scorecardresearch

എന്റെ ചേച്ചി, അമ്മയും: ഉഷാറാണിയുടെ ഓർമകളിൽ സഹോദരി രജനി

19 വയസ്സുകാരി ഉഷാറാണി 51 വയസ്സുള്ള ശങ്കരന്‍ നായരോട് ചോദിച്ചു, ‘അങ്കിളിന് എന്നെ കല്യാണം കഴിക്കാമോ?’… അടുത്തിടെ അന്തരിച്ച നടി ഉഷാറാണിയുടെ ജീവിതം പറയുകയാണ് അനുജത്തി രജനി

Usha Rani, Usha Rani death, Usha Rani life

അടുപ്പം കൊണ്ടുമാത്രം വായിച്ചെടുക്കാന്‍ പറ്റുന്ന ചില വശങ്ങളുണ്ട് ഓരോ വ്യക്തിത്വത്തിനും. ആ വായിച്ചെടുക്കലും കൂടിയായാലേ ആ വ്യക്തിചിത്രങ്ങള്‍ പൂര്‍ണ്ണമാവൂ. ദൂരെനിന്നു കണ്ടതൊന്നുമായിരുന്നില്ല ശരിക്കുള്ള ചിത്രം എന്നു അപ്പോള്‍ മാത്രമാണ് മനസ്സിലാവുക. രക്തബന്ധം കൊണ്ടു വരുന്ന തുടര്‍ച്ച, നിരന്തരസാമീപ്യം കൊണ്ടുണ്ടായ ഇഴയടുപ്പം, ഒപ്പം വച്ച കാല്‍ച്ചോടുകള്‍ പൂഴ്ന്നുണ്ടായ മനസ്സിലാക്കലുകള്‍, അങ്ങനെ ഏതുമാവാം അടുപ്പത്തിനു കാരണങ്ങള്‍. അടുപ്പത്തിന്‍റെ നടുമുറ്റത്തുനിന്ന് ഒരാള്‍ മറ്റൊരാളെ വായിക്കുകയാണ്, ആ വായനയില്‍ മറ്റാരും കാണാത്ത ചില അളന്നുകുറിക്കലുകള്‍ ഉണ്ടാവും, തീര്‍ച്ച.

കേള്‍വിക്കാരും വായനക്കാരും കാഴ്ചക്കാരും അറിയാതെ പോകുന്ന പ്രകാശഗോപുരങ്ങള്‍, പൊട്ടിച്ചിരികള്‍, വേവലുകള്‍, ആന്തലുകള്‍, ഒറ്റപ്പെടലുകള്‍, ഉത്സവങ്ങള്‍, ഈരടികള്‍, രസച്ചരടുകള്‍, കളിക്കമ്പങ്ങള്‍ ഒക്കെയുണ്ട് ഓരോരുത്തരുടെയും ഉള്ളില്‍. അതെല്ലാം അടുപ്പത്തിന്‍റെ കണ്ണടയിലൂടെ മാത്രം കാണാവുന്ന ചിലതാണ്…

ചില ജീവിതങ്ങൾ സിനിമയേക്കാൾ അത്ഭുതപ്പെടുത്തുന്നതാണ്. അന്തരിച്ച നടി ഉഷാ​റാണിയുടെ ജീവിതവും അത്തരത്തിൽ ഒന്നായിരുന്നു. ഏറെ കഷ്ടപ്പാടുകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു വന്ന അഭിനേത്രിയായിരുന്നു അവർ. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഉഷ​റാണിയുടെ അമ്മ സുകേശിനി ചെന്നൈയിൽ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു.  കൃഷ്ണറാവു ആയിരുന്നു ഉഷാറാണിയുടെ പിതാവ്.

അച്ഛനും അമ്മയും പിരിഞ്ഞതോടെ അരക്ഷിതാവസ്ഥകൾ നിറഞ്ഞതായി ഉഷാറാണിയുടെ ചെറുപ്പക്കാലം. ജാതി നോക്കാതെ വിവാഹിതരായ അച്ഛനമ്മമാരുടെ മകളായി വളർന്നതിനാൽ സംരക്ഷിക്കാൻ ബന്ധുക്കളുമില്ല. അകാലത്തിൽ അമ്മ കൂടി മരിച്ചതോടെ പതിനഞ്ചു വയസ്സുള്ള അനിയത്തിയുടെ സംരക്ഷണം ഉഷാറാണിയുടെ ചുമതലയായി മാറി. അന്ന് ഉഷാറാണിയ്ക്ക് പത്തൊമ്പത് വയസ്സ് പ്രായം. അനിയത്തിയുടെ സംരക്ഷണം കണക്കിലെടുത്ത് 19-ാം വയസ്സിൽ ഉഷാറാണി അമ്പത്തൊന്നുകാരനായ സംവിധായകൻ എൻ. ശങ്കരൻ നായരെ വിവാഹം ചെയ്തു.

വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിന്ന അവർ ശങ്കരൻ നായർ അസുഖബാധിതനായതോടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലെല്ലാം അഭിനയിച്ച ഉഷാറാണി കമലഹാസന്റെ ആദ്യകാലചിത്രങ്ങളിലെ നായികയായിരുന്നു. സ്കൂൾ കാലം മുതൽ തന്നെ ഉഷാറാണിയ്ക്ക് ജയലളിതയുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു. ഉഷാറാണിയുടെ അധികമാർക്കും അറിയാത്ത ജീവിതാനുഭവങ്ങളും സിനിമായാത്രയും പങ്കു വയ്ക്കുകയാണ് സഹോദരിയും തിരുവനന്തപുരം ബ്ലൂസ് മോണ്ടെസോറി സ്കൂളിലെ പ്രിൻസിപ്പളുമായ രജനി.

ഉഷാറാണി, രജനി

എന്റെ ചേച്ചി, അമ്മയും

ചേച്ചിയല്ല, അമ്മ തന്നെയായിരുന്നു എനിക്ക്. പതിനഞ്ചു വയസ്സുള്ളപ്പോഴാണ് അമ്മ മരിച്ചത്. അന്നു മുതൽ, അമ്മയുടെ സ്ഥാനത്ത് ചേച്ചിയാണ്. അതിനു മുൻപും അമ്മയേക്കാൾ കരുതലും സ്നേഹവും തന്നിരുന്നു ചേച്ചി. ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോൾ എപ്പോഴും എനിക്കെന്തെങ്കിലും കൊണ്ടാണ് വരിക. സോക്സോ, പുതിയ ഷൂസോ അല്ലെങ്കിൽ ഹെയർ ബാൻഡോ ക്ലിപ്പോ അങ്ങനെ എന്തെങ്കിലും കാണും…. ഒരു പെൺകുട്ടിയ്ക്ക് എന്തെല്ലാം വേണമോ അതൊക്കെ എനിക്കു കൊണ്ടു തരുന്നത് ചേച്ചിയാണ്.

ചേച്ചിയെന്നോട് കാണിക്കുന്ന സ്നേഹത്തിനും കരുതലിനും പകരം വെയ്ക്കാൻ ഒന്നുമില്ല. വിവാഹിതയായി മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയുണ്ട് എനിക്ക് ഇപ്പോൾ, എന്നാലും ചേച്ചി കൂടെയുണ്ടെങ്കിൽ ചേച്ചിയെനിക്ക് മുടി പിന്നി തരും. രാത്രി പത്തു മണിയായാലും ചിലപ്പോൾ എന്നെ വിളിച്ചു കൊണ്ട് ഐസ്ക്രീം കഴിക്കാൻ പോവും. ചേച്ചിയ്ക്ക് ഐസ്ക്രീം വളരെ ഇഷ്ടമായിരുന്നു, രാത്രിയൊക്കെ വണ്ടിയെടുത്ത് ഞങ്ങൾ ഐസ്ക്രീം കഴിക്കാനായി പുറത്തു പോവും.

ചെന്നൈയിലെ കുട്ടിക്കാലവും ജയലളിതയുമായുള്ള സൗഹൃദവും

ഞങ്ങൾ ജനിച്ചതും വളർന്നതുമൊക്കെ ചെന്നൈയിലാണ്. ചർച്ച് പാർക്ക് പ്രസന്റേഷൻ കോൺവെന്റ് സ്കൂളിലാണ് ചേച്ചിയും ഞാനുമൊക്കെ പഠിച്ചത്. ജയലളിത മാഡവും അവിടെ ഞങ്ങളുടെ സീനിയർ ആയി പഠിച്ചതാണ്. അന്നു മുതലേ ജയലളിതയുമായി നല്ല സൗഹൃദമുണ്ടായിരുന്നു ചേച്ചിയ്ക്ക്. ‘അമ്മു ചേച്ചീ’ എന്നാണ് വിളിച്ചു കൊണ്ടിരുന്നത്. സ്പോർട്സ് ഡേയുടെ അന്ന് ഫ്ലാഗ് ഒക്കെ പിടിച്ച് മാർച്ച് ചെയ്തുപോവുന്ന ജയലളിത മാഡത്തിന്റെ ചിത്രമൊക്കെ കുറേകാലം വീട്ടിലുണ്ടായിരുന്നു.

