കൊച്ചി : ഈദും ഓണതിരക്കും നിറഞ്ഞ ദിവസം.  കലൂരിബേദ്‌കര്‍ സ്റ്റേഡിയത്തിന്‍റെ പച്ചവിരിച്ച ടര്‍ഫില്‍ പ്രതിഫലിച്ചു നില്‍ക്കുന്നു ഉച്ചവെയില്‍. തലേന്നു വരെ പെയ്ത മഴയുട തെളിവുകളൊന്നും മൈതാനത്തില്‍ ദൃശ്യമല്ല. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു ഗൗനിക്കാതെ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ അസിസ്റ്റന്റ് കോച്ചും യൂത്ത് അക്കാദമി ഡയറക്ടറുമായി നിയമിതനായ താങ്ബോയി സിങ്റ്റോ ചുറുചുറുക്കോടെ കളിക്കാരുടെ പരിശീലനത്തിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ്.

പ്രത്യേകം വിളിച്ചു ചേര്‍ത്ത പരിശീലനത്തിനായി ഹൈദരാബാദില്‍ നിന്നുമുള്ള കേരളാ ബ്ലാസ്റ്റേഴ്സ് യൂത്ത് അക്കാദമി താരങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്. അവരെ ഹിന്ദിയില്‍ അഭിസംബോധന ചെയ്ത ശേഷം താങ്ബോയി പ്ലെയേഴ്സ് ബോക്സിലേക്ക് നടന്നുവന്നു. “ നമസ്കാരം, ഇന്നായിരുന്നല്ലേ ഇന്‍റര്‍വ്യു പറഞ്ഞത്. കുറച്ചു സമയംകൂടി കാത്തുനില്‍ക്കേണ്ടി വരും. കുറച്ചുകൂടി ഒരുക്കങ്ങളുണ്ട്. ഓണവും ഈദും ഒഴിവാക്കിയാണ് കുട്ടികള്‍ പരിശീലനത്തിനു എത്തിയിരിക്കുന്നത്.മത്സരങ്ങള്‍ക്ക് ഇനിയത്ര ദിവസമല്ലേയുള്ളൂ. .” നിര്‍ത്തി നിര്‍ത്തി സ്പഷ്ടമായ ഇംഗ്ലീഷില്‍ താങ്ബോയി പറഞ്ഞു. താങ്ബോയി സിങ്റ്റോ എന്ന മണിപ്പൂരുകാരനെ എന്തുകൊണ്ടാണ് ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ കോച്ചിലൊരാളായി വിശേഷിപ്പിക്കുന്നു എന്നതിനുള്ള ഒരാമുഖമായിരുന്നു അത്.

കാല്‍പന്തുകളിയോടുള്ള അടങ്ങാത്ത അഭിനിവേശത്തോടൊപ്പം തന്നെ കളിക്കാരെ മനസ്സിലാക്കുന്നതിലും അവരോട് സൗഹാര്‍ദപരമായി ഇടപെടുന്നതിലും ഉള്ള കഴിവ്, കെട്ടടങ്ങാത്ത ഉത്സാഹം, ലക്ഷ്യത്തിലെത്താനായുള്ള അശ്രാന്ത പരിശ്രമം, ശാസ്ത്രീയത അവലംബിച്ചുള്ള പരിശീലനരീതികള്‍ എന്നിവയൊക്കെയാണ് താങ്ബോയി സിങ്റ്റോയെ ഇന്ത്യയിലെ ഒന്നാംനിര ഫുട്ബാള്‍ കോച്ചാക്കി മാറ്റുന്നത്.

