മദ്യം വില്‍ക്കുന്ന കടകള്‍ക്കു രാജ്യത്തെല്ലാം ഒരേഛായയായിരിക്കും. കേരളത്തിലെങ്കിലും അങ്ങിനെയാണ്. വഴിയോരത്തെ കുടുസ്സു മുറി. വൃത്തിയോ വെടിപ്പോ ഇല്ല.. പുറത്തു ഉപഭോക്താക്കളുടെ നീണ്ട നിര… പൈസ കൊടുക്കാനും മദ്യം ലഭിക്കാനുമുള്ള പൊടി പിടിച്ച കിളിവാതിലുകള്‍.. അകത്തും മങ്ങിയ വെളിച്ചം മാത്രം. മദ്യം നിരത്തി വച്ചിരിക്കുന്ന റാക്കുകള്‍.. അതിനും പിന്നില്‍ അട്ടിയിട്ടിരിക്കുന്ന മദ്യ കുപ്പികള്‍ നിറച്ച കടലാസ്സു പെട്ടികള്‍.. അതുപോലെ തന്നെ… വൃത്തി ഹീനമായ ശുചിമുറി.. പരിസരങ്ങളില്‍ എവിടെയൊക്കെ സ്ഥലമുണ്ടോ അവിടെയൊക്കെ നിറയെ മദ്യക്കുപ്പികള്‍.. ചുമരുകളില്‍ കറയും അഴുക്കും..’ ഇതിനകത്തെന്നല്ല ബവറിജ് കോര്‍പ്പറേഷന്‍ വില്‍പ്പന കേന്ദ്രങ്ങളുടെ ഏഴയലത്തെവിടെയെങ്കിലും ഒരു സ്ത്രീ സാന്നിധ്യം നമ്മുടെ നാട്ടില്‍ അസാധാരണമായ കഴ്ചയാണ് മലയാളിക്ക്… മലയാളി അത് സമ്മതിക്കില്ല.

കേരളത്തില്‍ മദ്യം എന്നത് ഉപഭോഗത്തില്‍ വളരെ കൂടുതലാണ്, കേരളത്തിന്രെ പ്രധാന വരുനമാര്‍ഗം മദ്യത്തിലൂടെയുളള വരുമാനമാണ്. കേരളത്തെ പിടിച്ചു നിര്‍ത്തുന്ന മദ്യത്തോട് മദ്യപിക്കുന്നവര്‍ക്കു പോലും പുച്ഛമാണ്. അവിടെ സ്ത്രീകളെ കണ്ടാലോ. ക്യൂവില്‍ സ്ത്രീയെ കണ്ടാല്‍ എന്തു സംഭവിക്കുമെന്ന് കേരളം കണ്ടിട്ടുണ്ട്.? ആണുങ്ങള്‍ വളഞ്ഞ് ആക്രമിക്കും. അത് മൊബൈലിലില്‍? പകര്‍ത്തി ആ സ്ത്രീയെ ചിത്രവധം ചെയ്യും. എന്നാല്‍ മലയാളി അത് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. മദ്യക്കടയില്‍ സ്ത്രീയുടെ സാന്നിദ്ധ്യം ? ആണുങ്ങള്‍ വളരെ മര്യാദരാമന്മാരായി, ഒരു സ്ത്രീയുടെ മുന്നില്‍ മദ്യത്തിനായി ക്യൂ നില്‍ക്കുന്നു. സംശയിക്കണ്ട കേരളത്തില്‍ തന്നെ. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍

Read in English

ബവ്‌റിജ് കോര്‍പറേഷന്റെ പരിസരത്തല്ല ഉള്ളില്‍ തന്നെ ഒരു സ്ത്രീ പ്രവേശിച്ചിരിക്കുന്നു… അധികാരത്തോടെ തന്നെ… നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍… ഷൈനി രാജീവ് ചരിത്രത്തിലാണ് ഇടം നേടിയത്…. ഇനി പി എസ് സി ടെസ്റ്റ് വിജയിച്ചു മദ്യ വില്പന ശാലകളില്‍ ജോലി ചെയ്യാന്‍ വരുന്ന സ്ത്രീകളുടെ ധീര നേതാവാണ് ഷൈനി രാജീവ്.

കൊച്ചിയില്‍ നിന്നും 30 കിലോ മീറ്റര്‍ മാറി പുത്തന്‍വേലിക്കര എന്ന ഗ്രാമത്തിലാണ് ഷൈനിയുടെ വീട് ..വീട്ടില്‍ നിന്നും നാല് കിലോമീറ്ററെ ഉള്ളൂ ഗ്രാമീണരുടെ ഏക ആശ്രയമായ ബവ്‌റിജ് കോര്‍പറേഷന്റെ മദ്യവില്പന കേന്ദ്ര ത്തിലേക്ക്. അഞ്ചു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഷൈനി സര്‍ക്കാരിന്റെ ബവ്‌റിജ് കോര്‍പറേഷന്റെ വഴിയോര മദ്യ വില്പന കേന്ദ്രത്തിലെ ആദ്യ ജീവനക്കാരിയായത് . ഏപ്രില്‍ മാസത്തില്‍ ഹൈ കോടതി ഷൈനിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചു. ഭരണഘടനയില്‍ പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ലിംഗ സമത്വം ഷൈനിയുടെ കാര്യത്തിലും ബാധകമാണ് എന്ന് കോടതി നിരീക്ഷിച്ചു. ഇന്ന് പതിനൊന്നു ജീവനക്കാരുള്ള വില്‍പ്പന കേന്ദ്രത്തിലെ ഏറ്റവും സീനിയര്‍ ആയ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് ആണ് 43 കാരിയായ ഷൈനി രാജീവ് .

വില്പന കേന്ദ്രം തുറക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് ഷൈനി എത്തും. പിന്നെ തിരക്കാണ് ..പൈന്റിന്റെ, ഫുള്ളിന്റെ, ക്വര്‍ട്ടറിന്റെ കണക്കുകള്‍.. ഹെര്‍കുലീസ് എത്ര ..ബിജോയ്സ് എത്ര..ട്യൂബോര്‍ഗ് എത്ര ബാക്കി ‘ട്യൂബോര്‍ഗ് അത് ബിയര്‍ ആണെന്ന് എനിക്ക് അറിയാം’ – ഷൈനി ചിരിച്ചു കൊണ്ട് പറയുന്നു…’എന്റെ ഭര്‍ത്താവ് കുടിക്കില്ല. കുടിക്കുമായിരുന്നെങ്കില്‍ ഇതൊക്കെ ഞാന്‍ നേരത്തെ പഠിച്ചേനെ’ എന്നും ഷൈനി.

ഷൈനി ജോലി ചെയ്യുന്ന സ്ഥാപനം

ജോലിക്ക് കയറിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ എങ്കിലും മദ്യത്തിന്റെ വില്‍പനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഷൈനിക്ക് നല്ല തിട്ടമുണ്ട് ഇപ്പോള്‍. എക്സൈസ് ഓഫീസിലേക്കും പോകും ഷൈനി ലോഡ് ഇറക്കുന്നതിനുള്ള അനുമതി ഒപ്പിട്ടുവാങ്ങാന്‍.

2010 ലായിരുന്നു ബവ്കോ യിലേയ്ക്കുള്ള നിയമനത്തിന് പി എസ് സി ആദ്യമായി വനിതകളെകൂടി ഉള്‍പ്പെടുത്തി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത് . ആയിര കണക്കിന് വനിതാ അപേക്ഷകരില്‍ ഷൈനിയും ഒരാളായിരുന്നു. 1,717 പേരടങ്ങുന്ന ആദ്യ ലിസ്റ്റില്‍ ഷൈനിയുടെ റാങ്ക് 526. എന്നാല്‍ നിയമന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ജോലി എല്ലാം പുരുഷന്മാര്‍ക്ക്. കേരള അബ്കാരി ഷോപ്സ് ഡിസ്‌പോസല്‍ റൂള്‍സ് , 2002 ലെ ഫോറിന്‍ ലിക്കര്‍ റൂള്‍സ് എന്നീ നിയമങ്ങള്‍ പ്രകാരം ബാറിലും,പബ്ബുകളിലും , വില്പനകേന്ദ്രങ്ങളിലും സ്ത്രീകള്‍ പാടില്ല എന്ന വകുപ്പില്‍ കോര്‍പ്പറേഷന്‍ പിടിമുറുക്കിയപ്പോള്‍ ‘നമ്മള്‍ ഭരണഘടനയില്‍ കേറി പിടിച്ചു’- ഷൈനി പറഞ്ഞു. തൊഴില്‍ ഇടങ്ങളില്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വം എന്ന വകുപ്പ്, ഷൈനിയെ കൈ പിടിച്ചു ഉയര്‍ത്തി…

മദ്യവകുപ്പും മദ്യ വില്‍പ്പനയുമായി ബന്ധപ്വെട്ടു നിര്‍മിച്ച നിയമങ്ങള്‍ ഭരണഘടനയുടെ ലംഘനമാണെന്ന് കേരള ഹൈക്കോടി വിധിച്ചു.

ഇന്ന് പുത്തന്‍വേലിക്കരയിലെ മധ്യ വിപണന കേന്ദ്രത്തില്‍ ഒരു സ്ത്രീ വന്നതിന്റെ ഐശ്വര്യമുണ്ട്.

‘ഞാന്‍ ഇവിടെ ചാര്‍ജ് എടുക്കുമ്പോള്‍ പരിതാപകരമായിരുന്നു ഇവിടുത്തെ അവസ്ഥ..ഒരു വീട്ടില്‍ സ്ത്രീ ഇല്ലെങ്കില്‍ എങ്ങിനെ ഇരിക്കും…? അതുപോലെ തന്നെ…വൃത്തി ഹീനമായ ശുചിമുറി.. മുറ്റത്തെ കിണറ്റില്‍ നിറയെ മദ്യക്കുപ്പികള്‍.. ചുമരുകളില്‍ കറയും അഴുക്കും..’ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ഷൈനിയുടെ നേതൃത്വത്തില്‍ ശുചീകരണം.

ഷൈനി സന്തോഷവതിയാണ് ഇന്ന് ..ജോലിയിലും ജീവിതത്തിലും…രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് ജോലി സമയം ..ഉച്ചക്ക് സ്‌കൂട്ടറില്‍ വീട്ടിലേക്കു ഊണ് കഴിക്കാന്‍ പോകും..മൂന്ന് മണിയോടെ തിരിച്ചു ജോലി സ്ഥലത്തേക്ക്..ചില ദിവസങ്ങളില്‍ മാത്രമേ വില്പനകേന്ദ്രത്തില്‍ തിരക്ക് അനുഭവപ്പെടാറുള്ളു എന്ന് ഷൈനി പറഞ്ഞു..’മുടക്കു വരുന്നതിന്റെ തലേ ദിവസം…ഹര്‍ത്താലിന് തലേന്ന് എല്ലാം തിരക്കാണ്’ …എന്നാല്‍ വനിത ജോലിയെടുക്കുന്ന മദ്യ വില്പന കേന്ദ്രത്തില്‍ അച്ചടക്കം കൂടതലാണെന്ന് പുരുഷ ജീവനക്കാര്‍ പറയുന്നു. മര്യാദക്ക് പെരുമാറാനും നല്ല ഭാഷ ഉപയോഗിക്കാനും, മദ്യം വാങ്ങാന്‍ എത്തുന്നവരോട് പറയാറുണ്ടെന്നു അവര്‍ പറഞ്ഞു.

ഷൈനിയും കുടുംബവും

നിയമ പോരാട്ടത്തിന്. ഭര്‍ത്താവ് രാജീവിന്റെയും മക്കളുടെയും ഉറച്ച പിന്തുണ ഷൈനിക്ക് ഒട്ടൊന്നുമല്ല ഊര്‍ജം പകര്‍ന്നത്. പോരാട്ടം തുടങ്ങിയത് ഇപ്പോഴല്ല മറിച്ചു വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോഴാരുന്നു എന്ന് രാജീവ് പറയും. ഹിന്ദു മതത്തില്‍പെട്ട രാജീവിന്റെയും ക്രിസ്ത്യാനിയായ ഷൈനിയുടെയും വിവാഹം തന്നെ മറ്റൊരു തുല്യ നീതിക്കായുള്ള പോരാട്ടമായിരുന്നു എന്നാണ് രാജീവിന്റെ മതം. ഇതാണ് ജീവിതത്തിന്റെ തത്വമെന്നിരിക്കെ മറ്റേതു നീതി നിഷേധവും എതിര്‍ക്കുകയും നീതി ചോദിച്ചു വാങ്ങുകയും ചെയ്യുമെന്ന് ഷൈനി രാജീവ് ദമ്പതികള്‍ പറഞ്ഞു.

‘നമ്മളുടെ ജീവിതം ക്ഷണികമാണ്.., നമുക്കര്‍ഹതപെട്ടതു തരിക എന്നത് മാന്യതയാണ്.. അത് കിട്ടിയില്ലെങ്കില്‍ ചോദിച്ചു വാങ്ങുക’-രാജീവും ഷൈനിയുടെ വഴിയേ തന്നെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