ചർച്ച് പാർക്ക് സ്കൂളിൽ പഠിപ്പിക്കുന്നതൊന്നും ടീച്ചേഴ്സ് അല്ല, സിസ്റ്റേഴ്സും കന്യാസ്ത്രീകളുമാണ്. ലോസ് ഏഞ്ചൽസിൽ നിന്നുമൊക്കെ വന്ന കന്യാസ്ത്രീകളായിരുന്നു അവിടെ കൂടുതലും. ആഗ്ലോ ഇന്ത്യൻ ശൈലിയിലാണ് അവിടുത്തെ ഇംഗ്ലീഷ് പഠനമൊക്കെ. ജയലളിത മാഡത്തിന്റെ ഇംഗ്ലീഷ് പ്രസംഗത്തെയും ഉച്ചാരണത്തെയുമെല്ലാം കുറിച്ച് എല്ലാവരും പ്രശംസിക്കാറില്ലേ. അതിലൊക്കെ ആ സ്കൂളിന്റെ സ്വാധീനമുണ്ട്. ഉഷ ചേച്ചിയുടെ ഇംഗ്ലീഷ് പരിജ്ഞാനവും മികച്ചതായിരുന്നു. വളരെ കർശനമായിരുന്നു സ്കൂളിലെ നിയമങ്ങൾ. ഞങ്ങൾക്ക് പിനഫോർ സ്റ്റൈലിലുള്ള യൂണിഫോമായിരുന്നു അക്കാലത്ത്. യൂണിഫോമൊക്കെ വൃത്തിയായി അണിയിപ്പിച്ച്, മുടിയൊക്കെ ഒതുക്കി കെട്ടി എന്നെ സ്കൂളിലേക്ക് ഒരുക്കുന്നതൊക്കെ ചേച്ചിയായിരുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ചേച്ചി മിടുക്കിയായിരുന്നു, പ്രോഗ്രാമുകൾക്കെല്ലാം ചേച്ചി നേതൃത്വം കൊടുക്കും. ആ മിടുക്ക് കണ്ടാണ് ബാലതാരമായി അഭിനയിക്കാൻ ചേച്ചിയെ ക്ഷണിക്കുന്നത്. ചേച്ചിയുടെ ആദ്യത്തെ ചിത്രം ‘ജയിൽ’ ആയിരുന്നു. ഞാനന്ന്  ചെറിയ  കുഞ്ഞാണ്. ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളൊക്കെ പിന്നീട് ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്. അന്ന് സിനിമയിൽ വരിക എന്നതൊന്നും അത്ര എളുപ്പമല്ല. മലയാള സിനിമയുടെ ഈറ്റില്ലം അന്ന് ചെന്നൈ ആയിരുന്നല്ലോ. പക്ഷേ ബാലതാരമായി മലയാളി കുട്ടികളെ കിട്ടുക എന്നു പറയുന്നത് പ്രയാസകരമാണ്. എന്തായാലും ചേച്ചിയ്ക്ക് അക്കാലത്ത് കുറേ ചിത്രങ്ങൾ കിട്ടി. ചേച്ചി അഭിനയിക്കുന്ന ചിത്രങ്ങളിൽ ചെറിയ കുട്ടികളുടെ ആവശ്യം വരുമ്പോൾ എന്നെയും അഭിനയിപ്പിക്കുമായിരുന്നു. ‘ചിത്രമേള’യായിരുന്നു എന്റെ ആദ്യപടം. അതിൽ ചേച്ചിയുമുണ്ടായിരുന്നു എനിക്കൊപ്പം. പിന്നീട് ‘കാർത്തിക’ എന്ന ചിത്രത്തിലും ഞങ്ങളൊന്നിച്ച് അഭിനയിച്ചു.

ഉഷാറാണിയും ശങ്കരന്‍ നായരും

ചേച്ചിയുടെ വിവാഹം

‘തുലാഭാരം,’ ‘അരനാഴികനേരം’ ഇവയായിരുന്നു ഞാനവസാനം ചെയ്ത പടങ്ങൾ. ‘തുലാഭാര’ത്തിൽ നസീർ അങ്കിളിന്റെ മകനായിട്ടാണ് അഭിനയിച്ചത്. ‘അരനാഴികനേരത്തിൽ’ സത്യൻ അങ്കിളിന്റെ മകളായും. ‘ചിപ്പി ചിപ്പി മുത്തു ചിപ്പി’, ‘സമയമാം രഥത്തിൽ’ തുടങ്ങിയ ഗാനരംഗങ്ങളിലൊക്കെ എന്നെ കാണാം. ആ സിനിമകൾക്കു ശേഷം ഞാനഭിനയിച്ചില്ല.

ഞങ്ങളുടെ അമ്മ മരിച്ചതോടെ സംരക്ഷിക്കാൻ ആരുമില്ലാതായി. ഒരു വലിയ വീട്ടിൽ അമ്മയും ചേച്ചിയും ഞാനും കൂടെയായിരുന്നു താമസിച്ചു കൊണ്ടിരുന്നത്. അമ്മ പോയതോടെ എന്നെ കുറിച്ചോർത്ത് ചേച്ചിയ്ക്ക് ആധിയായി. വീട്ടിൽ എന്നെ തനിച്ചാക്കി അഭിനയിക്കാൻ പോവാൻ പേടി. ഇനി അഭിനയിക്കണോ, അഭിനയിച്ചില്ലെങ്കിൽ എങ്ങനെ ജീവിക്കും എന്നൊക്കെയായിരുന്നു ചേച്ചിയുടെ ടെൻഷൻ. അച്ഛന്റെ കുടുംബത്തിന് വലിയൊരു ടെക്സ്റ്റെയിൽസ് ഒക്കെയുണ്ടായിരുന്നു. അവർ അയ്യങ്കാരായിരുന്നു, പക്ഷേ അച്ഛൻ ജാതി മാറി കല്യാണം കഴിച്ചതു കൊണ്ട് ആ വീട്ടുകാർക്ക് ഞങ്ങളോട് എതിർപ്പുണ്ടായിരുന്നു. അച്ഛൻ മരിച്ചതോടെ ഞങ്ങൾക്ക് സ്വത്തൊന്നും തന്നില്ല. സിനിമ മാത്രമായി ഞങ്ങളുടെ അന്നം.

എന്നെയും കൊണ്ട് ഒറ്റയ്ക്ക് ജീവിക്കുക എന്നത് ചേച്ചിയ്ക്ക് വലിയ പേടിയും വിഷമവുമുള്ള കാര്യമായിരുന്നു. അങ്ങനെയാണ് ചേച്ചി സംവിധായകൻ ശങ്കരൻ നായരുടെ അടുത്തു പോയി, അങ്കിളിന് എന്നെ കല്യാണം കഴിക്കാമോ എന്നു ചോദിക്കുന്നത്. അന്ന് അദ്ദേഹത്തിന് 51 വയസാണ് പ്രായം, ചേച്ചിയ്ക്ക് 19 വയസും. (നടൻ) മധു സാറിന്റെ കസിൻ ആയിരുന്നു ശങ്കരൻ അങ്കിൾ. കല്യാണമേ കഴിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ചേച്ചി വന്ന് വിവാഹം കഴിക്കാമോ എന്നു ചോദിച്ചപ്പോൾ ശങ്കരൻ അങ്കിൾ കാരണമൊക്കെ ചോദിച്ചു. ചേച്ചിയുടെ അവസ്ഥയെല്ലാം കേട്ടപ്പോൾ അദ്ദേഹം സമ്മതിച്ചു. അയ്യപ്പൻ കോവിലിൽ വെച്ചായിരുന്നു അവരുടെ വിവാഹം, സത്യത്തിൽ എന്നെ സംരക്ഷിക്കാൻ വേണ്ടിയാണ് ചേച്ചി അപ്പോൾ വിവാഹം ചെയ്തത്.

ശങ്കു അങ്കിൾ എനിക്ക് അച്ഛനെ പോലെയായിരുന്നു. മോനേ എന്നേ വിളിക്കൂ… ഒരുപാട് കാര്യമായിട്ടാണ് അവർ രണ്ടു പേരും എന്നെ നോക്കിയത്.  എന്നെയൊരു ഡോക്ടറാക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം, വലിയ അഡ്മിഷൻ ഫീസൊക്കെ കൊടുത്ത് എന്നെ കോളേജിൽ ചേർത്തു. വിവാഹത്തോടെ ചേച്ചിയും അഭിനയത്തിൽ നിന്നും വിട്ടു നിന്നു.

ശങ്കു അങ്കിൾ അക്കാലത്ത് കുറേ പടങ്ങളൊക്കെ എടുത്തു. ചേച്ചി അതിനെല്ലാം പിന്തുണയുമായി കൂടെ തന്നെ നിന്നു. ശങ്കു അങ്കിളിന് വയ്യാതായപ്പോഴാണ് വീണ്ടും ചേച്ചി അഭിനയിക്കാൻ തുടങ്ങിയത്. നല്ലൊരു വീട് സ്വന്തമായിട്ടുണ്ട്, പക്ഷേ മകന്റെ പഠനം, നിത്യചെലവുകൾ ഒക്കെ കഴിഞ്ഞു പോവണമല്ലോ. ജീവിക്കാൻ ഒരു ജോലിയും, അങ്ങനെയാണ് വീണ്ടും അഭിനയിച്ചു തുടങ്ങിയത്. ‘കന്മദ’ത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോഴാണ് ചേച്ചിയുടെ മകൻ വിഷ്ണു എംബിഎയ്ക്ക് പോകാൻ ഒരുങ്ങുന്നത്. മകന്റെ പഠനം തന്നെക്കൊണ്ട് കൂട്ടിയാൽ കൂടുമോ എന്നായിരുന്നു ചേച്ചിയുടെ പേടി. ആ ടെൻഷൻ കണ്ട് മോഹൻലാലാണ് വിഷ്ണുവിന്റെ എംബിഎ പഠനച്ചെലവ് എല്ലാം വഹിച്ചത്.

ഉഷാറാണി, രജനി, ഉഷാറാണിയുടെ മകന്‍ വിഷ്ണു

സ്റ്റൈലിൽ വണ്ടിയോടിച്ച് വരുന്ന അക്ക

നന്നായി ഡ്രൈവ് ചെയ്യുമായിരുന്നു ചേച്ചി. അക്കാലത്ത് സ്ത്രീകൾ വണ്ടിയോടിക്കുന്നത് വളരെ വിരളമായിരുന്നു. ഹെറാൾഡ്, ഫിയറ്റ്, മോറിസ് മൈനർ, അംബാസിഡർ തുടങ്ങിയ ചെറുകാറുകളൊക്കെ ചേച്ചിയ്ക്ക് ഉണ്ടായിരുന്നു. സ്വയം വണ്ടിയോടിച്ചാണ് ചേച്ചി എന്നെ സ്കൂളിൽ കൊണ്ടു വിടുക. ഞങ്ങളുടെ സ്കൂളിലെ അസംബ്ലിയൊക്കെ വളരെ കർശനമായിരുന്നു. സമയം തെറ്റാതെ എത്താൻ വേണ്ടി ചേച്ചി വേഗത്തിൽ ഓടിച്ചു പോവും. ചേച്ചി മരിച്ചതിനു ശേഷം ചെന്നൈയിലെ പഴയ സുഹൃത്തുക്കളൊക്കെ വിളിച്ചപ്പോൾ അവരും പറയുന്നുണ്ടായിരുന്നു, സ്റ്റൈലിൽ വണ്ടിയോടിച്ച് വരുന്ന അക്കയുടെ മുഖം ഇപ്പോഴും ഓർമയുണ്ടെന്ന്.

വലിയ ദൈവ വിശ്വാസിയായിരുന്നു ചേച്ചി. എത്ര വയ്യെങ്കിലും രാവിലെ എണീറ്റ് കുളിച്ച് പൂജാമുറിയിൽ വിളക്കു വയ്ക്കും. ദൈവങ്ങൾക്ക് കേസരിയും പായസവുമൊക്കെ ഉണ്ടാക്കി നേദിക്കും. അയ്യങ്കാർ രീതിയിൽ ആയിരുന്നു ചേച്ചിയുടെ പ്രാർത്ഥനയും പൂജയുമൊക്കെ. ഗണപതി, സരസ്വതി തുടങ്ങി എല്ലാ വിഗ്രഹങ്ങളുടെയും ഉടുപ്പു മാറും. ശംഖും ചക്രവുമൊക്കെ വരക്കും, വിളക്ക് കത്തിക്കും. ഒരു മുറിയിൽ നിറയെ ദൈവങ്ങളുടെ ചിത്രങ്ങളാണ്. അതിനെല്ലാം പൂ വയ്ക്കും. അതിനു വേണ്ടി മാത്രം ഒരു പൂക്കാരി വരുമായിരുന്നു, 25- 30 മുഴമൊക്കെയാണ് ചേച്ചി അതിനായി വാങ്ങുക. എല്ലാ ദൈവങ്ങൾക്കും പൂക്കൾ വയ്ക്കും, അലങ്കരിക്കും. ഒന്നു ഒന്നര മണിക്കൂറിന്റെ പരിപാടിയാണ് ഇതൊക്കെ.

ന്യൂ ഇയറിനും പിറന്നാളിനും ആഘോഷങ്ങൾക്കുമൊക്കെ പ്രിയപ്പെട്ടവരെ ആദ്യം വിളിച്ച് വിഷ് ചെയ്യണം എന്നൊക്കെ ചേച്ചിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. എന്റെ ജന്മദിനത്തിനും വിഷു,​ ഓണം, പൊങ്കൽ തുടങ്ങി എല്ലാ ആഘോഷങ്ങൾക്കും സാരിയും സ്റ്റിച്ച് ചെയ്ത ബ്ലൗസും ചേച്ചി കൊടുത്തു വിടും. ചെന്നൈയിലെ രീതിയിൽ മുത്തും കല്ലുമൊക്കെ വെച്ച് സ്റ്റൈലായിട്ടാണ് ബ്ലൗസൊക്കെ തയ്പ്പിക്കുക. ഞാനൊരു ടീച്ചറല്ലേ, ഇത്ര അലങ്കാരമുള്ള ബ്ലൗസൊന്നും ഇട്ട് ക്ലാസ്സെടുക്കൻ പോവാൻ പറ്റില്ല, മുത്തൊന്നും വയ്ക്കാതെ അക്കാ…’ എന്നു പറയുമ്പോൾ ‘നീയത് പോട്ട് ഫോട്ടെയെടുക്ക്,’ എന്നാവും ചേച്ചി. സാരി കിട്ടിയ ഉടനെ ഞാനത് ഉടുത്ത് ഒരുങ്ങി ഫോട്ടോയെടുത്ത് അയക്കണമെന്ന് ചേച്ചിയ്ക്ക് നിർബന്ധമുണ്ട്.  “വയസ്സായാൽ ഫാഷനബിൾ വസ്ത്രം ഇടാൻ പറ്റില്ലെന്നുണ്ടോ, അന്ന് ഇതൊന്നും ഇല്ലായിരുന്നല്ലോ, ഇപ്പോഴല്ലേ വന്നത്, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ ഇടാനാണ്?,” എന്നൊക്കെയാണ് ചേച്ചി ചോദിക്കുക.

ഞാൻ ചെന്നൈയിലെ വീട്ടിൽ ചെന്നാൽ കാണുന്ന കാക്കയോടും പൂച്ചയോടും വരെ ചേച്ചി പറയും, ‘എന്റെ തങ്കച്ചി വന്താച്ച്, ഡോണ്ട് ഡിസറ്റർബ് മീ, എന്നെ കൂപ്പിടാന്തുങ്കെ,’ എന്ന്. ഓരോ തവണ ഞാൻ ചെല്ലുമ്പോഴും ചെന്നൈയിൽ മാത്രം കിട്ടുന്ന പ്രത്യേക പഴങ്ങൾ, തനത് വിഭവങ്ങൾ ഒക്കെ എത്ര കഷ്ടപ്പെട്ടും സംഘടിപ്പിച്ചു വയ്ക്കും. ​എന്റെ മക്കൾ ചെന്നാലുമതെ, രാജകീയ സ്വീകരണമാണ്.

ശങ്കരനങ്കിളിന്റെ കൂടെ ജീവിച്ചു തുടങ്ങിയതോടെയാണ് ചേച്ചിയുടെ വായനാശീലം കൂടുന്നത്. അദ്ദേഹം ഒരു പുസ്തകപുഴുവായിരുന്നു, അങ്ങനെയാണ് ചേച്ചിയും വായനയിലേക്ക് വരുന്നത്. കിട്ടുന്ന മാഗസിനുകളും ബുക്കുകളുമെല്ലാം വായിക്കും. സിനിമകളുടെ പിന്നിലെ വിശേഷങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കുമായിരുന്നു. വായിച്ച ലേഖനത്തിലോ മറ്റോ എന്തെങ്കിലും സംശയം തോന്നിയാൽ ഉടനെ വിളിച്ച് ‘ക്ലാരിഫൈ’ ചെയ്യും. തെറ്റായ വിവരമാണെങ്കിൽ തിരുത്തു കൊടുക്കൂ എന്നൊക്കെ പറഞ്ഞ് പത്രക്കാരെയൊക്കെ വിളിക്കുന്നത് കാണാം.

കരിയറിന്റെ തുടക്കം മുതൽ തന്നെ മറ്റുള്ളവരെ സഹായിക്കുന്നതിൽ ചേച്ചി ഏറെ ശ്രദ്ധ കൊടുത്തിരുന്നു. സഹായമനസ്കത ചേച്ചിയുടെ സ്വഭാവത്തിന്റെ ഭാഗം തന്നെയായിരുന്നു. സഹായം ചോദിച്ചെത്തുന്നവരെയെല്ലാം സഹായിക്കും. അവസാന നാളുകളിലൊരിക്കൽ എന്നെ വിളിച്ചപ്പോഴും ഒരു കുട്ടിയുടെ അഡ്മിഷന്റെ കാര്യമാണ് പറഞ്ഞത്. അതു പോലെ, പഴയകാല അഭിനേത്രികളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് അവരെ ‘അമ്മ’യുടെ ക്ഷേമനിധിയിൽ ചേർക്കുമായിരുന്നു. ചേച്ചിയിങ്ങനെ കൊണ്ടു വരുന്നവരുടെ എണ്ണം കൂടുന്നത് കണ്ടിട്ട് ഒരിക്കൽ ‘അമ്മ’ ഭാരവാഹികള്‍ പറഞ്ഞു, ‘ഇനി ആള് കൂടിയാല്‍ ഇപ്പോൾ അയ്യായിരം വെച്ചു കൊടുക്കുന്നത് മൂവായിരമായി കൊടുക്കാനേ ഫണ്ട് തികയൂ ചേച്ചീ,’ എന്ന്. ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടല്ലേ പാവങ്ങൾക്ക്, ഇതെങ്കിലും ആവട്ടെ എന്നായിരുന്നു ചേച്ചിയുടെ ഉത്തരം.

അവസാനനാളുകള്‍

ജൂൺ 13നായിരുന്നു ചേച്ചിയുടെ മകൻ വിഷ്ണുവിന്റെ പിറന്നാൾ, എന്റേത് ജൂൺ പതിനാറിനും. വിഷ്ണു ഒരു അമേരിക്കൻ ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അന്ന് രാവിലെ വിളിച്ചപ്പോൾ, പിറന്നാളായിട്ട് വിഷ്ണു നേരത്തെ എണീറ്റ് വിളക്ക് കത്തിച്ചില്ല എന്നൊക്കെയായിരുന്നു ചേച്ചിയുടെ പരാതി. അവൻ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്നതല്ലേ, കിടന്നോട്ടെ ചേച്ചീ എന്നു ഞാൻ സമാധാനിപ്പിച്ചു.

അന്ന് സംസാരിച്ചപ്പോൾ മേലാകെ വേദനിക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞു. അതിങ്ങനെ ടിവിയും കണ്ട് ഇരിക്കുന്നതു കൊണ്ടാവും, ഇടയ്ക്ക് ഒക്കെ ഒന്നു നടക്കൂ എന്നു പറഞ്ഞപ്പോൾ എങ്ങനെ നടക്കും? ഗേറ്റ് വരെ പോവാൻ കൂടി പേടിയാ, കൊറോണയെ പേടിച്ച് പത്രം കൂടി എടുക്കാറില്ല എന്നൊക്കെയായിരുന്നു ഉത്തരം.  നടപ്പൊന്നും ഇല്ലാത്തതു കൊണ്ടാവും ചേച്ചിയുടെ ശരീരം നീരായത് എന്നാണ് ഞങ്ങൾ വിചാരിച്ചത്. അന്ന് രാത്രി പിറന്നാൾ കേക്ക് മുറിക്കുന്നതൊക്കെ എന്നെ വീഡിയോ കോൾ വിളിച്ച് കാണിച്ചു.

രാവിലെയായപ്പോഴേക്കും ചേച്ചിയുടെ ശരീരത്തിൽ സോഡിയം ലെവൽ കുറഞ്ഞു. സംസാരിക്കുമ്പോൾ നാവ് കുഴയാൻ തുടങ്ങി. ക്രിയാറ്റിൻ കൂടി, പ്രോട്ടീൻ ലെവൽ കൂടി, എല്ലാം പെട്ടെന്ന് പെട്ടെന്നായിരുന്നു. പ്രോട്ടീൻ കൂടിയത് ഹീമോഗ്ലോബിൻ കിട്ടാൻ വേണ്ടി ചേച്ചി റാഗി കഴിക്കുന്നത് ശീലമാക്കിയപ്പോഴാണ്, 12 കിലോയോളമാണ് ചേച്ചിയുടെ ശരീരഭാരം കൂടിയത്.

പതിനാലാം തിയ്യതി വൈകിട്ട് കുടുംബസുഹൃത്തായ ഒരു ഡോക്ടറോട് ചേച്ചിയുടെ അവസ്ഥ പറഞ്ഞപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടു പോവാൻ നിർദ്ദേശിച്ചു. ‘അക്വുട്ട് കിഡ്നി പ്രോബ്ലം’ ആണെന്ന് അപ്പോഴാണ് അറിയുന്നത്. ടെസ്റ്റുകൾ ഒക്കെ നടത്തി ചേച്ചിയെ ഐസിയുവിൽ അഡ്മിറ്റ് ചെയ്തു. കയ്യിലൊക്കെ ഡ്രിപ്പിട്ട്, മൂത്രം പോവാൻ ബാഗുമിട്ട് കിടത്തിയപ്പോഴും ചേച്ചി മകനോട് പറഞ്ഞത്, ആ ഫോണിങ്ങ് തന്നിട്ട് പോവൂ, രജനിയുടെ പിറന്നാളാണ്, എനിക്കവളെ വിളിച്ച് വിഷ് ചെയ്യണം എന്നാണ്.

പതിനഞ്ചാം തിയ്യതിയോടെ ചേച്ചിയുടെ ഓർമയൊക്കെ പോയി. സ്ഥിതി വഷളായതോടെ ചേച്ചിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ലക്ഷങ്ങളുടെ ചികിത്സാച്ചെലവ് ആണ് അവിടെ കാത്തിരുന്നത്. ആ സമയത്ത് തന്നെയാണ് കൊറോണയുടെ പശ്ചാത്തലത്തിൽ ചേച്ചിയുടെ മകന്റെ കമ്പനി അടയ്ക്കുന്നതും. അതോടെ ചേച്ചിയുടെ അസുഖവും ചികിത്സയുമെല്ലാം പ്രതിസന്ധിയിലായി.

മാധ്യമപ്രവർത്തകനും ഞങ്ങളുടെ കുടുംബസുഹൃത്തുമായ ഗോപാലകൃഷ്ണൻ സാർ ആണ് സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് മണിയൻപിള്ള രാജുവേട്ടനെ അറിയിച്ചത്. രാജുവേട്ടൻ സുരേഷ് കുമാർ, പ്രിയദർശൻ, നിർമാതാവ് രഞ്ജിത്ത് തുടങ്ങിയവരെയും അറിയിച്ചു. അവരൊക്കെ സഹായവുമായി എത്തി. പക്ഷേ എന്നിട്ടും ചേച്ചിയെ രക്ഷിക്കാനായില്ല.

കമൽഹാസന്റെ ഇടപെടൽ

മരിച്ചു കഴിഞ്ഞപ്പോൾ ആശുപത്രിയിൽ നിന്നും മൃതദേഹം വിട്ടുകിട്ടാൻ പിന്നെയും വേണം ലക്ഷങ്ങൾ. മോഹൻലാൽ ഇടവേള ബാബു മുഖാന്തരം വേണ്ട സഹായമെത്തിക്കാൻ ‘അമ്മ’യുടെ ഇൻഷുറൻസ് കാര്യങ്ങൾ നോക്കുന്ന ആളെ ഏർപ്പാടാക്കി. അന്ന് പക്ഷേ ലോക്ക്ഡൗണും ഞായറാഴ്ചയും ആയതിനാൽ പണം കിട്ടാൻ കുറേ സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കഴിയാവുന്നിടത്തു നിന്നൊക്കെ ഞങ്ങൾ പണം ശേഖരിച്ചു കൊണ്ടിരുന്നു. എന്നിട്ടും ഒന്നരലക്ഷത്തിലേറെ രൂപയുടെ കുറവ്. ഇനിയെന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് മോഹൻലാൽ ജയറാമിനെ വിളിച്ച് പറഞ്ഞതും ജയറാം കാര്യങ്ങൾ കമലഹാസനെ അറിയിച്ചതും. ഒടുവിൽ കമലഹാസൻ സാർ ഇടപ്പെട്ടു, ‘എത്ര പണം ബാക്കിയുണ്ടെങ്കിലും ഞാൻ അടച്ചോളാം, നിങ്ങൾ മൃതദേഹം വിട്ടുകൊടുക്കണം,’ എന്ന് അദ്ദേഹം ആശുപത്രി അധികൃതരെ അറിയിച്ചു.

കമലഹാസന് ചേച്ചിയുടെ കുടുംബത്തോട് വലിയ അടുപ്പമുണ്ടായിരുന്നു. ശങ്കരൻ നായരില്ലെങ്കിൽ ഇന്ന് കമലഹാസനുണ്ടാവുമായിരുന്നില്ല എന്ന് അദ്ദേഹമൊരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘വിഷ്ണുവിജയം’ എന്ന ചിത്രത്തിലേക്ക് ശങ്കരനങ്കിൾ തന്നെ കാസ്റ്റ് ചെയ്യാൻ ധൈര്യം കാണിച്ചതാണ് തന്റെ കരിയറിൽ നിയോഗമായതെന്ന് കമൽഹാസൻ സാർ പലയാവർത്തി പറഞ്ഞിട്ടുണ്ട്.

ചേച്ചിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴും വിഷ്ണു കമലഹാസനെ വിളിച്ച് ചേച്ചിയുടെ അവസ്ഥ ബോധിപ്പിച്ചിരുന്നു. ‘എന്റെ ഗുരുനാഥന്റെ ഭാര്യയാണ്. ഒപ്പം എന്റെ ആദ്യകാലചിത്രങ്ങളിൽ നായികയായി അഭിനയിച്ച ആൾ കൂടിയാണ് ഉഷ, വേണ്ടത്ര കരുതൽ കൊടുക്കണം,’ എന്ന് അദ്ദേഹം ആശുപത്രിയിൽ വിളിച്ചു പറഞ്ഞു.

ആ കടങ്ങൾ ഞാനിനി എങ്ങനെ വീട്ടും?

ചേച്ചിയെനിക്ക് വേണ്ടി ഒരുപാട് ചെയ്തു തന്നിട്ടുണ്ട്, ഒരു സഹോദരിയ്ക്ക് മറ്റൊരു സഹോദരിയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതിൽ കൂടുതൽ. എന്നിട്ടും അവസാനമായി എനിക്ക് ചേച്ചിയെ ഒന്നു കാണാനോ തൊടാനോ പറ്റിയില്ല. അതാണ് എന്റെ ഏറ്റവും വലിയ സങ്കടം.

കൊറോണ പടർന്നു പിടിച്ചതിനാൽ അവരുടെ ഏരിയയെല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു ചേച്ചിയുടെ മരണസമയത്ത്. അവിടെ വരെ പോവാൻ ഒരു ഡ്രൈവർക്കായി കുറേ അന്വേഷിച്ചിട്ടും പേടിച്ചിട്ട് ആരും വരാൻ തയ്യാറായില്ല. ‘ഓടിപ്പിടിച്ച് പോയാലും അവിടെ ചെല്ലുമ്പോൾ നിങ്ങൾ ക്വാറന്റെയിനിൽ പോവേണ്ടി വരും, നേരിട്ട് കാണാനോ അടുത്തു പോവാനോ കഴിഞ്ഞെന്നു വരില്ലെന്ന്’ സുഹൃത്തുക്കളും പരിചയക്കാരുമെല്ലാം വിലക്കി. ചേച്ചിയുടെ അവസാനചടങ്ങുകൾ എല്ലാം വീഡിയോ കോളിൽ ആണ് ഞാൻ കണ്ടത്.

മണിയൻപിള്ള രാജു ;ചേട്ടന്റെ മകന്റെ കല്യാണസമയത്ത് വന്നപ്പോൾ ഒരു പത്തു പതിനാറ് ദിവസം ചേച്ചി എന്റെ കൂടെ നിന്നു. അന്നാണ് ഏറ്റവും ഒടുവിൽ കണ്ടത്. ചേച്ചിയ്ക്ക് വേണ്ടി ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന സങ്കടം എന്നെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. പാതിവഴിയിൽ നിന്നു പോയതു പോലൊരു ഭാരമാണ് മനസ്സിന്. ജീവിതവും ആയുസ്സുമെല്ലാം എനിക്കു വേണ്ടി കൂടി മാറ്റിവെച്ച എന്റെ ചേച്ചിയ്ക്ക് അർഹിക്കുന്ന യാത്രാമൊഴി നൽകാൻ എനിക്ക് കഴിയാതെ പോയി.

(ധന്യ കെ വിളയിലിനോട് പറഞ്ഞത്)

വായനക്കാർക്കും എഴുതാം

‘അടുപ്പത്തിന്‍റെ കണ്ണട’യിലൂടെ കണ്ടു കണ്ടെഴുതുന്ന കുറിപ്പുകള്‍ ആരെക്കുറിച്ചുമാവാം. മകളെ /മകനെക്കുറിച്ചാവാം, ഭാര്യയെ/ഭര്‍ത്താവിനെക്കുറിച്ചാവാം, അയല്‍പക്കക്കാരന്‍ /കാരിയെക്കുറിച്ചാവാം, സഹപ്രവര്‍ത്തകനെ/ കയെക്കുറിച്ചാവാം, സന്തതസഹചാരിയെ/എതിരാളിയെക്കുറിച്ചാവാം, ജീവിച്ചിരിക്കുന്നതോ മണ്‍മറഞ്ഞതോ ആയ ഒരാളെ കുറിച്ചാവാം, ചുറ്റുവട്ടത്തുനില്‍ക്കുന്നതോ എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്നതോ ആയ ആളെക്കുറിച്ചാവാം. ദിശ പിരിഞ്ഞുപോയ ഒരാളെക്കുറിച്ചാവാം, ആരെ കുറിച്ചുമാവാം. അടുപ്പം ഒരു കണ്ണടയാവണം എന്നു മാത്രം.

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Actress usharani remembered by sister rajani