/indian-express-malayalam/media/media_files/uploads/2017/09/hp-5.jpg)
ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഫാ. ടോം ഉഴുവനാലില്‍ ജീവിതത്തിലേക്ക് തിരികെ വരുമ്പോള്‍ മറ്റൊരു വൈദികനെയാണ് ഓര്‍മ വരുന്നത്. ഫാ. പീറ്റര്‍ കാഞ്ഞിരക്കാട്. അദ്ദേഹത്തിന്റെ രൂപമെന്താണെന്നോ, മുഖമെങ്ങനെയാണെന്നോ അറിയില്ല. ശബ്ദം എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചെടുക്കാന്‍ സാധിച്ചിട്ടുമില്ല.
പക്ഷേ, മരണത്തെ മുഖാമുഖം കാണുമ്പോള്‍ എല്ലാ മനുഷ്യര്‍ക്കുമെന്നതുപോലെ പീറ്ററിനുമുണ്ടായ ഭയം കലര്‍ന്ന വെപ്രാളം ഉള്ളില്‍നിന്ന് മാഞ്ഞുപോയിട്ടുമില്ല. ഫാ. ടോം അതിജീവനത്തിന്റെ തെളിച്ചമുള്ള ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. ഫാ. പീറ്റര്‍ അനിശ്ചിതാവസ്ഥയില്‍ അവസാനിക്കപ്പെട്ട ഒരു കഥാപാത്രമായി മറഞ്ഞുകിടക്കുന്നു.
2015 മാര്‍ച്ചിലാണ് "ഹിരോഷിമയുടെ പ്യൂപ്പ" എന്ന കഥയെഴുതിയത്. വിദൂരമായൊരു രാജ്യത്തു നടക്കുന്ന ആഭ്യന്തര യുദ്ധം കോട്ടയത്തെ ഒരച്ചായനെ എങ്ങനെ ബാധിക്കുമെന്നതായിരുന്നു, ത്രെഡ്. ടോഗോയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന പീറ്റര്‍ കാഞ്ഞിരക്കാട് വൈദികന്‍ മരണവെപ്രാളത്തോടെ നാട്ടിലേക്ക് വിളിക്കുന്നിടത്ത് കഥ തുടങ്ങുന്നു. സമാനമായ അവസ്ഥയില്‍ മരണത്തിനു മുന്നില്‍നില്‍ക്കുന്ന തോബിയാസ് പോത്തന്റെ ഫോണിലേക്കാണ് നമ്പര്‍ മാറി വിളിയെത്തുന്നത്. അയാളെ വധിക്കാന്‍ ശ്രമിക്കുന്നത് ഏക മകളും മരുമകനും. തുടര്‍ന്ന് രണ്ടുപേരും കടന്നുപോകുന്ന മാനസികാവസ്ഥകളാണ് കഥ. മരണവും മരണഭയവും ജീവിതത്തോടുള്ള ആര്‍ത്തിയും പ്രതീക്ഷകളും കാലത്തിന്റെ അപ്രതീക്ഷിതത്വങ്ങളുമെല്ലാമാണ് ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്; അന്തര്‍ലീനമായി എന്തൊക്കെയോ രാഷ്ട്രീയ വിചാരങ്ങളും. പിന്നീട്, 'പ്രസാധകന്‍' മാസികയുടെ ഓണപ്പതിപ്പില്‍ അത് അച്ചടിക്കപ്പെട്ടു. ചില സുഹൃത്തുക്കള്‍ അതിനെപ്പറ്റി, നല്ലതും ചീത്തയുമായ അഭിപ്രായങ്ങള്‍ പറഞ്ഞു.
Read More: അബിൻ ജോസഫ് എഴുതിയ ആ കഥ ഇവിടെ വായിക്കാം ഹിരോഷിമയുടെ പ്യൂപ്പ
കുറച്ചു നാളുകള്‍ക്കുശേഷം ഫാ. ടോം ഉഴുന്നാലിലിനെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ വാര്‍ത്തയെത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള മുറവിളികളും പ്രാര്‍ഥനകളും നയതന്ത്ര നീക്കങ്ങളും കണ്ടു. ശുഭകരമായ അടയാളങ്ങളൊന്നും കാണാത്തതിനാല്‍ പലരെയുംപോലെ, അദ്ദേഹത്തിന്റെ മോചനത്തെക്കുറിച്ചുള്ള പ്രതീക്ഷ എന്റെയുള്ളിലും അവസാനിച്ചിരുന്നു. ഓരോ തവണയും ഫാ. പീറ്ററിനെ ഓര്‍മവന്നു. അയാള്‍ക്ക് എന്ത് പറ്റിയിട്ടുണ്ടാകുമെന്ന് ആലോചിച്ചു. അകാരണമായ വിഷാദം ഉള്ളില്‍ പെരുകി. സ്ഥിരീകരിക്കപ്പെടാത്ത ഒരു മരണമായി ഫാ. ടോം മാറിയേക്കുമോയെന്ന് വല്ലാതെ ഭയപ്പെട്ടു. പല വാര്‍ത്താ സൈറ്റുകളിലും ഇടയ്ക്കിടെ കയറി നോക്കിയിരുന്നത് നിര്‍ത്തി. വാര്‍ത്ത കണിശമായി ഫോളോ ചെയ്യാതെ ഒഴിഞ്ഞുമാറി നടന്നു.
കേരളത്തിലെ മിക്കവാറും ഗ്രാമങ്ങളില്‍നിന്ന് ലോകത്തിന്റെ പല ഭാഗത്തേക്കും വൈദികരും കന്യാസ്ത്രീകളും പോകുന്നുണ്ട്. പ്രവര്‍ത്തിക്കുന്നുണ്ട്. അവരൊക്കെ ഏത് സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും എങ്ങനെയാണ് മരണത്തെ നേരിടുന്നതെന്നും നമ്മള്‍ അറിയുന്നില്ല.
മറ്റൊരു തരം 'മിഷന്‍' പ്രവര്‍ത്തനവുമായി എത്രയോ നഴ്‌സുമാര്‍ പ്രതിസന്ധി രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന ഭയത്തെ എങ്ങനെയാണ് അവര്‍ മറികടക്കുന്നതെന്ന് ആലോചിച്ച് ഭ്രാന്തിന്റെ വക്കോളമെത്താറുണ്ട്. ഇപ്പോള്‍ ഫാ. ടോം ജീവിതത്തിലേക്ക് തിരികെ നടക്കുമ്പോള്‍ ആഹ്ലാദമല്ലാതെ മറ്റെന്ത് തോന്നാനാണ്. ജീവിതത്തെക്കുറിച്ച് ഞാന്‍ വെച്ചു പുലര്‍ത്തുന്ന ' അപകടകരമായ' ശുഭപ്രതീക്ഷയെ ഊട്ടിയുറപ്പിക്കുന്ന സംഭവം. എത്ര നരകദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും അടുത്തൊരു രാവിരുട്ടി വെളുക്കുമ്പോള്‍ ആത്മാവിന്റെ തുരുത്തിലേക്ക് ആശ്വാസത്തിന്റെ ദേശാടനക്കിളികള്‍ വരുമെന്ന് വീണ്ടും ഓര്‍മിപ്പിക്കുന്ന ദിവസം. മരണം അവസാനതുള്ളി ഓക്‌സിജനും വലിച്ചെടുക്കുന്നതുവരെ പ്രതീക്ഷ കൈവിടരുതെന്ന് നിരന്തരം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരനുഭവം. ജീവിതത്തില്‍ ഒപ്റ്റിമിസ്റ്റായിട്ടും കഥയില്‍ വായനക്കാരനെ ഉദ്വേഗത്തില്‍നിര്‍ത്തി പേനയടച്ചിരുന്നു. കഥാപാത്രങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്ന് വ്യക്തമാക്കാതെ എഴുത്തവസാനിപ്പിച്ചവനേക്കാള്‍ എത്രയോ വലിയ പ്രതിഭയാണ്, കാലം. ടിയാന്‍ അതിവിദഗ്‌ദമായി തന്റെ കഥാപാത്രത്തെ അപകടത്തെ അതിജീവിക്കുന്നവനാക്കി. പ്രതിസന്ധികളോട് മല്ലിട്ട് തീരമണയുന്നവനാക്കി.
ഫാ. പീറ്ററിന് എന്തു സംഭവിച്ചു എന്ന് ഇപ്പോഴും എനിക്കറിയില്ല. കഥയില്‍നിന്ന് ജീവിതത്തിലേക്കുള്ള ദൂരം എത്ര കൂടുതലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.