2009ലാണ് താങ്ബോയി സിങ്റ്റോ ഷിലോങ്ങിലെ ഐതിഹാസികമായ ലജോങ് എഫ്‌സി യുടെ അസിസ്റ്റന്റ് കോച്ചായി എത്തുന്നത്. പ്രാദേശികരായ കളിക്കാരെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ലജോങ് താങ്ബോയിയെ ഏല്‍പ്പിച്ച ആദ്യ ദൗത്യം. പിന്നീട് 2012-13 സീസണില്‍ ക്ലബ്ബിന്‍റെ മുഖ്യ പരിശീലകനും മാനേജറുമായ ഡസ്മൊണ്ട് ബുള്‍പിനെ കരാറുതീരുംമുമ്പ് ടീമിന്‍റെ മോശം പ്രകടനത്തെ ചൊല്ലി പുറത്താക്കുമ്പോള്‍ ‘ഇനിയാര് തങ്ങളെ മുന്നോട്ട് കൊണ്ടുപോവും’ എന്ന സംശയത്തിലായിരുന്നു ഷില്ലോങ്ങിലെ ഫുട്ബോള്‍ ആരാധകര്‍. എന്നാല്‍ ക്ലബ്ബ് മാനേജ്മെന്റിനു മുന്നില്‍ അതൊരു സന്ദേഹമായതേയില്ല. ക്ലബ്ബിന്‍റെ സാരഥ്യം യുവാവായ താങ്ബോയിയുടെ ചുമലിലേക്ക്. അവസാന പാതമത്സരങ്ങളില്‍ ചുമതലയേറ്റ മുപ്പത്തിയെട്ടുകാരന്‍ പ്രതീക്ഷയറ്റുകിടന്ന ക്ലബ്ബിനെ ഐലീഗ് റെലിഗേഷനില്‍ നിന്നും കരകയറ്റിക്കൊണ്ടാണ് ഇന്ത്യന്‍ ഫുട്ബാളിള്‍ വരവറിയിക്കുന്നത്. 2013-14 സീസണില്‍ ആറാം സ്ഥാനം, 2014-15ല്‍ ഒമ്പതാമത്, 2015-16ല്‍ എട്ടാമത്, 2016-17ല്‍ ക്ലബ്ബിന്‍റെ ചരിത്രത്തില്‍ ഏറ്റവും മികച്ചതായ അഞ്ചാം സ്ഥാനം. അതാണ്‌ താങ്ബോയി ലജോങ്ങില്‍ കുറിച്ച ചരിത്രം.

ഐ ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ്ബായിരുന്ന ലജോങ്ങിനെ ഒന്നാം ഡിവിഷനിലെ സ്ഥിരസാന്നിദ്ധ്യമാക്കാന്‍ സാധിച്ചു എന്ന് മാത്രമല്ല. ഒരിക്കലും സ്വപ്നം കാണാന്‍ പോലും സാധിച്ചിരുന്നില്ലാത്ത ഉയര്‍ച്ച സമ്മാനിച്ച ശേഷമാണ് താങ്ബോയി ക്ലബ്ബിനോട് വിട പറയുന്നതും അപ്രതീക്ഷിതമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിച്ചേരുന്നതും. “ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വളരെ വിജയകരമായൊരു കാലഘട്ടമാണ് ലജോങ്ങില്‍ ചെലവഴിച്ചത്. അതിന്‍റെ പ്രധാന കാരണമായി ഞാന്‍ കാണുന്നത് മാനേജ്മെന്റിന്‍റെ ദീര്‍ഘവീക്ഷണവും താത്പര്യവുമാണ്. ഒരു ലക്ഷ്യത്തിലെത്തി ചേരുവാനുള്ള സംഘടിതമായ ശ്രമമാണ് ലജോങ്ങിന്‍റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അതിനായി മാനേജ്മെന്റും സ്റ്റാഫും ഒരുപോലെ പ്രയത്നിച്ചിരുന്നു. ഒരു നല്ല ടീമിനെ കെട്ടിപ്പടുക്കുന്നതിനു നല്ലൊരു കൊച്ചിങ് ടീമോ സ്റ്റാഫോ മാത്രം പോര എന്നാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്‌. കളിക്കാരും ആ ലക്ഷ്യത്തിലെത്തി ചേരുവാനായി അവരെ മുഴുവനായി സമര്‍പ്പിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. നല്ലൊരു കാഴ്ചപ്പാട്, കളിയോടുള്ള അഭിനിവേശം, ചിട്ടയോടെയുള്ള പരിശീലനാം, പോസിറ്റീവായ സമീപനം എന്നിവയൊക്കെ ആവശ്യമാണ്‌. ഇതിനോടൊപ്പം തന്നെ ഓരോതവണയും മെച്ചപ്പെടണമെന്നുള്ള മനോഭാവവും ഓരോ കളിക്കാരിലും ഉണ്ടായാല്‍ മാത്രമേ ഒരു ടീം പുരോഗതി കൈവരിക്കുകയുള്ളൂ..ലജോങ്ങിന്‍റെ വിജയമന്ത്രവും അതായിരുന്നു.” താങ്ബോയി പറഞ്ഞു.

ഇന്ത്യന്‍ ടോപ്‌ ഡിവിഷനായി കണക്കാക്കപ്പെട്ടിരുന്ന ഐലീഗിലേക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ക്ലബ്ബാണ് ലജോങ് എഫ്‌‌സി. ഐലീഗിലെ പടയോട്ടത്തിനു പുറമേ 2017ലെ ഫെഡറേഷന്‍ കപ്പില്‍ സെമി ഫൈനല്‍ വരെ ക്ലബ്ബിനെ എത്തിക്കുകയും ചെയ്തതിന്‍റെ എല്ലാ ക്രെഡിറ്റും താങ്ബോയി സിങ്റ്റോയ്ക്ക് അവകാശപ്പെട്ടതാണ്. ക്ലബ്ബിന്‍റെ വിജയകരമായ ഈ ജൈത്രയാത്രയില്‍ വഹിച്ച പങ്കിനോളം തന്നെ താങ്ബോയിയെ അടയാളപ്പെടുത്തുക ഒരു കോച്ച് എന്ന നിലയില്‍ പ്രാദേശികരായ താരങ്ങളെ കണ്ടെത്തുവാനും പരിപോഷിപ്പിക്കുവാനും അവരെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താനും അദ്ദേഹം കാണിച്ചിട്ടുള്ള മിടുക്കാണ്. സാമുവല്‍ ലാല്‍മുവന്‍പുയയെയും ബിപിന്‍ സിങ്ങിനെയും പോലുള്ള ലജോങ് താരങ്ങളും. ഐഎസ്എല്ലിന്‍റെ ഈ സീസണില്‍ പൂനെഎഫ്സിക്കു വേണ്ടി കളിക്കുന്ന ഐസക്ക് വാന്‍മല്‍സവ്മ, ചെന്നൈയിന്‍ എഫ്‌‌സിയുടെ സെന്‍റര്‍ ബാക്ക് ചിങ്ങ്ലെന്‍സന സിങ്ങ്, കേരളാ ബ്ലാസ്റ്റേഴ്സിലേക്കെത്തിയ പ്രീതം കുമാര്‍ സിങ്ങും ഒക്കെ അത്തരത്തില്‍ താങ്ബോയി എന്ന പരിശീലകന്‍ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്ത താരങ്ങളാണ്.

ഷില്ലോങ്ങിലെ കരിയര്‍ അവസാനിപ്പിച്ച് കേരളത്തിലേക്ക് എത്തുവാനുള്ളതിനു ഏറ്റവും പ്രധാന കാരണമായി താങ്ബോയി ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിദേശത്ത് നിന്നുമുള്ള വിദഗ്ദ്ധര്‍ കൊണ്ടുവന്നിരിക്കുന്ന പരിശീലന രീതികളും ഫുട്ബാള്‍ മാനേജ്മെന്റും പഠിക്കുക എന്നതാണ്. കേരളത്തില്‍ ഫുട്ബോളിനുള്ള ഉജ്ജ്വലമായ ചരിത്രത്തെക്കുറിച്ചും കേരളം രാജ്യത്തിനു നല്‍കിയിട്ടുള്ള താരങ്ങളെകുറിച്ചും താങ്ബോയി ഊറ്റം കൊള്ളുന്നു. അതിനെല്ലാം അപ്പുറം “ഏത് അന്താരാഷ്ട്ര ക്ലബ്ബിനോടും കിടപിടിക്കാവുന്ന ഫുട്ബോള്‍ ആരാദകരാണ് കേരളത്തിലേത്. പിന്നെ ക്ലബ്ബ് ഉടമകളുടെ അഭിനിവേശവും കൂടിയാണ് കേരളാ ബ്ലാസ്റ്റര്‍സിലേക്ക് തന്നെ എന്നെ കൊണ്ടെത്തിച്ചത്. “ ഐ ലീഗില്‍ നിന്നും ഐഎസ്എല്ലിലേക്കുള്ള ചുവടുമാറ്റത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ താങ്ബോയി പറഞ്ഞു.

കേരളത്തിലെ ഫുട്ബാള്‍ വികസനത്തെകുറിച്ചും കൃത്യമായ വീക്ഷണമോടെയാണ് താങ്ബോയി കേരളാബ്ലാസ്റ്റേഴ്സിന്‍റെ യൂത്ത് അക്കാദമിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. “ഗ്രാസ്റൂട്ട്  തലത്തിലുളള സമീപനമാണ് തന്നെയാണ് കേരളത്തിന് ആവശ്യം. സ്കൂള്‍ തലം മുതല്‍ക്കെ തന്നെ സാങ്കേതികതികവോടുകൂടിയുള്ള പരിശീലനം നല്‍കിയാല്‍ മാത്രമേ മികവുറ്റ കളിക്കാരെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനോടൊപ്പം തന്നെ കോളേജുകള്‍ കേന്ദ്രീകരിച്ചും സെവന്‍സ് കേന്ദ്രീകരിച്ചും മികവുറ്റ കളിക്കാര്‍ക്കായുള്ള അന്വേഷണം ആവശ്യമാണ്‌. മികച്ച കളിക്കാരുളളയിടമാണ്  കേരളം. കഴിവുറ്റകളിക്കാരെ തിരഞ്ഞ് കണ്ടെത്താനുളള  എല്ലാ സാധ്യത്തകളും ഉപയോഗപ്പെടുത്തും.” എന്നു പറയുന്ന താങ്ബോയി വിമര്‍ശനങ്ങള്‍ മറച്ചുവെക്കുന്നുമില്ല.

“വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ഫുട്ബാള്‍ ഒരു കരിയര്‍ ആയി കാണാന്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ വന്നശേഷം ഈ ചെറിയ കാലയിളവില്‍ ആണെങ്കിലും അനുഭവപ്പെട്ട പോരായ്മ അങ്ങനെയൊരു പോസിറ്റീവ് സമീപനമുള്ള രക്ഷിതാക്കള്‍ കുറവാണ് എന്നതാണ്. പലപ്പോഴും മികച്ച കളിക്കാരുടെ രക്ഷിതാക്കളെ അത് പറഞ്ഞു മനസ്സിലാക്കുന്നതാണ് ഏറെ ബുദ്ധിമുട്ടുള്ള കാര്യം. “ കേരളത്തില്‍ ചെലവിട്ട കഴിഞ്ഞ ഏതാനും മാസത്തെ അനുഭവത്തെ മുന്‍നിര്‍ത്തി താങ്ബോയി പറഞ്ഞു.

ഇന്ത്യന്‍ ഫുട്ബോളിനു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ചെറുതല്ല. ഇന്ന് രാജ്യത്തെ പ്രഥമ ലീഗുകളിലുള്ള സിംഹഭാഗം കളിക്കാരും ഈ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ്. ഫുട്ബോളിനു ഒന്നാം സ്ഥാനമുള്ള ഒരു കായിക സംസ്കാരമാണ് അതിന്‍റെ പ്രധാന കാരണമെന്നാണ് താങ്ബോയിക്ക് അനുഭവപ്പെട്ടത്. ഇതുകൂടാതെ സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുമുള്ള സഹകരണവും കളിയെ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഫിഫ, എ എഫ്‌‌സി, എഐഎഫ്എഫ് തുടങ്ങിയ ഫുട്ബാള്‍ സംഘടനകള്‍ മുതല്‍ പ്രാദേശിക സംഘാടകര്‍ വരെ നീളുന്ന ഗ്രാസ്റൂട്ട് സമീപന മാതൃക ധാരാളമായി കളിക്കാരെ വളർത്തിയെടുക്കുന്നതിൽ സഹായകമായിട്ടുണ്ട് എന്നാണ് താങ്ബോയിയുടെ നിരീക്ഷണം. ഇതിനൊക്കെ ചുക്കാന്‍ പിടിച്ച ലജോങ്, ഐസ്വാള്‍ എഫ്‌‌സി, നെറോക്ക എഫ്‌‌സി തുടങ്ങിയ പ്രൊഫഷണല്‍ ക്ലബ്ബുകള്‍ വഹിക്കുന്ന പങ്കും ചെറുതല്ലായെന്നു പറയുന്ന താങ്ബോയി.

കേരളാ ബ്ലാസ്റ്റേഴ്സ് പോലൊരു ക്ലബ് യുവാക്കളില്‍ ചെലുത്താന്‍ പോകുന്ന സ്വാധീനത്തെക്കുറിച്ചും വാചാലനാകുന്നുണ്ട് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഈ അസിസ്റ്റന്റ് കോച്ച്. “ഡോ ടി ആവോ, ബൈച്ചുങ് ബൂട്ടിയ, റെനഡി സിങ് തുടങ്ങിയ പഴയ തലമുറ കളിക്കാര്‍ മുതല്‍ യൂജീന്‍സന്‍ ലിങ്ഡോയിലും ജെജെയിലും ജാക്കി ചാന്ദ്‌ സിങ്ങിലും എത്തി നില്‍ക്കുന്ന ഫുട്ബോള്‍ തലമുറകള്‍ ഇത്തരത്തില്‍ യുവാക്കളില്‍ സ്വാധീനം ചെലുത്തിയവരാണ്. പുരുഷന്മാര്‍ മാത്രമല്ല. ബെംബേം ദേവിയെ പോലുള്ള വനിതാ താരങ്ങളെയും കണ്ടാണ്‌ കുട്ടികള്‍ ഫുട്ബോള്‍ കളിച്ചു തുടങ്ങുന്നതും കളിയെ സ്നേഹിക്കുന്നതും. ”

അത്തരത്തിലൊരു ‘സ്പേസ്’ ആണ് കേരളത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ വരവോടെ ഉണ്ടായിരിക്കുന്നത് എന്ന് താങ്ബോയി പറയുന്നു. എന്നാല്‍ “കോച്ചിങ്ങിലേക്കും റഫറിങ്ങിലേക്കും കൂടുതല്‍ പേര്‍ ഇറങ്ങുന്നു എന്നതും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഫുട്ബാളിനെ ഏറെ ജനകീയമാക്കുന്ന മറ്റൊരു ഘടകമാണ്.” കേരളത്തില്‍ ഇതിന്‍റെ അഭാവം ഏറെ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് യൂത്ത് അക്കാദമി തുടങ്ങുന്നതില്‍ താന്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍  നിരത്തി താങ്ബോയി പറയുന്നു. “എഐഎഫ്എഫിന്‍റെ അംഗീകാരമുള്ള കോച്ചുകളെ പോലും ലഭിക്കാത്ത സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. പല സ്ഥലങ്ങളിലും അക്കാദമിക്കുള്ള കുട്ടികള്‍ ഉണ്ടായിട്ടും കോച്ചിങ്ങിനു ആളില്ലാത്ത അവസ്ഥയാണ്.” താങ്ബോയി പറഞ്ഞു.

Read More : കളിയാണ് ജീവിതം- കാൽപന്ത് കരളാക്കി ഒരു നാട്

ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിലെ നൈപുണ്യമാണ് താങ്ബോയി എന്ന മാനേജര്‍ക്ക് കളിക്കാരുമായി എളുപ്പം ഇടപെടുന്നതിനു ഏറെ സഹായകമായ മറ്റൊരു കാര്യം. ആറോ ഏഴോ ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യാവുന്ന മിടുക്കുണ്ട് ഈ എ എഫ്‌‌സി പ്രോ ലൈസന്‍സ്‌ഡ് കോച്ചിന്. മണിപ്പൂരി മാതൃഭാഷയായുള്ള താങ്ബോയിക്ക് ഖാസി, മിസോ, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രാവീണ്യമുണ്ട്. ഇന്ത്യ പോലെ ബഹുഭാഷാകളുള്ള ഒരു രാജ്യത്ത് ഫുട്ബോള്‍ കോച്ചിങ്ങിനു ഏറെ സഹായകമായ ഒരു ഘടകമാണ് ഇത്.

കുറച്ചുമാസങ്ങള്‍കൊണ്ട് തന്നെ മലയാളവും വശത്താക്കും എന്ന വാശിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഈ അസിസ്റ്റന്റ് കോച്ച്. “ഏറെ പ്രതീക്ഷയുള്ള കളിക്കാരാണ് ഇപ്പോള്‍ ടീമില്‍ എത്തിയിരിക്കുന്നത്. വിനീത്, റിനോ. പ്രശാന്ത് എന്നിവര്‍ക്ക് പുറമെ അജിത്‌ ശിവന്‍, സഹല്‍ സമദ്, ജിഷ്ണു, സുജിത് എന്നിവരെ കൂടി ഇത്തവണ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും കൂടുതല്‍പേര്‍ ഇന്ത്യയെ പ്രതിനിധീകരിക്കണം എന്നാണ് എന്‍റെ ആഗ്രഹം.” പരിശീലനത്തിനെത്തിയ കളിക്കാരോട് മുറി മലയാളത്തില്‍ വെള്ളം കുടിക്കാന്‍ ആവശ്യപ്പെടുന്നതിനിടെ താങ്ബോയി പ്രതീക്ഷ പങ്കുവെച്ചു.

താങ്ബോയിയെ നിലവില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രൊഫൈലുള്ള കോച്ചാക്കി മാറ്റുന്ന ഘടകങ്ങള്‍ അനവധിയാണ്. കളിക്കാരെ ഉള്‍ക്കൊള്ളുക, അവരുമായി നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കുക, പ്രശ്നങ്ങള്‍ തുറന്നുപറയാവുന്ന തലത്തില്‍ ഒരു വ്യക്തിഗത ബന്ധം രൂപീകരിക്കുക എന്നതുമാണ്‌ ഒരു ഒരു ഫുട്ബോള്‍ മാനേജര്‍ക്ക് ഏറ്റവും ആവശ്യമുള്ള ഒരു ഘടകം എന്ന് താങ്ബോയി പറയുന്നു. ലജോങ്ങില്‍ താങ്ബോയി ചെലവിട്ട വര്‍ഷങ്ങള്‍ ഐ ലീഗിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ കോച്ചിങ് കരിയര്‍ ആവുന്നതും അദ്ദേഹത്തിന്‍റെ ഈ വ്യക്തിവൈഭവത്തിന്‍റെ പുറത്താണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തോങ്ബോയിക്ക്‌ ഇത് രണ്ടാം വരവാണ്. ആദ്യ സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ റിക്കി ഹെര്‍ബര്‍ട്ടിന്‍റെ അസിസ്റ്റൻറായി ലജോങ്ങിനുവേണ്ടി കരാറിലേര്‍പ്പെട്ടിരുന്നു. അന്ന് നോര്‍ത്ത് ഈസ്റ്റ് എഫ്‌‌സിയില്‍ ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സില്‍ എത്തിയിരിക്കുന്ന മിലാന്‍ സിങ്, പ്രീതംകുമാര്‍ എന്നീ താരങ്ങള്‍. ഐഎസ്എല്ലിലേക്കുള്ള ഈ രണ്ടാം വരവ് കൊഴുപ്പിക്കാന്‍ തന്നെയാണ് താങ്ബോയി ലക്ഷ്യമിടുന്നത്.

“ആകര്‍ഷകമായ ഒരു ഫുട്ബാള്‍ തന്നെയാവും ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്സ് കാഴ്ച്ചവെക്കുക. അക്രമോത്സുകമായ കളിയോടൊപ്പം തന്നെ കരുത്തുറ്റ ഒരു പ്രതിരോധവും തീര്‍ക്കും എന്ന്  റെനെ വാക്കുതന്നിട്ടുണ്ട്. ടീം ലൈനപ്പും ഫോര്‍മേഷനുമൊക്കെ തീരുമാനിക്കുന്നത് അദ്ദേഹം ആയിരിക്കും. റെനെയുടെ അനുഭവസമ്പത്ത് കേരളത്തിന് ഏറെ ഗുണംചെയ്യും.” ഈ വര്‍ഷത്തെ തന്ത്രങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോള്‍ താങ്ബോയി പറഞ്ഞു.

തത്കാലം കൂടുതല്‍ ശ്രദ്ധ കളിക്കാരെ വികസനതില്‍ ചെലുത്താനാണ് താങ്ബോയി ശ്രദ്ധിക്കുന്നത്. കളിക്കാരുടെ വികസനം എന്നതില്‍ നമ്മള്‍ ഇപ്പോഴും ശൈശവഘട്ടത്തിലാണ് ഉള്ളത്. കേരളത്തിനു അകത്തും പുറത്തും നമ്മള്‍ ഫുട്ബാള്‍ സ്കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും സ്റ്റാഫും കേരളാ ഫുട്ബോള്‍ അക്കാദമിയും ഇവിടത്തെ മാധ്യമങ്ങളും നല്‍കിയിരിക്കുന്ന പ്രോത്സാഹനം സ്വാഗതാര്‍ഹമാണ്. ദൈവത്തിന്‍റെ സ്വന്തം നാടിനെ ഫുട്ബാളിന്‍റെ സ്വന്തം നാടാക്കി മാറ്റുകയെന്നതാവും ഇനിയുള്ള ലക്‌ഷ്യം.” താങ്ബോയി പറയുന്നു.

 

താങ്ബോയി സംസാരിക്കുന്നു

Read More : മഞ്ഞപ്പട x വെസ്റ്റ്‌ ബ്ലോക്ക് ബ്ലൂസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook