ആറോ ഏഴോ തവണ മാധവിക്കുട്ടിയെ തൊട്ടു തൊട്ടിരുന്ന് മിണ്ടിയിട്ടുണ്ട്. തിരുവനന്തപുരത്തെ സമുദ്രതാരയിൽ വച്ചല്ല, എറണാകുളത്തെ അമ്പാടി അപ്പാർട്ട്മെൻറ്സിലും കടവന്ത്രയിലെ ഫ്ലാറ്റിലും രണ്ടു മീറ്റിങ്ങുകളിലും വച്ച്. ഓരോ കാഴ്ചനേരത്തും ജീവിതം വന്ന് കെട്ടിപ്പിടിച്ചുമ്മ വച്ച പോലെ ആനന്ദമയിയായി ഞാൻ.
എന്തു ധൈര്യത്തിലാണ് അമ്പാടി അപ്പാർട്ട്മെന്റ്സിലേക്ക് കുപ്പിവളയുമായി കേറിച്ചെന്നത് എന്ന് ഓർമ്മയില്ല. പിന്നെ എന്നും കുപ്പി വളക്കാരിയായിരുന്നു മാധവിക്കുട്ടിക്ക് ഞാൻ.
ഞാനെഴുതിയ കഥയോടുള്ള പ്രേമം വഴി എന്നോടു പ്രേമബദ്ധരായ ഏതൊക്കെയോ മുസ്‌ലിം കഥാകൃത്തുക്കളുടെ പേര് പറഞ്ഞാണ് ഒരു ദിവസം എതിരേറ്റത്. ‘അച്ഛൻ’ എന്ന് എന്റെ ഒരു കഥയുടെ പറഞ്ഞു കേട്ട പേര് കോട്ട് ചെയ്യുന്നുമുണ്ടായിരുന്നു. “എന്നോടുള്ള പ്രേമം കഴിഞ്ഞ് മതി ഇക്കുട്ട്യോടുള്ള പ്രേമംന്ന് അവരോട് പറഞ്ഞു” എന്ന് പറഞ്ഞ് എന്നെ കഥയുടെ രാജകുമാരിയായി വാഴിക്കാനുള്ള ശ്രമത്തിലെ കുട്ടിക്കളിയുടെ രസം നുണഞ്ഞ് ഞാൻ നിന്നു. എന്റെ കഥകൾ അവരുടെ കഥകളുടെ നിഴലരികത്തുപോലും വരില്ല എന്നറിയാവുന്നതുകൊണ്ട്, കഥ എഴുതുക മാത്രമല്ല നിന്ന നിൽപ്പില്‍ കഥയുണ്ടാക്കി പറയുകയും ചെയ്യും ആമി എന്ന് എനിക്ക് നന്നായറിയാമായിരുന്നതുകൊണ്ട് ചിരി എവിടെ ഒളിപ്പിക്കണം എന്നറിയാതെയായി ഞാന്‍.

കുട്ടികളെക്കുറിച്ചോർക്കുമ്പോഴൊക്കെ ഞാനെപ്പോഴും അവരുടെ ‘നുണകൾ’ എന്ന കഥ ഓർക്കും. സ്വാതന്ത്ര്യ സമര സേനാനിയുടെ മകൾ വരുന്ന ‘ഗാന്ധിജിയുടെ പ്രസക്തി’ എന്ന കഥയും ഏറെ പ്രിയപ്പെട്ടത്. മാതൃഭൂമി വാരികയിൽ പണ്ട് പണ്ട് വന്ന ‘കുറച്ചുമണ്ണ്’ (1961) എന്ന കഥയെക്കുറിച്ച് എന്റെ അമ്മ എപ്പോഴും ഓർമ്മയിൽ നിന്നു പറഞ്ഞാണ് വായനയ്ക്കും മുൻപ് കുട്ടിക്കാലത്ത് തന്നെ മാധവിക്കുട്ടി മനസ്സിൽ കയറിപ്പറ്റുന്നത്. മാധവിക്കുട്ടിയുടെ ഫ്ലാറ്റിലേക്കുള്ള യാത്രയിൽ വിനയചന്ദ്രൻ സാർ പറഞ്ഞു കൊണ്ടിരുന്നത് മുഴുവൻ ‘നാവിക വേഷം ധരിച്ച കുട്ടി’യെക്കുറിച്ചാണ്. ദൃക്‌സാക്ഷി എന്ന വാക്കു കേൾക്കുമ്പോഴേ മാധവിക്കുട്ടി ആ പേരിലെഴുതിയ കഥയാണ് മനസ്സിലേയ്ക്ക് വരിക. ‘ജാഗരൂക’ എന്ന എന്റെ നീണ്ട കഥയുടെ അടുത്ത്, ‘സ്വയംവരം’ എന്ന കുഞ്ഞുകഥയിലെ അവന്തിയിലെ രാജകുമാരിയെ വച്ച് ഞാൻ ഇപ്പോഴും എപ്പോഴും ചുരുങ്ങിപ്പോകാറുണ്ട്. ‘വിശുദ്ധ പശു’ അവരുടെ ദീർഘദർശിത്വമാണ്.
മാധവിക്കുട്ടി പൂനെയ്ക്കു പോകും മുൻപ് ഒരു സ്ത്രീ വാരിക, അവരെ ഇന്റർവ്യൂ ചെയ്യാൻ എന്നെ ഏർപ്പെടുത്തി. അല്ലെങ്കിൽ വീണ്ടും കുപ്പിവളയുമായി ‘ഞാൻ’ എന്ന ഒതുങ്ങി മാറൽകാരി, ആ തിരക്കിലേക്ക് പോകുമായിരുന്നോ എന്ന് സംശയം. “കുപ്പിവളകളിടണ ആരോഗ്യേളളൂ ഞങ്ങൾടെ രണ്ടാൾടേം മെലിഞ്ഞ കൈകൾക്ക്” എന്നു ആരോടോ പറഞ്ഞു കൊണ്ട് ഒടിഞ്ഞ കൈയിലും കൂടി ആ കുപ്പിവളകൾ അടുക്കിയിട്ട് ക്ഷീണിച്ച ചിരി ചിരിച്ചു.
എന്റെയാ കുപ്പിവള മേൽവിലാസം, എന്നെ കാണുമ്പോൾ മാത്രം അവര് ഓർത്തെടുക്കുന്നതാണെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ അടുത്തയിടെ എന്റെ ഒരു എഫ് ബി പോസ്റ്റിന് കീഴെ കുറിച്ചിട്ട കമന്റിൽ പാർവ്വതി പവനൻ, “പ്രിയയെയും കുപ്പിവളയെയും കുറിച്ചെത്ര പറഞ്ഞിരിക്കുന്നു” എന്ന് പറഞ്ഞപ്പോൾ, അനങ്ങാൻ പറ്റാതെയിരുന്നു പോയി.
കാരൂരിന്റെ മകള്‍ പഴയ കാല കഥാകൃത്ത് സരസ്വതി ടീച്ചര്‍, സിനിമാട്ടോഗ്രഫറും സംവിധായകനുമായ വേണുവിന്റെ അമ്മ, ‘ഒരു മാധവിക്കുട്ടിയനുഭവം’ പറഞ്ഞപ്പോഴും ഞാൻ തരിച്ചിരുന്നു. എറണാകുളത്ത് സാഹിത്യ പരിഷത്തിന്റെ മീറ്റിങ് കഴിഞ്ഞപ്പോൾ മാധവിക്കുട്ടിയെ കാണാൻ പോയി. കൂട്ടിക്കൊണ്ടുപോയ കൂട്ടുകാരിക്ക് നല്ല പരിചയമുണ്ട് അവരുമായി. സരസ്വതി ടീച്ചർ ഇടക്കൊന്ന് ബാത്റൂമിൽ പോയി വരാനെടുത്ത നേരത്ത്, ‘ആരാണത്’ എന്ന് മാധവിക്കുട്ടി ചോദിച്ച് മനസ്സിലാക്കി. തിരിച്ചു വന്ന ടീച്ചറിനെ, സരസ്വതിയോ എന്നു ചോദിച്ച്, ടീച്ചറിന്റെ കഥയിലെ ഒരു വാചകം ഉദ്ധരിച്ച് മാധവിക്കുട്ടി കെട്ടിപ്പിടിക്കുന്നു. “ഒരു സമാഹാരത്തിലും വരാത്ത, ഞാൻ തന്നെ മറന്നു പോയ ആ കഥയാണ് അവരോർമ്മിച്ചു വച്ചത്” എന്നു പറഞ്ഞ്, അവരുടെ മനസ്സിന്റെ വലിപ്പത്തെ നമിച്ച് സരസ്വതി ടീച്ചറിരുന്നപ്പോൾ മനസ്സുനിറഞ്ഞ് കവിയുകയായിരുന്നു. മാധവിക്കുട്ടി അറിഞ്ഞു കൊടുത്ത ആ ആലിംഗന അവാർഡിനേക്കാൾ വലുതായി എന്താണ്, കാലം ഒരു വശത്തേക്ക് മാറ്റി ഒതുക്കിച്ചെറുതാക്കി വച്ചിരിക്കുന്ന ബി സരസ്വതിക്ക് കിട്ടാനുള്ളത്!

എന്റെ ആശുപത്രികളെക്കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട് ആദ്യ കാഴ്ചയിൽ. അന്ന് ഒരു ആശുപത്രിക്കഥ എനിക്ക് പറഞ്ഞു തന്നു. മരിക്കാറായ വിധം വയ്യാതായി കിടക്കുന്ന ആശുപത്രി നേരത്ത് ഒരു തണ്ട് ചോപ്പ് റോസാപ്പൂ മേശ മേൽ. മാധവദാസ് പറഞ്ഞു, നിന്നെ ചികിത്സിക്കുന്ന ഒരു സുന്ദരൻ ഡോക്ടർ, അയാൾ നിന്റെ വലിയ ആരാധകനാണ്. അയാൾ നിനക്കായി വച്ചിട്ടു പോയതാണ്. കണ്ണിലുണർന്ന തിളക്കവുമായി ആമി ചോദിച്ചു, എന്നിട്ടെവിടെ അയാൾ? മാധവദാസ് പറഞ്ഞു, നിന്റെ ഈ വല്ലാത്ത, വയ്യാത്ത അവസ്ഥയിൽ കാണാൻ വയ്യ, നീ പഴയ പോലെ ആകുമ്പോഴേ നേരിട്ട് വന്നു കാണൂ എന്നാണയാൾ പറയുന്നത്. അയാളുടെ റോസാപ്പൂ ദിവസവും എത്തി, ആമിക്ക് അയാളെ കാണാനുള്ള തിടുക്കമായി. ആ തിടുക്കം വഴി ആമിയിൽ കിളിർത്തത് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം. മരുന്നുകളെ ശരീരം സ്വീകരിക്കാൻ തുടങ്ങി. എല്ലാം ശരിയായി ആശുപത്രി വിടുന്ന നേരമെത്തിയിട്ടും ചോപ്പുറോസാപ്പൂവല്ലാതെ പൂക്കാരനെത്തിയില്ല. എവിടെ അയാൾ എന്നു ചോദിച്ച ആമിയോട് മാധവദാസ് പറഞ്ഞു. അത് ഞാൻ തന്നെയായിരുന്നു ആമി. ആ കഥ പറഞ്ഞ് മാധവിക്കുട്ടി ചിരിച്ചപ്പോൾ, അവനവന്റെ സ്ത്രീയെ ഇത്ര നന്നായി വായിച്ചെടുന്ന ഒരു പുരുഷനോ എന്ന് എനിക്ക് അവരോട് തോന്നിയ അസൂയയുടെ തൊങ്ങലുകളായി ഉണ്ടായിരുന്നത് പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ്. തന്റെ ഭാര്യ ഒരു ജീനിയസും അതേ സമയം ബാല്യകൗതുകങ്ങൾ മായാത്ത ഒരു കളിക്കുട്ടിയുമാണെന്നും മനസ്സിലാക്കി അച്ഛൻ. ആ തണലിൽ ആ ശക്തിയിൽ വേരുകളൂന്നിയാണ് അമ്മ വളർന്നത് എന്ന മോനു നാലപ്പാടിന്റെ കലാകൗമുദി വാചകത്തിലൂടെ ഞാൻ എത്തിയത് ആ പഴയ, ഒരിയ്ക്കലും ഇതളടരാത്ത ചോപ്പുറോസാപ്പൂവിലാണ്.
അന്ന് ഒടുവിൽ ഇന്റർവ്യൂക്കാരിയായി ഞാൻ പുറത്ത് കാത്തിരിക്കുമ്പോൾ അകത്ത് ഒരു മന്ത്രിയുണ്ടായിരുന്നു. അദ്ദേഹം പോകാറായപ്പോഴേ തന്നെ എന്നെ വിളിച്ചുകത്തു കയറ്റി. അതിമധുരമായി അദ്ദേഹത്തോട് യാത്ര പറഞ്ഞ മാധവിക്കുട്ടി, ആ ആൾ പോയ ഉടൻ തന്നെ സഹായിയായി നിന്ന പെൺകുട്ടിയോട് പറഞ്ഞു. “കുട്ടീ ചൂടുവെള്ളമെടുക്കൂ ഡെറ്റോളിട്ട്. അതിൽ കൈമുക്കി വച്ചു കൊണ്ട് എന്നെ നോക്കി കള്ളച്ചിരി ചിരിച്ച് പറഞ്ഞു, മന്ത്രി തൊട്ട കൈയല്ലേ? ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു.” അന്ന് ഞാനൂറിച്ചിരിച്ചതിന് കണക്കില്ല. ഒരു കോണില് ലേശം പല്ലു പൊന്തീട്ട്, പൗഡർ ബ്ലു തുണി കൊണ്ടുള്ള കുപ്പായമിട്ടിട്ട് ഓട്ടോറിക്ഷേല് കൃഷ്ണന്റൊപ്പം സഞ്ചരിക്കുന്നതായി സ്വപ്നം കണ്ടത് പറഞ്ഞു കേൾപ്പിച്ച്, പിന്നെ അഭിനയ സങ്കടം നിറച്ച ഒരു ചോദ്യം. “മുസ്ലീമായ സ്ഥിതിക്ക് ഇനി കൃഷ്ണനെ സ്വപ്നം കാണാനൊക്കെ അധികാരംണ്ടാകുമോ?”

പോരാറായപ്പോൾ, ഇനി ഞാനവരെ കാണില്ല എന്ന തിരിച്ചറിവോടെ ഞാൻ അവരെ നോക്കി നോക്കി നിന്നു. എന്റെ മോന് ആരുടെ ഛായയാണെന്ന് ചോദിച്ചു. കണ്ണു മാത്രം എന്റെ എന്ന് പറഞ്ഞതു കേട്ട്, “ചുഴിഞ്ഞു നോക്കണ കണ്ണ് അല്ലേ” എന്നു ചോദിച്ചു. “പൂനേല് വന്നു കാണുംന്നാ എല്ലാവരും പറയണത്, അപ്പോപ്പിന്നെ കേരളാവില്ലേ പൂനേം” എന്നു ചോദിച്ചെന്നെ യാത്രയയച്ച അവരുടെ ചിരിയിലെ വേദന എനിക്ക് മറക്കാനാവില്ല.
അവർക്ക് കേരളം വേദനയല്ലാതെ ഒന്നും കൊടുത്തില്ല… ഉവ്വോ?