരിക്കാനാണ്. ചൈനീസ് ഉത്പന്നങ്ങള്‍ ധാരാളമായി ഇതുവഴിയെത്തുന്നുണ്ട്. ഇന്ത്യന്‍ ധാര്‍ച്ചുലയില്‍ തന്നെ ഇവയൊക്കെ സുലഭമായതുകൊണ്ടും വിലയില്‍ വലിയ വ്യത്യാസമില്ലാത്തതുകൊണ്ടും ആരും ഇപ്പോള്‍ അപ്പുറത്തുനിന്ന് വാങ്ങാന്‍ മിനക്കെടാറില്ല.

ഗബ്രായില്‍ കാളിനദിയിലേക്കുള്ള കുത്തിറക്കമിറങ്ങി നടത്തത്തിന് തുടക്കം

പാലത്തിലെ സൈനിക ചെക്‌പോസ്റ്റിലെത്തുമ്പോള്‍, ഏഴുമണിക്കുമുമ്പ് തിരിച്ചെത്തണമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെ മാത്രമേ അങ്ങോട്ടുമിങ്ങോട്ടും പ്രവേശനം അനുവദിക്കൂ. ബാക്കിസമയം രണ്ടുവശത്തെയും ഗേറ്റ് അടച്ചിടും. എന്റെ കൈയിലുണ്ടായിരുന്ന ക്യാമറ അപ്പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ലെന്നും തിരികെവരുമ്പോള്‍ നേപ്പാളി സൈനികര്‍ പിടിച്ചുവയ്ക്കുമെന്നും പട്ടാള ഉദ്യോഗസ്ഥന്‍ പറഞ്ഞു. എങ്കില്‍ ഇതിവിടെയിരിക്കട്ടെ എന്നുപറഞ്ഞ് ഞാന്‍ ക്യാമറാബാഗ് അവിടെയേല്‍പിച്ചു. തിരികെവരുമ്പോള്‍ ഈ ഓഫീസറല്ല അവിടെയിരിക്കുന്നതെങ്കില്‍ എന്നെയെങ്ങനെ തിരിച്ചറിയും, അതുകൊണ്ട് അതിനൊരു രേഖ വേണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ അതൊന്നും സാധ്യമല്ലെന്നും, ബാഗ് നിങ്ങള്‍ താമസിക്കുന്ന മുറിയില്‍ വച്ചിട്ട് പോകാനും അദ്ദേഹം ഉപദേശിച്ചു. മുറിയില്‍ സംഘത്തിലെ ആരും ഇല്ലാത്തതിനാല്‍ അതിനേക്കാള്‍ സുരക്ഷിതം പട്ടാളം തന്നെയെന്ന് ഞാന്‍. അപ്പോഴേയ്ക്കും ഒരു പട്ടാളക്കാരി അടുത്തെത്തി കാര്യം തിരക്കി. പിന്നെ ഓഫീസറോട് എന്തോ സംസാരിച്ചിട്ട് എന്നോട് ക്യാമറ കൊണ്ടുപോയിക്കോളാന്‍ പറഞ്ഞു. അങ്ങോട്ടുപോകുമ്പോള്‍ അവിടത്തെ കാവല്‍ക്കാരോട് പറഞ്ഞിട്ടുപോകണമെന്നും ഉപദേശിച്ചു. മറുവശത്തെ നേപ്പാളി സൈനികര്‍ സൗഹൃദത്തോടെയാണ് പെരുമാറിയത്. ക്യാമറാബാഗ് പരിശോധിച്ച അവര്‍ അത് കൊണ്ടുപോകുന്നതിന് ഒരു വിലക്കുമില്ലെന്നും തിരികെവരുമ്പോള്‍ പിടിച്ചുവയ്ക്കില്ലെന്നും ഉറപ്പുതന്നു. അങ്ങനെ ഞങ്ങള്‍ മറുകരയില്‍ നേപ്പാള്‍ ധാര്‍ച്ചുലയില്‍.
ഏഴുമണിക്കുമുമ്പ് തിരിച്ചെത്തണമെന്നതുകൊണ്ട് വേഗത്തില്‍ അവിടം ചുറ്റിനടന്നുകണ്ടു. ചൈനീസ് ഇലക്ട്രോണിക് ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും ധാരാളം. വീടിനോടുചേര്‍ന്നുള്ള ഒരു ധാബയിലിരുന്ന്, വീട്ടുടമസ്ഥ വിളമ്പിയ ബിയര്‍ കുടിച്ച്, അവരോട് സൗഹൃദവും
വിശേഷങ്ങളും പങ്കുവച്ച്, തിരികെ ഇന്ത്യന്‍ ധാര്‍ച്ചുലയിലേക്ക്.

അടുത്തദിവസം ആശുപത്രിയിലെത്തി പെര്‍മിറ്റിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടി, മജിസ്റ്റ്രേട്ട് ഓഫീസിലെ ഗോപാലിനെ കണ്ടു. അയാള്‍ വേണ്ട ഫോമുകളെല്ലാം പൂരിപ്പിച്ച്, ഞങ്ങളെ മജിസ്റ്റ്രേട്ടിനടുത്തേക്ക് കൊണ്ടുപോയി. അവധിദിനമായിരുന്നതിനാല്‍ വീട്ടില്‍പോയാണ് അദ്ദേഹത്തെ കണ്ടത്. പ്രായംചെന്ന നല്ലൊരു മനുഷ്യനായിരുന്നു മജിസ്റ്റ്രേട്ട്. ഉടന്‍ തന്നെ അദ്ദേഹം പെര്‍മിറ്റ് ഒപ്പിട്ടുനല്‍കി.

ഗോപാല്‍ തന്നെ ഗൈഡിനെ ഏര്‍പ്പാടാക്കിത്തന്നു. നേപ്പാള്‍ ധാര്‍ച്ചുലക്കാരനായ യുവാവ് ചന്ദന്‍ സിംഗ് എന്ന ചന്ദു. ഒപ്പം കുട്ടി ഗ്രാമക്കാരനായ വീരേന്ദര്‍ സിംഗ് കുട്യാളും (ഗ്രാമത്തിന്റെ പേര് ഇവിടത്തുകാര്‍ സ്വന്തം പേരിനൊപ്പം ചേര്‍ക്കുന്ന പതിവുണ്ട്. ചന്ദന്‍ സിംഗ് നേപ്പാള്‍ച്യാള്‍) ഗുന്‍ജി ഗ്രാമക്കാരനായ അനില്‍കുമാറും. മൂന്നുപേരും സുഹൃത്തുക്കള്‍. ഗൈഡ്-പോര്‍ട്ടര്‍ എന്ന വ്യത്യാസമില്ലാതെയായിരുന്നു അവര്‍ തമ്മിലുള്ള പെരുമാറ്റം. ഞങ്ങളോരോരുത്തരുടെയും ശേഷിയും ശേഷിയില്ലായ്മയും ഇഷ്ടവും ഇഷ്ടക്കേടുകളും തിരിച്ചറിഞ്ഞ് വേണ്ട സഹായങ്ങളെല്ലാം ചെയ്തുതന്ന അവര്‍ ആദ്യ ദിവസം കൊണ്ടുതന്നെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളായി. വഴിയിലെ ഗ്രാമങ്ങളിലെല്ലാം അവര്‍ക്ക് ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നതുകൊണ്ട് താമസവും ഭക്ഷണവുമെല്ലാം വീട്ടില്‍ നിന്നെന്ന പോലെ ആയിരുന്നു. അതുകൊണ്ട് ടെന്റുകളോ ഭക്ഷണസാമഗ്രികളോ ചുമക്കേണ്ടിവന്നില്ല. ആ ബന്ധുമിത്രാദികള്‍ അവരോടെന്ന പോലെ സ്‌നേഹോഷ്മളമായാണ് ഞങ്ങളോടും പെരുമാറിയത്.

ഒക്ടോബര്‍ മൂന്നിന് രാവിലെ രണ്ടു ജീപ്പുകളിലായി യാത്രതിരിച്ചു. 25 കി.മീ. അകലെ ഗബ്രാ വരെ വാഹനമെത്തും. കാളിനദിക്കരയിലൂടെയാണ് റോഡ്. മുന്‍പ് ധാര്‍ച്ചുലയ്ക്കടുത്ത് തവാഘട്ട് വരെയേ വാഹനമുണ്ടായിരുന്നുള്ളു (കാളിനദിയില്‍ ധൗളിഗംഗ ചേരുന്നത് തവാഘട്ടിലാണ്). അവിടെനിന്ന് പാങ്കു – സിര്‍ഖ – ഗാല വഴി 40 കി.മീ.യോളം മൂന്നുദിവസം നടന്നാണ് മാല്‍പയിലെത്തേണ്ടിയിരുന്നത്. ഇപ്പോള്‍ ഗബ്രായില്‍ നിന്ന് കണ്ടേര വഴി 12 കി.മീ. നടന്ന് മാല്‍പയിലെത്താം.

രാവിലെ ഒന്‍പതുമണിയോടെ ഗബ്രായിലെത്തിയെങ്കിലും മുന്‍പോട്ടുള്ള റോഡുപണിക്കായി പാറ പൊട്ടിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പത്തുമണിയോടെയേ ഞങ്ങളെ നടക്കാന്‍ അനുവദിച്ചുള്ളു. ഒരു കി.മീ.യിലേറെയുള്ള കുത്തിറക്കം ഇറങ്ങി കാളിനദിയുടെ കരയിലാണ്  നടത്തം. മലയിടിച്ചിലിലോ ഭൂകമ്പത്തിലോ തകര്‍ന്നടിഞ്ഞ പാറക്കല്ലുകളും ഇളകിയ മണ്ണുമാണ് ഇറക്കത്തില്‍. പിഞ്ചുമലയായ ഹിമാലയത്തില്‍ ഇതൊക്കെ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ആ പാറക്കല്ലുകളില്‍ ചവിട്ടിയും ഇളകിയ മണ്ണില്‍ തെന്നാതെയും നടക്കുക അതികഠിനം തന്നെയായിരുന്നു. വീണും നിരങ്ങിയുമൊക്കെ താഴെ നദിക്കരയിലെത്താന്‍ ഒരുമണിക്കൂറിലേറെയെടുത്തു.

അപ്പോഴേക്കും ട്രക്കിങ് നടത്തുമ്പോഴൊക്കെ ആദ്യദിനം എനിക്കുണ്ടാകുന്ന കാലിലെ പേശിപിടുത്തം തുടങ്ങി. കൂടുതല്‍ കഠിനമാകാതിരിക്കാന്‍ വളരെ സൂക്ഷിച്ച് സാവധാനമാണ് തുടര്‍ന്നുള്ള ഓരോ ചുവടും വച്ചത്. എന്നിട്ടും കാലുകള്‍ എന്റെ വരുതിയില്‍ നിന്നില്ല. വേദന കാരണം ഒരടി നടക്കാനാകാതെ നദിക്കരയിലെ വഴിയില്‍ ഇരുന്നുപോയി. വേദനസംഹാരികളൊന്നും ഒരടിയിലേറെ മുന്നോട്ടുനടക്കാന്‍ അനുവദിക്കുന്നില്ല. കുറച്ചുനേരം ഇരുന്നാല്‍ ശരിയാകുമെന്നറിയാവുന്നതുകൊണ്ട് മറ്റുള്ളവരോട് മുന്നോട്ടുപോകാന്‍ ഞാന്‍ പറഞ്ഞു. പല തവണ എന്നോടൊപ്പം ഹിമാലയയാത്ര നടത്തിയിട്ടുള്ള സംഘാംഗങ്ങള്‍ക്ക് ഞാന്‍ എത്തിക്കോളുമെന്നറിയാവുന്നതുകൊണ്ട് അവര്‍ നടന്നു. വീരേന്ദര്‍സിംഗ് എനിക്കൊപ്പം നിന്നു. മറ്റു രണ്ട് ഗൈഡുമാരും സംഘത്തെ നയിച്ച് അവര്‍ക്കൊപ്പം നീങ്ങി. വീരേന്ദറിന്റെ തിരുമ്മല്‍ പ്രയോഗവും അവന്‍ സംഘടിപ്പിച്ചുതന്ന ഊന്നുവടിയും കൂടിയായപ്പോള്‍ ഒരുവിധം നടക്കാമെന്നായി. ക്യാമറാബാഗ് മാത്രം എന്നെയേല്‍പിച്ച് എന്റെ വലിയ റുക്‌സാക്ക് (ചുമല്‍ബാഗ്) കൂടി വീരേന്ദര്‍ ചുമന്നു. മാല്‍പ വരെയും എന്റെ ബാഗ് കൂടി അവന് ചുമക്കേണ്ടിവന്നു.

ചിയാലേഖ്

കാളി നദിക്കരയിലൂടെയുള്ള വഴി ഇടുങ്ങിയതും പലയിടത്തും ഇടിഞ്ഞുകിടക്കുന്നതുമായി രുന്നു. മഴയോ മഞ്ഞോ എത്തിയാല്‍ കുടുങ്ങിയതുതന്നെ. കടുംനീലനിറത്തില്‍ കാളിയുടെ കുത്തൊഴുക്ക്. പാറകളില്‍തട്ടിത്തകരുമ്പോള്‍ നീലയ്ക്കിടയില്‍ വെളുപ്പിന്റെ പാല്‍നുരകള്‍. കുറേദൂരം നദിയോടുചേര്‍ന്ന് പോകുന്ന വഴി ഇടയ്ക്കുവച്ച് ഉയരത്തിലൂടെയാകുന്നു. ആഴത്തില്‍ നദി. ചുറ്റും പച്ചപ്പിന്റെ കാട്. കാല്‍വേദന സഹിച്ച് പതുക്കെയാണ് യാത്രയെങ്കിലും പ്രകൃതി കനിഞ്ഞരുളുന്ന ദൃശ്യവിസ്മയങ്ങളില്‍ വേദനയൊക്കെ അലിഞ്ഞില്ലാതാകുന്നു.

ഉച്ചയോടെ ഞാനും വീരേന്ദറും കണ്ടേരയെത്തുമ്പോള്‍ മറ്റുള്ളവരൊക്കെ അവിടെനിന്ന് മുന്നോട്ടുപോയിക്കഴിഞ്ഞിരുന്നു. ഗബ്രായില്‍ നിന്ന് ഏഴു കി.മീ.യാണ് കണ്ടേരയിലേക്ക്. നേപ്പാളില്‍ നിന്ന് ഒഴുകിയെത്തുന്ന താംബനദി കാളിയുമായി ചേരുന്നത് ഇവിടെവച്ചാണ്. ഉച്ചഭക്ഷണം കണ്ടേരയിലാണ് തീരുമാനിച്ചിരിക്കുന്നത്. വീരേന്ദര്‍ കഴിച്ചെങ്കിലും എനിക്ക് ഖരരൂപത്തിലുള്ള ഒന്നും കഴിക്കാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല. വേദന സഹിച്ചുള്ള നടത്ത എന്റെ ശരീരവ്യവസ്ഥയെ മാറ്റിമറിച്ചതുപോലെ (തിരികെയുള്ള യാത്രയില്‍ മാല്‍പയ്ക്കു പകരം ഇവിടത്തെ ധാബയില്‍ തങ്ങി).

എന്റെ ബാഗുകൂടി തൂക്കി വലിയഭാരവുമായി പതുക്കെ നടക്കുന്നത് വീരേന്ദറിന് ക്ലേശകരമാണെന്ന് തോന്നിയതുകൊണ്ടും തുടര്‍ന്ന് മാല്‍പ വരെ വഴിപിരിയല്‍ ഇല്ലെന്ന് അറിഞ്ഞതുകൊണ്ടും അവനോട് വേഗത്തില്‍ നടന്നുകൊള്ളാന്‍ പറഞ്ഞു. അതുവേണ്ടെന്ന് പറഞ്ഞ് കുറേദൂരംകൂടെ എന്നോടൊപ്പം നടന്നെങ്കിലും, എന്റെ നടത്തയുടെ വേഗത വീണ്ടും കുറയുകയും ഞാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതോടെ വീരേന്ദര്‍ വേഗത്തില്‍ മുന്നോട്ടുപോയി.

ഇപ്പോള്‍ ഞാനൊറ്റയ്ക്ക്. മലനിരകളും കാടും കാളിനദിയും അതിലേക്കൊഴുകിയെത്തുന്ന കുഞ്ഞരുവികളും വെള്ളച്ചാട്ടങ്ങളും മാത്രം കൂട്ടിന്. നദിയില്‍ ചേരുന്ന ഒരരുവിയിലെ പാലം കടന്ന് നടന്നു. ഇപ്പോള്‍ കാളിയുടെ ഒഴുക്ക് കുറേദൂരം ഒരു മലയിടുക്കിലൂടെയാണ്. ചിലയിടങ്ങളില്‍ അലറിപ്പായുന്ന നദി പേടിപ്പിക്കുമെങ്കിലും ആ പ്രകൃതിഭംഗി വര്‍ണനാതീതം തന്നെയാണ്. ഇടയ്ക്ക് പാറ തുരന്നുണ്ടാക്കിയ വഴിയിലൂടെ കടന്ന് അപ്പുറമെത്തുമ്പോള്‍ ഇടതുവശത്തെ മലമുകളില്‍ നിന്ന് ഒരു വെള്ളച്ചാട്ടം തലയ്ക്കുമുകളിലൂടെ താഴെ നദിയിലേക്ക് പതിക്കുന്നു. വെള്ളത്തിനും മലയ്ക്കുമിടയിലൂടെ, വെള്ളത്തിനുള്ളിലൂടെയെന്നപോലെ വഴി.ഫോട്ടോകളെടുത്ത് ഞാന്‍ സാവധാനം നീങ്ങി.

ഗാര്‍ബാങ്ങിലേക്കുള്ള വഴി

കണ്ടേരയില്‍ നിന്ന് മാല്‍പയിലേക്ക് അഞ്ചു കി.മീ. ദൂരമുണ്ട്. ഇടയ്ക്ക് ഭാണ്ഡക്കെട്ടുകളുമായി ഒരു കൂട്ടം ഗ്രാമീണര്‍ കടന്നുപോയി. പിന്നെ ഇരുമ്പിന്റെ വലിയൊരു ഷീറ്റ് ചുമന്നുകൊണ്ട് ഒറ്റയ്‌ക്കൊരാള്‍. ആ ഭാരങ്ങള്‍ക്കിടയിലും അവരെന്നോട് കുശലം പറയുകയും വേഗത്തില്‍ നടന്നില്ലെങ്കില്‍ മാല്‍പയെത്തുമ്പോള്‍ ഇരുട്ടിപ്പോകുമെന്ന് ഉപദേശിക്കുകയും ചെയ്തു.
ഇരുട്ടെത്തിത്തുടങ്ങുമ്പോള്‍ മാല്‍പ (6750 അടി) യിലേക്ക് പ്രവേശിച്ചു. പഴയ ദുരന്തത്തിന്റെ അവശിഷ്ടമായി ചിതറിക്കിടക്കുന്ന പാറക്കല്ലുകള്‍. അവയ്ക്കിടയിലൂടെ ഒരു നീര്‍ച്ചാല്‍ താഴേക്ക്. അതിനുമുകളിലെ പാലം കടന്ന് പുതിയ മാല്‍പയിലേക്ക്… ഒരു ധാബയും പട്ടാളക്കാരുടെ കുറച്ചു ടെന്റുകളും പി.ഡബ്ലിയു.ഡി.യുടെ മൂന്നു മുറിയുള്ള ഒരു റസ്റ്റ്ഹൗസുമാണ് ഇവിടെയിപ്പോള്‍ ഉള്ളത്. കൈലാസയാത്രയിലെ ഇടത്താവളമല്ല ഇപ്പോള്‍ മാല്‍പ. ടെന്റടിച്ചു തങ്ങുന്ന യാത്രക്കാരും കുറവ്.

വളരെ നേരത്തേയെത്തിയ സംഘം എന്നെക്കാത്തിരിക്കുകയായിരുന്നു. ചൂട് കട്ടന്‍ചായ കുടിച്ചപ്പോള്‍ ഉന്മേഷം വന്നുവെങ്കിലും അപ്പോഴും ഖരസാധനങ്ങള്‍ കഴിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഗബ്രായിലെ ഒരു ദമ്പതികളായിരുന്നു ധാബ നടത്തിയിരുന്നത്. ഇനിയും ഏറെ പോകാനുണ്ടെന്നും നിര്‍ബന്ധമായും ഭക്ഷണത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കരുതെന്നും പറഞ്ഞ് ആ സ്ത്രീ എനിക്കുവേണ്ടി ഓംലറ്റ് ഉണ്ടാക്കി. തണുപ്പ് മാറാന്‍ കച്ചി (നാടന്‍വാറ്റ്) നന്നെന്ന് ഉപദേശിച്ച് കടക്കാരന്‍ ഒരു ഗ്ലാസ്സ് കച്ചി മുന്നില്‍ വച്ചു. ഓംലറ്റിനൊപ്പം കച്ചിയും അകത്തുചെന്നപ്പോള്‍ ക്ഷീണം അകന്നെങ്കിലും എന്റെ വയറ്റിനകം അടങ്ങാന്‍ തയ്യാറായിരുന്നില്ല. കഴിച്ചതൊക്കെ പെട്ടെന്നുതന്നെ പുറത്തുപോയി. തണുപ്പ് കൂടി. ഇനിയെന്തുകഴിച്ചാലും പുറത്തുപോകുമെന്ന പേടി കാരണം ഒരു കുപ്പി വെള്ളവുമായി ഞാന്‍ റസ്റ്റ്ഹൗസിലെ മുറിയിലേക്ക് പോയി. താമസക്കാര്‍ ഇല്ലാത്തതുകാരണം ധാബക്കാര്‍ക്കു തന്നെയായിരുന്നു മുറികളുടെയും ചുമതല. താമസം സൗജന്യമായിരുന്നു.

മാല്‍പ ദുരന്തവും പ്രോതിമാ ബേദിയും

1998 ആഗസ്റ്റ് 17 ന് കൈലാസ മാനസസരോവര്‍ തീര്‍ഥാടനത്തിനിടെ മാല്‍പ ക്യാമ്പില്‍വച്ച് മേഘസ്‌ഫോടന (cloud burst) ത്തില്‍പ്പെട്ട് തീര്‍ത്ഥാടകരായ 60 പേര്‍ ഉള്‍പ്പെടെ 300 ലേറെപേര്‍ മരണത്തിനിരയായി. ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാസമ്പന്നരായ നര്‍ത്തകരില്‍ ഒരാളായ പ്രോതിമാ ബേദിയും ഈ ദുരന്തത്തില്‍ മരണപ്പെട്ടു. നൃത്തരംഗത്തു മാത്രമല്ല, ഫാഷന്‍ലോകത്തെ മോഡല്‍ എന്ന നിലയിലും പ്രശസ്തയായിരുന്നു അവര്‍. ഇടപെട്ട മേഖലകളിലൊക്കെ -കബീര്‍ ബേദിയുമായുള്ള വിവാഹം ഉള്‍പ്പെടെ- പലപ്പോഴും വിവാദനായികയുമായിരുന്നു പ്രോതിമ. 1960 കള്‍ക്കവസാനം ഇന്ത്യയിലെ ഏറ്റവും പ്രമുഖ മോഡലുകളിലൊരാളായി മാറിയ പ്രോതിമ 1974 ല്‍ ബോളിവുഡ് മാഗസിനായ ‘സിനിബ്ലിറ്റ്‌സി’ന്റെ പ്രകാശന പ്രചരണാര്‍ഥം മുംബൈയിലെ ജുഹു ബീച്ചില്‍ പകല്‍സമയത്ത് നഗ്നയോട്ടം നടത്തിയെന്ന വാര്‍ത്ത സദാചാരവാദികളെയാകെ ഞെട്ടിച്ചു (ഈ വാര്‍ത്ത തെറ്റാണെന്നും, ഗോവയിലെ ഒരു ന്യൂഡ് ബീച്ചില്‍ നഗ്നയായി നടക്കുമ്പോള്‍ ആരോ എടുത്ത ചിത്രം തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും പ്രോതിമ പിന്നീട് എഴുതിയിട്ടുണ്ട്). ഇന്ത്യയിലെ ക്ലാസിക്കല്‍ നൃത്തങ്ങളുടെ ഗ്രാമവും ആദ്യ സൗജന്യ ഗുരുകുലവുമായി ബാംഗ്ലൂരിന് സമീപം പ്രോതിമാ ബേദി ആരംഭിച്ച ‘നൃത്ത്യഗ്രാം’ 1990 മെയ് 11ന് പ്രധാനമന്ത്രി വി.പി. സിംഗ് ഉദ്ഘാടനം ചെയ്തു. 1997 ല്‍ മകന്‍ സിദ്ധാര്‍ഥിന്റെ ആത്മഹത്യ പ്രോതിമയുടെ ജീവിതത്തെ മാറ്റിമറിച്ചു. 97 അവസാനം എല്ലാ രംഗത്തുനിന്നും വിരമിച്ച്, പ്രോതിമ ഗൗരി എന്ന് പേരു മാറ്റി, സന്ന്യാസിനിയായി ഹിമാലയപ്രദേശങ്ങളില്‍ സഞ്ചരിക്കാന്‍ തുടങ്ങി.1998 ഏപ്രിലിലെ കുംഭമേളക്കാലത്ത് ഹൃഷികേശില്‍ വച്ച് പ്രോതിമ പത്രക്കാരോട് പറഞ്ഞു:“എന്റെ ഇനിയുള്ള കാലം ഹിമാലയത്തിലായിരിക്കും. പര്‍വതങ്ങള്‍ എന്നെ അവയ്ക്കരികിലേക്ക് മാടിവിളിക്കുന്നു.” പര്‍വതങ്ങളിലേക്കുതന്നെ പ്രോതിമ അപ്രത്യക്ഷയായി… കാലത്തിനുമുമ്പേ ചിന്തിച്ചിട്ടുള്ള പല പ്രതിഭകളെയും പോലെ ജീവിച്ചിരുന്ന കാലത്ത് പ്രോതിമയെ ഇന്ത്യന്‍ സമൂഹം ശരിയായ രീതിയില്‍ -വിവാദങ്ങള്‍ക്കപ്പുറം- മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്.

പാര്‍വതിതാലില്‍ നിന്നുവരുന്ന കുട്ടിനദിയില്‍ മാനസസരസ്സില്‍ നിന്നുള്ള ഗാന്ധാരം ചേരുന്നു

മാല്‍പാ ദുരന്തത്തിനു കാരണം പ്രോതിമാ ബേദിയുടെ സാമീപ്യവും അവരുടെ മുന്‍കാല ജീവിതവുമാണെന്നാണ് എം.കെ. രാമചന്ദ്രന്‍ തന്റെ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നത്. ആദ്യ പുസ്തകത്തിലിങ്ങനെ: ”മലവര്‍ഗക്കാരായ ഗ്രാമീണരും പട്ടാളക്കാരും ആ ദുരന്തം സംഭവിക്കാനുള്ള കാരണത്തിലേക്ക് വിരല്‍ചൂണ്ടുന്നത് മുഴുവന്‍ വിശ്വസിക്കാമോ എന്ന് ഉറപ്പിച്ചുപറയാന്‍ സാധ്യമല്ല. പക്ഷേ അത്തരത്തിലൊരു സാധ്യത തള്ളിക്കളയാനും കഴിയുന്നില്ല. ബോംബെയിലെ തിരക്കേറിയ വീഥികളില്‍ക്കൂടി നഗ്നയോട്ടം നടത്തിയ പ്രൊതിമാ ബേദി, പരിപാവനമായ കൈലാസ്-മാനസസരോവര്‍ യാത്രയ്ക്കിടയില്‍ രാത്രിസമയങ്ങളില്‍, ക്യാമ്പില്‍ നൃത്തം നടത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. അന്നത്തെ ലെയ്‌സണ്‍ ഓഫീസര്‍ അത് എന്തിന് അനുവദിച്ചു എന്ന ചോദ്യത്തിന് ആരുണ്ട് ഉത്തരം നല്‍കാന്‍? ശ്രീമതി പ്രൊതിമാ ബേദിയുടെ മകന്‍ സിദ്ധാര്‍ത്ഥ് അമേരിക്കയില്‍വച്ച് ആത്മഹത്യചെയ്തിട്ട് അധികം നാളുകള്‍ കഴിഞ്ഞിരുന്നില്ല. ആ മഹാദുഃഖം മറക്കാന്‍ വേണ്ടിയായിരിക്കണം അവര്‍ ഈ ദുര്‍ഘടമായ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത്.” പിന്നീട് ആദി കൈലാസയാത്രയെക്കുറിച്ച് എഴുതുമ്പോഴും ഗ്രന്ഥകര്‍ത്താവ് പഴയ നിലപാട് ഊട്ടിയുറപ്പിക്കുന്നുണ്ട്: ”…തൊട്ടുരുമ്മി നില്‍ക്കുന്ന പര്‍വതങ്ങളില്‍ ഒന്നുമാത്രം തകര്‍ന്നുവീഴുക എന്നതിന് ഒരു യുക്തിയും കാണുന്നില്ല… മാല്‍പാ ദുരന്തത്തിനുള്ള എന്തെങ്കിലും കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടോ എന്ന ചോദ്യത്തിന്, ഗ്രാമീണരുടെ തീപാറുന്ന നോട്ടങ്ങളും ശാപവാക്കുകളും രോഷപ്രകടനങ്ങളും ഒരേയൊരു വ്യക്തിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇവരുടെയും ലെയ്‌സണ്‍ ഓഫീസറുടെയും നടപടികള്‍ സദാചാരവിരുദ്ധമായിരുന്നുവെന്ന് നിരവധി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ധാര്‍ച്ചുലയില്‍ അത് എല്ലാ സീമകളെയും ലംഘിക്കുന്ന വിധത്തിലുമെത്തി. ഗാലായിലെ കൊച്ചുക്യാമ്പുകളിലും ഇതാവര്‍ത്തിച്ചു.”

തപോവനസ്വാമികളുടെയും കെ.വി. സുരേന്ദ്രനാഥിന്റെയും കൈലാസയാത്രകളോടും മറ്റു ഹിമാലയയാത്രികരുടെ സമീപനങ്ങളോടും ഈ ‘യാഥാസ്ഥിതികത’യെ താരതമ്യം ചെയ്യേണ്ടതുണ്ട്. മലയാളിയുടെ പുരോഗമനസങ്കല്പങ്ങള്‍ക്കും, യാത്രകളിലൂടെ നേടിയെടുക്കുകയും അവതരിപ്പിക്കുകയും ചെയ്ത മാനസികപരിപക്വതയ്ക്കും ആധുനികകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്ന പിന്നോട്ടടിയുടെ ഉദാഹരണമായി ഈ സഞ്ചാരകൃതികളെ കാണാവുന്നതാണ്.

1998 ലെ മാല്‍പാദുരന്തത്തിനു പത്തുവര്‍ഷംമുമ്പ്, 1988 ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഇതേ വഴിയിലൂടെ കെ.വി. സുരേന്ദ്രനാഥ് നടത്തിയ കൈലാസ-മാനസസരസ്സ് യാത്രയില്‍ (‘ലോകത്തിന്റെ മുകള്‍ത്തട്ടിലൂടെ’, 1991) ഉണ്ടായിരുന്ന 24 പേരടങ്ങുന്ന സംഘത്തില്‍ എട്ടുപേര്‍ സ്ത്രീകളായിരുന്നു. ലെയ്‌സണ്‍ ഓഫീസറും സ്ത്രീയായിരുന്നു. ‘മതിയായ സ്ത്രീപ്രാതിനിധ്യം’ എന്നാണ് സുരേന്ദ്രനാഥ് രേഖപ്പെടുത്തുന്നത്. മാല്‍പയിലെ പര്‍വതങ്ങളുടെ തകര്‍ച്ചയ്ക്ക് ഭൂമിശാസ്ത്രപരമായ മറ്റു പല യുക്തികളുമുണ്ടെന്ന് ദുരന്താനന്തരവും രാമചന്ദ്രന് അറിയാഞ്ഞിട്ടല്ല. അന്നത്തെ മാല്‍പയെക്കുറിച്ച് സുരേന്ദ്രനാഥ് (കൈലാസത്തില്‍നിന്ന് തിരികെ വരുമ്പോള്‍) എഴുതുന്നതിങ്ങനെ: ”മാല്‍പയ്ക്കുശേഷം കുറേദൂരം കുത്തനെയുള്ള കയറ്റമാണ്. തെക്കോട്ടു പോരുമ്പോള്‍ വലതുവശത്ത് ഉയരത്തില്‍ മലയും ഇടതുവശം അത്യഗാധതയില്‍ കാളിനദിയും. മലയുടെ മുകളില്‍ മഴവെള്ളം കുത്തിയൊഴുകിയാല്‍ പൂഴിമണ്ണും കൂട്ടത്തിലുള്ള പാറക്കെട്ടുകളെയും പാതയെയും പോകുന്നപോക്കില്‍ തട്ടിത്തെറിപ്പിച്ചുകൊണ്ടു തലകുത്തനെ കാളിനദിയില്‍ നിപതിക്കും. ചാടിക്കടക്കാന്‍ വയ്യാത്ത വലിയ വീതിയില്‍, ഇറങ്ങിക്കയറാന്‍ വയ്യാത്ത താഴ്ചയില്‍ ആ പ്രദേശത്ത് മണ്ണും പാറയും പാതയും ഒലിച്ചുപോയിരിക്കുന്നു. ആ സ്ഥാനത്ത് കൂലംകുത്തിപ്പായുന്ന ഒരു വെള്ളച്ചാട്ടം മാത്രം കാണാം.”’ഹിമാലയപര്‍വതത്തിന്റെ താരതമ്യേന കുറഞ്ഞ പ്രായത്തെയും ഉറപ്പില്ലായ്മയെയും ഭൂകമ്പമുള്‍പ്പെടെയുള്ള ദുരന്തസാധ്യതകളെയും കുറിച്ച് നിരവധി ശാസ്ത്രപഠനങ്ങള്‍ ഉണ്ടായിട്ടുള്ള ഇക്കാലത്താണ് ഇന്ത്യയിലെ പ്രതിഭാധനയായിരുന്ന ഒരു നര്‍ത്തകിയെ അന്ധവിശ്വാസത്തിന്റെ പേരില്‍ കരിതേച്ചുകാണിക്കുന്ന ക്രൂരവിനോദം ഗ്രന്ഥകാരന്‍ നടത്തുന്നത്.

നാഭി ഗ്രാമത്തില്‍ കൃഷിയിടത്തിലെ പെണ്‍കുട്ടികള്‍

വളരെ കുറച്ചുസമയംകൊണ്ട് വലിയ അളവിലുള്ള മഴ -ചിലപ്പോള്‍ ആലിപ്പഴവും- വന്‍ ഇടിമുഴക്കങ്ങളുമായി പെയ്യുന്നതിനെയാണ് മേഘസ്‌ഫോടനം എന്നു പറയുന്നത്. ഇതു നിമിഷനേരംകൊണ്ട് വന്‍പ്രളയത്തിനു വഴിവയ്ക്കും. എവിടെയും മേഘസ്‌ഫോടനം ഉണ്ടാകാമെങ്കിലും ഹിമാലയപ്രദേശത്ത് സാധ്യത കൂടുതലാണെന്ന് പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നു. 2013 ലെ ഉത്തര്‍ഖണ്ഡ് ദുരന്തത്തിനു കാരണം ചാര്‍ധാമുകളില്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ പോകുന്നതുകൊണ്ടോ അവരാരെങ്കിലും നൃത്തംവച്ചതുകൊണ്ടോആണോ എന്ന് അദ്ദേഹത്തോടുതന്നെ ചോദിച്ചറിയണം.

പ്രോതിമാ ബേദി ആണാണോ പെണ്ണാണോ എന്നതൊന്നുമല്ല പ്രശ്‌നം. കേളുചരണ്‍ മഹാപത്രയെന്ന മഹാഗുരുവിന്റെ ശിഷ്യയും ഒഡിസി നൃത്തത്തില്‍ ഇന്ത്യ എന്നും ഓര്‍ത്തിരിക്കുന്നതും, ഭാരതീയ നൃത്തത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയതുമായ ഈ സ്ത്രീയെ മറന്നിട്ട് നമുക്കെന്ത് സദാചാരം?

ഞങ്ങളുടെ യാത്രയില്‍ മാല്‍പയിലും തുടര്‍ന്നുള്ള വഴികളിലും കണ്ടുസംസാരിച്ച പലരുടെയും ബന്ധുക്കളോ മിത്രങ്ങളോ ഈ ദുരന്തത്തിന് ഇരയായിട്ടുണ്ട്. തീര്‍ത്ഥാടകരെക്കാളേറെ കൊല്ലപ്പെട്ടത് അവര്‍ക്കുവേണ്ടി പണിയെടുക്കാനെത്തിയവരും ഗ്രാമീണരുമായിരുന്നു. പക്ഷെ അവര്‍ക്കാര്‍ക്കും ഇങ്ങനെയൊരറിവോ വിശ്വാസമോ ഇല്ല. ഹിമാലയത്തില്‍ പ്രകൃതിദുരന്തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്നും അതൊന്നും സ്ത്രീകളുടെയും അവരുടെ ആര്‍ത്തവത്തിന്റെയും പേരില്‍ ചാര്‍ത്തരുതെന്നുമാണ് അവിടങ്ങളില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന അവര്‍ പറയുന്നത്. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഗൈഡുകള്‍ക്കും ദുരന്തത്തില്‍പെട്ടുപോയവരുടെ കുടുംബാംഗങ്ങളില്‍ ചിലരെ അടുത്തറിയാം. ഗുന്‍ജിയില്‍ വച്ച് ഈ കഥകള്‍ പറയുമ്പോള്‍ അവര്‍ രോഷംകൊണ്ടു: ”അമ്മമാരില്ലായിരുന്നുവെങ്കില്‍ ഈ വരണവന്മാര്‍ക്കൊക്കെ ചുമടെടുക്കാനും വച്ചുവിളമ്പാനും ഇവിടെ ഞങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല” എന്ന് അവര്‍ പരിഹസിച്ചു. ഒന്നുകൂടി പറഞ്ഞു, ”നിങ്ങളെപ്പോലെ കുറച്ചുപേരല്ലാതെ വലിയ സര്‍ക്കാര്‍ സംഘങ്ങളില്‍ വരുന്നവര്‍ ഞങ്ങളെയൊക്കെ അടിമകളായാണ് കരുതുന്നത്. നിങ്ങള്‍ക്കൊപ്പം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഞങ്ങളും കഴിക്കുന്നത്. നിങ്ങള്‍ക്കൊപ്പം തന്നെയാണ് ഞങ്ങളും കിടന്നുറങ്ങുന്നത്. ഇതൊന്നും ആ സംഘങ്ങള്‍ക്കൊപ്പം ആലോചിക്കാന്‍ പറ്റില്ല… ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മനുഷ്യപ്പറ്റില്ലാത്തവര്‍ക്കും എഴുത്തുകാരാകാം, അല്ലേ?”

തപോവനസ്വാമികള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ‘ഹിമഗിരിവിഹാര’ത്തില്‍ എഴുതിയ വരികള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ അര്‍ത്ഥം കൈവരുന്നതുകൊണ്ട് ഓര്‍ക്കാതിരിക്കാനാവുന്നില്ല: ”നമ്മുടെ ദേശത്തില്‍ വിദേശശിക്ഷയുടെ സമ്പര്‍ക്കം നിമിത്തമായിരിക്കുമോ എന്തോ, ഇക്കാലത്തില്‍ ആചരണത്തിലധികം പ്രചാരണത്തില്‍ പ്രയത്‌നം വര്‍ധിച്ചു കാണപ്പെടുന്നുവെന്നുള്ളത് വിദ്വാന്മാര്‍ക്ക് വിവാദവിഷയമായിത്തീര്‍ന്നിരിക്കുന്നു. അധ്യാത്മവിഷയത്തില്‍ എല്ലാറ്റിനും മുമ്പിലായി തന്നെത്താന്‍ ഉദ്ധരിക്കുക എന്നാണ് നമ്മുടെ ശ്രുതികളും സ്മൃതികളും ആചാര്യന്മാരുമൊക്കെ നമ്മോടാദ്യമായി ഉപദേശിക്കുന്നത്. തന്നെത്താന്‍ ഉദ്ധരിക്കുന്നതിനുമുമ്പുതന്നെ, താന്‍ മറ്റുള്ളവരെ ഉദ്ധരിക്കാന്‍ പോകുന്നത്, ഒരു കുരുടന്‍ വേറൊരു കുരുടനെ വഴിനടത്തുവാന്‍ പോകുന്നതുപോലെ എത്ര വലിയ ആപത്തിജനകം! പ്രചാരപ്രധാനമായ ഇക്കാലത്തു രാജനീതിവിഷയത്തിലും വാണിജ്യവിഷയത്തിലും മറ്റും എപ്രകാരം അമര്യാദയായ മിഥ്യാപ്രചാരം നടക്കുന്നുവോ, അതുപോലെ അധ്യാത്മവിഷയത്തിലും തങ്ങളെ വലിയ ജ്ഞാനിയായും ഭക്തനായും യോഗിയായും മിഥ്യാപ്രചാരം ചെയ്തു പരത്തുവാന്‍ ലജ്ജിക്കാത്ത പ്രവൃത്തിവീരന്മാരും ഇവിടെ ദുര്‍ലഭമല്ല.”

കുട്ടി ഗ്രാമത്തില്‍ നിന്നുള്ള കാഴ്ച

മാല്‍പയില്‍ നിന്ന് അടുത്തദിവസം രാവിലെ യാത്രയ്ക്കു തയ്യാറെടുക്കുമ്പോള്‍ ഒരു സംഘം പട്ടാളക്കാര്‍ ഗബ്രായിലേക്ക് പോകാന്‍ റെഡിയായി നില്‍ക്കുന്നു. തലേദിവസം വൈകുന്നേരം പട്ടാളത്തിന്റെ സാധനങ്ങളടങ്ങിയ പെട്ടിയേറ്റിപ്പോയ കഴുത കാല്‍തെറ്റി നദിയുടെ അഗാധമായ കുത്തൊഴുക്കില്‍ അപ്രത്യക്ഷമായിരിക്കുന്നു. പെട്ടി കണ്ടെത്തുകയാണ് അവരുടെ ദൗത്യം (തിരികെ വരുമ്പോഴും ഈ പട്ടാളക്കാരെ കണ്ടു. പാറകളില്‍ പറ്റിപ്പിടിച്ചിരുന്ന കഴുതരക്തവും തൊലിയുടെ അവശിഷ്ടങ്ങളുമല്ലാതെ മറ്റൊന്നും അവര്‍ക്ക് കണ്ടെത്താനായില്ലത്രെ).

ബുധി ഗ്രാമത്തിലേയ്ക്ക്

മാല്‍പയില്‍ നിന്ന് മുകളിലേക്കുള്ള വഴി കുറേദൂരം നദിക്കരയിലെ പാറഗുഹകളിലൂടെയും പാറ പൊട്ടിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇടുക്കുകളിലൂടെയുമാണ്. മലയിടുക്കിലൂടെ രൗദ്രയായ കാളി. പാറവഴികളില്‍ പലയിടത്തും പടികള്‍ വെട്ടിയിട്ടുണ്ടെങ്കിലും മേല്‍ക്കൂരപോലെ നില്‍ക്കുന്ന പാറകളില്‍ നിന്നിറ്റുവീഴുന്ന വെള്ളം കാരണം ചിലയിടങ്ങളില്‍ തെന്നുന്നുണ്ട്. വശങ്ങളില്‍ കെട്ടിയിരിക്കുന്ന കമ്പിവേലി ഇടയ്ക്കിടെ നദിയിലേയ്ക്ക് ഭൂമിയോടൊപ്പം ഒലിച്ചുപോയിരിക്കുന്നു. ദ്രാവകരൂപത്തിലുള്ളവയല്ലാതെ ഭക്ഷണം കഴിക്കാനാവുന്നില്ലെങ്കിലും എന്റെ കാലിലെ പേശിവലിവ്  മാറിയിരിക്കുന്നു.
മാല്‍പയില്‍ നിന്ന് നാല് കി.മീ. നടന്നാല്‍ ചംഗന്‍ എന്ന ഗ്രാമമെത്തും. ചംഗന് ഒരു കി.മീ. മുന്‍പ് കുതിരക്കാരും കഴുതക്കാരും പോര്‍ട്ടര്‍മാരുമൊക്കെ വിശ്രമിക്കുന്ന കേന്ദ്രത്തിനടുത്ത് അതിമനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്. തൊട്ടടുത്ത പര്‍വതമുകളില്‍ നിന്ന് നടപ്പാതയിലേക്കാണ് അതിന്റെ വരവ്. പര്‍വതമുകളിലെ ആകാശശൂന്യതയില്‍ നിന്നെന്നപോലെ ഒഴുകിയെത്തുന്ന അത് പക്ഷെ താഴെ എത്തുന്നില്ല. പാതിയില്‍ ചിന്നിച്ചിതറിയും മഞ്ഞായുറഞ്ഞുപോയും അതൊരു ആകാശഗംഗ.

ഒരു കയറ്റം കയറിയാല്‍ ചംഗന്‍ (2140 മീ.) ആയി. ഗ്രാമമെന്ന് വിളിക്കുന്നെങ്കിലും അഞ്ചാറു കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഇവിടം കുതിരക്കാരുടെ ഒരു ഇടത്താവളമാണ്. അവര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കുകയാണ് ഈ കുടുംബക്കാര്‍. അവിടെനിന്ന് ചായകുടിച്ച് അല്‍പനേരം വിശ്രമിച്ചു. ചുവന്നുതുടുത്ത കുഞ്ഞുമകളെ ഞങ്ങളോടൊപ്പം വിട്ടിട്ട് സുന്ദരിയായ അമ്മയാണ് ഞങ്ങള്‍ക്ക് ചായ എത്തിച്ചത്.

മലമുകളിലെ ചംഗനില്‍ നിന്ന് ഇറക്കമിറങ്ങി വീണ്ടും നദിക്കരയിലൂടെ ഒരു മണിക്കൂര്‍ നടക്കുമ്പോള്‍ ലാമാരി എത്തും. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിന്റെ (ഐ.ടി.ബി.പി.) ഒരു ഔട്ട്‌പോസ്റ്റും കുറച്ചു ഗ്രാമീണവീടുകളും ഇവിടെയുണ്ട്. ലാമാരിയില്‍ നിന്ന് കയറ്റങ്ങള്‍ കയറിയുമിറങ്ങിയുമാണ് തുടര്‍ന്ന് ബുധിയിലേക്കുള്ള യാത്ര. കയറ്റം തുടങ്ങുന്നിടത്ത് ചെറിയൊരു ധാബയുണ്ട്. അങ്ങോട്ടുള്ള യാത്രയില്‍ ഇവിടെ നിന്നില്ലെങ്കിലും തിരികെ വരുമ്പോള്‍ ഇവിടെനിന്ന് ചായയും നൂഡില്‍സുമൊക്കെ കഴിച്ച് കുറച്ചുനേരം വിശ്രമിച്ചു. കട നടത്തുന്ന യുവാവിന്റെ നൂറോളംവയസ്സ് പ്രായംതോന്നിക്കുന്ന അമ്മൂമ്മയുടമ്മൂമ്മ ചുക്കിച്ചുളിഞ്ഞ ദേഹത്തോടെ പാത്രങ്ങള്‍ കഴുകിക്കൊടുക്കുന്നത് കണ്ടു. ഞങ്ങളവിടെ എത്തുമ്പോള്‍ കടമുറ്റത്ത് കസേരയില്‍ കൂനിക്കൂടി ചാക്കുകൊണ്ട് മൂടിപ്പുതച്ച് വെയില്‍ കാഞ്ഞുകൊണ്ടിരുന്ന അവര്‍ ഒരു ചാക്കുകെട്ടാണെന്നാണ് ആദ്യം കരുതിയത്. കടക്കാരന്‍ ബുള്‍സ്‌ഐ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് അയാളുടെ ഭാര്യയും ഭാര്യാമാതാവും എത്തിയത്. ബുള്‍സ്‌ഐ ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരുന്ന അയാളെ പരിഹസിച്ചിട്ട് ഭാര്യ കൃത്യം ഏറ്റെടുത്തു. സ്ത്രീകളാണ് ആ കട ഭരിക്കുന്നതെന്ന് മനസ്സിലായി.

ആദികൈലാസത്തിലെ പഞ്ചപാണ്ഡവ പര്‍വതം

തുടര്‍ന്ന് അല്‍പദൂരം നടക്കുമ്പോള്‍ ഇടത്ത് മലമുകളില്‍ നിന്ന് ഒരു അരുവി വെള്ളച്ചാട്ടംപോലെ ഒഴുകിയെത്തി വഴിമുറിച്ചുകടന്ന് കാളിയിലേക്ക് പതിക്കുന്നു. അരുവി വരുന്ന മല അല്‍പംകയറിയാല്‍ കുളിക്കാനുള്ള ഒരിടം കെട്ടിയുണ്ടാക്കിയിരിക്കുന്നു. ഈ തണുപ്പിലെങ്ങനെ അരുവിവെള്ളത്തില്‍ കുളിക്കുമെന്നാലോചിക്കുമ്പോഴാണ് മറ്റൊരു ഒഴുക്കുകൂടി കുളിസ്ഥലത്തേക്ക് വന്നിറങ്ങുന്നത് കാണുന്നത്. ചുടുനീരുറവയായിരുന്നു അത്. തിരികെയുള്ള യാത്രയില്‍ ഞങ്ങള്‍ അവിടെ കുളിച്ചു.

ബുധിയിലേക്കുള്ള വഴി നദിക്കരയോടു ചേര്‍ന്നും കയറിയുമിറങ്ങിയും നീളുന്നു. പലയിടത്തും വഴി നദിയിലേക്ക് ഇടിഞ്ഞുപോയിരിക്കുന്നു. ലാമാരിയില്‍ നിന്ന് നാലു കി.മീ.യാണ് ബുധിയിലേക്കുള്ള ദൂരം. ഇടയ്ക്ക് നദീതീരം വിട്ട് മുകളിലൂടെയായി യാത്ര. പിന്നെ വഴി വലത്തേക്കുതിരിഞ്ഞ് കാളിയിലേക്കുള്ള ഒരു കൈവഴിയിലെ പാലം കടന്ന് കുത്തനെയുള്ള കയറ്റം കയറിയപ്പോള്‍ ബുധി (2740 മീ.) ഗ്രാമത്തിലേക്കുള്ള കവാടത്തിലെത്തി.

കവാടം കടന്നയുടനെ വലത്ത് അടഞ്ഞുകിടക്കുന്ന കെ.എം.വി.എന്‍. റസ്റ്റ്ഹൗസ്. നടപ്പാതയുടെ ഇടത്ത് രണ്ട് ഹോട്ടലുകള്‍, ഗ്രാമക്കാര്‍ തന്നെ നടത്തുന്നത്. അതില്‍ ഭക്ഷണത്തോടൊപ്പം താമസസൗകര്യവും (വീട്ടിലെ മുറികളാണ്) ഉള്ള ആദ്യ ധാബയാണ് ചന്ദന്‍സിംഗ് ഏര്‍പ്പാടാക്കിയത്. 30-35 വയസ്സുള്ള സ്ത്രീയും അവരുടെ ഭര്‍ത്താവുമാണ് നടത്തിപ്പുകാര്‍. ഒപ്പമുള്ള സ്റ്റോറിന്റെ മേല്‍നോട്ടം ഭര്‍ത്താവിനാണ്. മുറിയിലെ കിടക്ക വിരിക്കുന്നതു മുതല്‍ ഭക്ഷണം വരെയുള്ള കാര്യങ്ങളില്‍ ഭാര്യയാണ് മുന്‍കൈയെടുക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതില്‍ ഭര്‍ത്താവും സഹായിക്കുന്നുണ്ട്. ചന്ദന്റെ ബന്ധുക്കളാണ് അവര്‍. വേരുകളും ബന്ധങ്ങളും നേപ്പാളിലും ടിബറ്റിലും പടര്‍ന്നുകിടക്കുന്നവര്‍. ടിബറ്റിലെ ബന്ധുക്കളെ കാണാന്‍ പോകുന്നതിന് (തക്ലാകോട്ട് വരെ) ഇവര്‍ക്ക് അനുവാദമുണ്ട്. ഞങ്ങള്‍ തിരികെയെത്തുമ്പോള്‍ അവര്‍ ടിബറ്റിലേക്ക് പോയിരിക്കുകയായിരുന്നെങ്കിലും താമസം ഇവിടെയും ഭക്ഷണം തൊട്ടടുത്ത ധാബയിലും ഏര്‍പ്പാടാക്കിയിരുന്നു.

അപി, നംബ എന്നീ കൊടുമുടികളുടെ മനോമോഹനദൃശ്യങ്ങള്‍ ഇവിടെനിന്ന് കാണാം. സൂര്യാസ്തമയത്തില്‍ മഞ്ഞണിഞ്ഞ പര്‍വതങ്ങള്‍ ചുവന്നുതുടുത്ത് ആലയില്‍ പഴുപ്പിച്ച ലോഹംപോലെ. ഇവിടം യാത്രികരുടെ ഇടമാണ്. ബുധിയിലെ യഥാര്‍ത്ഥ ഗ്രാമം ഇരുന്നൂറുമീറ്റര്‍ അപ്പുറത്ത് മലമുകള്‍ മുതല്‍ താഴെക്കൂടൊഴുകുന്ന നദിവരെ വ്യാപിച്ചുകിടക്കുന്നു. കുറച്ചു കുടുംബങ്ങളേ ഇവിടെയുള്ളു. ബാക്കിസ്ഥലം കൃഷിയിടങ്ങളാണ്. ദൈനംദിനാവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കളും ആപ്പിളും ഇവിടെ വിളയിക്കുന്നു.

പാര്‍വതി താലിനരികിലെ മലയില്‍ നിന്നുള്ള കാഴ്ച

ചോറും സുക്കറൊട്ടിയും (അടുപ്പിലെ തീയില്‍ ചുട്ടെടുത്ത ചപ്പാത്തി) ദാലും ചീരയുമൊക്കെ ഉള്‍പ്പെട്ടതായിരുന്നു ഭക്ഷണമെങ്കിലും ഒന്നും കഴിക്കാനാവാത്ത എന്റെ സ്ഥിതികണ്ട് നൂഡില്‍സ് ഉണ്ടാക്കിത്തരാമെന്ന് കടയുടമസ്ഥ പറഞ്ഞു. അല്‍പം തൈരാണ് ഞാന്‍ ആവശ്യപ്പെട്ടത്. അവരതു തരുകയും കുറച്ചെങ്കിലും ചോറു കഴിക്കാന്‍ സ്‌നേഹത്തോടെ നിര്‍ബന്ധിക്കുകയും ചെയ്തു. നാടന്‍വാറ്റും നേപ്പാളില്‍ നിന്നുള്ള മദ്യവും ബിയറുമൊക്കെ അവിടെ സുലഭം. ചൈനീസ് നിര്‍മ്മിതമെന്നവകാശപ്പെടുന്ന മിഠായികളും ധാരാളം. അതില്‍ വെളുത്തനിറത്തില്‍ ചൂയിങ്ഗം പോലുള്ള ഒരു മിഠായി കഴിച്ച് സുഹൃത്ത് പപ്പന്റെ ഒട്ടിപ്പുപല്ല് ഇളകിപ്പോയി.

സന്ധ്യയ്ക്ക് ഗ്രാമീണര്‍ കടയിലെത്തി വാറ്റും നേപ്പാളിമദ്യവുമൊക്കെ വാങ്ങിക്കുടിക്കുന്നുണ്ടായിരുന്നു. എണ്‍പതുവയസ്സെത്തിയ ഒരു വൃദ്ധന്‍ നേപ്പാളിമദ്യവുമായി ഞങ്ങള്‍ക്കടുത്തെത്തി. ഒപ്പം കുടിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ട് ഗ്രാമക്കഥകള്‍ പറഞ്ഞു. പതിനേഴാം വയസ്സില്‍ ഒരു ടീഷര്‍ട്ട് മാത്രമിട്ട് കുതിരപ്പുറത്ത് ആദികൈലാസത്തിലേക്ക് ആദ്യമായി പോയ ‘വീര’കഥ അദ്ദേഹം ആവേശത്തോടെ പങ്കുവച്ചു. പതിനെട്ടു തവണ ആദികൈലാസത്തിലേക്കു പോയിട്ടുണ്ടത്രെ.

ചിയാലേഖ് വഴി ഗാര്‍ബാങ്ങിലേയ്ക്ക്

ബുധി ഗ്രാമത്തില്‍ നിന്ന് ഒരു കി.മീ. സമനിരപ്പായ വഴിയാണ്. തുടര്‍ന്ന് രണ്ടു കി.മീ. വന്‍കയറ്റം കയറിയെത്തുമ്പോള്‍ സമുദ്രനിരപ്പില്‍ നിന്ന് 3350 മീ. (11,155 അടി) ഉയരത്തില്‍ ചിയാലേഖ് (ലേഖ്=ചുരം). കയറ്റത്തില്‍ നിന്ന് താഴെ വ്യാസ് താഴ്‌വരക്കാഴ്ച (കാളിനദി ഉദ്ഭവിക്കുന്ന കാലാപാനിയില്‍ വ്യാസന്‍ ധ്യാനത്തിലേര്‍പ്പെട്ടിരുന്നതുകൊണ്ടാണ് ഈ പ്രദേശം വ്യാസ് താഴ്‌വര എന്നറിയപ്പെടുന്നതെന്ന് കഥയുണ്ട്. നാട്ടുകാര്‍ ‘ബ്യാന്‍സ്’ എന്നാണ് പറയുന്നത്. ബുധിയിലും ഗുന്‍ജിയിലും കുട്ടിയിലും വസിക്കുന്നവര്‍ ബ്യാന്‍സ് എന്ന ഭോട്ടിയ വര്‍ഗക്കാരാണ്). പൊട്ടുകളായി ബുധിയിലെ വീടുകളും കൃഷിയിടങ്ങള്‍ക്കപ്പുറമൊഴുകുന്ന നദിയും അകലെ മഞ്ഞുകൊടുമുടികളും കണ്ട്, ഓരോ തിരിവിലും ശ്വാസം വലിച്ചെടുത്ത്, മുകളില്‍ ചുരത്തിലേക്കുള്ള മലയിടുക്കു കടക്കുമ്പോള്‍ ശരീരവും മനസ്സും പ്രകൃതിക്കൊപ്പം പുതിയൊരു ലോകത്തേക്കു കടക്കുന്നു. നിരപ്പായ ചെറു സമതലമാണ് ചുരത്തിനു മുകള്‍ഭാഗം. ഇപ്പോള്‍ ഒരുവശത്തുകാണുന്ന അപിയും അന്നപൂര്‍ണയും ഉള്‍പ്പെടെയുള്ള വലിയ കൊടുമുടികളെല്ലാം നേപ്പാള്‍ഭാഗത്തിലേതാണ്.

ഐ.ടി.ബി.പി.യുടെ ഔട്ട്‌പോസ്റ്റ് ഇവിടെയുണ്ട്. ധാര്‍ച്ചുലയില്‍ നിന്നു ലഭിച്ച പെര്‍മിറ്റ് ആദ്യമായി പരിശോധിക്കുന്നത് ഇവിടെയാണ് (ഇന്ത്യ ‘അന്യായ’മായി പിടിച്ചെടുത്തുവച്ചിരിക്കുന്ന കാലാപാനിയും ലിപുലേഖും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നേപ്പാളിലെ ‘അഖില്‍ ക്രാന്തികാരി മഞ്ച്’ എന്ന വിദ്യാര്‍ത്ഥിസംഘടന കാലാപാനിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് 2015 ഓഗസ്റ്റില്‍ നേപ്പാള്‍ ധാര്‍ച്ചുലയില്‍വച്ച് പ്രഖ്യാപിച്ചതോടെ ചിയാലേഖ് വഴിയുള്ള നേപ്പാളികളുടെ പ്രവേശനത്തിന് കര്‍ശനപരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ പെര്‍മിറ്റ് പരിശോധന 1998 ന് മുമ്പുള്ളതുപോലെ ധാര്‍ച്ചുലയ്ക്കുമുമ്പ് ജൗലിബിയിലാക്കണമെന്ന് അടുത്തകാലത്ത് ഇന്ത്യന്‍ഭാഗത്തുനിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ധാര്‍ച്ചുലയില്‍ അജ്ഞാതരുടെ എണ്ണം വര്‍ധിക്കുന്നുവെന്നതാണ് ഇതിനു പറയുന്ന കാരണം. കാലാപാനിയും ലിപുലേഖും ടിബറ്റന്‍ ചൈനയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ നേപ്പാളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചൈനാസഹായമുണ്ടെന്നും പറയപ്പെടുന്നു).

പാര്‍വതി താലിനരികിലെ പര്‍വതത്തില്‍ പ്രകൃതി ഒരുക്കിയ ശില്‍പം

ചിയാലേഖില്‍ നിന്ന് ഒരിറക്കവും കയറ്റവും നടന്നാല്‍ (4 കി.മീ.) ഗാര്‍ബാങ്ങ് എന്ന ചെറുഗ്രാമത്തിലെത്തും. മുന്‍പ് താഴത്തായിരുന്ന ഗ്രാമം ഒരു ഹിമപാതത്തില്‍ ഇല്ലാതായതാണത്രെ. ഗാര്‍ബാങ്ങിനടുത്ത് വെളുത്ത നിറത്തിലുള്ള ടിന്‍കാര്‍ നദി കടുംനീലയായ കാളിയില്‍ ചേരുന്നു. നദിക്കപ്പുറത്ത് ചംക്രം എന്ന നേപ്പാളി ഗ്രാമം. ധാര്‍ച്ചുല കഴിഞ്ഞാല്‍ ഈ വഴിയില്‍ കാണുന്ന ആദ്യ നേപ്പാള്‍ ഗ്രാമമാണിത്.

ഗാര്‍ബാങ്ങില്‍ നിന്ന് ഗുന്‍ജിയിലേക്ക് 10 കി.മീ. ദൂരമുണ്ട്. ഒരു ധാബയില്‍ ചായ കുടിച്ചിരിക്കുമ്പോള്‍ അവിടത്തെ സ്ത്രീകളാണ് പറഞ്ഞത്, പെട്ടെന്ന് തൊട്ടുതാഴെയുള്ള പട്ടാളക്യാമ്പിലെത്തിയാല്‍ ഗുന്‍ജിയിലേക്കുള്ള പട്ടാളവണ്ടിയില്‍ പോകാമെന്ന്. ആദ്യമൊന്ന് അമ്പരന്നു. ഇതുവരെ വന്ന വഴിയില്‍ വണ്ടിക്കുപോയിട്ട് ഒരാള്‍ക്കു നടക്കാനുള്ള വീതിപോലും ഇല്ല, പിന്നെങ്ങനെ ഇവിടെ വാഹനം? ഇവര്‍ ഞങ്ങളുടെ ക്ഷീണം കണ്ട് കളിയാക്കുകയാണോ? അതാ, അവിടേയ്ക്ക് പോകുന്ന വണ്ടി ഇപ്പോള്‍ തിരിച്ചുവരും, വെപ്രാളപ്പെടേണ്ട, അവരവിടെ സാധനങ്ങളിറക്കിവരുമ്പോള്‍ നിങ്ങള്‍ താഴെയെത്തിയാല്‍ മതി എന്നും പറഞ്ഞു. അവര്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് നോക്കി. ശരിയാണ്, താഴെ കാണുന്ന മണ്‍പാതയിലൂടെ ഒരു പട്ടാളട്രക്ക് പോകുന്നു. ഞങ്ങള്‍ പെട്ടെന്ന് ചായകുടിച്ച്, ആ സ്ത്രീകളോട് നന്ദിപറഞ്ഞ്, ഇറക്കമിറങ്ങി പട്ടാളത്തിന്റെ ഔട്ട്‌പോസ്റ്റിലെത്തി.

അവിടെയും പെര്‍മിറ്റ് പരിശോധനയും രേഖപ്പെടുത്തലുമുണ്ട്. ലിപുലേഖ് മുതല്‍ ഇതുവരെ ട്രക്കുകള്‍ക്കു പോകാവുന്ന റോഡായെന്നും അത് ധാര്‍ച്ചുലയുമായി ബന്ധിപ്പിക്കലാണ് ലക്ഷ്യമെന്നും പട്ടാളക്കാര്‍ പറഞ്ഞു. ലിപുലേഖിനപ്പുറം ചൈനാഭാഗത്ത് അവര്‍ നിരവധി റോഡുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞത്രെ. ഹെലിക്കോപ്റ്ററില്‍ കൊണ്ടുവരുന്ന വാഹനഭാഗങ്ങള്‍ ഇവിടെവച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്ധനംവരെ ഹെലിക്കോപ്റ്ററിലെത്തിക്കുന്നു.

പട്ടാളട്രക്കില്‍ ഒരു സാഹസികയാത്ര

പെര്‍മിറ്റ് പരിശോധന കഴിഞ്ഞ്, അപ്പുറത്തേക്ക് റോഡുനിര്‍മ്മാണ സാമഗ്രികളുമായി പോയ വാഹനം കാത്തുനില്‍ക്കുമ്പോള്‍ മഴ തുടങ്ങി. കുറച്ചുനേരത്തേക്കേ മഴയുണ്ടായിരുന്നുള്ളു. പക്ഷെ മണ്‍പാതയാകെ ചെളിയില്‍ കുഴഞ്ഞു. നടന്നാല്‍ തെന്നുന്ന ചെളി. ഷൂസൊക്കെ ചെളികൊണ്ട് നിറം മാറി.

ഞങ്ങള്‍ക്കൊപ്പം മുപ്പതോളം ഗ്രാമീണരും ഗുന്‍ജിയിലേക്കു പോകാന്‍ ട്രക്കുകാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് പ്രത്യേക പെര്‍മിറ്റൊന്നും വേണ്ട. ട്രക്ക് വരുമ്പോള്‍ കയറിയാല്‍ മതി. പലരുടെയും കൈവശം ഞങ്ങളുടെ ബാഗുകളെക്കാള്‍ വലിയ ഭാണ്ഡക്കെട്ടുകളുമുണ്ട്. ഇതെല്ലാംകൂടി എങ്ങനെ ഒരു ട്രക്കില്‍ കയറും, ഞങ്ങളെ ഒഴിവാക്കുമോ എന്നൊക്കെ ആലോചിച്ചുനില്‍ക്കുമ്പോള്‍ ട്രക്കെത്തി. മുകളിലേക്ക് വലിഞ്ഞുകയറിക്കോളാന്‍ പട്ടാളക്കാര്‍ പറഞ്ഞു. കയറുന്നതിന് ഗ്രാമീണരും ഞങ്ങളുടെ ഗൈഡുമാരും സഹായിച്ചു. ട്രക്കിന് രണ്ടുവശങ്ങളിലും ചെറിയ പാളിയടപ്പ് ഉണ്ടെങ്കിലും പിന്‍ഭാഗം തുറന്നു കിടപ്പാണ്. അവിടെ ഒരു കമ്പി കെട്ടിയിട്ടുണ്ട്. ട്രക്കില്‍ നില്‍ക്കുന്ന തറയാകെ ചെളികൊണ്ട് മൂടി വഴുക്കുന്നു. ഇത്രയാള്‍ക്കാരുണ്ടായിരുന്നതിനാല്‍ ആര്‍ക്കും ഇരിക്കാന്‍ നിര്‍വാഹമില്ല. ഡ്രൈവറെക്കൂടാതെ രണ്ട് പട്ടാള ഉദ്യോഗസ്ഥര്‍ മുന്‍വശത്ത്. രണ്ടുപട്ടാളക്കാര്‍ ഞങ്ങള്‍ക്കൊപ്പം പിറകില്‍ മുന്‍വശത്തായി നിലയുറപ്പിച്ചു. എല്ലാവരും കയറിയെന്നുറപ്പായപ്പോള്‍ ഡ്രൈവര്‍ വണ്ടിയെടുത്തു.

പാര്‍വതി താല്‍

പലയിടത്തും ട്രക്കിനുള്ളിലും മുകളിലുമാക്കെയായി യാത്രചെയ്തിട്ടുണ്ടെങ്കിലും ഇതുപോലൊരു യാത്ര അതിഭീകരമായിരുന്നു. തെന്നുന്ന റോഡ്. ഒരുവശത്ത് പര്‍വതവും റോഡിലേക്ക് തള്ളിനില്‍ക്കുന്ന കൂറ്റന്‍പാറകളും. അവയില്‍ തലയിടിക്കാതെ നോക്കണം. മറുവശത്ത് കാളിനദി. വളഞ്ഞുപുളഞ്ഞും കയറിയിറങ്ങിയും പോകുന്ന റോഡെന്ന മണ്‍പാത. കയറ്റമെത്തുമ്പോളാണ് പേടി. വണ്ടി മുകളിലേക്കും ഞങ്ങള്‍ താഴേക്കും. ഓരോരുത്തരും മുന്നില്‍ നില്‍ക്കുന്നയാളെ അള്ളിപ്പിടിച്ചിരിക്കുന്നു. ചിലര്‍ കൈയിലെങ്കില്‍, ചിലര്‍ വസ്ത്രങ്ങളില്‍. ഏറ്റവും മുന്നിലുള്ളവര്‍ ട്രക്കിലെ കമ്പിയില്‍ ബലമായി പിടിച്ചിരിക്കുന്നതാണ് ആരെയും വീഴാതെ പിടിച്ചുനിര്‍ത്തുന്നത്. കാലനക്കാന്‍ കഴിയാത്തവിധം അതിനുപുറത്ത് മറ്റുകാലുകള്‍ അമര്‍ന്നിരിക്കുന്നു. ഇതിനെക്കാള്‍ ഭേദം നടക്കുകയായിരുന്നെന്നു തോന്നി. ”ഫെവിക്കോളിന്റെ പരസ്യം പോലെ” എന്ന് മലയാളത്തില്‍ പറഞ്ഞത് മറ്റുള്ളവര്‍ക്കും മനസ്സിലായി. കൂട്ടച്ചിരിക്കിടയിലും അള്ളിപ്പിടുത്തം വിട്ടില്ല.

യാത്ര കഠിനമെങ്കിലും വഴിക്കാഴ്ചകള്‍ മനോഹരമായിരുന്നു. ഇതുവരെ വന്ന വഴികളില്‍നിന്ന് പ്രകൃതിയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നു. വലത്ത് കാളിനദിയുണ്ട്. ഇടത്ത് കൂറ്റന്‍ പര്‍വതങ്ങള്‍ മരങ്ങളില്ലാതെ മഞ്ഞും മണ്ണും പാറകളും മാത്രമായി നില്‍ക്കുന്നു. അവയില്‍ കാറ്റും കാലാവസ്ഥയും കാലവും കൊത്തിയൊരുക്കിയ പ്രകൃതിശില്‍പങ്ങള്‍. 40 മിനിറ്റോളമെടുത്തു ആ പത്തു കി.മീ. ദൂരം താണ്ടാന്‍. ഒടുവില്‍ ഗുന്‍ജിയെത്തി. (ഈ വഴിയില്‍ തിരികെയുള്ള യാത്രയും ട്രക്കിലായിരുന്നെങ്കിലും ആള്‍ക്കാരുടെ എണ്ണം കുറവായിരുന്നതിനാലും ആദ്യംതന്നെ ഞങ്ങള്‍ വലിഞ്ഞുകയറിയതിനാലും സുരക്ഷിതമായി മുമ്പിലിരിക്കാന്‍ കഴിഞ്ഞു). നദിക്കിപ്പുറമാണ് വാഹനം നിര്‍ത്തിയത്. അപ്പുറമാണ് ഗുന്‍ജി (10,625 അടി).

                                                                  ഗുന്‍ജിയിലെ രാത്രി

കാളിനദിയിലെ പാലം കടന്ന് ഗുന്‍ജിയിലേക്ക്. യാത്രയില്‍ ആദ്യമായാണ് കാളിനദി മുറിച്ചുകടക്കുന്നത്. പാലത്തിനപ്പുറം വലത്തേക്ക് ട്രക്കുകള്‍ക്ക് പോകാന്‍ വീതിയുള്ള മണ്‍റോഡിലൂടെയാണ് കാലാപാനി, ലിപുലേഖ് ചുരം വഴിയുള്ള കൈലാസ്-മാനസസരസ്സ് പാത. ഇടത്തേക്ക് അര കി.മീ. പോയാല്‍ ഗുന്‍ജി ഗ്രാമം. അതിലേയാണ് ആദികൈലാസവഴി. മഞ്ഞുവീഴ്ച തുടങ്ങുമ്പോള്‍ ഗുന്‍ജിഗ്രാമക്കാര്‍ താഴെ ധാര്‍ച്ചുലയിലേക്ക് താമസം മാറ്റും. ഗ്രാമത്തിനുപുറത്താണ് യാത്രികര്‍ക്ക് താമസസൗകര്യവും ഭക്ഷണവും നല്‍കുന്ന ഇടങ്ങള്‍ സാധാരണയായി ഉണ്ടാവുക. ഇവിടെയും അങ്ങനെതന്നെയാണ്. ഇടത്തേക്ക് അല്‍പദൂരം നടക്കുമ്പോള്‍ വഴിയരികിലായുള്ള ഏക ധാബയിലാണ് ഞങ്ങളുടെ ഗൈഡുമാര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഞങ്ങളെത്തുമ്പോള്‍ നാല്‍പതുകാരിയായ ഒരു സ്ത്രീയാണ് അവിടെ നടത്തിപ്പുകാരിയായി ഉണ്ടായിരുന്നത്. ചൂടുള്ള ചായ നല്‍കി അവര്‍ ഞങ്ങളെ സ്വീകരിച്ചു. ധാബയോടുചേര്‍ന്നുള്ള മുറി താമസത്തിനായി ഒരുക്കിത്തന്നിട്ട് അവര്‍ ഞങ്ങള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കാന്‍ തുടങ്ങി.

ചുറ്റും മഞ്ഞണിഞ്ഞ നിരവധി കൊടുമുടികള്‍. കുട്ടിയില്‍നിന്ന് ഒഴുകിയെത്തുന്ന കുട്ടി നദി ഗുന്‍ജിയില്‍ കാളിയുമായി ചേരുന്നു. ലിപുലേഖിനുതാഴെ കാലാപാനിയില്‍നിന്നാണ് കാളിയുടെ ഉദ്ഭവം. അവിടെ ഒരു കാളിക്ഷേത്രമുണ്ട്. വിശുദ്ധമായി കരുതുന്ന ഓംപര്‍വതം അവിടെനിന്ന് ദര്‍ശിക്കാനാകും.

ആദി കൈലാസത്തില്‍ സംഘാംഗങ്ങള്‍

കാലാപാനിയും ലിപുലേഖും ഉള്‍പ്പെടുന്ന ഇടം ഇന്നും തര്‍ക്കപ്രദേശമാണ്. ഇവിടം നേപ്പാളിന്റേതാണെന്നാണ് അവരുടെ അവകാശവാദം. ഗുന്‍ജി, കുട്ടി ഗ്രാമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കാളിയുടെ ഉദ്ഭവം കാലാപാനിയിലാണെന്ന് ഇന്ത്യ അവകാശപ്പെടുമ്പോള്‍, ലിമ്പിയാധുരയിലാണെന്ന് നേപ്പാള്‍ അവകാശപ്പെടുന്നു. കാലാപാനിക്ക് പടിഞ്ഞാറ് ലിമ്പിയാധുരയില്‍ നിന്ന് ഉദ്ഭവിക്കുന്നതും ഇപ്പോഴും നേപ്പാളിന്റെ കൈവശമുള്ളതുമായ ലിപു ഗഡ് ആണ് യഥാര്‍ത്ഥ കാളിയെന്ന് നേപ്പാള്‍. കാലാപാനിക്ക് കിഴക്ക് ഇന്ത്യന്‍ ഭാഗത്തുനിന്നുള്ളതാണ് യഥാര്‍ത്ഥ കാളിയെന്ന് ഇന്ത്യ. ലിപു ഗഡ് കാലാപാനിയിലെ ഉറവയില്‍ സംഗമിക്കുന്നു. 1850 ലെയും 1856 ലെയും ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടമാണ് നേപ്പാള്‍ ഉപോല്‍ബലകമായി മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ 1830 കളിലെ രേഖകളനുസരിച്ച് പരമ്പരാഗതമായി പിത്തോര്‍ഗഢിന്റെ ഭാഗമാണ് ഈ പ്രദേശമെന്നും 1879 ലെയും 1928 ലെയും ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടം ആധാരമാക്കിയാലും ഇത് ഇന്ത്യയുടെ ഭാഗം തന്നെയെന്നും ഇന്ത്യ. നേപ്പാളിലെ ധാര്‍ച്ചുല ജില്ലയുടെ ഭാഗമായാണ് നേപ്പാള്‍ കാലാപാനിയെ രേഖപ്പെടുത്തുന്നത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തോടെയാണ് ഈ പ്രദേശത്തിന് പ്രാധാന്യം വര്‍ദ്ധിക്കുന്നത്. ടിബറ്റിനെ ചൈന അധീനത്തിലാക്കിയതോടെ ഇവിടം മൂന്നുരാജ്യങ്ങളുടെയും അതിര്‍ത്തിയെന്ന നിലയില്‍ തന്ത്രപ്രാധാന്യം നേടി. മറുവശത്ത് ചൈന വ്യാപകമായി ഗതാഗതസൗകര്യങ്ങളുണ്ടാക്കി സൈനികമുന്നേറ്റത്തിന് പര്യാപ്തമാക്കിയപ്പോഴും ഇന്ത്യന്‍പ്രദേശം ഗ്രാമീണര്‍ക്കുപോലും യാത്രയ്ക്കുപറ്റിയതായിരുന്നില്ല. ഈ തിരിച്ചറിവാണ് ഇന്ത്യയെ ഇതുവഴിയുള്ള റോഡുനിര്‍മ്മാണത്തിന് പ്രേരിപ്പിച്ചതും അതിന്റെ വേഗത്തിന് ആക്കം കൂട്ടിയതും… രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും രാജ്യസുരക്ഷയുമൊക്കെ തകര്‍ക്കുന്നത്, പക്ഷെ, ഹിമാലയമെന്ന ഈ പിഞ്ചുപര്‍വതത്തെയാണല്ലോ. ഇതൊക്കെ താങ്ങാനുള്ള ശേഷി ഈ പര്‍വതത്തിനുണ്ടോ? കണ്ടറിയാം. ഇവരെല്ലാംകൂടി രാഷ്ട്രീയവിജയങ്ങള്‍ക്കായി കാളിയെത്തന്നെ കൊന്നുകളയുമോ?

തണുപ്പ് അതിന്റെ സ്വത്വം പുറത്തെടുത്തപ്പോള്‍ സഹിക്കാനാകാതെ ചുറ്റിനടപ്പ് അവസാനിപ്പിച്ച് ഞങ്ങള്‍ ധാബയ്ക്കുള്ളില്‍ കയറി. ബുര്‍ജി എന്ന മുട്ടത്തോരനും നാടന്‍വാറ്റും കഴിച്ച് ധാബയ്ക്കുള്ളില്‍ ഞങ്ങളിരിക്കുമ്പോള്‍ സന്ധ്യയ്‌ക്കൊപ്പം കുറേ ഗ്രാമീണരും പട്ടാളക്കാരും വാറ്റടിക്കാനെത്തി. മലനിരകളില്‍ സ്വയംവിളഞ്ഞ ഭാങ്ങ്‌ചെടികളുടെ പൂമ്പൊടിയായി നല്ല ചരസ്സും കൂട്ടിനെത്തി. തണുപ്പ് കാളികടന്നു. മുട്ട ബുര്‍ജിയും കുറച്ചു ചോറും മാത്രമേ കഴിക്കാനായുള്ളുവെങ്കിലും നടത്തയുടെ ക്ഷീണവും തണുപ്പിന്റെ കാഠിന്യവുമൊക്കെ അകന്ന് ഞാന്‍ ഉന്മേഷവാനായി.

ആദികൈലാസം

ഗ്രാമീണരും പട്ടാളക്കാരുമായി ഏറെനേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. മലയിടിച്ചിലും ഹിമപാതവും റോഡുവെട്ടലും സംസാര വിഷയമായി. മാല്‍പാദുരന്തത്തിനു കാരണം സ്ത്രീകളുടെ ആര്‍ത്തവമാണെന്ന ‘മലയാളി’വാദം പൊട്ടിച്ചിരിയോടെയാണ് അവര്‍ വരവേറ്റത്. അത് അവര്‍ക്ക് പുതിയൊരറിവായിരുന്നു. സമയം എട്ടുമണി കഴിഞ്ഞു. അപ്പോഴാണ് ഒരു വൃദ്ധ അവിടെയെത്തിയത്. കട നടത്തിപ്പുകാരിയുടെ അമ്മൂമ്മയാണ്. ഒപ്പം ഞങ്ങളുടെ ഗൈഡ് അനിലുമുണ്ട്. അവന്‍ ഗ്രാമത്തിലേയ്ക്ക് പോയിരിക്കുകയായിരുന്നു. അവന്റെ ഒരുപാട് ബന്ധുക്കള്‍ അവിടെയുണ്ട്. വന്നയുടനെതന്നെ അമ്മൂമ്മ ഞങ്ങളൊഴികെ അവിടെ കുടിച്ചും കഴിച്ചും കൊണ്ടിരുന്നവരോട് സമയം കഴിഞ്ഞുവെന്ന മുന്നറിയിപ്പുനല്‍കി. ഞങ്ങളപ്പോള്‍ ‘ആര്‍ത്തവ’ചര്‍ച്ചയിലായിരുന്നു. അമ്മൂമ്മ ചര്‍ച്ചയിലേര്‍പ്പെട്ട് പറഞ്ഞു, ”സ്ത്രീകളുടെ മാസമുറയും ആണും പെണ്ണും ഒരുമിച്ചുകഴിയുന്നതുമൊക്കെ പ്രകൃതിസഹജമാണ്. മനുഷ്യനില്‍ മാത്രമല്ല ഇവിടത്തെ എല്ലാ ജീവികളിലും അതുണ്ട്, ചെടിയിലും പൂവിലും വരെ ഞാനതു കണ്ടിട്ടുണ്ട്. പക്ഷെ, ഈ സര്‍ക്കാര്‍പരിപാടിയനുസരിച്ച് കുറേ ആണുങ്ങള്‍ ഒരുമിച്ചുവന്ന് കെട്ടിപ്പിടിച്ച് നടക്കുന്നതു കാണുമ്പോള്‍ എന്തോ കുഴപ്പം തോന്നാറുണ്ട്. അതല്ലേ പ്രകൃതിവിരുദ്ധം?” കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അനുവദിക്കാതെ അവര്‍ എല്ലാവരെയും എഴുന്നേല്‍പിച്ചുവിട്ടു. തലചായ്ച്ചിരുന്ന ഒരാളെ തൂക്കിയെടുത്ത് അവര്‍ പുറത്താക്കി. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, ”പാവങ്ങളാണിവരൊക്കെ. പക്ഷെ കൂടുതല്‍ കുടിച്ചാല്‍ നിങ്ങളെയിന്ന് ഉറങ്ങാന്‍ സമ്മതിക്കില്ല. എന്നെ പേടിയല്ല, സ്‌നേഹമാണവര്‍ക്ക്, അതുകൊണ്ടാണ് അനുസരിച്ചത്. നാളെ നിങ്ങള്‍ക്ക് ഒരുപാട് നടക്കാനുണ്ട്. അതുകൊണ്ട് കഴിച്ചിട്ട് പെട്ടെന്നുറങ്ങ്. ഞങ്ങള്‍ക്ക് പാത്രമൊക്കെ കഴുകിവച്ച് വീട്ടില്‍ പോകണം. രാവിലെയെത്തി നിങ്ങള്‍ പോകുന്നതിനുമുമ്പ് കഴിക്കാനുള്ളത് ഉണ്ടാക്കിത്തരുകയും വേണം.” സ്‌നേഹംനിറഞ്ഞ ആ ആജ്ഞ ഞങ്ങള്‍ സ്വീകരിച്ചു. അര മണിക്കൂറിനുള്ളില്‍ പണിതീര്‍ത്ത് അമ്മൂമ്മയും മോളും ഗ്രാമത്തിലേക്കുപോയി.

തണുപ്പുകാരണം ഉറക്കം വരുന്നില്ല. ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് ഞാന്‍ പുറത്തിറങ്ങി. തണുപ്പിനെ പ്രതിരോധിക്കാനുള്ള എല്ലാ വസ്ത്രങ്ങളും അണിഞ്ഞിട്ടും കിടുകിടാ വിറയ്ക്കുന്നു. അപ്പോള്‍ എന്നെപ്പോലെ ഉറക്കമില്ലാത്ത ഓരോരുത്തരായി ചന്ദ്രനിലെത്തിയ മനുഷ്യരെപ്പോലെ വേഷങ്ങളണിഞ്ഞ് പുറത്തെത്തി. ആകാശത്ത് ഓടിനടക്കുന്ന മേഘങ്ങള്‍ക്കിടയില്‍ ചന്ദ്രനെ അന്വേഷിച്ചും, മഞ്ഞുമലകളില്‍ നിലാവ് തിളങ്ങുന്നുണ്ടോ എന്നു നോക്കിയും കുറച്ചുനേരമേ ഞങ്ങള്‍ക്കവിടെ നില്‍ക്കാനായുള്ളു. പെട്ടെന്ന് അകത്തുകയറി, കാറ്റൊന്നും കടക്കാത്തവിധം വാതിലുകള്‍ കുറ്റിയിട്ട്, ഉറക്കം ഞെട്ടിപ്പോയ ഒരു രാത്രിയിലേക്ക്.

കുട്ടിയിലേയ്ക്ക്

ഗുന്‍ജിയില്‍ നിന്ന് കുട്ടിയിലേക്ക് 18 കി.മീ. ദൂരമുണ്ട്. ഈ യാത്രയിലെ അവസാനഗ്രാമമാണ് കുട്ടി. 11 കി.മീ. അകലെ നംബയില്‍ നദിക്കിപ്പുറം വരെ പട്ടാളട്രക്ക് പോകുന്ന വഴിയുണ്ട്. എന്നാല്‍ ഗാര്‍ബാങ്ങില്‍ നിന്ന് ഗുന്‍ജിയിലേക്കോ അവിടെനിന്ന് കാലാപാനിയിലേക്കോ പോകുന്നതുപോലെ എല്ലാദിവസവും ഇവിടേക്ക് പട്ടാളവണ്ടികള്‍ പോകാറില്ല. അതുകൊണ്ട് നടക്കുകയേ വഴിയുള്ളു.

ഗുന്‍ജിയില്‍ നിന്ന് നദിയുടെ വലതുകരയിലൂടെ (അങ്ങോട്ടു നടക്കുമ്പോഴാണ് വലത്. നദിയുടെ ഒഴുക്കിന്റെ ഗതിയനുസരിച്ചാണ് സാധാരണയായി വലതും ഇടതും നിര്‍ണയിക്കുക. അതനുസരിച്ചെങ്കില്‍ ഇത് ഇടതുകര) രണ്ടു കി.മീ. നടക്കുമ്പോള്‍ വലതുവശത്ത് മുകളിലായി നാഭി എന്ന ചെറുഗ്രാമം. ഇന്ത്യയിലെ, പ്രത്യേകിച്ചും ഹിമാലയത്തിലെ, പല ഗ്രാമങ്ങള്‍ക്കുമെന്നപോലെ പുരാണകഥകളുടെ ആവര്‍ത്തനമായി ഇവിടെയും ‘നാഭി’ക്ക് പല കഥകളുണ്ട്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍വരെ ഈ കഥകള്‍ കേട്ടുതഴമ്പിച്ചതുകൊണ്ട് അതൊന്നും മനസ്സില്‍ തട്ടുന്നതായിരുന്നില്ല. നാഭി ഗ്രാമത്തിന്റെ മറുപതിപ്പെന്നപോലെ നദിയുടെ മറുവശത്ത് മനോഹരമായ ഒരു കുഞ്ഞുഗ്രാമം; റൊങ്കോങ്ങ്. അത് നേപ്പാളിലാണ്.

ആദികൈലാസവഴിയില്‍

പൈന്‍, ദേവതാരു, ഭോജ്പത്ര മരങ്ങളുടെ കാടുകളാണ് ചുറ്റിനുമുള്ള മലകളില്‍. മഞ്ഞുകാലത്തെ വരവേല്‍ക്കാനായി അവയൊക്കെ ഇലപൊഴിക്കാന്‍ തയ്യാറെടുക്കുകയാണ്. ഭോജ്പത്രകളൊക്കെ കടുംമഞ്ഞയായിക്കഴിഞ്ഞു. ഇവയുടെ തടിയില്‍നിന്ന് പാളിയായി ഇളക്കിയെടുക്കാവുന്നതും ചുരുട്ടിവച്ച് കാലങ്ങളോളം സൂക്ഷിക്കാവുന്നതുമായ തൊലിയിലാണ് പണ്ടുകാലത്ത് ഗ്രന്ഥങ്ങളും വിലപ്പെട്ട വിവരങ്ങളും എഴുതി സൂക്ഷിച്ചിരുന്നത്. (മുന്‍പൊരു ഹര്‍കിദൂണ്‍ യാത്രയില്‍ ഈ ‘കടലാസു’കള്‍ ശേഖരിച്ച് എഴുതി നോക്കിയിട്ടുണ്ട്. അവ ഏറെനാള്‍ സൂക്ഷിച്ചെങ്കിലും വീടുമാറ്റങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ടുപോയി). ചില മരങ്ങള്‍ ചുവപ്പണിഞ്ഞിരിക്കുന്നു, ചിലവ പിങ്ക്, ചിലവയുടെ മഞ്ഞയില്‍ സൂര്യരശ്മികള്‍ പതിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത നിറത്തിളക്കം, ഇപ്പോഴും പച്ചപ്പുമായി മറ്റുചിലവ. ആരോ നട്ടുവളര്‍ത്തി പരിപാലിക്കുന്ന പൂന്തോട്ടംപോലെ പ്രകൃതി ഞങ്ങള്‍ക്കുമുന്നില്‍ വൈവിദ്ധ്യമാര്‍ന്ന ചിത്രങ്ങള്‍ രചിച്ചുകൊണ്ടിരുന്നു. ഇവയ്ക്ക് മിഴിവേകാനെന്നപോലെ അരികിലൂടെ കുട്ടിനദിയുടെ നീലയും… ഇടയ്ക്ക് തൊട്ടടുത്ത പര്‍വതമുകളില്‍ പച്ചപ്പിന്റെ പശ്ചാത്തലത്തില്‍ ചുവപ്പുകൊണ്ട് ഒരു ഇന്ത്യന്‍ ഭൂപടം… ഇവയ്ക്കിടയിലും തൊട്ടടുത്തുനടന്ന മലയിടിച്ചിലിന്റെ ബാക്കിപത്രമായി മലഞ്ചരിവുകളില്‍ പാറക്കഷണങ്ങളും ചരലും മണ്ണും… വഴിയരികിലെ കൃഷിയിടത്തില്‍ പണിയെടുത്തുനില്‍ക്കുന്ന പെണ്‍കുട്ടികള്‍ പണിക്കിടയിലും തലമുടി പിന്നോട്ടൊതുക്കി നിഷ്‌കളങ്കമായ പുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു… എല്ലാം ചേര്‍ന്നതാണ് പ്രകൃതി.

നദിയോടു ചേര്‍ന്നുള്ള വഴി ഇടിഞ്ഞുപോയിരിക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷിതമായി പാറപൊട്ടിച്ച് ഗുഹയ്ക്കുള്ളിലൂടെന്നപോലെ വഴിയുണ്ടാക്കിയിരിക്കുന്നു. കുതിരകളിലും കോവര്‍കഴുതകളിലുമൊക്കെ സാധനങ്ങള്‍ കയറ്റി ഗ്രാമീണര്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു. ചിലര്‍ കുട്ടിയിലേക്ക്, ചിലര്‍ ആദികൈലാസത്തിന്റെ ബേസ്‌ക്യാമ്പായ ജോളിങ്‌കോങിലേക്ക്.

നംബ എത്തുന്നതിന് ഏകദേശം നാലു കി.മീ. മുമ്പ് കുട്ടിനദിയിലേക്ക് അപ്പുറത്തെ മലനിരകളില്‍നിന്നൊഴുകിവരുന്ന ഗാന്ധാരം എന്ന നദി സംഗമിക്കുന്നു. ഇവിടെ നദീതടം വിസ്തൃതമാണ്. ഏത് ഒരുമിക്കലും പോലെ ഹൃദയഹാരിയാണ് ഈ ദൃശ്യവും. മാനസസരസ്സില്‍ നിന്ന് ഒഴുകിയെത്തുന്നതാണ് ആ നദിയെന്ന് കുട്ടി ഗ്രാമക്കാരനായ വീരേന്ദര്‍ പറഞ്ഞു. ആദികൈലാസത്തിനുതാഴെ പാര്‍വതിതടാകത്തില്‍നിന്ന് ഒഴുകിയെത്തുന്ന കുട്ടിയും കൈലാസത്തിനുതാഴെ മാനസസരസ്സില്‍ നിന്ന് ഒഴുകിയെത്തുന്ന ഗാന്ധാരവും. ഭാവനയ്ക്ക് ചിറകുവിടരാന്‍ ഇനിയെന്തുവേണം! ഭാരതീയ പുരാണങ്ങളും ഇതിഹാസങ്ങളും നാടോടിക്കഥകളും കെട്ടുപിണഞ്ഞ് ഒരു ഉപഭൂഖണ്ഡത്തെയാകെ നൂറ്റാണ്ടുകളോളം ഒന്നാക്കി നിര്‍ത്തിയിട്ടും അവയില്‍ നിന്നുള്ള ഊര്‍ജം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിച്ചതിന്റെയും ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെയും ഫലമാണല്ലോ വിഭജനങ്ങളും യുദ്ധങ്ങളും കൂട്ടക്കൊലകളും. ഈ പാഠം പഠിപ്പിക്കാനുണ്ടാക്കിയ മഹാഭാരതം ഇപ്പോള്‍ പാഠത്തെത്തന്നെ കൊഞ്ഞനംകുത്തിക്കൊണ്ട് ഉറഞ്ഞാടുമ്പോള്‍ ഇത്തരം കഥകള്‍ അയവിറക്കുന്നതുപോലും സദാചാരപ്പോലീസുകാരായ ‘രാമ’ന്മാരെ സൃഷ്ടിക്കാനേ ഉപകരിക്കൂ.

ബുധിയിലെ താമസസ്ഥലത്ത്

പൂക്കളില്ലാതെ പൂക്കളം സൃഷ്ടിക്കുന്ന പ്രകൃതിയുടെ കൈവിരുതാണ് തുടര്‍ന്നുള്ള വഴിയിലെങ്ങും. മഞ്ഞുമൂടിയ പര്‍വതനിരകളും, തൊട്ടടുത്ത് പുഞ്ചിരി സമ്മാനിച്ചൊഴുകുന്ന കുട്ടിനദിയുടെ നീലകലര്‍ന്ന പച്ചപ്പും, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഇപ്പോഴും തോന്നിപ്പിക്കുന്ന പല നിറങ്ങളണിഞ്ഞ ഇലപൊഴിയും മരങ്ങളും, അവയ്ക്കിടയില്‍ കായ്ക്കാതിരിക്കാനെനിക്കാവതില്ലേയെന്ന് നിശബ്ദമായി കായ്ച്ചുപഴുത്തു തുടുത്തുനില്‍ക്കുന്ന പേരറിയാത്ത ഹിമാലയന്‍ കാട്ടുപഴങ്ങളും.

ഉച്ചയ്ക്ക് ഒരുമണിയോടെ 11 കി.മീ. നടന്ന് നദിക്കരയില്‍ കല്ലടുക്കിയുണ്ടാക്കിയിരിക്കുന്ന ‘നംബ ഹോട്ടല്‍’ എന്ന് ബോര്‍ഡുവച്ച ഇടത്തെത്തി. പി.ഡബ്ലിയു.ഡി.യുടെ ഒരു കെട്ടിടം തൊട്ടടുത്തുണ്ടെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നു. ഹോട്ടലില്‍ നടത്തിപ്പുകാരനായി ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഗുന്‍ജിയില്‍ നിന്ന് കരുതിയിരുന്ന പൂരിക്കൊപ്പം അയാള്‍ ഉണ്ടാക്കിത്തന്ന ചൂടുചായയും… വീണ്ടും നദിക്കരയിലൂടെ. കാലിന് തളര്‍ച്ചയേറിയെങ്കിലും, തണുപ്പ് കൂടിവന്നെങ്കിലും ദൃശ്യചാരുത പകരുന്ന ഊര്‍ജം മനസ്സിനെ മുന്നോട്ടുനയിച്ചു. ഏഴ് കി.മീ. കൂടി നടന്ന് കുട്ടി (13,000 അടി) യില്‍.

കുട്ടി എന്ന കുന്തിഗ്രാമം

ഗ്രാമത്തിലേക്ക് സ്വാഗതമോതിക്കൊണ്ടുള്ള വളഞ്ഞ കമാനം കടന്ന് പുരാതനഗ്രാമത്തിലേക്ക്. ഈ യാത്രാവഴിയിലെ അവസാനത്തേതും ഏറ്റവും വലുതും പഴക്കമേറിയതും ഏറ്റവും സമ്പന്നവുമായ ഗ്രാമമാണ് കുട്ടി. വനവാസകാലത്ത് പാണ്ഡവരും മാതാവ് കുന്തിയും 12 വര്‍ഷം ഇവിടെയാണത്രെ താമസിച്ചിരുന്നത്. മഹാകവിയും സന്ന്യാസിവര്യനുമായ വ്യാസന്‍ ഏറെക്കാലം ഇവിടെ താമസിച്ച് ഗ്രന്ഥരചന നടത്തിയിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.

പ്രവേശനകവാടത്തില്‍തന്നെ കോട്ടപോലെ ഒരു കുന്നുണ്ട്. മുകളില്‍ ചെറിയൊരു ക്ഷേത്രത്തിനരികില്‍ കൊടി പാറുന്നു. പാണ്ഡവക്കോട്ട എന്നാണ് ഇതിനെ ഗ്രാമീണര്‍ വിളിക്കുന്നത്. ഗ്രാമത്തിനു തൊട്ടുപിന്നിലുള്ള മലമുകളില്‍ കുന്തിയുടെ ക്ഷേത്രമുണ്ട്… ചുറ്റും വന്‍കൊടുമുടികളുടെ കോട്ട. അതിനിപ്പുറം ചെറിയ പര്‍വതങ്ങളുടെ രണ്ടാം കോട്ട. അവയ്ക്കു നടുവിലുള്ള സമനിലത്താണ് ഗ്രാമം.

കല്ലുകള്‍ അടുക്കിയതുപോലെ കെട്ടിയ ചുമരുകളും സ്ലേറ്റ്പാകിയ മേല്‍ക്കൂരയും. വാതിലുകളും ജനാലകളും ദേവതാരുതടികൊണ്ട് നിര്‍മ്മിതം. അവയില്‍ മനോഹരമായ കൊത്തുപണികള്‍. ഗുന്‍ജി ഗ്രാമത്തിലേതുപോലെതന്നെ ഇവിടെയും അടുത്തടുത്തുള്ള വീടുകള്‍ക്കിടയിലൂടെ ഇടുക്കുവഴികള്‍. പരിചയമില്ലാത്തവര്‍ ചിലപ്പോള്‍ ആ വഴികളില്‍ ചുറ്റിക്കറങ്ങിയെന്നിരിക്കും. എല്ലാവഴിയും ഒരുപോലെയാണ്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള നീര്‍ച്ചാലുകളും ഈ വഴികളിലുണ്ട്… മഞ്ഞുകാലത്ത് ഏറെപ്പേരും താഴേക്ക് പോകുമെങ്കിലും ചില കുടുംബങ്ങള്‍ ഇവിടെത്തന്നെ താമസിക്കുമത്രെ.

ഐ.ടി.ബി.പി.യുടെ ഔട്ട്‌പോസ്റ്റ് ഇവിടെയുമുണ്ട്. മുകളിലേക്ക് പോകുന്നതിനുമുമ്പ് പെര്‍മിറ്റ് ഇവിടെയും കാണിക്കണം. സൈന്യത്തിന്റെ സാറ്റലൈറ്റ് ഫോണ്‍ മറ്റുള്ളവര്‍ക്കും ഉപയോഗിക്കാന്‍ അനുവാദമുണ്ട്. കോളിന്റെ ദൈര്‍ഘ്യമനുസരിച്ച് പണം നല്‍കിയാല്‍ മതി. കുറച്ചുദിവസങ്ങള്‍ക്കുശേഷം പലരും പുറംലോകത്തേക്ക് ബന്ധപ്പെട്ടത് ഈ ഫോണ്‍ വഴിയാണ്.

ബുധിയില്‍ നിന്നുള്ള കാഴ്ച

വീടിനൊപ്പം യാത്രികര്‍ക്കും സൗകര്യമൊരുക്കുന്ന ‘പര്യടന്‍ ഗൃഹ്’ എന്ന് ബോര്‍ഡുവച്ച ഇടത്താണ് ഞങ്ങള്‍ തങ്ങിയത്. ഇവിടെയും മുറിയൊരുക്കുന്നതിലും ഭക്ഷണം തയ്യാറാക്കുന്നതിലും കച്ചി എന്ന നാടന്‍വാറ്റ് നല്‍കുന്നതിലും ഭര്‍ത്താവിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. അവിടെ വന്നുപോകുന്നവരിലും പരിചയപ്പെട്ടവരിലും സ്ത്രീയെ മാറ്റിനിര്‍ത്തുന്ന മനോഭാവം കണ്ടില്ല… കുരുമുളക് ചേര്‍ത്തിട്ടുള്ള വലിയ പപ്പടം ചുട്ടെടുത്തതായിരുന്നു എന്റെ പ്രധാന ഭക്ഷണം. ഈ ഗ്രാമങ്ങളിലെല്ലാം കന്നുകാലിവളര്‍ത്തല്‍ ഉള്ളതുകൊണ്ട് തൈര് സുലഭമാണ്.

ഞങ്ങളുടെ ഗൈഡ് വീരേന്ദറിന്റെ അച്ഛന്റെ അമ്മയായിരുന്നു കാക്കി മാ എന്നറിയപ്പെട്ടിരുന്ന സന്ന്യാസിനി. മൂന്നുവര്‍ഷം മുമ്പ് അവര്‍ മരിച്ചു. ഗ്രാമത്തിലെ ആദ്ധ്യാത്മികമായ കാര്യങ്ങളിലെല്ലാം തീരുമാനമെടുത്തിരുന്നത് കാക്കി മായോട് ആലോചിച്ചായിരുന്നത്രെ. അമ്മൂമ്മയുടെ പാരമ്പര്യം ഇപ്പോള്‍ അച്ഛനാണ്. പിതൃക്കളെ ആരാധിക്കുന്ന ഗ്രാമീണര്‍ കാക്കി മായെയും ആരാധിക്കുന്നു.

മുകള്‍ത്തട്ടിലേയ്ക്ക്

13,000 അടിയില്‍ നിന്ന് 15,646 അടി (4770 മീ.) യിലേക്കുള്ള നടത്തയാണ് കുട്ടിയില്‍ നിന്ന് ആദികൈലാസത്തിന്റെ അടിസ്ഥാനക്യാമ്പായ ജോളിങ്‌കോങ്ങിലേക്ക്. അതികഠിനമാണ് ഈ കയറ്റം. ഉയരത്തിനൊപ്പം തണുപ്പ് കൂടുകയും ഓക്‌സിജന്‍ കുറയുകയും ചെയ്യുന്നതിനാല്‍ ഓരോ അടിവയ്പും ആയാസകരമാണ്.

രാവിലെ ഏഴുമണിയോടെ ഞങ്ങള്‍ യാത്രതിരിച്ചു. ഒരു മണിക്കൂറോളം ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും മാത്രം. പിന്നെ കുത്തനെയൊരിറക്കമിറങ്ങി, കുട്ടി നദിക്കു കറുകെയുള്ള പാലംകടന്ന് കയറ്റത്തിലേക്ക്. തുടര്‍ന്ന് വന്‍കയറ്റങ്ങള്‍ മാത്രം. മരങ്ങളൊന്നും ഇല്ലാത്ത ഉയരത്തിലേക്ക് എത്തിയിരിക്കുന്നു. അടുത്തു കാണുന്നതൊക്കെ പാറകളും മണ്ണുംമാത്രമുള്ള പര്‍വതങ്ങള്‍. ചിലയിടങ്ങളില്‍ പറ്റിപ്പിടിച്ചുവളരുന്ന പുല്ലുകളും പല നിറങ്ങളിലുള്ള കുറ്റിച്ചെടികളും. ഇടയ്ക്ക് ചില മലകളില്‍ ഇലപൊഴിച്ച ഭോജ്പത്രകള്‍ക്കിടയില്‍ ഇലപൊഴിക്കാന്‍ തയ്യാറെടുത്തുനില്‍ക്കുന്നവയുടെ തിളങ്ങുന്ന മഞ്ഞ. അകലെ മഞ്ഞണിഞ്ഞ കൊടുമുടികള്‍. പര്‍വതങ്ങളുടെ ഉച്ചിയിലുള്ള ചില വന്‍പാറകളില്‍ അവിടവിടെയായി വീണിരിക്കുന്ന മഞ്ഞ് രചിച്ച ചിത്രങ്ങളുടെ അത്ഭുതം. തെളിഞ്ഞ നീലാകാശത്ത് പല രൂപങ്ങള്‍ നെയ്യുന്ന വെണ്‍മേഘങ്ങളുടെ എത്തിനോട്ടം.

ഉച്ചയ്ക്ക് രണ്ടുമണിയോടെ അകലെ പൊട്ടുപോലെ ജോളിങ്‌കോങിലെ ഫൈബര്‍ ടെന്റുകള്‍ കണ്ടുതുടങ്ങി. പക്ഷെ എത്ര നടന്നിട്ടും എത്തുന്നില്ല. മൂന്നുമണിയായപ്പോഴേക്കും ഞാനാകെ തളര്‍ന്നുപോയി. ഒരടി മുന്നോട്ടുനീങ്ങാനാവാത്തവിധം ശരീരം കുഴയുന്നു. ഇപ്പോള്‍ എത്തുമെന്ന് തോന്നുന്നെങ്കിലും നടക്കുംതോറും ജോളിങ്‌കോങ് അകലുന്നതുപോലെ. മറ്റുള്ളവരൊക്കെ ഏറെ മുന്നിലെത്തിക്കഴിഞ്ഞു. അപ്പോഴതാ പിന്നില്‍ അകലെനിന്ന് ഒരു കുതിര വരുന്നു. മുകളില്‍ കുതിരക്കാരനുണ്ട്. അവര്‍ അടുത്തെത്തുന്നതും കാത്ത് ഞാന്‍ നിലത്തിരുന്നു. എനിക്കടുത്തെത്തിയപ്പോള്‍ കുതിരക്കാരന്‍ നിലത്തിറങ്ങി ചോദിച്ചു, ”കയറുന്നോ?” എനിക്കുവേണ്ടി കൈലാസനാഥന്‍ അയച്ചതാണോ ഇയാളെയും കുതിരയെയുമെന്ന് ഞാന്‍ അന്തംവിട്ടു. ഞാന്‍ എണീറ്റപ്പോള്‍ അയാളുടെ അടുത്ത ചോദ്യം, ”എത്ര രൂപ തരും?” ഇനി വളരെക്കുറച്ചു ദൂരമേ നടക്കാനുള്ളുവെങ്കിലും ഞാനത് നടന്നെത്തുമ്പോള്‍ ചിലപ്പോള്‍ രണ്ടുമണിക്കൂറിലേറെ എടുത്തേക്കും. ദൂരം മനസ്സില്‍ വച്ച്, നൂറുരൂപ കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് ഒട്ടും ശേഷിയില്ലെന്ന് മനസ്സിലാക്കിയ അയാള്‍ വിലപേശാന്‍ തുടങ്ങി. ആയിരമാണ് അയാള്‍ ചോദിക്കുന്നത്. പറഞ്ഞുപറഞ്ഞ് ഞാന്‍ അഞ്ഞൂറുവരെയെത്തി. പക്ഷെ അയാള്‍ തയ്യാറാകാതെ കുതിരയുമായി മുന്നോട്ടുപോയി. വിലപേശല്‍ മടുത്ത ഞാന്‍ ഇഴയുന്ന രൂപത്തിലാണെങ്കിലും നടക്കാന്‍ തീരുമാനിച്ചു. എത്താതെ വഴിയില്ലല്ലോ. അയാളപ്പോള്‍ തിരിഞ്ഞ് എഴുന്നൂറെന്ന് അവസാനവാക്കുപറഞ്ഞു. നടന്നുതുടങ്ങിയപ്പോള്‍തന്നെ ശേഷിയില്ലെന്ന് സ്വയം ബോധ്യമായ ഞാന്‍ സമ്മതിച്ച് കുതിരപ്പുറത്തു കയറി. കൈലാസനാഥന്‍ എനിക്കുവേണ്ടി മാത്രമുള്ളതല്ലല്ലോ എന്ന് കുതിരപ്പുറത്തിരുന്ന് ഞാനോര്‍ത്തു. താഴെ മുതല്‍ ഒരിരയെക്കാത്തുവരുന്ന കുതിരക്കാരനെയും എന്നെയും നാഥന് സഹായിക്കണമല്ലോ എന്നോര്‍ത്ത് മനസ്സില്‍ ചിരിച്ചു. ഒപ്പം നടന്ന അയാള്‍ ഫ്‌ളാസ്‌കില്‍ കരുതിയിരുന്ന ചുടുചായ കപ്പില്‍ പകര്‍ന്നുതന്ന് ശരീരത്തെ ചൂടാക്കി, മനസ്സിനെ തണുപ്പിച്ചു… മറ്റുള്ളവര്‍ക്കൊപ്പം ഞാനും ജോളിങ്‌കോങിലെത്തി. അപ്പോഴേക്കും മഴ ചാറാന്‍ തുടങ്ങി.

കുട്ടിയിലേക്ക്‌ പാറ പൊട്ടിച്ച് ഉണ്ടാക്കിയ വഴി

ചുറ്റും നോക്കി. എവിടെ ആദികൈലാസം? മഴച്ചാറ്റലിനിടയില്‍ അതുവരെ കണ്ടിരുന്ന പര്‍വതങ്ങള്‍ പോലും അപ്രത്യക്ഷമായിരിക്കുന്നു. ഇതുവരെ എത്തിയിട്ട് ആദികൈലാസം കാണാനാകാതെവരുമോ? ഐ.ടി.ബി.പി.യിലെ പട്ടാളക്കാര്‍ ഞങ്ങളെ ആശ്വസിപ്പിച്ചു, ”മഴയിപ്പോള്‍ തീരും. നിങ്ങള്‍ ചായകുടിച്ചിട്ട് ടെന്റില്‍ കയറിക്കോളൂ.” അവര്‍ നല്‍കിയ ചായ കുടിച്ച്, ഗൈഡുമാര്‍ ഞങ്ങള്‍ക്കായി പറഞ്ഞുവച്ചിരുന്ന ഫൈബര്‍ ടെന്റിനുള്ളിലേക്കു കയറി കട്ടിലില്‍ നീണ്ടുനിവര്‍ന്നുകിടന്നു. ടെന്റെന്നല്ല ഹട്ട് എന്നാണ് ഇതിനെ വിളിക്കുന്നത്.

ഇരുട്ടെത്തിത്തുടങ്ങിയപ്പോള്‍ മഴ നിലച്ചു. പക്ഷെ തണുപ്പ് ഇരട്ടിച്ചുകൊണ്ടിരുന്നു. പുറത്ത് മൈനസ് ഡിഗ്രിയാണെന്ന് ചന്ദന്‍സിംഗ്. ഇവിടെ നിന്നാല്‍ ആദികൈലാസ ദര്‍ശനം പൂര്‍ണമായി സാധ്യമല്ലെന്നും അല്‍പംകൂടി കഴിഞ്ഞിട്ട് കുറച്ചപ്പുറത്തേക്കു പോകാമെന്നും ചന്ദന്‍. അല്‍പനേരത്തിനുള്ളില്‍ അന്തരീക്ഷം പൂര്‍ണമായി തെളിഞ്ഞു. ആകാശത്ത് തൊട്ടടുത്തെന്നപോലെ പൂര്‍ണചന്ദ്രനെത്തി. ഞങ്ങള്‍ പുറത്തിറങ്ങി മുന്നോട്ടു നടന്നു.

ആദികൈലാസദര്‍ശനവും പാര്‍വതി താലും

ഇടതുവശത്ത് ഇരുട്ടില്‍ മുങ്ങിനില്‍ക്കുന്ന ഒരു മലയ്ക്കപ്പുറമെത്തിയപ്പോള്‍ മുന്നില്‍ പോയവര്‍ ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞു, ”അതാ ആദികൈലാസം!” കണ്ടു, അതാ നിലാവില്‍ കുളിച്ച് കൈലാസം തലയെടുപ്പോടെ. ആദികൈലാസമെന്നും ചോട്ടാ കൈലാസമെന്നും ബാബാ കൈലാസമെന്നും ജോളിങ്‌കോങ് കൊടുമുടിയെന്നും പേരുള്ള വിശുദ്ധപര്‍വതം. കൂട്ടത്തിലെ വലിയ ഭക്തര്‍ നിലത്തുവീണ് തൊഴുതു.

ടിബറ്റിലെ കൈലാസത്തിന്റെ അതേ രൂപമാണ് ആദികൈലാസത്തിനും. മുകളില്‍ കയറുകൊണ്ട് കെട്ടിയതുപോലെ, കിരീടം പോലെ ഒരു പാട്. ആകാശത്ത് പൂര്‍ണചന്ദ്രനും ഒറ്റനക്ഷത്രവും. നിലാവെളിച്ചത്തില്‍ എന്തൊരു ഗാംഭീര്യമാണതിന്!

മൈനസ് ഡിഗ്രിയില്‍ ക്യാമറ നിശ്ചലം. നീ പടമെടുക്കേണ്ട, കണ്ടാല്‍ മതിയെന്ന് കൈലാസനാഥന്‍ പറയുന്നതുപോലെ. ക്യാമറ പൂട്ടിക്കെട്ടി ഏറെനേരം ആ അതീത സൗന്ദര്യം ആസ്വദിച്ചുനിന്നു. മഞ്ഞുവസ്ത്രങ്ങളെല്ലം ധരിച്ചിട്ടും കുറച്ചുസമയംകൊണ്ട് ശരീരമാകെ മരവിക്കുന്നതുപോലെ തോന്നിയപ്പോള്‍ തിരികെ ടെന്റിലേക്കു നടന്നു.

ആദികൈലാസ കൊടുമുടി (6191 മീ. – 20,312 അടി) യെ വിശുദ്ധപര്‍വതമായി ആരാധിക്കുന്നതുകൊണ്ട് മുകളിലാരും കയറാന്‍ പാടില്ലെന്നാണ് വിശ്വാസം. അതുകൊണ്ട് പര്‍വതാരോഹകരൊന്നും അതിന് ശ്രമിക്കാറില്ലായിരുന്നു. എന്നാല്‍ മുകളറ്റത്ത് കയറില്ലെന്നും 30 അടി താഴെവരെ മാത്രമേ പോകൂ എന്നുമുള്ള ഉറപ്പില്‍ 2002 ഒക്ടോബറില്‍ ഒരു സംഘം കയറിയെങ്കിലും പുതയുന്ന മഞ്ഞും കാലാവസ്ഥാമാറ്റവും കാരണം അവര്‍ക്ക് 600 അടി താഴെവരെ മാത്രമേ പോകാനായുള്ളു. തുടര്‍ന്ന് 2004 ഒക്ടോബര്‍ എട്ടിന് (പത്തുവര്‍ഷം മുമ്പ് ഇതേദിവസം) ഒരു ബ്രിട്ടീഷ്-സ്‌കോട്ടിഷ്-അമേരിക്കന്‍ സംഘം ആദ്യമായി കൊടുമുടിക്കു മുകളിലെത്തി. കൈലാസവിശുദ്ധിയെ മാനിച്ച് അവര്‍ മുകളില്‍ കാല്‍ചവിട്ടിയില്ല. 30 അടി താഴെവരെ മാത്രം.

പാര്‍വതി താല്‍

രാവിലെ അടുത്തുനിന്നുള്ള കൈലാസദര്‍ശനത്തിനും പാര്‍വതി താലിലേക്കുമായി യാത്രയായി. അടുത്തേയ്ക്ക് നടന്ന് ആദികൈലാസത്തെ പൂര്‍ണതയില്‍ ദര്‍ശിച്ചു. നല്ല കാലാവസ്ഥയായിരുന്നതിനാല്‍ തെളിഞ്ഞ നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ വെയിലേറ്റ് തിളങ്ങിനിന്ന ആദികൈലാസം മനസ്സിന് ആഹ്ലാദകരമായ ഉന്മേഷം പകര്‍ന്നു. ആദ്ധ്യാത്മികമായ സായുജ്യമടയലെന്നു പറയുന്നതും ഭക്തിലഹരിയിലാറാടിയെന്നു പറയുന്നതും വിശുദ്ധിയുടെ അത്യുന്നതിയിലെത്തിയെന്നു പറയുന്നതും ഇതുതന്നെയാകാം. ഏത് വിശേഷണങ്ങള്‍ നല്‍കിയാലും ആ കാഴ്ചയില്‍ ആരും ധ്യാനനിമഗ്നരായിപ്പോകും. ഭക്തരല്ലാത്തവരും കൈകൂപ്പിപ്പോകും. ഇതല്ലെങ്കില്‍ പിന്നെന്താണ് ദൈവസങ്കല്‍പം? കൊടുമുടിയിലെ ഹിമാനികളില്‍നിന്ന് ഉറവെടുക്കുന്ന ഒരു നീര്‍ച്ചാല്‍ ജോളിങ്‌കോങിലൂടൊഴുകുന്നു. കുട്ടിനദിയുടെ ഒരു സ്രോതസ്സാണത്.
രണ്ടു കി.മീ. കയറ്റം കയറി അടുത്തൊരു മലമുകളിലെത്തുമ്പോള്‍ വീണ്ടുമതാ ദൈവക്കാഴ്ചകള്‍. താഴെ പാര്‍വതി തടാകം. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട്, നടുവില്‍ ശാന്തഗംഭീരമായ നീലയില്‍ പാര്‍വതി താല്‍ എന്നും പാര്‍വതി സരോവരം എന്നും അറിയപ്പെടുന്ന തടാകം. കരയില്‍ ശിവന്റെയും പാര്‍വതിയുടെയും ക്ഷേത്രം. തപസ്സിലായിരുന്ന കാലത്ത് പര്‍വതപുത്രിയായ പാര്‍വതി ഇവിടെ ഏറെക്കാലം കഴിഞ്ഞിട്ടുണ്ടത്രെ. കൈലാസപര്‍വതത്തിന് മാനസസരസ്സ് എന്നതുപോലെയാണ് ആദികൈലാസത്തിന് പാര്‍വതി താല്‍. തടാകത്തിലെ വെള്ളത്തില്‍ ആദികൈലാസം പ്രതിഫലിക്കുന്ന കാഴ്ച മനോഹരമാണ്… ചുറ്റുമുള്ള കൊടുമുടികളില്‍ നിന്ന് ഒഴുകിയെത്തി സരസ്സിലൂടെ പുറത്തേക്കുവരുന്നതാണ് കുട്ടിനദിയുടെ പ്രധാന സ്രോതസ്സ്.
തടാകത്തിനു മുകളിലുള്ള മലയില്‍ നില്‍ക്കുമ്പോള്‍ അഭിമുഖമായാണ് ആദികൈലാസം. ഇടത്ത് അഞ്ചുശിഖരങ്ങളുള്ള, മഞ്ഞില്‍ പൊതിഞ്ഞ പഞ്ചപാണ്ഡവപര്‍വതം ഉള്‍പ്പെടെ നിരവധി കൊടുമുടികള്‍…
സ്വര്‍ഗലോകത്തുനിന്ന് ഞങ്ങള്‍ വീണ്ടും ഭൂമിയിലേക്ക്, താഴേക്ക്…

സഹയാത്രികര്‍:
നന്ദകുമാര്‍, കെ.ടി. റാംമോഹന്‍, പദ്മകുമാര്‍, പി. രവിവര്‍മ, ശരത്കുമാര്‍, അജിത്മുനി, സനല്‍കുമാര്‍ സി.എസ്, ദീപ്‌രാജ് എം.എസ്, സന്തോഷ്‌കുമാര്‍

(ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന വി. വിനയകുമാറിന്റെ ‘ഹിമാലയം: ചില മഞ്ഞുവഴികള്‍’ എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായം)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook