നേവി കമാൻഡർ അഭിലാഷ് ടോമി, അപകടത്തിൽ നിന്നും രക്ഷപ്പെട്ട് സുഖം പ്രാപിച്ചു വരുന്ന വേളയിൽ, അദ്ദേഹത്തെ ഗോൾഡൻ ഗ്ലോബ്ബ് റെയ്സിലേയ്ക്കെത്തിച്ച, കുട്ടിക്കാലം മുതൽ തുടങ്ങിയ സമുദ്രപ്രണയത്തെക്കുറിച്ചും 80 മണിക്കൂറിൽ 80 നോട്ട്സ് വേഗതയിലാഞ്ഞടിച്ച കാറ്റിനോട് പൊരുതി നിന്ന പായ്‌വഞ്ചിയെക്കുറിച്ചും അമൃത ദത്തയും സ്മിത നായരും എഴുതുന്നു.

ലോകം ചുറ്റിവരാമെന്ന് പറഞ്ഞ് മകൻ ഒരു വഞ്ചിയിൽ അലകളിളകുന്ന സമുദ്രത്തിലേയ്ക്കിറങ്ങിയാൽ എന്താണൊരു പിതാവ് ചെയ്യുക? ഇവിടെ ലെഫ്റ്റനന്റ് കമാൻഡർ ( റിട്ടയേർഡ്) വി സി ടോമി, (67), തീരുമാനിച്ചത് അതു നോക്കിക്കണ്ട് വിലയിരുത്തുവാനാണ്.

ഒരിടത്തും നിർത്താതെ, നിരന്തരയാത്രയിലൂടെ, ആരുടെയും സഹായമില്ലാതെ, തന്റെ മകൻ അഭിലാഷ് ടോമി, 2013 ൽ ലോകം ചുറ്റി വന്നപ്പോൾ ആ പിതാവ് ഒരു ഗ്ലോബിൽ, സമുദ്രങ്ങളുടെ യഥാർത്ഥത്തിലുള്ള പ്രക്ഷുബ്‌ധതയിൽ നിന്നും ബഹുദൂരം വ്യത്യസ്തമായ ഗാഢ നീലിമയിൽ, അവന്റെ യാത്രാവഴികൾ അടയാളപ്പെടുത്തിവച്ചു. “ഓരോ ദിവസവും ,അവനെവിടെയെ ത്തിയെന്ന് ഞാനടയാളപ്പെടുത്തി, ഇതാ ഇവിടെ നിന്ന്, മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്നാണവൻ യാത്രയാരംഭിച്ചത്, ഇതാണു വഴി, പസഫിക്, കേപ്പ് ലീവിൻ, കേപ്പ് ഹോൺ, കേപ്പ് ഓഫ് ഗുഡ് ഹോപ്…..” പേന കൊണ്ട് അടയാളപ്പെടുത്തിയ വളഞ്ഞുപുളഞ്ഞ വഴിത്താരകൾ ചൂണ്ടി എറണാകുളത്തെ വീട്ടിലിരുന്ന് അദ്ദേഹം പറഞ്ഞു.

A sailor and his boat: Abhilash Tomy’s love affair with the sea that brought him to race

അഭിലാഷ് ടോമിയുടെ പിതാവ്                     ഫൊട്ടോ : വിഗ്നേഷ് കൃഷ്ണമൂര്‍ത്തി

വീട്ടിൽ നിന്നു നോക്കിയാൽ കടൽ കാണാനാവില്ല, പക്ഷേ അദ്ദേഹമെപ്പോഴും കടൽ യാത്രയിൽ കണ്ണുകളുറപ്പിച്ചു. വീടിന്റെ ചുവരുകളിൽ കപ്പലുകളുടെയും വഞ്ചികളുടെയും ചിത്രങ്ങളാണ് നിറയെ. അവയിൽ അഭിലാഷ് 2013 ൽ ലോകം ചുറ്റിവന്ന ഐ എൻ എസ് മാദേയ് യുടെ ജലച്ചായത്തിൽ വരയ്ക്കപ്പെട്ട ചിത്രവുമുണ്ട്.  ‘രോഹില്ല’ എന്ന തകർന്നയാത്രാക്കപ്പലിൽ നിന്നും വീണ്ടെടുത്ത ചക്രം ചുവരിൽ ഉറപ്പിച്ചിരിക്കുന്നു.

രണ്ടാം യാത്രയുടെ താരതമ്യേന ദൂരം കുറഞ്ഞ പാതയും ഗ്ലോബിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. “ഇതാണ് വഞ്ചി കൊടുങ്കാറ്റില്‍പ്പെട്ട് അപകടത്തിലായ സ്ഥലം,” ടോമിയുടെ പിതാവ് പറഞ്ഞു.

അഭിലാഷിന്റെ പായ്‌വഞ്ചി ‘തുരീയ,’ സെപ്റ്റംബർ 21 നാണ് പെർത്തിൽ നിന്നും 3,200 കിലോമീറ്റർ അകലെ കൊടുങ്കാറ്റിൽ പെട്ടത്. 39 കാരനായ നേവി കമാൻഡർ കരയിലേയ്ക്കുള്ള യാതൊരു ആശയവിനിമയ ബന്ധങ്ങളുമില്ലാതെ, തകർന്നുപോയ പായ്‌വഞ്ചിയിൽ നാല് ദിവസം ഒറ്റപ്പെട്ടുപോയി. “ബന്ധപ്പെടുവാൻ ഒരു വഴിയുമില്ലായിരുന്നു, ഉണ്ണാനും ഉറങ്ങാനുമായില്ല ഞങ്ങൾക്ക്,” ആ പിതാവ് പറഞ്ഞു.

ഫ്രഞ്ച് കപ്പലായ ‘ഒസിരിസ്’ അഭിലാഷിനെ രക്ഷപ്പെടുത്തി ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിയിലെത്തിച്ച വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ഐ എൻ എസ് ‘സത്പുര’യിലേയ്ക്കു മാറ്റിയത്. “ ഇപ്പോഴവന് ക്രച്ചസിൽ നടക്കാനാകുന്നുണ്ട്, മത്സരത്തിൽ നിന്നു പുറത്തായതിൽ നിരാശയുണ്ടെങ്കിലും അഭിലാഷിന്റെ അവസ്ഥയിപ്പോൾ വളരെ മെച്ചമാണ്,” ഇന്ത്യൻ നാവികസേനയുടെ പി ആർ ഓ ക്യാപ്റ്റൻ ഡി കെ ശർമ്മ പറഞ്ഞു.

ദ്വീപിൽ നിന്നും 100 നോട്ടിക്കൽ മൈൽ അകലെയുള്ള ‘തുരീയ’യിലേയ്ക്കാകും കപ്പൽ ആദ്യം പോകുക എന്ന് ശർമ്മ അറിയിച്ചു.  പായ്‌വഞ്ചിയിൽ നിന്ന് അഭിലാഷിന്റെ വ്യക്തിഗതവസ്തുക്കളും മറ്റും വീണ്ടെടുക്കുവാൻ ശ്രമിക്കും. “ആ പായ്‌വഞ്ചി കപ്പലിൽ കയറ്റാനാവില്ല, അതെങ്ങനെ തിരികെക്കൊണ്ടുവരണമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഒരു കുഞ്ഞിനെ ഉപേക്ഷിച്ചുപോകാനാവില്ലല്ലോ,” അദ്ദേഹം പറഞ്ഞു.

കാറ്റടിച്ചപ്പോൾ അഭിലാഷ് ഡെക്കിൽ ജോലിയിലായിരുന്നു, 70 മണിക്കൂറിനുള്ളിൽ മൂന്നു തവണ കാറ്റ് വഞ്ചിയെ അടിച്ചു തകർക്കുക തന്നെ ചെയ്തു. അവസാനത്തെ രണ്ടു പ്രാവശ്യം 360 ഡിഗ്രി കറങ്ങി.  “അത് വെള്ളത്തിലാഴ്ന്നുപോകുകയും പൊങ്ങിവരികയും ചെയ്തു. പായ്‌മരം ഒടിഞ്ഞു. അഭിലാഷ് ഉള്ളിൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും നടന്നു, അതാണയാളെ രക്ഷിച്ചത്” ശർമ്മ അറിയിച്ചു.

കുടുംബത്തിനിത് താങ്ങാനാവുന്നതല്ല, പക്ഷേ മകനെ പിന്തിരിപ്പിക്കണമെന്ന് ടോമി ഒരിക്കലും കരുതുന്നില്ല. “ഞാനവനു വേണ്ടി പ്രാർത്ഥിക്കുന്നു, പക്ഷേയവനെയോർത്ത് വിഷമിക്കുന്നില്ല. കുട്ടികളെ നാം നിയന്ത്രിക്കരുത്, അവർ സ്വതന്ത്രരായിരിക്കട്ടെ” അദ്ദേഹം പറഞ്ഞു.

A sailor and his boat: Abhilash Tomy’s love affair with the sea that brought him to race

അഭിലാഷ് ടോമി അപകടത്തിന് ശേഷം

“ഞാനൊരു ധീരനാണെന്നു നിങ്ങൾ കരുതാം, പക്ഷേ ഒരു സ്വതന്ത്രമനുഷ്യനായിരിക്കുക എന്നതു മാത്രമാണു ഞാനാഗ്രഹിക്കുന്നത്” 2013 ൽ ലോകം ചുറ്റിവന്നതിനിശേഷം ഒരു TedXTalk ൽ അഭിലാഷ് പറഞ്ഞത്.

എന്താണദ്ദേഹത്തെ ഒരു രണ്ടാം വട്ടത്തിനു പ്രേരിപ്പിച്ചത്?

“അസാധ്യമായതിനു മേൽ ഒരു നിർണ്ണായക വിജയം നേടുമ്പോൾ, നിങ്ങൾക്കു വീണ്ടും, സ്വയം വെല്ലുവിളിക്കുവാൻ തോന്നും, കൗമാരം മുതൽ വായിച്ച ലോക സമുദ്രപ്രയാണത്തിന്റെ ചരിത്രവും അതിനു പ്രേരകമായിട്ടുണ്ട്, ” അഭിലാഷിന്റെ ഭാര്യ ഉർമിമാല ഗോവയിൽ നിന്നു ഫോണിലൂടെ പറഞ്ഞു. പലവിധ ജോലികൾ ചെയ്യുന്ന ഉർമിമാല ബാലസാഹിത്യ ഇലസ്ട്രേറ്റർ കൂടിയാണ്.

1968 ൽ ഗോൾഡൻ ഗ്ലോബ് റെയ്സിൽ ലോകം ചുറ്റാനിറങ്ങിയതു ഒൻപതു പേരാണ്. ഒടുവിലവശേഷിച്ച നാലുപേരിൽ ഒരാൾ മത്സരം വിട്ട് കടലിന്റെ വെളിപാടിൽ ആകൃഷ്ടനായി വഞ്ചി തുഴഞ്ഞുപോയി. ഒരാൾ മാനസികമായി തകർന്ന് സമുദ്രത്തിൽ ചാടി മരിച്ചു. ഒരാൾ മാത്രമാണ് വിജയത്തിലെത്തിയത്, സർ റോബിൻ നോക്സ് ജോൻസ്റ്റൻ. അദ്ദേഹമാണ് തനിയെ, ലോകം ചുറ്റിയ ആദ്യത്തെ മനുഷ്യൻ.

സർ റോബിൻ നോക്സ് ജോൻസ്റ്റന്റെ വിജയത്തിന്റെ അൻപതാം വാർഷികമാഘോഷിക്കുന്ന 2018 ലെ ഗോൾഡൻ ഗ്ലോബ് റെയ്സിലേയ്ക്ക് അഭിലാഷ് ടോമി ക്ഷണിക്കപ്പെട്ടു. പക്ഷേ ഇത്തവണ നാവികർക്ക് 1968 നു ശേഷം കണ്ടുപിടിക്കപ്പെട്ട സാങ്കേതികതയും – ജി പി എസ് ഉൾപ്പടെയുള്ള- ഉപയോഗിക്കാനാവില്ല എന്നതായിരുന്നു നിയമം. 18 പേരാണ് പങ്കെടുത്തത്. “ അഭൗമ ഗ്രഹങ്ങ ളുമായുള്ള ആശയവിനിമയത്തിൽ നിന്നു വേണമായിരുന്നു അഭിലാഷിന് വഴി കണ്ടെത്താൻ. ഒരു സെക്സറ്റന്റ്റു ഉപയോഗിച്ചു വഴി കണ്ടെത്തുവാൻ പഠിക്കേണ്ടിയും വന്നു, ഞാൻ പോലും 25 വർഷം മുൻപാണതുപയോഗിച്ചിട്ടുള്ളത്,” അഭിലാഷിന്റെ മിഷൻ മാനേജരും  ഉപദേഷ്ടാവുമായ  ഇന്ത്യൻ നേവി കമാൻഡർ ( റിട്ട) ദിലീപ് ദോണ്ഡെ പറഞ്ഞു.

വഞ്ചിയുടെ പേരു നിർദ്ദേശിച്ചത് ഉർമിമാലയാണ്. “ഉപനിഷത്തുകളിൽ ബോധത്തിന്റെ നാലാമത്തെ അവസ്ഥയായി പറയുന്നതാണ് “തുരീയ അവസ്ഥ,” നിർവ്വണത്തിലെത്തുന്നതിനു തൊട്ടു മുൻപ് പരിപൂർണ്ണമായ ഒരു ഉണർവ്വിൽ, ജാഗ്രതയിൽ മനസ്സ് എത്തിച്ചേരുന്നു. ആ മാനസികാവസ്ഥയിലെത്തിച്ചേരുവാൻ അഭിലാഷിന് കഴിഞ്ഞേക്കുമെന്നെനിക്ക് തോന്നി,” അവർ പറഞ്ഞു.

ജൂലൈ ഒന്നാം തീയതി ‘തുരീയ’ കാണാനും അഭിലാഷിനെ യാത്രയയ്ക്കുവാനും ഫ്രാൻസിലെത്തിയവരിൽ നോക്സ് ജോൻസ്റ്റണും ഉണ്ടായിരുന്നു, ദോണ്ഡേ വഴിയാണ് അഭിലാഷ് അദ്ദേഹവുമായി പരിചയത്തിലായത്. ‘തുരീയ’യ്ക്കുള്ളിൽ പ്രവേശിച്ച ചരിത്ര നാവികൻ എത്ര ദിവസം കൊണ്ട് അഭിലാഷ് യാത്ര പൂർത്തിയാക്കുമെന്നറിയാൻ ജിജ്‌ഞാസുവായിരുന്നു. ആ ബ്രിട്ടീഷുകാരൻ (നോക്സ് ജോൺസ്റ്റൺ ) എടുത്തത് 312 ദിവസമാണ്.  യുവനാവികൻ അദ്ദേഹത്തെ നോക്കി മറുപടി പറഞ്ഞു “311.”

കടലിന്റെ വിളി, അഭിലാഷ് കുഞ്ഞായിരുന്നപ്പോൾ തന്നെ കേട്ടതാണ്. നേവി പോലീസിൽ ജോലി ചെയ്യുന്ന പിതാവിനോടൊപ്പം തീരനഗരങ്ങളിലായിരുന്നു കുട്ടിക്കാലം. തെർമ്മോക്കോൾ കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ കായലിൽ കളിക്കുന്ന അഭിലാഷിനെ മൂന്നാം നിലയിലെ വീടിന്റെ ബാൽക്കണിയിൽ നിന്നും കണ്ടത് അമ്മ വത്സമ്മ ഓർമ്മിക്കുന്നു.

അഭിലാഷ് രണ്ടാം ക്ലാസിലായിരുന്നപ്പോഴാണ് കൊച്ചിയിൽ നിയമനം കിട്ടിയത്. അഭിലാഷിനും അനുജൻ അനീഷിനും സെയിലിങ് ക്ലബ്ബകൾ പരിചിതങ്ങളായി. ‘ സ്കൂൾ വിട്ടുവന്നാലുടനെ തന്നെ, സെയിലിങ് ക്ലബ്ബിലേയ്ക്കോടുകയായിരുന്നു അഭിലാഷിന്റെ പതിവ്. ലൈഫ് ജാക്കറ്റണിഞ്ഞ്, കായലിലെ ചെളിവെള്ളത്തിലേയ്ക്കവൻ ഊളിയിടും,” ടോമി പറഞ്ഞു, “ ഒടുവിൽ ചെറുവള്ളങ്ങൾ കായലിറക്കുവാൻ തുടങ്ങിയതോടെ അവനു പരിശീലനം നൽകണമെന്ന് ക്ലബ് മാനേജർ മനസ്സിലാക്കി. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ അവൻ നല്ലൊരു സമുദ്രയാത്രികനായി മാറിയിരുന്നു.”

പിന്നീട് എഞ്ചിനീയറിങ്, മെഡിക്കൽ പഠനങ്ങൾക്കുള്ള യോഗ്യത നേടിയെങ്കിലും നേവൽ അക്കാദമിയാണ് അഭിലാഷ് തെരഞ്ഞെടുത്തത്.

A sailor and his boat: Abhilash Tomy’s love affair with the sea that brought him to race

അഭിലാഷ് ടോമിയുടെ പിതാവ്                                         ഫൊട്ടോ : വിഗ്നേഷ് കൃഷ്ണമൂര്‍ത്തി

മകന്റെ മത്സരബുദ്ധിയെപ്പറ്റിയും പിതാവോർക്കുന്നുണ്ട്, “പരിശീലനകാലത്ത്, സുഹൃത്തുക്കളെല്ലാം, മും‌ബൈയിൽ നിന്ന് ലോണാവലയിലേയ്ക്ക് ട്രെയിനിൽ വരുമ്പോൾ ഇവൻ മാത്രം സ്പോർട്ട്സ് സൈക്കിളിലായിരുന്നു വരവ്. കൂട്ടുകാരെക്കാൾ മുൻപിലെത്തുകയും ചെയ്യും. മത്സരങ്ങളിൽ മുൻപിലെത്തുക എന്നുമവന് ഹരമായിരുന്നു.”

പക്ഷേ, അമ്മയായ വത്സമ്മയ്ക്ക് തന്റെ ആദ്യ പുത്രനെപ്പറ്റി മറ്റൊരു ചിത്രമാണു തരാനുള്ളത്. എപ്പോഴും ശാന്തമായ പ്രസന്ന ഭാവത്തോടെ,  തന്റെ ലോകത്തിൽ മുഴുകിയിരിക്കുന്ന പുസ്തകപ്പുഴു, ഇത്തരം സ്വപ്നങ്ങൾ അവനുണ്ടെന്ന് എനിക്കറിയില്ലായിരുന്നു,” അവർ പറഞ്ഞു. 2013 ൽ ലോകം ചുറ്റിയുള്ള സമുദ്രയാത്രയ്ക്ക് അവൻ തയാറെടുത്തപ്പോൾ ഭർത്താവിനെ പ്പോലെ സംയമനത്തോടെ അതിനെ ഉൾക്കൊളളാൻ അവർക്കു കഴിഞ്ഞില്ല. ഒടൂവിൽ അമ്മയെ സമ്മതിപ്പിക്കുവാൻ ഇന്ത്യൻ നേവിയെ ആദ്യമായി നാവിഗേഷനിലേയ്ക്ക് കൊണ്ടുവന്ന അഡ്മിറൽ മനോഹർ പി അവാതിയെയാണു അഭിലാഷ് ആശ്രയിച്ചത്. അദ്ദേഹത്തെ എറണാകുളത്തേയ്ക്ക് ഇതിനായി കൂട്ടിക്കൊണ്ടുവന്നു. “ ആദ്യം വത്സമ്മ വഴങ്ങിയില്ല, ആ അമ്മയിൽ നിന്നൊരു സമ്മതത്തിനായി അദ്ദേഹത്തിന് വീണ്ടുമൊരു തവണ കൂടി വരേണ്ടി വന്നതായി ടോമി പറഞ്ഞു.

എന്നാൽ അഭിലാഷിന്റെ ഗോൾഡൻ ഗ്ലോബ് സാഹസം മാതാപിതാക്കൾക്ക് അജ്ഞാതമായിരുന്നു. “വഞ്ചി നിർമ്മിച്ചപ്പോൾ ഒരു മലയാളം പത്രം അതെക്കുറിച്ച് ചെറിയൊരു വാർത്ത പ്രസിദ്ധപ്പെടുത്തി. അപ്പോഴാണു ഞങ്ങളതറിഞ്ഞത്. മലയാളികൾ സത്യത്തിൽ സാഹസികത ഒഴിവാക്കുന്നവരാണ്. ലോകം ചുറ്റുന്നതിൽ ഇത്ര വലിയ കാര്യമെന്താ എന്നവർ ചോദിക്കും. ഒരു മുക്കുവനും പോലും ചെയ്യാവുന്ന കാര്യം, ഇതാണവർ പറയുക,” ടോമി തുറന്ന ചിരിയോടെ പറഞ്ഞു.

രണ്ട് സെക്സറ്റന്റ്റുകൾ, രണ്ടു റേഡിയോ VHF സെറ്റുകൾ, 300 ലിറ്റർ വെള്ളം, പാചകം ചെയ്ത ഭക്ഷണം എന്നിവയ്ക്കു പുറമെ മാതാപിതാക്കൾ അയച്ചുകൊടുത്ത ഉണക്ക മീനും നേന്ത്രക്കായ ഉപ്പേരിയും ‘തുരീയ’യിൽ യാത്രയ്ക്കുണ്ടായിരുന്നു. കൂടെ മൂന്നു പുസ്തകങ്ങളും, സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ഉപനിഷത്ത് വ്യഖ്യാനം, നോക്സ് ജോൺസ്റ്റൺ എഴുതിയ Seamanship and Seafaring, ഒപ്പം മലയാളികളുടെ പ്രിയ നോവൽ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ (ഗബ്രിയേൽ ഗാർസിയ മാർക്വിസ്) “എല്ലാ വർഷവും ഒരു തവണ അവനാ പുസ്തകം വായിക്കും,” ടോമി പറഞ്ഞു.

സാഹസികതയ്ക്ക് പുറമെ സമുദ്രത്തിലെ ഏകാന്തതയും അഭിലാഷിനെ ആകർഷിച്ചിരുന്നു. “ഏകാന്തയെ പ്രണയിക്കാത്ത ഒരാൾക്ക് ഒരിക്കലും തന്റെ സ്വാതന്ത്ര്യവുമായി സ്നേഹത്തിലാകാൻ കഴിയില്ലെന്നു, എന്നെയറിഞ്ഞ നാൾ മുതൽ ഞാൻ വിശ്വസിച്ചിരുന്നു,” TedX പരിപാടിയിൽ അഭിലാഷ് പറഞ്ഞിരുന്നു.

മകന്റെ ഏകാന്തദിനങ്ങളിലെ വെല്ലുവിളികളെപ്പറ്റി പിതാവ് ബോധവാനാണ്. “ വഞ്ചിയുടെ ഗതി, കാറ്റിന്റെ ദിശയ്ക്കനുസരിച്ച് തയാറാക്കുകയാണ് ആദ്യം ചെയ്യാനുള്ളത്. പാചകം ചെയ്യണം, വസ്ത്രങ്ങൾ കഴുകണം, സമുദ്രത്തിലായിരിക്കുമ്പോൾ ഉറക്കം നമ്മുടേത് പോലെയാകില്ല. 10-15 മിനിട്ട് മയക്കമാണവരുടെ രീതി. അതു കഴിഞ്ഞാൽ ഉണർന്ന് കാറ്റിന്റെ ഗതി പരിശോധിക്കും, വഞ്ചിയുടെ വഴിയും. പിന്നീട് വീണ്ടും മയങ്ങും” ടോമി പറഞ്ഞു. മടങ്ങിവന്നാൽ സാധാരണ ജീവിതത്തിന്റെ പാതയിലേയ്ക്കെത്തുവാൻ ആറു മാസമെ ങ്കിലും എടുക്കും.

A sailor and his boat: Abhilash Tomy’s love affair with the sea that brought him to race

കടൽ അഭിലാഷിന്റെ ജീവിതത്തെ പുനഃക്രമീകരിച്ചിട്ടുണ്ട് എല്ലാം “കുറച്ച്” മതി അവനിപ്പോൾ.  ജീവിക്കുവാൻ കൂടുതൽ സംഗതികളൊന്നും ആവശ്യമില്ല. ഇവിടെ വന്നാൽ ചൂടാണെങ്കിൽ പോലും ഫാൻ ഉപയോഗിക്കില്ല,” കഴിഞ്ഞ സാഹസിക യാത്രയിൽ 15 ലിറ്റർ വെള്ളം കൊണ്ട് അഭിലാഷ് 15 ദിവസം കഴിച്ചുകൂട്ടിയത് ടോമി ഓർമ്മിച്ചു.

A sailor and his boat: Abhilash Tomy’s love affair with the sea that brought him to race

ഒരു മധ്യവർഗ്ഗ കുടുംബത്തിന്റെ പരിമിതികൾക്കപ്പുറം ഈ മകൻ വളർന്നതെങ്ങനെയെ ന്നുള്ളത് മാതാപിതാക്കൾക്ക് അജ്ഞാതമാണ്. “അവനിത്ര ശക്തനായ ഒരാളാണെന്ന് ഞാനൊരിക്കലും കരുതിയിട്ടില്ല. പക്ഷേ ലോകം ചുറ്റി സഞ്ചരിക്കുന്നതിനെപ്പറ്റി വളരെ ലളിതമായവൻ സംസാരിക്കുന്നു,” ടോമി പറഞ്ഞു.

“എപ്പോഴും വെല്ലുവിളികളേറ്റെടുക്കുവാൻ അഭിലാഷ് തയ്യാറാണ്,” ഭാര്യ ഉർമിമാല പറയുന്നു,“പക്ഷേ ഞാനിനി സമ്മതിക്കുമെന്നു തോന്നുന്നില്ല” ചെറു ചിരിയോടെ അവർ കൂട്ടിച്ചേർത്തു.

ഭാഗ്യവശാൽ ഈ നാവികൻ കൂടുതൽ ശാരീരിക പരുക്കുകളില്ലാതെ രക്ഷപ്പെട്ടിരിക്കുന്നു.           “കുറച്ച് വിശ്രമിച്ചാൽ ശരിയാകാവുന്നതേയുള്ളു. അവൻ സമുദ്രയാത്രകളിലേയ്ക്ക് മടങ്ങിവരുമെന്നു തന്നെയാണു ഞാൻ കരുതുന്നത്,” ദോണ്ഡെ പറഞ്ഞു.

“ എന്തു തന്നെയായാലും ഒന്നുമവനെ തോല്‍പ്പിക്കില്ല. ഇപ്പോഴും അഭിലാഷ് പരാജയപ്പെട്ടിട്ടില്ല” ഭാര്യ പറയുന്നു.

അഭിലാഷ്, നാവികസേനയിൽ മാരിടൈം  പൈലറ്റ്‌യാണ് ജോലി ചെയ്യുന്നത്.

“പുതിയ പദ്ധതികൾ അവനിപ്പോഴേ തയാറാക്കുന്നുണ്ടാകുമെന്നെനിക്കുറപ്പാണ്. അടുത്തതായി അവനെന്താണു ചെയ്യാനാഗ്രഹിക്കുന്നതെ ന്നറിയാമോ? ലോകത്തിനു ചുറ്റും പറക്കണം, അതാണവന്റെ ആഗ്രഹം,” പുഞ്ചിരിച്ചുകൊണ്ട് ടോമി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook